നീതിക്കു വേണ്ടി നിലകൊള്ളുന്നതും അതിക്രമങ്ങളെ ചെറുക്കുന്നതും ശരീഅത്തിന്റെ പ്രയോഗവത്കരണമാണ്
ശാന്തപുരം അല്‍ ജാമിഅ ബിരുദദാന സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയ ആഗോള മുസ്‌ലിം പണ്ഡിത വേദിയുടെ അധ്യക്ഷന്‍ ഡോ. അഹ്മദ് അബ്ദുസ്സലാം റയ്‌സൂനി ശാന്തപുരം അല്‍ജാമിഅ പി.ജി ദഅ്‌വാ വിഭാഗം ഡീന്‍ കെ.എം അശ്‌റഫിനോട് സംസാരിക്കുന്നു.
താങ്കളെ സ്വയം പരിചയപ്പെടുത്താമോ?
വടക്കന്‍ മൊറോക്കോയിലെ ഒരു ഗ്രാമത്തില്‍ 1953-ലാണ് എന്റെ ജനനം. എന്റെ ഗ്രാമത്തിനോടടുത്തുള്ള അല്‍ ഖസ്വ്‌റുല്‍ കബീര്‍ എന്ന പ്രദേശത്തായിരുന്നു സെക്കന്ററി വിദ്യാഭ്യാസം. അതിനു ശേഷം ഫാസിലെ അല്‍ഖറവിയ്യീന്‍ സര്‍വകലാശാലയിലെ ശരീഅ കോളേജില്‍നിന്ന് ബിരുദമെടുത്തു. രിബാത്വിലെ മുഹമ്മദ് അഞ്ചാമന്‍ സര്‍വകലാശാലയില്‍നിന്നായിരുന്നു ബിരുദാനന്തര ബിരുദം. അതിനു ശേഷം നീതിന്യായ മന്ത്രാലയത്തിനു കീഴിലും സെക്കന്ററി വിദ്യാഭ്യാസ ബോര്‍ഡിലും ജോലി ചെയ്തു. തുടര്‍ന്ന് മുഹമ്മദ് അഞ്ചാമന്‍ സര്‍വകലാശാലയില്‍ അധ്യാപകനായി ചേര്‍ന്നു. ഇരുപത് വര്‍ഷത്തോളം അവിടെ ജോലിചെയ്തു. ഈ കാലയളവിലാണ് 'ഇമാം ശാത്വിബിയുടെ മഖാസ്വിദീ ദര്‍ശനം' എന്ന വിഷയത്തില്‍ ഇതേ സര്‍വകലാശാലയില്‍നിന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ എടുക്കുന്നത്. ഇവിടം മുതല്‍ക്കാണ് മഖാസ്വിദുശ്ശരീഅ(ശരീഅത്തിന്റെ സമുന്നതല ലക്ഷ്യങ്ങള്‍)യില്‍ എന്റെ സ്‌പെഷ്യലൈസേഷന്‍ ആരംഭിക്കുന്നത്. 'നള്‌രിയ്യത്തുത്തഖ്‌രീബ് വത്തഗ്‌ലീബ് വതത്വ്ബീഖുഹാ ഫില്‍ ഉലൂമില്‍ ഇസ്‌ലാമിയ്യ' എന്ന വിഷയത്തിലായിരുന്നു ഡോക്ടറേറ്റ്. മഖാസ്വിദുശ്ശരീഅക്ക് പുറമെ ഉസ്വൂലുല്‍ ഫിഖ്ഹും ഞാന്‍ പഠിപ്പിച്ചിരുന്നു. ഈ വൈജ്ഞാനിക പ്രയാണം തുടരുന്നതോടൊപ്പം തന്നെ ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിച്ചു. ഇരുപത് വയസ്സാകുമ്പോഴേക്കു തന്നെ വിവിധ കൂട്ടായ്മകളില്‍ ഞാന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. മൊറോക്കോയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിയുടെ സാമൂഹിക മുഖമായ ഹറകതുത്തൗഹീദ് വല്‍ ഇസ്വ്‌ലാഹി(Movement of Unity and Reform)ന്റെ സാരഥിയായി മൂന്നു തവണ ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിന്നെ സ്ഥാനമൊഴിയുകയും വൈജ്ഞാനിക മേഖലയില്‍ ശ്രദ്ധയൂന്നുകയുമായിരുന്നു. പിന്നെയാണ് ആഗോള പണ്ഡിതസഭയുടെ സാരഥ്യമേല്‍ക്കുന്നത്.
സഅ്ദുദ്ദീന്‍ ഉസ്മാനി നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിയാണല്ലോ സഖ്യകക്ഷികള്‍ക്കൊപ്പം മൊറോക്കോ ഭരിക്കുന്നത്. എന്താണ് പാര്‍ട്ടിയുടെ രാഷ്ട്രീയാനുഭവങ്ങള്‍?
ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (ഹിസ്ബുല്‍ അദാല വത്തന്‍മിയ) വളര്‍ന്നു വന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തൊണ്ണൂറുകളില്‍ ഞാന്‍ സാരഥ്യം വഹിച്ചിരുന്ന ഹിസ്ബുത്തൗഹീദ് വല്‍ ഇസ്വ്‌ലാഹ് എന്ന കൂട്ടായ്മയില്‍നിന്നാണ്. പക്ഷേ പാര്‍ട്ടി രൂപവത്കരണത്തിനു ശേഷം അത് സ്വതന്ത്രമായി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ ഞാനതില്‍ അംഗമല്ല. നേരത്തേ അംഗമായിരുന്നു. ഞാന്‍ പിന്നീട് വൈജ്ഞാനിക-പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണുണ്ടായത്. മൊറോക്കോയിലെ സ്വാതന്ത്ര്യസമരപ്പോരാളികളിലൊരാളായിരുന്ന അബ്ദുല്‍കരീം ഖത്വീബാണ് ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. തൊണ്ണൂറുകളില്‍ രൂപീകൃതമായ ഈ പാര്‍ട്ടിക്ക് അദ്ദേഹം പുതിയൊരു പേര് നല്‍കുകയായിരുന്നു. മരണം വരെ അതിന്റെ സാരഥ്യം വഹിച്ചിരുന്നതും അദ്ദേഹം തന്നെ. ശേഷം സഅ്ദുദ്ദീന്‍ ഉസ്മാനിയും അബ്ദുല്‍ ഇലാഹ് ബിന്‍കീറാനും സാരഥ്യമേറ്റു. ഇപ്പോള്‍ മൊറോക്കന്‍ ഗവണ്‍മെന്റിന് നേതൃത്വം നല്‍കുന്നത് സഅ്ദുദ്ദീന്‍ ഉസ്മാനിയാണ്. രൂപീകരിക്കപ്പെട്ടതു മുതല്‍ വളര്‍ച്ചയുടെ പാതയിലൂടെ തന്നെയായിരുന്നു പാര്‍ട്ടിയുടെ പ്രയാണം. ഓരോ തവണ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും പാര്‍ട്ടിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി കാണാന്‍ കഴിയും. അറബ് വസന്തകാലത്ത് 2011-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മൊറോക്കന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിത്തീര്‍ന്നു ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി. അങ്ങനെയാണ് അബ്ദുല്‍ ഇലാഹ് ബിന്‍കീറാന്‍ ഭരണസാരഥ്യമേല്‍ക്കുന്നത്. 2016-ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി; മുമ്പത്തേക്കാളധികം സീറ്റുകള്‍ നേടിക്കൊണ്ട്. അപ്പോഴും അബ്ദുല്‍ ഇലാഹ് ബിന്‍കീറാന്‍ തന്നെയാണ് മന്ത്രിസഭ രൂപവത്കരിക്കാന്‍ ക്ഷണിക്കപ്പെട്ടത്. പക്ഷേ അദ്ദേഹത്തെ നേതൃപദവിയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ മറ്റു സഖ്യകക്ഷികള്‍ ചില നിഗൂഢ നീക്കങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. അങ്ങനെയാണ് മൊറോക്കന്‍ രാജാവ് മന്ത്രിസഭയുണ്ടാക്കാനായി പാര്‍ട്ടിയിലെ രണ്ടാമനായ സഅ്ദുദ്ദീന്‍ ഉസ്മാനിയെ ക്ഷണിക്കുന്നത്.
പെട്ടെന്നുള്ള വലിയ മാറ്റങ്ങളിലൂടെയാണ് പാര്‍ട്ടി കടന്നുവന്നത്. ആ നീക്കങ്ങളൊക്കെ വിജയം കാണുകയും ചെയ്തു. ഏതാനും വര്‍ഷങ്ങളായി തുടര്‍ച്ചയായി പാര്‍ട്ടി ഭരണസാരഥ്യം വഹിക്കുകയും ചെയ്യുന്നു. മൊറോക്കോയില്‍ അവഗണിക്കാനാവാത്ത പ്രബല സാന്നിധ്യമാണ് ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി. പാര്‍ട്ടിക്ക് ഇസ്‌ലാമിക പ്രസ്ഥാനവുമായി സംഘടനാപരമോ നിയമപരമോ ആയ ഔദ്യോഗിക ബന്ധങ്ങളൊന്നുമില്ലെങ്കിലും പരസ്പരം സഹകരിച്ചും പൊതു സ്ട്രാറ്റജികള്‍ രൂപപ്പെടുത്തിയുമാണ് പ്രസ്ഥാനവും പാര്‍ട്ടിയും മുന്നോട്ടുപോകുന്നത്.
മൊറോക്കോയില്‍ ഒന്നിലധികം ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവ തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള കലഹമോ പ്രശ്‌നങ്ങളോ ഉണ്ടാകാറുണ്ടോ?
മൊറോക്കോയില്‍ ഒന്നിലധികം ഇസ്‌ലാമിക പ്രസ്ഥാനങ്ങളുണ്ടെന്നത് ശരിയാണ്. അതിലേറ്റവും ശ്രദ്ധേയമായതാണ് നേരത്തേ ഞാന്‍ പരാമര്‍ശിച്ച ഹറകത്തുത്തൗഹീദ് വല്‍ ഇസ്വ്‌ലാഹ്. ഉസ്താദ് അബ്ദുസ്സലാം യാസീന്‍ രൂപം നല്‍കിയ ജമാഅത്തുല്‍ അദ്ല്‍ വല്‍ ഇഹ്‌സാന്‍ ആണ് മറ്റൊരു ഇസ്‌ലാമിക പ്രസ്ഥാനം. അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോഴതിന് നേതൃത്വം നല്‍കുന്നത് മുഹമ്മദുല്‍ അബ്ബാദിയാണ്. എണ്ണം വെച്ചു നോക്കിയാല്‍ ഇവ രണ്ടുമാണ് ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍. നിരവധി സലഫി കൂട്ടായ്മകളും ഇതുപോലെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. തബ്‌ലീഗ് ജമാഅത്തും മൊറോക്കോയില്‍ പ്രവര്‍ത്തിക്കുന്നു. ഈ സംഘടനകളും കൂട്ടായ്മകളും തമ്മിലുള്ള ബന്ധം വളരെ സൗഹൃദപരമാണ്. ഓരോന്നും അതിന്റേതായ സവിശേഷ ശൈലിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ നോട്ടത്തിലുള്ള ഒരു മുന്‍ഗണനാക്രമമനുസരിച്ചാണ് ഓരോന്നിന്റെയും പ്രവര്‍ത്തനം. അവ തമ്മില്‍ സംഘര്‍ഷമോ ശത്രുതയോ ഇല്ല. പരസ്പരം സഹകരിച്ച് അവ മുന്നോട്ടു നീങ്ങുന്നു.
പ്രബോധന പ്രവര്‍ത്തനങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും വേര്‍തിരിച്ചു കാണണമെന്ന ചിന്ത ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ സജീവമാണ്. വേര്‍തിരിക്കുക (ഫസ്വ്ല്‍) എന്ന വാക്കല്ല, സവിശേഷമാക്കുക (തംയീസ്) എന്ന വാക്കാണ് അവരിതിന് പ്രയോഗിക്കുന്നത്. തുനീഷ്യയില്‍ അന്നഹ്ദ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മാത്രം കേന്ദ്രീകരിക്കുന്ന സംഘടനയായി മാറിക്കഴിഞ്ഞു. ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റു സംവിധാനങ്ങളുണ്ടാക്കുകയാണ് ചെയ്യുക. ഈ മാറ്റത്തെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?
ഈയൊരു രാഷ്ട്രീയ ചിന്ത മൊറോക്കോയില്‍ ഞങ്ങളാണ് ആദ്യമായി പരീക്ഷിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. അതിനെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കി. അതിന്റെ കാര്യങ്ങളൊക്കെ അത് സ്വയം ചെയ്യട്ടെ എന്ന് തീരുമാനിച്ചു. ഞങ്ങള്‍ അവരുടെ കാര്യങ്ങളില്‍ ഇടപെടാറില്ല. അവര്‍ ഞങ്ങളുടെ കാര്യങ്ങളിലും ഇടപെടുന്നില്ല. അപ്പോള്‍ രാഷ്ട്രീയ കാര്യങ്ങള്‍ പാര്‍ട്ടി ശ്രദ്ധിക്കും. പ്രബോധനപരവും ശിക്ഷണപരവും സാംസ്‌കാരികവുമായ കാര്യങ്ങളാണ് ഇസ്‌ലാമിക പ്രസ്ഥാനം ശ്രദ്ധിക്കുക. മറ്റു രാഷ്ട്രങ്ങളിലും ഈ പരീക്ഷണം അരങ്ങേറുന്നുണ്ട്. ഉദാഹരണത്തിന്, മൗറിത്താനിയയില്‍ പാര്‍ട്ടിയുണ്ട്, പ്രസ്ഥാനവുമുണ്ട്. അള്‍ജീരിയയിലും രാഷ്ട്രീയ പാര്‍ട്ടിയും ദഅ്‌വാ കൂട്ടായ്മകളും വെവ്വേറെയാണ്. മൂന്നു വര്‍ഷം മുമ്പാണ് തുനീഷ്യയിലെ അന്നഹ്ദ ഈ പാത സ്വീകരിക്കാന്‍ തീരുമാനിച്ചത്. രാഷ്ട്രീയ-ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് അവിടെയും വെവ്വേറെ സംവിധാനങ്ങള്‍ വന്നുകഴിഞ്ഞു.
ബാധ്യതകള്‍ അതത് കാര്യങ്ങളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് വിഭജിച്ചു നല്‍കുക (തഖസ്സ്വുസ് വദീഫി) മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത്. അതിലൊന്നും ഒരു തകരാറുമില്ല. നമ്മുടേത് സ്‌പെഷ്യലൈസേഷന്റെ കാലമാണല്ലോ. ദഅ്‌വാ കൂട്ടായ്മ രാഷ്ട്രീയം ഉപേക്ഷിച്ചെന്നോ, രാഷ്ട്രീയ പാര്‍ട്ടി ഇസ്‌ലാം വേണ്ടെന്നു വെച്ചെന്നോ ഇതിനര്‍ഥമില്ല. ഫോക്കസ് ഏതു കാര്യങ്ങളില്‍, മുന്‍ഗണനകള്‍ എന്തൊക്കെ എന്നിവയിലൂന്നിക്കൊണ്ടുള്ള ഒരു തരംതിരിവ് മാത്രമാണിത്. ഉദാഹരണത്തിന്, ഞങ്ങള്‍ ഹറകതുത്തൗഹീദ് വല്‍ ഇസ്വ്‌ലാഹിന്റെ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശം നല്‍കാറില്ല. അതേസമയം പാര്‍ട്ടി നാമനിര്‍ദേശം ചെയ്യുന്നവരെ ഞങ്ങള്‍ പിന്തുണക്കുകയും ചെയ്യും. ജനങ്ങളുടെ ഭാഗധേയവുമായി ബന്ധപ്പെട്ട, ദീനുമായും സംസ്‌കാരവുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ ഞങ്ങളാണ് ശ്രദ്ധിക്കുക.
ഈ സവിശേഷമാക്കലിന് പ്രമാണങ്ങളില്‍നിന്ന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുമോ?
ഇതുപോലൊരു ചോദ്യം, 1997-ലാണെന്ന് തോന്നുന്നു, ഞാന്‍ കുവൈത്തില്‍ വെച്ച് അഭിമുഖീകരിച്ചിട്ടുണ്ട്. നിങ്ങള്‍ സ്ത്രീകളെ സ്ഥാനാര്‍ഥികളാക്കുന്നില്ലേ, അതിന് പ്രമാണങ്ങളില്‍ വല്ല തെളിവുമുണ്ടോ ഇതായിരുന്നു ചോദ്യം. ഞാന്‍ പറഞ്ഞു, ശരിയാണ്. ഞങ്ങള്‍ സ്ത്രീകളെ മത്സരിപ്പിക്കുന്നു. ആദ്യം, സ്ത്രീകളെ മത്സരിപ്പിക്കാന്‍ പാടില്ല എന്നതിന് നിങ്ങള്‍ പ്രമാണങ്ങളില്‍നിന്ന് തെളിവ് കണ്ടെടുത്ത് കൊണ്ടുവരൂ. അതേ കാര്യം തന്നെയാണ് ഇവിടെയും പറയാനുള്ളത്. ദീനിന്റെയും സമുദായത്തിന്റെയും പൊതു താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഏറെ ആലോചനകള്‍ക്കു ശേഷം ഞങ്ങള്‍ ഇങ്ങനെയൊരു നിലപാടില്‍ എത്തിച്ചേര്‍ന്നത്. ഇസ്‌ലാമിക ചരിത്രം പഠിച്ചുനോക്കൂ. ഓരോ വിഷയത്തിലും സ്‌പെഷ്യലൈസ് ചെയ്തവരുടെ ഗ്രൂപ്പുകളല്ലേ നാം കാണുന്നത്? ചിലരെ നമ്മള്‍ ഫുഖഹാഅ് എന്ന്, വിളിക്കുന്നു. ചിലരെ ഉസ്വൂലിയ്യൂന്‍ എന്ന്. ചിലരെ മുഹദ്ദിസൂന്‍ എന്ന്. സൈന്യത്തിലും സാമ്പത്തിക മേഖലകളിലുമൊക്കെ ഈ സ്‌പെഷ്യലൈസേഷന്‍ (ഇഖ്തിസ്വാസ്വാത്ത്) നാം കാണുന്നുണ്ട്. ഈ സ്‌പെഷ്യലൈസേഷനുകള്‍ക്കൊക്കെ എന്താണ് തെളിവ്? അപ്പോള്‍ അതിനുള്ള ഉത്തരം, ഇതൊക്കെയും അല്ലാഹു മനുഷ്യന് നല്‍കിയ സവിശേഷ പ്രകൃത(ഫിത്വ്‌റ)ത്തിന്റെ ഭാഗമാണ് എന്നതാണ്; ഇതൊക്കെയും മനുഷ്യന് തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കപ്പെട്ട മേഖലകളാണ് എന്നതാണ്, പൊതു താല്‍പര്യങ്ങളുടെ (മസ്വാലിഹ് മുര്‍സല) പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. ഏതൊരു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും കാര്യമെടുക്കൂ. അതില്‍ എല്ലാ കാര്യങ്ങളും എല്ലാവരുമാണോ ചെയ്യുന്നത്? ദഅ്‌വാ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളവരെ അതിന് നിയോഗിക്കുന്നു. കണക്കും കാര്യങ്ങളും മറ്റും നോക്കുന്നത് അതില്‍ വിദഗ്ധരായവരാണ്. ഈ സ്‌പെഷ്യലൈസേഷന്‍ ഇല്ലാത്ത ഏതു മേഖലയാണുള്ളത്? ഇതൊക്കെ അടഞ്ഞ മനസ്സുകളില്‍നിന്ന് വരുന്ന ചിന്തകളാണ്. നമ്മുടെ സഞ്ചാരം വിശാലമായ രാജപാതകളിലൂടെ തന്നെയായിരിക്കും.
ഖുര്‍ആനിക സാകല്യങ്ങളെ (അല്‍കുല്ലിയ്യാത്തുല്‍ ഖുര്‍ആനിയ്യ) കുറിച്ച് താങ്കള്‍ ധാരാളമായി എഴുതുന്നു. ആ പ്രയോഗം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
2005-ല്‍ ശരീഅത്തിന്റെ മൗലികതത്ത്വങ്ങളെക്കുറിച്ച് ഞാന്‍ ഒരു പുസ്തകം എഴുതുകയുണ്ടായി. അതില്‍ ഞാന്‍ ഊന്നിപ്പറഞ്ഞത്, മുന്‍കാലങ്ങളില്‍ ഇമാം ശാത്വിബിയെപ്പോലുള്ളവര്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ തന്നെയാണ്. അതായത് ശരീഅത്തില്‍ രണ്ട് സ്വഭാവത്തിലുള്ള തത്ത്വങ്ങളുണ്ട്: ഒന്നാമത്തേത്, സാകല്യങ്ങള്‍ (കുല്ലിയ്യാത്ത്), രണ്ടാമത്തേത് ഭാഗികങ്ങള്‍ (ജുസ്ഇയ്യാത്ത്). കരാറുകള്‍ പാലിക്കുക, വിശ്വസിച്ചേല്‍പിച്ചതൊക്കെ അതിന്റെ ഉടമസ്ഥര്‍ക്ക് തന്നെ തിരിച്ചുനല്‍കുക, നീതിക്കു വേണ്ടി നിലകൊള്ളുക, ജീവിതം നന്മയുറ്റതാവുക, ദുര്‍വൃത്തികളില്‍നിന്ന് അകന്നുനില്‍ക്കുക ഇങ്ങനെ ധാരാളം അടിസ്ഥാന ഉദ്‌ബോധനങ്ങള്‍ ഖുര്‍ആനില്‍ കാണാന്‍ കഴിയും. ഇതിനെയാണ് കുല്ലിയ്യാത്ത്/സാകല്യങ്ങള്‍ എന്ന് വിശേഷിപ്പിച്ചത്. വിശദാംശങ്ങളായി വരുന്ന ധാരാളം കാര്യങ്ങളുണ്ട്. അവക്ക് അറ്റമില്ല. ഇവയെ നമുക്ക് 'ഭാഗികങ്ങള്‍' എന്നു വിളിക്കാം. അതുകൊണ്ടാണ് ഇസ്സുദ്ദീനുബ്‌നു അബ്ദിസ്സലാം പറഞ്ഞത്, ഈച്ചയെ കൊല്ലുന്നതിന്റെ വിധി എന്ത് എന്ന് നിങ്ങള്‍ ചോദിച്ചാല്‍ അതിനുത്തരം ഖുര്‍ആനിലുണ്ട് എന്ന്. ഖുര്‍ആനില്‍ എവിടെയാണ് അത് പറഞ്ഞത്? 'ആരെങ്കിലും അണുമണിത്തൂക്കം നന്മ ചെയ്താല്‍ അവനത് കാണും, ആരെങ്കിലും അണുമണിത്തൂക്കം തിന്മ ചെയ്താല്‍ അതും അവന്‍ കാണും' എന്ന സൂക്തം തന്നെ. മനുഷ്യകര്‍മങ്ങളില്‍ ഇതില്‍പെടാതെ പോകുന്ന എന്തെങ്കിലുമുണ്ടോ? ഇത്തരത്തില്‍ വലിയ ആശയവൈപുല്യമുള്ള സൂക്തങ്ങളെയാണ് അല്‍ കുല്ലിയ്യാത്തുല്‍ ഖുര്‍ആനിയ്യ എന്ന് വിശേഷിപ്പിച്ചത്. 'നന്മകള്‍ ചെയ്തുകൊണ്ടേയിരിക്കാനും നീതിക്കു വേണ്ടി നിലകൊള്ളാനും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു' എന്ന സൂക്തഭാഗം മറ്റൊരു ഉദാഹരണമാണ്.
'നിങ്ങള്‍ വിട്ടുവീഴ്ച കൈക്കൊള്ളുകയും സുകൃതം കല്‍പിക്കുകയും വിവരദോഷികളില്‍നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക' എന്ന സൂക്തത്തെ ഏറ്റവുമധികം ആശയവൈപുല്യമുള്ള ഖുര്‍ആനിക സൂക്തമായി എണ്ണിയ പണ്ഡിതന്മാരുണ്ട്. ഇതൊക്കെ ഏതു കാലത്തും ഏതു സന്ദര്‍ഭത്തിലും ഏതു പ്രദേശത്തും പ്രസക്തമായ മൗലിക അധ്യാപനങ്ങളാണ്. ഇത്തരം സൂക്തങ്ങളില്‍നിന്ന് ഓരോ കാലത്തും എണ്ണമറ്റ ആശയധാരകള്‍ നമുക്ക് ഉരുത്തിരിച്ചെടുക്കാന്‍ പറ്റും. ഇമാം ശാത്വിബി ഇത്തരം ഖുര്‍ആനിക സാകല്യങ്ങളെക്കുറിച്ച് വിശദമായി ഉപന്യസിച്ചിട്ടുണ്ട്. നേരത്തേപ്പറഞ്ഞ ആ പുസ്തകം ഞാന്‍ എഴുതിയതിനു ശേഷം ഗവേഷക ശ്രദ്ധ ഈ വിഷയത്തില്‍ കൂടുതലായി പതിയുന്നുണ്ട്. മക്കയില്‍ അവതരിച്ച ഖുര്‍ആനിക സൂക്തങ്ങളിലാണ് കുല്ലിയ്യാത്തുകള്‍ ധാരാളമായി കാണുക. ആദ്യമായി അവതരിച്ച സൂക്തങ്ങളാണല്ലോ അവ. മൗലിക തത്ത്വങ്ങള്‍ പരാമര്‍ശിക്കപ്പെടുക അവയിലായിരിക്കും. അവയുടെ വിശദാംശങ്ങളും വിശദീകരണങ്ങളുമാണ് പിന്നീടുള്ള സൂക്തങ്ങളില്‍ കാണുക.
ഇസ്‌ലാമിക രാഷ്ട്രം മതരാഷ്ട്രമായിരിക്കില്ല, സിവില്‍ രാഷ്ട്രമായിരിക്കും എന്നു വാദിക്കപ്പെടാറുണ്ടല്ലോ. ഇതേക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?
ഇതൊക്കെ നവീന സാങ്കേതിക സംജ്ഞകളുമായി ബന്ധപ്പെടുത്തി പറയുന്നതാണ്. ഈ സാങ്കേതിക ശബ്ദങ്ങളൊക്കെ മാറ്റിനിര്‍ത്തി ചിന്തിച്ചാല്‍ നമുക്ക് ബോധ്യമാവുന്ന കാര്യം, നബി (സ) ഒരു ഭരണവും ഭരണകൂടവും സ്ഥാപിച്ചിരുന്നു എന്നതാണ്. മൊറോക്കോയിലെ വിശ്രുത പണ്ഡിതനായ അബ്ദുല്‍ ഹയ്യ് അല്‍ കത്താനി ഒരു പുസ്തകമെഴുതിയിട്ടുണ്ട്; അത്തറാതീബുല്‍ ഇദാരിയ്യ: നിളാമുല്‍ ഹുകൂമത്തിന്നബവിയ്യ (ഭരണക്രമീകരണങ്ങള്‍ പ്രവാചക ഭരണകൂടത്തില്‍) എന്ന പേരില്‍. പ്രവാചകന്‍ ഒരു ഭരണകൂടം സ്ഥാപിച്ചിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. കല്‍പനകളും വിലക്കുകളും പുറപ്പെടുവിച്ചിരുന്ന ഒരു ഭരണകൂടം. ആഭ്യന്തരവും വൈദേശികവുമായ കാര്യങ്ങളില്‍ അത് ഇടപെട്ടിരുന്നു. പിന്നെ ആ ഭരണകൂട സ്വരൂപത്തിന് പലവിധ വികാസങ്ങളുണ്ടായി. അപ്പോഴൊക്കെയും അതിന്റെ അടിത്തറകളും മുന്‍ഗണനകളുമൊക്കെ ഇസ്‌ലാമികം തന്നെയായിരുന്നു. മുസ്‌ലിംകള്‍ക്ക് ഇങ്ങനെയൊരു ഭരണകൂടം ഉണ്ടായിരുന്നു. അതൊരു രാഷ്ട്രമാകാം, രണ്ടോ മൂന്നോ രാഷ്ട്രങ്ങളാകാം. ഇന്നത്തെപ്പോലെ, അമ്പത്തിമൂന്ന് വരെ ആയിപ്പോകാം. ഈ രാഷ്ട്രങ്ങളില്‍ പലതും ഇസ്‌ലാമിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നുണ്ടാവില്ല. എങ്കിലും ഒരു രാഷ്ട്ര സംവിധാനത്തിന്റെ തണലിലാണ് അവര്‍ ജീവിച്ചു വന്നത്. ഒന്നുമില്ലായ്മയേക്കാളും അരാജകത്വത്തേക്കാളും ഏറെ നല്ലത് എന്തെങ്കിലുമൊരു ഭരണവ്യവസ്ഥ നിലനില്‍ക്കുന്നതാണ്. ഇവയുടെയൊക്കെ നിയമനിര്‍മാണം ഇസ്‌ലാമികമാണോ എന്നു ചോദിച്ചാല്‍ പല കോണുകളില്‍നിന്ന് പല ഉത്തരങ്ങളായിരിക്കും ലഭിക്കുക.
എന്റെ വീക്ഷണത്തില്‍ ഇസ്‌ലാമിക രാഷ്ട്രം എന്നു പറയുന്നത്, അതിന്റെ അടിത്തറകളും മുന്‍ഗണനകളും ഭരണസംവിധാനങ്ങളുമൊക്കെ ഇസ്‌ലാമിക ചൈതന്യത്താല്‍ പ്രചോദിതമായി രൂപം കൊണ്ടതായിരിക്കും. അതേസമയം, അന്വേഷണത്തിനും ഗവേഷണത്തിനും പുതിയ പരീക്ഷണങ്ങള്‍ക്കുമുള്ള വളരെ വിശാലമായ മേഖല എപ്പോഴും തുറന്നുകിടപ്പുണ്ടായിരിക്കും. ഇതഃപര്യന്തമുള്ള മനുഷ്യാനുഭവങ്ങളില്‍നിന്ന് വേണ്ടതൊക്കെ അതിന് സ്വീകരിക്കാം. രാഷ്ട്രത്തെക്കുറിച്ച് ഇങ്ങനെയൊരു കാഴ്ചപ്പാടാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്.
ശരീഅത്തിന്റെ പ്രയോഗവത്കരണം എങ്ങനെയായിരിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്?
ഒട്ടേറെ തെറ്റിദ്ധാരണകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്, എങ്ങനെ ശരീഅത്ത് പ്രയോഗവത്കരിക്കാം എന്ന ചര്‍ച്ച. പള്ളിയില്‍ പോയി നമസ്‌കരിക്കുക, ഒരാളെ കണ്ടുമുട്ടുമ്പോള്‍ സലാം പറയുക, തന്നെ ഏല്‍പിച്ച ജോലി വളരെ ആത്മാര്‍ഥതയോടെ ചെയ്തുതീര്‍ക്കുക, വീട്ടുകാരോട് വളരെ നല്ല നിലയില്‍ ഇടപഴകുക, കുട്ടികളെ മികച്ച രീതിയില്‍ വളര്‍ത്തുക, സദുദ്ദേശ്യത്തോടെ തെരഞ്ഞെടുപ്പുകളില്‍ പങ്കാളിയാവുക, നീതിക്കു വേണ്ടി നിലകൊള്ളുക, അതിക്രമങ്ങളെ ചെറുക്കുക... ഇതൊക്കെയും ശരീഅത്തിന്റെ പ്രയോഗവത്കരണം തന്നെയല്ലേ? ചിലപ്പോഴിത് ചെയ്യുന്നത് വ്യക്തികളായിരിക്കാം, അല്ലെങ്കില്‍ സംഘടനകളായിരിക്കാം, അതുമല്ലെങ്കില്‍ സമുദായങ്ങളായിരിക്കാം. മറ്റു ചിലപ്പോള്‍ രാഷ്ട്രമായിരിക്കാം. പക്ഷേ രാഷ്ട്രത്തിന്റെ ബാധ്യത എന്ന നിലക്ക് മാത്രമാണ് ശരീഅത്തിന്റെ പ്രയോഗവത്കരണം പലപ്പോഴും മനസ്സിലാക്കപ്പെടുന്നത്. ഇതൊരു തെറ്റിദ്ധാരണയാണ്.
മറ്റു ചിലരാകട്ടെ, ശരീഅത്തിനെ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ മാത്രമായി കാണുന്നു. ശരീഅത്തിനെ കുറിച്ച് പറയുന്ന മാത്രയില്‍ അവരുടെ മനസ്സിലേക്ക് വരിക കൈകൊത്തലും ചാട്ടവാറടിയുമൊക്കെയായിരിക്കും. ഇതൊക്കെയും ശരീഅത്തിനെക്കുറിച്ച വളരെ ഇടുങ്ങിയ കാഴ്ചപ്പാടുകളാണ്. ശരീഅത്തിനു വേണ്ടി നിലകൊള്ളുന്നവരിലും ഇത്തരം സങ്കുചിത സമീപനങ്ങള്‍ നാം കാണുന്നു. ഞാന്‍ എന്റെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികളോട് ചോദിക്കാറുണ്ട്: ശരീഅത്ത് പ്രയോഗവത്കരിക്കപ്പെടുന്നുണ്ടോ? എന്താണ് നിങ്ങളുടെ അഭിപ്രായം? അപ്പോള്‍ അവര്‍ പറയും, ശരീഅത്ത് പ്രയോഗവത്കരിക്കപ്പെടുന്നില്ലല്ലോ എന്ന്. വ്യക്തി തലത്തിലും സാമൂഹിക തലത്തിലും ശരീഅത്ത് എങ്ങനെയൊക്കെ പ്രയോഗവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് ഞാനപ്പോള്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കും. എന്നിട്ടവരോട് ചോദിക്കും, ഇപ്പോള്‍ എന്താണ് അഭിപ്രായം, ശരീഅത്ത് പ്രയോഗവത്കരിക്കപ്പെടുന്നുണ്ടോ? അവര്‍ പറയും, അതേ, പ്രയോഗവത്കരിക്കപ്പെടുന്നുണ്ട്. അതിനാല്‍ ശരീഅത്തിന്റെ പ്രയോഗവത്കരണം നിര്‍ത്തിവെക്കപ്പെടുക എന്ന അവസ്ഥ ഒരു കാലത്തുമുണ്ടാകില്ല. പക്ഷേ ഭരണാധികാരികളില്‍ നീതിമാന്മാരുണ്ടാകും, അതിക്രമികളുമുണ്ടാകും. ശരീഅത്തിന്റെ ചില അംശങ്ങള്‍ നടപ്പാക്കാതിരിക്കാന്‍ മാത്രമേ ഭരണാധികാരികള്‍ക്ക് കഴിയൂ. പക്ഷേ ഇസ്‌ലാമിക സമൂഹങ്ങളും അതിലെ വ്യക്തികളും തങ്ങളുടെ സ്വകാര്യ ജീവിതത്തിലും കുടുംബ ജീവിതത്തിലും തങ്ങള്‍ ഇടപെടുന്ന മുഴുവന്‍ മേഖലകളിലും ശരീഅത്ത് നടപ്പാക്കിക്കൊണ്ടേയിരിക്കുന്നു.
(തുടരും)
Comments