Prabodhanm Weekly

Pages

Search

2019 നവംബര്‍ 15

3126

1441 റബീഉല്‍ അവ്വല്‍ 17

കണ്ണീരുണങ്ങട്ടെ

ഹാമിദ് മഞ്ചേരി

സെബ്രനിക്കന്‍ വംശഹത്യക്ക് ന്യായീകരണം ചമച്ച പീറ്റര്‍ ഹാന്‍ഡ്‌കെ സാഹിത്യത്തിന് നൊബേല്‍ നേടിയ സന്ദര്‍ഭത്തിലാണ് പി.ടി യൂനുസ് ചേന്ദമംഗല്ലൂരിന്റെ 'കണ്ണീരുണങ്ങാത്ത ബോസ്‌നിയ' എന്ന യാത്രാനുഭവം വായിക്കുന്നത്. 1995-ലാണ് ബോസ്‌നിയന്‍ മുസ്‌ലിംകളെ കൊന്നൊടുക്കിയ സെബ്രനിക്ക കൂട്ടക്കൊല സംഭവിക്കുന്നത്. സെര്‍ബിയയെ കുറ്റപ്പെടുത്താന്‍ മുസ്‌ലിംകള്‍ സ്വയം ആസൂത്രണം ചെയ്തതാണ് ഈ കൂട്ടക്കൊല എന്നു വരെ ന്യായീകരിച്ച വ്യക്തിയാണ് ഈ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ പീറ്റര്‍ ഹാന്‍ഡ്‌കെ.
കണ്ണീര്‍ പൊഴിക്കാതെ 'കണ്ണീരുണങ്ങാത്ത ബോസ്‌നിയ' നിങ്ങള്‍ക്ക് വായിച്ചു തീര്‍ക്കാനാകില്ല. മിലോസെവിച്ചിന്റെ സെര്‍ബിയയില്‍നിന്ന് തുടങ്ങി അലിയാ ഇസ്സത്ത് ബെഗോവിച്ചിന്റെ ബോസ്‌നിയയില്‍ അവസാനിക്കുന്ന നൂറ്റിയൊന്ന് പേജുകള്‍ തെല്ലൊന്നുമല്ല നമ്മെ അസ്വസ്ഥരാക്കുന്നത്. വംശീയത ബാക്കിയാക്കിയ ഓര്‍മകളിലാണ് ഗ്രന്ഥകാരന്‍ വിമാനമിറങ്ങുന്നത്. സെര്‍ബിയയിലെ മുസ്‌ലിം ജീവിതത്തെ അടയാളപ്പെടുത്തി സരയാവോയിലേക്ക് എത്തിച്ചേരുന്നിടത്താണ്, യാത്ര തീക്ഷ്ണമാകുന്നത്. മനുഷ്യത്വം അപരിചിതമായൊരു അനുഭവമാകുന്ന ബോസ്‌നിയയുടെ ചരിത്രമാണത്. സെര്‍ബ് വംശീയ ഭീകരരുടെ അഴിഞ്ഞാട്ടത്തില്‍ ജീവനും ജീവിതവും നഷ്ടപ്പെട്ട ഒരുപാട് മനുഷ്യര്‍, കൂട്ടബലാത്സംഗത്തിനിരയായ ധാരാളം സ്ത്രീകള്‍. തൊണ്ണൂറുകളിലെ ബോസ്‌നിയയുടെ മണ്ണ് സാക്ഷ്യം വഹിച്ചത് ഇതിനൊക്കെയായിരുന്നു.
വായനക്കപ്പുറം നൊമ്പരമാകുന്ന ചില പേരുകള്‍ കൂടിയുണ്ടീ പുസ്തകത്തില്‍. സീനയെയും ആബിദിനെയുമൊന്നും  നോവോടെയല്ലാതെ നാമോര്‍ക്കില്ല.  യാത്രയില്‍ 'ഫാമോസ' എന്നു പേരുള്ള ഒരു യന്ത്രശാലയിലെത്തുന്നുണ്ട് നമ്മള്‍, അത് പ്രത്യയശാസ്ത്രമുക്തമല്ലാത്തൊരു ചരിത്ര വായന വീണ്ടും സാധ്യമാക്കുകയാണ്. അലിയാക്ക് ഇസ്സത്തുള്ളൊരു ദര്‍ശനമുണ്ടായിരുന്നു എന്നതാണത്. ഹിംസയുടെ ഹസ്തങ്ങളൊക്കെയും ഭയപ്പെടുമാറ് ഒരു ദേശരാഷ്ട്രം ഉയിര്‍ക്കൊള്ളുമെന്ന ഭയമായിരുന്നു അത്. അതായിരുന്നു അലിയയുടെ കാമ്പും കരുത്തും. കുരിശുയുദ്ധത്തിന്റെ ദര്‍ശനങ്ങള്‍ സെബ്രനിക്കക്കും മറ്റു വംശഹത്യകള്‍ക്കും കാര്‍മികത്വം വഹിച്ചതിന്റെ കാരണങ്ങള്‍ മറ്റെന്താണ്? വിശാല സെര്‍ബിയയില്‍ തങ്ങളുടേതായിത്തീരുമായിരുന്ന വലിയ വ്യവസായശാലകളെ സെര്‍ബിയ തന്നെയും ആദ്യമേ നശിപ്പിച്ചതെന്തിനായിരുന്നു? ഫാമോസയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരില്‍ 'ബോസ്‌നിയാക്ക്' എന്നും 'സെര്‍ബ്' എന്നും അദൃശ്യമായൊരു വേര്‍തിരിവ് ഉണ്ടാക്കിയതാരായിരുന്നു? വംശവും ഭാഷയും ദേശവും വിദ്വേഷത്തിന്റെ കാരണങ്ങളാകുന്നതെവിടെയാണ്?
ഇങ്ങനെയിങ്ങനെ ഒരുപാട് ചോദ്യങ്ങള്‍. അതു കഴിഞ്ഞ്, സരയാവോ പട്ടണപ്രാന്തത്തിലെ കൊവാഷിയിലെ അലിയായുടെ ഖബ്‌റിടവും കാണിച്ചു തന്നാണ് പുസ്തകം അവസാനിക്കുന്നത്. നിലവിലും അരക്ഷിതാവസ്ഥയുടെ ആഴങ്ങളില്‍ തന്നെയാണ് ബോസ്‌നിയയെന്ന് ഗ്രന്ഥകാരന്‍ പറഞ്ഞുവെക്കുന്നുണ്ട്. അലിയാക്ക് ശേഷം മറ്റൊരു നായകന്റെ ഉദയത്തിലാണവരുടെ പ്രതീക്ഷ. കിഴക്കിനും പടിഞ്ഞാറിനുമിടയില്‍ നഷ്ടമായൊരു ദര്‍ശനത്തിന്റെ വീണ്ടെടുപ്പാകണമത്.  ബോസ്‌നിയ ഹെര്‍സഗോവിനയുടെ ലളിതമായൊരു ചരിത്രം കൂടിയായ ഈ പുസ്തകം ഐ.പി.എച്ചാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Comments

Other Post

ഹദീസ്‌

ബിദ്അത്തുകാര്‍ക്കെതിരെ ജിഹാദ്
നൗഷാദ് ചേനപ്പാടി

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (41-44)
ടി.കെ ഉബൈദ്‌