ദൂരം
ആ ഇടുങ്ങിയ മുറിയുടെ
ചിതലിഴഞ്ഞ കഴുക്കോലില്‍
നിന്നെ ആട്ടിയുറക്കിയതില്‍പ്പിന്നെയാണ്
അവര്‍ അടുത്ത കൂരയിലേക്ക് ചുവടുവെച്ചത്
തുടയിലൂടെ ഒഴുകിയിറങ്ങിയ ചോര
ചെളി മെഴുകിയ തറയില്‍
നീ വരക്കാന്‍ മോഹിച്ചയത്രയും
പൂക്കളെ, ശലഭങ്ങളെ വരച്ചിരിക്കുന്നു
ഇളംമേനിയില്‍
തിണര്‍ത്ത് പൊന്തിയ പാടുകള്‍
കാമത്തിന്റെ പല്ലുകള്‍ ഇഴഞ്ഞ
തീവണ്ടിപ്പാതകളാണ്
നീയണിയാന്‍ മോഹിച്ച
മുത്തുമാല ഇതാണെന്ന്
കഴുത്തിലവര്‍ മുറുക്കിയ കയര്‍
നിന്റെ പ്രാണനോട് കലഹിക്കുന്നുണ്ട്
കാറ്റ് വന്നു വേദനകളില്‍ ഉമ്മ വെക്കുമെന്ന്
നീ മോഹിച്ചുപോയെങ്കില്‍
മറന്നേക്കൂ കുഞ്ഞേ...., ഈ ഒറ്റമുറിയില്‍
കാറ്റ് കടക്കുന്ന പഴുതുകളില്‍
അവരുടെ ഒറ്റുകാര്‍ ഒളിച്ചിരിപ്പുണ്ട്
കിനാവ് കാണുന്നത് നിനക്കിഷ്ടമെങ്കില്‍
അവരെന്നോ തൂക്കിലേറ്റിയ നീതിയുടെ
ശവപ്പറമ്പുകളിലിരുന്ന്
കല്‍പാന്തകാലം നീ
ഇരുട്ടിനെ കിനാവ് കാണാന്‍ ശീലിക്കുക
കണ്ണടച്ചേക്കൂ....
അവര്‍ കാമം ഊതിപ്പുകക്കുന്നുണ്ട്
അവര്‍ കയറ് പിരിക്കുന്നുണ്ട്
അവര്‍ മുഖംമൂടി എടുത്തണിയുന്നുണ്ട്
നീതിയുടെ കാവല്‍ക്കാര്‍
ഒറ്റുകാശിന് വിലപേശുന്നുമുണ്ട്
വാളയാറില്‍നിന്നും
എന്റെ/നിന്റെ വീട്ടിലേക്കുള്ള ദൂരം
എത്രയാണ്....?
Comments