ശിലായുഗ വിസ്മയം
പുരാവസ്തു ഖനനത്തിലെ വിസ്മയകരമായ കണ്ടെത്തലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗൊബെക്ലി ടെപെ (Gobekli Tepe) യിലെ സന്ദര്‍ശനത്തോടെയാണ് സാന്‍ലി ഉര്‍ഫയിലെ പര്യടനം അവസാനിച്ചത്. നഗരത്തില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ ജര്‍മസ് മലയിലാണ് ചരിത്രത്തിലെ 'സീറോ പോയിന്റ്' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രദേശം. 12,000 വര്‍ഷം മുമ്പ് ശിലായുഗത്തില്‍ ജീവിച്ചിരുന്നവര്‍ ആരാധന നടത്തിയിരുന്ന കേന്ദ്രമാണിതെന്ന് ജര്‍മന്‍ പുരാവസ്തു വിദഗ്ധന്‍ ക്ലോസ് ഷിമിറ്റിന്റെ നേതൃത്വത്തില്‍ 1995-ല്‍ നടത്തിയ ഖനനത്തിലാണ് വെളിപ്പെട്ടത്. ആറു മീറ്റര്‍ വരെ ഉയരത്തില്‍ ഠ ആകൃതിയിലുള്ള നിരവധി ശിലകള്‍ ഇവിടെനിന്ന് കണ്ടെടുക്കപ്പെട്ടു. നിയോലിത്തിക് കാലഘട്ടത്തിലുള്ള ഈ ശിലകളില്‍ വന്യമൃഗങ്ങളുടെ രൂപങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. നാല്‍പതു മുതല്‍ 60 ടണ്‍ വരെയാണ് ഓരോ ശിലയുടെയും ഭാരം. ഇതിനുമുമ്പ് ഇംഗ്ലണ്ടിലെ വില്‍ഷെയറിലെ സ്റ്റോണ്‍ഹെന്‍ജും അതിനുശേഷം ഈജിപ്തിലെ പിരമിഡുകളുമാണ് ശിലായുഗത്തിലെ മനുഷ്യരുടെ സാന്നിധ്യം രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴക്കമുള്ള കേന്ദ്രങ്ങള്‍. ഇവയേക്കാള്‍ 7,000/7,500 വര്‍ഷങ്ങളുടെ പഴക്കമാണ് ഗെബെക്‌ലി ടെപെക്ക് കണക്കാക്കപ്പെടുന്നത്.
1963-ല്‍ ഇസ്തംബൂള്‍, ചിക്കാഗോ സര്‍വകലാശാലകളിലെ വിദഗ്ധര്‍ നടത്തിയ സര്‍വേയിലാണ് ഈ പ്രദേശത്ത് പുരാതന അവശിഷ്ടങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടത്. എന്നാല്‍, തുടരന്വേഷണങ്ങള്‍ ഉണ്ടായില്ല. ചിലര്‍ക്ക് കൃഷിഭൂമിയുണ്ടെന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ ഈ മലമ്പ്രദേശത്ത് ആളനക്കം പോലുമുണ്ടായിരുന്നില്ല. 1986-ല്‍ ഇവിടെ പണിയെടുത്തുകൊണ്ടിരിക്കെ കര്‍ഷകന് ഒരു ശിലാഫലകം ലഭിക്കുകയും അദ്ദേഹമത് പുരാവസ്തു വകുപ്പിനെ ഏല്‍പിക്കുകയും ചെയ്തു. ഇതോടെ കാല്‍ നൂറ്റാണ്ടു മുമ്പ് ഉപേക്ഷിച്ച ഉല്‍ഖനന പരിപാടി ആരംഭിക്കാനുള്ള നീക്കം അധികൃതര്‍ തുടങ്ങി. പിന്നെയും ഒമ്പതു വര്‍ഷത്തിനു ശേഷമാണ് ഖനന നടപടികള്‍ തുടങ്ങിയത്.
ഈ സൈറ്റിന്റെ തൊട്ടപ്പുറത്ത് മറ്റു ഖനനങ്ങള്‍ നടക്കുന്നുണ്ട്. പത്തു ശതമാനമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂവെന്നും അടുത്ത ഘട്ടങ്ങളിലെത്തുമ്പോള്‍ വിസ്മയകരമായ പലതും വെളിപ്പെടുമെന്നും പുരാവസ്തു ഗവേഷക ഹെലന്‍ പറഞ്ഞു. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സൈറ്റാണിത്. ‘ഥലമൃ ീള ഏീയലസഹശ ഠലുല' ആയി ടര്‍ക്കിഷ് ഗവണ്‍മെന്റ് പ്രഖ്യാപിച്ച വര്‍ഷം കൂടിയാണ് 2019. തുര്‍ക്കിയില്‍ മാത്രം 18 പുരാതന സൈറ്റുകള്‍ യുനെസ്‌കോ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മറ്റു 77 സൈറ്റുകള്‍ താല്‍ക്കാലിക പട്ടികയിലുമാണ്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിഡന്റ് ഉര്‍ദുഗാന്‍ ഔദ്യോഗികമായി തുറന്നുകൊടുത്തതോടെയാണ് ഗൊബെക്ലി ടെപെയിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടങ്ങിയത്. സൈറ്റിനു രണ്ടര കിലോമീറ്ററിനപ്പുറം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം ആര്‍ക്കിയോളജി വകുപ്പിന്റെ വാഹനത്തില്‍ വേണം സൈറ്റിലേക്ക് പോകാന്‍. വാഹനമിറങ്ങിയ ശേഷം 300 മീറ്റര്‍ നടന്നാലെത്തുന്നത് തടിയില്‍ തീര്‍ത്ത വലിയ പാലത്തില്‍. സൈറ്റിനു ചുറ്റുമായാണ് പ്ലാറ്റ്‌ഫോം തീര്‍ത്തിരിക്കുന്നത്. അതില്‍നിന്ന് നോക്കിയാല്‍ ഖനനം നടന്ന ഭൂമിയുടെ ഉഴുതുമറിച്ച ഭാഗങ്ങള്‍ എല്ലാ വശങ്ങളില്‍നിന്നും വ്യക്തമായി കാണാം. ഈ പ്ലാറ്റ്‌ഫോമില്‍നിന്നു തന്നെ കുന്നിനു മുകളിലെത്താം. അവിടെനിന്നു നോക്കിയാല്‍ ഇപ്പോള്‍ ഖനനം നടന്നുകൊണ്ടിരിക്കുന്ന സൈറ്റ് അല്‍പം അകലെയായി കാണാം. സിറിയയിലെ അലപ്പോയും സാന്‍ലി ഉര്‍ഫയില്‍നിന്ന് 40 കി.മീറ്റര്‍ അകലെ മെസപ്പെട്ടോമിയയിലെ പ്രാചീന നഗരമായ ഹറാനുമൊക്കെ ഇവിടെനിന്നുള്ള ദൃശ്യങ്ങളാണ്.
ഗൊബെക്ലി ടെപെ സന്ദര്‍ശനത്തെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് 11,300 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മറ്റൊരു ശിലായുഗ ആവാസ കേന്ദ്രം ഇവിടെനിന്ന് വെറും 160 കി. മീറ്റര്‍ മാത്രം അകലെയുള്ള മാര്‍ദിനില്‍ ഉല്‍ഖനനം ചെയ്യപ്പെട്ട വാര്‍ത്ത പുറത്തുവന്നത്. മാര്‍ദിനിലെ ദാര്‍ഗെയ് ജില്ലയിലെ ഇഹ്‌സു എന്ന സ്ഥലത്ത് 2012 മുതല്‍ നടന്നുവരുന്ന ഖനനത്തിലാണ് പുതിയ കണ്ടെത്തല്‍. നാലു ഫലകങ്ങളാണ് ഇവിടെനിന്ന് കണ്ടെടുത്തത്. ഒരെണ്ണത്തിനു മാത്രമേ ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളൂ. മറ്റു മൂന്നെണ്ണവും പോറലേല്‍ക്കാതെ നിലനില്‍ക്കുന്നു. ഗൊബെക്ലി ടെപെയിലേതുപോലെ വന്യമൃഗങ്ങളുടെ രൂപങ്ങള്‍ ഈ ഫലകങ്ങളില്‍ ഇല്ല.
ശിലായുഗത്തിലെ മനുഷ്യര്‍ താമസിക്കുകയും ആരാധനാ കര്‍മങ്ങള്‍ നടത്തുകയും ചെയ്ത ഭൂമിയില്‍ ഏറ്റവും പുരാതനമായ കേന്ദ്രമാണ് മെസപ്പെട്ടോമിയയിലേതെന്ന് അടിവരയിടുന്നതാണ് ഈ രണ്ടു കണ്ടെത്തലുകളും.
മലമുകളിലെ മാര്‍ദിന്‍
പ്രാചീന സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ കണ്ടെടുക്കപ്പെട്ട ഗൊബെക്ലി ടെപെയില്‍ രണ്ടു മണിക്കൂറോളം ചെലവിട്ടു. അടുത്ത ലക്ഷ്യകേന്ദ്രമായ മാര്‍ദിനിലേക്ക് തിരിക്കുമ്പോഴും ഇനിയും കണ്ടെത്താനിരിക്കുന്ന വിസ്മയങ്ങളായിരുന്നു മനസ്സു നിറയെ. തെക്കു കിഴക്കന്‍ തുര്‍ക്കിയിലെ ചരിത്രം ഉറങ്ങിക്കിടക്കുന്ന മറ്റൊരു പ്രവിശ്യയാണ് മാര്‍ദിന്‍. സിറിയക് ഭാഷയില്‍ കോട്ട എന്നര്‍ഥം വരുന്ന മാര്‍ദിന്‍ നഗരം ടൈഗ്രീസ് നദിക്ക് സമീപത്ത് മലമുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഉസ്മാനിയ ഖിലാഫത്തിന്റെ ഭാഗമാകുന്നതിനു മുമ്പ് ബാബിലോണിയന്‍, പേര്‍ഷ്യന്‍, റോമന്‍, സെല്‍ജൂക് എന്നീ പ്രമുഖ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നിട്ടുണ്ട് പ്രദേശം. പതിനൊന്ന്, പന്ത്രണ്ട് നൂറ്റാണ്ടുകളില്‍ കിഴക്കന്‍ അനാത്തോലിയ, ഇന്നത്തെ സിറിയയുടെയും ഇറാഖിന്റെയും വടക്കന്‍ ഭാഗങ്ങള്‍ എന്നീ പ്രദേശങ്ങള്‍ ഭരിച്ചിരുന്ന അര്‍തുഖിദ് വംശത്തിന്റെ വാസ്തുശില്‍പമാണ് മാര്‍ദിന്‍ പഴയ നഗരത്തെ മനോഹരമാക്കുന്നത്.
അസീറിയന്‍, അറബ്, കുര്‍ദ്, ടര്‍ക്കിഷ് സംസ്‌കാരത്തിന്റെ സംഗമവേദിയാണ് മാര്‍ദിന്‍. മലയുടെ താഴ്‌വാരത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന പഴയ നഗരത്തിലൂടെയുള്ള കാല്‍നട യാത്ര നല്ലൊരു അനുഭവമാണ്. ഇരുവശങ്ങളിലും നിരനിരയായി കടകള്‍, ഹോട്ടലുകള്‍. ഇതിനടുത്തു തന്നെയാണ് കള്‍ച്ചറല്‍ സ്ട്രീറ്റ്. മാര്‍ദിനിന്റെ പാരമ്പര്യം വിളിച്ചോതുന്നതാണ് ഈ തെരുവ്. പഴയ മാര്‍ക്കറ്റില്‍ സോപ്പുകള്‍ക്ക് മാത്രമായി കടകളുണ്ട്. വിവിധ വര്‍ണങ്ങളിലുള്ള സോപ്പുകള്‍ വഴിയാത്രക്കാരെ ആകര്‍ഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. തുര്‍ക്കിയില്‍ മാത്രമല്ല, യൂറോപ്പില്‍ പോലും പ്രശസ്തമാണ് മാര്‍ദിനിലെ സോപ്പ്. ശുദ്ധ ഒലിവ്, പിസ്താഷിയോ എണ്ണകള്‍ ഉപയോഗിച്ച് പ്രാദേശികമായി നിര്‍മിക്കുന്ന സോപ്പുകള്‍ ധാരാളമായി കയറ്റുമതി ചെയ്യപ്പെടുന്നു. ചര്‍മത്തിന് ഏറ്റവും അനുയോജ്യമായ വൈറ്റമിന്‍ ഇ, ഒമേഗ 9,6,3 എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാലാണ് സോപ്പു നിര്‍മാണത്തിന് പിസ്താഷിയോ എണ്ണ ഉപയോഗിക്കുന്നത്. പ്രാദേശികമായി നിര്‍മിക്കുന്ന ചെമ്പുകമ്പികള്‍ ഉപയോഗിച്ചുള്ള വിവിധ അലങ്കാര വസ്തുക്കള്‍, പിസ്താഷിയോ, ബദാം എന്നിവ കൊണ്ടുള്ള കാന്‍ഡികള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളും പഴയ ടൗണില്‍ ധാരാളമായി കാണാം.
ഇസ്തംബൂള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് ആഭ്യന്തര വിമാന സര്‍വീസ് മാര്‍ദിനില്‍നിന്ന് ലഭ്യമാണ്. നഗരമധ്യത്തിലാണ് മനോഹരമായ മാര്‍ദിന്‍ എയര്‍പോര്‍ട്ട്. തുര്‍ക്കിയുടെ മറ്റുഭാഗങ്ങളെ നഗരവുമായി ബന്ധിപ്പിക്കുന്ന ട്രയിന്‍, ബസ് സര്‍വീസുകളുമുണ്ട്. 2015-ല്‍ രസതന്ത്രത്തിന് നൊബേല്‍ സമ്മാനം ലഭിച്ച ടര്‍ക്കിഷ്-അമേരിക്കന്‍ മോളിക്യുളര്‍ ബയോളജിസ്റ്റ് അസീസി സന്‍ജാര്‍ ജനിച്ചത് മാര്‍ദിനിലെ സാവുര്‍ ജില്ലയിലാണ്.
മാര്‍ദിനിലെ പുരാതനമായ പള്ളികളും ചര്‍ച്ചുകളും മലമുകളിലാണ് പണി കഴിപ്പിച്ചിട്ടുള്ളത്. ആയിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ആരാധനാലയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. പഴയ നഗരത്തിന് അഭിമുഖമായി വലിയ മലക്കു മുകളിലുള്ള കോട്ട(മാര്‍ദിന്‍ കാസില്‍)യോട് ചേര്‍ന്ന് രണ്ട് വലിയ ഗോപുരങ്ങളോടെ തലയുയര്‍ത്തിനില്‍ക്കുന്ന സിന്‍കിരിയെ മദ്‌റസ പ്രമുഖ ചരിത്ര സ്മാരകമാണ്. താഴെനിന്നും മുകളില്‍നിന്നും മനോഹരമായ ദൃശ്യഭംഗി നല്‍കുന്ന ഈ കെട്ടിട സമുച്ചയം മാര്‍ദിന്‍ ഭരിച്ച അര്‍തുഖിദ് വംശത്തിലെ അവസാന സുല്‍ത്താന്‍ മലിക് നജ്മുദ്ദീന്‍ 1385-ല്‍ പണിതതാണ്. സുല്‍ത്താന്‍ ഈസ മദ്‌റസ എന്ന പേരിലും അറിയപ്പെടുന്ന ഈ ഇരുനില കെട്ടിടത്തിലെത്താന്‍ മലമുകളിലേക്ക് അല്‍പം കയറണം. പള്ളിക്കു പുറത്ത് വിശാലമായ മുറ്റം. മിഹ്‌റാബില്‍നിന്ന് ബാങ്കുവിളിച്ചാല്‍ ഉച്ചഭാഷിണിയില്ലാതെ തന്നെ പുറത്തേക്ക് ശബ്ദം പ്രസരിക്കുന്ന വിധത്തിലാണ് പള്ളിയുടെ മതിലുകള്‍. തൈമൂര്‍ മാര്‍ദിന്‍ കീഴടക്കിയപ്പോള്‍ സുല്‍ത്താന്‍ ഈസയെ അല്‍പകാലം തടവില്‍ പാര്‍പ്പിക്കുകയുണ്ടായി. മുസ്തഫ കമാല്‍പാഷ അധികാരത്തില്‍ വരുന്നതുവരെ പള്ളിയും മദ്‌റസയും സുഗമമായി പ്രവര്‍ത്തിച്ചിരുന്നു. കമാല്‍പാഷയുടെ ഭരണകാലത്ത് ആരാധനാകര്‍മങ്ങള്‍ നിരോധിക്കുകയും മാര്‍ദിനിലെ മ്യൂസിയം ഇവിടേക്ക് മാറ്റുകയുമുണ്ടായി. ഏറെക്കാലത്തിനുശേഷമാണ് പഴയ അവസ്ഥ പുനഃസ്ഥാപിക്കപ്പെട്ടത്.
മുസ്‌ലിംകള്‍ക്കൊപ്പം വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളും കുര്‍ദുകളും യസീദികളുമൊക്കെ ഇടകലര്‍ന്നു ജീവിക്കുന്നു. തുര്‍ക്കിയില്‍ ക്രൈസ്തവ വിശ്വാസികള്‍ ഏറ്റവുമധികം കഴിയുന്നത് ഇസ്തംബൂളിലാണെങ്കിലും ഗ്രീക്ക്, സിറിയന്‍, ഓര്‍ത്തഡോക്‌സ് തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളുടെ നിരവധി ദേവാലയങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന പ്രദേശമാണ് മാര്‍ദിന്‍. ആയിരവും അതിലേറെയും വര്‍ഷം പഴക്കമുള്ള നിരവധി പള്ളികളും ചര്‍ച്ചുകളും ഇവിടെയുണ്ട്. യഥാക്രമം പന്ത്രണ്ടും പതിനാലും നൂറ്റാണ്ടുകളില്‍ പണിത ഉലു കാമി എന്നറിയപ്പെടുന്ന ഗ്രാന്റ് മസ്ജിദ്, മലിക് മഹ്മൂദ് മസ്ജിദ്, സി.ഇ 569-ല്‍ നിര്‍മിച്ചെന്ന് പറയപ്പെടുന്ന സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സി.ഇ 493-ല്‍ പണിത സെയിന്റ് അനാനിയാസ് സിറിയക് ഓര്‍ത്തഡോക്‌സ് മൊണാസ്ട്രി തുടങ്ങിയവ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളാണ്.
വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പെട്ട ഒരു ലക്ഷത്തോളം പേര്‍ തുര്‍ക്കിയില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. അര്‍മീനിയ, അസീറിയ, കാല്‍ദിയന്‍, ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, കാത്തലിക് തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങളും സംവിധാനങ്ങളുമുണ്ട്. സി.ഇ 450-ല്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ കാലത്തുതന്നെ തുര്‍ക്കിയില്‍ വേരുറപ്പിച്ചവരാണ് സിറിയക് ഓര്‍ത്തഡോക്‌സ് വിഭാഗം. മാര്‍ദിനിലെ അവരുടെ ചര്‍ച്ച് മൂന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണെന്ന് പറയപ്പെടുന്നു. ഏതാണ്ട് നാലര ലക്ഷം ഡോളര്‍ ചെലവിട്ടാണ് പള്ളി പുതുക്കിപ്പണിതതെന്ന് അവിടത്തെ മുഖ്യപുരോഹിതന്‍ ഫ. ഗബ്രിയേല്‍ അക്താസ് പറഞ്ഞു.
മാര്‍ദിനിലെ മുസ്‌ലിം ജനത തങ്ങളുമായി വളരെ സഹവര്‍ത്തിത്വത്തിലാണ് കഴിയുന്നതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഖത്തറില്‍നിന്നാണെന്നു പറഞ്ഞപ്പോള്‍ അകത്തേക്ക് പോയി ഒരു കത്ത് കൊണ്ടുവന്നു. മുഹമ്മദ് നബി (സ) ക്രിസ്ത്യന്‍ സമൂഹവുമായി ഏര്‍പ്പെട്ട സന്ധികളെയും കരാറുകളെയും സംബന്ധിച്ച് ഖത്തറിലെ ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയിലെ (HBKU) ഇസ്‌ലാമിക വിഭാഗം ഇസ്തംബൂളിലെ സെഹിര്‍ സര്‍വകലാശാലയില്‍ നടത്തുന്ന സെമിനാറിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്. സെഹിര്‍ സര്‍വകലാശാലാ വൈസ് പ്രസിഡന്റാണ് കത്തില്‍ ഒപ്പുവെച്ചിരുന്നത്. എച്ച.ബി.കെ.യുവും അമേരിക്കയിലെ മിനസോട്ട ആസ്ഥാനമായുള്ള കോക്‌സ് റൗണ്ട് ടേബളും (CRT) സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത്തെ പരിപാടിയായിരുന്നു അത്. ഇതേ വിഷയത്തില്‍ ആദ്യ പരിപാടി ജനുവരിയില്‍ റോമില്‍ നടന്നിരുന്നു.
മിനസോട്ടയിലെ മുസ്‌ലിം അമേരിക്കന്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇമാം അസദ് സമാനില്‍നിന്നാണ് പ്രവാചകന്റെ സന്ധികളെക്കുറിച്ച് കോക്‌സ് റൗണ്ട് ടേബ്ള്‍ ആദ്യം കേള്‍ക്കുന്നത്. ഇതേ വിഷയത്തില്‍ ആന്‍ഡ്ര്യൂ മോറോ എഴുതിയ പുസ്തകത്തിലും ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉണ്ടെന്നറിഞ്ഞതോടെയാണ് വിഷയത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്ന സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ സി.ആര്‍.ടിക്ക് താല്‍പര്യം ജനിച്ചത്. മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിലുള്ള ബന്ധങ്ങളില്‍ പരസ്പര ബഹുമാനവും ആദരവും നിലനിര്‍ത്താന്‍ ഇത് ഉപകാരപ്പെടുമെന്നും അവര്‍ മനസ്സിലാക്കി. മതതാരതമ്യ പഠനങ്ങളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാറുള്ള ഖത്തറിലെ എച്ച്.ബി.കെ.യുവിന്റെ പിന്തുണ കൂടിയായപ്പോള്‍ ഇതൊരു തുടര്‍പരിപാടിയായി മാറുകയായിരുന്നു.
അല്‍പം ടര്‍ക്കിഷ് രാഷ്ട്രീയം
തുര്‍ക്കിയുടെ ജനസംഖ്യയില്‍ 18 ശതമാനം അഥവാ ഒന്നരക്കോടിയോളം കുര്‍ദ് വിഭാഗക്കാരാണ്. തെക്കു-കിഴക്കന്‍ അനാത്തോലിയയിലെ ചില പ്രവിശ്യകളില്‍ മേയര്‍മാരായി തെരഞ്ഞെടുക്കപ്പെടാന്‍ മാത്രം സ്വാധീനമുണ്ട് കുര്‍ദുകള്‍ക്ക്. എന്നാല്‍ ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട മേയര്‍മാരെ നിരോധിത കുര്‍ദ് തീവ്രവാദ സംഘടനയായ പി.കെ.കെയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പിരിച്ചുവിടുകയുണ്ടായി. മാര്‍ദിന്‍, ദിയാര്‍ബാകര്‍, വാന്‍ പ്രവിശ്യകളിലെ മേയര്‍മാരാണ് ഇങ്ങനെ പിരിച്ചുവിടപ്പെട്ടത്. മാര്‍ദിന്‍ മേയര്‍ അഹ്മദ് തുര്‍ക്കിനെ ഇതു രണ്ടാം തവണയാണ് ആഭ്യന്തര മന്ത്രാലയം പ്രത്യേക ഉത്തരവിലൂടെ പുറത്താക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 31-ന് വലിയ ഭൂരിപക്ഷത്തിനാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
പിരിച്ചുവിടപ്പെട്ട മേയര്‍മാരെല്ലാം പ്രതിപക്ഷ പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്.ഡി.പി) പ്രതിനിധികളാണ്. പി.കെ.കെയുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടെന്നതിന് മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഗവണ്‍മെന്റ് നിലപാട്. ഇവരെ പിരിച്ചുവിട്ടതിനെതിരെ പ്രസിഡന്റ് ഉര്‍ദുഗാന്റെ പഴയ സഹപ്രവര്‍ത്തകരായ അബ്ദുല്ല ഗുല്ലും ദാവൂദോഗ്‌ലുവും പരസ്യമായി രംഗത്തുവരികയുണ്ടായി. എന്നാല്‍, പി.കെ.കെയാണ് ഇവരുടെ സ്ഥാനാര്‍ഥിത്വത്തിനു പിന്നിലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്നാണ് ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നത്.
ഇതുതന്നെയാണ് ഞങ്ങളോടൊപ്പമുണ്ടായിരുന്ന ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥി മഹ്മൂദ് സിന്‍ജാനും പറയുന്നത്. പി.കെ.കെയുടെ പ്രോക്‌സിയാണ് ഈ മേയര്‍മാരെന്നും ഗുല്ലിന്റെയും ദാവൂദ് ഒഗ്‌ലുവിന്റെയും ആരോപണങ്ങള്‍ രാഷട്രീയപ്രേരിതമാണെന്നുമാണ് സിന്‍ജാന്റെ പക്ഷം. താന്‍ എ.കെ പാര്‍ട്ടി പ്രവര്‍ത്തകനല്ലെങ്കിലും ഉര്‍ദുഗാന്റെ കീഴിലാണ് തുര്‍ക്കിക്ക് വളര്‍ച്ചയും സ്ഥിരതയുള്ള സര്‍ക്കാറും ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു.
കഴിഞ്ഞ വര്‍ഷം മാത്രം 8,40,000 അംഗങ്ങളെ എ.കെ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടുവെന്നും ഇതില്‍ വലിയൊരു വിഭാഗം മുന്‍ പ്രധാനമന്ത്രി ദാവൂദ് ഒഗ്‌ലുവും മുന്‍ ധനമന്ത്രി അലി ബാബാകാനും രൂപീകരിക്കാനിരിക്കുന്ന പുതിയ പാര്‍ട്ടിയില്‍ ചേരുമെന്നുമുള്ള വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സിന്‍ജാന്റെ മറുപടി ഇങ്ങനെ: 'ലക്ഷങ്ങള്‍ കൊഴിഞ്ഞുപോയെന്നത് ഊതിവീര്‍പ്പിച്ച റിപ്പോര്‍ട്ടുകളാണ്. കുറച്ചുപേര്‍ പാര്‍ട്ടി വിട്ടിട്ടുണ്ടെന്നത് ശരിയാണ്. മാത്രമല്ല, ദാവൂദ് ഒഗ്‌ലുവും ബാബാകാനും പുതിയ സംഘടന രൂപീകരിക്കുമെന്ന് പറയാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഏത് ആദര്‍ശത്തിന്റെ പിന്‍ബലത്തിലാണ് അവര്‍ പാര്‍ട്ടി രൂപീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ഇരുവരും വെവ്വേറെ പാര്‍ട്ടികള്‍ രൂപീകരിക്കുമെന്നാണ് കേള്‍ക്കുന്നത്. അപ്പോള്‍ ഇവര്‍ക്കിടയിലും ഐക്യമില്ലേ?'
ഉര്‍ദുഗാന്റെ പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് ആ പദവിയില്‍ നാലു മാസം സേവനമനുഷ്ഠിച്ചയാളാണ് അബ്ദുല്ല ഗുല്‍. പിന്നീട് ഉപപ്രധാനമന്ത്രിയായും 2003 മുതല്‍ 2007 വരെ വിദേശകാര്യ മന്ത്രിയായും 2007 മുതല്‍ 2014 വരെ തുര്‍ക്കിയുടെ പ്രസിഡന്റുമായിരുന്നയാളാണ് ഗുല്‍. ഇസ്തംബൂള്‍ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പി.എച്ച്.ഡി നേടിയ ശേഷം കുറച്ചുകാലം ജിദ്ദയില്‍ ഇസ്‌ലാമിക് ഡെവലപ്‌മെന്‍് ബാങ്കില്‍ (ഐ.ഡി.ബി) ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോഴും ഐ.ഡി.ബി പ്രസിഡന്റിന്റെ ഉപദേശക സമിതിയില്‍ അദ്ദേഹം അംഗമാണെന്നാണ് വിവരം.
അള്‍ട്രാ സെക്യുലരിസത്തിന്റെ പിടിയില്‍നിന്ന് തുര്‍ക്കിയെ മോചിപ്പിക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച മുന്‍ പ്രധാനമന്ത്രി നജ്മുദ്ദീന്‍ അര്‍ബകാന്‍ ഞങ്ങളുടെ ചര്‍ച്ചയില്‍ കടന്നുവന്നത് സ്വാഭാവികം. സെക്യുലരിസ്റ്റുകളും സൈന്യവും ആധിപത്യം പുലര്‍ത്തിയിരുന്ന തൊണ്ണൂറുകളുടെ ഒടുവില്‍ ടര്‍ക്കിഷ് പാര്‍ലമെന്റിലെ അപൂര്‍വ ഇസ്‌ലാമിക സാന്നിധ്യങ്ങളില്‍ ഒരാളായിരുന്നു നജ്മുദ്ദീന്‍ അര്‍ബകാന്‍. മതേതര ഭരണകൂടവും സൈന്യവും സംയുക്തമായി സൃഷ്ടിച്ച പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ നാഷ്‌നല്‍ ഓര്‍ഡര്‍ പാര്‍ട്ടി, സാല്‍വേഷന്‍ പാര്‍ട്ടി, വെല്‍ഫെയര്‍ പാര്‍ട്ടി, വെര്‍ച്യൂ പാര്‍ട്ടി, ഫെലിസിറ്റി പാര്‍ട്ടി എന്നിങ്ങനെ വിവിധ പാര്‍ട്ടികള്‍ രൂപീകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത് ഒറ്റയാള്‍ പോരാട്ടമാണ് 1970 മുതല്‍ 2011-ല്‍ മരണം വരെ അര്‍ബകാന്‍ നടത്തിയത്.
അര്‍ബകാന്റെ വെര്‍ച്യൂ പാര്‍ട്ടിയുടെ ടിക്കറ്റില്‍ പാര്‍ലമെന്റിലെത്തിയ മര്‍വ കവാക്‌സി ഓര്‍മയിലെത്തിയത് അപ്പോഴാണ്. അവരിപ്പോള്‍ തുര്‍ക്കിയുടെ മലേഷ്യയിലെ അംബാസഡറാണെന്ന് സിന്‍ജാന്‍ പറഞ്ഞത് താല്‍പര്യത്തോടെയാണ് കേട്ടിരുന്നത്. തൊണ്ണൂറുകളുടെ ഒടുവില്‍ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വനിതയായിരുന്നു കവാസ്‌കി. ആധുനിക തുര്‍ക്കിയുടെ ചരിത്രത്തില്‍ ആദ്യമായി സ്‌കാര്‍ഫ് ധരിച്ച് ഒരു വനിത ഗ്രാന്റ് നാഷ്‌നല്‍ അസംബ്ലിയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് എന്തു വിലകൊടുത്തും തടയാന്‍ കാത്തിരിക്കുകയായിരുന്നു മതേതര മൗലികവാദികള്‍. ഡെമോക്രാറ്റിക് ലെഫ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധികളുടെ ആവശ്യത്തിനു വഴങ്ങി പ്രധാന മന്ത്രിയും പാര്‍ട്ടി നേതാവുമായ ബുലന്ദ് അയാവിദ് അവരെ സഭയില്‍നിന്ന് പുറത്താക്കി. പിന്നാലെ, കവാക്‌സിയുടെ ടര്‍ക്കിഷ് പൗരത്വം റദ്ദാക്കുന്ന ഉത്തരവ് പ്രസിഡന്റ് സുലൈമാന്‍ ദമിറേല്‍ പുറപ്പെടുവിച്ചു. അമേരിക്കന്‍ പൗരത്വം ഉണ്ടായിരുന്ന കവാക്‌സി അതു മറച്ചുവെച്ചു എന്നായിരുന്നു ആരോപണം. തുടര്‍ന്ന് അവര്‍ അമേരിക്കയില്‍ അഭയം തേടി. ഹാര്‍വാഡ് സര്‍വകലാശാലാ ബിരുദധാരിണിയും ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വകലാശാല, വാഷിംഗ്ടണിലെ ഹൊവാര്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍ പ്രഫസറുമായിരുന്നതിനാല്‍ യു.എസ് ഗവണ്‍മെന്റ് അവരുടെ അപേക്ഷ പരിഗണിച്ചു. 2017-ല്‍ ഉര്‍ദുഗാന്‍ ഗവണ്‍മെന്റ് കവാക്‌സിയുടെ പൗരത്വം പുനഃസ്ഥാപിക്കുക മാത്രമല്ല, അവരെ തുര്‍ക്കിയുടെ മലേഷ്യന്‍ അംബാസഡറായി നിയമിക്കുകയും ചെയ്തു.
(അവസാനിച്ചു)
Comments