പ്രവാചക ചരിത്രത്തിന്റെ ആധികാരികത
പ്രവാചക ജീവിതംതന്നെ പ്രമാണമാകയാല്‍ അതിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും കിട്ടാവുന്ന എല്ലാ സ്രോതസ്സുകളില്‍നിന്നും ശേഖരിക്കുകയായിരുന്നു ഒരു വിഭാഗം ചരിത്ര പണ്ഡിതന്മാര്‍. പ്രവാചകനുമായി ബന്ധപ്പെട്ട ഒന്നും നഷ്ടപ്പെട്ടുപോകരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുായിരുന്നു. കേസന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥനെപ്പോലെ ആദ്യം, കിട്ടാവുന്ന എല്ലാ വിവരങ്ങളും നെല്ലും പതിരും വേര്‍തിരിക്കാതെ ശേഖരിക്കും. ശേഷം ഓരോ വിവരവും എത്രത്തോളം വിശ്വസനീയമാണെന്ന് പിന്നീട് പരിശോധിച്ച് ഉറപ്പുവരുത്താന്‍ തക്കവണ്ണം ഓരോ നിവേദക ശൃംഖലയിലെയും റിപ്പോര്‍ട്ടര്‍മാരുടെ പേരടക്കം ചേര്‍ത്തുകൊണ്ടായിരുന്നു അവരത് രേഖപ്പെടുത്തിയിരുന്നത്. ഒരു ന്യൂസ് ഡെസ്‌കിലെ എഡിറ്ററെ പോലെ, റോയിട്ടേഴ്‌സ്, അസോസിയേറ്റഡ് പ്രസ്സ്, അല്‍ജസീറ തുടങ്ങി വ്യത്യസ്ത സോഴ്‌സുകളിലൂടെയും അല്ലാതെയും റിപ്പോര്‍ട്ടര്‍മാര്‍ കലക്ട് ചെയ്തു കൊണ്ടുവരുന്ന വാര്‍ത്താശകലങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് ഏറ്റവും സത്യസന്ധമായി വാര്‍ത്ത പ്രക്ഷേപണം ചെയ്യാന്‍ പാകത്തില്‍ തയാറാക്കിക്കൊടുക്കുന്ന ഒരു ന്യൂസ് എഡിറ്ററെ പോലെ. പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട് ലഭ്യമായ പ്രാഥമിക സ്രോതസ്സുകളില്‍നിന്ന് നെല്ലും പതിരും വേര്‍തിരിച്ച് ശരിയായ ചരിത്രം രചിക്കുന്നതും ഇങ്ങനെത്തന്നെയാണ്. കുറ്റാന്വേഷണ ഉദ്യോഗസ്ഥന്‍ ദൃക്‌സാക്ഷികളുള്‍പ്പെടെയുള്ളവരില്‍നിന്ന് ശേഖരിച്ച എല്ലാ വിവരങ്ങളും അതേപടി മുഖവിലക്കെടുത്തുകൊണ്ടല്ലല്ലോ കുറ്റപത്രം തയാറാക്കുക.
ശരിയായ ചരിത്രം ഏതെന്ന് തിരിച്ചറിയാന്‍ കൃത്യമായ ചില മാനദണ്ഡങ്ങള്‍ മുസ്‌ലിം ലോകം അംഗീകരിച്ചിട്ടുണ്ട്. അവയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഒരു റിപ്പോര്‍ട്ടിന്റെ ആധികാരികത തീരുമാനിക്കപ്പെടുകയുള്ളൂ.
സ്വതന്ത്ര ചിന്തകര്‍, യുക്തിവാദികള്‍ എന്നെല്ലാം വാദിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ശരവ്യമാക്കുന്നത് ഇസ്ലാമിനെയാണ്. എല്ലാ മതങ്ങള്‍ക്കും തങ്ങള്‍ എതിരാണെന്ന് അവര്‍ പറയുമെങ്കിലും, മുഖ്യ ഉന്നം ഇസ്ലാമും മുസ്ലിംകളുമാണ്. അവരുടെ എഴുത്തുകളും പ്രഭാഷണങ്ങളും ശ്രദ്ധിച്ചാല്‍ അവരുടെ വൈജ്ഞാനിക നിലവാരം പരിതാപകരമാംവിധം ദുര്‍ബലമാണെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. അവര്‍ പറയുന്നതും പ്രചരിപ്പിക്കുന്നതും മാത്രം ശ്രദ്ധിക്കുന്ന, യാഥാര്‍ഥ്യം അവര്‍ പറയുന്നതുതന്നെയാണോ എന്ന് പരിശോധിക്കാന്‍ മുതിരാത്ത ആളുകള്‍ക്ക് മുമ്പില്‍ ഇപ്പറയുന്നതൊക്കെ തല്‍ക്കാലത്തേക്ക് ചെലവായെന്നു വരും.
അറബിഭാഷയും മതവിജ്ഞാനീയങ്ങളും പഠിച്ചിട്ടുള്ളവരല്ല അവരിലെ പ്രമുഖര്‍ പോലും. ദുന്‍യാവിലെ ഏത് കാര്യങ്ങളെക്കുറിച്ച് വിവരമുണ്ടായാലും ഖുര്‍ആനെക്കുറിച്ച് ഈ 'അഭ്യസ്തവിദ്യര്‍' യാതൊന്നും പഠിച്ചിട്ടുണ്ടായിരിക്കില്ല. ഉണ്ടെങ്കില്‍തന്നെ ഏതെങ്കിലും ഖുര്‍ആന്‍ പരിഭാഷ, അതും ഇംഗ്ലീഷിലുള്ളത് വായിച്ചിരിക്കും. ഹദീസിനെയും ഫിഖ്ഹിനെയും കുറിച്ച് ചില കേട്ടറിവുകള്‍ മാത്രമേ അവര്‍ക്കുണ്ടാവൂ, അതുതന്നെ ഓറിയന്റലിസ്റ്റ് കൃതികളില്‍നിന്ന് ലഭിച്ചതുമായിരിക്കും. ഇസ്‌ലാമിക പാരമ്പര്യം പഴകി ദ്രവിച്ച എല്ലിന്‍ കഷ്ണങ്ങളാണെന്നും അവയെല്ലാം കാലഹരണപ്പെട്ടെന്നുമുള്ള ധാരണകളും അവര്‍ക്കുണ്ടാവും. ഈ 'പാണ്ഡിത്യ'ത്തിന്റെ ബലത്തില്‍, ഇസ്‌ലാമിനെക്കുറിച്ച് അവസാന വാക്ക് പറയാന്‍ കഴിവും യോഗ്യതയുമുള്ളവരാണ് തങ്ങളെന്ന മട്ടിലാണ് പലപ്പോഴും അവരുടെ പ്രകടനങ്ങള്‍.
വാസ്തവത്തില്‍ ഇസ്ലാമിനെയും ഇസ്‌ലാമിക പ്രമാണങ്ങളെയും പറ്റിയുള്ള അവരുടെ അറിവ് വളരെ ദുര്‍ബലമാണ്. പണ്ടുകാലത്ത് അറബിയില്‍ എഴുതിവെച്ചതെല്ലാം പ്രമാണമായി സ്വീകരിച്ചിരിക്കുകയാണ് മുസ്‌ലിംകള്‍ എന്നാണ് അവരുടെ ധാരണ. കുറ്റം കണ്ടെത്തുക എന്ന ഏക ഉദ്ദേശ്യത്തോടെ ചരിത്രഗ്രന്ഥങ്ങള്‍ ചിക്കിപ്പരതി, പ്രവാചക ചരിത്രം മുഴുവന്‍ പരിഹാസവും ലജ്ജയുമുളവാക്കുന്ന കാര്യങ്ങളാണെന്ന ധാരണയുണ്ടാക്കുന്നതു മാത്രം എടുത്തുപുറത്തിടുക, ഇതു വെച്ച് ഇസ്‌ലാമിനെ വീക്കുക - ഇതാണവരുടെ ഏര്‍പ്പാട്.
പ്രവാചകചരിത്രമായി ഉദ്ധരിക്കപ്പെടുന്നതെന്തും ചരിത്രവസ്തുതയായി സ്വീകരിക്കപ്പെടാന്‍ ഇസ്ലാമികലോകം ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. നിവേദകരെ സംബന്ധിച്ച് കൂലങ്കഷമായി പഠിക്കുകയും ചര്‍ച്ചക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്, ഇസ്ലാമിക ചരിത്രത്തിലെ ഹദീസ് നിദാനശാസ്ത്രം. നിവേദകരുടെ ജീവചരിത്രം 'അസ്മാഉര്‍രിജാല്‍' എന്ന പേരില്‍ പുതിയൊരു ബൃഹത്തായ വിജ്ഞാനശാഖക്കു തന്നെ രൂപം നല്‍കി. ഭരണകൂടത്തിന്റെയോ സ്വന്തക്കാരുടെയോ യാതൊരു സ്വാധീനത്തിനും വഴങ്ങാതെ, തീര്‍ത്തും നിഷ്പക്ഷമായിരുന്നു അവരുടെ ഈ വിമര്‍ശന പദ്ധതി. ഹദീസ് ലഭിച്ചത് സ്വന്തം പിതാവില്‍നിന്നാണെങ്കിലും, അദ്ദേഹത്തില്‍ വല്ല ദൗര്‍ബല്യവും കണ്ടാല്‍ അത് വെട്ടിത്തുറന്നു പറയാന്‍ അവര്‍ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. ഭരണാധികാരികളെയും അവര്‍ നിശിത വിമര്‍ശനത്തിന് വിധേയരാക്കി. ഹദീസ് പണ്ഡിതന്മാരുടെ അപാരമായ ഇഛാശക്തിക്കും വൈജ്ഞാനിക സത്യസന്ധതക്കും ഉത്തരവാദിത്തബോധത്തിനുമുള്ള മികച്ച ദൃഷ്ടാന്തവും, ഇസ്‌ലാമിക സമൂഹത്തിന് എന്നും അഭിമാനിക്കാവുന്നതുമായ മഹത്തായ സാംസ്‌കാരിക പൈതൃകവും കൂടിയാണ് ഈ വിജ്ഞാനശാഖ. മുസ്‌ലിംകളെപ്പോലെ 'അസ്മാഉര്‍രിജാല്‍' എന്ന പേരില്‍ സവിശേഷമായൊരു നിരൂപണ പദ്ധതിക്ക് രൂപംകൊടുത്ത മറ്റൊരു സമൂഹവും ലോകത്തില്ല. വിസ്മൃതിയിലാണ്ടുപോകുമായിരുന്ന അഞ്ചു ലക്ഷം മനുഷ്യരുടെ ജീവചരിത്രമാണ് അതിലൂടെ സംരക്ഷിക്കപ്പെട്ടത്.
ഒരു ചരിത്രസംഭവം അതില്‍ പങ്കാളികളായവരില്‍നിന്നോ, അതിനു ദൃക്സാക്ഷികളായവരില്‍നിന്നോ നേരിട്ട് ശേഖരിക്കുകയാണ് ചെയ്യുക. നിവേദക പരമ്പരയില്‍ ദൃക്സാക്ഷിയില്ലെങ്കില്‍ ദൃക്സാക്ഷികളുള്ള നിവേദക പരമ്പരകളിലൂടെ വസ്തുതകള്‍ ശേഖരിക്കും. അവിടെയും നിവേദകപരമ്പരയിലെ കണ്ണികള്‍ക്കിടയില്‍ വിടവുകളുണ്ടാവാന്‍ പാടില്ല. നിവേദക പരമ്പരയിലെ ഓരോ കണ്ണിയെ കുറിച്ചും സൂക്ഷ്മമായ അറിവ് സമ്പാദിക്കണം, അതിനുശേഷമേ അവരുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാവൂ എന്നാണ് നിയമം. റിപ്പോര്‍ട്ടര്‍മാരുടെ തൊഴില്‍, ബുദ്ധിശക്തി, സത്യസന്ധത, ഓര്‍മശക്തി തുടങ്ങിയവ സൂക്ഷ്മമായി പഠിച്ച ശേഷമാണ് അവര്‍ക്ക് ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യാനുള്ള യോഗ്യതയുണ്ടോ എന്ന് തീരുമാനിക്കുക. ഒരു റിപ്പോര്‍ട്ട് സ്വീകാര്യമാകാനുള്ള ഇത്തരം മാനദണ്ഡങ്ങള്‍ ഓരോ ചരിത്രസംഭവ വിശകലനത്തിലും സ്വീകരിക്കപ്പെടും. ചരിത്രപഠനത്തിന് ഐതിഹ്യങ്ങളെയും പുരാവൃത്തങ്ങളെയും ആശ്രയിച്ചിരുന്ന രീതിയില്‍നിന്ന് വസ്തുനിഷ്ഠ ചരിത്രരചനയിലേക്ക് വഴിനടത്തുകയായിരുന്നു പ്രവാചക ചരിത്രരചനയിലൂടെ ഇസ്ലാമിക പണ്ഡിതന്മാര്‍ ചെയ്തത്. അതിനുമുമ്പ് ചരിത്രരചനയില്‍ ഇത്തരമൊരു സൂക്ഷ്മതയോ വസ്തുനിഷ്ഠതയോ ഉണ്ടായിരുന്നില്ല. ചരിത്രത്തെ കെട്ടുകഥകളില്‍നിന്ന് മോചിപ്പിക്കാന്‍ ഇസ്ലാമിക ചരിത്രഗവേഷകരുടെ ഈ സൂക്ഷ്മതയും കരുതലും കാരണമായി. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു നിബന്ധനകള്‍ മാത്രം ഇവിടെ സൂചിപ്പിക്കാം:
ഒന്ന്: നിവേദക പരമ്പര കണ്ണി ചേര്‍ന്നതായിരിക്കുക.
രണ്ട്: നിവേദകരുടെ പ്രതിഛായ കളങ്കരഹിതമായിരിക്കുക.
മൂന്ന്: നിവേദകര്‍ ഹദീസ് സൂക്ഷിക്കുന്നതില്‍ അഗ്രഗണ്യരായിരിക്കുക.
നാല്: കൂടുതല്‍ വിശ്വസ്തരും സത്യസന്ധരുമായവരുടെ നിവേദനത്തോട് എതിരാവാതിരിക്കുക.
അഞ്ച്: സൂക്ഷ്മമായ ന്യൂനതകളില്‍നിന്ന് മുക്തമായിരിക്കുക.
മറ്റേതൊരു ചരിത്രത്തെയും പോലെ പ്രവാചക ചരിത്രവും വ്യവസ്ഥാപിതമായി എഴുതപ്പെടുന്നത് രണ്ടാം നൂറ്റാണ്ടിലാണ്. ഇങ്ങനെ രേഖപ്പെടുത്തിയവര്‍ പ്രവാചകന്റെ സമകാലീനരോ ദൃക്സാക്ഷികളോ അല്ല. അപ്പോള്‍ പിന്നെ ഈ ചരിത്രം എവിടന്ന് കിട്ടി? എങ്ങനെ ലഭിച്ചു? ഇതിന്റെ ഉത്തരമാണ് സനദ്.
സനദ് എന്നു പറഞ്ഞാല്‍ എന്താണ്?
പ്രവാചകനെ നേരിട്ട് കാണുകയും കേള്‍ക്കുകയും അദ്ദേഹത്തോട് സഹവസിക്കുകയും ചെയ്ത ശിഷ്യന്മാര്‍ തങ്ങളുടെ മക്കള്‍ക്കും പേരമക്കള്‍ക്കും ശിഷ്യഗണങ്ങള്‍ക്കുമെല്ലാം പ്രവാചക ജീവിതത്തെപ്പറ്റിയും അവിടുത്തെ അധ്യാപനങ്ങളെ പറ്റിയും വിവരിച്ചുകൊടുത്തു. അതു കേട്ടവര്‍ തങ്ങളുടെ മക്കള്‍ക്കും പേരമക്കള്‍ക്കും അതുപോലെ തങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കും വിവരിച്ചുകൊടുത്തു. ഈ നിവേദക പരമ്പരയാണ് സനദ്.
ഒന്ന്: നിവേദക പരമ്പര കണ്ണി ചേര്‍ന്നതായിരിക്കുക
പ്രവാചക ചരിത്രം രേഖപ്പെടുത്തിയ പ്രവാചകന്റെയും ഹദീസ് രേഖപ്പെടുത്തിയ ഇമാമിന്റെയും ഇടയില്‍ എത്ര കണ്ണികളുണ്ടോ ആ കണ്ണികളിലോരോന്നിലും ഏതെല്ലാം നിവേദകരുണ്ടോ അവര്‍ പരസ്പരം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് വിശ്വസനീയമായ ചരിത്രരേഖകള്‍ വഴി സ്ഥിരപ്പെടണം. ഗുരു-ശിഷ്യ ബന്ധം ഉണ്ടായിരിക്കണം എന്നര്‍ഥം. വ്യത്യസ്ത കാലത്ത് ജീവിച്ചവരോ, പരസ്പരം ബന്ധപ്പെടാന്‍ പറ്റാത്ത വണ്ണം തികച്ചും വ്യത്യസ്ത ദേശങ്ങളില്‍ ജീവിച്ചവരോ ആണെങ്കില്‍ ആ നിവേദക പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടവ സ്വീകാര്യമല്ലാതാവും. ഇതെല്ലാം മനസ്സിലാകാന്‍ ധാരാളം മാര്‍ഗങ്ങളുണ്ട്. ഇവയെല്ലാം രേഖപ്പെടുത്തിയ ഒരുപാട് ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. എന്നല്ല, ഈ കാര്യങ്ങള്‍ പറയാന്‍ വേണ്ടി മാത്രം വിരചിതമായ ബൃഹത്തായ നിരവധി ഗ്രന്ഥങ്ങളുണ്ട്. പ്രവാചക ചരിത്രം മാത്രമല്ല, ആ ചരിത്രം രേപ്പെടുത്തിയവരുടെ ചരിത്രവും കൂടി എഴുതപ്പെട്ടിട്ടുണ്ട് എന്നര്‍ഥം.
രണ്ട്: നിവേദകരുടെ പ്രതിഛായ കളങ്കരഹിതമായിരിക്കുക.
ഓരോ നിവേദകനും എത്രമാത്രം സത്യസന്ധനും വിശ്വസ്തനും ജീവിത വിശുദ്ധിയുള്ളവനും ധാര്‍മിക-സദാചാര നിഷ്ഠ കാത്തുസൂക്ഷിക്കുന്നവനുമാണ് എന്ന് കൃത്യമായി സ്ഥിരപ്പെടണം. ഇതിലൊക്കെ നിലവാരം കുറഞ്ഞു പോയാല്‍ അവരുടെ നിവേദനങ്ങള്‍ തള്ളപ്പെടും. ഒരു നിവേദകനെപ്പറ്റി ഇത്തരം കാര്യങ്ങളൊന്നും മനസ്സിലാക്കാന്‍ പറ്റിയ തൊന്നും ലഭ്യമല്ലെങ്കിലും അത്തരക്കാരുടെ നിവേദനങ്ങള്‍ തള്ളപ്പെടും. അജ്ഞരായ അത്തരക്കാരെ വിശേഷിപ്പിക്കാനായി മജ്ഹൂല്‍ എന്ന പ്രത്യേക സംജ്ഞ തന്നെയുണ്ട്.
മൂന്ന്: നിവേദകര്‍ ഹദീസ് സൂക്ഷിക്കുന്നതില്‍ അഗ്രഗണ്യരായിരിക്കുക.
ലഭിക്കുന്ന വിവരങ്ങള്‍ ഏറ്റക്കുറച്ചിലുകളില്ലാതെ സൂക്ഷിക്കുന്നതില്‍ നിഷ്‌കര്‍ഷയുള്ളവരും അവ മനസ്സില്‍ സൂക്ഷിക്കാന്‍ മാത്രം നല്ല ഓര്‍മശക്തിയുള്ളവരും അല്ലെങ്കില്‍ ഭദ്രമായി എഴുതി രേഖപ്പെടുത്തുന്ന സ്വഭാവക്കാരും അതിനുള്ള സൗകര്യവും സംവിധാനവും ഉള്ളവരും ഒക്കെ ആയിരിക്കണം നിവേദകര്‍. ഓര്‍മശക്തി കുറഞ്ഞവരോ, എഴുതി സൂക്ഷിക്കുന്നതില്‍ കണിശത പുലര്‍ത്താത്തവരോ ആണെങ്കില്‍ അവരുടെ നിവേദനങ്ങള്‍ സ്വീകാര്യമല്ല.
എത്രത്തോളമെന്നാല്‍, ചിലരുടെ ജീവിതത്തില്‍ പല ഘട്ടങ്ങള്‍ ഉണ്ടാകാമല്ലോ. ഒരു കാലത്ത് നല്ല ഓര്‍മശക്തിയുള്ള ഒരാള്‍ പില്‍ക്കാലത്ത് നേരെ തിരിച്ചാകാം. എങ്കില്‍ അക്കാര്യം ജീവചരിത്രകാരന്മാര്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടാവാം. അങ്ങനെ വരുമ്പോള്‍ ഓര്‍മശക്തിക്ക് ഭംഗം വന്നു തുടങ്ങിയതു മുതലുള്ള നിവേദനങ്ങള്‍ സ്വീകാര്യമാവുകയില്ല.
നാല്: പ്രബലരായ നിവേദകര്‍ ഉദ്ധരിച്ചതിനോട് എതിരാവാതിരിക്കുക.
വിശ്വസ്തനും സത്യസന്ധനുമെന്ന് പൊതുവെ അറിയപ്പെടുന്ന ഒരാള്‍ ഒരു വാര്‍ത്തയുമായി വരികയും അതേക്കുറിച്ച് അദ്ദേഹത്തേക്കാള്‍ എന്തുകൊണ്ടും വിശ്വസ്തരും സത്യസന്ധരുമായവര്‍ അതിന് നേര്‍ വിപരീതമായ രൂപത്തില്‍ അതേ വര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ഒറ്റപ്പെട്ട റിപ്പോര്‍ട്ടുകള്‍ തളളിക്കളയുക എന്നത് യുക്തിയുടെ തേട്ടമാണല്ലോ. അതാണ് പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ടും സംഭവിച്ചിട്ടുള്ളത്.
അഞ്ച്: സൂക്ഷ്മമായ ന്യൂനതകളില്‍നിന്ന് മുക്തമായിരിക്കുക.
ബാഹ്യരൂപം കുറ്റമറ്റതായിരിക്കെ, സാധുതയെ ദോഷകരമായി ബാധിക്കുന്ന നിഗൂഢ വൈകല്യങ്ങളാണ് ഇപ്പറഞ്ഞതിന്റെ മുഖ്യമായ ഉദ്ദേശ്യം. ഹദീസ് വിജ്ഞാനീയത്തിന്റെ ഏറ്റവും സങ്കീര്‍ണവും അതിസൂക്ഷ്മവുമായ വശമാണിത്. ദീര്‍ഘനാളത്തെ പരിചയത്തിലുടെ പരിണിതപ്രജ്ഞരായിട്ടുള്ള പണ്ഡിതര്‍ക്കേ ഹദീസുകളുടെ ഇത്തരം ന്യൂനതകള്‍ കണ്ടെത്താനാവുകയുള്ളൂ. പ്രാമാണികതക്ക് ആദ്യം പറഞ്ഞ നാലു നിബന്ധനകള്‍ തന്നെ ധാരാളമല്ലേ എന്ന് ഒരാള്‍ക്ക് ചോദിക്കാം. എന്നാല്‍ അതുകൊണ്ട് മതിയാക്കാതെ അഞ്ചാമത്തെ ഒരു നിബന്ധനകൂടി ഇസ്‌ലാമിക പണ്ഡിതന്മാര്‍ വെക്കുകയാണുണ്ടായത്; സ്ഖലിതങ്ങളൊന്നും വരാതിരിക്കുന്നതിനു വേി. ഇത്തരം ന്യൂനതകള്‍ സനദിലും (നിവേദക പരമ്പര) ആകാം, അതുപോലെ മത്‌നിലും (ഉള്ളടക്കം) ആകാം. ഈ വിജ്ഞാന ശാഖയിലെ ഏറ്റവും സങ്കീര്‍ണവും സൂക്ഷ്മവുമായ ഒരു മേഖലയാണ് ഇത്.
ഈ അഞ്ച് നിബന്ധനകളും ഒത്തുവന്ന ഒരു നിവേദനം മാത്രമേ പ്രമാണമായി അംഗീകരിക്കുകയുള്ളൂ. ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ അവിതര്‍ക്കിതമായ വസ്തുതയാണിത്.
ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഹദീസ് നിദാനശാസ്ത്രം. മുഹമ്മദ് നബി(സ)യിലേക്ക് ചേര്‍ത്തു പറയുന്ന ഏതൊരു കാര്യത്തിന്റെയും സ്വീകാര്യതയും അസ്വീകാര്യതയും നിജപ്പെടുത്തുന്നത് ഈ ശാസ്ത്രത്തിലൂടെയാണ്. ഇസ്‌ലാമിക ശരീഅത്തിലെ രണ്ടാം പ്രമാണമായ പ്രവാചകചര്യയുടെ ശ്രേഷ്ഠതയും പ്രാധാന്യവുമാണ് ഈ ശാസ്ത്രത്തിനു പ്രചുരപ്രചാരം നല്‍കുന്നത്. എത്ര പുരാതനമായ ഗ്രന്ഥങ്ങളില്‍ ഉള്ളതാണെങ്കിലും, ഏതു മഹാനായ ഇമാം രചിച്ചതാണെങ്കിലും പ്രവാചക ചരിത്രം ഒരു പ്രമാണമെന്ന നിലയില്‍ പരിഗണിക്കപ്പെടണമെങ്കില്‍ ഉപരിസൂചിത നിബന്ധനകള്‍ ഒത്തുവരികതന്നെ വേണം.
Comments