Prabodhanm Weekly

Pages

Search

2019 നവംബര്‍ 15

3126

1441 റബീഉല്‍ അവ്വല്‍ 17

ആ സംഘടനകള്‍ സംഘ്പരിവാര്‍ ആലയത്തിലാണ്

ഒ.ടി മുഹ്‌യിദ്ദീന്‍, വെളിയങ്കോട്‌

ഇമാം അബൂഹനീഫ ജയിലില്‍ കിടന്നാണ് അന്ത്യശ്വാസം വലിച്ചത്. അദ്ദേഹം ചെയ്ത കുറ്റം, ന്യായാധിപസ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. ഇദ്ദേഹത്തെപ്പോലെ ചരിത്രത്തില്‍ ധാരാളം പണ്ഡിതന്മാരും ഇമാമുകളും ഭരണാധികാരികള്‍ വെച്ചുനീട്ടിയ ഉന്നത പദവികള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കഠിനമര്‍ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായിട്ടുണ്ട്. ഈജിപ്തിലെ ജമാല്‍ അബ്ദുന്നാസിര്‍ വെച്ചു നീട്ടിയ വിദ്യാഭ്യാസ മന്ത്രിസ്ഥാനം നിരസിച്ചതാണ് സയ്യിദ് ഖുത്വ്ബിന്റെ കഴുത്തില്‍ കുരുക്ക് മുറുകാന്‍ ഒരു കാരണം. ഇമാം ഗസ്സാലിയുടെ ഭാഷയില്‍ ഇവരാണ് ഉലമാഉല്‍ ആഖിറ.
മറ്റൊരു വിഭാഗം പണ്ഡിതരെയും ഇമാം ഗസ്സാലി പരിചയപ്പെടുത്തുന്നുണ്ട് -ഉലമാഉദ്ദുന്‍യാ. അധികാരത്തിന്റെ അരിക് പറ്റിനില്‍ക്കുന്നവര്‍ ഇവരില്‍ ഒരു വിഭാഗമാണ്. ഇന്ത്യയില്‍ ഇത്തരക്കാരെ കത്തൊന്‍ ഒട്ടും പ്രയാസമില്ല. കോണ്‍ഗ്രസ് അധികാരത്തിലുള്ളപ്പോള്‍ അവര്‍ കോണ്‍ഗ്രസിന് അനുകൂലമായി ഫത്‌വകള്‍ നല്‍കിക്കൊിരുന്നു. സംഘ് പരിവാര്‍ അധികാരത്തിലെത്തിയപ്പോള്‍ അവര്‍ക്കനുകൂലമായി അഭിപ്രായ പ്രകടനങ്ങള്‍. കാര്യമാത്ര പ്രസക്തമായ യാതൊരു ഇടപെടലുകളും നടത്താത്ത ഇവര്‍ക്കൊന്നും ഇന്ത്യന്‍ മുസ്‌ലിംകളുടെ നേതൃസ്ഥാനം അവകാശപ്പെടാനില്ല. കോണ്‍ഗ്രസ് പടിക്ക് പുറത്താവുകയും സംഘ്പരിവാര്‍ ഭരണത്തിലേറുകയും ചെയ്തപ്പോള്‍ പല സംഘടനകളും ഭരണാധികാരികള്‍ക്ക് മുമ്പില്‍ വാലാട്ടി നില്‍ക്കുന്ന കാഴ്ച കൗതുകകരമാണ്. 'രാജ്യത്തൊട്ടുക്കും മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന ദേശീയ പൗരത്വ പട്ടിക ഏതെങ്കിലും മതവിഭാഗത്തിനെതിരല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചതായി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, അഹ്‌ലെ ഹദീസ് സംയുക്ത പ്രതിനിധി സംഘം. ദല്‍ഹി കൃഷ്ണ മേനോന്‍ മാര്‍ഗിലെ അമിത് ഷായുടെ ഔദ്യോഗിക വസതിയില്‍ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇരു സംഘടനകളുടെ നേതാക്കള്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്' (മാധ്യമം 23.9.19).
ബറേല്‍വി, ശീഈ, ഖാദിയാനി വിഭാഗങ്ങളെപ്പോലെ ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദും അഹ്‌ലെ ഹദീസും സംഘ്പരിവാര്‍ ആലയത്തില്‍ ബന്ധിതരാവുകയാണോ? 

 


പള്ളികള്‍ നാട്ടുകാരുടേതാകട്ടെ

ഡോ. എ.എന്‍.പി ഉമ്മര്‍ കുട്ടിയുമായി സദ്‌റുദ്ദീന്‍ വാഴക്കാട് നടത്തിയ അഭിമുഖത്തിലെ (ഒക്‌ടോബര്‍ 19) താഴെ പറയുന്ന വരികള്‍ ശ്രദ്ധിക്കുക: 
''നമസ്‌കരിച്ചിറങ്ങുന്നവരുടെ അനുഗ്രഹം വാങ്ങാന്‍ ഇതര മതക്കാരായ സ്ത്രീകളും പുരുഷന്മാരും ധാരാളമായി പള്ളിയുടെ മുമ്പില്‍ നിരന്നുനില്‍ക്കുന്നത് ആദ്യമായി കണ്ടത് അവിടെയാണ്. ആര്‍ക്കും അതില്‍ തടസ്സമൊന്നുമുണ്ടായിരുന്നില്ല. ആരാധനാലയത്തില്‍പോയി നമസ്‌കരിക്കുന്നവര്‍ നല്ല മനുഷ്യരാണ്. നല്ല മനസ്സിന്റെ ഉടമകളാണ്. ഈശ്വരാനുഗ്രഹമുള്ളവരാണ്. ഇതായിരുന്നു ഈ ചടങ്ങിന്റെ പ്രേരകം. ഇതെല്ലാം ദ്രാവിഡ സംസ്‌കാരത്തിന്റെ നന്മയില്‍പെട്ടതാകുന്നു.''
ഡോ. എ.എന്‍.പി ഉമ്മര്‍ കുട്ടി മദ്രാസ് പ്രസിഡന്‍സ് കോളേജില്‍ പഠിക്കുന്ന കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ചതാണിത്. ഇതോടൊപ്പം ഇതേ ലക്കത്തില്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി എഴുതിയ 'പൊതുജനാഭിപ്രായം എങ്ങനെയാണ് രൂപപ്പെടുന്നത്?' എന്ന ലേഖനം കൂടി വായിക്കുമ്പോഴാണ് ഒരു ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിനെ എവ്വിധമാണ് മുസ്‌ലിംകള്‍ പ്രതിനിധീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് മുസ്‌ലിംകള്‍ക്ക് നല്ല ബോധമുണ്ടാവേണ്ടതിന്റെ ആവശ്യകത മനസ്സിലാകുന്നത്. ഇസ്‌ലാമും മുസ്‌ലിംകളും ഈ നാട്ടിനും നാട്ടാര്‍ക്കും ആവശ്യമാണെന്ന ബോധം നമ്മുടെ പ്രവര്‍ത്തനത്തിലൂടെ സഹോദര സമുദായാംഗങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണം. പള്ളികളില്‍ നിന്നിറങ്ങിവരുന്നവര്‍ നല്ലവരാണെന്ന പൊതുജനാഭിപ്രായം രൂപപ്പെടുത്താന്‍ നമുക്ക് സാധിക്കണം. അതിനാല്‍ പള്ളികള്‍ കൂടുതല്‍ ജനകീയവും ആര്‍ക്കും സമീപിക്കാന്‍ കഴിയുന്നതുമായ ഇടങ്ങളാകട്ടെ. 

അബ്ദുസ്സമദ് കൂട്ടിലങ്ങാടി

 

 

ജുമുഅ ഖുത്വ്ബയെ കുറിച്ച് തന്നെ

ജുമുഅ ഖുത്വ്ബയുടെ നിലവാരത്തകര്‍ച്ചക്ക് ആരാണ് ഉത്തരവാദി എന്ന വിഷയത്തില്‍ ഉസ്മാന്‍ പാലടുക്ക പങ്കുവെച്ച അഭിപ്രായങ്ങളോട് (വാള്യം: 76, ലക്കം: 18) പൂര്‍ണമായി യോജിക്കുന്നു. ഒപ്പം മറ്റു ചില അഭിപ്രായങ്ങള്‍കൂടി രേഖപ്പെടുത്തട്ടെ.
ഖത്വീബ് എത്ര വലിയ പണ്ഡിതനാകട്ടെ, പാണ്ഡിത്യം കുറഞ്ഞവനാവട്ടെ മലയാള ഖുത്വ്ബകള്‍ക്ക് നല്ല മുന്നൊരുക്കം ആവശ്യമാണ്. നല്ല ഒരു പണ്ഡിതനെ സംബന്ധിച്ചേടത്തോളം ഒരു വ്യാഴാഴ്ചയിലെയോ, കവിഞ്ഞാല്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലെയോ മുന്നൊരുക്കം ധാരാളമായിരിക്കും. എന്നാല്‍, പണ്ഡിതരല്ലാത്ത ഖത്വീബുമാര്‍ക്ക് ഒരുപക്ഷേ, ശനിയാഴ്ച തുടങ്ങി അടുത്ത വ്യാഴാഴ്ച വരെ കിട്ടുന്ന ഒഴിവുസമയങ്ങളിലൊക്കെയും നന്നായി ഗൃഹപാഠം ചെയ്യേണ്ടിവരും. ഇടവേളകളില്ലാത്ത 48 വര്‍ഷത്തെ ഖത്വീബ് ജീവിതത്തിനു ശേഷം മിമ്പറൊഴിഞ്ഞ അനുഭവത്തില്‍നിന്നാണിത് പറയുന്നത്.
ഖുത്വ്ബയുടെ ഉള്ളടക്കത്തെക്കുറിച്ച് കുറിപ്പുകാരന്‍ പരാമര്‍ശിച്ച മുഴുവന്‍ കാര്യങ്ങളോടും യോജിച്ചുകൊണ്ടുതന്നെ സൂചിപ്പിക്കുന്നു, പ്രാസ്ഥാനിക വൃത്തത്തിലുള്ള ഖത്വീബുമാരെങ്കിലും ഖുത്വ്ബ ഒരിത്തിരി പ്രാസ്ഥാനിക കാഴ്ചപ്പാടിലൂടെയാക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനര്‍ഥം, അടിക്കടി ഖുത്വ്ബയില്‍ പ്രസ്ഥാനം, പ്രസ്ഥാനം എന്ന് പറയണമെന്നല്ല. പരാമര്‍ശിക്കപ്പെടുന്ന സമകാലിക സംഭവ വികാസങ്ങളും നാടിന്റെ അവസ്ഥകളും വിശദീകരിക്കുമ്പോള്‍ അതിലൂടെ പ്രാസ്ഥാനിക നിലപാടും ശ്രോതാക്കള്‍ക്ക് ബോധ്യപ്പെടണമെന്ന് മാത്രം.
പണ്ഡിതനായ ഖത്വീബ് ഒരിക്കല്‍ ചര്‍ച്ചയില്‍ പറഞ്ഞത്, 'ഞാന്‍ മിമ്പറില്‍ കയറിയ ശേഷമാണ് ഇന്ന് ഏത് ആയത്ത് ഓതണമെന്നും ഏത് വിഷയം സംസാരിക്കണമെന്നും ആലോചിക്കാറുള്ളത്' എന്നാണ്. എത്ര പ്രഗത്ഭ പണ്ഡിതനാണെങ്കിലും ഈ അവസ്ഥ ഉണ്ടാവരുത്.
ആയിരമോ അതില്‍ കൂടുതലോ പേര്‍ പതിവായി ജുമുഅക്ക് എത്തുന്ന പള്ളി. പ്രഗത്ഭ പണ്ഡിതനായ ഒരു ഖത്വീബ്, സദസ്സാവട്ടെ ഹൈസ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍, ഉന്നതോദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, സമൂഹത്തിന്റെ വിവിധ തുറകളില്‍ ജീവിക്കുന്ന അഭ്യസ്ഥവിദ്യര്‍! എന്നാല്‍ ഖത്വീബിന്റെ വിഷയമോ, മിക്കപ്പോഴും മരണവും മരണാനന്തര ജീവിതവും. ഇത് ഉണര്‍ത്തേണ്ടതില്ല എന്നല്ല. ഇവിടെയാണ് സദസ്സിനെ കൂടി പരിഗണിക്കണമെന്ന കുറിപ്പുകാരന്റെ അഭിപ്രായം പ്രസക്തമാകുന്നത്.
എല്ലാ ഖത്വീബുമാരുടെയും നിലവാരം ഒരേ തരത്തിലാവണമെന്നില്ല. അതിനാല്‍ ഒരാളും ഖത്വീബിന്റെ മുമ്പില്‍ വെച്ച് ഖുത്വ്ബയെ അധിക്ഷേപിക്കരുത്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. നിശ്ചിത ഖത്വീബ് അപ്രതീക്ഷിതമായി ലീവായപ്പോള്‍ പെട്ടെന്ന് ഒരു പുതിയ ആളെ സംഘടിപ്പിച്ചു. അദ്ദേഹം ഖുത്വ്ബ കഴിഞ്ഞിറങ്ങുമ്പോള്‍ ഇക്കാര്യമറിഞ്ഞിട്ടില്ലാത്ത ഒരു കമ്മിറ്റി അംഗം തന്നെ ചോദിച്ചുവത്രെ; 'ഇതെന്താ, സ്‌കൂള്‍ സാഹിത്യസമാജമാണോ, പ്രസംഗം പഠിപ്പിക്കലാണോ ഇവിടെ ജോലി' എന്ന്! പിന്നീട് നീണ്ട വര്‍ഷങ്ങള്‍ അയാള്‍ ഖുത്വ്ബയേ നടത്തിയില്ല. പിന്നീടയാളെ ഒന്ന് മിമ്പറില്‍ കയറ്റാന്‍ ഈയുള്ളവനടക്കം പലര്‍ക്കും വല്ലാതെ പ്രയാസപ്പെടേണ്ടിവന്നു.  

സി.എച്ച് അബ്ദുല്‍ഖാദിര്‍, കൂട്ടിലങ്ങാടി

 

 

ഒടുങ്ങാട്ടെ കുട്ടി

'ധന്യാക്ഷരജീവിതം രേഖീയമാവുമ്പോള്‍' എന്ന പി.ടി കുഞ്ഞാലിയുടെ പുസ്തക പരിചയം വായിച്ചപ്പോള്‍ ശരീഅത്ത് വിവാദകാലമാണ് ഓര്‍മയിലെത്തിയത്. സംവാദം കത്തിപ്പടര്‍ന്ന് നില്‍ക്കുന്ന സമയത്താണ് കക്കോടിയില്‍ ഒ. അബ്ദുര്‍റഹ്മാന്‍ പ്രസംഗിക്കുന്നു എന്ന് കേട്ടത്. പിന്നെ ഒന്നുമാലോചിച്ചില്ല, കക്കോടിക്ക് പുറപ്പെട്ടു. മഗ്‌രിബിന് ശേഷം തുടങ്ങിയ പ്രസംഗം 9.30-നാണ് അവസാനിച്ചത്. ഒരു പരിചയവും ഇല്ലാത്ത സ്ഥലത്ത് രാത്രി അകപ്പെട്ടപ്പോഴാണ് തിരിച്ചുപോരുന്ന കാര്യം ആലോചിച്ചത്. കുറ്റിയാടി ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച കാക്കൂര്‍ക്കാരനായ മര്‍ഹും ഹമീദ് മാസ്റ്ററെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ച് രാവിലെ തിരിച്ചുപോരുകയുമാണുണ്ടായത്. അപ്പോഴേക്കും ശരീഅത്ത് സംബന്ധമായ എല്ലാ ചോദ്യങ്ങള്‍ക്കും വിശദീകരണം നല്‍കാന്‍ ഞാന്‍ പ്രാപ്തനായിക്കഴിഞ്ഞിരുന്നു. അതാണ് നമ്മുടെ ഒടുങ്ങാട്ടെ കുട്ടി. 

വി.ടി സൂപ്പി മാസ്റ്റര്‍, നിടുവാല്‍

 

 

കശ്മീരിന്റെ ശബ്ദം ഇല്ലാതാക്കരുത്

കശ്മീരിനെക്കുറിച്ച ഫെറോസ് റാത്തറുടെ ഠവല The Night of Broken Glass എന്ന പുസ്തകത്തെ പരിചയപ്പെടുത്തി മെഹ്ദ് മഖ്ബൂല്‍ എഴുതിയ കുറിപ്പ് വായിച്ചപ്പോള്‍, രാജ്യം എത്തിനില്‍ക്കുന്ന, വിശിഷ്യാ കശ്മീര്‍ എത്തിനില്‍ക്കുന്ന ഭീകരവും അപകടകരവുമായ അവസ്ഥ മനസ്സിനെ ഉലച്ചു. 'ചില്ലുകള്‍ തകര്‍ത്ത രാത്രി'യില്‍നിന്ന് തകര്‍ത്തിട്ട ജീവിതത്തിലേക്കും ഇന്ത്യയിലേക്കുമാണ് പുസ്തകം സഞ്ചരിക്കുന്നത്. പുസ്തകം വായിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഈ ചെറിയ കുറിപ്പിലൂടെ പുസ്തകത്തിന്റെയും കശ്മീരിന്റെയും ഇന്ത്യയുടെയും ഉള്ളിലേക്കും അതിന്റെ ഭീകരതയിലേക്കും എത്തിനോക്കാന്‍ കഴിയുന്നു. 

രവി ചിത്രലിപി

 

 

ആ ജീവിതം വിസ്മയിപ്പിച്ചു

അതിശയോക്തിയല്ല, എ.എന്‍.പി ഉമ്മര്‍ കുട്ടി സാഹിബുമായുള്ള അഭിമുഖം അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചുകളഞ്ഞു. രണ്ടു വയസ്സിന് ഇളയവനായ നാട്ടുകാരനായ എനിക്ക് പോലും അദ്ദേഹത്തെ തൊട്ടറിയാന്‍ മറ്റൊരു ദേശത്തുനിന്ന് വന്നയാള്‍ നടത്തിയ അഭിമുഖം വേണ്ടിവന്നു! സാമൂതിരി ഭരണം മുതല്‍ ദ്രാവിഡ സംസ്‌കാരം വരെ എന്ന തലക്കെട്ട് അര്‍ഥവത്തായി. 

മമ്മൂട്ടി കവിയൂര്‍

Comments

Other Post

ഹദീസ്‌

ബിദ്അത്തുകാര്‍ക്കെതിരെ ജിഹാദ്
നൗഷാദ് ചേനപ്പാടി

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (41-44)
ടി.കെ ഉബൈദ്‌