എന്‍. മുഹമ്മദ് മദീനി: കതിര്‍കനമുള്ള പണ്ഡിതന്‍
കാസര്‍കോട് ആലിയ അറബിക് കോളേജ് അധ്യാപകനും ദീര്‍ഘകാലം ജമാഅത്തെ ഇസ്‌ലാമി പരവനടുക്കം ഹല്‍ഖാ നാസിമുമായിരുന്നു എന്‍. മുഹമ്മദ് മദീനി. വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും സ്‌നേഹവാത്സല്യത്തിന്റെ നിറകുടമായിരുന്ന എന്‍.എം ഉസ്താദ് അകക്കാമ്പുള്ള പണ്ഡിതനായിരുന്നു. മണ്ണിനെപ്പോലും നോവിക്കാതെ നടന്നുപോകുന്ന വിനയാന്വിതന്‍. ആലിയ അറബിക് കോളേജിലെ പഠനത്തിനുശേഷം മൂന്നു വര്‍ഷം ഉമറാബാദ് ദാറുസ്സലാമിലും തുടര്‍ന്ന് മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലും ഉന്നതപഠനം നടത്തിയ അദ്ദേഹം അറബിസാഹിത്യത്തില്‍ നിപുണനായിരുന്നു.
നീണ്ടവര്‍ഷത്തെ വൈജ്ഞാനിക തപസ്യയിലൂടെ ആര്‍ജിച്ചെടുത്ത ജ്ഞാനത്തിന്റെ ആഴമുണ്ടായിരുന്നിട്ടും വിനയത്താല്‍ തലതാഴ്ത്തി നില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മഹത്വം. അറിവിന്റെ കതിര്‍കനമുള്ള ബഹുമാന്യ ഗുരുനാഥനെ വിശേഷിപ്പിക്കാന്‍ 'വിനയാന്വിതന്‍' എന്ന വാക്ക് അപര്യാപ്തമാണ്. സമശീര്‍ഷരെ വെല്ലാന്‍ കെല്‍പുള്ള പാണ്ഡിത്യം കൈമുതലായുണ്ടായിട്ടും പേരും പ്രശസ്തിയും പ്രകടനാത്മകതയും ആഗ്രഹിക്കാതെ, ആലിയയുടെ പ്രഥമ സാരഥികളായിരുന്ന ഇസ്സുദ്ദീന്‍ മൗലവിയുടെയും ത്വാഈ ഉസ്താദിന്റെയും ത്യാഗജീവിതപാതയില്‍ ഈ ശിഷ്യനും നിലയുറപ്പിച്ചു.
മദീനാ യൂനിവേഴ്‌സിറ്റിയിലെ പഠനശേഷം ഉന്നത പദവികളും സ്ഥാനമാനങ്ങളും പണക്കൊഴുപ്പു നിറഞ്ഞ സുഖജീവിതവും പിന്നാലെ വന്നപ്പോഴും സ്വൂഫിയെപോലെ മുഖം തിരിഞ്ഞു നിന്നു. വിദേശത്തേക്ക് ഒരു വിസയെടുത്ത് പറന്നാല്‍ ഉയരങ്ങള്‍ കീഴടക്കാനുള്ള യോഗ്യതകളും അവസരങ്ങളും അദ്ദേഹത്തിനു മുന്നില്‍ മലര്‍ക്കെ തുറക്കപ്പെട്ടിരുന്നു. മക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റാബിത്വയുടെ പ്രതിനിധിയായി നിശ്ചയിക്കപ്പെട്ടപ്പോഴും ആലിയ അറബിക് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനം പകര്‍ന്നുകൊടുക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
ഖുര്‍ആന്‍, ഉലൂമുല്‍ ഖുര്‍ആന്‍, ഉസ്വൂലുല്‍ ഹദീസ്, ഉസ്വൂലുല്‍ ഫിഖ്ഹ്, അറബി സാഹിത്യം തുടങ്ങി ഏതു വിഷയവും പൗരാണികവും ആധുനികവുമായ ഗ്രന്ഥങ്ങള്‍ അവലംബിച്ച് കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള അപൂര്‍വം പണ്ഡിതന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ഏതൊരാള്‍ക്കും ചെറിയ വിദ്യാര്‍ഥികള്‍ക്കുപോലും ഏതു സമയത്തും സമീപിക്കാമായിരുന്ന ആ ജ്ഞാനസാഗരം പക്ഷേ, തിരയടങ്ങിയതായിരുന്നു. ആധുനികവും പൗരാണികവുമായ അറബി ഗ്രന്ഥങ്ങളിലുള്ള നീണ്ട ഖണ്ഡികകള്‍ വായിച്ച് ആശയശോഷണം സംഭവിക്കാതെയുള്ള, സാഹിത്യഭംഗി നിറഞ്ഞ പരിഭാഷ ഒരു നിര്‍ഝരിപോലെ ഒഴുകുമായിരുന്നു. ഗഹനമായ വിഷയങ്ങള്‍ സരളവും സരസവുമായി അവതരിപ്പിക്കാനുള്ള കഴിവ് അപാരമായിരുന്നു. പ്രയാസകരമെന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന മൗലിക വിഷയങ്ങള്‍ പോലും വിജ്ഞാനത്തിന്റെ സൂര്യതേജസ്സിനാല്‍ മഞ്ഞുപോലെ ഉരുക്കി ഒഴുക്കുമായിരുന്നു.
പ്രയാസമനുഭവിച്ചിരുന്ന വിദ്യാര്‍ഥികളെ വിളിച്ച് ഇടതു കൈ അറിയാതെ വലതു കൈകൊണ്ട് ഉദാരമായി സഹായിച്ചിരുന്നു എന്‍.എം ഉസ്താദ്. ആലിയയില്‍ പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് തന്റെ വിപുലമായ ഗ്രന്ഥശേഖരത്തില്‍നിന്ന് കനപ്പെട്ട പുസ്തകങ്ങള്‍ സ്‌നേഹസമ്മാനമായി നല്‍കിയിരുന്നു.
കിഡ്‌നി രോഗബാധിതനായി ചികിത്സ തുടര്‍ന്നുകൊണ്ടിരുന്നപ്പോഴും രോഗത്തിന്റെ അവശതകള്‍ ഉള്ളിലൊതുക്കി ഇളയ പുത്രിയുടെ കൈപ്പിടിച്ച് ക്ലാസ്സെടുക്കാന്‍ എത്തി. ശാരീരികമായ പ്രയാസം മനസ്സിലാക്കി സ്ഥാപനം വിശ്രമം ആവശ്യപ്പെട്ടപ്പോഴും ആ വിഷയങ്ങളെടുക്കാന്‍ ഉടനെ ആളെ കിട്ടില്ലല്ലോ എന്ന് മനസ്സിലാക്കി കോളേജില്‍ എത്തുന്ന സമര്‍പ്പണമനസ്സ്.
പരവനടുക്കം കാര്‍കുന്‍ ഹല്‍ഖയുടെ ദീര്‍ഘനാളത്തെ നാസിമായും കാസര്‍കോട് ഏരിയ ദഅ്‌വാ കണ്‍വീനറായും പ്രസ്ഥാന മേഖലയില്‍ നിറഞ്ഞുനിന്നു. പ്രകടനാത്മകത ഇല്ലാത്ത പ്രബോധകനായിരുന്നു അദ്ദേഹം. മക്കളുടെ കൂടെ പഠിച്ചിരുന്ന അമുസ്‌ലിം സഹപാഠികളെ വീട്ടിലേക്ക് ക്ഷണിച്ച് സല്‍ക്കരിക്കാനും അവരുടെ വീടുകള്‍ സന്ദര്‍ശിച്ച് സ്‌നേഹസമ്മാനം നല്‍കാനും സമയം കണ്ടെത്തിയിരുന്നു. പ്രസ്തുത സല്‍ക്കാരങ്ങളില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്താനും പുസ്തകങ്ങള്‍ വായനക്കു നല്‍കാനും ശ്രമിച്ചിരുന്നു എന്ന് മക്കള്‍ അനുസ്മരിക്കുന്നു. കാസര്‍കോട് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രമായി നടന്നുകാണ്ടിരുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ ക്ലാസ്സും ജീവിതനിയോഗം പോലെ നിര്‍വഹിച്ചിരുന്നു.
സാമ്പത്തികമായ വരവുചെലവ് കണക്കുകള്‍ ചെറുതാണെങ്കിലും കൃത്യമായി എഴുതിവെക്കും. മക്കള്‍ ജോലിക്കാരായി ശമ്പളം കിട്ടിത്തുടങ്ങിയപ്പോള്‍ ദുര്‍വ്യയം പാടില്ലെന്ന് ഉപദേശിച്ചു. ഒപ്പം പഠനകാലത്ത് വാപ്പയോടൊപ്പമുള്ള കഷ്ടപ്പാട് നിറഞ്ഞ ജീവിതം മക്കളെ ഓര്‍മിപ്പിക്കും. മക്കളുടെ ശമ്പളവും വരുമാനവും ബാങ്കിലേക്ക് വന്നുതുടങ്ങിയപ്പോള്‍ തന്നെ ഹറാമായ പലിശ സമ്പാദ്യത്തില്‍ കൂടിക്കലരരുതേ എന്ന് പ്രത്യേകം ഉദ്‌ബോധിപ്പിച്ചു.
ഭാര്യ: ആഇശ. മക്കള്‍: നബീല്‍, വസീം, നഈമ, സുഹൈല്‍, നസീല, നിസ്‌റീന്‍.
അലി അഹ്മദ് മൗലവി
കോക്കൂര്‍ വളയംകുളം പ്രദേശത്തെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് മാര്‍ഗദര്‍ശിയായ വ്യക്തിത്വമായിരുന്നു കുഞ്ഞുട്ടി മൗലവി എന്ന അത്താണിപറമ്പില്‍ അലി അഹ്മദ് മൗലവി.പ്രദേശത്തെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ സ്വതഃസിദ്ധമായ ശൈലികൊണ്ടും എളിമ കൊണ്ടും ബഹളങ്ങളില്ലാതെ സംഭാവന അര്‍പ്പിച്ചിരുന്നു അദ്ദേഹം.
കോക്കൂര്‍ സിറാജുല്‍ ഉലൂം മദ്‌റസയില്‍നിന്ന് തുടങ്ങിയ അധ്യാപനവൃത്തി 20 വര്‍ഷം മുതുവട്ടൂര്‍ പള്ളിയിലും ചാവക്കാട് ഒരുമനയൂര്‍ ബിദായത്തുല്‍ ഹിദായ മദ്‌റസയുടെ സ്വദ്‌റ് മുഅല്ലിമായും ആലൂര്‍ പട്ടിത്തറ പള്ളി ഇമാമായും തുടര്‍ന്നു. പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളില്‍ തഹ്ഫിളുല്‍ ഖുര്‍ആന്‍ തുടക്കം മുതല്‍ 18 വര്‍ഷം അധ്യാപകനായിരുന്നു. വീടിന് സമീപമുള്ള വളയംകുളം എം.വി.എം സ്‌കൂളിലെ ഹോസ്റ്റല്‍ വാര്‍ഡനും അധ്യാപകനുമായിരുന്നു.
പള്ളിദര്‍സുകളില്‍നിന്ന് ലഭിച്ച പാരമ്പര്യ അറിവിനു പുറമെ പെരുമ്പിലാവ് അന്‍സാരി ചാരിറ്റബ്ള്‍ ട്രസ്റ്റ് അംഗമായിരുന്ന ഉസ്മാന്‍ സാഹിബിന്റെ പ്രേരണയാല്‍ ശാന്തപുരത്ത് നിന്ന് നേടിയ വിജ്ഞാനവും ജീവിതത്തിന് വെളിച്ചമായി. കടുത്ത എതിര്‍പ്പുകളും കുടുംബങ്ങളില്‍നിന്ന് പോലും വേദനിപ്പിക്കുന്ന അനുഭവങ്ങളുമുണ്ടായപ്പോഴും അങ്ങേയറ്റം ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും പാത സ്വീകരിച്ചു,
ജീവിത പ്രാരാബ്ധങ്ങള്‍ ആരെയും അറിയിക്കാതെ, അഭിമാനം കൈവിടാതെ 9 മക്കളുള്ള ഒരു വലിയ കുടുംബത്തെ നയിക്കാന്‍ കഷ്ടപ്പെടുമ്പോഴും പരാതിയും പരിവട്ടവുമില്ലാതെ മൂല്യബോധമുള്ള മക്കളെ വളര്‍ത്തിയെടുക്കുന്നതിന് അശ്രാന്തം പരിശ്രമിച്ചു. വറുതിയുടെ കാലത്ത് താന്‍ ജോലിചെയ്യുന്ന സ്ഥലങ്ങളില്‍നിന്ന് കിട്ടുന്ന ഭക്ഷണ പദാര്‍ഥങ്ങളില്‍ ഒരു വിഹിതം ഉമ്മാക്ക് എത്തിച്ചുകൊടുത്ത്, പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ ഏകമകനെ പ്രയാസപ്പെട്ട് പഠിപ്പിക്കാന്‍ ശ്രമിച്ചിരുന്ന പ്രിയപ്പെട്ട മാതാവിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു.
ലളിതവും ചിട്ടയാര്‍ന്നതുമായ ജീവിതം നയിച്ച മൗലവി പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കും സമൂഹത്തിനും മാതൃകാ വ്യക്തിത്വമായിരുന്നു. രോഗസന്ദര്‍ശനവും കുടുംബ ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കല്‍, അറ്റുപോയ ബന്ധങ്ങള്‍ വീണ്ടെടുക്കാന്‍ സമയം കണ്ടെത്തലുമൊക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഒരു കൈയില്‍ പുസ്തകവും മറുകൈയില്‍ കുടയും തോളില്‍ തൂവാലയും ഹൃദയത്തില്‍ ഖുര്‍ആനും മുഖത്ത് നറുപുഞ്ചിരിയുമായി നടന്നുനീങ്ങുന്ന സാധാരണ വ്യക്തിത്വം. രോഗബാധിതനായി ശയ്യയിലാകുന്നതുവരെ തന്റെ പ്രവര്‍ത്തന പരിധിയിലുള്ള വീടുകളിലെല്ലാം ജാതിമതഭേദമന്യേ രോഗവിവരങ്ങളന്വേഷിച്ചും, മരണത്തില്‍ ആശ്വാസവാക്കുകള്‍ പറഞ്ഞും, സന്തോഷങ്ങളില്‍ പങ്കാളിയായും മൗലവി എത്തിയിരുന്നു. അധ്യാപനജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ തൂമ്പയെടുത്ത് തൊടിയിലിറങ്ങി കൃഷിക്കാരനായി മാറും
ഭാര്യ: നഫീസ. മക്കള്‍: ഖമറുദ്ദീന്‍, ശറഫുദ്ദീന്‍, നൂറുദ്ദീന്‍, സിറാജുദ്ദീന്‍, ഹാറൂന്‍, യാസര്‍, റാശിദ്, റൈഹാനത്ത്, ബുശ്‌റ, മരുമക്കള്‍: റശീദ, മുനീറ, ഷംനി, ഫുര്‍ഖാന, അസ്‌ന, ജംഷീന, ഹസന്‍, അസ്‌ലം. എല്ലാവരും ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധമുള്ളവര്‍.
സലാം കണിയത്ത്, കോക്കൂര്‍
മുഹമ്മദ് യൂസുഫ്
കൊല്ലം ജില്ലയിലെ കരുകോണില്‍ പി.വി ഹൗസില്‍ മുഹമ്മദ് യൂസുഫ് സാഹിബ് (91), അമ്പത് വര്‍ഷമായി ഇസ്‌ലാമിക പ്രസ്ഥാനത്തെ നെഞ്ചിലേറ്റി ജീവിച്ച വ്യക്തിത്വമായിരുന്നു. സ്വഭാവമഹിമയും എളിമയാര്‍ന്ന ജീവിതവും കൊണ്ട് ഒരു പുരുഷായുസ്സ് ധന്യമാക്കി അദ്ദേഹം.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലാണ് ജന്മസ്ഥലം. 'ആറ്റിങ്ങല്‍' എന്ന പേരിലാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. പിതാവ് പള്ളി ഇമാമായിരുന്നു. ആദ്യകാലത്ത് ബീഡിത്തൊഴിലാളിയായിരുന്നു അദ്ദേഹം. പിന്നെ കാര്‍ഷികവൃത്തി, വ്യാപാരം എന്നിവയില്‍ ഏര്‍പ്പെട്ടു. തിരുവനന്തപുരം അഴീക്കോട് ഇസ്‌ലാമിക് എജുക്കേഷ്‌നല്‍ കോംപ്ലക്‌സിനു സ്ഥലം വാങ്ങിയപ്പോള്‍ അവിടെ റബര്‍ പ്ലാന്റ് ചെയ്യുന്നതിനും മറ്റും ചുമതലപ്പെടുത്തിയത് അദ്ദേഹത്തെ ആയിരുന്നു.
അവശ്യഘട്ടങ്ങളില്‍ ജുമുഅ ഖുത്വ്ബയും പ്രസ്ഥാന യോഗങ്ങളില്‍ ഖുര്‍ആന്‍ ക്ലാസുകളും നടത്തുമായിരുന്നു. അതിഥികളെ ആദരിക്കുകയും സല്‍ക്കരിക്കുകയും ചെയ്യുന്നതില്‍ അതീവ തല്‍പരനായിരുന്നു. കെ.കെ മമ്മുണ്ണി മൗലവി മേഖലാ നാസിമായിരുന്നപ്പോള്‍ പറയാറുണ്ടായിരുന്നു; 'മലബാറില്‍ സ്വന്തം വീട്ടില്‍നിന്നും യാത്ര തിരിച്ചാല്‍, തെക്കന്‍ കേരളത്തില്‍ എനിക്കൊരു വീടുണ്ട്. അത് ആറ്റിങ്ങല്‍ എന്നു വിളിപ്പേരുള്ള യൂസുഫ് സാഹിബിന്റെ വീടാണ്.'
ഭാര്യ: റഹ്മാ ബീവി. മക്കള്‍: മുഹമ്മദ് ത്വാഹ, ഹഫ്‌സാ ബീവി, റംലാ ബീവി, ജുബൈരിയ, ജലീല, ത്വാഹിറ, നൗഷാദ്. പ്രസ്ഥാന പ്രവര്‍ത്തകരാണ് കുടുംബാംഗങ്ങള്‍.
ബി. അബ്ദുല്‍ഹകീം, ഇരവിപുരം
Comments