Prabodhanm Weekly

Pages

Search

2019 നവംബര്‍ 15

3126

1441 റബീഉല്‍ അവ്വല്‍ 17

ഇജ്മാഉം സാമൂഹിക ഇജ്തിഹാദും

റാശിദ് ഗന്നൂശി

നിയമനിര്‍മാണത്തിനുള്ള മൗലികമായ അല്ലെങ്കില്‍ പ്രാഥമികമായ അധികാരം സര്‍വാധികാരങ്ങളുടെയും ഉടമസ്ഥനായ അല്ലാഹുവിനാണെന്നത് മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായൈക്യം (ഇജ്മാഅ്) ഉള്ള കാര്യമാണ്.1 എന്നാല്‍ പ്രമാണങ്ങള്‍ വന്നിട്ടില്ലാത്ത ശാഖാപരമോ ഇജ്തിഹാദീപരമോ ആയ വിഷയങ്ങളിലെ നിയമനിര്‍മാണാധികാരം ആര്‍ക്ക് എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. ആ അധികാരം നിക്ഷിപ്തമായിരിക്കുന്നത് മൊത്തം മുസ്‌ലിം സമൂഹത്തിലാണോ, തെരഞ്ഞെടുക്കപ്പെട്ട ഒരു സംഘത്തിലാണോ, ഗവേഷണ നൈപുണിയുള്ള പണ്ഡിതന്മാരിലാണോ, ഭരണാധികാരിയിലാണോ എന്ന കാര്യത്തിലാണ് അഭിപ്രായവ്യത്യാസം. ഈ അധികാരം അഹ്‌ലുല്‍ ഹല്ലി വല്‍ അഖ്ദ്, അഹ്‌ലുശ്ശൂറാ, ഉലുല്‍ അംറ്, അഹ്‌ലുല്‍ ഇജ്മാഅ് എന്നൊക്കെ അറിയപ്പെടുന്ന ഒരു സവിശേഷ സംഘത്തിനായിരിക്കുമെന്ന അഭിപ്രായത്തെ ബലപ്പെടുത്തി അബ്ദുല്‍ വഹാബ് ഖല്ലാഫ് എഴുതുന്നു: ''നിര്‍ണിത ഭരണഘടന പ്രകാരം പ്രവര്‍ത്തിക്കുന്ന ഇന്നത്തെ ഭരണസംവിധാനങ്ങളില്‍ നിയമനിര്‍മാണാധികാരം തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കാണ്..... എന്നാല്‍ ഇസ്‌ലാമിക രാഷ്ട്ര സംവിധാനത്തില്‍ നിയമനിര്‍മാണം കൈയേല്‍ക്കുന്നത് അഭിപ്രായ സുബദ്ധതയുള്ള, ഗവേഷണ നൈപുണിയുള്ള ഒരു വിഭാഗമായിരിക്കും. ആ അധികാരം രണ്ട് ഉപാധികളോടെ ആയിരിക്കും. ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളില്‍ വ്യക്തമായി വിധി വന്ന വിഷയമാണെങ്കില്‍ അത് വിശദീകരിച്ചുകൊടുക്കുക മാത്രമായിരിക്കും ഇവരുടെ ദൗത്യം. ഇനി നസ്സ്വുകളില്‍ വിധി വന്നിട്ടില്ലാത്ത വിഷയമാണെങ്കില്‍, അതുപോലുള്ള വിഷയങ്ങളില്‍ പ്രമാണങ്ങളില്‍ വന്നിട്ടുള്ള വിധികളെ മുന്‍നിര്‍ത്തിയായിരിക്കണം അവര്‍ വിധി നിര്‍ധാരണം ചെയ്‌തെടുക്കേണ്ടത്. കാരണം ഇസ്‌ലാമിക രാഷ്ട്രസംവിധാനം പടുത്തുയര്‍ത്തിയിരിക്കുന്നത് അല്ലാഹുവും അവന്റെ ദൂതനും നല്‍കിയ മൗലിക നിയമനിര്‍ദേശങ്ങളുടെ അടിത്തറയിലാണ്. അതിനാല്‍ പണ്ഡിതന്മാരുടെയും ഗവേഷകരുടെയും അന്വേഷണങ്ങള്‍ ഈ പ്രമാണങ്ങളുടെ ചൈതന്യത്തിനും താല്‍പര്യത്തിനും വിരുദ്ധമാകാന്‍ പാടില്ല. അവയെ അടിസ്ഥാനപ്പെടുത്തിയാവണം കാലഘട്ടത്തെ പഠിച്ചും വിവിധ സമൂഹങ്ങളുടെ അനുഭവ പാഠങ്ങള്‍ ഉള്‍ക്കൊണ്ടും ഈ സംഘം പുതിയ നിയമനിര്‍മാണം നടത്തേണ്ടത്.''
ഈ നിയമനിര്‍മാണ സമിതി ചെന്നുപെട്ട പ്രതിസന്ധിയെക്കുറിച്ചും ഖല്ലാഫ് പറയുന്നുണ്ട്: ''നിയമനിര്‍മാണം നടക്കുന്നത് ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളുടെ വെളിച്ചത്തിലായിരിക്കുകയും യോഗ്യരായ ഒരു നിര്‍ണിത സംഘം അതിന് മേല്‍നോട്ടം വഹിക്കുകയും അവരുടെ വിധിതീര്‍പ്പുകള്‍ ഭരണാധികാരികള്‍ ചെവിക്കൊള്ളുകയും ചെയ്താല്‍ അതായിരിക്കും ഭരണഘടനാനുസൃതമായ ഏറ്റവും നല്ല നിയമാവിഷ്‌കാരം. വിവിധ കാലഘട്ടങ്ങളിലെ മുസ്‌ലിം സമൂഹങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അത് മതിയാകുമായിരുന്നു. പക്ഷേ, നിയമാവിഷ്‌കാര മണ്ഡലത്തില്‍ അരാജകത്വം തലപൊക്കുന്നതാണ് പിന്നീട് നാം കാണുന്നത്. യോഗ്യതയില്ലാത്തവര്‍ തങ്ങള്‍ ഇജ്തിഹാദിന് യോഗ്യരാണെന്നു വാദിച്ചു കൊണ്ട് രംഗത്തു വരുന്നു. നിയമനിര്‍മാണത്തെ അത് പ്രതിസന്ധിയിലാക്കി. പണ്ഡിതന്മാര്‍ ഒത്തുചേര്‍ന്നുള്ള അഭിപ്രായ കൈമാറ്റങ്ങള്‍ നിലച്ചു. ഈ പ്രതിസന്ധി മറികടക്കാന്‍ അവര്‍ മുന്നോട്ടു വെച്ച പരിഹാരം, ഇജ്തിഹാദിന്റെ വാതില്‍ തന്നെ അടച്ചുകളയുക എന്നതായിരുന്നു. അങ്ങനെ നിയമനിര്‍മാണം തന്നെ നിലച്ചു. ഏതൊരു പ്രശ്‌നത്തില്‍നിന്നാണോ ഇതു വഴി അവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്, അതിനേക്കാള്‍ വലിയ കുരുക്കുകളിലാണ് അവര്‍ ചെന്നു വീണത്. അങ്ങനെ ഇസ്‌ലാമിക നിയമനിര്‍മാണത്തിന് ജനതാല്‍പര്യങ്ങളുമായും അവരുടെ ആവശ്യങ്ങളുമായുമുള്ള ബന്ധം നഷ്ടപ്പെട്ടു... സമൂഹത്തിന്റെ നന്മ എപ്പോഴും യോഗ്യരായ ഈ വിഭാഗത്തിന്റെ ഇജ്തിഹാദില്‍ തന്നെയാണ്. പ്രവാചകാനുചരന്മാരുടെയും അവരെ പിന്തുടര്‍ന്നവരുടെയും മാതൃക അതാണ്.''2
കൊര്‍ദോവയില്‍ ഉമവി ഭരണകാലത്തുണ്ടായിരുന്ന ശൂറാ സമിതിയെക്കുറിച്ച് ഉസ്താദ് ഖല്ലാഫ് സൂചന നല്‍കുന്നുണ്ട്.3 ഇജ്മാഇന്റെ ചൈതന്യം പ്രസരിപ്പിക്കുന്ന ഈ സാമൂഹിക ഇജ്തിഹാദ്4 ആയിരിക്കും പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നിയമനിര്‍മാണത്തില്‍ ജനപ്രതിനിധിസഭകളുടെ സ്ഥാനത്ത് നില്‍ക്കുക. പക്ഷേ, ഈ സാമൂഹിക ഇജ്തിഹാദിന്റെ/സമിതിയുടെ രൂപമെന്തായിരിക്കും? നിശ്ചിത രൂപത്തിലേ അതാകാവൂ എന്ന് എവിടെയും വ്യവസ്ഥ വെച്ചിട്ടില്ല. കാലത്തിന്റെ മാറ്റങ്ങളാണ് അതിന്റെ രൂപഘടന നിശ്ചയിക്കുക. അല്ലാഹു പൂരിപ്പിക്കാനായി വിട്ടുനല്‍കിയ ഈ ഇടങ്ങളെ ശൂന്യമാക്കി നിര്‍ത്തി മുസ്‌ലിം സമൂഹം വലിയ അപരാധമാണ് ചെയ്തത്. അതുകാരണം അരാജകത്വം നടമാടുകയും ഇസ്‌ലാമിക നിയമവ്യവസ്ഥയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ തന്നെ അട്ടിമറിക്കപ്പെടുകയും ചെയ്തു. നമ്മുടെ കാലത്ത് ഈ നിയമനിര്‍മാണ സഭക്ക് പല രൂപങ്ങള്‍ നിര്‍ദേശിക്കപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പുകള്‍, രാഷ്ട്രനായകന്റെ നാമനിര്‍ദേശം, നിശ്ചിത യോഗ്യതകള്‍ ആര്‍ജിക്കല്‍ പോലുള്ളവ.5

ഭരണാധികാരിയില്‍ നിക്ഷിപ്തമോ?
ഈ വിഷയകമായി മറ്റൊരു നിലപാടും സമര്‍പ്പിക്കപ്പെടുന്നുണ്ട്. പണ്ഡിതന്മാര്‍ക്കും ഗവേഷകര്‍ക്കും നിയമനിര്‍മാണത്തിന്റെ സ്രോതസ്സുകളെക്കുറിച്ച് നല്ല വിവരം കാണുമെങ്കിലും ഫത്‌വ കൊടുക്കുന്നതുപോലെയോ ഹദീസിന്റെ ബലാബലം പരിശോധിക്കുന്നതു പോലെയോ ഒരു ഖുര്‍ആനിക സൂക്തത്തിന്റെ പൊരുള്‍ വിശദീകരിക്കുന്നതു പോലെയോ എളുപ്പമായിരിക്കില്ല രാഷ്ട്രസംബന്ധിയായ കാര്യങ്ങള്‍. രാജ്യത്തിന്റെ അവസ്ഥകളും ജനങ്ങളുടെ പ്രശ്‌നങ്ങളും ആഴത്തില്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത് നന്നായി അറിയുക ജനകീയ പ്രശ്‌നങ്ങളുമായി നിത്യേന ഇടപെടുന്ന ഭരണാധികാരിക്കാണല്ലോ. അപ്പോള്‍ യഥാര്‍ഥ അധികാരം നിക്ഷിപ്തമാകേണ്ടത് ഭരണാധികാരിയിലാണ്. ഭരണാധികാരി ഇസ്‌ലാമിക പ്രമാണങ്ങളില്‍ അഗാധ ജ്ഞാനമുള്ളവനായിരിക്കണം എന്നതാണല്ലോ പ്രമാണവും.
തഖിയ്യുദ്ദീന്‍ നബ്ഹാനി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇസ്‌ലാമിക രാഷ്ട്ര മാതൃകയുടെ 39-ാം ഖണ്ഡിക പറയുന്നത് ഇപ്രകാരമാണ്: ''രാഷ്ട്രം എന്നാല്‍ ഭരണാധികാരി തന്നെ. അയാള്‍ക്ക് എല്ലാവിധ യോഗ്യതകളും ഉണ്ടായിരിക്കും. അതു കാരണം അയാള്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരായിത്തീരും. അതിനെതിരെ നീങ്ങാന്‍ അനുവദിക്കുകയില്ല.''6 ഇതിന് തെളിവായി അദ്ദേഹം കൊണ്ടുവരുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, ഖുലഫാഉര്‍റാശിദുകളുടെ ചരിത്രം. അബൂബക്‌റും ഉമറും തങ്ങളുടെ ഭരണകാലത്ത് തങ്ങള്‍ നിര്‍ധാരണം ചെയ്‌തെടുത്ത നിയമങ്ങളാണ് നടപ്പാക്കിയിരുന്നത്. അവര്‍ ഒരു തീരുമാനത്തില്‍ എത്തിക്കഴിഞ്ഞാല്‍ അത് നടപ്പാക്കും, ജനങ്ങളോട് അനുസരിക്കാന്‍ പറയും, ജനം സ്വയം എത്തിച്ചേര്‍ന്ന അന്വേഷണ ഫലങ്ങളെ തള്ളിക്കളയാനും.
രണ്ട്, ഭരണാധികാരിയുടെ വിധി നടപ്പാക്കപ്പെടാനുള്ളതാണ് എന്നതാണ് ഇസ്‌ലാമിക നിയമം അനുശാസിക്കുന്നത്. ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ക്ക് ഏകാഭിപ്രായമുണ്ട്; തങ്ങളുടെ കണ്ടെത്തലുകള്‍ക്ക് വിരുദ്ധമാണ് ഭരണാധികാരിയുടെ വിധിയെങ്കിലും. 'പ്രശ്‌നങ്ങളുടെ തോതനുസരിച്ച് ഭരണാധികാരിക്ക് നിയമങ്ങള്‍ കൊണ്ടുവരാം' എന്നത് പ്രമാണവാക്യം പോലെ അംഗീകരിക്കപ്പെടുന്നുണ്ട്. എതിര്‍സ്വരങ്ങളെ ഇമാമിന് മറികടക്കാമെന്നര്‍ഥം. അബൂയൂസുഫിന്റെ 'അല്‍ഖറാജ്' എന്ന പുസ്തകത്തിലെ സാമ്പത്തിക നിയമാവലികള്‍ എല്ലാവരും പാലിക്കണമെന്ന് അബ്ബാസീ ഖലീഫ ഹാറൂന്‍ റശീദ് ഉത്തരവിട്ടിരുന്നു.7 നബ്ഹാനിയുടെ പുസ്തകത്തിലെ രാഷ്ട്രമാതൃകയുടെ രണ്ടാം ഖണ്ഡികയില്‍ വ്യക്തമായും ഇങ്ങനെ പറയുന്നു: ''രാഷ്ട്രനായകന്‍ ആവിഷ്‌കരിക്കുന്നവയാണ് പിന്നീട് ഭരണഘടനയും നിയമങ്ങളുമൊക്കെയായി മാറുന്നത്. നിയമമായിക്കഴിഞ്ഞാല്‍ അതു തന്നെ നിയമാനുസൃത ചട്ടം. അത് നിര്‍ബന്ധമായും നടപ്പാക്കപ്പെടുകയും അനുസരിക്കപ്പെടുകയും ചെയ്യും.''8
ചുരുക്കം പറഞ്ഞാല്‍ ശൈഖ് നബ്ഹാനിയുടെ രാഷ്ട്രസങ്കല്‍പപ്രകാരം, കൂടിയാലോചനാ സമിതിക്ക് നിയമനിര്‍മാണത്തില്‍ ഒന്നും ചെയ്യാനില്ല. രാഷ്ട്രനായകന്‍ കൊണ്ടുവരുന്ന നിയമങ്ങളെക്കുറിച്ച് ആര്‍ക്കും ഭിന്നാഭിപ്രായം രേഖപ്പെടുത്താം. പക്ഷേ, ആ അഭിപ്രായങ്ങളൊന്നും പിന്തുടരാന്‍ ആരും ബാധ്യസ്ഥരായിരിക്കുകയില്ല.9
പുകമറ സൃഷ്ടിച്ചും ഖണ്ഡിതമല്ലാത്ത ചില അഭിപ്രായങ്ങള്‍ മുന്നോട്ടു വെച്ചും, ഇസ്‌ലാമിക സമൂഹത്തിനും അതിനെ പ്രതിനിധാനം ചെയ്യുന്ന സമിതികള്‍ക്കും നിയമനിര്‍മാണത്തിലുള്ള സകല അവകാശങ്ങളും നിഷേധിച്ചിരിക്കുകയാണ് ഇവിടെ. ചരിത്രസംഭവങ്ങളെ നബ്ഹാനി തന്റെ താല്‍പര്യങ്ങള്‍ക്കൊത്ത് വളച്ചൊടിക്കുകയാണ്. അബൂബക്‌റിന്റെയും ഉമറിന്റെയും ഭരണകാലത്തുണ്ടായ സംഭവങ്ങള്‍ക്ക് നബ്ഹാനി നല്‍കുന്ന വ്യാഖ്യാനമല്ല പൊതുവെ മുസ്‌ലിം പണ്ഡിതസമൂഹം അവക്ക് നല്‍കിയിട്ടുള്ളത്. ശൂറാ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ഭരണാധികാരി ഏതളവില്‍ ബാധ്യസ്ഥനാണ് എന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കമുള്ളത്. മിക്ക ഇസ്‌ലാമിക രാഷ്ട്രമീമാംസാ വിദഗ്ധരും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ശൂറാ തീരുമാനം അംഗീകരിക്കാന്‍ ഭരണാധികാരി ബാധ്യസ്ഥനാണ് എന്ന നിലപാട് മുന്നോട്ടു വെക്കുന്നു.
ഭരണാധികാരിയുടെ കല്‍പന അഭിപ്രായഭിന്നതകളെ റദ്ദു ചെയ്യുമെന്നും അത് പാലിക്കാന്‍ സമൂഹം ബാധ്യസ്ഥരായിത്തീരുമെന്നുമുള്ള കാര്യത്തില്‍ സ്വഹാബികള്‍ക്ക് ഏറക്കുറെ ഏകാഭിപ്രായമായിരുന്നു എന്നതാണ് നബ്ഹാനി നിരത്തുന്ന രണ്ടാമത്തെ തെളിവ്. ഈ വാദത്തെ ന്യായീകരിക്കുന്ന സംഭവങ്ങള്‍ ഖുലഫാഉര്‍റാശിദുകളുടെ ഭരണകാലത്തു നിന്ന് എടുത്തുദ്ധരിക്കാനും പറ്റിയേക്കും. പക്ഷേ പ്രശ്‌നത്തിന്റെ മര്‍മം ഇവിടെയല്ല. ശരീഅത്തിന് വിരുദ്ധമല്ലാത്ത ഭരണാധികാരിയുടെ ഏത് ആജ്ഞയും അനുസരിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ ആര്‍ക്കാണ് തര്‍ക്കമുള്ളത്? ആ ശരിയായ തീരുമാനത്തിലേക്ക് ഭരണാധികാരി എത്തിപ്പെട്ട വഴിയാണ് അന്വേഷിക്കേണ്ടത്. തീരുമാനത്തില്‍ എത്തുന്നതിനു മുമ്പ് അദ്ദേഹം ആ വിഷയത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നോ,  ഇല്ലേ, ആരോടൊക്കെയാണ് ചര്‍ച്ച നടത്തിയത്, ആ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ തീരുമാനമേ ഭരണാധികാരി അംഗീകരിക്കാവൂ എന്നുണ്ടോ- ഇതിലേക്കൊന്നും ചര്‍ച്ച പോകുന്നില്ല. ശൂറാ തീരുമാനങ്ങള്‍ അനുസരിക്കല്‍ നിര്‍ബന്ധമല്ല എന്ന് സ്ഥാപിക്കുന്നതിനു പകരം, ഭിന്ന വീക്ഷണങ്ങളെ ഭരണാധികാരിയുടെ ഉത്തരവ് ഉയര്‍ത്തിക്കളയും പോലുള്ള വാക്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് നബ്ഹാനി. സമൂഹത്തിന്റെ ഇജ്മാഇനെക്കുറിച്ചും അദ്ദേഹമൊന്നും പറയുന്നില്ല. മൊത്തം സമുദായത്തിന്റെ അഭിപ്രായ സമന്വയത്തെ ഭരണാധികാരി ഒരൊറ്റയാള്‍ വിചാരിച്ചാല്‍ റദ്ദാക്കിക്കളയാമെന്നാണോ? നബ്ഹാനിയുടെ രാഷ്ട്രസങ്കല്‍പം ഭരണാധികാരി എന്ന വ്യക്തിയില്‍ കേന്ദ്രീകരിച്ചു നില്‍ക്കുന്നു എന്നതാണ് യഥാര്‍ഥ പ്രശ്‌നം. അങ്ങനെ രാഷ്ട്രത്തലവന്‍ രാഷ്ട്രം തന്നെയായി മാറുന്നു. സര്‍വാധിപത്യത്തിന്റെ യുഗങ്ങളില്‍ 'ഞാന്‍ തന്നെ നിയമം', 'ഞാന്‍ തന്നെ രാഷ്ട്രം' എന്നൊക്കെ കേട്ടിരുന്നില്ലേ, അതുതന്നെ. ഇനി ഭരണാധികാരി ഇജ്തിഹാദ് നടത്താന്‍ സര്‍വഥാ യോഗ്യന്‍ തന്നെ എന്ന് സമ്മതിച്ചാലും, അദ്ദേഹത്തിന്റെ ഇജ്തിഹാദിന് മറ്റുള്ളവരുടേതിനേക്കാള്‍ മികവോ ശ്രേഷ്ഠതയോ ഉണ്ടെന്ന് വരുന്നില്ല. കൂടിയാലോചനാ സമിതിയിലെ ഒരുപറ്റം മുജ്തഹിദുകളായ പണ്ഡിതന്മാരുടെ അഭിപ്രായത്തിനെതിരെ ഒരു വ്യക്തിയുടെ അഭിപ്രായത്തിന് എങ്ങനെയാണ് മുന്‍ഗണന ലഭിക്കുക? ഭരണാധികാരി ഒരു വ്യക്തിയാണെന്നിരിക്കെ ഇജ്തിഹാദിന്റെ സര്‍വ യോഗ്യതകളും ഒരു വ്യക്തിയില്‍ ഒത്തുവരിക എന്നത് ഇന്നത്തെ കാലത്ത് അസംഭവ്യമല്ലേ? വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രഗത്ഭ മുജ്തഹിദുകളുടെ അഭിപ്രായം ചുമരിലേക്കെറിഞ്ഞ് സമുദായത്തിന്റെ ഭാഗധേയം ഒരു വ്യക്തിയുടെ മനോവിലാസങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നത് പന്തിയാണോ? ഇജ്തിഹാദ് ശരിയായാല്‍ രണ്ട് കൂലി, പിഴച്ചാല്‍ ഒരു കൂലി, ബൂത്വി പറയും പോലെ രണ്ടായാലും അയാള്‍ക്ക് കൂലിയുണ്ടല്ലോ എന്ന മട്ടില്‍ നിസ്സാരമായി കാണേണ്ടതാണോ ഈ പ്രശ്‌നം? വ്യക്തിക്ക് ഒരു കൂലി കിട്ടിയാലും, അയാളുടെ തെറ്റായ നടപടി കാരണം സമൂഹത്തിനുണ്ടാകുന്ന തിരിച്ചടികള്‍ കണക്കിലെടുക്കേണ്ട എന്നാണോ? 10
അതുപോലെ, ഉന്നയിക്കപ്പെടുന്ന പ്രശ്‌നം കേവലം  മതപരം മാത്രമായിരിക്കില്ലല്ലോ. മതപരം മാത്രമായിരുന്നെങ്കില്‍ ചര്‍ച്ച ചെയ്യാന്‍ മതപണ്ഡിതന്മാര്‍ മതി എന്നു വെക്കാം; ഭരണാധികാരി അവരുടെ ഇജ്തിഹാദ് അംഗീകരിക്കുന്നുവെങ്കില്‍. ഒരു രാഷ്ട്രത്തെ സംബന്ധിച്ചാവുമ്പോള്‍ യുദ്ധത്തിന്റെയും സമാധാനത്തിന്റെയും അവസ്ഥകളുണ്ടാകും. വികസനവും ഭരണ നടത്തിപ്പും രാഷ്ട്രീയ സംഘാടനവും ആരോഗ്യപരിപാലനവുമൊക്കെ ആ രാഷ്ട്രത്തിന്റെ മുഖ്യ പരിഗണനകളായിരിക്കും. മതനിയമങ്ങള്‍ മാത്രം പഠിച്ചവര്‍ക്ക് ഇതിലൊക്കെ കൃത്യമായ നിലപാടെടുക്കാന്‍ കഴിയുമോ? അപ്പോള്‍ ഇക്കാര്യങ്ങളിലൊക്കെ വൈദഗ്ധ്യം നേടിയവരുമായും കൂടിയാലോചിക്കേണ്ടിവരും. മതവുമായോ മറ്റു വിജ്ഞാനങ്ങളുമായോ നേരില്‍ ബന്ധമില്ലാത്ത ഒട്ടുവളരെ ജനകീയ പ്രശ്‌നങ്ങളും ഉയര്‍ന്നുവരും. അപ്പോള്‍ പാര്‍ട്ടി, ഗോത്ര നേതാക്കളുമായും മറ്റു ജനകീയ വ്യക്തിത്വങ്ങളുമായും കൂടിയാലോചന വേണ്ടിവരും. വിവിധ തലത്തിലുള്ള ജനപ്രതിനിധികള്‍ ഇടപെടേണ്ട നിരവധി വിഷയങ്ങള്‍ വേറെയും വരും. ഇവരില്‍ ചിലര്‍ക്ക്, ഇജ്തിഹാദിനുള്ള യോഗ്യത പോയിട്ട്, പ്രാഥമിക മതാനുഷ്ഠാനങ്ങളെക്കുറിച്ച സമാന്യ അറിവ് മാത്രമേ ഉണ്ടാവൂ. ചിലപ്പോഴവര്‍ നിരക്ഷരര്‍ പോലുമായിരിക്കും. പക്ഷേ ഒരു രാഷ്ട്രഭരണം മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍, തീരുമാനങ്ങള്‍ക്ക് പൊതു സമ്മതി ലഭിക്കണമെങ്കില്‍ ഈ വ്യത്യസ്ത വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്തിയേ മതിയാവൂ. കാരണം അവയില്‍ പലതും രാഷ്ട്രത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന യുദ്ധം, ഉടമ്പടി, സഖ്യം പോലുള്ള കാര്യങ്ങളായിരിക്കും. ഇതിലൊന്നും സമൂഹത്തിന്റെ അഭിപ്രായം ആരായേണ്ടതില്ല എന്നു വെച്ചാല്‍ ശരിയാകുമോ?
'അവരുടെ കാര്യം പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കും' (അശ്ശൂറാ 30) എന്ന ഖുര്‍ആനിക സൂക്തത്തിന്റെ അന്തസ്സത്ത, കൂടിയാലോചന നിര്‍ബന്ധ സ്വഭാവമുള്ള ഒരു സുസ്ഥിര അടിസ്ഥാനമാണ് എന്നു തന്നെയല്ലേ? പൊതുകാര്യങ്ങളില്‍ പങ്കാളിത്തം അനുവദിക്കണമെന്ന് പറയുന്നു 'കാര്യങ്ങളില്‍ അവരുമായി കൂടിയാലോചിക്കുക' എന്ന ഖുര്‍ആനിക സൂക്തം (ആലുഇംറാന്‍ 159). ത്വാഹാ അധ്യായത്തില്‍ മൂസാ നബി പറയുന്നതായി ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ; 'എന്റെ കുടുംബത്തില്‍നിന്ന് എനിക്ക് ഒരു സഹായിയെ നിശ്ചയിച്ചുതരേണമേ; അതായത് എന്റെ സഹോദരനായ ഹാറൂനെ. അവന്‍ കാരണം നീ എന്നെ ശക്തിപ്പെടുത്തേണമേ. എന്റെ ദൗത്യത്തില്‍ അദ്ദേഹത്തെയും നീ പങ്കാളി (അശ്‌രിക്ഹു) ആക്കേണമേ' (20:29-32). ഒപ്പം പോകുന്നതിനെപ്പറ്റിയാണ് ഇവിടെ  'പങ്കാളിത്തം നല്‍കണം' എന്ന് പറഞ്ഞിരിക്കുന്നത്. നേതൃത്വ കാര്യത്തിലാകുമ്പോള്‍ ഇക്കാര്യം കൂടുതല്‍ ഊന്നിപ്പറയുകയാണല്ലോ വേണ്ടത്. 11 പ്രവാചകന്റെയും ശേഷം ഖുലഫാഉര്‍റാശിദുകളുടെയും കാലഘട്ടങ്ങള്‍ പഠിക്കുന്നവര്‍ക്ക്, ഇസ്‌ലാമിക ഭരണനിര്‍വഹണത്തിന്റെ ഒരു അടിസ്ഥാനോപാധിയായിരുന്നു ശൂറാ എന്ന് വ്യക്തമാകാതിരിക്കില്ല. അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിന്റെ സ്വഭാവമനുസരിച്ച് ശൂറാ സ്വഭാവം വിപുലമോ ചുരുങ്ങിയതോ ഒക്കെ ആകാമെന്നു മാത്രം. 'ആരെങ്കിലും ഒറ്റക്കായാല്‍, പിശാച് അവനുമായി ഒറ്റക്കാവും' 12 എന്ന അവസ്ഥയിലേക്ക് പോയിട്ടില്ല. ഭരണാധികാരിയും സൈന്യാധിപനുമായിരുന്ന പ്രവാചകന്‍ തന്നോടൊപ്പമുള്ളവരുടെ അഭിപ്രായം മാനിച്ച് തന്റെ തീരുമാനം മാറ്റിയതിന് എത്രയോ തെളിവുകളുണ്ട്; ഉഹുദ് യുദ്ധത്തിന് പുറപ്പെടാനുള്ള തീരുമാനം ഉദാഹരണം. ഇസ്‌ലാമിക ഭരണ സംവിധാനത്തിന്റെ പ്രത്യേകത അത് നിയമനിര്‍മാണത്തെ രാഷ്ട്രത്തില്‍നിന്ന് വേര്‍പ്പെടുത്തി 13 എന്നതാണെന്നും മനസ്സിലാക്കണം; സ്വേഛാധിപത്യത്തിനും ദുര്‍ഭരണത്തിനും വഴിതുറക്കാതിരിക്കാന്‍ വേണ്ടി. അതേക്കുറിച്ച് പിന്നീട് വരുന്നുണ്ട്.

 

കുറിപ്പുകള്‍

1.    മുഹിബ്ബുല്ലാഹ് അബ്ദുശ്ശുകൂര്‍ പറയുന്നു: 'അധികാരം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല എന്ന കാര്യത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ പൊതുസമ്മതിയുണ്ട്.' ഇമാം ഗസ്സാലി എഴുതുന്നു: 'വിധിക്കാനും കല്‍പ്പിക്കാനും അല്ലാഹുവിനേ അവകാശമുള്ളൂ. നബിയാകട്ടെ, ഭരണാധികാരിയാകട്ടെ, നേതാവാകട്ടെ, പിതാവാകട്ടെ, ഭര്‍ത്താവാകട്ടെ ഇവരൊന്നും ഒരു കാര്യം അനുസരിക്കണമെന്ന് ആജ്ഞാപിച്ചതുകൊണ്ടു മാത്രം അത് നിര്‍ബന്ധമായിത്തീരുന്നില്ല; അല്ലാഹു അവരെ അനുസരിക്കണം എന്നു പറയുമ്പോള്‍ മാത്രമാണ് അത് നിര്‍ബന്ധമായിത്തീരുക. അല്ലാഹുവിനെ അനുസരിക്കലാണ് നിര്‍ബന്ധം. അപ്പോള്‍ അവന്‍ അനുസരിക്കാന്‍ പറഞ്ഞവരെയും അനുസരിക്കേണ്ടിവരും' (ഗസ്സാലി- അല്‍ മുസ്തസ്വ്ഫാ മിന്‍ ഇല്‍മില്‍ ഉസ്വൂല്‍ 1/23).
2.    അബ്ദുല്‍ വഹാബ് ഖല്ലാഫ് - അസ്സിയാസ അശ്ശറഇയ്യ ഔ നിളാമുദ്ദൗല അല്‍ ഇസ്‌ലാമിയ്യ ഫിശ്ശുഊനിദ്ദസ്തൂരിയ്യ വല്‍ ഖാരിജിയ്യ വല്‍ മാലിയ്യ (കൈറോ, ഹി. 1350, പേ: 44-48).
3.    അതേ പുസ്തകം, പേ: 48. കൊര്‍ദോവയിലെ ശൂറാ പരീക്ഷണങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ ഇബ്‌നു ഖല്‍ദൂന്റെ അല്‍ ഇബറു വദീവാനുല്‍ മുബ്തദഇ വല്‍ ഖബര്‍, അദ്ദേഹത്തിന്റെ തന്നെ മുഖദ്ദിമ, യഅ്ഖൂബ് മഹ്മൂദ് മലീജിയുടെ മബ്ദഉശ്ശൂറാ ഫില്‍ ഇസ്‌ലാം (അലക്‌സാണ്ട്രിയ, പേ: 173) എന്നിവ കാണുക.
4.    ഒന്നാം ഖലീഫ അബൂബക്ര്‍ സിദ്ദീഖിന്റെ കാലത്തു തന്നെ മുസ്‌ലിംകള്‍ ഈ രീതി സ്വീകരിച്ചു വന്നിട്ടുണ്ട്. കാണുക: മുഹമ്മദ് ഖളിര്‍ ഹുസൈന്‍ ഖള്‌രി- താരീഖുത്തശ്‌രീഇല്‍ ഇസ്‌ലാമി.
5.    ഹാനി അഹ്മദ് ദര്‍ദീരി - അത്തശ്‌രീഉ ബൈനല്‍ ഫിക്‌റൈനി അല്‍ ഇസ്‌ലാമി വദ്ദസ്തൂരി (കൈറോ, പേ: 81-85).
6.    തഖിയ്യുദ്ദീന്‍ നബ്ഹാനി - നിളാമുല്‍ ഹുകൂമി ഫില്‍ ഇസ്‌ലാം (1953, പേ: 57).
7.    അതേ പുസ്തകം, പേ: 74-75
8.    അതേ പുസ്തകം, പേ: 80
9.    അതേ പുസ്തകം, പേ: 84,85
10    അബുല്‍ മജ്ദ്- അല്‍ ഹുര്‍രിയ്യ, പേജ് 103,104
11.    പ്രമുഖ നിയമജ്ഞന്‍ അബുല്‍ ഹസന്‍ അല്‍ ബഗ്ദാദി ഈ ആയത്തുകള്‍ ഉദ്ധരിച്ച് കൂടിയാലോചനയുടെ പ്രാധാന്യം വിവരിക്കുന്നുണ്ട്. മലീജിയുടെ മബ്ദഉശ്ശൂറാ ഫില്‍ ഇസ്‌ലാം (പേജ് 87) കാണുക.
12.    ഈ മൊഴി(അസര്‍)യുടെ അടിസ്ഥാനത്തില്‍, പൊതുകാര്യം വ്യക്തി ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ പാടില്ല എന്ന തത്ത്വം മുഹമ്മദ് അബ്ദുവിനെപ്പോലുള്ളവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
13.    തൗഫീഖ് ശാവി- ഫിഖ്ഹുശ്ശൂറാ വല്‍ ഇസ്തിശാറ (ദാറുല്‍ വഫാഅ്, മന്‍സ്വൂറ, 1992). പേജ് 788

Comments

Other Post

ഹദീസ്‌

ബിദ്അത്തുകാര്‍ക്കെതിരെ ജിഹാദ്
നൗഷാദ് ചേനപ്പാടി

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (41-44)
ടി.കെ ഉബൈദ്‌