'കശ്മീര്‍ ഉണങ്ങി നിശ്ചലമായി പോയിരിക്കുന്നു'
കശ്മീരികള്‍ അധികാരികളുടെ ആഗ്രഹത്തിന് ഭിന്നമായി ഒരുതരം അപ്രഖ്യാപിത ഹര്‍ത്താല്‍ ആചരിക്കുകയാണിപ്പോള്‍. ജോലി ചെയ്യാന്‍ അവര്‍ക്ക് താല്‍പര്യമില്ല. കുട്ടികള്‍ സ്‌കൂളില്‍ പോകണമെന്നും അവര്‍ ആഗ്രഹിക്കുന്നില്ല. കശ്മീരികളുടെ വീക്ഷണത്തില്‍ കര്‍ഫ്യൂ അവസാനിക്കുകയോ നിത്യജീവിതം സാധാരണ നിലയിലാവുകയോ ചെയ്തിട്ടില്ല. ഭരണഘടനയിലെ റദ്ദാക്കിയ ആര്‍ട്ടിക്ക്ള്‍ 370 പുനഃസ്ഥാപിക്കുക എന്നതാണ് അവരുടെ അടിയന്തര ആവശ്യം. ആ വിഷയത്തില്‍ ഗവണ്‍മെന്റ് പുനരാലോചന നടത്തണം. ഉര്‍ദു മാസിക റഫീഖെ മന്‍സില്‍ നടത്തിയ അഭിമുഖം. (2019 ഒക്‌ടോബര്‍ ലക്കം)
ഭരണഘടനയുടെ 370-ാം ആര്‍ട്ടിക്ക്ള്‍ റദ്ദ് ചെയ്ത ശേഷം കശ്മീരിന്റെ അവസ്ഥ നേരിട്ട് കണ്ടിരിക്കുകയാണല്ലോ താങ്കള്‍. എന്താണ് അവിടത്തെ അനുഭവങ്ങള്‍?
വിവാദം സൃഷ്ടിക്കാനോ കശ്മീരിന്റെ അവസ്ഥയെപ്പറ്റി അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാനോ ഈ അഭിമുഖത്തിലൂടെ ഉദ്ദേശിക്കുന്നില്ല. കശ്മീര്‍ പ്രശ്‌നത്തിന്റെ മര്‍മം വിലയിരുത്തി ചില യാഥാര്‍ഥ്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുക മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കശ്മീര്‍ ഉണങ്ങി ഒതുങ്ങി നിശ്ചലമായി പോയിരിക്കുന്നു എന്നതാണ് ഈ യാത്രയിലെ പ്രധാന അനുഭവം. റോഡുകളും തെരുവുകളും നിശ്ചലമാണ്, വിജനമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നു. അവശ്യ സാധനങ്ങള്‍ക്ക് വില വര്‍ധിച്ചിട്ടു്. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ ഏറെ പ്രയാസപ്പെടുകയാണ്.
ഗവണ്‍മെന്റ് കര്‍ഫ്യൂ പിന്‍വലിച്ചുവെന്നത് ശരി തന്നെ. അതുമുഖേന അവസ്ഥകള്‍ മുമ്പത്തെപ്പോലെ സാധാരണ നിലയില്‍ നിയന്ത്രണവിധേയമാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നുമുണ്ട്. കടകള്‍ തുറക്കുക, ജോലിയും വ്യവസായവും പുനരാരംഭിക്കുക തുടങ്ങിയവയെല്ലാം ഭരണകൂടം ലക്ഷ്യമിടുന്നു്. പക്ഷേ, കശ്മീരികള്‍ അധികാരികളുടെ ആഗ്രഹത്തിന് ഭിന്നമായി ഒരുതരം അപ്രഖ്യാപിത ഹര്‍ത്താല്‍ ആചരിക്കുകയാണിപ്പോള്‍. ജോലി ചെയ്യാന്‍ അവര്‍ക്ക് താല്‍പര്യമില്ല. കുട്ടികള്‍ സ്‌കൂളില്‍ പോകണമെന്നും അവര്‍ ആഗ്രഹിക്കുന്നില്ല. കശ്മീരികള്‍ പറയുന്നത് കര്‍ഫ്യൂ അവസാനിക്കുകയോ നിത്യജീവിതം സാധാരണ നിലയിലാവുകയോ ചെയ്തിട്ടില്ലെന്നാണ്. ഭരണഘടനയിലെ റദ്ദാക്കിയ ആര്‍ട്ടിക്ക്ള്‍ 370 പുനഃസ്ഥാപിക്കുക എന്നതാണ് അവരുടെ അടിയന്തര ആവശ്യം. ആ വിഷയത്തില്‍ ഗവണ്‍മെന്റ് പുനരാലോചന നടത്തണം. താഴ്‌വരയില്‍ കൂടിയ അളവില്‍ വിന്യസിച്ചിരിക്കുന്ന പട്ടാളത്തെ മടക്കി വിളിക്കണം. കശ്മീരിലെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം ഗവണ്‍മെന്റ് എന്താഗ്രഹിക്കുന്നുവോ അത് ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നതും ജനങ്ങള്‍ എന്ത് അഭിലഷിക്കുന്നുവോ അതിനോട് ഭരണകൂടത്തിന് താല്‍പര്യമില്ല എന്നതുമാണ്.
കശ്മീരിലെ മനുഷ്യാവകാശത്തിന്റെ സ്ഥിതിയെന്താണ്? ചില അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ പറയുന്നത് അവിടെ പലതരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു് എന്നാണല്ലോ?
ഭരണഘടനയിലെ 370-ാം ആര്‍ട്ടിക്ക്ള്‍ റദ്ദാക്കിയത് നടപ്പില്‍ വരുത്താന്‍ വേണ്ടി ഭരണകൂടം സ്വീകരിച്ച നടപടികള്‍ ശ്രദ്ധിച്ചാല്‍ ഇതിന്റെ ഉത്തരം ലഭിക്കും. ഇന്ന് ഇന്റര്‍നെറ്റ് മനുഷ്യജീവിതത്തിന്റെ അത്യാവശ്യ ഘടകമാണല്ലോ. പക്ഷേ കശ്മീരികള്‍ക്ക് ഭരണകൂടം ആ സൗകര്യം നിഷേധിച്ചിരിക്കുന്നു. ഒരു ഇമെയില്‍ അയക്കാന്‍ കശ്മീരില്‍നിന്ന് ദല്‍ഹി വരെ പോയി തിരിച്ചുവരേണ്ടിവന്നുവെന്നാണ് ഒരാള്‍ പറഞ്ഞത്. അഥവാ ഒരു ഇമെയിലിനു വേണ്ടി ചെലവഴിക്കേണ്ടി വന്നത് എണ്ണായിരം രൂപയാണ്.
ജനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം മുറിഞ്ഞുപോയി. കുടുംബങ്ങളിലോ സമീപ പ്രദേശങ്ങളിലോ സംഭവിക്കുന്ന മരണവും മറ്റു സുപ്രധാന കാര്യങ്ങളും അറിയാന്‍ കഴിയുന്നില്ലെന്ന് ജനങ്ങള്‍ പരാതി പറഞ്ഞു. ആശയവിനിമയം തടയുകയെന്നത് മനുഷ്യാവകാശ ലംഘനം തന്നെയാണ്.
ഭരണകൂടത്തിന്റെ തീരുമാനത്തോട് എതിരഭിപ്രായം പ്രകടിപ്പിക്കുന്ന കശ്മീരികളെ അറസ്റ്റ് ചെയ്ത് അവരുടെ ജീവന്‍ അപായപ്പെടുത്തിയ സംഭവങ്ങളുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ പെല്ലറ്റ് പ്രയോഗം ശക്തമാണ്. പെല്ലറ്റേല്‍ക്കുന്നവര്‍ക്ക് ജീവന്‍ നഷ്ടപ്പെടില്ലെങ്കിലും പിന്നീടൊന്നും ചെയ്യാനാവാത്ത വിധം അവര്‍ ജീവഛവങ്ങളായിത്തീരും. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ ഈ ക്രൂരതക്ക് ഇരയായിട്ടുണ്ട്.
നിരവധി ചെറുപ്പക്കാരെ എങ്ങോട്ടാണ് പിടിച്ചുകൊണ്ടുപോയതെന്ന് ആര്‍ക്കും അറിയില്ലെന്ന് നാട്ടുകാര്‍ പരിഭവിക്കുന്നു. 17-നും 25-നും ഇടയില്‍ പ്രായമായവരെയാണ് ഇങ്ങനെ പിടിച്ചുകൊണ്ടു പോയത്. അവരുടെ എണ്ണം എത്ര വരുമെന്ന് ചോദിച്ചാല്‍ ഗ്രാമവാസികള്‍ വ്യത്യസ്ത കണക്കുകളാണ് പറയുന്നത്. 8000 മുതല്‍ 25000 വരെ വരും അവരുടെ എണ്ണം. അവര്‍ കശ്മീരില്‍ തന്നെയുണ്ടോ, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്ക് അവരെ കൊുപോയിട്ടുാേ എന്നൊന്നും ആര്‍ക്കുമറിയില്ല. പട്ടാളക്കാര്‍ സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. പബ്ലിക് സേഫ്റ്റി ആക്ടിന്റെ (പി.എസ്.എ)പേരില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കഴിഞ്ഞ രണ്ടു മാസമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പ്രാദേശിക ബാര്‍ കൗണ്‍സലിന്റെ 80 വയസ്സുള്ള ചെയര്‍മാന്‍ വരെ ഇങ്ങനെ ബന്ധനസ്ഥരാക്കപ്പെട്ടവരിലുണ്ട്. കുടുംബാംഗങ്ങള്‍ക്ക് ഇവരുമായി കൂടിക്കാഴ്ചക്ക് അനുമതിയില്ല. ഇതൊക്കെ കാണുന്ന ഒരാള്‍ക്ക് കശ്മീരില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ലെന്ന് എങ്ങനെ പറയാനാവും?
കശ്മീര്‍ സാധാരണ നിലയിലാണെന്ന് പറയാനാണല്ലോ ഇന്ത്യന്‍ മാധ്യമങ്ങള്‍ തുടക്കം തൊട്ടേ ശ്രമിക്കുന്നത്. താങ്കള്‍ അവിടെ കണ്ട കാഴ്ചകള്‍ എന്താണ്?
രാഷ്ട്രീയ നേതാക്കള്‍ തടവിലാക്കപ്പെട്ടും വ്യവസായ മേഖല സ്തംഭിച്ചും വിദ്യാലയങ്ങള്‍ അടഞ്ഞുകിടന്നും കോടതി നടപടികള്‍ തടസ്സപ്പെട്ടുമാണ് കശ്മീര്‍ നീങ്ങുന്നതെന്ന് ഞാന്‍ സൂചിപ്പിച്ചു. വര്‍ധിച്ച അളവില്‍ പട്ടാളത്തെ ഇറക്കിയതു കൊണ്ട് ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടാളത്തെ വിന്യസിച്ച മേഖലയായി (Most Militarized Region) മാറിയിരിക്കുകയാണ് ഇപ്പോള്‍ കശ്മീര്‍. ഇത്തരം ഒരവസ്ഥയില്‍ എന്തടിസ്ഥാനത്തിലാണ് കശ്മീര്‍ സാധാരണ നിലയിലാണെന്ന് പറയാനാവുക? ഉത്തരവാദിത്തബോധത്തോടെയല്ല ഈ വിഷയത്തിലും ഇന്ത്യന്‍ മാധ്യമങ്ങള്‍ പെരുമാറുന്നത്. കശ്മീരിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്യുന്നു പോലുമില്ല. ഇതുവരെ കശ്മീര്‍ പാകിസ്താന്റെ വരുതിയിലായിരുന്നുവെന്നും നരേന്ദ്ര മോദി അതിനെ സ്വതന്ത്രമാക്കിയെന്നുമുള്ള മട്ടിലാണ് മീഡിയയുടെ വാര്‍ത്താവതരണം. മാധ്യമ മൂല്യങ്ങളുടെ നിരാകരണമാണിത്. തങ്ങളുടെ നിലപാടുകള്‍ മാധ്യമങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്.
ആര്‍ട്ടിക്ക്ള്‍ 370 റദ്ദ് ചെയ്ത നടപടിയെ പറ്റി എന്താണ് അഭിപ്രായം?
ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് ഉള്‍ക്കൊണ്ടു കൊണ്ടുള്ള പാര്‍ലമെന്റിനെ മുഖവിലക്കെടുത്തു കൊണ്ടുള്ള നടപടിയായിരുന്നില്ല അത്. ഇത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ കശ്മീരികളുടെ, വിശിഷ്യാ നിയമാനുസൃതം അവിടെ തെരഞ്ഞെടുക്കപ്പെട്ട അസംബ്ലിയുടെ പിന്തുണ നേടേണ്ടിയിരുന്നു. പക്ഷേ അതുണ്ടായില്ല. 370-ാം വകുപ്പ് റദ്ദാക്കിയതിലൂടെ ദേശസുരക്ഷയില്‍ നാം ചാമ്പ്യന്മാരായിരിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ഭരണകൂടം ശ്രമിച്ചത്. എന്നാല്‍ നിലവിലെ ഭരണകൂടത്തിന് കശ്മീരികളുടെ മനസ്സ് അനുകൂലമാക്കിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം. വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് കശ്മീര്‍ പ്രശ്‌നം. എങ്കിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ അവിടെയുള്ള ബുദ്ധിജീവികള്‍ ഇന്ത്യയുമായി ചേര്‍ന്ന് ജീവിക്കാനും ഭരണകൂടത്തോട് സൗഹൃദം കാത്തുസൂക്ഷിച്ചുകൊ് മുന്നേറാനുമുള്ള മാനസികാവസ്ഥയിലായിരുന്നു. ഭരണകൂടത്തിന്റെ നിലവിലെ ചെയ്തികള്‍ അവരെപ്പോലും അതൃപ്തരാക്കിയിരിക്കുകയാണ്. എന്നല്ല ഇന്ത്യയുമായി അകന്നുനില്‍ക്കുക എന്ന കാഴ്ചപ്പാടുള്ളവര്‍ക്ക് കരുത്ത് പകരുന്നതായിപ്പോയി തീരുമാനം. വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത പരസ്പര വിശ്വാസമാണ് ഈ നിലപാട് മുഖേന അറ്റുപോയത്. ഈ തീരുമാനം കശ്മീര്‍ പ്രശ്‌നത്തെ 40-50 വര്‍ഷം പിറകോട്ട് കൊണ്ടുപോയതായാണ് അനുഭവപ്പെട്ടത്.
370-ാം വകുപ്പ് റദ്ദ് ചെയ്യുന്നതിലൂടെ ഭരണകൂടത്തിന് മറ്റു പല ലക്ഷ്യങ്ങളും ഉണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. മുസ്‌ലിംകളുടെ സാമ്പത്തിക നില തകര്‍ക്കുകയാണ് അതിലൂടെ ലക്ഷ്യമിട്ടതെന്നാണ് ഒരു വീക്ഷണം. മുഖ്യധാരയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ മുസ്‌ലിംകളെ നിര്‍ബന്ധിച്ച് പകരം കശ്മീരീ പണ്ഡിറ്റുകളെ കുടിയിരുത്താനാണ് ഈ നീക്കം എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. താങ്കളുടെ വീക്ഷണത്തില്‍ ഗവണ്‍മെന്റിന്റെ യഥാര്‍ഥ ഉദ്ദേശ്യം എന്താണ്?
താങ്കള്‍ സൂചിപ്പിച്ച വീക്ഷണങ്ങള്‍ ശരിയാവാം, തെറ്റാവാം. നാം അതിനെ ശരിവെക്കാനോ തള്ളിക്കളയാനോ ഉദ്ദേശിക്കുന്നില്ല. ഇതിനേക്കാളേറെ കശ്മീര്‍ പ്രശ്‌നത്തില്‍ നമ്മുടെ ആഗ്രഹം ഭരണകൂടം അതിന്റെ ജനാധിപത്യ -മതേതര ചട്ടക്കൂട് കാത്തുസൂക്ഷിക്കണമെന്നും അവിടത്തെ അക്രമമര്‍ദനങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ്. കശ്മീരില്‍ എന്നല്ല രാജ്യത്തിന്റെ ഏത് സംസ്ഥാനത്തും അക്രമം ഇല്ലായ്മ ചെയ്യാനാണ് നാം ശ്രമിച്ചിട്ടുള്ളത്. ഇനിയും അതേ ശ്രമമാണ് തുടരുക. സൗഹൃദം ഊട്ടിയുറപ്പിക്കുകയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുമ്പോഴാണ് ലോകതലത്തില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ന്നുനില്‍ക്കുക. അതിലാണ് രാജ്യത്തിന്റെയും രാജ്യനിവാസികളുടെയും നന്മ കുടികൊള്ളുന്നത്.
കശ്മീര്‍ പ്രശ്‌നപരിഹാരം എങ്ങനെ സാധ്യമാകുമെന്നാണ് താങ്കളുടെ അഭിപ്രായം?
കശ്മീര്‍ ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. സൈനിക മേല്‍ക്കോയ്മ കൊണ്ട് അത് പരിഹരിക്കാന്‍ കഴിയില്ല. പട്ടാള ഭരണം കൊണ്ടും അത് സാധ്യമാകില്ല. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന രീതികളിലൂടെ മാത്രമേ ഇതും പരിഹരിക്കാനാവൂ. അതിന് ഭരണഘടന, നിയമം, സംഭാഷണം, പരസ്പര വിശ്വാസം എന്നീ വഴികളാണ് തേടേണ്ടത്.
കശ്മീര്‍ ശരിയാംവിധം സാധാരണ നിലയിലേക്ക് തിരിച്ചുവരിക എന്നതാണ് നിലവില്‍ പ്രശ്‌നപരിഹാരത്തിന് അത്യാവശ്യം. അതിന് തടവിലാക്കപ്പെട്ട രാഷ്ട്രീയ നേതാക്കളെ വിട്ടയക്കണം. സ്‌കൂളുകളും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കണം. ജീവിത സന്ധാരണ മാര്‍ഗങ്ങള്‍ തുറക്കപ്പെടണം. അവിടെ ജനം തെരഞ്ഞെടുക്കുന്ന സിവില്‍ ഗവണ്‍മെന്റ് നിലവില്‍ വരണം. കൂടുതലായി വിന്യസിച്ച സൈനികരെ തിരിച്ചു വിളിച്ചാലേ ഇത് സാധ്യമാവൂ. ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ എത്ര അളവില്‍ സൈനികരുണ്ടോ അത്രതന്നെ പോരേ കശ്മീരിലും? 370-ാം വകുപ്പ് സംബന്ധിച്ച് കശ്മീര്‍ നേതാക്കളും ഇന്ത്യന്‍ പ്രതിനിധികളും ഒരു മേശക്ക് ചുറ്റുമിരുന്ന് ചര്‍ച്ചകള്‍ നടത്തട്ടെ. കശ്മീരിന്റെ ഭാവി എന്താകണമെന്ന് നാമല്ല പറയേത്. അത് കശ്മീര്‍ രാഷ്ട്രീയ നേതൃത്വവും ഗവണ്‍മെന്റ് പ്രതിനിധികളും ഒന്നിച്ചിരുന്ന് തയാറാക്കേണ്ടതാണ്.
താഴ്‌വരയില്‍ ശാന്തിയും സമാധാനവും കളിയാടണമെന്നതു മാത്രമാണ് ഇപ്പോള്‍ നമ്മുടെ പ്രധാന ആഗ്രഹം. എല്ലാവര്‍ക്കും സ്വീകാര്യമായൊരു പ്രശ്‌നപരിഹാര ഫോര്‍മുല തയാറാക്കണമെന്നാണ് കശ്മീരിലെ നേതാക്കളോടും ഭരണകൂടത്തോടും നമുക്ക് പറയാനുള്ളത്.
കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെ നിലപാട് എന്തായിരുന്നു? പ്രത്യേകിച്ചും 370-ാം വകുപ്പ് റദ്ദ് ചെയ്യുന്നതിന് മുമ്പും പിമ്പും?
വര്‍ഷങ്ങള്‍ പഴക്കമുള്ള പ്രശ്‌നമാണ് കശ്മീരിന്റേത് എന്ന് പറഞ്ഞുവല്ലോ. അതിനിടയില്‍ നീണ്ടകാലം കോണ്‍ഗ്രസ്സാണ് രാജ്യം ഭരിച്ചത്. പ്രശ്‌നപരിഹാരത്തിന് അവര്‍ ശ്രമിച്ചിട്ടില്ലെന്ന് പറയാനാകില്ല. പക്ഷേ കോണ്‍ഗ്രസ് എന്നല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയും ശരിയായ രീതിയില്‍ വിഷയം കൈകാര്യം ചെയ്തിട്ടില്ല. താഴ്‌വരയില്‍ അതിക്രമവും മനുഷ്യാവകാശ ലംഘനവും അരങ്ങേറുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ കോണ്‍ഗ്രസ് ഇന്ത്യ ഭരിക്കുന്ന കാലത്തു നാം വായിച്ചിട്ടു്. ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയിലും കോണ്‍ഗ്രസിന് യുക്തമായ നടപടി കൈക്കൊള്ളാനാവുന്നില്ല. ആ രംഗത്ത് പരാജയമാണവര്‍. കശ്മീര്‍ വിഷയത്തിലെന്നല്ല രാജ്യത്തെ നീറുന്ന വിഷയങ്ങളിലൊന്നും പ്രതിപക്ഷ കക്ഷികള്‍ക്ക് ഒറ്റക്കെട്ടായി കരുത്തുറ്റ നിലപാടെടുക്കാന്‍ സാധിക്കുന്നില്ല.
തങ്ങളുടെ യഥാര്‍ഥ ആശയാടിത്തറയിലും വീക്ഷണത്തിലും ഉറച്ചുനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നിലവിലില്ലെന്നതാണ് സത്യം. വോട്ട് ബാങ്കുകള്‍ക്ക് ചോര്‍ച്ച സംഭവിക്കാതിരിക്കാനുള്ള നയനിലപാടുകള്‍ മാത്രമാണ് എല്ലാവരും തയാറാക്കുന്നത്. പാര്‍ട്ടി ലൈനിനുമപ്പുറം ചിന്തിക്കാന്‍ കരുത്തും ശേഷിയുമുള്ള നേതാക്കന്മാരും ഇന്ന് തുലോം കുറവാണ്. പല പാര്‍ട്ടി നേതാക്കളും സല്‍പേര് കളഞ്ഞുകുളിച്ചവരാണെന്നതാണ് മൂന്നാമത്തെ പ്രശ്‌നം. അതിനാല്‍തന്നെ ഗവണ്‍മെന്റ് നീക്കങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കാന്‍ അവര്‍ക്കാര്‍ക്കും കരുത്തില്ല. എതിര്‍ ശബ്ദമുയര്‍ത്തിയാല്‍ പിറ്റേന്ന് സി.ബി.ഐ അവരുടെ വീട്ടുപടിക്കലെത്തുമെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. ജയിലറ കാണേണ്ടിവരുമെന്ന് പേടിച്ച് മൗനത്തിലൊളിച്ചിരിക്കുകയാണ് അവരെല്ലാം.
കശ്മീരിലെ സാധാരണക്കാരോട് എന്താണ് പറയാനുള്ളത്?
കശ്മീരികളോട് ഭരണകൂടം ചെയ്യുന്ന എല്ലാ അനീതികളുടെയും നോവ്, മനുഷ്യത്വത്തിന്റെ പേരില്‍ ഞങ്ങളും അനുഭവിക്കുന്നുണ്ടെന്നാണ് അവരോട് നമുക്ക് പറയാനുള്ളത്. നിങ്ങളുടെ വേദന ഞങ്ങളുടെ കൂടി വേദനയാണ്. പക്ഷേ, ഈ പരീക്ഷണത്തില്‍ അവര്‍ നിരാശരാകരുത്; പ്രകോപിതരുമാകരുത്. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന ഘട്ടത്തില്‍ പോലും. അല്‍പം ശ്രമകരമാണെങ്കില്‍ കൂടി കശ്മീരിന്റെ യുവത്വം വഴിവിട്ട മാര്‍ഗങ്ങളിലേക്ക് തിരിയരുത്. പരിണതി ചിന്തിക്കാതെ വൈകാരികതക്ക് അടിപ്പെടരുത്. കശ്മീരിലെ സാധാരണക്കാരായ ജനതയെ മുഖവിലക്കെടുക്കാതെ ഒരു പ്രശ്‌നപരിഹാരവും സാധ്യമല്ല. ഭരണകൂടവും കശ്മീരികളും പ്രശ്‌നപരിഹാരത്തിന് രാഷ്ട്രീയ, നിയമ വഴികളേ അവലംബിക്കാവൂ.
(ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ദേശീയ സെക്രട്ടറിയാണ് മലിക് മുഅ്തസിം ഖാന്‍)
വിവ: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍
Comments