Prabodhanm Weekly

Pages

Search

2019 നവംബര്‍ 15

3126

1441 റബീഉല്‍ അവ്വല്‍ 17

തുനീഷ്യയില്‍ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവരുമോ?

മുഹമ്മദ് ഔദാത്ത്

തുനീഷ്യയില്‍ 217 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെുടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് (52 സീറ്റ്) നേടി അന്നഹ്ദയാണ് ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്. നിദാ തൂനിസ് പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയി നബീല്‍ ഖുറവി രൂപീകരിച്ച ഖല്‍ബ് തൂനിസ് 38 സീറ്റ് നേടി രണ്ടാം സ്ഥാനത്തുണ്ട്. ഖല്‍ബ് തൂനിസുമായി അന്നഹ്ദ സഖ്യത്തിലേര്‍പ്പെടുമോ? അല്ലെങ്കില്‍ പുതിയൊരു തെരഞ്ഞെടുപ്പ് വേണ്ടിവരുമോ?
തുനീഷ്യന്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ 52 സീറ്റ് നേടിയ അന്നഹ്ദ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഇസ്ലാമിക രാഷ്ട്രീയ പ്രസ്ഥാനമാണ്. അന്നഹ്ദ പാര്‍ട്ടി തുടക്കത്തില്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ ഭാഗമായിരുന്നെങ്കിലും ആഭ്യന്തര ചര്‍ച്ചകളിലൂടെ പുതിയ പരിഷ്‌കരണങ്ങള്‍ക്ക് വിധേയമാവുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ 38 സീറ്റ് നേടി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പുതിയ മതേതര പാര്‍ട്ടിയായ ഖല്‍ബ് തൂനിസ് രൂപീകൃതമായിട്ട് അഞ്ചില്‍ കുറഞ്ഞ മാസങ്ങളേ ആകുന്നുള്ളൂ. നിദാ തൂനിസ് വിട്ട് നബീല്‍ ഖുറവി രൂപീകരിച്ച പാര്‍ട്ടിയാണ് ഖല്‍ബ് തൂനിസ്. തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളെ  തുടര്‍ന്ന് ബിസിനസ്സുകാരനായ നബീല്‍ ഖുറവി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 22 സീറ്റ് നേടിയ ഡെമോക്രാറ്റിക് കറന്റ് രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടിയാണ്. മുഹമ്മദ് അബ്വിന്റെ നേതൃത്വത്തില്‍ 2013-ലാണ് ഈ പാര്‍ട്ടി രൂപംകൊള്ളുന്നത്. അന്നഹ്ദ സഖ്യകക്ഷികളുടെ പിന്തുണയോടെ ഭരണം നടത്തിയിരുന്ന സമയത്ത് മുഹമ്മദ് അബ്വ് ഭരണപരിഷ്‌കരണ മന്ത്രിയായിരുന്നു. മുന്‍ തുനീഷ്യന്‍ പ്രസിഡന്റ് മുന്‍സിഫ് മര്‍സൂഖ് രൂപീകരിച്ച ഡെമോക്രാറ്റിക് കറന്റിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു മൂഹമ്മദ് അബ്വ്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് രൂപംകൊണ്ട സഖ്യമാണ് ഡിഗ്‌നിറ്റി കോയിലേഷന്‍. ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല. രണ്ട് ഇസ്ലാമിക പാര്‍ട്ടികളും മുന്‍സിഫ് മര്‍സൂഖിനെ പിന്തുണക്കുന്ന ഒരു ഇടതുപക്ഷ പാര്‍ട്ടിയും ചേര്‍ന്ന ഈ സഖ്യം 21 സീറ്റ് നേടി. മുന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ പിന്മുറക്കാരാണ് 2013-ല്‍ രൂപീകൃതമായ സ്വതന്ത്ര ഭരണഘടനാ പാര്‍ട്ടി. ബിന്‍ അലിയുടെ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന ഈ പാര്‍ട്ടി 17 സീറ്റ് നേടി.
അറബ് ദേശീയതയില്‍ നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനമായ പീപ്പ്ള്‍സ് പാര്‍ട്ടി 16 സീറ്റ് നേടി. യാഥാസ്ഥിതിക മതവിഭാഗവും ഈ പാര്‍ട്ടിയില്‍ ഉള്‍പ്പെടുന്നുണ്ട്. ശാഹിദ് നയിക്കുന്ന മതേതര പാര്‍ട്ടിയായ തഹ്യാ തൂനിസിന് 14 സീറ്റുകളുണ്ട്. തുനീഷ്യന്‍ മുന്‍ പ്രധാനമന്ത്രി ബാജി ഖാഇദ് അസ്സബ്സിയുടെ മകന്‍ ഹാഫിദ് അസ്സബ്സിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നിദാ തൂനിസ് പാര്‍ട്ടി വിട്ട ശേഷമാണ് ശാഹിദ് ഈ പാര്‍ട്ടി രൂപീകരിക്കുന്നത്. 2014-ല്‍ തുനീഷ്യ ഭരിച്ച നിദാ തൂനിസ് പാര്‍ട്ടിയില്‍നിന്ന് പുറത്തുപോവുകയും തുടര്‍ന്ന് മശ്റൂഅ് തൂനിസ് എന്ന പേരില്‍ രുപീകരിക്കപ്പെടുകയും ചെയ്ത മതേതര പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ നാല് സീറ്റ് നേടി. 
ശേഷിക്കുന്ന പാര്‍ട്ടികള്‍ മൊത്തം പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ 33 സീറ്റാണ് നേടിയത്. അതില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് യൂനിയനാണ്. ഇടതുപക്ഷ ദേശീയ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് യൂനിയന്‍ അന്നഹ്ദയുടെയും തുനീഷ്യന്‍ ആള്‍ട്ടര്‍നേറ്റീവിന്റെയും  എതിര്‍ചേരിയില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ്.

സര്‍ക്കാര്‍ രൂപവത്കരണം; അന്നഹ്ദയുടെ സാധ്യത
രാഷ്ട്രീയ സഖ്യത്തിലേര്‍പ്പെടാതതെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ അന്നഹ്ദക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല. മന്ത്രിസഭ രൂപീകരിക്കാന്‍ മൊത്തം 109 അംഗങ്ങളുടെ പിന്തുണ വേണം. ഇതര രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെട്ട് 57 സീറ്റ് ലഭ്യമായാല്‍ മാത്രമാണ് അന്നഹ്ദക്ക് ഭരണകൂടം രൂപീകരിക്കാന്‍ കഴിയുക.
മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള സഖ്യം അന്നഹ്ദക്ക് 58 പാര്‍ലമെന്റ് സീറ്റ് കൈവരിക്കാന്‍ ഉതകുന്നതാണെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ വലിയ സാധ്യത കാണുന്നില്ല. ആ മൂന്ന് പാര്‍ട്ടികളുമായി ശക്തമായി വിയോജിച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണ് അന്നഹ്ദ എന്നതാണ് കാരണം. 38 സീറ്റ് നേടിയ ഖല്‍ബ് തൂനിസുമായി സഖ്യസാധ്യത ഇല്ലെന്ന് പറയാം. ഖല്‍ബ് തൂനിസ് പാര്‍ട്ടി അധ്യക്ഷന്‍ നബീല്‍ ഖുറവിയുടെ പ്രസ്താവനയില്‍നിന്ന് അക്കാര്യം വ്യക്തമാണ്. തുനീഷ്യന്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് സമയത്ത് ജയില്‍മോചിതനായ നബീല്‍ ഖുറവി അന്നഹ്ദക്കെതിരെ ശക്തമായി ആഞ്ഞടിച്ചിരുന്നു. ഖൈസ് സഈദ് അന്നഹ്ദ പാര്‍ട്ടിയെയാണ് പ്രതിനിധീകരിക്കുന്നതെന്നും നബീല്‍ ഖുറവി ആരോപിച്ചിരുന്നു. 17 സീറ്റ് നേടിയ ദസ്തൂരി പാര്‍ട്ടിയാണ് മറ്റൊരു സാധ്യത. പക്ഷേ, അന്നഹ്ദക്കെതിരില്‍ നിലകൊള്ളുന്ന സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ പിന്മുറക്കാരാണ് ദസ്തൂരി പാര്‍ട്ടിക്കാര്‍. മൂന്ന് സീറ്റുകളുള്ള തീവ്ര ഇടതുപക്ഷ പാര്‍ട്ടിയായ അല്‍ഇത്തിഹാദ് അശ്ശഅ്ബി അല്‍ജുംഹൂരി പാര്‍ട്ടി പ്രത്യക്ഷമല്ലെങ്കിലും അന്നഹ്ദക്കെതിരെ നിലകൊള്ളുന്ന പാര്‍ട്ടിയാണ്. വളരെ വിദൂരമാണ് ഈ മൂന്ന് പാര്‍ട്ടികളുമായുള്ള അന്നഹ്ദയുടെ സഖ്യസാധ്യത.
22 സീറ്റ് നേടിയ മുഹമ്മദ് അബ്വിന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് കറന്റും 21 സീറ്റ് നേടിയ മുന്‍സിഫ് മര്‍സൂഖിന്റെ ഡിഗ്നിറ്റി പാര്‍ട്ടിയും 14 സീറ്റ് നേടിയ തഹ്യാ തൂനിസും (കഴിഞ്ഞ ഭരണകാലത്ത് അന്നഹ്ദയുടെ സഖ്യകക്ഷിയായിരുന്നു) നാലു സീറ്റ് നേടിയ മശ്റൂഅ് തൂനിസും അടങ്ങുന്ന സഖ്യം രൂപീകരിച്ച് (ആകെ 61 സീറ്റ്) സര്‍ക്കാര്‍ രൂപീകരിക്കുന്നതാണ് അന്നഹ്ദക്ക് മുന്നിലുള്ള ഏറ്റവും അടുത്ത സഖ്യസാധ്യത. ഈ പാര്‍ട്ടികള്‍ക്കെല്ലാം പാര്‍ലമെന്റില്‍ നല്‍കുന്ന പങ്കാളിത്തത്തിന്റെയും മന്ത്രിപദത്തിന്റെയും അനുപാതം അന്നഹ്ദ തീര്‍ച്ചപ്പെടുത്തേണ്ടതുമാണ്. 
സഖ്യമുണ്ടാക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ അന്നഹ്ദ പുതിയ തെരഞ്ഞെടുപ്പിലേക്ക് കടക്കാനായിരിക്കും ഇഷ്ടപ്പെടുക. തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തില്‍ വലിയ തോതില്‍ പരാജയം നേരിട്ട ഖല്‍ബ് തൂനിസ് പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം പുതിയ തെരഞ്ഞെടുപ്പ് പരാജയം ക്ഷണിച്ചുവരുത്തലായിരിക്കും. ഖല്‍ബ് തൂനിസ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ പാര്‍ലമെന്റിലെത്തിയ ഒരു പ്രതിനിധി ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയത് ഖല്‍ബ് തൂനിസിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് അഴിമതിയുമായി ബന്ധപ്പെട്ട ആരോപണത്താല്‍ നബീല്‍ ഖുറവി സംശയത്തിന്റെ നിഴലിലുമായിരുന്നു. അതോടൊപ്പം, അഴിമതി തടയുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും അന്നഹ്ദ പുതിയ പരിഷ്‌കരണ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. കാലാവധി പൂര്‍ത്തിയാക്കാതെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ സാധാരണഗതിയില്‍ ജനം രാഷ്ട്രീയ സുസ്ഥിരതക്കു വേണ്ടി വലിയ രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണക്കുകയാണ് പതിവ്. വീണ്ടുമൊരു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് അന്നഹ്ദ ജനഹിതം ആരാഞ്ഞേക്കും.

ഖൈസ് സഈദും അന്നഹ്ദയും
പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ പരാജയം പാര്‍ലമെന്റില്‍ അന്നഹ്ദയുടെ സാധ്യതക്ക് മങ്ങലേല്‍പിച്ചിരുന്നു. അന്നഹ്ദക്കു മുന്നില്‍ ഒരൊറ്റ പിടിവള്ളിയേ ഉണ്ടായിരുന്നുള്ളൂ. വലിയ രാഷ്ട്രീയ പാരമ്പര്യമില്ലാത്ത നിയമ പ്രഫസര്‍ ഖൈസ് സഈദിനെ പിന്തുണക്കുക. ഖര്‍താജ് കൊട്ടാരത്തിലെ ഖൈസ് സഈദിന്റെ സാന്നിധ്യം അന്നഹ്ദ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ അവരുടെ നയപരിപാടികള്‍ക്ക്  പിന്തുണ ലഭിക്കുമെന്നതിന്റെ സൂചനയാണ്. ജനാധിപത്യവും നിയമവാഴ്ചയും സുസ്ഥിരപ്പെടുത്തുക, അഴിമതിക്കെതിരെ പോരാടുക, സുതാര്യതയും രാജ്യത്തിന്റെ ഉദ്ഗ്രഥനവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വിഷയങ്ങളില്‍ ഖൈസ് സഈദ് അന്നഹ്ദയെ പിന്തുണക്കുന്നു. കൂടാതെ, വൈദേശിക ബന്ധം ശക്തിപ്പെടുത്തുന്നതിലും പ്രത്യേകിച്ച് അള്‍ജീരിയുമായി ബന്ധം നന്നാക്കുന്നതിലും ലിബിയയിലെ പോരാട്ടം അവസാനിപ്പിച്ച് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിലും അന്നഹ്ദക്ക് ഖൈസ് സഈദിന്റെ പിന്തുണ ലഭിക്കും. ഫലസ്ത്വീനുമായി ബന്ധപ്പെട്ട വിഷയത്തിലും അന്നഹ്ദയുടെ നയനിലപാടുകളോട് പൂര്‍ണമായും ഖൈസ് സഈദ് യോജിക്കുന്നുണ്ട്. 
 
അവലംബം: mugtama.com
വിവ: അര്‍ശദ് കാരക്കാട്

Comments

Other Post

ഹദീസ്‌

ബിദ്അത്തുകാര്‍ക്കെതിരെ ജിഹാദ്
നൗഷാദ് ചേനപ്പാടി

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (41-44)
ടി.കെ ഉബൈദ്‌