അക്ഷരമില്ലാത്ത ഭാഷയില്‍ പ്രതികരിക്കുന്ന സദസ്സാണ് പ്രഭാഷകന്റെ വിജയം
(അഭിമുഖം-2)
ഖുര്‍ആനാണ് നിങ്ങളുടെ ഒരു പ്രധാന വിഷയം. ഖുര്‍ആന്റെ മുന്നില്‍ വിനയാന്വിതം ഏറെ ശ്രദ്ധിക്കപ്പെട്ടു. എങ്ങനെയായിരുന്നു ഖുര്‍ആന്‍ പഠനവും എഴുത്തുമൊക്കെ?
ഭാരതീയ ദര്‍ശനങ്ങളും ബൗദ്ധ തത്ത്വശാസ്ത്രവുമൊക്കെ പഠിച്ചതിന്റെ തുടര്‍ച്ചയില്‍ ഇസ്‌ലാമിനെയും അറിയാന്‍ ശ്രമിച്ചു. ഖുര്‍ആനും പ്രവാചക ചരിത്രവുമൊക്കെ പഠനവിധേയമാക്കി. പിക്താളിന്റെ ഖുര്‍ആന്‍ വിവര്‍ത്തനമാണ് ആദ്യം വായിച്ചത്, യൂസുഫലിയുടെ തര്‍ജമയാണ് രണ്ടാമത്. പിക്താള്‍ എന്നെ തൃപ്തനാക്കിയില്ല, യൂസുഫലിയുടെ വിവരണമാണ് ആകര്‍ഷിച്ചത്. സാഹിതീയ ആവിഷ്‌കാരമുണ്ട് യൂസുഫലിയുടെ പരിഭാഷയില്‍, ശാലീനതയുണ്ട്, ശയ്യാ ഗുണമുണ്ട്, ആകര്‍ഷകത്വമുണ്ട്. വിചാരത്തിന്റെ നൈരന്തര്യവും പ്രവാഹ സ്വഭാവവുമാണ് ശയ്യാ ഗുണം. മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട പതിമൂന്നെണ്ണം ഉള്‍പ്പെടെ ഇരുപത്തിമൂന്നോളം ഖുര്‍ആന്‍ വിവര്‍ത്തന വ്യാഖ്യാനങ്ങള്‍ വായിച്ചിട്ടുണ്ട്, ചിലതൊക്കെ റഫറന്‍സിന്റെ ഭാഗമായി പരിശോധിക്കുകയായിരുന്നു. ഖുര്‍ആന്റെ മുന്നില്‍ വിനയാന്വിതം ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ ഇതിന്റെ തുടര്‍ച്ചയില്‍ സംഭവിച്ചതാണ്.
ഒരിക്കല്‍ ശൈഖ് മുഹമ്മദ് കാരകുന്ന് വിളിച്ചു, നമുക്ക് ഖുര്‍ആന്‍ പരിഭാഷപ്പെടുത്തണമെന്ന് പറഞ്ഞു. 'ഞാനോ, അത് സാധ്യമല്ല. ഖുര്‍ആന്‍ പരിഭാഷപ്പെടുത്താന്‍ ഞാനാര്?' അത് ശരിയാവില്ലെന്ന് ഞാന്‍ പറഞ്ഞു. പരിഭാഷക്ക് രണ്ട് ഭാഷകളില്‍ പ്രാവീണ്യം വേണം, ലക്ഷ്യ ഭാഷയിലും മൂലഭാഷയിലും. എനിക്ക് മൂലഗ്രന്ഥത്തിന്റെ ഭാഷ, അറബി അറിയില്ല. ഞാനൊരു മലയാള പണ്ഡിതനല്ല, സാമാന്യം ആശയപ്രകാശനത്തിന് സാധിക്കും എന്നു മാത്രം. ഇതേ മറുപടി പ്രതീക്ഷിച്ചുകൊണ്ടാണ് ശൈഖ് വിളിച്ചത്. 'എന്തുവന്നാലും നമ്മളിത് ചെയ്‌തേ പറ്റൂ. സൂക്തങ്ങളുടെ പരിഭാഷ ഞാന്‍ തയാറാക്കി അയച്ചുതരാം, നിങ്ങളത് ആശയം ഉള്‍ക്കൊണ്ട് നല്ല മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്താല്‍ മതി' - ശൈഖിന്റെ മറുപടി. നിര്‍ബന്ധത്തിന് വഴങ്ങി, ഫാതിഹയുടേത് ചെയ്യാമെന്ന് തല്‍ക്കാലം സമ്മതിച്ചു. അയച്ചു കിട്ടിയ പരിഭാഷ കൈയില്‍ പിടിച്ച്, മേശപ്പുറത്ത് യൂസുഫലി മുതല്‍ പലരുടെയും പരിഭാഷകള്‍ നിരത്തിവെച്ചു. ഓരോ പദവും, സൂക്തവും അവര്‍ എങ്ങനെയാണ് വിവര്‍ത്തനം ചെയ്തതെന്ന് പരിശോധിച്ചു, ശേഷം മലയാള പരിഭാഷ തയാറാക്കി, അയച്ചുകൊടുത്തു. 'വിവര്‍ത്തനം ശരിയായില്ല, കുറച്ച് കഴിഞ്ഞ് ആലോചിക്കാം' എന്നൊക്കെയുള്ള പ്രതികരണം പ്രതീക്ഷിച്ച്, ഭാരം ഒഴിയുമെന്ന ആശ്വാസത്തില്‍ ഇരിക്കുമ്പോഴാണ് ശൈഖിന്റെ മറുപടി വരുന്നത്; 'ഇതു തന്നെയാണ് ഞാന്‍ ആഗ്രഹിച്ചത്, ഇങ്ങനെ മതി!' പിന്‍ വാങ്ങാന്‍ നിവൃത്തിയില്ലാതായി. മേശപ്പുറത്ത് നിന്ന് എല്ലാ പുസ്തകങ്ങളും എടുത്ത് മാറ്റി, ഖുര്‍ആന്‍ പരിഭാഷകളും വ്യാഖ്യാനങ്ങളും മാത്രം നിരത്തിവെച്ചു. ഇരുപത്തിമൂന്ന് ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ മേശപ്പുറത്ത് നിറഞ്ഞു. സയ്യിദ് മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷ ഉള്‍പ്പെടെ (ഇപ്പോള്‍ ഇരുപത്തിമൂന്നിലേറെ ഖുര്‍ആന്‍ വിവര്‍ത്തന വ്യാഖ്യാനങ്ങള്‍ ഇവിടെയുണ്ടാകും). പിന്നീടുള്ള രണ്ടേകാല്‍ കൊല്ലം ഖുര്‍ആന്‍ വിവര്‍ത്തനത്തില്‍ കേന്ദ്രീകരിച്ചു. അങ്ങനെ ബ്രാക്കറ്റ് ഇല്ലാത്ത മലയാളത്തിലെ ആദ്യ ഖുര്‍ആന്‍ പരിഭാഷ, 'ഖുര്‍ആന്‍ ലളിതസാരം' പൂര്‍ത്തിയാക്കി. ബ്രാക്കറ്റ് ഇടുമ്പോള്‍, വാചകങ്ങള്‍ക്ക് ആശയ വ്യക്തതയില്ല എന്നാണര്‍ഥം. അങ്ങനെയൊരു അവ്യക്തതക്ക് ഇടമില്ലാത്ത മലയാള ശൈലിയിലാണ് എന്റെ കഴിവില്‍ നിന്നുകൊണ്ട് 'ഖുര്‍ആന്‍ ലളിതസാരം' തയാറാക്കിയത്. എന്റേതല്ലാത്ത ഒരു മലയാള വാക്ക് അതിലില്ല. പണ്ഡിതനായ ശൈഖ് മുഹമ്മദ് കാരകുന്നാണ് ഈ പുസ്തകത്തിന്റെ സര്‍വകാരകന്‍ എന്ന ബോധ്യം എനിക്കുണ്ട്. ലളിതസാരം എന്ന പേര് നിര്‍ദേശിച്ചതും ശൈഖാണ്. എനിക്കതില്‍ ഒരു അനാകര്‍ഷകത്വം തോന്നിയിരുന്നു. ലളിതവും സാരവത്തുമായത് എന്ന് പിന്നീട് ഞാനത് വിശദീകരിക്കുകയാണുണ്ടായത്.
ദൈവത്തിന്റെ വചനങ്ങള്‍ വിവര്‍ത്തനം ചെയ്യുമ്പോഴുള്ള സായൂജ്യം, അതായിരുന്നു എന്റെ ലക്ഷ്യം; പ്രതിഫലം. സാമ്പത്തികമായി റോയല്‍റ്റിയൊന്നും ഞാന്‍ പ്രതീക്ഷിച്ചില്ല. റോയല്‍റ്റിയുടെ കാര്യത്തില്‍ ഞാന്‍ പരാജയമാണ്. എന്റെ പ്രധാനപ്പെട്ട അഞ്ച് പുസ്തകങ്ങളുടെ കാര്യത്തില്‍ ഞാന്‍ വഞ്ചിക്കപ്പെടുകയായിരുന്നു. ആദ്യം പ്രസിദ്ധീകരിക്കുമ്പോള്‍ 10000 രൂപയോ മറ്റൊ തന്നു, പിന്നീട് 15-20 വര്‍ഷങ്ങളിലേറെയായി, പുതിയ എഡിഷനുകള്‍ ഇറങ്ങിക്കൊണ്ടിരുന്നിട്ടും ഒരു ചില്ലിക്കാശ് എനിക്ക് തന്നിട്ടില്ല. 40 എഡിഷനൊക്കെ ഇറങ്ങിയ പുസ്തകങ്ങളുണ്ട്. പ്രവാചക കഥകള്‍ എന്ന കൃതി എത്ര എഡിഷനുകള്‍ ഇറങ്ങിയെന്ന് അന്വേഷിച്ചു നോക്കൂ! എനിക്ക് ആകെ തന്നത് 15000 രൂപ! പ്രസാധകര്‍ എത്ര ലക്ഷങ്ങള്‍ സമ്പാദിച്ചിട്ടുണ്ടാകും!? വഞ്ചനയും ക്രൂരതയുമാണ് പല പ്രസാധകരും എഴുത്തുകാരോട് ചെയ്യുന്നത്. പുതിയ എഡിഷന്‍ ഇറങ്ങുമ്പോള്‍ നാല് കോപ്പി അയച്ചുതരാനുള്ള സാമാന്യ മര്യാദ പോലും കാണിച്ചിട്ടില്ല. എന്നാല്‍, ഖുര്‍ആന്‍ ലളിതസാരത്തിന്റെ വിഷയത്തില്‍ ഞാന്‍ സന്തോഷവാനാണ്. അതിലൊരു സായൂജ്യമുണ്ട്.
ഖുര്‍ആന്‍ എന്ന പേരിനേക്കാള്‍ എനിക്കിഷ്ടം ഫുര്‍ഖാന്‍ എന്ന നാമമാണ്. ഖുര്‍ആന്‍ വായനയെ കുറിക്കുന്നു, എന്നാല്‍ ഫുര്‍ഖാന്‍ സത്യാസത്യവിവേചകമാണ്. പ്രപഞ്ചം മുഴുവന്‍ ശരിതെറ്റുകള്‍ നിറഞ്ഞു നില്‍ക്കുകയാണ്. ധര്‍മാധര്‍മങ്ങള്‍ കുമിഞ്ഞു നില്‍ക്കുന്നു. നന്മ- തിന്മകള്‍ നിറഞ്ഞ് വഴിഞ്ഞ് മനുഷ്യര്‍ കുഴഞ്ഞ് നില്‍ക്കുന്ന ഈ ലോകത്ത് നമുക്ക് ഏറ്റവുമാവശ്യം ശരിയും തെറ്റും വേര്‍തിരിക്കുന്ന ഉരക്കല്ലാണ്. മനുഷ്യന്‍ ആശയക്കുഴപ്പത്തില്‍ അകപ്പെടുമ്പോള്‍ അതല്ല, ഇതാണ് ശരിയെന്ന് പറയാനുള്ള മാനദണ്ഡമാണ് ഫുര്‍ഖാന്‍. ഖുര്‍ആന്റെ തീം മനുഷ്യനാണ്.
ഖുര്‍ആനോട് നമുക്ക് മൂന്ന് ബാധ്യതകളുണ്ട്. ഒന്ന്, ഖുര്‍ആന്‍ എന്താണെന്നറിയണം. ശുദ്ധമായ ഖുര്‍ആന്‍ നിയതമായ സ്വരത്തില്‍ പഠിക്കാന്‍ കഴിയണം. രണ്ട്, അതനുസരിച്ച് ജീവിക്കണം. പൂര്‍ണമായും അത് സാധിക്കുമോ എന്നറിയില്ല. ബഹുസ്വര സമൂഹത്തില്‍ പല തരം പരിമിതികളുണ്ടാകാം. പക്ഷേ, വൈരുധ്യങ്ങള്‍ സംഭവിക്കാന്‍ പാടില്ല. ഞാന്‍ ഏകദൈവത്വം പ്രസംഗിക്കുകയും ശേഷം അപ്പുറത്ത് പോയി ബഹുദൈവത്തെ, വിഗ്രഹങ്ങളെ പൂജിക്കുകയും ചെയ്യാന്‍ പറ്റില്ല. ഈ വൈരുധ്യം എന്റെ ജീവിതത്തിലില്ല. ഞാന്‍ അമ്പലത്തില്‍ പ്രസംഗിക്കാറുണ്ട്, പൂജിക്കാറില്ല. പറയുന്നത് ചെയ്യണം, ചെയ്യുന്നതേ പറയാവൂ. ഇതാണല്ലോ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മൂന്ന്, ഖുര്‍ആന്‍ അതിന്റെ അവകാശികളായ മുഴുവന്‍ മനുഷ്യര്‍ക്കും എത്തിക്കണം, അവകാശികളായ എല്ലാവരും എന്നത് പ്രധാനമാണ്. വിടവാങ്ങല്‍ പ്രഭാഷണത്തില്‍ പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്; ഇവിടെ വന്നവര്‍ എന്നില്‍ നിന്ന് കേട്ടു, വരാത്തവരെ ഇത് അറിയിക്കണം. നാമത് ചെയ്യുന്നുണ്ടോ?
താങ്കളുടെ മാസ്റ്റര്‍ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രന്ഥമാണ് ഖുര്‍ആന്റെ മുന്നില്‍ വിനയാന്വിതം. എങ്ങനെയായിരുന്നു ഇതിന്റെ പിറവി ?
എന്റെ പ്രേഷ്ഠ ഗ്രന്ഥമായ ഖുര്‍ആന്‍ പഠിച്ച് മുന്നോട്ട് പോയപ്പോള്‍ രൂപപ്പെട്ടു വന്ന ആശയങ്ങളില്‍ ചിലതൊക്കെ എഴുതിയേ തീരൂ എന്ന് മനസ്സ് നിര്‍ബന്ധിക്കാന്‍ തുടങ്ങി. പ്രബോധനം വാരിക ഉള്‍പ്പെടെ പലയിടങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത വിസ്മയകരമായിരുന്നു. അതില്‍ നിന്നുണ്ടായ പ്രചോദമാണ് ആ ലേഖനങ്ങള്‍ സമാഹരിച്ച്, ആവശ്യമായവ കൂട്ടിച്ചേര്‍ത്ത് പുസ്തകമാക്കാന്‍ കാരണമായത്. മലയാളികള്‍ അത് സര്‍വാത്മനാ സ്വീകരിച്ചത് സന്തോഷകരം തന്നെ.
ഖുര്‍ആന്റെ മുന്നില്‍ വിനയാന്വിതം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പലരെയും സമീപിച്ചെങ്കിലും നടന്നില്ല. അവസാനം പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് ഫറോക്കിലെ രണ്ട് ഇംഗ്ലീഷ് പണ്ഡിതന്മാരെ ചുമതലപ്പെടുത്തി. അവര്‍ കഠിനാധ്വാനം ചെയ്തു. വിവര്‍ത്തനം ചെയ്യുന്ന ഭാഗങ്ങള്‍ രണ്ടാഴ്ചയിലൊരിക്കല്‍ എനിക്ക് അയച്ചു തരും. മനസ്സില്‍ തോന്നുന്ന അഭിപ്രായം അങ്ങനെത്തന്നെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ഞാന്‍ പ്രതികരണമെഴുതിക്കൊണ്ടിരുന്നു. പുസ്തകം പൂര്‍ത്തിയായി, ദല്‍ഹിയിലെ ഗ്ലോബല്‍ പബ്ലിഷേഴ്‌സാണ് പുറത്തിറക്കിയത്. എന്റെ പേര് വെച്ചില്ലെങ്കിലും വിവര്‍ത്തകരുടെ പേര് ഉള്‍പ്പെടുത്തിയാണ് ഇറക്കേണ്ടതെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ, അവരുടെ പേര് ഇല്ലാതെയാണ് അച്ചടിച്ചത്, അത് എന്നെ വിഷമിപ്പിച്ചു. പ്രസാധകര്‍ മൂന്ന് നാല് കോപ്പികള്‍ അയച്ചു തന്നു. പതിനയ്യായിരം കോപ്പി അച്ചടിച്ചു, പെട്ടെന്ന് തന്നെ വിറ്റുതീര്‍ന്നു. നൂറ് കോപ്പി കിട്ടിയാല്‍ കുറച്ചു പേര്‍ക്ക് കൊടുക്കാമായിരുന്നുവെന്ന് പ്രസാധകരോട് പറഞ്ഞു. നൂറ് കോപ്പി അയച്ചു കിട്ടി. സിദ്ദീഖ് ഹസന്‍ സാഹിബ് കാശ് കൊടുത്ത് വാങ്ങി അയച്ചതാണെന്ന് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. ജമാഅത്തെ ഇസ്‌ലാമിയില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ച വ്യക്തിത്വമാണ് സിദ്ദീഖ് ഹസന്‍ സാഹിബ്. എന്റെ ഗുരുസ്ഥാനീയനാണ് അദ്ദേഹം. വലിയ ഹൃദയത്തിന്റെ ഉടമ. ഇസ്‌ലാമിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഭീകരതയിലേക്ക് ചേര്‍ത്ത് ചിലര്‍ ആരോപിക്കുമ്പോള്‍ ഇങ്ങനെ ചില പേരുകള്‍ എന്റെ മുമ്പില്‍ വന്നു നില്‍ക്കും. ഇവരൊക്കെ ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തെ ഭീകരവാദികളായി ചിത്രീകരിക്കാന്‍ ജീവനുള്ള കാലത്തോളം ഞാന്‍ അനുവദിക്കില്ല. സുപ്രീം കോടതിയല്ല, അതിനപ്പുറത്തും ഇവര്‍ക്ക് വേണ്ടി വാദിക്കുമെന്ന് ഞാന്‍ പറയാറുണ്ട്.
പ്രഭാഷണം താങ്കളുടെ പ്രിയപ്പെട്ടൊരു മേഖലയാണ്. പതിനായിരക്കണക്കായ പ്രഭാഷണങ്ങള്‍ നടത്തി. പ്രഭാഷണ കലയെക്കുറിച്ച് പുസ്തകമെഴുതി. എങ്ങനെയാണ് താങ്കളിലെ പ്രഭാഷകന്‍ രൂപപ്പെട്ടത്?
കണ്ണൂര്‍ ചൊവ്വയിലെ ഹൈസ്‌കൂളില്‍ ഫിഫ്ത് ഫോറത്തില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ പൊതു പ്രഭാഷണം. ഞാന്‍ മുണ്ട് ഉടുക്കാന്‍ തുടങ്ങിയിട്ടില്ല, ട്രൗസറാണ്. ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച പരിപാടിയാണ്, 1951-ല്‍. സ്‌കൂള്‍ മാനേജര്‍ ഭാര്‍ഗവന്‍ മാസ്റ്റര്‍ സ്വാഗതം, ഉദ്ഘാടനം അന്നത്തെ മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.കെ കുമാരന്‍, അധ്യക്ഷത മലയാളം പണ്ഡിതന്‍ സി. കണ്ണന്‍, ടൗണ്‍ സെക്കന്ററി സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ സി. കരുണാകരന്‍ എം.എ.എല്‍.ടി പ്രഭാഷകന്‍, ഇതായിരുന്നു പരിപാടിയുടെ സ്വഭാവം. വിദ്യാര്‍ഥി പ്രതിനിധിയായിട്ടാണ് ഞാന്‍ പ്രസംഗിച്ചത്. വ്യത്യസ്തമായൊരു തുടക്കത്തോടെ, സാമാന്യം നീണ്ട പ്രസംഗം ചെയ്തു, സ്റ്റേജില്‍ നിന്ന് ഇറങ്ങിയപ്പോള്‍ എന്റെ മലയാളം അധ്യാപകന്‍ വിദ്വാന്‍ കെ.കെ പണിക്കര്‍ അടുത്ത് വന്നു, 'എടാ, നീ ഒരു വാണിദാസിനെപ്പോലെ സംസാരിച്ചു' എന്ന് പറഞ്ഞ് എന്നെ അദ്ദേഹത്തിന്റെ നെഞ്ചോടമര്‍ത്തി. ആ ആലിംഗനത്തിന്റെ ചൂട് ഞാന്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ട്. അതായിരുന്നു ആദ്യത്തെ അനുഭവം. വാണിദാസ് എന്ന് അദ്ദേഹം വിശേഷിപ്പിച്ചത് മനസ്സിനുള്ളിലവിടെ കിടന്നു. പിന്നീട് ഫാറൂഖ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോള്‍ കോഴിക്കോട് ക്രിസ്ത്യന്‍ കോളേജില്‍ നടന്ന ഇന്റര്‍ കോളേജ്യസ് പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. കോളേജിന്റെ അന്നത്തെ പ്രിന്‍സിപ്പല്‍ പ്രഫ. സയ്യിദ് മൊയ്തീന്‍ ഷായും മലയാളം അധ്യാപകന്‍ എ.പി.പി നമ്പൂതിരിയും എന്നെ വിളിപ്പിച്ചു, പ്രസംഗ മത്സരത്തില്‍ ഗംഗാധരന്‍ പങ്കെടുക്കണം എന്ന് പറഞ്ഞു. നാല്‍പ്പത്തിയെട്ട് മത്സരാര്‍ഥികള്‍. വിഷയമെഴുതിയ കടലാസ് കൈയില്‍ കിട്ടിയ ശേഷം ഇരുനൂറ് വാര നടക്കുന്ന സമയമാണ് പ്രസംഗത്തെക്കുറിച്ച് ആലോചിക്കാനുള്ളത്. 'നെഹ്‌റുവിന്റെ വിദേശ നയം' ആണ് എനിക്ക് കിട്ടിയ വിഷയം. പ്രസംഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു; അന്ന് മത്സരാര്‍ഥിയായി കൊടുത്ത പേര് വാണിദാസ് ആയിരുന്നു, എന്റെ ഗുരുനാഥന്‍ തന്ന ആ വിശേഷണം മനസ്സിനുള്ളില്‍ നിന്ന് തള്ളി പുറത്തു വരികയായിരുന്നു. അന്ന് ഞാന്‍ കവിത എഴുതുമായിരുന്നു, എ.പി.പി നമ്പൂതിരി മാഷാണ് പരിശോധിച്ച് തിരുത്തിത്തരിക. കൊല്ലത്ത് 'മലയാള രാജ്യം' നടത്തിയ അഖില കേരള കവിതാമത്സരത്തിലും എന്നെ പങ്കെടുപ്പിച്ചു, വാണിദാസ് എന്ന പേരില്‍ തന്നെ. ഒന്നാം സമ്മാനമായി ഇരുന്നൂറ്റി അമ്പത് രൂപയുടെ പുസ്തകങ്ങള്‍ കിട്ടി. അങ്ങനെയാണ്, നാടിന്റെ പേരു കൂടി ചേര്‍ത്ത് വാണിദാസ് എളയാവൂര് എന്ന തൂലികാനാമം സ്വീകരിച്ചത്; എന്റെ പേര് ഗംഗാധരന്‍ നമ്പ്യാര്‍ ആണെന്നത് പലര്‍ക്കും അറിയില്ല.
അധ്യാപന ജീവിതത്തോടൊപ്പം പ്രഭാഷണങ്ങളും മൂന്നോട്ട് പോയി. ജോലി ലീവെടുത്ത് പ്രസംഗിക്കാന്‍ പോകാറില്ലായിരുന്നു. സ്‌കൂള്‍ കഴിഞ്ഞ ശേഷവും അവധി ദിവസങ്ങളിലുമായിരുന്നു പ്രഭാഷണ യാത്രകള്‍. പലപ്പോഴും രാത്രി പന്ത്രണ്ട് /ഒരു മണിയോടെയാകും വീട്ടില്‍ തിരിച്ചെത്തുക. വായിച്ച്, ചിന്തിച്ച് മുന്നൊരുക്കത്തോടെയാണ് പ്രഭാഷണം നടത്തുക. ചിലപ്പോള്‍ നോട്ട്‌സ് തയാറാക്കും. 1967 ആയപ്പോഴേക്കും പ്രസംഗം ആയിരം തികഞ്ഞു. അതിനു ശേഷമാണ് പ്രസംഗത്തിന്റെ വസന്തം. സാഹിത്യം, സംസ്‌കാരം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളാണ് വിഷയം, രാഷ്ട്രീയവും ഇടക്ക് വിഷയമായി. 2018-ല്‍ പ്രസംഗം നിര്‍ത്തുന്നതിന് മുമ്പുള്ള പത്തിരുപത് വര്‍ഷങ്ങള്‍ ഇസ്‌ലാമിനെക്കുറിച്ചാണ് സംസാരിച്ചത്. പ്രസംഗം വഴി കെ.പി.സി.സി മെമ്പറായ അനുഭവവുമുണ്ട് എനിക്ക്. 1969-ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കെ.കെ വിശ്വനാഥനായിരുന്നു വൈസ് പ്രസിഡന്റ്. പിളര്‍പ്പാനന്തരം പ്രസിഡന്റായ കെ.കെ വിശ്വനാഥന്‍ കണ്ണൂര്‍ സന്ദര്‍ശിക്കുകയുണ്ടായി. അഭിവാദന പ്രസംഗം ചെയ്യാന്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ എന്നെ ക്ഷണിച്ചു. ജില്ലാ നേതാവ് കെ. കുഞ്ഞമ്പു വീട്ടില്‍ വന്നാണ് ക്ഷണിച്ചത്, ഹരിജന്‍ കുഞ്ഞമ്പു എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്. പിന്നീട് അദ്ദേഹം മന്ത്രിയാവുകയുണ്ടായി. ഇന്നത്തെ കോണ്‍ഗ്രസല്ല, പഴയ കോണ്‍ഗ്രസ് പാര്‍ട്ടിയല്ലേ! ഈ ക്ഷണം എനിക്ക് ബഹുമതിയായി തോന്നി. ചേംബര്‍ ഹാളില്‍ പ്രഭാഷണം കഴിഞ്ഞ്, നാലാം നാള്‍ കത്ത് വന്നു; നിങ്ങളെ കെ.പി.സി.സി മെമ്പറായി തെരഞ്ഞെടുത്തിരിക്കുന്നു. അതിലും അഭിമാനവും സന്തോഷവും തോന്നി; കേരളവും കേന്ദ്രവും ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരളത്തിലെ ഉന്നത സമിതിയല്ലേ! കേന്ദ്രമന്ത്രിയായിരുന്ന ഉണ്ണികൃഷ്ണനൊക്കെയുണ്ട് സമിതിയില്‍. പക്ഷേ, കെ.പി.സി.സി യോഗത്തില്‍ പങ്കെടുത്തതോടെ പാര്‍ട്ടിയെക്കുറിച്ച എല്ലാ മതിപ്പും പോയി. നാല്‍പ്പത്തിയെട്ട് പേര്‍ പ്രസംഗിച്ച യോഗമൊക്കെ ഉണ്ടായിട്ടുണ്ട്. രണ്ടു തവണയേ യോഗത്തിന് പോയുള്ളൂ, പിന്നെ നിര്‍ത്തി.
എല്ലാ ഗള്‍ഫ് നാടുകളിലും പ്രഭാഷണാവശ്യാര്‍ഥം യാത്ര ചെയ്തു. നൂറ്റിയറുപത്തിയേഴ് പ്രഭാഷണങ്ങള്‍ ഗള്‍ഫില്‍ മാത്രം ചെയ്തിട്ടുണ്ട്. ഷാര്‍ജയില്‍ നടത്തിയ സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ പ്രസംഗം ഒഴികെ നൂറ്റി അറുപത്തിയാറും ഇസ്‌ലാമിനെക്കുറിച്ചായിരുന്നു. എല്ലാ വിഭാഗക്കാരും ഉള്‍പ്പെടുന്ന മലയാളി സദസ്സാണ് പൊതുവില്‍ ഉണ്ടാവുക. ചില പ്രഭാഷണ കല പഠിക്കാന്‍ വേണ്ടി വരുന്നവരായിരിക്കും. ഖത്തറില്‍ ഒരു വലിയ സദസ്സിനു മുമ്പില്‍ നടത്തിയ സുദീര്‍ഘമായ പ്രഭാഷണം കേള്‍ക്കാന്‍ അറബികളും ഉണ്ടായിരുന്നു. ഭാഷ മനസ്സിലായില്ലെങ്കിലും മുഴുനീളം പങ്കെടുത്ത അവര്‍ പ്രസംഗം ആസ്വദിച്ചുവെന്നാണ് മനസ്സിലായത്. ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് പ്രസന്റേഷന്‍ സെന്ററിന്റെ ചെയര്‍മാന്‍ വേദിയിലുണ്ടായിരുന്നു. മൂന്ന് പുസ്തകങ്ങള്‍ എഴുതാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ പുസ്തകം തയാറാക്കി അയച്ചുകൊടുത്തു, ഒന്ന് മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും. മൂന്ന് ലക്ഷം കോപ്പി വീതമാണ് അച്ചടിച്ചതെന്നാണ് അറിയാനായത്. അവയുടെ അമ്പത് കോപ്പിയും, നന്ദിസൂചകമായി മികച്ച പതിനാറ് ഹദീസ് ഗ്രന്ഥങ്ങളും അവരെനിക്ക് അയച്ചു തന്നു. എല്ലാ റമദാനിലും ഈത്തപ്പഴം കൊറിയര്‍ അയച്ചുതരുന്നത് ഇപ്പോഴും തുടരുന്നു. ഇങ്ങനെ സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കുന്നവരും ലോകത്തുണ്ട്.
പ്രസംഗം മടുത്തു എന്ന് ആരും പറഞ്ഞിട്ടില്ല. ചിലപ്പോഴൊക്കെ പോരാ എന്നെനിക്ക് സ്വയം തോന്നിയിട്ടുണ്ട്. വളരെ ആധുനികമായ ശാസ്ത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൈയിലുള്ള ആയുധങ്ങള്‍ പോരാ എന്ന തോന്നല്‍! കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു പ്രസംഗം ചെയ്ത് മടങ്ങവെ, ഗെയ്റ്റില്‍ പത്തു പതിനഞ്ച് പെണ്‍കുട്ടികള്‍ കാറിനു മുന്നില്‍ വന്നു, സ്‌നേഹവും സന്തോഷവും പ്രകടിപ്പിക്കാനായിരുന്നു. ആ സംഘത്തില്‍പെട്ട റുഖിയ്യ എന്ന ഒരു വിദ്യാര്‍ഥിനി, തിരുവനന്തപുരത്തെ ഒരു ഡി. വൈ. എസ്. പിയുടെ മകള്‍, ഒരു ഫൗണ്ടന്‍ പേന സമ്മാനമായി തന്നു. അവള്‍ ഉപയോഗിക്കുന്ന പേനയാണ് തന്നത്, അതിന്റെ മൂല്യം വലുതാണ്. ഗള്‍ഫിലെ ഒരു ചാനലിനു വേണ്ടി, റമദാനില്‍ ഏതാണ്ട് മുപ്പത് ദിവസവും സംപ്രേഷണം ചെയ്യാനുള്ള പ്രഭാഷണ പരമ്പര ഇവിടെ നിന്ന് ഷൂട്ട് ചെയ്ത് കൊണ്ടുപോയി. അവിടെ സംപ്രേഷണം ചെയ്യുന്നത് കേരളത്തിലും കാണാമായിരുന്നു. ഒരു ദിവസം സിനിമാ നടന്‍ മമ്മൂട്ടി എന്നെ ഫോണില്‍ വിളിച്ചു; 'പ്രഭാഷണം കേട്ടു, നന്നായിട്ടുണ്ട്' എന്നു പറഞ്ഞ് സന്തോഷം പങ്കുവെച്ചു. ഏറെ തിരക്കുള്ള മമ്മൂട്ടിയെപ്പോലൊരാള്‍ റമദാനില്‍ രാത്രി പ്രഭാഷണം കേള്‍ക്കാന്‍ സമയം കണ്ടെത്തുക മാത്രമല്ല, വിളിച്ച് പ്രതികരണം അറിയിക്കുകയും ചെയ്തത് എന്നെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു. എന്റെ ഇണയും അദ്ദേഹത്തോട് സംസാരിച്ചു.
സദസ്സ് പ്രസംഗകനോടൊപ്പമാണെന്ന് ബോധ്യം വരുന്ന സന്ദര്‍ഭങ്ങളാണ്, പ്രഭാഷകന്‍ എന്ന നിലക്ക് എനിക്ക് ഏറ്റവും സന്തോഷം തന്നത്. പ്രഭാഷണം സദസ്സിനെ പിടിച്ചെടുത്തു കഴിഞ്ഞാല്‍ അക്ഷരമില്ലാത്ത ഭാഷയില്‍ അവര്‍ പ്രതികരിക്കും, അത് നമുക്ക് സ്റ്റേജില്‍ അനുഭവിക്കാനാകും. അതിന് നാം നടത്തുന്നത് പ്രസംഗമായിരിക്കണം! വിചാര നൈരന്തര്യമാണ് പ്രഭാഷണത്തിന്റെ പ്രധാന ഗുണം. അഞ്ച് പോയിന്റുകള്‍ അവതരിപ്പിക്കാനുണ്ടെങ്കില്‍, ഒന്ന് ഒന്നിനോട് കോര്‍ത്ത്, ചുറ്റിയെടുത്ത്, അവസാനം ഒരു ബിന്ദുവില്‍ ഒന്നിപ്പിക്കുക. അനുവാചക മനസ്സില്‍ ആശയങ്ങള്‍ നട്ടു മുളപ്പിക്കുന്നതാണ് നല്ല പ്രസംഗം, സ്റ്റേജിലെ വലിയ ബഹളം വെക്കലുകളോട് എനിക്ക് പുഛമാണ്. നല്ല പ്രസംഗത്തിന്റെ ലക്ഷണം ബഹളം വെക്കലല്ല, മുഴക്കമുണ്ടാക്കലാണ്, വിചാര തലങ്ങളിലെ മുഴക്കം.
ഇന്ത്യയിലെ ഏറ്റവും മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച അധ്യാപക ജീവിതമാണ് താങ്കളുടേത്. അധ്യാപകന്‍ എന്ന നിലക്കുള്ള വാണിദാസ് എളയാവൂരിനെക്കുറിച്ച്?
ഏകദേശം മുപ്പത്തിയാറ് വര്‍ഷം അധ്യാപകനായിരുന്നു ഞാന്‍. ആദ്യം എനിക്ക് അധ്യാപനത്തോട് താല്‍പര്യമില്ലായിരുന്നു, അധ്യാപകന്‍ ആയിപ്പോയതാണ്. എന്നാല്‍, അധ്യാപക ജീവിതം തുടങ്ങിയ ശേഷമാണ് അത് ദൈവം തന്ന അനുഗ്രഹമാണെന്ന് ബോധ്യം വന്നത്. അധ്യാപനമല്ലാത്ത മറ്റൊരു തൊഴിലായിരുന്നെങ്കില്‍ ഞാന്‍ വല്ല കടുംകൈയും ചെയ്തു പോകുമായിരുന്നു, അത്ര തീക്ഷ്ണമാണ് എനിക്ക് അധ്യാപനത്തോടുള്ള അടുപ്പം. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളെ ഞാന്‍ തൊട്ടു തലോടി പഠിപ്പിച്ച് കടന്ന് പോയി. കുട്ടികള്‍ക്ക് അറിയേണ്ടതെല്ലാം ചോദിക്കാനുള്ള സ്വാതന്ത്ര്യം എന്റെയും അവരുടെയും മുമ്പിലുണ്ടായിരുന്നത് കൊണ്ട്, ക്ലാസുകള്‍ സചേതനമായി. വിദ്യാലയത്തിലെ, ക്ലാസ് മുറികളിലെ അച്ചടക്കമെന്നാല്‍ നിശ്ശബ്ദതയല്ല. വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന നൂറു നൂറ് ചോദ്യങ്ങള്‍, അവയോടുള്ള അധ്യാപകന്റെ ഗുണപരമായ പ്രതികരണങ്ങള്‍ എന്നിവയാല്‍ ക്രിയാത്മക അര്‍ഥത്തില്‍ ബഹളമയമാകണം ക്ലാസ് മുറികള്‍. കുട്ടികള്‍ എന്ത് ചോദിച്ചാലും ഉത്തരം പറയാന്‍ അധ്യാപകന് കഴിയണം. നാളെ, നോക്കിയിട്ട് പറയാം എന്ന് നീട്ടിവെക്കാന്‍ ഇടയാകരുത്, ഞാന്‍ അതിന് ഇടവരുത്തിയിരുന്നില്ല, അത്രയും മുന്നൊരുക്കങ്ങളോടെയാണ് ക്ലാസില്‍ പോയിരുന്നത്.
കുട്ടികള്‍ക്ക് അറിവ് കൊടുക്കലാണ് വിദ്യാഭ്യസം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ തീര്‍ക്കലാണ് യഥാര്‍ഥത്തില്‍ വിദ്യാഭ്യാസം. പുറത്തുള്ളത് കുത്തിക്കോരിയെടുത്ത്, കുട്ടികളുടെ തലച്ചോറിന്റെ അളുക്കുകള്‍ വിടര്‍ത്തി അതിനകത്ത് നിറച്ചു കൊടുക്കുന്നതാണ് വിദ്യാഭ്യാസം എന്ന് വിശ്വസിക്കാനുള്ള മൗഢ്യം എനിക്കില്ല, അന്നും ഇന്നും. ദൈവദത്തമായ ചില സിദ്ധികളുണ്ട് കുട്ടികള്‍ക്ക്. ഒരു കുട്ടിയും ഒന്നുമില്ലാത്തവനല്ല, അനുഗൃഹീതമായ പലതുമുള്ളവനാണ്. അത് കണ്ടെത്തി തട്ടിയുണര്‍ത്താനും പ്രോജ്ജ്വലിപ്പിക്കാനും കഴിയുക എന്നതാണ് അധ്യാപനം. ഒരു കുട്ടിയുടെ ഉള്ളില്‍ ദൈവം സൂക്ഷിച്ച വിലമതിക്കാനാകാത്ത അമാനത്തുകളുണ്ട് എന്ന് ഇസ്‌ലാം പറയുന്നു, ആ അമാനത്തുകളെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കണം. അമാനത്തുക്കളെ കണ്ടറിഞ്ഞ് പുറത്തേക്കെടുക്കലാണ് വിദ്യാഭ്യാസം.
അധ്യാപനത്തിനു പുറമെ, പാഠ പുസ്തക സമിതിയിലും ബാലസാഹിത്യ രചനാ സംഘത്തിലും അംഗമായി വിദ്യാഭ്യാസത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്ന തരത്തില്‍ അവയില്‍ ഇടപെടാനാണ് ശ്രമിച്ചത്. സാധ്യമാകുന്നത്ര മനപ്പാഠം പഠിപ്പിക്കാന്‍ ശ്രമിക്കണം എന്നാണ് എന്റെ നിലപാട്, അഭിപ്രായ ഭിന്നതയുള്ള വിഷയമാണിത്. ആയിരം ശ്ലോകം പഠിച്ചാല്‍ അരക്കവിയായി എന്നൊരു ചൊല്ലുണ്ട്. വിദ്യാര്‍ഥി മനഃപാഠം പഠിക്കണം, അവനറിയാതെ അവനെ സ്വാധീനിക്കാന്‍ ആ വരികള്‍ക്ക് കഴിയണം. എന്നിലെ അധ്യാപകന്, ഇന്ത്യാ ഗവണ്‍മെന്റിന്റെ പുരസ്‌കാരം ലഭിച്ചപ്പോള്‍ അതൊരു സായൂജ്യമായി. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നായി എട്ടുപേരെ ഗവണ്‍മെന്റ് തെരഞ്ഞെടുത്തു. കണ്ണൂരില്‍ നിന്ന് ദല്‍ഹിയിലെത്തിയ ഞാന്‍ ഏഴു പേരോടൊപ്പം പരീക്ഷക്ക് വിധേയനായി. എട്ട് രണ്ടായി ചുരുങ്ങിയപ്പോള്‍ രണ്ടിലൊരാളായി. ഒടുവില്‍ ഒന്നാമനായി അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും മികച്ച അധ്യാപകനാവുക എന്നതിലപ്പുറം നിര്‍വൃതി എന്തുണ്ട്! അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള സമാഗമം, അദ്ദേഹത്തിന്റെ വീട്ടിലെ വിരുന്ന്, രാഷ്ട്രപതി ഗ്യാനി സെയില്‍ സിംഗില്‍ നിന്ന് പുരസ്‌കാര സ്വീകരണം, മനസ്സ് നിറഞ്ഞ നിമിഷങ്ങളായിരുന്നു.
പതിനായിരക്കണക്കായ ശിഷ്യന്മാരാണ് അധ്യാപകന്‍ എന്ന നിലക്കുള്ള എന്റെ വലിയ സമ്പത്ത്. 1991-ല്‍ വിരമിച്ചു. അധ്യാപനത്തില്‍ നിന്ന് പിരിയുകയാണല്ലോ എന്നോര്‍ത്ത് ആ സന്ദര്‍ഭത്തില്‍ പൊട്ടിക്കരഞ്ഞുപോയി. മറ്റെന്ത് വിശേഷണം ആര് പറഞ്ഞാലും, രാഷ്ട്രപതിയാല്‍ സമ്മാനിതനായ മികച്ച അധ്യാപകന്‍ എന്നതാണ് സംതൃപ്തി നല്‍കുന്ന അംഗീകാരം. ഞാന്‍ ആദ്യം അധ്യാപകനാണ്, മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ എല്ലാം അതിനു ശേഷമേ ഉള്ളൂ. സ്വയം മേന്മ നടിക്കാനല്ല, അധ്യാപകന്റെ പദവിയും മഹത്വവും സമൂഹത്തെയും അധ്യാപകരെയും ബോധ്യപ്പെടുത്താനാണ് ഇത്രയും പറഞ്ഞത്. ഭൗതികമായ പെരുമയല്ല, ആത്മീയമായ അസദൃശതയുണ്ട് അധ്യാപകര്‍ക്കുള്ള അംഗീകാരത്തില്‍.
താങ്കളെ കൂടുതല്‍ സ്വാധീനിച്ച അധ്യാപകന്‍ ആരാണ്?
ഒരു പാട് പേരുണ്ട്, അവരില്‍ ഏറ്റവുമധികം സ്വാധീനിച്ച ഒരാളെ പ്രത്യേകം പറയുക സാധ്യമല്ല. എങ്കിലും, ഹൈസ്‌കൂള്‍ ക്ലാസുകളില്‍ മലയാളം പഠിപ്പിച്ച വിദ്വാന്‍ കെ.കെ പണിക്കരെയാണ് ഞാന്‍ കൂടുതല്‍ ആദരവോടെ അനുസ്മരിക്കുന്നത്. കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്ന അദ്ദേഹത്തിന്റെ അഭിനന്ദനത്തില്‍ നിന്നാണ് വാണിദാസ് എന്ന തൂലികാനാമം എനിക്ക് കിട്ടിയത്. ഒരു വിദ്യാര്‍ഥിയുടെ പ്രസംഗം മുഴുവന്‍ കേട്ട്, ആസ്വദിച്ച്, വിലയിരുത്തി അഭിനന്ദിക്കാനുള്ള അദ്ദേഹത്തിന്റെ മനസ്സ് അധ്യാപകര്‍ക്ക് മാതൃകയാണ്. ഫാറൂഖ് കോളേജില്‍ എന്റെ അധ്യാപകനായിരുന്ന പ്രഫ. എ.പി പി നമ്പൂതിരിയെ ഞാന്‍ ഓര്‍ക്കുന്നത് കുറേ അറിവ് തന്നതു കൊണ്ടല്ല, അതിനപ്പുറത്ത് രചനയിലും പ്രസംഗത്തിലുമൊക്കെ പ്രോത്സാഹിപ്പിച്ചിരുന്നത് കൊണ്ടാണ്.
പ്രൈമറി തലത്തിലാണ് പൊതുവില്‍ മികച്ച അധ്യാപകരുണ്ടാവുക. ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ നല്ല അധ്യാപകര്‍ കുറഞ്ഞ് വരും, കോളേജിലെത്തുമ്പോള്‍ പിന്നെയും ശുഷ്‌കമാകും. ഒറ്റപ്പെട്ട അനുഭവങ്ങളുണ്ടാകാം. പ്രൈമറി ക്ലാസുകളില്‍ നിന്ന് കോളേജുകളിലെത്തുമ്പോള്‍ അധ്യാപകര്‍ പ്രഭാഷകരായി (lecturers) മാറുന്നു.
ആരാണ് യഥാര്‍ഥത്തില്‍ വിജയിച്ച അധ്യാപകന്‍?
വിദ്യാര്‍ഥികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നവനാണ് നല്ല, വിജയിച്ച അധ്യാപകന്‍. ആത്മാര്‍ഥതയും സ്‌നേഹവുമാണ് അധ്യാപകനാകാനുള്ള അടിസ്ഥാന യോഗ്യത. സ്‌നേഹിക്കാനറിയുന്ന അധ്യാപകനെ ഒരു വിദ്യാര്‍ഥിയും അംഗീകരിക്കാതിരിക്കില്ല. ഞാന്‍ വല്ലാതെ ചൂരല്‍ പ്രയോഗിക്കുന്ന, ശിക്ഷിക്കുന്ന പ്രകൃതക്കാരനായിരുന്നു. പക്ഷേ എന്നെയാണ് മറ്റാരേക്കാളും കുട്ടികള്‍ സ്‌നേഹിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. സ്വധര്‍മം നിര്‍വഹിക്കാനായാല്‍ ആദരിക്കപ്പെടാതിരിക്കില്ല. രാഷ്ട്രപതിയുടെ അവാര്‍ഡിനേക്കാളും ഗവണ്‍മെന്റിന്റെ പുരസ്‌കാരത്തേക്കാളും അധ്യാപകന് വിലപ്പെട്ടത് വിദ്യാര്‍ഥികളുടെ ഹൃദയദാനമാണ്.
ആത്മാര്‍ഥതയും സ്‌നേഹവുമാണ് ഇന്നത്തെ അധ്യാപകന് നഷ്ടപ്പെട്ട് പോയത്. കുട്ടികളെ സ്‌നേഹിക്കാനറിയില്ല പലര്‍ക്കും. ആത്മാര്‍ഥതയുണ്ടെങ്കില്‍ കര്‍മരാഹിത്യമുണ്ടാകില്ല, കുട്ടികളെ നാളേക്ക് വേണ്ടി രൂപപ്പെടുത്തിയെടുക്കാന്‍ അധ്യാപകന്‍ പരിശ്രമിക്കും. സ്വധര്‍മം നിര്‍വഹിക്കാനറിയാത്തത് അധ്യാപകന്റെ പരാജയമാണ്. ഇന്ന് വിദ്യാര്‍ഥികളില്ല, പരീക്ഷാര്‍ഥികളേ ഉള്ളൂ എന്നതും ദുഃഖസത്യമാണ്. വിദ്യയെ അര്‍ഥിക്കുന്നവനാണ് വിദ്യാര്‍ഥി. വിദ്യ എന്ന അനവദ്യമായ ഒന്ന് സ്വായത്തമാക്കുകയല്ല, ഇന്ന് ലക്ഷ്യം പരീക്ഷ മാത്രമാണ്. അധ്യാപകനില്ല, പരീക്ഷാ സഹായിയാണുള്ളത്. ഗുരു എന്നാല്‍ ഇരുട്ട് അകറ്റുന്നവന്‍ എന്നാണര്‍ഥം. കുട്ടികളുടെ മനസ്സില്‍ നിറയുന്ന ഇരുട്ട് ഇല്ലാതാക്കുന്നവനാണ് ഗുരുനാഥന്‍.
വിചാരം, വാക്ക്, പ്രവൃത്തി എന്നിവ ചേര്‍ന്നതാണ് മനുഷ്യന്‍. നല്ല വിചാരം, അതില്‍ നിന്ന് വരുന്ന നല്ല വാക്ക്, നല്ല പ്രവൃത്തി ഇതു മൂന്നും ഒന്നാക്കി കൊണ്ടുവരാന്‍ കഴിയുന്നവനാണ്, ഉത്തമ മനുഷ്യന്‍, മാതൃകാ അധ്യാപകന്‍. മനസ് ഏകോ, വചസ് ഏകോ, കര്‍മണ്യ ഏകോ മഹാത്മനാ! മനസ്സും വചസ്സും കര്‍മവും ഒന്നായിരിക്കുന്നവന്‍ മഹാത്മാവായി. മനസ്സ് അന്യത്ത്, വചസ്സ് അന്യത്ത്, കര്‍മണ്യ അന്യത്ത് ദുരാത്മനാ! വിചാരവും വര്‍ത്തമാനവും പ്രവര്‍ത്തനവും വിരുദ്ധമായവന്‍ ദുശിച്ചവനാണ്. അങ്ങനെയുള്ളവന് ആത്മാര്‍ഥത കാണിക്കാന്‍ കഴിയില്ല. ആത്മാര്‍ഥതയില്ലാത്ത അധ്യാപകരോട് വിദ്യാര്‍ഥിക്കും സമൂഹത്തിനും പുഛമായിരിക്കും, ഉള്ളവരോട് ആദരവും.
എവിടെയാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന് പിഴച്ചത്?
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ മാറിപ്പോയി. അറിവുകൊടുക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് വന്നു. അതിനു വേണ്ടി കരിക്കുലം, സിലബസ്, പാഠ പുസ്തകം തുടങ്ങിയവയുടെ പരിഷ്‌കരണത്തില്‍ ശ്രദ്ധിച്ചു. ഇത് ശരിയായ സമീപനമല്ല. വിദ്യാഭ്യാസ സംവിധാനത്തില്‍ മൗലികമായ മാറ്റം വരണം. വിദ്യാര്‍ഥിയുടെ കഴിവുകള്‍ വളര്‍ത്തുകയാണ് ലക്ഷ്യമാകേണ്ടത്. മനുഷ്യന്റെ സഹജാവബോധത്തെ (Instinct), നിര്‍ജീവമായി കിടക്കുന്ന വാസനകളെ, ഉള്‍പ്രേരണകളെ തട്ടിയുണര്‍ത്തി വളര്‍ത്തിയെടുക്കണം.
ഡോ. രാധാകൃഷ്ണന്‍ ഒരിക്കല്‍ മദ്രാസില്‍ വന്നു. അദ്ദേഹത്തെ സന്ദര്‍ശിച്ച അധ്യാപകര്‍ ഒരു ചോദ്യം ഉന്നയിച്ചു: 'ഒരു അധ്യാപകന് കഴിവാണോ (efficiency), ആത്മാര്‍ഥതയാണോ (sincerity) വേണ്ടത്?' രാധാക്യഷ്ണന്റെ മറുപടി: 'നിങ്ങളുടെ നൂറാം ക്ലാസ് കഴിവ് ആര്‍ക്കു വേണം? ആന്മാര്‍ഥതയാണ് ഒരു അധ്യാപകന് എപ്പോഴും അവശ്യം വേണ്ടത്!' ആത്മാര്‍ഥതയില്ലെങ്കില്‍ കഴിവുണ്ടായിട്ടും കാര്യമില്ല, കഴിവ് അല്‍പം കുറവാണെങ്കിലും ആത്മാര്‍ഥത കൊണ്ട് ആ കുറവ് നികത്താന്‍ കഴിയും, അതിന് അയാള്‍ പരിശ്രമിക്കും. തന്റെ കര്‍മത്തോട് മനസ്സാ അടുപ്പം പുലര്‍ത്തുന്നവന് മാത്രമേ അതില്‍ വിജയിക്കാനാകൂ.
(അവസാനിച്ചു)
Comments