അദ്ദാസിന്റെ മുന്തിരി; റസൂലിന്റെ പുഞ്ചിരി ത്വാഇഫ് യാത്രയിലെ പാഠങ്ങള്‍
തിരുനബി(സ)യോട് പ്രിയപത്‌നി ആഇശ (റ) ഒരിക്കല്‍ ചോദിച്ചു: 'ഉഹുദ് യുദ്ധ ദിനത്തേക്കാള്‍ വിഷമകരമായ വല്ല ദിവസവും അങ്ങയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ?' റസൂലിന്റെ പിതൃവ്യന്‍ ഹംസ (റ) അടക്കം എഴുപതോളം സ്വഹാബികള്‍ രക്തസാക്ഷികളാവുകയും മുസ്‌ലിംകള്‍ക്ക് കനത്ത നഷ്ടമുണ്ടാകുകയും ചെയ്ത യുദ്ധമാണല്ലോ അത്. അതുകൊണ്ടാണ് ആഇശ അങ്ങനെ ചോദിച്ചത്. എന്നാല്‍, റസൂല്‍ പറഞ്ഞത് ഇങ്ങനെ: 'ഞാന്‍ ത്വാഇഫിലേക്ക് അഭയം തേടിപ്പോയ ദിനമാണ് ഏറ്റവും കഠിനമായത്.'
ഹിജ്‌റ പത്താം വര്‍ഷം ശവ്വാലിലാണ് ആ യാത്രയുണ്ടായത്. റസൂലിന്റെ ജീവിതത്തില്‍ താങ്ങും തണലുമായിരുന്ന പ്രിയ പത്‌നി ഖദീജയും (റ) പിതൃവ്യന്‍ അബൂത്വാലിബും മരണമടഞ്ഞിട്ട് വര്‍ഷത്തോളമായിരുന്നു. നിരാലംബരായ പെണ്‍മക്കള്‍ മാത്രമാണ് അവിടുത്തോടൊപ്പം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ശത്രുക്കളുടെ പീഡനം പാരമ്യത്തിലേക്ക് കടന്നിരുന്നു.
മുനീബുല്‍ അസ്ദീ ഓര്‍ക്കുന്നു: ജാഹിലിയ്യാ കാലത്തെ ഒരു പ്രഭാതം. റസൂല്‍ പറയുകയാണ്; 'ജനങ്ങളേ, അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് പറയൂ, എങ്കില്‍ നിങ്ങള്‍ വിജയികളാകും'. ഇതു കേള്‍ക്കേണ്ട താമസം, ചിലരൊക്കെ അവിടുത്തെ മുഖത്തേക്ക് തുപ്പി. മറ്റു ചിലര്‍ മണ്ണു വാരി എറിഞ്ഞു. പലരും അവിടുത്തെ തെറി വിളിക്കാന്‍ തുടങ്ങി. ആള്‍ക്കൂട്ടത്തിന് നടുവില്‍ നിസ്സഹായനായി റസൂല്‍ നിന്നു. അങ്ങനെ പകല്‍ പകുതിയായപ്പോള്‍ ഒരു പെണ്‍കുട്ടി വെള്ളപ്പാത്രവുമായി വന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു. അവിടുത്തെ മുഖവും കൈകളും അവള്‍ കഴുകി വൃത്തിയാക്കി. അപ്പോള്‍ റസൂല്‍ പറഞ്ഞു: 'മോളേ, നിന്റെ ഉപ്പ പതിതനാണെന്നും ആലംബമില്ലാത്തവനാണെന്നും നീ വിചാരിക്കരുത്, അല്ലാഹു നിന്റെ ഉപ്പാക്ക് തുണയായുണ്ട്.' മുനീബുല്‍ അസ്ദീ പറയുന്നു: ഞാന്‍ ആളുകളോട് ചോദിച്ചു: 'ഏതാണ് ഈ പെണ്‍കുട്ടി?' അവര്‍ പറഞ്ഞു: 'അത് റസൂലിന്റെ മകള്‍ സൈനബ് ആണ്.' കുലീനയായൊരു പെണ്‍കുട്ടിയായിരുന്നു അത് (ത്വബറാനിയുടെ മുഅ്ജമുല്‍ കബീറില്‍നിന്ന്).
മലയാളത്തിന്റെ മഹാകവി വള്ളത്തോളിന്റെ കരളലിയിപ്പിച്ച ഈ രംഗം അദ്ദേഹത്തിന്റെ 'പാംസുസ്‌നാന'ത്തില്‍ ഇങ്ങനെ കാണാം:
'ആമൂര്‍ധപാദം പൊടിമണ്‍ പുരണ്ട
പിതാവിനെക്കണ്ടതിവെമ്പലോടെ
താന്‍താന്‍ കുളിപ്പിപ്പതിനായ് മുതിര്‍ന്നൂ
തണ്ണീര്‍ക്കുടംകൊണ്ട, ഴലാണ്ട പുത്രീ:
പിടിച്ചിരുത്തീ, ച്ചളി പോക്കുവാനായ്-
പ്പകര്‍ന്ന കുംഭോദകമോടുകൂടീ,
താതന്റെ ഗാത്രങ്ങളിലാപതിച്ചൂ,
കുമാരിയാള്‍ തന്‍ ചുടുകണ്ണീരും.
മാലാര്‍ന്നു കേഴും മകളെത്തലോടി-
ക്കൊണ്ടാശ്വസിപ്പിച്ചു സുശാന്തശീലന്‍:
'നിന്നഛനെക്കാത്തരുളാതിരിക്കി-
ല്ലള്ളാഹു; പാഴില്‍ കരയായ്ക കുഞ്ഞേ!'
മക്കയിലെ അഭയമഖിലം നഷ്ടപ്പെട്ട സന്ദര്‍ഭത്തിലാണ് ത്വാഇഫിലേക്കുള്ള യാത്രയുണ്ടാകുന്നത്. മാതാവ് ആമിന ബീവിയുടെ ബന്ധുക്കളായ സഖീഫ് ഗോത്രക്കാരും പോറ്റുമ്മ ഹലീമ ബീവിയുടെ അയല്‍വാസികളും അവിടെയുണ്ടായിരുന്നു. 96 കി.മീ ദൈര്‍ഘ്യമുള്ള ത്വാഇഫിലേക്കുള്ള വഴി അതീവ ദുര്‍ഘടമായിരുന്നു. വളര്‍ത്തു മകനായ സൈദു ബ്‌നു ഹാരിസ(റ)യോടൊപ്പം കാല്‍നടയായാണ് അത്രയും ദൂരം യാത്ര ചെയ്തത്. കഠിനമായ ചൂടും പൈദാഹവും മൂലം ക്ഷീണിച്ച് അവശരായാണ് ഇരുവരും ത്വാഇഫിലെത്തിയത്.
എന്നാല്‍, അന്നാട്ടിലെ പൗരപ്രമുഖന്മാരായ അബ്ദുല്ലയാലിബ്‌നു അംറ്, സഹോദരന്മാരായ മസ്ഊദ്, ഹബീബ് എന്നിവരെ കണ്ട് ആവശ്യം അറിയിച്ചതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. റസൂലിന്റെ ആവശ്യം നിരാകരിച്ചെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ക്രൂരമായ ഭാഷയില്‍ അവര്‍ അസഭ്യം പറഞ്ഞു. നിറഞ്ഞ മനോവേദനയോടെ റസൂല്‍ അവര്‍ക്കു മുമ്പില്‍ ഒരഭ്യര്‍ഥന വെച്ചു. തനിക്ക് അഭയം നല്‍കിയിട്ടില്ലാ എന്ന വിവരം മക്കക്കാരെ അറിയിക്കരുത്. എന്നാല്‍, മര്യാദകെട്ട ആ സമൂഹം ആ ആവശ്യം തിരസ്‌കരിച്ചു. പിന്നീട് അവിടെ നടന്ന 'ആള്‍ക്കൂട്ട ആക്രമണം' സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തിരിച്ചുപോകാന്‍ തുടങ്ങിയ റസൂലിന്റെയും സൈദിന്റെയും പിന്നാലെ തെരുവു ബാലന്മാരും അക്രമികളും കൂടി. അവര്‍ കൂവി വിളിക്കാനും കരിങ്കല്‍ കഷ്ണങ്ങള്‍ കൊണ്ട് എറിയാനും തുടങ്ങി. മറ്റുള്ളവര്‍ അത് ആസ്വദിക്കുന്നവരായി! ഏറു കൊണ്ട് റസൂലിന്റെ കണങ്കാല്‍ പൊട്ടി ചോരയൊഴുകി. സൈദിന്റെ തലക്ക് മുറിവേറ്റ് മുഖമാകെ രക്തം പടര്‍ന്നു.
വല്ല വിധേനയും അവിടന്ന് രക്ഷപ്പെട്ട അവര്‍ മക്കയിലേക്കുള്ള വഴിയില്‍ കണ്ട ഒരു തോട്ടത്തിലേക്ക് കയറി. മക്കയിലെ റസൂലിന്റെ എതിരാളികളായ ഉത്ബത്തു ബ്‌നു റബീഅ, സഹോരന്‍ ശൈബ എന്നിവരുടെ തോട്ടമായിരുന്നു അത്. റസൂലിന്റെ അവസ്ഥ കണ്ട് സഹതാപം തോന്നിയ അവര്‍ തോട്ടം പരിപാലിക്കുന്ന ചെറുപ്പക്കാരനോട് റസൂലിന് വെള്ളവും പഴങ്ങളും നല്‍കാന്‍ കല്‍പ്പിച്ചു.
റസൂല്‍ അവിടെയുള്ള ഒരു മരത്തിലേക്ക് ചാരിയിരുന്നു. ഇരുകൈകളും ആകാശത്തേക്കുയര്‍ത്തി. കണ്ണുകള്‍ സജലങ്ങളായി. നെഞ്ചു പൊട്ടുന്ന വാക്കുകളായിരുന്നു പിന്നെ:
'അല്ലാഹുവേ, എന്റെ ബലഹീനതയിലും അശക്തമായ ഉപായങ്ങളിലും ജനങ്ങള്‍ക്കിടയിലെ പതിതാവസ്ഥയിലും ഞാന്‍ നിന്നോട് ആവലാതി പറയുന്നു. കരുണാവാരിധിയായവനേ, നീ ദുര്‍ബലരുടെ രക്ഷിതാവാണ്, എന്റെയും റബ്ബാണ്. ആരിലേക്കാണ് നീയെന്നെ ഏല്‍പ്പിച്ചുകൊടുക്കുന്നത്? എന്റെ ശത്രുവിലേക്കോ? അല്ലാഹ്, എല്ലാവരും എന്നെ വെറുത്താലും നിനക്കെന്നോട് വെറുപ്പില്ലെങ്കില്‍ എനിക്കൊന്നും പ്രശ്‌നമില്ല. ഇരുട്ടറകളില്‍ വെളിച്ചം വിതറുന്ന നിന്റെ പ്രകാശം കൊണ്ട് നിന്നോട് ഞാന്‍ കാവല്‍ തേടുന്നു.'
പെട്ടെന്ന് മേഘം തണലിട്ട പോലെ റസൂലിന് തോന്നി. അവിടുന്ന് തല ഉയര്‍ത്തിയപ്പോള്‍ കണ്ടത് ജിബ്‌രീലിനെയാണ്.
അദ്ദേഹം റസൂലിനോട് പറഞ്ഞു: 'മുഹമ്മദ്, ഈ സമൂഹം താങ്കളോട് പറഞ്ഞ മറുപടി അല്ലാഹു കേട്ടിരിക്കുന്നു. അവര്‍ താങ്കളോട് എന്ത് ചെയ്തുവെന്നും അവന്‍ അറിഞ്ഞിരിക്കുന്നു. ഇതാ എന്നോടൊപ്പം പര്‍വതങ്ങളുടെ മലക്കിനെ അയച്ചിട്ടുണ്ട്.'
ആ മലക്ക് റസൂലിനോട് സലാം പറഞ്ഞു. ശേഷം തുടര്‍ന്നു: 'മുഹമ്മദ്, ഈ സമൂഹത്തിന്റെ കാര്യത്തില്‍ താങ്കളുടെ കല്‍പ്പന പോലെ പ്രവര്‍ത്തിക്കാനാണ് അല്ലാഹു എന്നെ അയച്ചിരിക്കുന്നത്. താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആ രണ്ടു മലകള്‍ക്കിടയില്‍ ഞെരിച്ച് അവരെ മുഴുവന്‍ നശിപ്പിച്ചുകളഞ്ഞേക്കാം.'
ഈ വാക്കുകള്‍ കേട്ടപ്പോള്‍ ദയാനിധിയായ ദൈവദൂതന്റെ പ്രതിവചനം ഇങ്ങനെയായിരുന്നു:
'വേണ്ട! അല്ലാഹു ഈ സമൂഹത്തിന്റെ തലമുറകളില്‍നിന്ന് അവനെ മാത്രം ആരാധിക്കുന്ന ഒരു സമൂഹത്തെ പുറപ്പെടീക്കട്ടെ എന്നാണ് എന്റെ ആഗ്രഹം' (ബുഖാരിയില്‍നിന്ന്).
ഇത്രയും കഴിഞ്ഞപ്പോഴാണ് തോട്ടക്കാരന്റെ വരവ്. പറിച്ചെടുത്ത പാകമായ മുന്തിരി അദ്ദേഹം റസൂലിന്റെ മുമ്പിലേക്ക് വെച്ചു. അവിടുന്ന് മുന്തിരി കൈയിലെടുത്ത് 'ബിസ്മില്ലാഹ്' എന്നുച്ചരിച്ചുകൊണ്ട് വായിലേക്കിട്ടു. അത്ഭുതത്തോടെ തോട്ടക്കാരന്‍ പറഞ്ഞു: 'ഈ നാട്ടുകാരൊന്നും ഇങ്ങനെ പറയുന്നത് കേട്ടിട്ടില്ലല്ലോ.'
റസൂല്‍: 'നീ ആരാണ്, ഏതു നാട്ടുകാരനാണ്?'
തോട്ടക്കാരന്‍: 'ഞാന്‍ അദ്ദാസ്, ക്രിസ്ത്യാനിയാണ്, നീനവെഹ് സ്വദേശിയാണ്.'
ഉടനെ റസൂല്‍ പറഞ്ഞു: 'നല്ലവനായ യൂനുസ് ബിന്‍ മത്തായുടെ നാട്ടുകാരന്‍, അല്ലേ?'
അദ്ദാസിന്റെ കണ്ണുകള്‍ വിടര്‍ന്നു. തന്റെ നാട്ടില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകനെ ഇദ്ദേഹത്തിന് എങ്ങനെ അറിയാം!
ആ ചോദ്യം കേട്ടപാടെ റസൂല്‍ പറഞ്ഞു: 'യൂനുസ് എന്റെ സഹോദരനാണ്. അദ്ദേഹം പ്രവാചകനാണ്, ഞാനും പ്രവാചകന്‍ തന്നെ.'
പിന്നെ അദ്ദാസിന് ക്ഷമിക്കാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹം മുട്ടുകുത്തി നിലത്തിരുന്നു. റസൂലിന്റെ തിരു ശിരസ്സിലും കൈകളിലും കാലിലും ചുംബനങ്ങള്‍ അര്‍പ്പിച്ചു. പിന്നെ പ്രഖ്യാപിച്ചു: 'അല്ലാഹു അല്ലാതെ ആരാധ്യനില്ല, അങ്ങ് അല്ലാഹുവിന്റെ ദൂതനാകുന്നു' (സീറ ഇബ്‌നു ഹിശാമില്‍നിന്ന്).
കാര്‍മേഘങ്ങള്‍ക്കിടയില്‍ പൂര്‍ണ ചന്ദ്രനെന്ന പോലെ ആ സങ്കടത്തിലും റസൂലിന്റെ മുഖത്ത് പുഞ്ചിരിയുടെ പൂനിലാവ് ഉദിച്ചു. മുന്തിരിയുടെ മധുരം നാവില്‍ കിനിഞ്ഞ നിമിഷം തന്നെ അദ്ദാസിന്റെ ശഹാദത്ത് അവിടുത്തെ ഹൃദയത്തില്‍ കുളിര് പകരുകയായിരുന്നു.
പിന്നെ റസൂല്‍ വെറുതെ ഇരുന്നില്ല. ത്വാഇഫുകാര്‍ അഭയം നല്‍കാത്ത വിവരം മക്കക്കാര്‍ അറിഞ്ഞിരിക്കും എന്ന് അവിടുത്തേക്ക് തോന്നിയിരുന്നു. അതിനാല്‍, തനിക്ക് സംരക്ഷണം നല്‍കാന്‍ അവിടുന്ന് മക്കയിലെ പ്രമുഖനായ അഖ്‌നസുബ്‌നു ശരീഖിനോട് അഭ്യര്‍ഥിച്ചു. പക്ഷേ, അഖ്‌നസ് ഈ അഭ്യര്‍ഥന തള്ളിക്കളഞ്ഞു. രണ്ടാമതായി, റസൂല്‍ സുഹൈലുബ്‌നു അംറിനോട് സഹായാഭ്യര്‍ഥന നടത്തി. എന്നാല്‍, അയാളും സംരക്ഷണം ഏറ്റെടുത്തില്ല. അവസാനം റസൂല്‍ മുത്ഇമുബ്‌നു അദിയ്യിനോട് സഹായം തേടി. അദ്ദേഹം റസൂലിന്റെ അപേക്ഷ സ്വീകരിച്ചു. തന്റെ ആറു മക്കളോടൊപ്പം ആയുധ പാണിയായി അദ്ദേഹം കഅ്ബയെ വലം വെച്ചു. താന്‍ മുഹമ്മദിന് സംരക്ഷണം നല്‍കിയിരിക്കുന്നുവെന്ന് ഉറക്കെ പ്രഖ്യാപിച്ചു. അങ്ങനെയാണ് റസൂല്‍ സമാധാനത്തോടെ മക്കയില്‍ പ്രവേശിച്ചത്. ഈ സംരക്ഷണം ഹിജ്‌റ വരെ തുടര്‍ന്നു.
ഹിജ്‌റ രണ്ടാം വര്‍ഷം നടന്ന ബദ്ര്‍ യുദ്ധത്തില്‍ മുത്ഇം പങ്കെടുത്തിരുന്നു. അദ്ദേഹവുമായി ഏറ്റുമുട്ടരുതെന്ന് സ്വഹാബികളോട് റസൂല്‍ നിര്‍ദേശിക്കുകയുണ്ടായി. യുദ്ധത്തില്‍നിന്ന് മാറിനില്‍ക്കണമെന്ന് മുത്ഇമിനെയും റസൂല്‍ ഉപദേശിച്ചു. പക്ഷേ, അദ്ദേഹം ആ വാക്കുകള്‍ ചെവിക്കൊണ്ടില്ല. അങ്ങനെ യുദ്ധത്തിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ മുത്ഇം കൊല്ലപ്പെട്ടു. യുദ്ധശേഷം 150-ഓളം ശത്രുക്കള്‍ ബന്ദികളായി പിടിക്കപ്പെട്ടു. പലരെയും മോചനദ്രവ്യം നല്‍കി സ്വതന്ത്രരാക്കാന്‍ ബന്ധുക്കള്‍ വന്നുകൊണ്ടിരുന്നു. ആ സമയത്ത് റസൂല്‍ പറഞ്ഞു: 'അദിയ്യിന്റെ മകന്‍ മുത്ഇം ജീവിച്ചിരിക്കുകയും അദ്ദേഹം എല്ലാവരെയും മോചിപ്പിക്കണമെന്ന് എന്നോട് ആവശ്യപ്പെടുകയും ചെയ്താല്‍ മുഴുവന്‍ ആളുകള്‍ക്കും ഞാന്‍ മോചനം നല്‍കുമായിരുന്നു' (ബുഖാരിയില്‍നിന്ന്).
തിരുനബിയുടെ ചരിത്രത്തിലെ വളരെ ചെറിയൊരു ഏടാണിത്. മുസ്‌ലിം ഉമ്മത്തിന് ഒട്ടേറെ പാഠങ്ങള്‍ ഈ സംഭവം പകര്‍ന്നുനല്‍കുന്നുണ്ട്.
Comments