Prabodhanm Weekly

Pages

Search

2019 നവംബര്‍ 15

3126

1441 റബീഉല്‍ അവ്വല്‍ 17

പ്രതിസന്ധികള്‍ മറികടക്കാന്‍ ദൃഢവിശ്വാസവും ഇഛാശക്തിയും

സയ്യിദ് സആദത്തുല്ല ഹുസൈനി

ഇന്ത്യന്‍ മുസ്‌ലിംകള്‍ കടന്നുപോകുന്ന സാഹചര്യങ്ങള്‍ മുന്നില്‍ വെച്ച് ആലോചിച്ചാല്‍, അവര്‍ക്ക് മറ്റെന്തിനേക്കാളും ഇന്ന് അത്യന്താപേക്ഷിതമായിട്ടുള്ളത് അവര്‍ തങ്ങളുടെ ആദര്‍ശവും വിശ്വാസവും കരുത്തുറ്റതാക്കുക എന്നതാണെന്നു കാണാനാവും. ഇതുവഴി മാത്രമേ അവരില്‍ പ്രതീക്ഷയും സ്വാശ്രയ ബോധവും, സ്വന്തം കഴിവുകളില്‍ വിശ്വാസമര്‍പ്പിച്ച് സാഹചര്യങ്ങളെ മാറ്റിത്തിരുത്താനുള്ള ഇഛാശക്തിയും വളര്‍ത്തിയെടുക്കാന്‍ കഴിയുകയുള്ളൂ. പക്ഷേ, മുസ്‌ലിം സമൂഹത്തില്‍പെട്ട ചില എഴുത്തുകാരും പത്രപ്രവര്‍ത്തകരുമൊക്കെ അവരില്‍ ഭീതിയും അപകര്‍ഷബോധവും നിരാശയും വളര്‍ത്തുകയാണ് തങ്ങളുടെ ദൗത്യമെന്ന മട്ടിലാണ് എഴുതിക്കൊണ്ടിരിക്കുന്നത്. ചില സംഭവങ്ങളെ പെരുപ്പിച്ചുകാട്ടി ഭാവിയില്‍ ഒരു പ്രതീക്ഷക്കും വകയില്ലായെന്ന് എഴുതിവിടുന്നു. മുസ്‌ലിം സമൂഹത്തെ കണക്കിന് ഭര്‍ത്സിക്കുന്നുമുണ്ട്. പൊതുസമൂഹം മൊത്തം എതിരായിക്കഴിഞ്ഞെന്നു തോന്നും അവരുടെ എഴുത്ത് കണ്ടാല്‍. ലിഞ്ചിംഗ്, ജനസംഖ്യാ രജിസ്‌ട്രേഷന്‍ സംബന്ധമായ ഗസറ്റ് നോട്ടിഫിക്കേഷന്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുസ്‌ലിംകള്‍ ഒരിടത്തും സുരക്ഷിതരല്ലെന്ന ഭീതി പടര്‍ത്താന്‍ ശ്രമിക്കുന്നു. ദല്‍ഹിയിലെ റോഡിലൂടെ നടക്കുമ്പോള്‍ താന്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാകുമെന്ന പേടിയുണ്ട് എന്നാണ് ഒരാള്‍ പറഞ്ഞത്. ട്രെയിനില്‍ വെച്ച് വാക്കേറ്റമോ മറ്റോ ഉണ്ടായപ്പോള്‍ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്, താന്‍ ലിഞ്ചിംഗില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു എന്നായിരുന്നു. ഇത്തരം കാര്യങ്ങള്‍ ധാരാളമായി എഴുതപ്പെടുമ്പോള്‍ രാജ്യനിവാസികളില്‍ ബഹുഭൂരിഭാഗവും വര്‍ഗീയവാദികളും ഇസ്‌ലാംവിരുദ്ധരുമൊക്കെയായി മാറി എന്ന തെറ്റായ ധാരണയാണ് സൃഷ്ടിക്കപ്പെടുക. സെക്യുലര്‍ കക്ഷികള്‍ വരെ വര്‍ഗീയതയുടെ പക്ഷത്താണ്, മുസ്‌ലിംകളോട് മമത കാണിക്കുന്നവരായി ആരുമില്ല, മുസ്‌ലിം നേതാക്കള്‍ക്കോ സംഘടനാ നേതാക്കള്‍ക്കോ സമുദായത്തോട് യാതൊരുവിധ സഹാനുഭൂതിയുമില്ല എന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ കൊഴുക്കുന്നു. ഉര്‍ദു സോഷ്യല്‍ മീഡിയയിലാണ് ഭയം ജനിപ്പിക്കുന്ന മട്ടിലുള്ള ഇത്തരം പ്രചാരണങ്ങള്‍ അധികവും കണ്ടുവരുന്നത്.
ഇങ്ങനെ ഭയവും നിരാശയും പടര്‍ത്തിയതുകൊണ്ട് എന്തു നേട്ടമുണ്ടാകാനാണ്? ഇതുകൊണ്ട് ഏതെങ്കിലും പ്രശ്‌നത്തിന് പരിഹാരമാകുമോ? ഇസ്‌ലാമിന്റെ ശത്രുക്കള്‍ ആഗ്രഹിക്കുന്നത്, മുസ്‌ലിംകള്‍ നിരാശരും പ്രതീക്ഷയറ്റവരുമായി മാറണമെന്നാണ്. ഒരു സമൂഹം നേരിടുന്ന ഏറ്റവും വലിയ ദുരന്തം ഏതെന്നു ചോദിച്ചാല്‍, പ്രതീക്ഷയില്ലായ്മയും നിരാശയും എന്നാകും ഉത്തരം. കലുഷിതാവസ്ഥകള്‍ക്ക് അല്‍പായുസ്സായിരിക്കും. പക്ഷേ ഇഛാശക്തി തകര്‍ക്കുകയും ഭയം ജനിപ്പിക്കുകയും ചെയ്യുന്ന വിധമാണ് പ്രചാരണമെങ്കില്‍, അത്തരമൊരു മാനസികാവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നതെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെക്കാലം നമ്മെ അലട്ടിയേക്കും. ഈ മാനസികാവസ്ഥ പ്രതീക്ഷകളെയും സ്വയംപര്യാപ്തതയെയും ഇല്ലാതാക്കും. പുരോഗതിയിലേക്ക് മുന്നേറാനുള്ള ത്രാണി നശിപ്പിച്ചുകളയും. സാമ്പത്തിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും മുരടിപ്പിക്കും. ഭീതിയിലും നിരാശയിലും കുരുങ്ങിപ്പോയ ഒരു വിഭാഗത്തെ നശിപ്പിക്കാന്‍ ശത്രു വരേണ്ട കാര്യമൊന്നുമില്ല. അവരില്‍ കൂടുകൂട്ടിയ ഉത്കണ്ഠകളും മുന്‍ധാരണകളും മതി അവരെ സ്വയം നശിപ്പിക്കാന്‍.

ഇസ്‌ലാമിക വിശ്വാസവും കലുഷിതാവസ്ഥകളും

നിരാശയുടെയും ഭയത്തിന്റെയും മാനസികാവസ്ഥകളോട് യുദ്ധപ്രഖ്യാപനം നടത്തുന്ന ദര്‍ശനമാണ് ഇസ്‌ലാം. അല്ലാഹുവിലും അവന്റെ ശക്തിവിശേഷങ്ങളിലും ദൃഢവിശ്വാസമുള്ള ഒരാളെയും നിരാശ പിടികൂടാവതല്ല. ''അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിരാശരാവാതിരിക്കൂ. ദൈവകാരുണ്യത്തെക്കുറിച്ച് നിരാശരാകുന്നവര്‍ ദൈവനിഷേധികളായ ജനവിഭാഗം മാത്രമാകുന്നു'' (ഖുര്‍ആന്‍ 12:87). നിരാശയെ പ്രപഞ്ചനാഥന്‍ എത്രയധികം വെറുക്കുന്നുവെന്ന് ഇനി പറയുന്ന ഖുര്‍ആനിക സൂക്തത്തില്‍നിന്ന് വ്യക്തമാവും: ''ഇഹത്തിലും പരത്തിലും അല്ലാഹു തനിക്ക് ഒരു സഹായവും ചെയ്യില്ലെന്ന് കരുതുന്നവന്‍ ഒരു കയറ് വഴി ആകാശങ്ങള്‍ ചെന്ന് അത് പിളര്‍ക്കട്ടെ. എന്നിട്ടവന്‍ നോക്കട്ടെ, തനിക്ക് ക്രോധകരമായതിനെ തടുക്കാന്‍ തന്റെ ഈ തന്ത്രത്തിന് സാധിച്ചുവോ എന്ന്'' (22:15).
ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ മൗലാനാ അബുല്‍ കലാം ആസാദ് എഴുതുന്നു: (സൂക്തത്തിലെ 'ഫല്‍ യംദുദ് ബിസബബിന്‍ ഇലസ്സമാഅ്  സുമ്മല്‍ യഖ്ത്വഅ്' എന്ന ഭാഗത്തിന് നാം കൊടുത്ത അര്‍ഥമല്ല അദ്ദേഹം കൊടുത്തിരിക്കുന്നത്. 'അവന്‍ മേല്‍പ്പുരയില്‍ കയറ് കെട്ടി ആത്മഹത്യ ചെയ്യട്ടെ' എന്നാണ് അദ്ദേഹം നല്‍കിയ അര്‍ഥം).
''വിശ്വാസത്തിനും പ്രതീക്ഷക്കും പകരം ഏതൊരാള്‍ സംശയത്തിന്റെയും നിരാശയുടെയും പാത തെരഞ്ഞെടുത്തുവോ, അത് ദുന്‍യാവിന്റെയോ ആഖിറത്തിന്റെയോ കാര്യമാവട്ടെ, അവന്‍ മനസ്സിലാക്കിക്കൊള്ളണം, തനിക്ക് ജീവിക്കാന്‍ യാതൊരു അവകാശവുമില്ലെന്ന്. ഇത്തരമാളുകള്‍ക്ക് ഒന്നേ ചെയ്യാനുള്ളൂ, കയര്‍ കഴുത്തില്‍ കുരുക്കി ജീവനൊടുക്കുക! സുബ്ഹാനല്ലാഹ്! മനുഷ്യജീവിതത്തിലെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും ഈ ഒരൊറ്റ ആയത്ത് പരിഹാരം നിര്‍ദേശിച്ചിരിക്കുന്നു. ജീവിതം എന്നാല്‍ പ്രതീക്ഷയും യത്‌നങ്ങളുമാണ്. നിരാശയും യത്‌നം ഉപേക്ഷിക്കലുമാണ് മരണം. ഇഹലോകത്താവട്ടെ, പരലോകത്താവട്ടെ ദൈവത്തില്‍നിന്നായി തനിക്കൊന്നും കിട്ടുകയില്ലെന്ന് ഒരു വിവരദോഷി ധരിച്ചുവശായാല്‍, പിന്നെ അയാള്‍ക്ക് എന്താണ് ബാക്കിയിരിപ്പുള്ളത്? ആരുടെ പിന്‍ബലത്തിലാണ് അയാള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്? ഇനി ഇങ്ങനെയൊക്കെ ജീവിച്ചിരുന്നിട്ട് എന്താണ് കാര്യം? പക്ഷേ, നിങ്ങളുടെ ഈമാനുണ്ടല്ലോ, അത് പ്രതീക്ഷയുടെ പര്യായ നാമമാണ്. നിരാശക്കടിപ്പെടാത്തവനാരോ അവനാണ് മുഅ്മിന്‍/വിശ്വാസി. അവന്റെ മാനസിക ഘടനയില്‍ നിരാശ പോലെ അപരിചിതമായ മറ്റൊരു വാക്കില്ല. ജീവിതപ്രശ്‌നങ്ങളില്‍ അവന്‍ എത്രതന്നെ പരാജിതനായാലും അവന്‍ ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കും. തെറ്റുകുറ്റങ്ങളിലും പാപങ്ങളിലും അവന്‍ മുങ്ങിപ്പോയാലും തൗബ ചെയ്ത്/പശ്ചാത്തപിച്ച് അവന്‍ തിരിച്ചുകയറും. ദുന്‍യാവിലെ വിജയത്തെക്കുറിച്ചോ പരലോകത്തെ രക്ഷയെക്കുറിച്ചോ അവന് യാതൊരു നിരാശയുമില്ല. കാരണം അവന് അറിയാം, നിരാശ എന്നത് ദുന്‍യാവില്‍ മരണം തന്നെയാണെന്ന്; പരലോകത്തെ കുറിച്ച നിരാശ മഹാ നിര്‍ഭാഗ്യമാണെന്നും. ദുന്‍യാവിലും ആഖിറത്തിലും, ഈ രണ്ടിടങ്ങളിലും അവന്റെ കണ്‍മുന്നിലുള്ളത് ദൈവകാരുണ്യമാണ്. ആ കാരുണ്യത്തിന്റെ അനുഗ്രഹവര്‍ഷമുണ്ടാവുമെന്ന കാര്യത്തില്‍ അവന് അടിയുറച്ച ബോധ്യവുമുണ്ട്''  (തര്‍ജുമാനുല്‍ ഖുര്‍ആന്‍, ഇസ്‌ലാമീ അക്കാദമി, ലാഹോര്‍, പേജ് 785).
വിശ്വാസികള്‍ക്ക് വന്നുഭവിക്കുന്ന പരീക്ഷണങ്ങള്‍ വെറുതെ സംഭവിക്കുന്നതല്ലെന്നും അതിനു പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടെന്നും ഖുര്‍ആന്‍ പലയിടങ്ങളിലായി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. പ്രശ്‌നങ്ങളും പ്രതിസന്ധികളും ദൈവേഛയുടെ ഭാഗം തന്നെയാണ് എന്നര്‍ഥം. ദൈവത്തിന്റെ അംഗീകാരമോ ഇഛയോ ഇല്ലാതെ യാതൊരു ശക്തിക്കും ആരെയും ഒന്നും ചെയ്യാന്‍ കഴിയില്ല. ''അല്ലാഹു നിങ്ങള്‍ക്ക് എന്തെങ്കിലും പ്രയാസം വരുത്തിവെക്കുകയാണെങ്കില്‍ അവനല്ലാതെ അതിനെ നീക്കിക്കളയുന്ന ആരുമില്ല. നിങ്ങള്‍ക്ക് അവന്‍ വല്ല നന്മയും ഉദ്ദേശിച്ചാല്‍, അവന്റെ അനുഗ്രഹത്തെ തടയാനും ആരുമില്ല'' (10:107). ഖുര്‍ആന്റെ വീക്ഷണത്തില്‍ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും നാലു കാരണങ്ങളാകാം:
ഒന്ന്, നമ്മുടെ പാപങ്ങള്‍ക്ക് ശിക്ഷയെന്നോണം അവ സംഭവിക്കാം. ''നിങ്ങളെ വല്ല വിപത്തും ബാധിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് നിമിത്തമായിരിക്കും. ധാരാളം വീഴ്ചകള്‍ അവന്‍ നിങ്ങള്‍ക്ക് വിട്ടു പൊറുത്തുതരുന്നു'' (42:30). 
രണ്ട്, അല്ലാഹുവിങ്കല്‍നിന്നുള്ള മുന്നറിയിപ്പായിരിക്കാം ചിലപ്പോള്‍ വിപത്തുകള്‍. ''ഓരോ വര്‍ഷവും ഒന്നോ രണ്ടോ  തവണ തങ്ങള്‍ പരീക്ഷിക്കപ്പെടുന്നത് അവര്‍ കാണുന്നില്ലേ.  എന്നിട്ടും അവര്‍ ഖേദിച്ചു മടങ്ങുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ല'' (9:126). ''നന്മകള്‍ കൊണ്ടും തിന്മകള്‍ കൊണ്ടും നാം അവരെ പരീക്ഷിച്ചു; അവര്‍ സത്യപാതയിലേക്ക് മടങ്ങിയെത്തിയെങ്കിലോ?'' (7:168).
മൂന്ന്, വിശ്വാസിസമൂഹത്തെ പരീക്ഷിക്കാനായിരിക്കാം ചിലപ്പോള്‍ ഈ വിപത്തുകള്‍. ''ജയപരാജയ ദിനങ്ങള്‍ നാം ജനങ്ങള്‍ക്കിടയില്‍ ഊഴമിട്ടാണ് നല്‍കുന്നത്. നിങ്ങളില്‍ സത്യത്തില്‍ വിശ്വസിച്ചവരാരെന്ന് അല്ലാഹു കാണേണ്ടതിനും യഥാര്‍ഥ സന്മാര്‍ഗ സാക്ഷികളെ തെരഞ്ഞെടുക്കേണ്ടതിനും വേണ്ടിയാകുന്നു, അവന്‍ ഇപ്പോള്‍ അത് നിങ്ങളില്‍ സംഭവിപ്പിച്ചിട്ടുള്ളത്'' (3:140).
നാല്, വരാനിരിക്കുന്ന ഒരു വലിയ നന്മയുടെ മുന്നോടിയോ അല്ലാഹുവിന്റെ ഒരു വലിയ സ്‌കീമിന്റെ ഭാഗമോ ആകാം പരീക്ഷണങ്ങള്‍. ''ഗുണകരമായ ഒരു കാര്യം നിങ്ങള്‍ക്ക് അരോചകമായി തോന്നിയേക്കാം, ദോഷകരമായ ഒരു കാര്യം ഇഷ്ടകരമായും തോന്നിയേക്കാം. അല്ലാഹു അറിയുന്നു, നിങ്ങളോ അറിയുന്നില്ല'' (2:216). ''എന്റെ റബ്ബ് അഗോചരമായ നടപടികളിലൂടെ അവന്റെ ഉദ്ദേശ്യം നടപ്പിലാക്കുന്നവനാണ്. അവനാണല്ലോ സര്‍വജ്ഞനും യുക്തിമാനും'' (12:100). വലിയ വലിയ പരീക്ഷണ ഘട്ടങ്ങളിലൂടെ യൂസുഫ് നബിയെ നടത്തിക്കൊണ്ടു വന്ന് ഒടുവില്‍ ഈജിപ്തിന്റെ അധികാരം അദ്ദേഹത്തിന് കൈമാറുന്ന സന്ദര്‍ഭം അനുസ്മരിച്ചാണ് വിശുദ്ധ ഖുര്‍ആനില്‍ ഈ പരാമര്‍ശമുള്ളത്. ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുക പ്രവാചകന്മാരായിരിക്കുമെന്നും പിന്നെ ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുക അവരോട് അടുത്തവരായിരിക്കുമെന്നും തിര്‍മിദി ഉദ്ധരിച്ച ഹദീസില്‍ (അല്‍ബാനി സ്വഹീഹ് എന്ന് സാക്ഷ്യപ്പെടുത്തിയത്) ഉണ്ട്.
അതിനാല്‍ പ്രതിസന്ധികള്‍ വരുമ്പോള്‍ വിശ്വാസിസമൂഹം അമ്പരന്ന് ആശയക്കുഴപ്പത്തിലാവുകയോ നിരാശപ്പെടുകയോ ചെയ്യേണ്ട കാര്യമില്ല. ഖുര്‍ആന്‍ പറഞ്ഞ ഈ നാല് ഉദ്ദേശ്യങ്ങള്‍ മുന്നില്‍ വെച്ച് അവര്‍ക്ക് തങ്ങളുടെ പ്രതികരണം ചിട്ടപ്പെടുത്താവുന്നതേയുള്ളൂ. ആദ്യം നാം നമ്മുടെ തെറ്റുകളും വൈകല്യങ്ങളും ഏറ്റുപറയുകയും നാഥനോട് മാപ്പിരക്കുകയും ചെയ്യേണ്ടതുണ്ട്. ഇത് അല്ലാഹുവിന്റെ മുന്നറിയിപ്പാവാം എന്നു മനസ്സിലാക്കി കൂടുതല്‍ ജാഗ്രത കാണിക്കുകയും വേണം. പരീക്ഷണങ്ങളില്‍ നമ്മുടെ അടിസ്ഥാന തത്ത്വങ്ങള്‍ മുറുകെ പിടിച്ച് അവയില്‍ വിജയം നേടാന്‍ ശ്രമിക്കണം. അവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ യത്‌നിച്ചുകൊണ്ടേയിരിക്കണം, ദൈവസഹായത്തിന് അര്‍ഥിച്ചുകൊണ്ടേയിരിക്കണം, എല്ലാ പ്രശ്‌നങ്ങളെയും ആത്മധൈര്യത്തോടെ നേരിടണം; യഥാര്‍ഥ ലക്ഷ്യത്തില്‍നിന്ന് നമ്മുടെ ഫോക്കസ് ഒട്ടും തെറ്റിപ്പോകാതെത്തന്നെ.

സാമൂഹിക മനസ്സിന്റെ ആരോഗ്യം

ഇസ്‌ലാമിക സമൂഹത്തിന്റെ വിജയത്തിന് വിശുദ്ധ ഖുര്‍ആന്‍ ചൂണ്ടിക്കാട്ടിയ അനിവാര്യ ഗുണവിശേഷങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായവ സ്വബ്‌റും (സഹനം) തവക്കുലും (ദൈവത്തില്‍ ഭരമേല്‍പ്പിക്കല്‍) തൗബ(പശ്ചാത്തപിച്ചു മടങ്ങല്‍)യുമാണ്. അഥവാ സാമൂഹിക മനസ്സിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഗുണവിശേഷങ്ങള്‍. ആദ്യത്തേത് സഹനം/ക്ഷമ. വിജയത്തിനും പുരോഗതിക്കും ഇസ്‌ലാം സഹനത്തെ അടിസ്ഥാനോപാധിയായി എണ്ണിയിരിക്കുന്നു: ''മര്‍ദിച്ചൊതുക്കപ്പെട്ടിരുന്ന ജനതയെ നാം അനുഗ്രഹിച്ച് കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളുടെ അവകാശികളാക്കി. അങ്ങനെ ഇസ്രായേല്‍ മക്കളോടുള്ള നിന്റെ നാഥന്റെ ശുഭവാഗ്ദാനം പൂര്‍ത്തിയായി. അവര്‍ ക്ഷമ പാലിച്ചതിനാലാണിത്. ഫറോവയും അയാളുടെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും കെട്ടിപ്പൊക്കിയിരുന്നതുമായ എല്ലാം നാം തകര്‍ത്തു തരിപ്പണമാക്കുകയും ചെയ്തു'' (7:137).
എന്താണ് ക്ഷമ? അത് ഭീരുത്വത്തിന്റെ പേരല്ല. ഏകപക്ഷീയമായി നടന്നുകൊണ്ടിരിക്കുന്ന ഒരു ഏറ്റുമുട്ടലില്‍നിന്നോ സംഘര്‍ഷത്തില്‍നിന്നോ പിന്‍വാങ്ങി നില്‍ക്കലുമല്ല. ഭയം, നിരാശ, ആശയറ്റുപോകല്‍, വൈകാരികതക്ക് തീകൊളുത്തല്‍, കോപം, ശരീരേഛകള്‍, സ്ഥാനമോഹം തുടങ്ങി എന്തെല്ലാം നിഷേധാത്മക വികാരങ്ങളുണ്ടോ, അവക്കെല്ലാമെതിരില്‍ ചില തത്ത്വങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ അടിപതറാതെ നിലകൊള്ളലാണ് ക്ഷമ അഥവാ സ്വബ്ര്‍. സ്വന്തത്തെ പൂര്‍ണമായി നിയന്ത്രിക്കുന്നതിന്റെ പേരാണ് സ്വബ്ര്‍. ഓരോ കാലടിയും ആലോചിച്ചുറച്ച് തികഞ്ഞ ബോധ്യത്തോടെ മുന്നോട്ടുവെക്കുന്നതിന്റെ പേരു കൂടിയാണത്. എളുപ്പത്തില്‍ വൈകാരികതക്ക് അടിപ്പെട്ട ഒരു സമൂഹം യാതൊരു ആലോചനയുമില്ലാതെയാണ് മുന്നോട്ടു നീങ്ങുന്നതെങ്കില്‍ അതിനെ നാം വിളിക്കുക സാമൂഹികമായ ക്ഷമയില്ലായ്മ എന്നാണ്. നിഷേധാത്മക വികാരങ്ങള്‍ പിടിമുറുക്കുമ്പോഴാണ് അത് ക്ഷമയില്ലായ്മയായി മാറുന്നത്. വികാരങ്ങളെ ആളിക്കത്തിക്കല്‍ നിഷേധാത്മക ചിന്തയാണ്. ഇതിനെയൊക്കെ നിയന്ത്രിക്കലാണ് സഹനം. ഒരു വിഭാഗത്തിന് സാമൂഹികമായി ഈ ഗുണം ആര്‍ജിക്കാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ ശക്തി തന്നെയായിരിക്കും. പ്രകോപിപ്പിക്കാനുള്ള ഏതു ശ്രമത്തെയും ഈ ഗുണമാര്‍ജിച്ചുകൊണ്ടാണ് നേരിടേണ്ടത്.
വിജയനിദാനമായി ഖുര്‍ആന്‍ എടുത്തു പറയുന്ന മറ്റൊരു ഗുണം തവക്കുല്‍ ആണ്; അഥവാ അല്ലാഹുവില്‍ ഭരമേല്‍പിക്കല്‍. ''തന്നോട് ഭക്തി കാണിക്കുന്നവന് അല്ലാഹു രക്ഷാമാര്‍ഗമൊരുക്കിക്കൊടുക്കും. താന്‍ വിചാരിക്കാത്ത വിധം അവന് ആഹാരം നല്‍കും. എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവന് അല്ലാഹു തന്നെ മതി'' (65: 2,3). ഒരാള്‍ ലക്ഷ്യസാധ്യത്തിനായി സാധ്യമാവുന്ന എല്ലാ ആസൂത്രണങ്ങളും ചെയ്ത ശേഷം അല്ലാഹുവില്‍ സ്വയം അര്‍പ്പിക്കുന്നതിനെയാണ് തവക്കുല്‍ എന്ന് പറയുക. ഒരാള്‍ നബി തിരുമേനിയുടെ അടുത്ത് വന്ന് തന്റെ ഒട്ടകത്തെ ചൂണ്ടി ചോദിച്ചു: 'ദൈവദൂതരേ, അതിനെ കെട്ടിയിട്ട ശേഷം തവക്കുല്‍ ചെയ്യണോ, അതോ അഴിച്ചുവിട്ട് തവക്കുല്‍ ചെയ്യണോ?' പ്രവാചകന്റെ മറുപടി ഇങ്ങനെ: 'അതിനെ കെട്ടിയിടുക, ശേഷം തവക്കുല്‍ ചെയ്യുക.' ഇങ്ങനെ സാധ്യമാവുന്ന മുഴുവന്‍ ആസൂത്രണങ്ങളും ചെയ്ത ശേഷവും സമൂഹം ഭീതിയുടെയും നിരാശയുടെയും പിടിയിലമരുന്നുണ്ടെങ്കില്‍ അത് തവക്കുലിന്റെ ചൈതന്യത്തിന് എതിരാണ്. കഴിയാവുന്നതെല്ലാം ചെയ്ത ശേഷം അതിനു പുറത്തുള്ളതാണ് അല്ലാഹുവിന് വിടേണ്ടത്. വ്യക്തികളെ സംബന്ധിച്ചും സമൂഹങ്ങളെ സംബന്ധിച്ചും തവക്കുല്‍ എന്നാല്‍ 'സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍' (Focus on Possibilities) ആണ്. നമ്മുടെ പരിധിക്കു പുറത്തുള്ള കാര്യങ്ങളില്‍ അമിതമായി പേടിക്കുകയും ഉത്കണ്ഠപ്പെടുകയും ചെയ്യുക, കരഞ്ഞും പിഴിഞ്ഞും സമയം പാഴാക്കുക, സാങ്കല്‍പിക ഉത്കണ്ഠകളില്‍ ശക്തിയത്രയും തുലച്ചുകളയുക ഇതൊക്കെ പരാജയപ്പെട്ടുപോയ ദുര്‍ബല വ്യക്തികളുടെയും സമൂഹങ്ങളുടെയും അടയാളങ്ങളാണ്. വിജയശ്രീലാളിതനായ വ്യക്തി ആരെന്നു ചോദിച്ചാല്‍ അയാള്‍ തന്റെ ലക്ഷ്യം കണ്‍മുന്നില്‍ കാണുന്നുണ്ടാവും; ആ ലക്ഷ്യസാക്ഷാത്കാരത്തിനായി എന്തൊക്കെ ചെയ്യണം എന്നതിലായിരിക്കും അയാളുടെ മുഴു ശ്രദ്ധയും. തന്റെ കഴിവിന്റെ പുറത്തുള്ള കാര്യങ്ങളില്‍ അയാള്‍ അത്രയൊന്നും ഉത്കണ്ഠാകുലനല്ല. ഈയൊരു സ്പിരിറ്റാണ് തവക്കുല്‍ ഉണ്ടാക്കുന്നത്. ഇത് തീര്‍ത്തും വ്യത്യസ്തമായ വിചാര മാതൃക (Paradigm) ആണ്. ഇത് വ്യക്തികളെയും സമൂഹങ്ങളെയും കര്‍മോത്സുകരാക്കുകയും പ്രതീക്ഷ പുലര്‍ത്തുന്നവരാക്കുകയും ചെയ്യുന്നു. ഈയൊരു മനോഭാവം തിരിച്ചുപിടിക്കേത് ഇന്ന് വളരെ അനിവാര്യമായിരിക്കുന്നു. നമ്മുടെ ചിന്തയും കര്‍മശേഷിയുമെല്ലാം നമ്മുടെ സാധ്യതയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ കേന്ദ്രീകരിച്ചാല്‍ വലിയ മാറ്റങ്ങള്‍ നമുക്ക് കൊണ്ടുവരാന്‍ പറ്റും.
വിജയത്തിന്റെ മൂന്നാമത്തെ അടിസ്ഥാനമാണ് പശ്ചാത്തപിച്ചു മടങ്ങല്‍ അഥവാ തൗബ. ''എന്റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിരക്കുക. പിന്നെ അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. എങ്കില്‍ അവന്‍ മാനത്തുനിന്ന് വേണ്ടുവോളം മഴ വീഴ്ത്തിത്തരും. നിങ്ങള്‍ക്ക് ഇപ്പോഴുള്ള ശക്തി വളരെയേറെ വര്‍ധിപ്പിച്ചുതരും'' (11:52). സാമൂഹിക ജീവിതത്തിലെ തൗബ എന്നു പറയുന്നത് സ്വന്തത്തെ മാറ്റിയെടുക്കാനുള്ള കഴിവ് (Changeability) ആര്‍ജിക്കുന്നതിന്റെ പേരാണ്. സാമൂഹിക ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ അതിന് ഏറ്റവും അനിവാര്യമായ ഗുണം, സ്വതന്ത്രമായി സ്വയംവിചാരണ നടത്താന്‍ സാധ്യമാവണം എന്നതാണ്. എവിടെയെല്ലാം ദൗര്‍ബല്യം അനുഭവപ്പെടുന്നുവോ അവിടെയൊക്കെ തിരുത്തല്‍ വരുത്തുന്നതിന് ഒരു അമാന്തവും കാണിക്കരുത്. ജീര്‍ണതയും ബലക്ഷയവും സംഭവിച്ച സമൂഹങ്ങള്‍ സ്തംഭനാവസ്ഥയുടെ ഇരകളാണ്. അത്തരം സമൂഹങ്ങള്‍ ഏതു മാറ്റത്തെയും ശക്തമായി ചെറുത്തുകൊണ്ടിരിക്കും (ഇവമിഴല ഞലശെേെമിരല). ദൗര്‍ബല്യങ്ങളെക്കുറിച്ച് ബോധമുണ്ട്, മാറണമെന്ന് ആഗ്രഹവുമുണ്ട്; എന്നാല്‍ പോലും ഈയൊരു മാനസികാവസ്ഥ നിലനില്‍ക്കുവോളം പ്രായോഗികമായി മാറ്റം കൊണ്ടുവരിക അസാധ്യമാണ്. തല്‍സ്ഥിതി (ടമേൗേ െൂൗീ) തുടരണമെന്ന ഈ ശാഠ്യം വലിയൊരു ദൗര്‍ബല്യം തന്നെയാണ്. കാലത്തിന്റെ തേട്ടങ്ങള്‍ക്കനുസരിച്ച് മുന്നേറാന്‍ ഏതൊരു സമൂഹത്തിന്റെ മുന്നിലും വലിയ തടസ്സങ്ങള്‍ തീര്‍ക്കും ഈയൊരു ചിന്താഗതി. അല്ലാഹു ഖുര്‍ആനില്‍ വിശ്വാസികളുടെ മൗലിക ഗുണങ്ങളില്‍ ഒന്നായി എണ്ണിപ്പറഞ്ഞിരിക്കുന്നത്, അവര്‍ തെറ്റുകള്‍ തിരുത്തി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങിക്കൊണ്ടേയിരിക്കും എന്നതാണ്. അത് ചെയ്യാത്തവര്‍ കടുത്ത അക്രമികളാണ് എന്നും പറഞ്ഞിരിക്കുന്നു (9:11). തൗബ എന്ന വാക്കിന്റെ അര്‍ഥം മടങ്ങുക, തിരിച്ചു നടക്കുക എന്നൊക്കെയാണ്. ഈയൊരു ഗുണം സ്വായത്തമാക്കിയ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുമാണ് പിഴവുകള്‍ കണ്ടെത്താനും അവ വളരെ വേഗം തിരുത്താനും സാധ്യമാവുക. ഇതവര്‍ക്ക് നല്‍കുന്ന ശക്തി ഒട്ടും ചെറുതായിരിക്കില്ല. ഏതൊക്കെ മാറ്റങ്ങളാണ് അനിവാര്യമെന്ന് നാം മനസ്സിലാക്കുന്നത്, ഏതൊക്കെ മാറ്റങ്ങളെക്കുറിച്ചാണ് നാം നിരന്തരം എഴുതുകയും പറയുകയും ചെയ്തുകൊണ്ടിരിക്കുന്നത് അവ പ്രയോഗത്തില്‍ വരുത്താന്‍ നമ്മുടെ സമൂഹവും നമ്മുടെ സ്ഥാപനങ്ങളും സംഘടനകളും അവയുടെ നേതൃത്വങ്ങളും സമൂഹത്തിലെ ഓരോ വ്യക്തിയും തയാറാവുകയാണ് ആദ്യം വേണ്ടത്. അതാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്.

Comments

Other Post

ഹദീസ്‌

ബിദ്അത്തുകാര്‍ക്കെതിരെ ജിഹാദ്
നൗഷാദ് ചേനപ്പാടി

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (41-44)
ടി.കെ ഉബൈദ്‌