ഈ പ്രക്ഷോഭങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകാതിരിക്കില്ല
പശ്ചിമേഷ്യയിലെ ജനകീയ പ്രക്ഷോഭങ്ങളെയെല്ലാം തച്ചുകെടുത്തി എന്ന് ആശ്വസിച്ചിരുന്നവര്‍ക്ക് ഏറ്റ കനത്ത ഇരുട്ടടിയാണ് ഇറാഖിലും ലബനാനിലും ഇപ്പോള്‍ ആളിപ്പടര്‍ന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍. 2010 അവസാനത്തില്‍ തുനീഷ്യയില്‍ തുടക്കം കുറിക്കപ്പെട്ട ഈ പ്രക്ഷോഭപരമ്പരക്ക് ഒരു പതിറ്റാണ്ട് തികയുകയാണ്. ജനകീയ പ്രക്ഷോഭങ്ങളുടെ രണ്ടാം ഘട്ടമാണിതെന്നു പറയാം. സുഡാനില്‍നിന്നാണ് രണ്ടാം ഘട്ടത്തിന്റെ തുടക്കം. മൂന്ന് പതിറ്റാണ്ടായി ഭരണത്തില്‍ അള്ളിപ്പിടിച്ചു നിന്ന ഉമറുല്‍ ബശീറിനെ ജനകീയ പ്രക്ഷോഭത്തിലൂടെയാണ് സുഡാനിയന്‍ ജനത പുറത്താക്കിയത്. അള്‍ജീരിയയില്‍ അത് പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കാത്ത, ശരീരത്തിന്റെ ഒട്ടുമുക്കാല്‍ ഭാഗവും തളര്‍ന്ന അബ്ദുല്‍ അസീസ് ബൂതഫ്‌ലീഖക്കെതിരെയുള്ള രോഷപ്രകടനമായാണ് ആരംഭിച്ചത്. ബൂതഫ്‌ലീഖ പിന്മാറാന്‍ നിര്‍ബന്ധിതനായെങ്കിലും, അള്‍ജീരിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിന് നിമിത്തങ്ങള്‍ പലതാണെങ്കിലും അവ മൂര്‍ധന്യത്തിലേക്ക് കടക്കുമ്പോള്‍ സമാന സ്വഭാവം കൈവരിക്കുന്നതായി കാണാം. പശ്ചിമേഷ്യന്‍ സമൂഹങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും സമാനതയാണിതിനു കാരണം. അഭിപ്രായ സ്വാതന്ത്ര്യമില്ലായ്മയും പട്ടിണിയും തൊഴിലില്ലായ്മയുമൊക്കെയാണ് ഈ പ്രക്ഷോഭങ്ങളുടെ മുഖ്യകാരണങ്ങള്‍. രാഷ്ട്രീയ കാരണങ്ങളാലും ജനം തെരുവിലിറങ്ങുന്നു. ഇറാഖിലെ പ്രക്ഷോഭങ്ങളുടെ തീവ്രത ഇതെഴുതുമ്പോഴും കുറഞ്ഞിട്ടില്ല. സമ്പദ് വ്യവസ്ഥയും ക്രമസമാധാനനിലയും തകര്‍ന്നുകിടക്കുന്ന ഒരു രാജ്യത്ത് പ്രക്ഷോഭം വിജയിച്ചാലും പരാജയപ്പെട്ടാലും പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാകാനില്ല. അതേസമയം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് മറ്റൊരു പോസിറ്റീവ് തലവുമുണ്ട്. മത-വംശീയ വിഭാഗീയതക്കെതിരെ ജനം ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നു എന്നതാണത്. നേതാക്കളും ഭരണകര്‍ത്താക്കളും ജനങ്ങളില്‍ വിഭാഗീയത സൃഷ്ടിച്ച് മുതലെടുപ്പിന് ശ്രമിക്കുമ്പോള്‍ ഇനിയത് സമ്മതിച്ചുതരില്ലെന്ന ശക്തമായ നിലപാടെടുക്കാന്‍ ജനസഞ്ചയത്തിന് കഴിയുന്നു. പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി പരിഷ്‌കരണ നടപടികള്‍ പ്രഖ്യാപിച്ചെങ്കിലും ജനം ചെവികൊടുത്തില്ല. ഒടുവില്‍ രാജിവെച്ചൊഴിയാമെന്ന് വരെ പറഞ്ഞുനോക്കി. സ്ഥാനമൊഴിയരുതെന്നു ഇറാനില്‍നിന്ന് കല്‍പ്പന വന്നതോടെ ആദില്‍ തല്‍സ്ഥാനത്ത് തുടരുന്നു. ജനകീയനെന്ന് കരുതപ്പെടുന്ന മുഖ്തദാ സ്വദ്‌റിന് ജനരോഷം തണുപ്പിക്കാനാവാതെ വന്നപ്പോള്‍ ഇനിയെന്ത് ചെയ്യണമെന്ന് ആലോചിക്കാന്‍ അദ്ദേഹം പറന്നത് തെഹ്‌റാനിലേക്കാണ്. ഇത്രയധികം ഇറാന്‍ പക്ഷപാതിത്വവും മതവിഭാഗീയതയും കൊണ്ടുനടക്കുന്ന നേതാക്കളാണ് പ്രശ്‌നം ഇത്രയും വഷളാക്കിയത്. നേരത്തേ ഇറാഖീ പ്രധാനമന്ത്രിയായിരുന്ന, ഇപ്പോള്‍ വൈസ് പ്രസിഡന്റായ നൂരി മാലികിയാണ് അമേരിക്കയുടെ മൗനസമ്മതത്തോടെ ഇറാഖില്‍ വിഭാഗീയത ഊതിക്കത്തിച്ചതില്‍ പ്രധാനി. അതിനെതിരെയാണ് ഇറാഖീ യുവാക്കള്‍ രംഗത്തിറങ്ങുന്നതെന്ന് തിരിച്ചറിഞ്ഞ ഇറാന്‍, എന്തു വിലകൊടുത്തും പ്രക്ഷോഭം അടിച്ചമര്‍ത്താനാണത്രെ നിര്‍ദേശം നല്‍കിയത്. മരണസംഖ്യ കൂടാനുള്ള കാരണമതാണ്.
ലബനാനിലെ പ്രക്ഷോഭത്തിനും സമാന സ്വഭാവമുണ്ട്. ഹിസ്ബുല്ലയും അവരെ രാഷ്ട്രീയമായി പിന്തുണക്കുന്ന അല്‍ഹുര്‍റ്, ഹറകതുല്‍ അമല്‍ പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളും മാത്രമല്ല, സഅ്ദ് ഹരീരിയും വലീദ് ജന്‍ബിലാത്വും സമീര്‍ ജഅ്ജഉം അമീന്‍ ജമീലുമൊക്കെ പ്രക്ഷോഭത്തിന്റെ ചൂടറിയുന്നുണ്ട്. സഅ്ദ് ഹരീരി പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പടിയിറങ്ങിക്കഴിഞ്ഞു. ഈ പ്രക്ഷോഭങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവുമെന്ന് ഉറപ്പ്. അവ എപ്പോള്‍, എവിടെ എന്നേ ഇനി അറിയേണ്ടതായിട്ടുള്ളൂ.
Comments