സ്തംഭിച്ചുനില്‍ക്കരുത് ആത്മവിശ്വാസത്തോടെ അതിജീവിക്കണം
ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന അബുല്‍ ഫസല്‍ എന്‍ക്ലേവിലേക്ക് ഇത്തവണയും കടന്നുചെന്നത് ആകുലതകളോടെയാണ്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ വരാന്തയില്‍നിന്ന് പുറത്തേക്ക് നോക്കിയപ്പോള്‍ വിശാലമായ കാമ്പസില്‍ സ്വുബ്ഹ് നമസ്‌കാരാനന്തരം ആഞ്ഞു നടക്കുന്ന സ്ത്രീകളും പുരുഷന്മാരും. അവര്‍ക്ക് ഇന്ത്യയിലെ മഹത്തായ ഇസ്‌ലാമികപ്രസ്ഥാനത്തിന്റെ കേന്ദ്രാലയം തിരക്കുകളില്‍നിന്നൊഴിഞ്ഞ് കാല്‍ നീട്ടിവെച്ച് നടക്കാന്‍ കഴിയുന്ന വിശാലമായൊരു ഭൂമി മാത്രം. അവരുടെ നടത്തം നിര്‍നിമേഷനായി നോക്കിനിന്നു. സ്വന്തം ആരോഗ്യത്തില്‍ എത്ര ജാഗ്രതയുള്ള സമുദായം! തങ്ങളുടെ സമുദായത്തിന്റെ ആരോഗ്യത്തില്‍ കൂടി ആ ജാഗ്രതയുണ്ടായിരുന്നെങ്കില്‍ എന്ന് ആലോചിക്കാന്‍ കാരണമായത് തലേന്ന് നടന്ന ചില കൂടിക്കാഴ്ചകളും പുതിയ ഇന്ത്യയെക്കുറിച്ച സംഭാഷണങ്ങളും പങ്കുവെപ്പുകളുമായിരുന്നു.
പൗരത്വ ബില്ലും കശ്മീരിലെ എണ്‍പതുലക്ഷം വരുന്ന ജനങ്ങളെ തടവിലിട്ടതും ആള്‍ക്കൂട്ട കൊലയും ഇനിയും വരാനിരിക്കുന്ന പുതിയ ഇടിത്തീകളും ദല്‍ഹിയുടെ തെരുവുകളില്‍, ജന്ദര്‍ മന്ദറിലും രാംലീല മൈതാനത്തും പാര്‍ലമെന്റിനകത്തും പുറത്തും മന്ത്രി വസതികളുടെ മുമ്പിലുമൊക്കെ ഒരു സമുദായത്തിന്റെ വമ്പിച്ച പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തേണ്ട സമയത്ത് എവിടെയും ഒരു ഇലയനക്കം പോലുമില്ല. അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കാന്‍ നേതാക്കള്‍ക്കാവുന്നില്ല.
രോഗം, ചികിത്സ
മുമ്പേ രോഗിയായ ശരീരമാണ് ഇന്ത്യയിലെ മുസ്‌ലിം 'ഉമ്മത്തി'ന്റേത്. അതിലേക്ക് പുതുതായി ചില രോഗങ്ങള്‍ കടന്നുകയറിയിരിക്കുന്നു. പുതിയ പ്രധാന രോഗങ്ങള്‍ രണ്ടാണ്: പേടി, നിരാശ. അല്ലാഹു ഖുര്‍ആനില്‍, 'ജനങ്ങളെ പേടിക്കരുത്, അല്ലാഹുവിനെ മാത്രമേ പേടിക്കാവൂ' എന്ന് പല തവണ പറഞ്ഞതില്‍ ഇത്ര വലിയ പൊരുളുണ്ടെന്ന് പുതിയ സാഹചര്യം പഠിപ്പിച്ചുതരുന്നു. 'ജനങ്ങളെ പേടിക്കരുത്, എന്നെ പേടിക്കുക. എന്റെ വചനങ്ങളെ തുഛം വിലയ്ക്ക് വില്‍ക്കരുത്' (അല്‍ മാഇദ: 44), 'അവരെയാണോ നിങ്ങള്‍പേടിക്കുന്നത്. പേടിക്കപ്പെടാന്‍ അര്‍ഹന്‍ അല്ലാഹു മാത്രമാകുന്നു, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍' (അത്തൗബ: 13), 'താങ്കള്‍ ജനങ്ങളെ പേടിക്കുകയാണോ? പേടിക്കര്‍ഹന്‍ അല്ലാഹു മാത്രമാണ്' (അല്‍ അഹ്‌സാബ്: 37). അല്ലാഹുവിനെയല്ലാതെ മറ്റാരെയും പേടിക്കാത്തൊരു സമുദായത്തിനു മാത്രമേ ഭൂമിയില്‍ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാത്തവര്‍ക്ക് പേടിച്ചുമരിക്കാം. ഭീരുക്കളുടെ കണ്ണുകള്‍ ഉറങ്ങുകയില്ല. അല്ലാഹുവിനെ മാത്രം പേടിക്കുന്നവര്‍ ജനങ്ങളെ പേടിക്കുകയില്ല. ജനങ്ങളെ പേടിക്കുന്നവര്‍ അല്ലാഹുവിനെ പേടിക്കാത്തവരാണ്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ പേടിച്ചതുകൊണ്ട് രക്ഷപ്പെടുമെന്ന് വിചാരിക്കുന്നവരേക്കാള്‍ വലിയ വിഡ്ഢികളാരുണ്ട്?! ഇന്ന്‌പേടിച്ച് ഏത്തമിടുകയും പ്രസ്താവനകളിറക്കുകയും ചെയ്ത്, പേടിപ്പിക്കുന്നവരുടെ മുമ്പില്‍ നല്ലപിള്ള ചമയുന്നവര്‍ രക്ഷപ്പെടുമെന്ന് ആരാണാവോ ഇവരെ പഠിപ്പിച്ചത്? ഇപ്പോള്‍ ഓശാന പാടിയാല്‍ എല്ലാം ഭദ്രമാകുമെന്ന് വിചാരിക്കാന്‍ മാത്രം വിഡ്ഢികളാണവര്‍. അതിന് അല്‍പായുസ്സേ ഉള്ളൂ. ഇന്ന് പിടിക്കാതെ കൂട്ടിലിട്ട് ഹോര്‍മോണ്‍ കൊടുത്ത് വളര്‍ത്തപ്പെടുന്നവര്‍ നാളെ പിടിക്കപ്പെടാനുള്ളവരാണ്. കാരണം 'ലാഇലാഹ ഇല്ലല്ലാഹ്' പറഞ്ഞ ഏതൊരാളും ശത്രുവാണ് എന്ന് തീരുമാനിച്ചിട്ടുള്ളവരാണ് യുദ്ധം ആരംഭിച്ചിരിക്കുന്നത്. സമയത്തിന്റേത് മാത്രമാണ് പ്രശ്‌നം. ഏത്തമിടുന്നവര്‍ക്ക് പരമാവധി ലഭിക്കാന്‍ പോകുന്നത് അല്‍പം സാവകാശം മാത്രം. നേതാക്കളെ പേടിപ്പിക്കുന്നവര്‍ക്കതറിയാം; വലിയ താടിയും തലപ്പാവുമുള്ള അത്തരം മനുഷ്യര്‍ ഏറെ ചെറിയവരാണെന്ന്.
സമുദായം മൊത്തം പേടിച്ചുവെന്ന് പറയാനാവില്ല. അതിലെ നേതാക്കളാണ് ഏറ്റവും പേടിച്ചത്. അവര്‍ പോയി ഏത്തമിടുന്നതിന്റെയും ശത്രുക്കള്‍ക്ക് ഓശാന പാടി പ്രസ്താവനകള്‍ ഇറക്കുന്നതിന്റെയും രഹസ്യം വ്യക്തം. അവര്‍ക്ക് പലതും നഷ്ടപ്പെടാനുണ്ട്. എന്നാല്‍ അവരുടെ അനുയായികളുള്‍പ്പെടെ മൊത്തം സമുദായത്തിന് അങ്ങനെയൊന്നും നഷ്ടപ്പെടാനില്ല.
പേടി എന്ന പ്രതിഭാസത്തെ അജയ്യനായ അല്ലാഹുവിലേക്ക് മാത്രം ചേര്‍ത്തുകൊണ്ടാണ് ഇസ്‌ലാം വിജയികളുടെ ഉമ്മത്തിനെ സൃഷ്ടിച്ചെടുത്തത്. അതവര്‍ക്ക് നല്‍കിയ ധൈര്യം അപാരമായിരുന്നു. ആ ധൈര്യം അവര്‍ ന്യൂനപക്ഷമെങ്കിലും ഭൂരിപക്ഷത്തെപ്പോലെ പെരുമാറാനുള്ള ആത്മവിശ്വാസം നല്‍കി. അതിനു മുമ്പില്‍ അവരുടെ ശത്രുക്കള്‍ ഭൂരിപക്ഷമാണെങ്കിലും ന്യൂനപക്ഷത്തെപ്പോലെ അടിപതറി. ഈമാനിന്റെ ധൈര്യമാണ് എന്നും ഉമ്മത്തിനെ പിടിച്ചുനിര്‍ത്തിയതും വിജയിപ്പിച്ചതും. അത് ചോര്‍ന്നുപോയപ്പോഴൊക്കെ ഭൂരിപക്ഷമായിരുന്നിട്ടും പരാജയപ്പെട്ടിട്ടുണ്ടെന്ന് ചരിത്രം.
നിരാശ സത്യവിശ്വാസികളുടേതല്ല, സത്യനിഷേധികളുടെ സ്വഭാവമാണ് എന്ന് ഖുര്‍ആനില്‍ പറഞ്ഞതും ഓര്‍ക്കേണ്ട സമയമിതാണ്. 'അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ച് നിരാശരാകുകയില്ല, സത്യനിഷേധികളല്ലാതെ' (യൂസുഫ് 87). 'അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ച് ആരാണ് നിരാശരാവുക, വഴിപിഴച്ചവരല്ലാതെ' (അല്‍ ഹിജ്ര്‍ 56).
ഒരു സമൂഹത്തെ പരാജയപ്പെടുത്താനുള്ള എളുപ്പ വഴി അവരുടെ ആത്മവിശ്വാസം കെടുത്തലാണ്, അവരില്‍ നിരാശ പടര്‍ത്തി പ്രത്യാശയും പ്രതീക്ഷയും ഇല്ലാതാക്കലാണ്. യുദ്ധം യഥാര്‍ഥത്തില്‍ ഭൂമിയിലല്ല, മനസ്സിലാണ് നടക്കുന്നത്. മനസ്സില്‍ പരാജയപ്പെട്ട ഒരു യുദ്ധത്തിനു ഭൂമിയില്‍ വിജയിക്കാനാവില്ല. വീഴുമെന്ന് വിചാരിച്ച് നടക്കുന്നവന്‍ ഏത് വിശാലമായ വഴിയിലും വീഴും. വീഴില്ലെന്നു ആത്മവിശ്വാസംകൊണ്ട് നടക്കുന്നവന് ഏത് നൂല്‍പാലവും കടക്കാം. അതുകൊണ്ടാണ് നബി (സ) മക്കയില്‍ തന്നോടൊപ്പം മുപ്പതോളം പേര്‍ മാത്രമുള്ള സമയത്തും അവരോട്, 'നമ്മളാണ് വിജയിക്കാന്‍ പോകുന്നത്' എന്ന ആത്മവിശ്വാസം നല്‍കിക്കൊണ്ടിരുന്നത്. ശത്രുക്കളായ ശത്രുക്കള്‍ മുഴുവനും വളഞ്ഞുനിന്ന ഖന്‍ദഖ് യുദ്ധവേളയില്‍ പ്രതിരോധാര്‍ഥം കിടങ്ങു കുഴിച്ചപ്പോള്‍ അവിടുന്ന്, അനുചരന്മാര്‍ക്ക് പൊട്ടിക്കാന്‍ കഴിയാത്ത പാറകള്‍ അവരുടെ കൈയില്‍നിന്ന് മഴുവാങ്ങി പൊട്ടിക്കവെ, ഓരോരോ വെട്ടിലും 'ശാമിന്റെ താക്കോല്‍ ലഭിച്ചുകഴിഞ്ഞു, യമനിന്റെ താക്കോല്‍ നല്‍കപ്പെട്ടുകഴിഞ്ഞു, പേര്‍ഷ്യ ജയിച്ചു' എന്നിങ്ങനെ പ്രഖ്യാപനം നടത്തിയതും ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഇന്ന് വലയം ചെയ്യപ്പെട്ടവര്‍ നാളെ ആ സാമ്രാജ്യങ്ങളിലേക്ക് എത്താനുള്ളവരാണെന്ന ആത്മവിശ്വാസം. ആ ആത്മവിശ്വാസം അവരെയവിടെ എത്തിക്കുകതന്നെ ചെയ്തു. 50 വര്‍ഷംകൊണ്ട് ലോകത്തിന്റെ 50 ശതമാനം സ്വന്തമാക്കിയ ഉമ്മത്ത് എന്ന ചരിത്രത്തിലെ സ്ഥാനം അവര്‍ക്ക് നേടിക്കൊടുത്തത് ആ ആത്മവിശ്വാസമായിരുന്നു. മനസ്സില്‍ നിറഞ്ഞുകത്തുന്ന ഈമാന്‍ വിശ്വാസിയില്‍ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്ന വികാരമാണ് ആത്മവിശ്വാസം. ഒരു ഘട്ടത്തിലും അതിന് പോറലേല്‍ക്കാന്‍ അല്ലാഹു അനുവദിച്ചിട്ടില്ല. ഉഹുദില്‍ പരാജയപ്പെട്ടപ്പോള്‍ അല്ലാഹു അവരെ ഉണര്‍ത്തി: 'നിങ്ങള്‍ ദുര്‍ബല(വഹ്‌ന്)രാവരുത്; ദുഃഖിക്കരുത്, വിശ്വാസികളാണെങ്കില്‍ നിങ്ങള്‍തന്നെയാണ് അത്യുന്നതര്‍' (ആലുഇംറാന്‍ 139).
'വഹ്ന്‍' (وهن) എന്നത് ഒരു രോഗമാണ്. നിര്‍ജീവത, അശക്തി, ക്ഷീണം എല്ലാം കൂടിച്ചേര്‍ന്നതാണ് വഹ്ന്‍. ഒരാളുടെ മേല്‍ ഭയം ആധിപത്യം നേടുമ്പോഴുണ്ടാകുന്നതാണ് വഹ്ന്‍ എന്നും പറയപ്പെടുന്നു. ദൗര്‍ബല്യം (ضعف) ഒരാള്‍ക്ക് പ്രകൃത്യാ ഉണ്ടാകുന്നതാകാം. എന്നാല്‍, വഹ്ന്‍ ഒരാള്‍ സ്വയം ഉണ്ടാക്കുന്നതാണ്. അയാള്‍ ദുര്‍ബലന്റേതായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴാണ് അയാളെ വഹ്ന്‍ ബാധിച്ചു എന്നു പറയുന്നത്. വഹ്ന്‍ ഉാകരുതെന്നാണ് അല്ലാഹുവിന്റെ ശാസന:
'ഇതിനുമുമ്പ് എത്രയോ പ്രവാചകന്മാര്‍ കടന്നുപോയിരിക്കുന്നു. നിരവധി ഭക്തന്മാര്‍ അവരോടൊപ്പം യുദ്ധം ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നേരിടേണ്ടിവന്ന വിപത്തുകളെച്ചൊല്ലി അവര്‍ മനസ്സിടിഞ്ഞവരായിട്ടില്ല. ദൗര്‍ബല്യം കാണിച്ചിട്ടുമില്ല. തല കുനിച്ചിട്ടുമില്ല'' (ആലു ഇംറാന്‍: 146).
'നിങ്ങള്‍ ദുര്‍ബലരാകരുത്; സന്ധിക്കപേക്ഷിക്കയുമരുത്. നിങ്ങള്‍തന്നെയാണ് അതിജയിക്കുന്നവര്‍. അല്ലാഹു നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവന്‍ അശേഷം പാഴാക്കുകയില്ല'' (മുഹമ്മദ് 35).
വഹ്ന്‍ (وهن) എന്ന രോഗത്തെ പ്രവാചകന്‍ മനോഹരമായി നിര്‍വചിച്ചിട്ടുണ്ട്. 'സമൂഹങ്ങള്‍ നിങ്ങള്‍ക്കുമേല്‍, ഒത്തൊരുമിച്ച് ചാടിവീഴും; ഭക്ഷണപ്രിയര്‍ സുപ്രയിലേക്ക് ചാടിവീഴുന്നതു പോലെ.' ഒരാള്‍ ചോദിച്ചു: 'ഞങ്ങളുടെ എണ്ണക്കുറവുകൊണ്ടാണോ അങ്ങനെ സംഭവിക്കുന്നത്?' പ്രവാചകന്‍ പറഞ്ഞു: 'അല്ല, നിങ്ങളന്ന് ധാരാളമുണ്ടാകും. പക്ഷേ, നിങ്ങള്‍ ഒഴുക്കുവെള്ളത്തിലെ ചപ്പുചവറുകള്‍ പോലെയായിരിക്കും. നിങ്ങളുടെ ശത്രുക്കളുടെ ഹൃദയത്തില്‍നിന്ന് നിങ്ങളെക്കുറിച്ച പേടി അല്ലാഹു എടുത്തുകളയും. നിങ്ങളുടെ ഹൃദയങ്ങളിലേക്ക് അവന്‍ വഹ്ന്‍ എറിഞ്ഞുനല്‍കും.' ഒരാള്‍ ചോദിച്ചു: 'എന്താണ് വഹ്ന്‍, അല്ലാഹുവിന്റെ പ്രവാചകരേ?' അവിടുന്ന് പറഞ്ഞു: 'ദുന്‍യാവിനോടുള്ള സ്‌നേഹവും മരണത്തോടുള്ള വെറുപ്പും.' ഉമ്മത്തില്‍ വഹ്ന്‍ ഉണ്ടാക്കുന്ന രണ്ട് കാരണങ്ങളാണിത്. മരണത്തെ പേടിക്കുന്നവര്‍ക്ക് ധീരമായി ജീവിക്കാന്‍ കഴിയില്ല. ഈ ലോകമാണ് സര്‍വതും എന്ന് വിചാരിക്കുന്നതോടെ മനുഷ്യന്റെ കഥ കഴിഞ്ഞു. വരാനിരിക്കുന്ന ലോകത്തെ സ്വപ്‌നം കാണുന്നവര്‍ക്കേ പൊരുതി നില്‍ക്കാനുള്ള ശക്തിയുണ്ടാകൂ. ഇസ്‌ലാം അതിന്റെ അനുയായികളില്‍ ഈമാനിലൂടെ ഉണ്ടാക്കിയെടുത്തത് ഈ നിര്‍ഭയത്വമായിരുന്നു. അതായിരുന്നു അവരുടെ വിജയത്തിന്റെ നിദാനം. 'നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നതുപോലെ മരണത്തെ സ്‌നേഹിക്കുന്ന, നിങ്ങള്‍ ഐഹികജീവിതത്തെ പ്രേമിക്കുന്നതുപോലെ പാരത്രികജീവിതത്തെ പ്രേമിക്കുന്ന ഒരു സൈന്യത്തെയും കൊണ്ടാണ് ഞാന്‍ വരുന്നന്നത്' എന്ന് പേര്‍ഷ്യന്‍ രാജാവിന് കത്തെഴുതിയ മുസ്‌ലിം സേനാനായകന്‍ ഖാലിദുബ്‌നു വലീദ് പറഞ്ഞത് അതാണ്. അതു വായിച്ച മാത്രയില്‍ പേര്‍ഷ്യന്‍ രാജാവ് പതറി.
'അതാണ് പിശാച്, അവന്‍ തന്റെ സുഹൃത്തുക്കളെ പേടിപ്പിക്കുന്നു. അവനെ പേടിക്കരുത്, എന്നെ പേടിക്കുക, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍' (ആലു ഇംറാന്‍ 175) എന്ന വചനത്തില്‍ പിശാചിന് പേടിപ്പിക്കാനാവുക അവന്റെ മിത്രങ്ങളെ മാത്രമാണെന്ന് പറയുകവഴി ഖുര്‍ആന്‍ പേടിക്കുന്നവരെ പിശാചിന്റെ മിത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കുകയാണ്. വല്ലാത്തൊരു വചനം വേറെയുണ്ട്. അതിങ്ങനെയാണ്: 'അല്ലാഹു പോരേ അവന്റെ അടിമക്ക്. അല്ലാഹുവിനേക്കാള്‍ താഴെയുള്ളവരെ കാണിച്ച് അവര്‍ താങ്കളെ പേടിപ്പിക്കുന്നു' (അസ്സുമര്‍: 36 38). ഇവിടെ, للذين من دونه എന്നതിലെ الذين എന്ന പ്രയോഗം മനുഷ്യരെ കുറിച്ചാണ്. അല്ലാഹുവിനേക്കാള്‍ ചെറിയ മനുഷ്യരെ കാണിച്ച് പേടിപ്പിക്കുമ്പോള്‍ അതില്‍ പേടിച്ചുപോകുന്നവരാണോ അല്ലാഹുവിനെ മാത്രം പേടിക്കുന്നവര്‍? ഭൂമിയിലുള്ളവരെയല്ല, ആകാശത്തുള്ളവനെയാണ് വിശ്വാസികള്‍ പേടിക്കുന്നത്. 'അതേ, ആരാണവരെ പേടിപ്പിക്കുന്നത്? എന്താണവരെ ഭയപ്പെടുത്തുന്നത്? അല്ലാഹുവാണവന്റെ കൂടെയുള്ളതെങ്കില്‍, അവന്‍ അല്ലാഹുവിനു മാത്രം കീഴ്‌പ്പെടുന്നവനാണെങ്കില്‍ പിന്നെ എന്താണ് പ്രശ്‌നം? തന്റെ അടിമകള്‍ക്കു മേല്‍ അധീശാധിപതിയും ശക്തനുമാണ് അല്ലാഹുവെന്നിരിക്കെ, ആ അല്ലാഹുവിന്റെ സംരക്ഷണത്തില്‍ ആരാണ് സംശയിക്കുക? അവന്‍ എങ്ങനെ പേടിക്കാനാണ്? അല്ലാഹുവിന്റെ താഴെയുള്ളവര്‍ക്ക് അല്ലാഹുവിന്റെ കാവലുള്ളവരെ പേടിപ്പിക്കാനാവുമോ? ഭൂമിയിലെവിടെയും അല്ലാഹുവിനേക്കാള്‍ താഴെയുള്ളവരല്ലേയുള്ളൂ' (ഫീ ദിലാലില്‍ ഖുര്‍ആന്‍).
അല്ലെങ്കിലും എന്തടിസ്ഥാനമാണ് മുസ്‌ലിം ഉമ്മത്തിന്റെ പേടിക്കുള്ളത്? മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാന്‍ വംശീയതയുമായി വന്ന സെര്‍ബുകള്‍, അവരെ ലോകമൊന്നടങ്കം പിന്തുണച്ചിട്ടും എന്തുകൊണ്ട് മുസ്‌ലിംകളുടെ ബോസ്‌നിയ എന്നൊരു രാജ്യം ഇന്നും പിടിച്ചുനില്‍ക്കുന്നു? 1992 മുതല്‍ 1995 വരെ ബോസ്‌നിയന്‍ മുസ്‌ലിംകള്‍ക്ക് നേരെ നടത്തിയ നരനായാട്ടില്‍ 3 ലക്ഷം പേരെയാണ് കൊന്നത്. 20 ലക്ഷം പേരാണ് അഭയാര്‍ഥികളായത്. 60,000 സ്ത്രീകളെയാണ് ബലാത്സംഗം ചെയ്തത്. അതില്‍ വൃദ്ധരും കുഞ്ഞുങ്ങളുമുണ്ടായിരുന്നു. 5 വിരലില്‍ 2 വിരല്‍ മുറിച്ച് ത്രിയേകത്വം സ്ഥാപിക്കുക, കത്തികൊണ്ട് മനുഷ്യരുടെ ശരീരത്തില്‍ കുരിശ് വരക്കുക തുടങ്ങിയ ഹീന കൃത്യങ്ങളാണ് അരങ്ങേറിയത്. കൂട്ടക്കശാപ്പുകള്‍ നടത്തിയ മഖ്ബറകള്‍ ഇന്നും കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ടൈം പോലുള്ള പാശ്ചാത്യ മാധ്യമങ്ങള്‍ ആ വാര്‍ത്തകള്‍ വിശദമായി ലോകത്തിന് നല്‍കിയിരുന്നത് ഓര്‍ക്കുക.
ഫലസ്ത്വീനില്‍ തദ്ദേശീയരായ 80 ലക്ഷം മുസ്‌ലിംകളെ ആട്ടിയോടിച്ചിട്ടും പതിനായിരങ്ങളെ കൊന്നൊടുക്കിയിട്ടും ഇന്ന് ഇസ്രയേല്‍ എന്ന രാജ്യത്തിന് ഒരു രാത്രി പോലും സമാധാനത്തോടെ കിടന്നുറങ്ങാന്‍ കഴിയാത്തവിധം ആ രാജ്യം അസ്തിത്വപ്രതിസന്ധി നേരിടുന്നതെന്തുകൊണ്ട്? പതിനായിരങ്ങളെ കൊന്നൊടുക്കിയ, രണ്ടു പതിറ്റാണ്ട് നീണ്ടുനിന്ന 9 കുരിശു യുദ്ധങ്ങള്‍ക്ക് സാധിക്കാത്തത്, 10 ലക്ഷം മുസ്‌ലിംകളെ കൊന്ന് അബ്ബാസിയാ ഖിലാഫത്തിനെ തകര്‍ത്തെറിഞ്ഞ ലോകത്തെ വന്‍ശക്തിയായിരുന്ന താര്‍ത്താരികള്‍ക്ക് സാധിക്കാത്തത്, മുസ്‌ലിം ലോകത്തേക്ക് കടന്നുകയറിയ ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി പോലുള്ള സാമ്രാജ്യത്വശക്തികള്‍ക്ക് സാധിക്കാത്തത് ഇന്ത്യന്‍ മുസ്‌ലിംകളുടെ വിപാടനം നടത്താന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ദുര്‍ബലരായ വംശീയവാദികള്‍ക്ക് സാധിക്കുമെന്ന് കരുതാന്‍ അല്ലാഹുവിന്റെ വഹ്‌യിന്റെ പാഠങ്ങള്‍ മാത്രമല്ല, കാര്യകാരണങ്ങളും കാണുന്നില്ലെന്നിരിക്കെ പിന്നെയെന്ത് പേടിക്കാന്‍?
മുകളില്‍ പറഞ്ഞ എല്ലാ പ്രതിസന്ധികളെയും മുസ്‌ലിം ഉമ്മത്ത് അതിജീവിച്ചു. ലോക വന്‍ശക്തിയായിരുന്ന താര്‍ത്താരികളെ രണ്ട് വര്‍ഷമായപ്പോള്‍ ഉമ്മത്ത് പരാജയപ്പെടുത്തി. ഖുദ്‌സില്‍ 90 വര്‍ഷത്തിനു ശേഷം സ്വലാഹുദ്ദീന്‍ അയ്യൂബി ബൈത്തുല്‍ മഖ്ദിസ് തിരിച്ചുപിടിച്ചു. അധിനിവേശത്തിന് വന്ന സാമ്രാജ്യത്വശക്തികളെയും മുസ്‌ലിംകള്‍ ദശകങ്ങളെടുത്തെങ്കിലും തിരിച്ചോടിച്ചു.
മുമ്പൊന്നുമില്ലാത്ത ഒരനുകൂല ഘടകം ഇത്തവണ രൂപപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്. ലോകം കൊച്ചു ഗ്രാമമായി ചുരുങ്ങിയതിന്റെ ഗുണഫലമാണത്. തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ എന്ത് തോന്നിവാസവും ചെയ്യാം എന്ന് ഏതെങ്കിലും രാജ്യം വിചാരിച്ചാല്‍ അത് നടപ്പില്ല. ഇന്ത്യയിലെ മാധ്യമങ്ങളെയും പ്രതിപക്ഷ പാര്‍ട്ടികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ന്യൂനപക്ഷ നേതാക്കളെയും പേടിപ്പിച്ചു നിര്‍ത്തിയാലും ലോക മാധ്യമങ്ങള്‍ ഇന്ത്യയില്‍ നടക്കുന്ന വംശീയവെറിയുടെ ഓരോ ദുരന്ത ചിത്രങ്ങളും പകര്‍ത്തിയെടുത്ത് ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ട്. ബി.ബി.സിയും സി.എന്‍.എന്നും അല്‍ ജസീറയും ന്യൂയോര്‍ക്ക് ടൈംസും വാഷിംഗ്ടണ്‍ പോസ്റ്റും ഗാര്‍ഡിയനുമൊക്കെ വളരെ വൃത്തിയായും വസ്തുനിഷ്ഠമായും പുതിയ ഇന്ത്യയെ ലോകത്തിന് കാണിച്ചുകൊടുക്കുന്നുമുണ്ട്. ലോകത്തിന്റെ നാനാ ഭാഗങ്ങളിലും അതിന്റെ അനുരണനങ്ങളുണ്ടുതാനും. ലോകം മുഴുവന്‍ അതിന്റെ കാമറക്കണ്ണുകള്‍ ഇന്ത്യയുടെ നേരെ തിരിച്ചുവെച്ചുകഴിഞ്ഞു. ഇനി ഇരുട്ടിലാര്‍ക്കുമൊന്നും ചെയ്യാനാവില്ല. ചെയ്യുന്നവര്‍ രാജ്യത്തോട് മാത്രമല്ല, ലോകത്തോടും മറുപടി പറയേണ്ടിവരും. റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ മ്യാന്മറും ഉയിഗൂര്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ ചൈനയുംചെന്നുപെട്ട പ്രതിസന്ധി അതാണ്.
പാഠങ്ങള്‍ പഠിക്കണം
ആശ്വസിച്ചിരിക്കാനല്ല, ആത്മവിശ്വാസം നേടി ചില ചുവടുവെപ്പുകള്‍ക്ക് തുടക്കം കുറിക്കാനാവുമോ എന്ന് അന്വേഷിക്കാനാണ് ഇത്രയും കുറിച്ചത്. ഉഹുദ് യുദ്ധത്തില്‍ പരാജയപ്പെട്ടപ്പോള്‍ ആ പരാജയം ഒരു ആവശ്യമായിരുന്നു എന്ന് തോന്നുമാറ് വലിയ പാഠങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍ ആ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം ഉമ്മത്തിനെ പഠിപ്പിച്ചത്. യുദ്ധം മൈതാനത്ത് അവസാനിച്ചപ്പോള്‍ വിശ്വാസികളുടെ മനസ്സില്‍ ആരംഭിച്ചുവെന്നാണ് അതേക്കുറിച്ച് സയ്യിദ് ഖുത്വ്ബ് ഫീ ദിലാലില്‍ ഖുര്‍ആനില്‍ എഴുതിയത്. എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് ചോദിച്ച 'ഉമ്മത്തി'നോട് നിങ്ങള്‍ തന്നെയാണ് അതിന്റെ കാരണക്കാര്‍ എന്ന് ഖുര്‍ആന്‍ മറുപടി നല്‍കി. ബദ്‌റിലെ വിജയം ആഘോഷിച്ചതിനേക്കാള്‍ ഉഹുദിലെ പരാജയം പഠിപ്പിക്കാനാണ് ഖുര്‍ആന്‍ മെനക്കെട്ടത്.
'ഇപ്പോള്‍ നിങ്ങള്‍ക്കു ക്ഷതമേറ്റിട്ടുണ്ടെങ്കില്‍ ഇതിനുമുമ്പ് ശത്രുക്കള്‍ക്കും ഇതുപോലെ ക്ഷതമേറ്റിട്ടുണ്ട്. ജനത്തിനിടയില്‍ നാം കറക്കിക്കൊണ്ടിരിക്കുന്ന വിജയപരാജയങ്ങളുടെ നാളുകളത്രെ അത്. നിങ്ങളില്‍ സത്യത്തില്‍ വിശ്വസിച്ചവരാരെന്ന് അല്ലാഹു കാണേണ്ടതിനും രക്തസാക്ഷികളെ സ്വീകരിക്കേണ്ടതിനുമാകുന്നു, അവന്‍ ഇപ്പോള്‍ അത് നിങ്ങളില്‍ സംഭവിപ്പിച്ചിട്ടുള്ളത്. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. അങ്ങനെ ഈ പരീക്ഷണത്തിലൂടെ വിശ്വാസികളെ കടഞ്ഞെടുത്തു, സത്യനിഷേധികളെ തകര്‍ത്തു. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സമരത്തില്‍ ജീവാര്‍പ്പണം ചെയ്യുന്നവരാരെന്നും അവനുവേണ്ടി ക്ഷമിക്കുന്നവരാരെന്നും അല്ലാഹു ഇനിയും കണ്ടുകഴിഞ്ഞിട്ടില്ലെന്നിരിക്കെ, എളുപ്പത്തില്‍ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പോയ്ക്കളയാമെന്ന് വിചാരിക്കുകയാണോ?'(ആലു ഇംറാന്‍ 140-142).
ഖുര്‍ആന്‍ ബോധിപ്പിക്കുന്ന ഒരു തത്ത്വമുണ്ട്. അല്ലാഹു ആരോടും അക്രമവും അനീതിയും കാണിക്കുന്ന പ്രശ്‌നമില്ല. മനുഷ്യന്‍ തന്നോടുതന്നെ അക്രമം ചെയ്യുമ്പോഴാണ് അവന്‍ പരാജയപ്പെടുന്നത്. 'നാം അവരോട് അക്രമം കാണിച്ചിട്ടില്ല. പക്ഷേ അവര്‍ അവരോടു തന്നെ അക്രമം ചെയ്തു' (അന്നഹ്ല്‍ 111). ഈ അര്‍ഥത്തില്‍ ഇന്ത്യയിലെ മുസ്‌ലിം ഉമ്മത്ത് അതിന്റെ പരാജയത്തില്‍നിന്ന് പാഠങ്ങള്‍ പഠിക്കാനും തിരുത്തലുകള്‍ നടത്താനും ഈ അവസരത്തെ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നതിനെ ആസ്പദിച്ചുനില്‍ക്കുന്നു അതിന്റെ ഭാവി.
പാഠം ഒന്ന്
ഈ സമുദായത്തിന്റെ ശാപം ഈമാനും ഇഖ്‌ലാസ്വും ഇല്ലാത്ത, സ്വന്തം താല്‍പര്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടി എന്തും വില്‍ക്കാന്‍ തയാറായി നില്‍ക്കുന്ന, പേടിയെ അലങ്കാരമായി കൊണ്ടു നടക്കുന്ന അതിന്റെ നേതാക്കളാണ്. എങ്ങോട്ടും വളയുന്ന നട്ടെല്ലാണവരുടേത്. ആ നേതാക്കള്‍ വിവിധ സംഘടനകളുടെ തലപ്പത്തിരിക്കുന്നുണ്ട്. ആ സംഘടനകളില്‍ യഥാര്‍ഥത്തില്‍ ഈമാനും ഇഖ്‌ലാസ്വും ഉള്ളവരുണ്ട്. സ്വന്തം താല്‍പര്യത്തേക്കാള്‍ ദീനിന്റെയും സമുദായത്തിന്റെയും താല്‍പര്യങ്ങള്‍ക്ക് വില കല്‍പിക്കുന്നവരാണവര്‍. അവര്‍ തങ്ങളുടെ നേതാക്കളെ കസേരകളില്‍നിന്ന് പിടിച്ചിറക്കണം. അല്ലെങ്കില്‍ അത്തരം നേതാക്കള്‍ ഈ സമുദായത്തെ മൊത്തം മറ്റുള്ളവര്‍ക്ക് വിറ്റ് കാശാക്കിക്കളയും. അവര്‍ സമുദായത്തില്‍നിന്ന് മുക്തരായിക്കഴിഞ്ഞു. അവരില്‍നിന്ന് മുക്തരാകാന്‍ സമുദായം തീരുമാനിക്കേണ്ട സമയം ഇതാണ്. അല്ലെങ്കില്‍ അവര്‍ ഖേദിക്കേണ്ടിവരും.
''ലോകത്ത് പിന്തുടരപ്പെട്ടിരുന്ന നായകന്മാര്‍ തങ്ങളുടെ നീതന്മാരെ തള്ളിപ്പറയുന്ന സന്ദര്‍ഭം. എന്നാല്‍, അവര്‍ ശിക്ഷയനുഭവിക്കുക തന്നെ ചെയ്യും. അവരുടെ പരസ്പരബന്ധത്തിന്റെ കണ്ണികളൊക്കെയും അറ്റുപോകും. ഈ ലോകത്ത് അവരുടെ നീതന്മാരായിരുന്നവര്‍ ഇങ്ങനെ കേണുകൊണ്ടിരിക്കുകയും ചെയ്യും; 'ഹാ! ഇനി ഞങ്ങള്‍ക്ക് ഒരവസരം ലഭിച്ചെങ്കില്‍! എങ്കില്‍ ഇവര്‍ ഇന്ന് ഞങ്ങളെ കൈയൊഴിച്ചതുപോലെ ഇവരെ ഞങ്ങളും കൈയൊഴിച്ചു കാണിച്ചുകൊടുക്കുമായിരുന്നു.' അങ്ങനെ ഈ ജനം ഇഹലോകത്ത് അനുവര്‍ത്തിച്ച ചെയ്തികളെല്ലാം അല്ലാഹു അവര്‍ക്ക് ഖേദകരങ്ങളായി കാണിച്ചുകൊടുക്കും. നരകത്തീയില്‍നിന്ന് പുറത്തുപോരാന്‍ അവര്‍ ഒരു മാര്‍ഗവും കണ്ടെത്തുന്നതുമല്ല'' (അല്‍ ബഖറ 166, 167).
പാഠം രണ്ട്
ഉത്കൃഷ്ട മൂല്യങ്ങളും ഉയര്‍ന്ന സംസ്‌കാരവുമാണ് മുസ്‌ലിം ഉമ്മത്തിന്റെ പ്രത്യേകത. പ്രവാചകത്വത്തിന്റെ ദൗത്യമായിരുന്നു അത്. 'ഉത്കൃഷ്ട സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് ഞാന്‍ നിയോഗിക്കപ്പെട്ടത്' എന്ന് നബി (സ). ആ മൂല്യങ്ങള്‍കൊണ്ട് ഒരു കാലത്ത് അവര്‍ ലോകത്തെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്ന കാന്തശക്തിയുള്ളവരായിരുന്നു. അവര്‍ ആയുധം കൊണ്ടല്ല, മൂല്യങ്ങള്‍ കൊണ്ടാണ് ലോകത്തെ കീഴടക്കിയത്. അവര്‍ കടന്നുചെല്ലുന്നിടത്തൊക്കെ സ്വാഗതം ചെയ്യപ്പെട്ടത് അതുകൊണ്ടായിരുന്നു. അങ്ങനെയാണ് 50 വര്‍ഷംകൊണ്ട് ലോകത്തിന്റെ 50 ശതമാനം അവരുടെ കുടക്കീഴിലേക്ക് വന്നുചേര്‍ന്നത്. കേരളത്തിലും അവര്‍ വന്നു. അവരുടെ ഭാണ്ഡങ്ങളില്‍ കച്ചവടച്ചരക്കുകളേ ഉണ്ടായിരുന്നുള്ളൂ, ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങളില്ലായിരുന്നു. അവര്‍ പ്രസംഗകരായിരുന്നില്ല, അവരുടെ ജീവിതമായിരുന്നു അവരുടെ പുസ്തകവും പ്രസംഗവും. അവര്‍ ഇസ്‌ലാമിന്റെ ആള്‍രൂപങ്ങളായി ഈ നാടിന്റെ തെരുവുകളിലൂടെ നടന്നപ്പോള്‍ ജനങ്ങള്‍ അവരുടെ ദര്‍ശനം ചോദിച്ചറിഞ്ഞ് അതിലേക്ക് ചെന്നുചേര്‍ന്നു.
ചോദ്യം, ആ സമുദായം ഇന്നെവിടെയാണ് ഇന്ത്യയില്‍ എന്നാണ്. ഇന്നാട്ടിലെ ഇതര സമൂഹങ്ങള്‍ക്ക് മതിപ്പുതോന്നുന്ന ഒരു ഉമ്മത്തായി മുസ്‌ലിം ഉമ്മത്ത് ജീവിച്ചിരിപ്പുണ്ടോ? ഈ രാജ്യത്തിനും ജനങ്ങള്‍ക്കും അനിവാര്യമായും വേണ്ടവരാണെന്ന് തോന്നുന്ന സമുദായമായിരുന്നുവെങ്കില്‍ അവര്‍ക്ക് ഇന്നുള്ളതിന്റെ പതിന്മടങ്ങ് പിന്തുണ ഈ രാജ്യത്ത് ലഭിക്കുമായിരുന്നു. ഒരു പൗരത്വ പട്ടികക്കും അവരെ പുറത്താക്കാനാവുമായിരുന്നില്ല. പണ്ട് പ്രവാചകകാലത്ത് മക്കയില്‍നിന്ന് മുസ്‌ലിംകള്‍ പുറത്താക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ 'താങ്കളെപ്പോലുള്ളവര്‍ പുറത്തു പോകരുത്, പുറത്താക്കപ്പെടുകയുമരുത്' എന്ന് അബൂബക്‌റി(റ)നോട് പറഞ്ഞത് മുസ്‌ലിംകളല്ലാത്തവരായിരുന്നു. അബൂബക്‌റിന്റെ മതം അവരെ ആകര്‍ഷിച്ചില്ലെങ്കിലും ആ വ്യക്തിത്വം അവരെ ആകര്‍ഷിച്ചപ്പോള്‍ മതപരിഗണനകള്‍ക്കതീതമായി അവര്‍ നിലപാടെടുത്തു.
പാഠം മൂന്ന്
മുസ്‌ലിം ഉമ്മത്തിന് ഖുര്‍ആന്‍ നല്‍കിയ ഒരു പേരുണ്ട്, 'ഖൈറു ഉമ്മത്ത്' അഥവാ ഉത്തമ സമുദായം. ജനനം കൊണ്ട് കിട്ടുന്നതല്ല 'ഖൈറു ഉമ്മത്ത്' പദവി. ജനനം കൊണ്ടായിരുന്നുവെങ്കില്‍ അത് വംശീയതയാണ്. ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നത് വംശീയതയല്ല, മാനുഷികതയാണ്. ജൂതന്മാര്‍ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട സമുദായം എന്ന അവകാശവാദം ഉന്നയിക്കുന്നതിനെ ഖണ്ഡിച്ചുകൊണ്ടാണ് ഖുര്‍ആന്‍ അവതരിച്ചത്. ഇന്നും അതാണവരുടെ അവകാശവാദം; കര്‍മം കൊണ്ടല്ല, ജന്മം കൊണ്ട് കിട്ടുന്ന പദവി. അതുകൊണ്ട് ജൂതസമുദായത്തില്‍ ജനിക്കാത്ത ഒരാള്‍ക്ക് ആ പദവി ലഭ്യമല്ല. അതുകൊണ്ടു തന്നെ ഒരാള്‍ക്ക് ജൂതമതം സ്വീകരിക്കാനുമാവില്ല. എന്നാല്‍ ഖുര്‍ആന്‍ 'ഖൈറു ഉമ്മത്ത്' പദവി ഒരു കൂട്ടര്‍ക്ക് പതിച്ചുനല്‍കുന്നില്ല. പകരം ഒരു ഉപാധി നിര്‍ണയിക്കപ്പട്ടിട്ടുണ്ട്. സമൂഹത്തില്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്ത്വം നിര്‍വഹിക്കുന്നവര്‍ക്ക് മാത്രമാണ് ആ പദവി. അതാണ് ഉമര്‍ (റ) പറഞ്ഞത്, 'ആരെങ്കിലും ആ ഖൈറു ഉമ്മത്തില്‍ ഉള്‍പ്പെടാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അല്ലാഹു അതിനു നിശ്ചയിച്ച ഉപാധി പൂര്‍ത്തീകരിക്കട്ടെ' എന്ന്.
ഖുര്‍ആന്‍ പറഞ്ഞ ആ 'ഖൈറു ഉമ്മത്തി'ന്റെ സൃഷ്ടി അനിവാര്യമാണ് എന്ന് ഇന്ത്യയില്‍ രൂപപ്പെട്ടുവന്ന സാഹചര്യങ്ങള്‍ സമുദായത്തെ പഠിപ്പിക്കുന്നു. നന്മയിലേക്ക് ക്ഷണിക്കുന്നവര്‍ എന്ന് ഖുര്‍ആന്‍ തങ്ങള്‍ക്ക് നല്‍കിയ വിശേഷണം ഇന്ത്യന്‍ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സമുദായത്തിനായിട്ടില്ല. ഒരു സാമുദായിക ന്യൂനപക്ഷമല്ല, പകരം തങ്ങള്‍ മൊത്തം സമൂഹത്തിന്റെ നന്മയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഇനിയും അവര്‍ ബോധ്യപ്പെടുത്തിയിട്ടുവേണം. മുസ്‌ലിം ഉമ്മത്ത് ഉത്തരവാദിത്തം നിര്‍വഹിക്കുന്ന ആ 'ഖൈറു ഉമ്മത്ത്' ആകുമ്പോഴേ അല്ലാഹുവിന്റെ സഹായം അവര്‍ക്ക് ലഭിക്കുകയുള്ളൂവെന്നും അവരുടെ പ്രാര്‍ഥനകള്‍ പോലും അല്ലാഹു കേള്‍ക്കുകയുള്ളൂവെന്നും പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഭൂമിക്കും മനുഷ്യര്‍ക്കും ആവശ്യമുള്ളവരെയും അവര്‍ക്ക് ഗുണം ചെയ്യുന്നവരെയുമാണ് അല്ലാഹു ലോകത്ത് നിലനിര്‍ത്തുക. മറ്റു സമൂഹങ്ങളാണ് ആ കൃത്യം നിര്‍വഹിക്കുന്നതെങ്കില്‍ അവര്‍ക്ക് അല്ലാഹു നിലനില്‍പ്പു നല്‍കും. കാരണം അവരുടെ നിലനില്‍പ്പാണ് ലോകത്തിന്റെ നിലനില്‍പ്പ്.
പാഠം നാല്
മുസ്‌ലിം ഉമ്മത്തിന്റെ മേല്‍ ശത്രുക്കള്‍ ചാടിവീഴാനുള്ള കാരണം, അവര്‍ ന്യൂനപക്ഷമായതുകൊണ്ടാവുമോ എന്ന ചോദ്യത്തിന്, മുമ്പുദ്ധരിച്ച ഹദീസില്‍ പ്രവാചകന്‍ (സ) നല്‍കിയ മറുപടി 'അല്ല' എന്നായിരുന്നു. ന്യൂനപക്ഷം എന്നത് പരാജയത്തിന്റെ ഒരു കാരണമേയല്ല. 'എത്രയെത്ര ചെറുസംഘങ്ങളാണ് വലിയ സംഘങ്ങളെ പരാജയപ്പെടുത്തിയിട്ടുള്ളത്' (അല്‍ ബഖറ 249) എന്നാണ് ഖുര്‍ആന്‍ ഓര്‍മിപ്പിച്ചിട്ടുള്ളത്. ബദ്‌റില്‍ മാത്രമല്ല, മറ്റു പലപ്പോഴും അത് തെളിയിക്കപ്പെട്ടു. ഉദാഹരണമായി, പഴയകാലത്തെ വന്‍ശക്തിയായ റോമിന്റെ 3 ലക്ഷം വരുന്ന സൈന്യത്തെ മുസ്‌ലിംകള്‍ പരാജയപ്പെടുത്തിയത് 30,000 പേരെയും കൊണ്ടാണ്.
ന്യൂനപക്ഷം ഭൂരിപക്ഷത്തെ പരാജയപ്പെടുത്തുന്നതിന്റെ രഹസ്യം ഖുര്‍ആന്‍ വെളിപ്പെടുത്തിയതിങ്ങനെയാണ്: 'നിങ്ങളില്‍ സഹനശീലരായ ഇരുപതു പേരുണ്ടെങ്കില്‍, അവര്‍ ഇരുനൂറു പേരെ ജയിച്ചടക്കും. അത്തരം നൂറു പേരുണ്ടെങ്കില്‍ സത്യനിഷേധികളില്‍ ആയിരം പേരെ ജയിക്കാം. എന്തുകൊണ്ടെന്നാല്‍ അവര്‍ യാഥാര്‍ഥ്യം ഗ്രഹിക്കാത്തവരാകുന്നു''(അല്‍ അന്‍ഫാല്‍ 65). ക്ഷമ എന്ന ഗുണമാണ് ന്യൂനപക്ഷത്തെ വിജയിപ്പിക്കുന്നത്. ഭൂരിപക്ഷത്തെ പരാജയപ്പെടുത്താന്‍ കഴിയുന്നത് അവര്‍ക്ക് ഗ്രാഹ്യശേഷിയും വിവരവുമില്ലാത്തതിനാലാണ്. യോഗ്യതയാണ്, എണ്ണമല്ല; 'ക്വാളിറ്റി'യാണ് 'ക്വാണ്ടിറ്റി'യല്ല വിജയത്തിന്റെ മാനദണ്ഡം. ഈ അര്‍ഥത്തില്‍ മുസ്‌ലിം ഉമ്മത്തിന്റെ യോഗ്യതയില്ലായ്മയാണ് അവരുടെ പരാജയത്തിന്റെ കാരണമായി കാണേണ്ടത്. ശത്രുക്കള്‍ ഭൂരിപക്ഷമായിട്ടും അവരെ പരാജയപ്പെടുത്താന്‍ എളുപ്പമാകുന്നത് അവര്‍ക്ക് വിവരമില്ലാത്തതുകൊണ്ടാണെന്നത് മുസ്‌ലിം ഉമ്മത്തിനും ബാധകമത്രെ. യോഗ്യതയില്‍ ഒന്നാമത്തേത് വിവരം തന്നെയാണ്. ഏതാണ്ട് 60 ശതമാനം പുരുഷന്മാരും 65 ശതമാനം സ്ത്രീകളും നിരക്ഷരരായ ഒരു സമുദായം രാജ്യത്ത് എന്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാണ്?! രാജ്യത്തിന്റെ തീരുമാന കേന്ദ്രങ്ങളില്‍ എത്തിപ്പെടാനും ഭരണസംവിധാനത്തില്‍ പങ്കാളിത്തം വഹിക്കാനും എന്ത് യോഗ്യതയാണവര്‍ക്കുള്ളത്?
വിവരം എന്ന യോഗ്യതകൊണ്ടാണ് അവര്‍ യൂറോപ്പിലെ നവോത്ഥാനത്തിന്റെ ശില്‍പികളായത്. ബൗദ്ധിക സര്‍ഗാത്മകത (Intellectual Creativity‑) കൊണ്ട് അവര്‍ യൂറോപ്പിന്റെ ഇരുണ്ട യുഗത്തെ (Dark Age) സുവര്‍ണ യുഗ(ഏീഹറലി അഴല)മാക്കിമാറ്റി. ആറ് നൂറ്റാണ്ട് കാലം വിജ്ഞാനത്തിന്റെ സര്‍വ ശാഖകളിലും കുലപതികളായിരുന്ന മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ നല്‍കിയ പ്രകാശമാണ് യൂറോപ്പിന് ഇരുട്ടില്‍ വെളിച്ചമായത്. ഇബ്‌നുസീന, റാസി, അല്‍ ഖവാറസ്മി, ഇബ്‌നു ഹൈതം, ജാബിറുബ്‌നു ഹയ്യാന്‍, ഇബ്‌നു റുശ്ദ് തുടങ്ങിയ മഹാ പണ്ഡിതന്മാര്‍ വൈദ്യശാസ്ത്രം, ഗോളശാസ്ത്രം, രസതന്ത്രം, തത്ത്വശാസ്ത്രം, ഗണിതശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങി വിജ്ഞാനത്തിന്റെ എല്ലാ മേഖലകളിലും കണ്ടുപിടിത്തങ്ങളുടെ കലവറകള്‍ തുറന്ന മഹാരഥന്മാരായിരുന്നു. പാശ്ചാത്യര്‍ക്ക് ആറ് നൂറ്റാണ്ടു കാലം വൈദ്യശാസ്ത്രം പഠിപ്പിക്കാനുള്ള റഫറന്‍സ് ഗ്രന്ഥം രണ്ടേ ഉണ്ടായിരുന്നുള്ളൂ; ഇബ്‌നുസീനയുടെ 'അല്‍ ഖാനൂനു ഫിത്ത്വിബ്ബും' റാസിയുടെ 'കിതാബുല്‍ ഹാവി'യും.
ആയുധം കൊണ്ടല്ല, വിജ്ഞാനം കൊണ്ടാണ് ഈ ഉമ്മത്ത് ലോകത്തെ കീഴടക്കിയത്. ഇസ്‌ലാം അതിന്റെ നാഗരികത കെട്ടിപ്പടുത്തത് വിജ്ഞാനം എന്ന നെടുംതൂണിന്മേലാണ്. ഈ പില്ലറില്ലാതെ ഒരു നാഗരികതയെ നിങ്ങള്‍ക്ക് നിര്‍മിച്ചെടുക്കാനാവില്ല, പുനര്‍നിര്‍മിക്കാനുമാവില്ല. അതുകൊണ്ട് നിവര്‍ന്നു നില്‍ക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇന്ത്യയിലെ മുസ്‌ലിം ഉമ്മത്ത് അതിന്റെ വിദ്യാഭ്യാസത്തിന് ഫലപ്രദമായ മാര്‍ഗങ്ങളുണ്ടാക്കണം. സമുദായത്തെ പഠിപ്പിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ക്ക് ഒന്നാമത്തെ പരിഗണന നല്‍കണം. 'ഇഖ്‌റഅ്' കൊണ്ടാണ് ഈ സമുദായം ആരംഭിച്ചത്, 'ഇഖ്‌റഅ്' കൊണ്ടുതന്നെയാണ് അത് പുനരാരംഭിക്കേണ്ടതും.
പാഠം അഞ്ച്
നിരക്ഷരരുടെ എണ്ണത്തില്‍ മാത്രമല്ല, പട്ടിണികിടക്കുന്നവരുടെ എണ്ണത്തിലും ഇന്ത്യയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന സമുദായമത്രെ മുസ്‌ലിം ഉമ്മത്ത്. നിലനില്‍പിന്റെ ആധാരം എന്നാണ് ഖുര്‍ആന്‍(അന്നിസാഅ് 5) പണത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ഈ ആധാരം നഷ്ടപ്പെട്ട സമുദായമാണ് ഇന്ത്യയിലേത്. നിലനില്‍പ്പിന്റെ ആധാരമാണ് സമ്പത്ത് എന്ന് മനസ്സിലാക്കിയവരാണ് ഗുജറാത്തില്‍ അല്‍പം സാമ്പത്തികാശ്വാസമുണ്ടായിരുന്ന സമുദായത്തെ വര്‍ഗീയകലാപത്തിലൂടെ തകര്‍ത്തത്.
സമ്പത്താണ് നല്ലൊരളവോളം മറ്റെല്ലാമുണ്ടാക്കുന്നത്. അന്തസ്സും അധികാരവും അഭിമാനവും വിവരവുമൊക്കെ ഉണ്ടാവണമെങ്കില്‍ അതുണ്ടാവണം. അതുകൊണ്ട്, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കണമെന്ന പാഠം പുതിയ സാഹചര്യം നല്‍കുന്നുണ്ട്. സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഹറാം-ഹലാല്‍ പറഞ്ഞ് പേടിപ്പിക്കുന്ന മതപണ്ഡിതന്മാര്‍ അത് നിര്‍ത്തണം. തഖ്‌വയും പണവും ഒന്നിച്ചുപോകില്ലെന്ന ധാരണയുണ്ടാക്കരുത്. കച്ചവടത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, കച്ചവടക്കാരന് സ്വര്‍ഗത്തില്‍ പ്രവാചകന്മാരുടെ കൂടെ സ്ഥാനമുണ്ടെന്ന് ഉറപ്പു നല്‍കിയ പ്രവാചകനെയാണ് മാതൃകയാക്കേണ്ടത്. സ്വര്‍ഗത്തില്‍ ദരിദ്രരാണ് കൂടുതലെന്ന വ്യാജ ഹദീസുകള്‍ പ്രചരിപ്പിക്കരുത്. സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ട പത്ത് സ്വഹാബികളില്‍ ആറു പേരും അതീവ സമ്പന്നരായിരുന്നു എന്ന യാഥാര്‍ഥ്യമാണ് സമുദായത്തെ പഠിപ്പിക്കേണ്ടത്.
പാഠം ആറ്
ബഹുസ്വര സമൂഹത്തില്‍ ജീവിക്കാന്‍ ലഭിച്ച അവസരത്തെ ദൈവാനുഗ്രഹമായി കാണേണ്ട സമുദായമാണ് ഇന്ത്യയിലേത്. ബഹുസ്വരത ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച ആശയമാണ്, ദൈവത്തിന്റെ നടപടിക്രമമാണ്, പ്രപഞ്ചത്തിന്റെ യാഥാര്‍ഥ്യമാണ്. 'നിസ്സംശയം, നിന്റെ റബ്ബ് ഇഛിച്ചുവെങ്കില്‍, മുഴുവന്‍ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അവര്‍ ഭിന്നമാര്‍ഗങ്ങളിലൂടെതന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു'(ഹൂദ് 118). ദൈവം നിശ്ചയിച്ചത് മാറ്റിവരക്കാനാവില്ല. ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ ഖുര്‍ആനിലും ഹദീസുകളിലും വേണ്ടുവോളമുണ്ടായത് അതൊരു യാഥാര്‍ഥ്യമായതുകൊണ്ടാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തുതന്നെ ഇന്ന് മുസ്‌ലിം ജനസംഖ്യയില്‍ ചുരുങ്ങിയത് മൂന്നിലൊന്ന് തങ്ങളുടെ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളായാണ് ജീവിക്കുന്നത്. വേറെ ചിലയിടങ്ങളില്‍ അവര്‍ ഭൂരിപക്ഷമാണെങ്കില്‍ മറ്റു സമുദായങ്ങള്‍ ന്യൂനപക്ഷങ്ങളായി അവരുടെ കൂടെയുണ്ട്. മിശ്രിതസമൂഹത്തില്‍ തങ്ങള്‍ക്ക് അവകാശങ്ങള്‍ മാത്രമല്ല, ബാധ്യതകളും ഉണ്ടെന്ന് ഓര്‍ക്കുമ്പോഴേ ആരോഗ്യകരമായ സഹവര്‍ത്തിത്വം സാധ്യമാവൂ. ഇതര സമുദായങ്ങളുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്നതില്‍ പുലര്‍ത്തേണ്ട ഉയര്‍ന്ന മര്യാദകള്‍ ഇസ്‌ലാം പഠിപ്പിച്ചത് വെറുതെയല്ല. കേരള മാതൃകയാണ് ഈ രംഗത്ത് യഥാര്‍ഥ ഇസ്‌ലാമിക മാതൃകയെ പ്രതിനിധീകരിക്കുന്നത്. എന്നാല്‍, ഉത്തരേന്ത്യയിലെ സമുദായം ബഹുസ്വര സമൂഹത്തില്‍ ജീവിക്കാന്‍ ഇനിയും പഠിച്ചിട്ടുവേണം എന്നു പറയേണ്ടിവരും. പുതിയ സാഹചര്യങ്ങള്‍ അവര്‍ക്ക് ബഹുസ്വര സമൂഹത്തിലെ ജീവിതത്തെ കുറിച്ച പുതിയ പാഠങ്ങള്‍ പഠിക്കാനുള്ള അവസരമായെങ്കില്‍.
പാഠം ഏഴ്
ആസൂത്രണമാണ്, അരാജകത്വമല്ല; ബുദ്ധിപരതയാണ്, വൈകാരികതയല്ല ഒരു സമൂഹത്തിന്റെ വിജയ നിദാനം. ലോകത്തെ ഏറ്റവും വലിയ ആസൂത്രകനും സ്ട്രാറ്റജിസ്റ്റുമായ നേതാവ് പ്രവാചകനായിരുന്നു. ശത്രുക്കളുടെ എല്ലാ ആസൂത്രണങ്ങളെയും ആസൂത്രണമികവു കൊണ്ട് പ്രവാചകന്‍ മറികടന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അനുയായികളുടെ അവസ്ഥയോ, പ്രത്യേകിച്ചും ഇന്ത്യയില്‍? ആസൂത്രണമില്ലായ്മയെ ആഘോഷിക്കുന്ന സമുദായം. വിദ്യാഭ്യാസം, രാഷ്ട്രീയം തുടങ്ങിയ പ്രധാന മേഖലകളിലൊക്കെയും കൃത്യമായ ആസൂത്രണവും മുന്നൊരുക്കങ്ങളും നടത്തിയും സ്ട്രാറ്റജി നിര്‍ണയിച്ചും മുന്നോട്ടുപോകാന്‍ സമുദായത്തിനാവണം. ഈ രംഗത്തും നേതാക്കളും സംഘടനകളും അവരുടെ പ്രവര്‍ത്തന രീതികളെക്കുറിച്ച് സ്വയംവിമര്‍ശനം നടത്തുകയും തിരുത്തുകയും വേണം.
മരിക്കാത്ത സമുദായം
പാഠങ്ങള്‍ ഒരുപാടുണ്ട്. ചില ഉദാഹരണങ്ങള്‍ പറഞ്ഞെന്നേയുള്ളൂ. ഒരു കാര്യം ഓര്‍ക്കണം; മുസ്‌ലിം ഉമ്മത്തിന് ഒരു ശാശ്വതികത്വമുണ്ട്, മരിക്കാത്ത സമുദായം! അത് ലോകത്തെ അവസാനത്തെ 'ഉമ്മത്താ'ണ്. ഇനിയൊരു പുതിയ 'ഉമ്മത്ത്' വരാനില്ല. ഈ ഉമ്മത്തിന്റെ കൈയിലാണ് പ്രപഞ്ചത്തിന്റെ സത്യമായ, ദൈവത്തിന്റെ വെളിച്ചമായ വിശുദ്ധ ഖുര്‍ആനുള്ളത്. ലോകാവസാനം വരെയുള്ള മനുഷ്യരാശിക്കു വേണ്ടി അത് നിലനില്‍ക്കേണ്ടതുള്ളതിനാല്‍ ആരുടെയും കൈകടത്തലുകള്‍ക്ക് വിധേയമാകാത്ത വിധത്തില്‍ അതിനെ സംരക്ഷിക്കുമെന്ന് അല്ലാഹു വാഗ്ദാനം നല്‍കിയിട്ടുണ്ട്. 'നാമാണ് അതിനെ അവതരിപ്പിച്ചത്. നാമതിനെ സംരക്ഷിക്കുകതന്നെ ചെയ്യും.' ഖുര്‍ആന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന അല്ലാഹു ആ ഖുര്‍ആന്റെ വാഹകരുടെ സംരക്ഷണവും സ്വാഭാവികമായും ഏറ്റെടുക്കും. പക്ഷേ, അവര്‍ യഥാര്‍ഥത്തില്‍ ഖുര്‍ആന്റെ വാഹകര്‍ തന്നെയായിരിക്കണം.
മുസ്‌ലിം ഉമ്മത്തിന് രോഗം ബാധിക്കും. പക്ഷേ അത് മരിക്കുകയില്ല. ആ രോഗങ്ങളുടെ ശമനം തേടുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും പിടിച്ചുനില്‍ക്കുകയും മാത്രമല്ല, മുന്നേറുകതന്നെ ചെയ്യുമെന്ന ഇഛാശക്തി പ്രകടിപ്പിക്കുമെങ്കില്‍ ഈ 'ഉമ്മത്ത്' മരിക്കുകയില്ല, തീര്‍ച്ച.
Comments