ഇസ്‌ലാമിക സംസ്‌കൃതിയെ വിളംബരപ്പെടുത്തുന്ന എക്‌സിബിഷനുകള്‍
ഇസ്‌ലാമിക സംസ്‌കാരത്തെയും പൈതൃകത്തെയും കുറിച്ച് ആസ്ത്രേലിയയിലും ലണ്ടനിലും നടക്കുന്ന എക്‌സിബിഷനുകള്‍ ഇസ്‌ലാമിക ലോകം മനുഷ്യരാശിക്ക് നല്‍കിയ മഹത്തായ സംഭാവനകളെ പരിചയപ്പെടുത്തുന്നു. ഈ എക്‌സിബിഷനുകള്‍ ഇസ്‌ലാമിന് ഹിംസാത്മകമായ ചരിത്രമേയുള്ളൂ എന്ന ചരിത്ര വായനക്കൊരു തിരുത്തെഴുത്താണ്. ആര്‍ട്ട് ഗാലറി ഓഫ് ആസ്‌ത്രേലിയ (AGSA ) 'No God but God: The Art of Islam’ എന്ന പേരില്‍ ആസ്‌ത്രേലിയയില്‍ ഇസ്‌ലാമിക കലയെയും സംസ്‌കാരത്തെയും നാഗരിക വളര്‍ച്ചയെയും അടയാളപ്പെടുത്തുന്ന എക്‌സിബിഷന്‍ നടന്നുവരുന്നു്ണ്ട്. 'അല്ലാഹു സുന്ദരനാണ്, അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു' എന്ന നബിവചനമാണ് ഈ എക്‌സിബിഷന്റെ പ്രചോദന വാക്യം. 2005-ലാണ് AGSA ഇസ്‌ലാമിക് ആര്‍ട്ട് ഗാലറി തുറന്നത്.
മുസ്‌ലിം ലോകത്തെ ശില്‍പകല, കലിഗ്രാഫി, വിവിധ ശാസ്ത്ര രംഗങ്ങളിലെ മുസ്‌ലിം സംഭാവനകള്‍, ജന്തുജാലങ്ങളുടെയും ആരാമങ്ങളുടെയും ചിത്രീകരണങ്ങള്‍ തുടങ്ങി ആയിരം വര്‍ഷത്തോളം പഴക്കമുള്ള ഇസ്‌ലാമിക പൈതൃകത്തിന്റെ ചരിത്രമാണ് എക്‌സിബിഷനില്‍ അനാവരണം ചെയ്യപ്പെടുന്നത്. ഓരോ പൈതൃക ശേഷിപ്പുകള്‍ക്കുമൊപ്പം അതിന്റെ ചരിത്ര സന്ദര്‍ഭവും ചേര്‍ത്തിട്ടുണ്ട്. ലോകത്ത് എല്ലായിടത്തുമുള്ള മുസ്‌ലിംകളെക്കുറിച്ച് ഏകശിലാത്മക വീക്ഷണമാണ് ആസ്‌ത്രേലിയയില്‍ നിലനില്‍ക്കുന്നത്. സഹിഷ്ണുത, വിവിധ മതസമൂഹങ്ങളുമായി സഹവര്‍ത്തിത്വം, കല, സൗന്ദര്യബോധം തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ മുസ്‌ലിംകള്‍ക്ക് പ്രതിലോമ നിലപാടാണുള്ളത് എന്ന മുന്‍ധാരണകള്‍ ആസ്‌ത്രേലിയയിലും വ്യാപകം. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ആസ്‌ത്രേലിയയില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാംഭീതിയുടെ കാലത്ത് ഈ ചരിത്ര പൈതൃകങ്ങളുടെ പ്രദര്‍ശനത്തിലൂടെ മുസ്‌ലിംകള്‍ ലോകത്തിനു നല്‍കിയ സംഭാവനകള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ സാധിക്കുമെന്ന് എക്‌സിബിഷന്‍ മേധാവി ജെയിംസ് ബെന്നെറ്റ് വിശ്വസിക്കുന്നു. ഇസ്‌ലാമിക കലയുടെ പ്രദര്‍ശനത്തിലൂടെ മുസ്‌ലിംകള്‍ക്കു നേരെ ഉയരുന്ന ആക്രമണങ്ങളും തെറ്റിദ്ധാരണകളും നല്ലൊരു പരിധിയോളം ഒഴിവാക്കാനാവുമെന്നാണ് അദ്ദേഹം പ്രത്യാശിക്കുന്നത്.
ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം, മലേഷ്യയിലെ ഇസ്‌ലാമിക് ആര്‍ട്ട്‌സ് മ്യൂസിയവുമായി സഹകരിച്ച് നടത്തിയ എക്‌സിബിഷന്‍, യൂറോപ്യന്‍- ഓറിയന്റലിസ്റ്റ് ഭാവനയിലെ ഇസ്‌ലാമിക ചരിത്ര വായനക്ക് ഒരു തിരുത്തായിരുന്നു. ഉസ്മാനീ ഖിലാഫത്തിന്റെ ചരിത്രം, മുസ്‌ലിം സ്ത്രീയുടെ സ്ഥാനം തുടങ്ങി നിരവധി വിഷയങ്ങളിലെ ഓറിയന്റലിസ്റ്റ് വീക്ഷണത്തെ ചോദ്യം ചെയ്യുന്നു ഈ എക്‌സിബിഷന്‍. പാശ്ചാത്യ സാംസ്‌കാരിക രംഗങ്ങളില്‍ മുസ്‌ലിംകള്‍ ചെലുത്തിയ സ്വാധീനവും ഈ പ്രദര്‍ശനത്തിന്റെ പ്രമേയമാണെന്ന് ഗവിന്‍ ഓതൂള്‍ അല്‍ജസീറയില്‍ എഴുതുന്നു. കല, സംസ്‌കാരം, ശാസ്ത്രം, ടെക്നോളജി, സുകുമാര കലകള്‍ എന്നീ മേഖലകളില്‍ പാശ്ചാത്യ നാടുകളില്‍ മുസ്‌ലിംകള്‍ ചെലുത്തിയ സ്വാധീനം ഈ എക്‌സിബിഷന്‍ അനാവരണം ചെയ്യുന്നുവെന്ന് കന്‍സാസ് സിറ്റിയിലെ നെല്‍സണ്‍-അറ്റ്കിന്‍സ് മ്യൂസിയം ഓഫ് ആര്‍ട്ട് മേധാവി കാതറിന്‍ ഫറ്റര്‍ പറയുന്നു. പാശ്ചാത്യ- പൗരസ്ത്യ ലോകങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ക്കപ്പുറം നയതന്ത്രപരമായും കലാപരമായും ആദാനപ്രദാനങ്ങള്‍ നടന്നിട്ടുണ്ടെന്ന് ബ്രിട്ടീഷ് മ്യൂസിയം മേധാവികളിലൊരാളായ ജൂലിയ തഗ്വേലും സമര്‍ഥിക്കുന്നു.
നവംബര്‍ 21-ന് നബിദിനത്തോട് അനുബന്ധിച്ച് അബൂദബിയില്‍ നടക്കുന്ന അല്‍ബുര്‍ദ ഫെസ്റ്റിവലിലും ഇസ്‌ലാമിക കലയും സംസ്‌കാരവുമാണ് പ്രധാന വിഷയങ്ങള്‍. മിനിസ്ട്രി ഓഫ് കള്‍ച്ചര്‍ ആന്റ് നോളജ് ഡെവലപ്പ്‌മെന്റിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന അല്‍ബുര്‍ദ ഫെസ്റ്റിവല്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് പ്രധാനമായും മുന്നോട്ടു വെക്കുന്നത്. 2004-ലാണ് യു.എ.ഇ ഭരണകൂടം അല്‍ബുര്‍ദ ഫെസ്റ്റിവലിനു തുടക്കമിട്ടത്. ഇസ്‌ലാമിക സൃഷ്ടിപരതയുടെ പ്രകാശനത്തിനുള്ള ഭൂമികയൊരുക്കുകയാണ് അല്‍ബുര്‍ദ ഫെസ്റ്റിവലിന്റെ ഉദ്ദേശ്യമെന്ന് മന്ത്രി നൂറ അല്‍കഅബി പറഞ്ഞു. വിവിധ മേഖലകളില്‍ കലാ വൈദഗ്ധ്യമുള്ള വ്യക്തികളെ കത്തെി അവര്‍ മുഖേന ഇസ്‌ലാമിന്റെ സൗന്ദര്യം ലോകത്തെ അറിയിക്കാനാണ് ഈ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. അല്‍ജൗദ് ലൂതാ, ഇബ്തിസാം അബ്ദുല്‍ അസീസ്, ഖാലിദ് അല്‍ ബന്ന, അമ്മാര്‍ അല്‍അത്താര്‍ (യു.എ.ഇ), നാസിര്‍ അല്‍- സലീം, ദാന അവര്‍ത്തനീ (സുഊദി അറേബ്യ), ആഇശ ഖാലിദ് (പാകിസ്താന്‍), സുലൈഖ ബൂ അബ്ദില്ല (അള്‍ജീരിയ), ഫാത്വിമ ഉസ്‌ദെനോവ (റഷ്യ), സ്റ്റാന്‍ലി സിയു (ഹോങ്കോംഗ്) തുടങ്ങി പ്രമുഖ കലാകാരന്മാര്‍ അല്‍ബുര്‍ദ ഫെസ്റ്റിവലില്‍ പങ്കെടുക്കും. ഇസ്‌ലാമിക സൗന്ദര്യസങ്കല്‍പവും ബഹുസ്വരതയും സാമൂഹിക സഹവര്‍ത്തിത്വവും ചരിത്ര തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിചയപ്പെടുത്തുന്ന ഇത്തരം പരിപാടികള്‍ മുസ്‌ലിംകളെക്കുറിച്ച മുന്‍ധാരണകള്‍ മാറ്റാനുതകും.
Comments