പോര്‍മുഖത്തും നിയന്ത്രണം വിടാതെ
ആധുനിക മാനേജ്‌മെന്റ് വിജ്ഞാനീയം നേതൃശേഷിയുടെ ചില അടിസ്ഥാന തത്ത്വങ്ങള്‍ പറയുന്നുണ്ട്. പ്രവാചകന്‍ മുഹമ്മദ്(സ) ഈ രംഗത്തും മാതൃകയായിരുന്നു. രചനാത്മകമായി ചിന്തിച്ചയാളായിരുന്നു അദ്ദേഹം; എല്ലാ പ്രവര്‍ത്തനങ്ങളും ഫലപ്രാപ്തി ലക്ഷ്യം വെച്ചുള്ളതായിരുന്നു. പ്രതിലോമ പ്രവൃത്തികളില്‍ നിന്ന് അദ്ദേഹം പൂര്‍ണമായും വിട്ടുനിന്നു.
പ്രായോഗിക നേതൃഗുണങ്ങളില്‍ ഒന്ന്, സാധ്യമായതില്‍ നിന്ന് തുടങ്ങുക എന്നതാണ്. ''രണ്ട് സാധ്യതകള്‍ കണ്ടാല്‍ പ്രവാചകന്‍ അവയില്‍ എളുപ്പമായതാണ് എടുക്കുക'' എന്ന് ആഇശ(റ) (ബുഖാരി). പ്രതികൂലാവസ്ഥയിലും അവസരം കണ്ടെത്തലാണ് മറ്റൊന്ന്. മക്കയിലെ ആദ്യവര്‍ഷങ്ങളില്‍ കഠിനമായ എതിര്‍പ്പുകള്‍ നേരിട്ട പ്രവാചകനെ ഖുര്‍ആന്‍ പഠിപ്പിച്ചത് 'പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്' (94:5,6) എന്നാണല്ലോ. അതദ്ദേഹം പ്രാവര്‍ത്തികമാക്കി.
ബദ്ര്‍ യുദ്ധത്തില്‍ 70-ഓളം പേരെ മുസ്‌ലിംകള്‍ യുദ്ധത്തടവുകാരായി പിടിച്ചു. പത്തു കുട്ടികളെ അക്ഷരം പഠിപ്പിച്ചാല്‍ സ്വതന്ത്രരാക്കാമെന്നാണ് പ്രവാചകന്‍ അവരോട് പറഞ്ഞത്. ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യ പാഠശാല- വിദ്യാര്‍ഥികളെല്ലാം മുസ്‌ലിം കുട്ടികള്‍; അധ്യാപകരോ ശത്രുപക്ഷത്തുള്ളവര്‍. പ്രതികൂലാവസ്ഥയെ അനുകൂലാവസ്ഥയാക്കുന്ന രീതി.
ഏറ്റുമുട്ടലിന്റെ സാഹചര്യമുണ്ടാകുമ്പോള്‍ അതിനെയും അനുകൂലമായ മണ്ഡലത്തിലേക്ക് എത്തിച്ചതിന് ഉദാഹരണമായിരുന്നു ഹുദൈബിയ സന്ധി. തങ്ങള്‍ക്ക് മേല്‍ക്കൈയുണ്ടെന്ന് തിരിച്ചറിഞ്ഞ ശത്രുക്കള്‍ മുസ്‌ലിംകളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുമെന്ന് ഉറപ്പായിരുന്നു. ആ ഘട്ടത്തില്‍ അവരുടെ ഉപാധികള്‍ അംഗീകരിച്ച് ഒരു ദശവത്സര ഉടമ്പടി ഒപ്പുവെക്കുകയാണ് പ്രവാചകന്‍ ചെയ്തത്. പോര്‍മുഖത്തുള്ള ഏറ്റുമുട്ടലിനു പകരം ആശയപരമായ സംവാദത്തിലേക്ക് കാര്യങ്ങള്‍ മാറി. പ്രത്യയശാസ്ത്രപരമായ മികവു കാരണം ഇസ്‌ലാം രണ്ടു വര്‍ഷം കൊണ്ടുതന്നെ വിജയം നേടുന്നതാണ് പിന്നെ കണ്ടത്.
ശത്രുക്കളെ മിത്രങ്ങളാക്കുകയാണ് മറ്റൊരു തത്ത്വം. മനുഷ്യവിഭവം സൃഷ്ടിപരമായി ഉപയോഗപ്പെടുത്താന്‍ ഈ പരിവര്‍ത്തനം സഹായിക്കുന്നു. ''നിന്റെ കൊടിയ ശത്രുവും ഉറ്റമിത്രമായി മാറുന്നതു കാണാം'' (41:34) എന്ന് ഖുര്‍ആന്‍.
ശാന്തിയുടെ ശക്തിയാണ് സംഹാരത്തിന്റെ ശക്തിയേക്കാള്‍ വലുത് എന്നും പ്രവാചകന്‍ കാണിച്ചുതന്നു. മക്ക കീഴടക്കിയ സമയത്ത്, പരാജിതരായ ശത്രുക്കളെ മുഴുവന്‍ നബിയുടെ മുമ്പാകെ ഹാജരാക്കി. എല്ലാ അര്‍ഥത്തിലും യുദ്ധക്കുറ്റവാളികള്‍ കൂടിയായിരുന്നു അവര്‍- ന്യായമായിത്തന്നെ കടുത്ത ശിക്ഷക്ക് അര്‍ഹര്‍. പക്ഷേ, പ്രവാചകന്‍ പറഞ്ഞത് 'നിങ്ങള്‍ക്ക് പോകാം' എന്നായിരുന്നു. അതുവഴി അവരുടെ മനസ്സുകളെ കൂടി അദ്ദേഹം കീഴടക്കി; സമാധാന പൂര്‍ണമായ ഒരു സമൂഹം അങ്ങനെ പിറവിയെടുത്തു.
കാലുഷ്യമോ ആശയക്കുഴപ്പമോ ഇല്ലാത്ത തെളിഞ്ഞ ചിന്തയാണ് മറ്റൊരു നേതൃഗുണം. വെളുപ്പ് അല്ലെങ്കില്‍ കറുപ്പ്, വെട്ടൊന്ന് മുറി രണ്ട് തുടങ്ങിയ ആത്യന്തിക നിലപാടുകള്‍ പ്രവാചകന്‍ വെച്ചു പുലര്‍ത്തിയില്ല. മുഅ്ത യുദ്ധത്തിന്റെ വേളയില്‍ സേനാധിപന്‍ ഖാലിദുബ്‌നു വലീദ് മുസ്‌ലിം സൈനികരോട് പിന്‍വാങ്ങാന്‍ കല്‍പിച്ചു. ശത്രു സൈന്യത്തിന് മുസ്‌ലിംകളുടേതിന്റെ അനേകമടങ്ങ് അംഗബലമുണ്ടെന്ന് കണ്ടായിരുന്നു ഇത്. സൈനികര്‍ മദീനയില്‍ തിരിച്ചെത്തിയപ്പോള്‍ നാട്ടുകാരായ മുസ്‌ലിംകളില്‍ ചിലര്‍ അവരെ 'ഫുര്‍റാര്‍' (പിന്തിരിഞ്ഞോടിയവര്‍) എന്നു വിളിച്ച് അധിക്ഷേപിച്ചു. അപ്പോള്‍ പ്രവാചകന്‍ വിലക്കി. ''അല്ല, അവര്‍ കുര്‍റാര്‍ (മുന്നേറിപ്പോകുന്നവര്‍) ആണ്'' എന്നാണ് അദ്ദേഹം പറഞ്ഞത്.
ഒന്നുകില്‍ ജയം, അല്ലെങ്കില്‍ തോറ്റ് ഓട്ടം- ഈ രണ്ട് പരിണതികളേ മദീനക്കാരുടെ മനസ്സിലുണ്ടായിരുന്നുള്ളൂ. മൂന്നാമതൊരു സാധ്യത കൂടിയുണ്ടെന്ന് പ്രവാചകന്‍ ഓര്‍മിപ്പിച്ചു. തല്‍ക്കാലം യുദ്ധം ഒഴിവാക്കുകയും സ്വയം ശക്തിയാര്‍ജിച്ച് സജ്ജരായ ശേഷം പോരാടുകയും ചെയ്യുക എന്നതാണത്. സംഭവിച്ചതും അതുതന്നെ. മുസ്‌ലിംകള്‍ മൂന്നു വര്‍ഷം സൈന്യത്തെ പരിശീലിപ്പിച്ച് ഒരുക്കി. പിന്നെ വീണ്ടും റോമാ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് ചെയ്തു; ഇത്തവണ ഉജ്ജ്വലമായ വിജയം നേടുകയും ചെയ്തു.
തര്‍ക്ക വിഷയങ്ങളില്‍ പ്രായോഗികതക്ക് മുന്‍തൂക്കം നല്‍കുക എന്ന നേതൃഗുണവും പ്രവാചകനുണ്ടായിരുന്നു. ഹുദൈബിയ സന്ധി എഴുതിയുണ്ടാക്കുമ്പോള്‍ 'ദൈവ ദൂതന്‍ മുഹമ്മദ്' എന്ന പ്രയോഗത്തില്‍ ഖുറൈശികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതും പ്രവാചകന്‍ അത് മാറ്റി 'അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്' എന്നാക്കിയതും പ്രസിദ്ധമാണല്ലോ.
(മുഹമ്മദ് ഡബ്ല്യു ഖാന്‍, 1998 സെപ്റ്റംബറിലെ 'മിനാരറ്റ്' മാസികയിലെഴുതിയ ലേഖനത്തില്‍ നിന്ന്)
Comments