Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 11

പ്രായോഗികതയുടെ കൂട്ടുകാര്‍

ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്‌

സൈദ്ധാന്തികതയും പ്രായോഗികതയും പലപ്പോഴും പരസ്പരം ഒത്തുപോകുന്ന ഒന്നല്ല. മിന്നല്‍ക്കൊടിപോലുള്ള ആശയങ്ങള്‍ ആകാശത്ത് പ്രകമ്പനം കൊള്ളിക്കുകയും ഭൂമിയില്‍ സ്പര്‍ശിക്കുന്നതോടെ നിര്‍ജീവമായിപ്പോവുകയും ചെയ്യുന്ന അനുഭവങ്ങള്‍ ലോകചരിത്രത്തില്‍ എമ്പാടുമുണ്ട്. പ്രായോഗികതയെയും സൈദ്ധാന്തികതയെയും ഒരുമിച്ചു കൊണ്ടുപോകുന്ന രണ്ടു നേതാക്കളെയാണു ലോകം കണ്ടത്. ഒരാള്‍ ഗാന്ധിജി. മറ്റേ ആള്‍ മുഹമ്മദ് നബി. 'എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം' എന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം പറയുകയും സ്വജീവിതത്തെ സത്യത്തിന്റെ കഠിന പരീക്ഷണശാലയാക്കുകയും ചെയ്തു ഗാന്ധിജി. കരണത്തടിച്ചവന് മറ്റേ കരണവും കാണിച്ചു കൊടുക്കുക എന്ന ക്രിസ്തുവിന്റെ സമീപനവും പ്രവാചകന്റെ പ്രായോഗിക സമീപനവും ഗാന്ധിജില്‍ ലയിച്ചു നില്‍ക്കുന്നതു കാണാം. മിത്തുകളുടെ അസത്യാത്മക പ്രകാശത്തില്‍നിന്ന് ഈ രണ്ടു ജീവിതവും രക്ഷപ്പെട്ടതു അതു കൊണ്ടാണെന്നു വേണം മനസ്സിലാക്കാന്‍. ഇരുവരും അതിമാനുഷികത പുറത്തെടുത്തവരല്ല, മറിച്ച് സാധാരണക്കാരിലും സാധാരണക്കാരായി ലോകത്തെ ഉപദേശിച്ചവരാണ്.
സഹനസമരത്തെ അത്ഭുതകരമാംവിധം ഉപജീവിച്ചു ഇവര്‍. ഇരുവരുടെയും ശത്രു സങ്കല്‍പത്തിലുമുണ്ട്, സമാനതകള്‍ ഏറെ. വ്യക്തിയായ ശത്രു എന്ന ഒന്ന് ഈ ജീവിതങ്ങള്‍ക്കിടയിലില്ല, മറിച്ച് ആശയലോകത്തെ ശത്രുപക്ഷം ഉണ്ട് താനും. സാമാന്യാര്‍ഥത്തില്‍ നാം പറയുന്ന 'ശത്രു' എന്ന പദമല്ല, ഇതിനു യോജിക്കുക. മാപ്പ് കൊടുക്കുക, നിരന്തരം മാപ്പ് കൊടുക്കുക എന്ന ജീവിത സന്ദേശം പ്രവാചകന്റെയും ഗാന്ധിജിയുടെയും ജീവചരിത്രത്തില്‍ എപ്പോഴും മുഴങ്ങിക്കേള്‍ക്കും. സഹനത്തിലൂടെ ശത്രുവിനെ തോല്‍പിക്കുന്ന ചിത്രവും ഇരുജീവിതത്തിലും എമ്പാടുമുണ്ട്. തനിക്കുചുറ്റുമുള്ള അനുയായി വൃന്ദത്തിനും ഈ സമീപനം പകര്‍ന്നു നല്‍കുന്നതിനും സമാനതകള്‍ ഏറെ. വൈകാരിക രാഷ്ട്രീയാന്തരീക്ഷവും പുരാവൃത്തകേന്ദ്രീകൃതമായ ദേശാന്തരീക്ഷവുമുള്ള ഇന്ത്യയെ ഈ രണ്ടു വികാരത്തില്‍നിന്നും മോചിപ്പിച്ചു ഗാന്ധിജി. ഇത് ഇന്നത്തെ നിലയെന്നു വിലയിരുത്തേണ്ടതല്ല. രാമനെ ഗാന്ധിജി ഉപയോഗിച്ച രീതിയും സംഘ്പരിവാര്‍ ഉപയോഗിച്ച ശൈലിയും താരതമ്യപ്പെടുത്താവുന്നതാണ്. പ്രവാചകന്‍ അതീന്ദ്രിയ കഥകള്‍ക്കു വലിയ പ്രാധാന്യം നല്‍കിയതേയില്ല. മിത്തുകള്‍ ഉല്‍പാദിപ്പിക്കുന്ന ഗൂഢോദ്ദേശ്യപരമായ വികാരങ്ങളില്‍നിന്നു ഗാന്ധിജിയെപ്പോലെ പ്രവാചകനും സമൂഹത്തെ മുക്തമാക്കി. പറയാന്‍ വളരെ എളുപ്പവും പ്രയോഗത്തില്‍ അങ്ങേയറ്റം ദുഷ്ക്കരവുമാണിതെന്നോര്‍ക്കണം. പ്രവാചകന്റേതെന്നു പറയുന്ന തിരുകേശത്തെ ഇപ്പോഴും വികാരപരമായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം അപഗ്രഥനങ്ങള്‍ വേണ്ടിവരിക. എന്തിനെതിരെ പോരാടിയോ, അതിന്റെ തലകീഴായ ആശയത്തിന്റെ പ്രതിനിധിയായി അയാള്‍ തന്നെ ചിത്രീകരിക്കപ്പെടുന്നത് ചരിത്രത്താളിനു പുതുമയല്ല. ആരാല്‍ ഗാന്ധിജി വധിക്കപ്പെട്ടു അവരാല്‍തന്നെ പിന്നീട് ശവകുടീരത്തില്‍ പുഷ്പചക്രമിട്ടതു നമ്മള്‍ കണ്ടിട്ട് അധികകാലമായില്ല. പ്രശ്നങ്ങളെ വികാര വല്‍ക്കരിക്കാതെ ചിന്താപരമായ സത്യവിതാനങ്ങളെ തുറന്നിട്ടു പ്രവാചകനും ഗാന്ധിജിയും. സ്വയം പര്യാപ്തമായ ദേശത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍, ഉപഭോഗ സംസ്കാരത്തിനു മേലുള്ള ആത്മ നിയന്ത്രണങ്ങള്‍, ഭാഷയിലെ ലാളിത്യം, ഏതു സാധാരണക്കാരോടും അതിവേഗം അലിഞ്ഞു ചേരുന്ന ആശയപ്രതിപാദന രീതി, ഉയര്‍ന്ന പാരിസ്ഥിതിക ബോധം, അധഃസ്ഥിതനെ ലാക്കാക്കിയുള്ള സാമ്പത്തിക ശാസ്ത്രം, ഉയര്‍ന്ന സമത്വബോധം, - ഇങ്ങനെ പല മേഖലകളില്‍ ഗാന്ധിജിയുമായി പ്രവാചക ജീവിതത്തിനു സമാനതകളുണ്ട്. ഇന്ത്യ എന്ന രാജ്യത്തിന്റെ നിര്‍മിതിയായിരുന്നില്ല ഗാന്ധിജിയുടെ ലക്ഷ്യം. മറിച്ച് വിശ്വപൌരന്‍ എന്ന രാഷ്ട്രീയ സങ്കല്‍പമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രവാചകന്റെ ഭരണകൂട സങ്കല്‍പവും അങ്ങനെ തന്നെ. ഭൂമിയിലെ എല്ലാ മനുഷ്യരെയും ഒന്നായിക്കാണുന്ന രാഷ്ട്രീയ സങ്കല്‍പമാണ് പ്രവാചകന്റേത്. യുദ്ധങ്ങളില്‍പ്പോലും നീതി ഒരു കെടാവിളക്കായി അദ്ദേഹം സൂക്ഷിക്കുന്നു. അല്ലാത്തപ്പോള്‍ അളവറ്റ കാരുണ്യ പ്രതീതിയായി. കിളികളോടും പക്ഷിക്കുഞ്ഞുങ്ങളോടും കുട്ടികളോടും മരങ്ങളോടും എന്തിന് ഉറുമ്പുകളോടു പോലും കാരുണ്യത്തോടെ പ്രവര്‍ത്തിക്കാന്‍ നന്മയുടെ ആ നായകന്‍ ഉദ്ഘോഷിക്കുന്നു.
കാലം അതിന്റെ സഞ്ചാരപഥങ്ങളില്‍ ഭാവത്തെ രൂപത്തിനകത്ത് ഭദ്രമായി സൂക്ഷിക്കുകയും രൂപത്തെ നിരന്തര മാറ്റത്തിനു വിധേയമാക്കുകയും ചെയ്യുന്നു. രൂപമാണ് ഭാവമെന്ന് ചിന്തിക്കുന്ന പണ്ഡിതര്‍ക്കോ ചരിത്രത്തിന്റെ 'വെപ്പുകണ്ണട' ഉപയോഗിച്ച് സത്യത്തെ അന്വേഷിക്കുന്ന ബുദ്ധിജീവികള്‍ക്കോ പ്രവാചകനെ അന്വേഷിച്ചെത്തുക എളുപ്പമല്ല. കേവലം സങ്കീര്‍ത്തനങ്ങള്‍ക്കോ വചനങ്ങള്‍ക്കോ സൃഷ്ടിക്കാവുന്ന കാല്‍പനിക മോഹവലയവുമല്ല ആ ജീവിതത്തിനകത്തുള്ളത്.
ഭൂമിയിലെ നിസ്സഹായതകള്‍ക്കു മേലാണ് പ്രവാചകാശയങ്ങള്‍ കൈവെക്കാന്‍ ശ്രമിക്കുന്നത്. വളരെ ലളിതമെന്നു തോന്നും അവയൊക്കെ. പക്ഷേ, വലിയ സാമൂഹ്യമാറ്റങ്ങളിലേക്കാണു ആ ആശയങ്ങളുടെ ലോകസഞ്ചാരം. അവനവനോടുള്ള യുദ്ധമാണ് ഏറ്റവും വലിയ യുദ്ധമെന്നും ശരീരത്തില്‍ ഹൃദയം എന്ന ഇത്തിരി മാംസക്കഷ്ണം നന്നായാല്‍ എല്ലാം നന്നായി എന്നും പറയുമ്പോള്‍ ഭൂമിയില്‍ ഒരു കാല്‍പനിക കവിതക്കു യഥാതഥ കവിത കൂടിയായി മാറാന്‍ കഴിയുമെന്നു നമ്മള്‍ അമ്പരക്കുകയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം