തളരുമ്പോള്‍ വൃക്ഷത്തണലുകളില്‍ വിശ്രമിച്ച് പിന്നെയും യാത്ര തുടരണം
ഖുറൈശികള്‍ ഏല്‍പിച്ച മുറിവുകളുമായി അബൂജന്തല്‍ മക്ക വിട്ട് ഓടിപ്പോന്നത് മദീനയില്‍ അഭയം തേടാനായിരുന്നു. നബിതിരുമേനിയെ പ്രവാചകനായി സ്വീകരിച്ചതിന്റെ പേരിലാണ് അബൂജന്തല്‍ വേട്ടയാടപ്പെട്ടത്. ദുര്‍ബലമായ ശരീരത്തിനു താങ്ങാവുന്നതിലേറെ മുറിവുകള്‍ അവന്റെ ദേഹത്തുണ്ടായിരുന്നു. എന്നിട്ടും പ്രവാചകനെ അത്രമേല്‍ സ്‌നേഹിച്ചു അവന്‍. പക്ഷേ, മക്കയില്‍ താമസിച്ചാല്‍ താന്‍ പീഡനം കൊണ്ട് മരിച്ചുപോകുമെന്ന് അബൂജന്തലിനു തോന്നി. മദീനയിലേക്കു ഓടിപ്പോവുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നും.
പ്രവാചകന്റെ അനുയായികള്‍ അവനെ തിരുമേനിയുടെ അരികിലേക്കു കൊണ്ടുവന്നു. അവനപ്പോള്‍ കരയുകയായിരുന്നു. അടര്‍ന്നുവീണ കണ്ണീര് പക്ഷേ മുറിവുകളുടെ വേദന മാത്രമായിരുന്നില്ല.
പ്രവാചകനെ കണ്ടുമുട്ടിയതിലുള്ള സന്തോഷം
പ്രവാചകനോടുള്ള ആദരവ്
പ്രവാചകനിലുള്ള വിശ്വാസം
കണ്ണുനീര്‍ തുള്ളികള്‍ അതൊക്കെയായിരുന്നു.
മക്കയില്‍ വെച്ച് നേരിടേണ്ടിവന്ന വേട്ടകളെപ്പറ്റി അബൂജന്തല്‍ വിറയാര്‍ന്ന സ്വരത്തില്‍ സംസാരിച്ചു. വേദന കൊണ്ട് വാക്കുകള്‍ തപ്പിത്തടഞ്ഞു. മുറിവുകളൊക്കെ പ്രവാചകനെ കാണിക്കണമെന്ന് അനുയായികള്‍ പറഞ്ഞിരുന്നു.
നെഞ്ചില്‍
കാല്‍ വണ്ണയില്‍
കഴുത്തില്‍
വാരിയെല്ലില്‍.... ഒക്കെയും മുറിവുകള്‍. ചിലതില്‍ നിന്ന് ചോര പൊടിയുന്നുണ്ടായിരുന്നു.
മുറിവുകളൊക്കെ പതുക്കെ ഉണങ്ങിക്കൊള്ളും. അവനു വേണ്ടിയിരുന്നത് വേട്ടയില്‍നിന്നുള്ള മോചനമായിരുന്നു. മദീനയില്‍ അഭയമായിരുന്നു. മക്കയിലേക്ക് മടങ്ങിപ്പോകാന്‍ അവനു വയ്യായിരുന്നു. തന്നെ ശത്രുക്കള്‍ക്ക് എറിഞ്ഞുകൊടുക്കരുതേയെന്നാണ് അവന്‍ പ്രവാചകനോട് കേണത്.
പ്രവാചകനു തീര്‍ച്ചയായും അബൂജന്തലിനോട് അനുതാപമുണ്ട്. വേട്ടയാടപ്പെടുന്ന ആരെയും ശത്രുക്കള്‍ക്ക് എറിഞ്ഞുകൊടുക്കാന്‍ ആഗ്രഹിക്കില്ല അദ്ദേഹം. സമുദ്ര നീലം പോലെ ആഴമേറിയ ആര്‍ദ്രതയാണ് പ്രവാചകന്റേത്. ശത്രുവിനോടു പോലും പൊറുത്തു കൊടുത്തു അദ്ദേഹം.
പക്ഷേ പ്രവാചകന്റെ മുമ്പിലുള്ളത് ഹുദൈബിയയില്‍ വെച്ചുണ്ടാക്കിയ കരാറാണ്. ആ വര്‍ഷം മക്കയിലേക്കുള്ള മഹാ തീര്‍ഥാടനം പോലും മാറ്റിവെച്ചത് ആ കരാറിന്റെ പേരിലാണ്.
ആ സന്ധി പ്രകാരം മക്കയിലെ മുസ്‌ലിംകള്‍ക്ക് മദീനയിലേക്ക് പലായനം ചെയ്യാന്‍ അനുവാദമില്ല. അതേസമയം മദീനയിലെ മുസ്‌ലിംകള്‍ മക്കയിലേക്ക് പോകാന്‍ തീരുമാനിച്ചാല്‍ തടയുകയുമരുത്. മക്കക്കാര്‍ മദീനയിലേക്ക് വന്നാല്‍ പ്രവാചകന്‍ അവരെ തിരിച്ചയക്കണം. മദീനയിലെ മുസ്‌ലിംകള്‍ മക്കയിലേക്ക് വന്നാല്‍ തിരിച്ചയക്കുകയുമില്ല.
ഹുദൈബിയ സന്ധിയെച്ചൊല്ലി പ്രവാചകന്റെ അനുയായികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അത് വല്ലാത്ത കീഴടങ്ങലായിപ്പോയെന്നു ചിലരൊക്കെ പറഞ്ഞു. പക്ഷേ പ്രവാചകന്‍ അങ്ങനെയൊന്നുമല്ല ഹുദൈബിയ സന്ധിയെ കണ്ടത്. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് മഹാ തീര്‍ഥാടനം പോലും മാറ്റിവെച്ച് കരാറുണ്ടാക്കിയത്. ഉദാരത കീഴടങ്ങലല്ല. മുസല്‍മാന്മാര്‍ പ്രതികാരദാഹികളുമല്ല. ദയയും സംയമനവുമായി ഹുദൈബിയ സന്ധി വാഴ്ത്തപ്പെടണം. ഇസ്‌ലാം ലോകമെമ്പാടും വ്യാപിക്കുന്ന കാലത്ത് ഈ സന്ധിയെച്ചൊല്ലി അഭിമാനിക്കണം. മാനവ സമൂഹത്തിലെ എല്ലാ തര്‍ക്കങ്ങള്‍ക്കും പരിഹാരമാതൃകയാവണമത്.
അബൂജന്തലിന്റെ മുറിവുകളിലേക്ക് ആര്‍ദ്രതയോടെ നോക്കുമ്പോള്‍ പ്രവാചകന്റെ ഹുദൈബിയ സന്ധിയെക്കുറിച്ചു മാത്രം ആലോചിച്ചു. തീര്‍ച്ചയായും അവന് അഭയം നല്‍കാന്‍ പ്രവാചകന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, കരാറാണ് പ്രധാനം. അത് ഭാവിയില്‍ ജനതക്ക് വിശ്രാന്തിയോടെ ജീവിക്കാനുള്ളതാണ്. മനുഷ്യര്‍ പരസ്പരം പേടിക്കാത്ത ലോകമാണ് പ്രവാചകന്റെ സ്വപ്നം. ദൈവത്തെ മാത്രം ഭയന്ന് മനുഷ്യന്‍ ശാന്തിയോടെ ജീവിക്കുന്ന ഭൂമിയുണ്ടാവണം. കരാര്‍ എഴുതിവെക്കാനുള്ളതല്ല. പാലിക്കാനുള്ളതാണ്. പ്രവാചകന്‍ അതാണ് അനുയായികളെ പഠിപ്പിച്ചത്.
അബൂജന്തല്‍ മക്കയിലേക്ക് മടങ്ങിപ്പോകട്ടെയെന്നു പ്രവാചകന്‍ കല്‍പിച്ചപ്പോള്‍ അവനൊന്നു തേങ്ങി. പ്രവാചകന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നുവെന്ന് അബൂജന്തലിനു തോന്നി. മദീനയില്‍ അഭയം തരാത്തതിന്റെ പേരില്‍ തന്നോടു പൊറുക്കാനാണ് പ്രവാചകന്‍ പറഞ്ഞത്. കരാറിന്റെ വ്യവസ്ഥകളൊന്നും ലംഘിച്ചുകൂടാ.
അബൂജന്തലിനു ഇനിയാര് തുണ എന്ന് അനുയായികള്‍ ചോദിച്ചു.
'ദൈവം അബൂജന്തലിനെ മോചിപ്പിക്കട്ടെ.'
********
ധാന്യമണികള്‍
ജൂതനായ ധാന്യവില്‍പ്പനക്കാരന്റെ അരികിലേക്ക് പ്രവാചകന്‍ ചെന്നത് തന്റെ പോര്‍ച്ചട്ട പണയം വെച്ച് കുറച്ച് ബാര്‍ലി മേടിക്കാനായിരുന്നു. പ്രവാചകന്റെ ആയുധം പണയമായി സ്വീകരിച്ച് പകരം ബാര്‍ലികൊടുക്കുന്നതിനെക്കുറിച്ച് ജൂതക്കച്ചവടക്കാരന് ആലോചിക്കാനേ വയ്യ. പ്രവാചകനോട് അത്രക്ക് ആദരവായിരുന്നു അയാള്‍ക്ക്.
അറേബ്യയുടെ അധികാരം മുഴുവന്‍ കൈയില്‍ വന്നിട്ടും അതേച്ചൊല്ലി അഹങ്കരിച്ചില്ല പ്രവാചകന്‍. യഥാര്‍ഥത്തില്‍ മഹാ പ്രഭുതന്നെയാണ് അദ്ദേഹം. പ്രവാചകന്‍ ആവശ്യപ്പെട്ടാല്‍ ബാര്‍ലി വീട്ടിലെത്തിക്കുമായിരുന്നു. ഒരു പണയവും ആവശ്യമില്ലാതെ. എന്നിട്ടും പോര്‍ച്ചട്ട പണയമെടുത്ത് ബാര്‍ലി തരാന്‍ പറയുന്നു പ്രവാചകന്‍. അദ്ദേഹത്തിന്റെ നിശ്ചയമാണത്.
വയറു നിറച്ച് ആഹാരം കഴിക്കാന്‍ പോലും പ്രവാചകന്‍ ശ്രമിച്ചിട്ടില്ല. ആഹാരം കഴിക്കുമ്പോള്‍ അദ്ദേഹം വിശക്കുന്നവരെയും നിരാലംബരെയും ഓര്‍ക്കും. ഭൗതിക സൗകര്യങ്ങളോട് ഒരാഭിമുഖ്യവുമില്ലായിരുന്നു പ്രവാചകന്.
ജീവിതം മഹായാത്രയായി അദ്ദേഹം കണ്ടു. തളരുമ്പോള്‍ വൃക്ഷത്തണലുകളില്‍ വിശ്രമിച്ച് പിന്നെയും യാത്ര തുടരണം. യാത്രികനു വൃക്ഷത്തണലിനോടുള്ള ബന്ധം മാത്രമേ ഇഹലോകത്തോടും വേണ്ടതുള്ളൂ.
ചിലപ്പോഴൊക്കെ പ്രവാചകന് കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയാണ്. കുട്ടികള്‍ക്ക് പ്രവാചകനെ പ്രിയമായിരുന്നു. അവരെ സ്വന്തം ഒട്ടകപ്പുറത്തേറ്റി സവാരിക്കു കൊണ്ടുപോകുമായിരുന്നു. കുട്ടികള്‍ തിരുമേനിക്കൊപ്പം കളിക്കാന്‍ ഇഷ്ടപ്പെട്ടു.
പോര്‍ച്ചട്ട പണയം വെച്ച് ബാര്‍ലി മേടിക്കാന്‍ നില്‍ക്കുമ്പോള്‍ പ്രവാചകന്‍ ശരിക്കും ഒരു കുഞ്ഞിനെപ്പോലെയാണെന്നു ജൂതനു തോന്നി.
കണ്ണുകളില്‍ നിഷ്‌കളങ്കത
ആകാശം പോലെ ആര്‍ദ്രത.
ധാന്യവും കൊണ്ട് പ്രവാചകന്‍ വീട്ടിലേക്ക് നടക്കുമ്പോള്‍ മരുഭൂമിയിലെ ചെറുപക്ഷികള്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു.
ആ ധാന്യമണികള്‍ കിളികള്‍ക്കു കൂടിയുള്ളതാണെന്നു അവക്കറിയാമായിരുന്നു.
********
വിശപ്പ്
അതികഠിനമായ വിശപ്പുമായാണ് വഴിപോക്കന്‍ ഈന്തപ്പന തോട്ടത്തിനരികിലൂടെ നടന്നത്. ഈന്തപ്പഴം വിളവെടുപ്പിനു പാകമായിക്കഴിഞ്ഞിരുന്നു. ആ പഴങ്ങള്‍ അവനെ വല്ലാതെ പ്രലോഭിപ്പിച്ചു. മനസ്സിനെ കടിഞ്ഞാണിട്ടു നോക്കി. മറ്റാരുടേയോ തോട്ടത്തിലെ പഴങ്ങള്‍ പറിച്ചെടുക്കുന്നത് അനീതിയാണെന്ന്. എന്തിന്റെ പേരിലായാലും കളവ് കളവുതന്നെയാണ്.
വിളഞ്ഞുനില്‍ക്കുന്ന ഈന്തപ്പഴങ്ങളില്‍ നിന്ന് കണ്ണെടുക്കാന്‍ അവനു കഴിഞ്ഞില്ല. അന്നേരം പ്രജ്ഞയും വിശപ്പും തമ്മിലുള്ള ആദിമമായ സംഘര്‍ഷം. ഒടുവില്‍ വിശപ്പ് പ്രജ്ഞയെ കീഴടക്കി. തോട്ടത്തില്‍ കടന്ന് വിശപ്പൊടുങ്ങുവോളം പഴങ്ങള്‍ പറിച്ചുതിന്നു. തോട്ടമുടമ ആ വഴി വന്നതും അന്നേരമാണ്. അശരണനായി വന്നവനാണെന്നും വിശപ്പുകൊണ്ടാണ് ഈന്തപ്പഴം പറിച്ചുതിന്നതെന്നും കരുതുവാനുള്ള ഉദാരതയൊന്നും തോട്ടമുടമക്കില്ലായിരുന്നു.
അവനെ ക്രൂരമായി പ്രഹരിച്ചു.
അവന്റെ വസ്ത്രങ്ങള്‍ അഴിച്ചെടുത്തു.
പ്രവാചകനെ കണ്ട് അവന്‍ തന്റെ പരാതി ബോധിപ്പിച്ചു.
വിശപ്പ് ഒരു കുറ്റമേയല്ല.
വിശക്കുന്നവനു മുമ്പില്‍ ആഹാരം പ്രത്യക്ഷപ്പെടുമ്പോള്‍ അവന്റെ വിവേകം തന്നെയില്ലാതാവും. വിശക്കുന്നവനെ അറിയാതിരിക്കുകയും വിശപ്പു മാറ്റാതിരിക്കുന്നതുമാണ് പാപം. അവരോട് ദൈവമെങ്ങനെ പൊറുക്കാനാണ്?
അവന്റെ വിശപ്പു മാറ്റാനാണ് പ്രവാചകന്‍ കല്‍പിച്ചത്. അവന്റെ വസ്ത്രങ്ങള്‍ തിരിച്ചുനല്‍കാനും.
വിശക്കുന്നവന് നീതികിട്ടണം
പ്രവാചകന്‍ അവനൊപ്പമാണ്.
Comments