Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 11

പ്രവാചകനും കേരളത്തിലെ ബഹുജനമുന്നേറ്റങ്ങളും

ഡോ. അജയ് ശേഖര്‍

രുഭൂവിലെ ജലസഞ്ചയമായ മുഹമ്മദ്‌നബിയെ ലോകത്തെമ്പാടുമുള്ള ബഹുജനങ്ങള്‍ സ്വന്തം പ്രവാചകനായും ആത്മസഹോദരനായും തിരിച്ചറിഞ്ഞു. നീതിയുടെയും സത്യത്തിന്റെയും സാഹോദര്യത്തിന്റേതുമായ വിമോചന വാങ്മയമായി നബിവചനങ്ങള്‍ യുഗയുഗാന്തരങ്ങളിലൂടെ വിവിധ സംസ്‌കാര സന്ദര്‍ഭങ്ങളില്‍ ബഹുസ്വരമായി സാക്ഷാല്‍ക്കരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഭാവിയുടെ സാഹോദര്യത്തിലും ജനായത്തത്തിലും ആ നൈതിക ശബ്ദവും നിത്യനൂതന ഭാഷണവും അനശ്വരമായ പങ്കുവഹിക്കുമെന്നതില്‍ സംശയമില്ല.
പാശ്ചാത്യലോകത്ത് പ്രവാചകനെ കുറിച്ച് നിലനിന്ന പല അബദ്ധ ധാരണകളെയും തിരുത്തിക്കൊണ്ട് പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ തോമസ് കാര്‍ലൈല്‍ അദ്ദേഹത്തെ മാനവരാശിയുടെ മുഴുവന്‍ സഹോദരനായി വാഴ്ത്തി. എല്ലാവരുമാത്മ സഹോദരരാണെന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നാരായണഗുരു മലയാളികളെ ഓര്‍മിപ്പിച്ചപ്പോള്‍ ഹൈന്ദവേതരവും ആഗോളവുമായ ഇത്തരം സാഹോദര്യ വ്യവഹാരങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ അനുരണനം ചെയ്തു. കേരളത്തില്‍ ജാതിയെയും സാംസ്‌കാരിക അധീശത്വത്തെയും നവോത്ഥാന സാമൂഹിക വിപ്ലവങ്ങളുടെ ഭാഗമായി ചെറുത്ത തന്റെ പ്രസിദ്ധീകരണത്തിന് സഹോദരന്‍ എന്ന പേരു കൊടുക്കാനാണ് കെ. അയ്യപ്പനിഷ്ടപ്പെട്ടത്. അത് പില്‍ക്കാലത്ത് അയ്യപ്പന്റെ പര്യായമാവുകയും ചെയ്തു. ജാതിമതഭേദങ്ങളില്ലാതാക്കാന്‍ പരിശ്രമിച്ച അയ്യപ്പന്‍ സ്ഥാപിച്ച സഹോദര സംഘത്തിന്റ നാവായാണ് ഈ പത്രം മലയാളത്തില്‍ ഉയര്‍ന്നു വന്നത്.
പുലയനയ്യപ്പന്‍ എന്ന വിളിപ്പേരിനെ പരമോന്നതമായ ഒരു ബിരുദമായി സ്വീകരിച്ച കെ. അയ്യപ്പന്‍ സഹോദരന്‍ എന്ന വിളിപ്പേരിനെയും അത്രമേല്‍ ഗാഢമായി ആലിംഗനം ചെയ്തു. സാഹോദര്യത്തിന്റെയും മാനവതുല്യതയുടെയും നീതിയുടെയും സ്‌നേഹത്തിന്റെയും വിളിപ്പേരായ സാഹോദരശബ്ദത്തെ ഈ കേരളീയന്‍ തന്റെ ഹൃദയത്തോടു ചേര്‍ക്കാനുള്ള കാരണം കേരള സംസ്‌കാരവും ചരിത്രവും പഠിക്കുന്ന ഗവേഷകര്‍ ആരായേണ്ടതുണ്ട്. സാഹോദര്യത്തിന്റെ തത്ത്വചിന്ത തീര്‍ച്ചയായും ഇസ്‌ലാമില്‍ നിന്നും ക്രൈസ്തവ ദര്‍ശനങ്ങളില്‍ നിന്നും ബൗദ്ധചിന്തയില്‍ നിന്നും തന്നെയാണ് സഹോദരന്‍ എന്ന കേരളീയനിലെത്തുന്നത്. നിയമപരമായി തന്നെ ബൗദ്ധനായിരുന്ന അദ്ദേഹം തന്റെ മകള്‍ക്ക് അയിഷ എന്നു നാമകരണം ചെയ്തു. സഹോദരനാമവും അയിഷ എന്ന പേരും തീര്‍ച്ചയായും പ്രവാചകനോടുള്ള ആദരവും സ്‌നേഹവും അടുപ്പത്തില്‍ അടയാളപ്പെടുത്താനായി ഈ കേരളചിന്തകന്‍ തെരഞ്ഞെടുത്തതാണെന്നതില്‍ സംശയമില്ല. തന്നെ സന്ദര്‍ശിച്ച ക്രൈസ്തവ സന്യാസിമാര്‍ക്ക് തന്റെ പള്ളിയില്‍ തന്നെ പ്രാര്‍ഥിക്കാന്‍ ഇടമൊരുക്കിയ മുത്തുനബിയേയാവും നാമിവിടെ ഓര്‍ക്കുക.
മനുഷ്യസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും മഹനീയ മാതൃകയായ പ്രവാചകന്റെ ദര്‍ശനം തന്നെയാണ് കേരള നവോത്ഥാനത്തിനു പിന്നില്‍ ആശയാദര്‍ശ തലങ്ങളില്‍ പ്രവര്‍ത്തിച്ച നൈതികദീപ്തികളിലൊന്ന് എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. തീര്‍ച്ചയായും ക്രൈസ്തവവും ജ്ഞാനോദയപരവുമായ ആധുനികതയുടെ സംഭാവനകള്‍ ഇതിനകം പരക്കെ വിമര്‍ശാത്മകമായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. കേരള-തമിഴക സഭ്യതകളുടെ അടിത്തറയായ ശ്രമണസംസ്‌കാരത്തെക്കുറിച്ചുള്ള ചരിത്രജ്ഞാനവും ഇന്നു ലഭ്യമാണ്. 'സമഭാവന'യടക്കമുള്ള സഹോദരന്റെ കവിതകളും പദ്യകൃതികളും ഇവിടെ ഓര്‍ക്കാവുന്നതാണ്.
പ്രവാചകനെ കുറിച്ചുള്ള മലയാളത്തിലെ ഏറ്റവും മുഗ്ധമായ പരാമര്‍ശങ്ങളിലൊന്ന് തീര്‍ച്ചയായും അനുകമ്പാദശകത്തിലെ നാരായണഗുരുവിന്റെ തിളക്കവും തെളിച്ചവുമുള്ള പറച്ചില്‍ തന്നെയാണ്. പരമകാരുണ്യം നിറഞ്ഞ ദൈവവചനങ്ങളെ ജനങ്ങളിലേക്കു ഫലപ്രദമായി കൈമാറിയ പ്രവാചകരത്‌നത്തെ ബുദ്ധനോടും ക്രിസ്തുവിനോടും ആഴത്തില്‍ താരതമ്യം ചെയ്യുകയാണ് മനുഷ്യസമത്വത്തിന്റെ ഈ കേരളീയാന്വേഷകന്‍. അപാരമായ അടുപ്പവും ആര്‍ജവവും നിറഞ്ഞതാണ് നബിയെന്ന മുത്തുരത്‌നത്തെ അന്തക്കരണത്തിലും ഉടലിന്‍ കണ്ണുകളിലും ഒളിമങ്ങാത്ത വെളിച്ചത്തില്‍ കൊത്തിവെക്കുന്ന നാണുവാശാന്റെ വാക്കുകള്‍. ഉള്ളുരയ്ക്കുകയും ഉള്ളിലേക്കുരയ്ക്കുകയും ചെയ്യുന്ന അനന്തമായ അനുകമ്പ മുറ്റിയ കാവ്യബോധം ഇവിടെ യോഗിയുടെ ദര്‍ശനത്തിന് മിഴിവേകുന്നു. ക്രിസ്തുവിനെ പോലെ ക്ഷമിക്കാന്‍ പഠിപ്പിച്ച ഇദ്ദേഹം തന്നെയാകും നബിവചസ്സുകളുടെ മുഴക്കവും കനവും നൈതിക കാന്തികതയും ശിഷ്യനായ സഹോദരനിലേക്കു പകര്‍ന്നത്.
മണ്ണിനെയും മനുഷ്യരെയും നിരീക്ഷിച്ച് അലഞ്ഞു നടന്ന കാലങ്ങളില്‍ കേരളതീരത്തങ്ങോളമിങ്ങോളമുള്ള എത്രയോ സ്‌നേഹം നിറഞ്ഞ ഉമ്മമാരുടെ ഉപ്പും ചോറും മീനും നാണുഭക്തന്‍ കഴിച്ചിരിക്കുന്നു. ഊരുചുറ്റലിന്റെ നാളുകളില്‍ ചോറു മാത്രമല്ല കിടപ്പായയും അദ്ദേഹത്തിനു കൊടുത്തത് അനുകമ്പ നിറഞ്ഞ മുസ്‌ലിം കുടുംബങ്ങളാണെന്ന് ശിഷ്യനും യോഗിയുമായിരുന്ന ജോണ്‍ ധര്‍മതീര്‍ഥര്‍ എന്നറിയപ്പെട്ട ചാത്തനാട്ട് പരമേശ്വര മേനോന്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. ഹൈന്ദവ സാമ്രാജ്യ അധീശത്വത്തിന്‍ കീഴില്‍ നാരായണഗുരുവിനെ വ്യാഖ്യാനിക്കാനാവില്ല എന്നു പ്രഖ്യാപിച്ച് ക്രൈസ്തവനായ ധര്‍മതീര്‍ഥരാണ് ഹിന്ദു ഇംപീരിയലിസം എന്ന നിര്‍ണായക ഗ്രന്ഥം രചിച്ചത്.
കേരളത്തിലെ ആയുര്‍വേദത്തിന്റെ ബൗദ്ധാചാര്യനായിരുന്ന നാഗാര്‍ജുനന്റെ പാദമുദ്രകളും ജനിസ്മൃതികളും പിന്തുടര്‍ന്ന് മരുത്വാമലയുടെ ഗുഹാന്തരങ്ങളില്‍ ഇലച്ചാറുകള്‍ കഴിച്ച് പശിയാറ്റി ധ്യാനിച്ചിരുന്നപ്പോഴും അറബിക്കടലിനക്കരെ മണല്‍ക്കടലിലെ ഹിറാ ഗുഹയില്‍ ഏകനായിരുന്ന ചിന്താരത്‌നത്തെ നാണുഭക്തന്‍ അടുത്തറിഞ്ഞിരിക്കാം. തെന്നിന്ത്യന്‍ സൂഫിവര്യന്മാരും തമിഴ്-നാഞ്ചിനാടന്‍ ബാബമാരുമായുള്ള നിരന്തര സംഭാഷണങ്ങളിലൂടെയും സഹജീവനത്തിലൂടെയും വിശുദ്ധ ഖുര്‍ആനെ കുറിച്ചും പ്രവാചകനെ കുറിച്ചും നാരായണഗുരു ഏറെ മനസ്സിലാക്കുകയുമുണ്ടായി. ഇസ്‌ലാമിനെ കുറിച്ചും അതിന്റെ നീതിബോധത്തെ കുറിച്ചും പല സംഭാഷണങ്ങളിലും അദ്ദേഹം ശിഷ്യരോട് സംസാരിക്കുന്നു. അല്ലാഹു എന്ന അറബി പദത്തിനെ വ്യാഖ്യാനിച്ചു കൊണ്ട് നാരായണഗുരു മുസ്‌ലിം സുഹൃത്തിനോടു നടത്തിയ സംഭാഷണം വിഖ്യാതമാണല്ലോ.
കേരളത്തിലെ ആധുനികതയുടെയും ജനായത്ത വിപ്ലവങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ച ചിന്തകരും സംസ്‌കാര രാഷ്ട്രീയ പ്രയോക്താക്കളുമായ നാരായണഗുരുവും സഹോദരനയ്യപ്പനും പ്രവാചകനാല്‍ ഇത്രമാത്രം പ്രചോദിതരാകാനുള്ള കാരണമെന്താകാം എന്നാണു നാം അന്വേഷിക്കേണ്ടത്. അതു തീര്‍ച്ചയായും നൈതികമായ ഒരു ബന്ധമാണ്. ജനതയാണ് ജൈവബുദ്ധിജീവികളെ ഒന്നാക്കുന്ന സ്‌നേഹത്തിന്റെ കടലുപ്പ്. കീഴാളമായ ബഹുജനാഭിമുഖ്യമാണ് ഈ സവിശേഷ പരിവര്‍ത്തന വ്യക്തിത്വങ്ങളെ പരസ്പരം കോര്‍ത്തിണക്കുന്നത്. അടിത്തട്ടിലുള്ള ജനങ്ങളുടെ സമഗ്രമായ ഉയിര്‍പ്പിലാണ് ലോകത്തെ നയിച്ച എല്ലാ ജൈവബുദ്ധിജീവികളും വിശേഷിച്ച് മഹാത്മാക്കളായ പ്രവാചകരും പ്രബോധകരും തങ്ങളുടെ ശ്രദ്ധയെ ഊന്നിയത്. ബുദ്ധനെ ലോകനാഥനും പ്രവാചകനെ ജനനായകനുമാക്കുന്നത് ബഹുജനങ്ങളോടും അവരുടെ ഹിതത്തോടും ലോകത്തിന്റെ ഭാവിയോടുമുള്ള അടുപ്പവും ആര്‍ദ്രതയുമാണ്.
ഏറ്റവും സാധാരണക്കാരായി താഴേക്കിടയിലെ ജനങ്ങളോടൊത്തു ജീവിക്കുകയും അവരുടെ പ്രശ്‌നങ്ങളെ മനസ്സിലാക്കുകയും അടുത്തും അകലത്തിലും ലൗകീക പ്രശ്‌നങ്ങളെ പഠിക്കുകയും ചെയ്തവരാണ് ബുദ്ധനും ക്രിസ്തുവും മുഹമ്മദുമടങ്ങുന്ന പെരിയ ലോകാധ്യാപകരെല്ലാം തന്നെ. മണ്ണുകൊണ്ടും പനയോലകൊണ്ടും പടുത്ത കുടിലില്‍ ഒറ്റപ്പായയും തലയണയുമായി ജീവിച്ച്, സ്വന്തം തുണിയും ചെരുപ്പും തുന്നുകയും, തറ വൃത്തിയാക്കുകയും ആടിനെ കറക്കുകയും ചെയ്തവനാണ് പ്രവാചകന്‍. തന്റെ ഭക്ഷണം, അതു വെറും വെള്ളവും ഈത്തപ്പഴവുമാണെങ്കില്‍ പോലും സഹജീവികളുമായി പങ്കിടുകയും ഊണിലും ഉറക്കത്തിലും പോരാട്ടത്തിലും തികഞ്ഞ സഹഭാവവും സാഹോദര്യവും പുലര്‍ത്തുകയും ചെയ്ത യഥാര്‍ഥ ആദര്‍ശധീരനായിരുന്നു അദ്ദേഹം. ആദര്‍ശവും പ്രയോഗ കര്‍മവും ലക്ഷ്യവും നബിതിരുമേനിയില്‍ അനശ്വരമായി സമന്വയിക്കുന്നു. വള്ളത്തോളും വിജയനും ബാലചന്ദ്രനുമടങ്ങുന്ന മലയാളത്തിന്റെ എഴുത്താളര്‍ ആ വചനധാരയെയും കര്‍മവൈഭവത്തെയും വാഴ്ത്തിയിട്ടുണ്ട്. കേവലം കാല്‍പനികമായ ആശയവാദത്തിലല്ല, നൈതികവും ഭൗതികവുമായ മൂല്യ സാക്ഷാത്കാരത്തിലാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും സന്ദേശത്തിന്റെയും കാതല്‍.
ഈ ധീരമായ നീതിബോധവും പ്രയോഗവും തന്നെയാവാം കേരളത്തിലെയും കീഴാള ചിന്തകരെയും സാമൂഹിക വിപ്ലവകാരികളെയും നിരന്തരം ആകര്‍ഷിച്ചത്. കേരളത്തില്‍ മാത്രമല്ല സംഘര്‍ഷപ്പെടുന്ന പല സമൂഹങ്ങളിലുമുള്ള ജനവിഭാഗങ്ങളും ചിന്തകരും ലോകമെമ്പാടും പ്രവാചകനെ തങ്ങളുടെ ജീവിതത്തിന്റെയും ചിന്തയുടെയും ഭാഗമാക്കുകയുണ്ടായി. പ്രശസ്ത ക്രൈസ്തവ സന്യാസിനിയും എഴുത്തുകാരിയുമായിരുന്ന കാരേന്‍ ആംസ്‌ട്രോങ്ങ് പ്രവാചകനെയും ഇസ്‌ലാമിനെയും കുറിച്ച് രണ്ടു പുസ്തകങ്ങളാണ് രചിച്ചിട്ടുള്ളത്. ഗോസ്പല്‍ അക്കോഡിങ്ങ് റ്റു വുമണ്‍, ബയോഗ്രഫി ഓഫ് ബുദ്ധ തുടങ്ങിയ വിഖ്യാത വിമോചന ഗ്രന്ഥങ്ങളുടെ ജനനിയായ ഈ ആംഗലേയ വനിത പറയുന്നത് ക്രിസ്തുവിനെ പോലെ തന്നെ മര്‍ദിതരുടെയും ചൂഷിതരുടെയും പെണ്ണുങ്ങളുടെയും അടിത്തട്ടിലുള്ളവരുടെയും വിശ്വാസപാത്രമായിരുന്നു പ്രവാചകന്‍ എന്നാണ്. തഥാഗതനെപ്പോലെ തന്നെ അദ്ദേഹം സ്ത്രീകളോടും അടിയാളരോടും പെരുമാറി. ആരുമില്ലാത്തവരുടെ വേദനകള്‍ ചെറുതിലേ അനാഥനായിരുന്ന ആ പുണ്യാത്മാവ് തന്റെ തിരുഹൃദയത്തിന്റെ അടിത്തട്ടില്‍ അറിഞ്ഞിരുന്നു.
കരഗതമായ സമ്പത്തെല്ലാം അദ്ദേഹം ഇല്ലാത്തവര്‍ക്കു ദാനം ചെയ്തു. കാരേന്‍ പറയുന്നത് ആദ്യകാല മുസ്‌ലിംകളധികവും അറേബ്യയിലെ അടിച്ചമര്‍ത്തപ്പെട്ട കീഴാള ജനവിഭാഗങ്ങളായിരുന്നു എന്നാണ്. അടിമകളോടും ആലംബഹീനരോടും പെണ്ണുങ്ങളോടുമുള്ള പ്രവാചകന്റെ മാനവികമായ സാഹോദര്യം അവരെ ഇസ്‌ലാമിലേക്കു പെട്ടന്നടുപ്പിച്ചു. കുബേരരും വരേണ്യരുമായ ഖുറൈശികളെ പോലുള്ള സാമൂഹിക വിഭാഗങ്ങള്‍ വളരെക്കാലം ഇസ്‌ലാമില്‍ നിന്നും മുഹമ്മദിന്റെ ദര്‍ശനത്തില്‍ നിന്നും അകന്നു നിന്നെങ്കിലും അവരും ആ വചനധാരയിലേക്കു കടന്നു വന്നു. അവരുടെ മേല്‍നടപ്പും ഗര്‍വും അവസാനിപ്പിക്കണം എന്നുള്ള പ്രവാചകന്റെ ധര്‍മശാസന സംസ്‌കാര വരേണ്യതയ്ക്കും വംശീയ വരേണ്യവാദത്തിനുമെതിരായ ഇസ്‌ലാമിന്റെ ശക്തവും അവസാനിക്കാത്തതുമായ താക്കീതാണ്. പ്രവാചക സന്ദേശങ്ങളില്‍ ഏറ്റവും കാലിക പ്രസക്തിയുള്ളതുമാണീ ഭാവിയിലേക്കും കൂടിയുള്ള നൈതിക ജാഗ്രതയുള്ള താക്കീത്.
അറേബ്യയിലെ അനിഷേധ്യ രാഷ്ട്രീയ-മതനേതാവായി അംഗീകരിക്കപ്പെട്ടപ്പോള്‍ പോലും സാധാരണ ജനങ്ങളുമായി കലര്‍ന്ന് അവരെ പോലെ ഒരു ജോഡി വസ്ത്രങ്ങളും പരിമിതമായ ആഹാരവുമായി കഴിഞ്ഞവനാണ് പ്രവാചകന്‍. കാരുണ്യത്തിന്റെ മഹത്വവും ലാളിത്യവും മനുഷ്യസ്‌നേഹത്തിന്റെ വലിപ്പവും നാം ഈ ആത്മസഹോദരനില്‍ നിന്നും അദ്ദേഹത്തിലൂടെ നമുക്കു ലഭ്യമായ വിശുദ്ധ ഖുര്‍ആനിലൂടെയും നിരന്തരം പഠിക്കേണ്ടിയിരിക്കുന്നു, ജീവിതത്തില്‍ പ്രയോഗിക്കേണ്ടിയിരിക്കുന്നു. വിശാലവും വിപുലവുമായ ജനനന്മകളിലേക്കും ബഹുജനക്ഷേമത്തിലേക്കും സമാനതകളില്ലാത്ത നീതിയിലേക്കും അനിവാര്യമായ തുല്യതയിലേക്കുമുള്ള ലോകത്തിന്റെ ജനായത്ത പ്രയാണങ്ങളിലും പോരാട്ടങ്ങളിലും ഏറ്റവും മഹനീയവും ചൈതന്യപൂര്‍ണവും ധീരവുമായ ജീവിത ദര്‍ശനമാണ് പ്രവാചകന്‍ നമുക്കായി തുറന്നു തരുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം