Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 11

അന്‍വര്‍ ഇബ്‌റാഹീമിനെ കുറ്റ വിമുക്തനാക്കിയ കോടതി വിധിയെ ചോദ്യം ചെയ്ത് അപ്പീല്‍

പതിനാലു വര്‍ഷത്തോളം നീണ്ട പീഡനപര്‍വത്തിനു ശേഷം മലേഷ്യയിലെ മുന്‍ പ്രധാനമന്ത്രിയും ആധുനിക മലേഷ്യയുടെ ശില്‍പികളിലൊരാളുമായ ഇസ്‌ലാമിക ചിന്തകനും അക്കാദമിഷനുമായ പ്രഫ. അന്‍വര്‍ ഇബ്‌റാഹീമിനെ മലേഷ്യന്‍ ഉന്നത നീതിപീഠം ഇക്കഴിഞ്ഞ ജനുവരി 9ന് കുറ്റവിമുക്തനാക്കിയിരുന്നു. മലേഷ്യക്കകത്തും പുറത്തും പരക്കെ സ്വാഗതം ചെയ്യപ്പെട്ട കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനാധിപത്യ വിശ്വാസികളില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് വാള്‍ സ്ട്രീറ്റ് ജേണലിന് അനുവദിച്ച അഭിമുഖത്തില്‍ ജുഡീഷ്യറിയുടെ അധികാരത്തില്‍ ഭരണകൂടം ഇടപെടുകയില്ലെന്ന് തെളിയിക്കുന്നതാണ് അന്‍വറിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി തെളിയിക്കുന്നതെന്നാണ് പറഞ്ഞത്. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ പോകുന്നതോടെ സര്‍ക്കാറിന്റെ വാദം പൊളിയുകയാണ്. അന്‍വര്‍ ഇബ്‌റാഹീമിനെതിരെ രാഷ്ട്രീയ പകപോക്കല്‍ തുടരുമെന്ന സൂചന നല്‍കുന്ന പ്രസ്തുത സര്‍ക്കാര്‍ നടപടി 2013 മാര്‍ച്ചിനു മുമ്പ് നടക്കേണ്ട പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് കരുത്ത് പകരാന്‍ ഇടയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. പ്രധാനമന്ത്രി നജീബ് റസാഖിന്റെ 'മലേഷ്യന്‍ പരിഷ്‌കരണ പ്രക്രിയ' ഒരടി മുന്നോട്ട് പോകുമ്പാള്‍ രണ്ടടി പിന്നോട്ടടിക്കുന്ന കാഴ്ചയാണ് കാണുന്നത്.
1993-1998 കാലയളവില്‍ അന്നത്തെ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ വലംകൈയായി മന്ത്രിസഭയില്‍ ഇടം നേടിയ അന്‍വര്‍ ഇബ്‌റാഹീമിന് ഭരണകൂടത്തിന്റെ അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിച്ചതാണ് വിനയായത്. അതോടെ ഇഷ്ടതോഴനും രാഷ്ട്രത്തിന്റെ സാര്‍വത്രിക വളര്‍ച്ചയുടെ നെടുംതൂണുമായി മഹാതീര്‍ തന്നെ വിശേഷിപ്പിച്ച അന്‍വര്‍ ഇബ്‌റാഹീം പ്രതിയോഗിയായി മാറി. അഴിമതി വിരുദ്ധ പോരാട്ടത്തിനിറങ്ങിയ അന്‍വറിനെ അഴിമതി, സ്വഭാവ ദൂഷ്യം തുടങ്ങിയ അനേകം കുറ്റങ്ങള്‍ ചുമത്തി 1998 സെപ്റ്റംബര്‍ 20-ന് ജയിലിലടക്കുകയായിരുന്നു. രാഷ്ട്രീയ വഞ്ചനയുടെ ഇരയായ അന്‍വര്‍ ഇബ്‌റാഹീമിനെ ഉന്നത നീതിപീഠം കുറ്റവിമുക്തനാക്കിയതോടെ തിരിച്ചു വരവിനുള്ള സാധ്യത തെളിഞ്ഞുവരുന്നതിനിടെയാണ് പുതിയ നീക്കം.
ഹോളണ്ടില്‍ ശിരോവസ്ത്ര നിരോധം
പൊതുസ്ഥലങ്ങള്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ഗതാഗത കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മുഖം മറയുന്ന രീതിയിലുള്ള ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം ഡച്ച് മന്ത്രിസഭ പാസാക്കി. നിയമം പ്രാബല്യത്തില്‍ വന്നതോടെ ബുര്‍ഖ, നിഖാബ് തുടങ്ങിയ മുഖം മറയുന്ന വസ്ത്രങ്ങള്‍ ധരിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ 380 യൂറോ ( 499 ഡോളര്‍) വരെ പിഴയൊടുക്കേണ്ടിവരും. 2005 മുതല്‍ ഹോളണ്ടില്‍ സജീവമായി ചര്‍ച്ചചെയ്തുവരുന്ന വിഷയമാണ് ബുര്‍ഖ നിരോധം. എന്നാല്‍ പൌരസ്വാതന്ത്യ്രം മാനിച്ചുകൊണ്ട് ഇതുവരെ നിരോധം ഏര്‍പ്പെടുത്തിയിരുന്നില്ല. ശിരോവസ്ത്ര നിരോധം ഹോളണ്ടിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് തീകൊളുത്തിയിട്ടുണ്ട്. 
ശിരോവസ്ത്ര നിരോധത്തിനെതിരെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ മുസ്ലിംകള്‍ പ്രകടനം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഒന്നേമുക്കാല്‍ കോടിയോളം വരുന്ന ജനസംഖ്യയുടെ അഞ്ചുശതമാനമാണ് ഹോളണ്ടിലെ മുസ്ലിം ജനസംഖ്യ. 450 ഓളം പള്ളികളും അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും മുസ്ലിംകള്‍ നടത്തിവരുന്നുണ്ട്.
ജോര്‍ദാന്‍ 'ഹമാസു'മായി അടുക്കുന്നു
ഫലസ്ത്വീന്‍ പോരാട്ട സംഘടനയായ 'ഹമാസു'മായി 13 വര്‍ഷത്തോളമായി മുറിഞ്ഞ ബന്ധം വിളക്കിച്ചേര്‍ക്കാന്‍ ഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ ജോര്‍ദാന്‍ സന്ദര്‍ശനം കാരണമായി. ഖത്തര്‍ കിരീടാവകാശി ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ മധ്യസ്ഥതയിലാണ് അബ്ദുല്ല രാജാവുമായി മിശ്അല്‍ കൂടിക്കാഴ്ച നടത്തിയത്. 1999-ല്‍ അബ്ദുല്ല രണ്ടാമന്‍ അധികാരമേറ്റയുടനെയാണ് ഹമാസ് രാഷ്ട്രീയകാര്യ നേതാവായ ഖാലിദ് മിശ്അലിനെയും മറ്റു പ്രമുഖ നേതാക്കളേയും ജോര്‍ദാനില്‍ നിന്ന് ഖത്തറിലേക്ക് നാടുകടത്തിയത്. ഇതോടെ ഹമാസ്-ജോര്‍ദാന്‍ ബന്ധം വഷളാവുകയും ഹമാസിനുവേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ചില ജോര്‍ദാന്‍ സ്വദേശികള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. 2006-ല്‍ നടന്ന ഫലസ്ത്വീന്‍ തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയിക്കുകയും ഗസ്സ കേന്ദ്രമാക്കി സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്തപ്പോഴും ഹമാസ് സര്‍ക്കാറിനെ അംഗീകരിക്കാന്‍ ജോര്‍ദാന്‍ തയാറായില്ല. എന്നാല്‍ 2011 ഓടെ ഖത്തര്‍-ജാര്‍ദാന്‍ ബന്ധം മെച്ചപ്പെട്ടതോടെയണ് ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ തര്‍ക്കത്തിനു കാരണമായിരുന്ന ഹമാസ് പ്രശ്‌നം അവസാനിപ്പിക്കാന്‍ തീരുമാനമായത്.
അതിനിടെ, അബ്ദുല്ല രാജാവുമായി നടത്തിയ കൂടിക്കാഴ്ച ജോര്‍ദാന്‍-ഫലസ്ത്വീന്‍ ബന്ധത്തില്‍ പുതിയ അധ്യായം തുന്നിച്ചേര്‍ക്കുമെന്ന് ഖാലിദ് മിശ്അല്‍ പറഞ്ഞു. ഇരുനേതാക്കളുടെയും കൂടിക്കാഴ്ച വന്‍ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഖുദ്‌സിനെ സംരക്ഷിക്കാന്‍ ആഹ്വാനം
ഖുദ്‌സ് നഗരത്തെ അധിനിവേശ ശക്തികളില്‍നിന്നും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുന്നോട്ടുവരണമെന്ന് ലോക ഇസ്‌ലാമിക രാഷ്ട്രങ്ങളോട് ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍) സെക്രട്ടറി ജനറല്‍ പ്രഫസര്‍ അക്മലുദ്ദീന്‍ ഇഹ്‌സാന്‍ ഓഗ്‌ലു ആഹ്വാനം ചെയ്തു. ഖുദ്‌സ് നേരിടുന്ന ഭീഷണിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുദ്‌സിന്റെ സംരക്ഷണത്തിന് അടിയന്തരമായി രാഷ്ട്രീയ നയതന്ത്ര തലങ്ങളിലുള്ള നീക്കം ആവശ്യമാണെന്നും ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് ഖുദ്‌സിലെ പാര്‍പ്പിട മേഖലക്ക് 15 മില്യണ്‍ ഡോളര്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഖുദ്‌സിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. ആഗോള സമൂഹം ഖുദ്‌സ് അധിനിവേശത്തിനെതിരെ പുലര്‍ത്തിപ്പോരുന്ന നിസ്സംഗത മുതലെടുത്ത് ഇസ്രയേല്‍ ഖുദ്‌സ് നഗരത്തില്‍നിന്ന് ഫലസ്ത്വീനികളെ പുറത്താക്കിയും അവരുടെ വീടുകള്‍ നശിപ്പിച്ചും ഭൂമി കൈയേറിയും ഖുദ്‌സിനെ ഒറ്റപ്പെടുത്താനുള്ള പദ്ധതി തുടരുകയാണെന്നും ഇതിനെതിരെ 'യുനസ്‌കോ' രംഗത്തുവരണമെന്നും പ്രഫസര്‍ അക്മലുദ്ദീന്‍ ഇഹ്‌സാന്‍ ഓഗ്‌ലു ആവശ്യപ്പെട്ടു.
ശ്രീലങ്ക 161 വിദേശ മുസ്‌ലിം മത പ്രബോധകരെ പുറത്താക്കുന്നു
വിസാ നിയമം ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി വിവിധ ലോക രാജ്യങ്ങളില്‍നിന്നുള്ള 161 ഓളം മുസ്‌ലിം മത പ്രബോധകരെ പുറത്താക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി ഒരു മുതിര്‍ന്ന എമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താന്‍, മാലദ്വീപ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് വിസ നിയമം ലംഘിച്ച് രാജ്യത്ത് തങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തബ്‌ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തകരാണ് ടൂറിസ്റ്റ് വിസയിലെത്തി മത പ്രബോധനം നടത്തിയതെന്നും ഇത് രാജ്യത്തെ എമിഗ്രേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് പുറത്താക്കല്‍ നടപടിയെന്നും എമിഗ്രേഷന്‍ വിഭാഗം തലവന്‍ പെരേറ പറഞ്ഞു. എന്നാല്‍ ഇവര്‍ക്ക് പുതിയ മതകാര്യ വിസയില്‍ രാജ്യത്ത് വീണ്ടും പ്രവേശിക്കാമെന്ന് പുറത്താക്കല്‍ കല്‍പന വിവാദമായതോടെ ശ്രീലങ്കന്‍ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം എ.എച്ച്.എം ഫൗസി അറിയിച്ചതായി ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
മതപ്രബോധനത്തിനെത്തിയവരെ പുറത്താക്കാന്‍ ഉത്തരവിട്ടത് ശ്രീലങ്കന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉത്കണ്ഠ പരത്തിയിട്ടുണ്ട്. സിന്‍ഹള, തമിഴ് വിഭാഗങ്ങള്‍ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും പ്രബലമായ വിഭാഗമാണ് മുസ്‌ലിംകള്‍ .

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം