പ്രവാചക വിചാരങ്ങള്‍ ധന്യമാകുന്ന കാലം
മുഹമ്മദ് നബിയെക്കുറിച്ച് എഴുതാന്‍ എന്താണ് പ്രേരണ? നബിയെ എഴുതാന്‍ എത്രയോ പ്രേരണകളുണ്ട്. അതിലേറെയും സ്വകാര്യങ്ങളാണ്. ഈ സ്വകാര്യങ്ങളില്‍ നാം നിറയുമ്പോഴാണ് വാക്കുകള്‍ ഉണ്ടാകുന്നത്. വാക്കു വഴിയാകുന്നതിന്റെ ധന്യത. മതത്തിലുള്ളവരുടെ നടപ്പുവിശേഷങ്ങള്‍ക്കുപകരം എന്തെങ്കിലുമൊന്ന് കണ്ടെടുക്കാന്‍ കഴിയുമോ എന്ന അന്വേഷണാണ് പ്രധാനം. ഫരീദുദ്ദീന്‍ അത്താറിന്റെ 'പക്ഷികളുടെ പരിഷത്തി'ല്‍ നാം വായിക്കുന്ന ആത്മീയാന്വേഷണം കഠിനമാണ്. പ്രശ്‌നഭരിതമാണ്. അവിടെ ഓരോ യാത്രയും മറ്റൊരു യാത്രക്കുള്ള തുടക്കമാണ്. ഒരു നിഗൂഢതയുടെ വാതില്‍ തുറന്നാല്‍ അതിനേക്കാള്‍ വലിയൊരു നിഗൂഢത. മതബോധം കേവല പ്രത്യയശാസ്ത്രമോ അധികാരചിന്തയോ ആയി പരിമിതപ്പെട്ടുപോകുമ്പോള്‍ ആത്മീയതയുടെ സ്വഭാവം തന്നെ മാറിപ്പോകും. മറ്റൊരാളുടെ ആശയത്തെയോ വിയോജിപ്പിനെയോ തടഞ്ഞുകൊണ്ട് നാം ഏതെങ്കിലും മഹത്വം സ്ഥാപിച്ചെടുക്കുമെന്ന് വിശ്വസിക്കുന്നത് മൂഢതയാണ്. നബിവിചാരത്തില്‍ ആദ്യം വന്ന കാര്യമതാണ്, ഇത്തിരി മതത്താല്‍ ഒത്തിരി കലഹം ഉണ്ടാക്കുന്ന സങ്കുചിതത്വം സമുദായങ്ങളെ ബാധിച്ചിരിക്കുന്നു. അവര്‍ നബിയെയും വെറുതെ വിടുന്നില്ല.
ഇന്നത്തെ കാലത്ത് ഒരാള്‍ക്ക് പ്രവാചകനെ എത്രമാത്രം വേണം? എത്ര ദൂരം വേണ്ടിവരും? ഇതു പൊതുമണ്ഡലത്തോടു കൂടി ചോദിക്കേണ്ട ചോദ്യമാണ്. ഒരു സംസാരത്തിലൂടെ തൊട്ടുനില്‍ക്കാന്‍ ഒരിടം നാം കുറച്ചുനേരത്തേക്കെങ്കിലും നിര്‍മിക്കുന്നുവെങ്കില്‍ അവിടെയാണ് ഈ ചോദ്യം പ്രസക്തമാവുക. അവിടേക്ക് കടന്നുവരുന്ന പ്രവാചകനെ സങ്കല്‍പിക്കുക. എന്തായിരിക്കും അവിടെയുള്ളവര്‍ക്ക് നബിയോട് ചോദിക്കാനുണ്ടാകുക? ഇഹലോകവാസം വെടിയും വരെ ചോദ്യങ്ങളെ അഭിമുഖീകരിച്ച പുരുഷനാണ് നബി. അനുയായികളുടെ മാത്രമല്ല എതിരാളികളുടെയും ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കുന്നതായിരുന്നു ആ ജീവിതം. നിരന്തര സംവാദത്തിന്റേതായ അന്തരീക്ഷം സന്ദേഹിയില്‍ പുതിയ ഊര്‍ജം ഉണ്ടാക്കുന്നു. ആത്മനവീകരണത്തിന് അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നു. വെറുപ്പിക്കുന്ന ചോദ്യങ്ങളെ പിടിച്ചുകെട്ടണമെന്ന് പ്രവാചകന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. പിടിവാശിയും മുന്‍വിധിയും തലേക്കെട്ടുകളായി തീരുന്ന ഇക്കാലത്ത് തുറന്ന സംവാദങ്ങള്‍ക്കായി അന്യര്‍ക്ക് വേദിയൊരുക്കാന്‍ മിക്കവാറും ആരും തയാറാവുകയില്ല. ഇഷ്ടമില്ലാത്തവനുവേണ്ടിയും വഴി തുറക്കുന്നതാണ് ശരിക്കും ബലം. അവനെ മുഖത്തോട് മുഖം കണ്ട് സംവദിക്കാനും ആശയം പങ്കുവെക്കാനും കഴിയുന്നില്ലെങ്കില്‍, നാം കൊണ്ടുനടക്കുന്ന മതത്തിന്റെ മാനവികതയുടെ അടിസ്ഥാനമെന്താണ്? നമ്മോട് വിയോജിക്കുന്നവരെല്ലാം നരകത്തില്‍ പോകട്ടെ എന്നാണോ?
മുസ്‌ലിമിനു മതജീവിതംകൊണ്ടുണ്ടാകുന്ന പ്രവാചകവിചാരം മാത്രം മതിയാവാത്ത ലോകമാണിത്. മതം ഒരു അഹന്തയായി കൊണ്ടുനടന്നാല്‍ പോരല്ലോ. ഇതില്‍ നിന്ന് അന്യര്‍ക്ക് നന്മ ലഭിക്കുന്നുണ്ടോ എന്നുകൂടി നോക്കേണ്ടേ? ആരോടാണ് നാം നമ്മുടെ ഉള്‍പ്രേരണകള്‍ പങ്കുവെക്കുന്നത്? പുതിയതായി ഏതു സ്‌നേഹിതനെയാണ് നാം ഉണ്ടാക്കിയത്? പ്രവാചകമഹത്വവും നേര്‍വഴിയും പൊതുമണ്ഡലത്തില്‍ വിനിമയം ചെയ്യാന്‍ അത്ര എളുപ്പമല്ല. ഇത് പ്രവാചകസ്മരണ നേരിടുന്ന ഒരു ദുര്യോഗമാണ്. മതത്തെയും മതപുരുഷന്മാരെയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കും അധികാരസമ്പാദനത്തിനും വേണ്ടി ഉപയോഗിക്കുന്ന ഇക്കാലത്ത് മതം സംബന്ധിച്ച പുതിയ വ്യാഖ്യാനങ്ങള്‍ക്കോ വിലയിരുത്തലുകള്‍ക്കോ സാധ്യതയില്ല.മതത്തിനകത്തു തന്നെ ഇനി വ്യാഖ്യാനം ചെയ്യാനൊന്നുമില്ല എന്ന ചിന്തക്കാണ് ആധിപത്യം. അപ്പോള്‍ പൊതുസമൂഹത്തിനു കൂടി പങ്കുകൊള്ളാനുള്ള പ്രവാചക വിചാരങ്ങള്‍ ആരു കൊണ്ടുവരും എന്ന ചോദ്യമുണ്ട്. മഹാ വ്യക്തിത്വങ്ങളെ കാലത്തിനു ചേര്‍ന്നവിധം പുനരാഖ്യാനം ചെയ്യലാണ് എഴുത്തിലൂടെ സംഭവിക്കേണ്ടത്. മതത്തില്‍ ഇതൊന്നും ആവശ്യമില്ലെന്ന് കരുതുന്നവരുണ്ട്. മതം ഇതിനകം പെര്‍ഫെക്ട് ആയ കാര്യമാണല്ലോ. എന്നാല്‍, ദര്‍ശനം പെര്‍ഫെക്ട് ആയാലും എഴുത്ത് പെര്‍ഫെക്ട് ആകുന്നതെങ്ങനെ? പ്രവാചകനെ വേണ്ടവിധം വെളിപ്പെടുത്താത്ത ആഖ്യാനങ്ങള്‍ നാം എത്രയോ വായിച്ചു. എന്നിട്ടും പൊതുബോധത്തിന്റെ ഭാഗമായി പ്രവാചകവചനമോ ചിന്തയോ ലയിച്ചുചേര്‍ന്നിട്ടുമില്ല.
പൊതുമണ്ഡലത്തിന്റെ ഭാഗമാകാതെ പ്രവാചകജീവിതവും ദര്‍ശനവും മാറ്റിനിര്‍ത്തുന്നതിന് ഒരു ന്യായവുമില്ല. കാരണം പ്രവാചകന്‍ തരുന്ന ഏറ്റവും വലിയ പ്രേരണ മിത്രബോധം സംബന്ധിച്ചാണ്.സ്‌നേഹിതരെയാണ് പ്രവാചകന്‍ ആദ്യം കണ്ടെത്തിയത്.വെറുപ്പോടെയും പകയോടെയും എത്തിയവരും മിത്രങ്ങളായി മാറുന്ന വിസ്മയമാണ് ആ ജീവിതം. ഇങ്ങനെ മിത്രങ്ങളായവരുടെ വലിയ പറ്റം ആണ് ദര്‍ശനസാഹോദര്യം പ്രാപിച്ചു മുസ്‌ലിംകള്‍ ആയത്. നമ്മുടെ ജീവിതം നോക്കിയാല്‍, മിത്രസാക്ഷ്യം ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം. ഉള്ളില്‍ നിന്നു സാക്ഷയിട്ട കതകുകളായി വാക്കുകള്‍ എന്ന് കെ.ജി ശങ്കരപ്പിള്ള എഴുതിയിട്ടുണ്ട്. പുറമേ നിന്നുള്ള ഒരാള്‍ക്കും തുറക്കാനാവാത്ത അറകളായി നമ്മുടെ മതബോധം മാറിയിരിക്കുന്നു. ഇങ്ങനെ അടഞ്ഞ കതകുകള്‍ക്കു മുന്നിലാണ് നാം ഉപേക്ഷിച്ച മിത്രങ്ങള്‍ തനിച്ചുനില്‍ക്കുന്നത്:
'ഈ രാത്രി തിരശ്ശീല ചോദിക്കും
ജീവിക്കാന്‍ എത്ര വാക്കു വേണം?
ഒരാള്‍ക്കെത്ര വാക്കറിയാം?
അതിലെത്ര അയാള്‍ പറയും?
അതിലെത്ര അയാള്‍ നിറയും?
അതിലെത്ര മറ്റേയാള്‍ കേള്‍ക്കും?
ദുനിയാവ് മുഴങ്ങും?'
ഈ വരികളിലൂടെ കെ.ജി ശങ്കരപ്പിള്ള ഉന്നയിക്കുന്ന ഒരു ആധി, നിനക്കുള്ളതെല്ലാം നീ എന്തു ചെയ്തുവെന്നതാണ്. മനുഷ്യന്‍ മനുഷ്യനില്‍ എത്ര നിറയും എന്നാണ്. നീ പറയുന്ന വാക്കുകളില്‍ നീയില്ലെങ്കില്‍ പിന്നെ അതാര്‍ക്കാണ് ഗുണം ചെയ്യുക?
സാംസ്‌കാരികമായ ആര്‍ഭാടങ്ങളും അനാചാരങ്ങളും പെരുകുന്ന കാലമാണ്. സമുദായത്തിനു മൊത്തത്തിലുള്ള നേട്ടങ്ങളോ കോട്ടങ്ങളോ ആണ് എന്നും കണ്ണില്‍ പെടുക. അതിനിടെ ഒരാള്‍ക്ക് അയാളുടേതായ തലത്തില്‍ ആത്മവിചാരത്തിന് സമയം കണ്ടെത്താനാകുന്നുണ്ടോ? സ്വന്തം ജീവിതം എങ്ങനെയാണെന്ന് ശരിക്കും നിരീക്ഷിക്കാന്‍ കഴിയുന്ന ഒരു സ്വകാര്യത അയാള്‍ക്കുണ്ടോ? പ്രവാചകന്‍ സ്വന്തം ജീവിതത്തിലൂടെ സൃഷ്ടിച്ച മാതൃകകളുടെ പൈതൃകം നിരീക്ഷിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യമിതാണ്, നല്ല വഴി നിര്‍മിക്കാനും അത് അന്യര്‍ക്കായി തുറന്നിടാനും വേണ്ടിയുള്ള നിരന്തരമായ പരിശ്രമമാണ് ഒരാളുടെ ആത്മീയലോകത്തെ ശ്രേഷ്ഠമാക്കുന്നത്. ഇങ്ങനെ ദൈനംദിന ജീവിതത്തില്‍ നാം ഓരോരുത്തരും പ്രവാചകനെ ആവിഷ്‌കരിക്കുന്നത് എപ്രകാരമാണ് എന്ന അന്വേഷണവും കൗതുകകരമായിരിക്കും.
മക്കയിലേക്കുള്ള യാത്രക്കിടെ മഹാ ദാര്‍ശനികനും പണ്ഡിതനുമായ ഒരു ശൈഖ്, ഒരു അന്യ യുവതിയില്‍ ഭ്രമിച്ചു. അവളെ വിവാഹം ചെയ്യാന്‍ മോഹിച്ചു. എന്നാല്‍, ആ സുന്ദരിക്ക് ദരിദ്രനായ ശൈഖിനെ നാണം കെടുത്തി കളിപ്പിക്കാനാണ് തോന്നിയത്, മതവും പ്രവാചകനുമെല്ലാം ഉപേക്ഷിച്ചുവന്നാല്‍ വിവാഹത്തിനു സമ്മതിക്കാം എന്നാണവള്‍ പറഞ്ഞത്. അനുരാഗവിവശനായ ശൈഖ് ഇതോടെ തന്റെ തീര്‍ഥാടകന്റെ കുപ്പായം ഊരിയെറിഞ്ഞു. മതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. ഖുര്‍ആനെ തള്ളിപ്പറഞ്ഞു. പ്രവാചകനെയും നിഷേധിച്ചു. അദ്ദേഹത്തിനൊപ്പം മക്കയിലേക്കുള്ള യാത്രയിലുണ്ടായിരുന്ന ശിഷ്യന്മാരും സ്‌നേഹിതരും ഇത് കണ്ട് ഞെട്ടിത്തരിച്ചുപോയി. അവരുടെ വാക്കുകളെയൊന്നും ശൈഖ് സ്വീകരിച്ചതേയില്ല. ഒരു പിച്ചക്കാരനെപ്പോലെ യുവതിയുടെ വീട്ടുവാതിക്കല്‍ അയാളിരുന്നു. ദിനങ്ങള്‍ കടന്നുപോയിട്ടും അവള്‍ തിരിഞ്ഞുനോക്കിയതേയില്ല. സര്‍വം ത്യജിച്ച് ശൈഖ് അവിടെ കാത്തുനില്‍ക്കെ, അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവര്‍ മക്കയിലെത്തി. അവിടെ ശൈഖിന്റെ മറ്റൊരു സ്‌നേഹിതന്‍ ഈ വാര്‍ത്തയറിഞ്ഞ് അവരോട് ക്ഷുഭിതനാകുകയാണ്. ശൈഖിനെ അദ്ദേഹത്തിന്റെ ധര്‍മസങ്കടത്തിന് നടുവില്‍ ഉപേക്ഷിച്ചുപോന്ന നിങ്ങള്‍ സ്‌നേഹിതരാണോ? ഒരുമിച്ച് നില്‍ക്കുമെന്ന് പ്രതിജ്ഞയെടുത്ത് മക്കയിലേക്ക് തിരിച്ച നിങ്ങള്‍, വഴിയരികില്‍ സ്‌നേഹിതന്‍ വീണുപോയപ്പോള്‍ സ്വന്തം ആത്മീയ ഭാഗ്യം മാത്രം നോക്കി കടന്നുകളഞ്ഞല്ലോ.
Friend follows friend to hell and blasphemy-
when sorrows come a man's true friends are found:
Our sheikh is savaged by some shark-You race
to separate yourselves from his disgrace
എന്നാണ് അത്താര്‍ എഴുതുന്നത്. ശൈഖിനെ വീണ്ടെടുക്കാനായി സ്‌നേഹിതര്‍ തിരിച്ചുപോകുന്നിടത്ത് കവി പ്രവാചകനെ അവതരിപ്പിക്കുന്നുണ്ട്. ശൈഖിന്റെ കണ്ണുകള്‍ക്കും സത്യത്തിനുമിടയില്‍ കനത്ത പൊടിപടലം കാഴ്ചയെ മറച്ചിരുന്നു. ഇപ്പോഴതു നീങ്ങി, എന്നാണ് പ്രവാചകന്റെ ആശ്വാസവാക്കുകള്‍.
ഇത്തരമൊരു നിരന്തര സ്‌നേഹത്തിന്റെ ജാഗ്രത മനുഷ്യര്‍ തമ്മിലുണ്ടാകണമെന്ന് നാം പ്രാര്‍ഥിച്ചു പോകുന്ന പരീക്ഷണ-പ്രതിസന്ധികളിലൂടെ ജീവിതം കടന്നുപോകുന്നത്. സന്ദേഹിയുടെ കാഴ്ച മറയ്ക്കുന്ന പൊടിപടലങ്ങള്‍ ക്ഷണികമാണ്. അപ്പോള്‍ പ്രവാചകവിചാരങ്ങള്‍ കൂടുതല്‍ ധന്യമായിത്തീരുകയാണ്.
Comments