Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 11

ജബല്‍ നൂറിലെ പ്രഭാതം

അബുല്‍ഹസന്‍ അലി നദ്‌വി

ബല്‍ നൂറില്‍ കയറിയ ഞാന്‍ ഹിറാഗുഹയുടെ സമീപത്തുവെച്ച് ആത്മഗതം ചെയ്തു; ഇവിടെ വെച്ചാണ് അല്ലാഹു മുഹമ്മദി(സ)നെ പ്രവാചകനായംഗീകരിച്ചതും അദ്ദേഹത്തിന് പ്രഥമ വഹ്യ് അവതരിപ്പിച്ചതും. ലോകത്തിന് പുതുവെളിച്ചവും നവ ജീവനും പ്രദാനം ചെയ്ത പ്രഭാകരനുദിച്ചതും ഇവിടെത്തന്നെ. ഓരോ ദിവസവും ലോകം പ്രഭാതത്തെ വരവേല്‍ക്കാറുണ്ട്. എന്നാല്‍ പുതുമയും അസാധാരണത്വവും ഇല്ലാത്ത, നന്മയും സൌഭാഗ്യവും പുലരാത്ത പ്രഭാതങ്ങളെയാണ് ലോകത്തിന് സ്വീകരിക്കേണ്ടിവന്നത്. മനുഷ്യന്‍ ഉണരുകയും മനുഷ്യത്വം ഉറങ്ങുകയും ചെയ്യുന്ന പ്രഭാതങ്ങള്‍! ദേഹം നിദ്രവിട്ടാലും ദേഹി നിദ്രയിലാഴുന്ന പ്രഭാതങ്ങള്‍! വിശ്വചരിത്രത്തില്‍ ഇങ്ങനെ എത്രയെത്ര കള്ളപ്പുലരികളും ഇരുണ്ട പകലുകളുമാണ് കൊഴിഞ്ഞുപോയത്. പക്ഷേ, ഇവിടെ, ഈ ഗിരിശൃംഗത്തിലാണ് നിര്‍മലമായ ഉഷസ്സ് പൊട്ടിവിടര്‍ന്നത്. അതിന്റെ പ്രഭ സകലതിനെയും ശോഭായമാനമാക്കി. അതോടെ ലോകമുണര്‍ന്നു. ചരിത്രഗതി മാറ്റപ്പെട്ടു.
സകലമാന ജീവിത കവാടങ്ങളും താഴുകളാല്‍ ബന്ധിക്കപ്പെട്ടു കിടക്കുകയായിരുന്നു. അടക്കപ്പെട്ട മസ്തിഷ്കത്തിന്റെ താഴുകള്‍ തുറക്കാന്‍ ഉപദേശികളും വഴികാട്ടികളും അശക്തരായിരുന്നു. വിപത്തുകളും ദൃഷ്ടാന്തങ്ങളുമുണ്ടായിട്ടും ഹൃദയ കവാടങ്ങള്‍ തുറക്കപ്പെട്ടില്ല. ശിക്ഷണവും വിദ്യാഭ്യാസവും മതിപ്രഭാവത്തിന്റെ വാതിലുകള്‍ തുറന്നില്ല. അടക്കപ്പെട്ട കോടതി കവാടങ്ങള്‍ തുറക്കാന്‍ വിധികര്‍ത്താക്കളുടെ കരങ്ങള്‍ക്ക് സാധ്യമായില്ല. ചിന്തകര്‍ക്കും പരിഷ്കര്‍ത്താക്കള്‍ക്കും കുടുംബവാതിലുകള്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഛത്രാധിപത്യത്തിന്റെ കോട്ടകൊത്തളങ്ങള്‍ മര്‍ദിതരുടെയും കഷ്ടപ്പെടുന്നവരുടെയും മുമ്പില്‍ അടഞ്ഞുതന്നെ കിടന്നു. ധനികരുടെയും ആഢ്യന്മാരുടെയും നിധിശേഖരങ്ങളുടെ പൂട്ടുകള്‍ വിശക്കുന്നവരുടെ ആര്‍ത്തനാദത്തിനും അബലകളുടെ നഗ്നതക്കും കിടാങ്ങളുടെ രോദനത്തിനും മുമ്പില്‍ തുറക്കപ്പെട്ടില്ല. ഈ കവാടങ്ങളില്‍ ഏതെങ്കിലുമൊന്ന് തുറക്കാന്‍ പ്രഗത്ഭരായ പരിഷ്കര്‍ത്താക്കളും ഉന്നതരായ നിയമ വിശാരദന്മാരും ആവുന്നത്ര ശ്രമിച്ചു. ദയനീയമായ പരാജയമായിരുന്നു ഫലം. താഴുകള്‍ക്ക് യഥാര്‍ഥത്തിലുള്ള താക്കോലുകള്‍ തന്നെ വേണമായിരുന്നു. സ്വയം നിര്‍മിത താക്കോലുകള്‍ കൊണ്ട് ശതകങ്ങളോളം അവര്‍ ശ്രമിച്ചുനോക്കി. താഴുകള്‍ വഴങ്ങിയില്ല എന്നതല്ലാതെ അവരൊന്നും നേടിയില്ല. പൂട്ടുകള്‍ പൊട്ടിക്കാന്‍ ചിലര്‍ ശ്രമിച്ചു. ആയുധങ്ങള്‍ തകരുകയും കരങ്ങള്‍ക്ക് മുറിവേല്‍ക്കുകയും മാത്രമാണുണ്ടായത്.
സങ്കീര്‍ണത നിറഞ്ഞ ആധുനിക ലോകത്തിന്റെ അന്തരീക്ഷത്തില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന കളങ്കമറ്റ ഈ പ്രദേശത്താണ്, ഉത്തുംഗമല്ലാത്ത പരുപരുപ്പ് കുറഞ്ഞ ഈ കുന്നിന്‍ പുറത്താണ്, വിഖ്യാതമായ വിശ്വകേന്ദ്രങ്ങള്‍ക്കും പെരുമപെറ്റ വിദ്യാ സ്ഥാപനങ്ങള്‍ക്കും ഗ്രന്ഥമന്ദിരങ്ങള്‍ക്കും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത കാര്യം സമ്പൂര്‍ണമാക്കപ്പെട്ടത്. ഇവിടെവെച്ച് മുഹമ്മദീയ ദൌത്യത്താല്‍ അല്ലാഹു ലോകത്തെ അനുഗ്രഹിച്ചു. അദ്ദേഹത്തിന്റെ ദൌത്യത്തോടെ മനുഷ്യത്വത്തിന് നഷ്ടപ്പെട്ട താക്കോല്‍ തിരിച്ചുകിട്ടി. അല്ലാഹുവിലും അന്ത്യദിനത്തിലും പ്രവാചകനിലുമുള്ള വിശ്വാസമായിരുന്നു ആ താക്കോല്‍. വാതിലുകളും പൂട്ടുകളും ഒന്നൊന്നായി അതിനാല്‍ തുറക്കപ്പെട്ടു. കുഴഞ്ഞുമറിഞ്ഞ മസ്തിഷ്കത്തിന്റെ മേല്‍ ഈ താക്കോല്‍ പ്രയോഗിക്കപ്പെട്ടപ്പോള്‍ അത് ഉണര്‍ന്നു ഉന്മേഷ പൂരിതമാവുകയും അതിനു സ്വന്തം ആത്മാവില്‍നിന്നും വിദൂരചക്രവാളങ്ങളില്‍നിന്നും ദൃഷ്ടാന്തങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുകയും ചെയ്തു. അതു പ്രപഞ്ചത്തില്‍നിന്നു സ്രഷ്ടാവിലേക്കും ബഹുത്വത്തില്‍നിന്ന് ഏകതയിലേക്കും തിരിഞ്ഞു. അന്ധവിശ്വാസങ്ങളുടെയും വിഗ്രഹാരാധനയുടെയും ബഹുദൈവ സങ്കല്‍പത്തിന്റെയും മിഥ്യാ ബോധങ്ങളുടെയും മ്ളേഛത അതു കണ്ടറിഞ്ഞു. മുമ്പ് ആ ബുദ്ധി സത്യവും അസത്യവുമായ സകല വിധികളെയും പരിരക്ഷിക്കുന്ന ഒരു കൂലി വക്കീലിന്റെ അവസ്ഥയിലായിരുന്നു. ഉറങ്ങിക്കിടന്നിരുന്ന മനുഷ്യാത്മാവിനെ ഈ താക്കോല്‍ പ്രയോഗം തട്ടിയുണര്‍ത്തി. ചത്തടിഞ്ഞ മനുഷ്യവിചാരത്തെ അത് പുനരുജ്ജീവിപ്പിച്ചു. തിന്മയിലേക്ക് പ്രേരിപ്പിക്കുന്ന മനസ്സിനെ തിന്മയുടെ പേരില്‍ ആക്ഷേപിക്കുന്ന മനസ്സായും അത് പരിവര്‍ത്തിപ്പിച്ചു. കുറ്റവാളികള്‍ പ്രവാചക സന്നിധിയില്‍ വന്നു സ്വയം കുറ്റസമ്മതം നടത്തി. വേദനയുറ്റ ശിക്ഷ ഏറ്റുവാങ്ങി. കുറ്റവാളിയായ സ്ത്രീ മരുഭൂമിയിലേക്ക് മടങ്ങിപ്പോകുന്നു. ആരും അവളെ പിന്തുടരുന്നില്ല. പിന്നീടവള്‍ മരണത്തേക്കാള്‍ ഭയാനകമായ ശിക്ഷ ഏറ്റുവാങ്ങാനായി സ്വയം തിരിച്ചു വരുന്നു. ദരിദ്രനായ പടയാളി തന്റെ സത്യസന്ധത ജനങ്ങളെ കാണിക്കാതിരിക്കാന്‍ വേണ്ടി കിസ്റയുടെ കിരീടം തുണിക്കുള്ളില്‍ മറച്ചുവെച്ചുകൊണ്ട് നേതൃ സന്നിധിയില്‍ കൊണ്ടെത്തിക്കുന്നു. കാരണം വഞ്ചന കാണിച്ചുകൂടാത്ത ദൈവസമ്പത്താണത്. തുറക്കപ്പെടാത്തതും ആര്‍ദ്രമാവാത്തതും പ്രതികരിക്കാത്തതുമായിരുന്ന ഹൃദയങ്ങള്‍ ദൈവിക ദൃഷ്ടാന്തങ്ങള്‍ക്കു മുമ്പില്‍ ചകിതമാവുന്നു; പീഡിതര്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടി അലിയുന്നു. അടിച്ചമര്‍ത്തപ്പെട്ട ശക്തിയുടെയും നഷ്ടപ്രതിഭകളുടെയും മേല്‍ ഈ താക്കോല്‍ പ്രയോഗിക്കപ്പെട്ടപ്പോള്‍ തീക്കനല്‍പോലെ അവ ജ്വലിച്ചു; നിര്‍ഝരിപോലെ കുതിച്ചു; ശരിയായ ദിശ സ്വീകരിച്ചു. അങ്ങനെ ആട്ടിടയന്‍ ജനനായകനായി. ഗോത്ര യോദ്ധാവായിരുന്നവന്‍ രാജ്യങ്ങളുടെ മേധാവിയായി; ശക്തിയും പ്രതാപവും പാരമ്പര്യത്തിലലിഞ്ഞുചേര്‍ന്ന ജനപദങ്ങളുടെ ജേതാവായി. വിജ്ഞാനത്തിനും വിജ്ഞാനദായകര്‍ക്കും വിലയിടിഞ്ഞ്, ഗുരുനാഥന്മാരും ശിഷ്യരും പലായനം ചെയ്ത ശൂന്യമായ വിദ്യാസ്ഥാപനങ്ങളുടെ മേല്‍ ഈ താക്കോല്‍ പ്രയോഗിക്കപ്പെട്ടു. അതോടെ പണ്ഡിതരും പഠിതാക്കളും ആദരണീയരും ശ്രേഷ്ഠരുമായി. മതവും വിജ്ഞാനവും കൂട്ടിയിണക്കപ്പെട്ടു. ഓരോ പള്ളിയും ഓരോ വിജ്ഞാന കേന്ദ്രമായി. ഓരോ മുസ്ലിം ഗൃഹവും ഓരോ വിദ്യാസ്ഥാപനമായി. ഓരോ മുസ്ലിമും സ്വയം വിദ്യാര്‍ഥിയും മറ്റുള്ളവര്‍ക്ക് അധ്യാപകനുമായി മാറി. വിജ്ഞാന സമ്പാദനത്തിനുള്ള ഏറ്റവും വലിയ പ്രേരകം മതമായി. നീതിപീഠങ്ങളുടെമേല്‍ ഈ താക്കോല്‍ പ്രയോഗിക്കപ്പെട്ടപ്പോള്‍ പണ്ഡിതന്മാര്‍ നീതിമാന്മാരായ വിധികര്‍ത്താക്കളായി. മുസ്ലിംകള്‍ നീതിപൂര്‍വം അല്ലാഹുവിനു സാക്ഷ്യം വഹിച്ചു. ദൈവത്തിലും പുനരുത്ഥാനത്തിലുമുള്ള വിശ്വാസം നീതിയുടെ വര്‍ധനക്കും വിവാദങ്ങളുടെ കുറവിന്നും ഹേതുവായി. കള്ളസാക്ഷ്യവും മര്‍ദകഭരണവും അവസാനിച്ചു. പിതാവിനും പുത്രനുമിടയിലും സഹോദരനും സഹോദരിക്കുമിടയിലും ഭാര്യക്കും ഭര്‍ത്താവിനുമിടയിലും വ്യാപിച്ച കുനുഷ്ട് ഇല്ലാതായി. കുടുംബത്തില്‍നിന്ന് ഉടമക്കും അടിമക്കുമിടയിലും നേതാവിനും നീതനുമിടയിലും എത്തിയപ്പോള്‍ ഈ താക്കോല്‍ അവിടെ പ്രയോഗിക്കപ്പെട്ടു. അവകാശങ്ങള്‍ പിടിച്ചുപറ്റുകയല്ലാതെ ആരും ബാധ്യതകള്‍ കൊടുത്തു വീട്ടിയിരുന്നില്ല. ഇടപാടുകളില്‍ വഞ്ചന കാണിച്ചിരുന്നു. വാങ്ങുമ്പോള്‍ കൃത്യമായി അളക്കുകയും കൊടുക്കുമ്പോള്‍ കൃത്രിമം കാണിക്കുകയും ചെയ്തിരുന്നു. താക്കോല്‍ പ്രയോഗിക്കപ്പെട്ടതോടെ അവരില്‍ സത്യവിശ്വാസത്തിന്റെ വിത്തുപാകി. ശിക്ഷയെക്കുറിച്ച് അവരെ താക്കീത് ചെയ്തു. "ജനസമൂഹമേ! നിങ്ങളെ ഒരാത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അവയില്‍നിന്ന് ധാരാളം സ്ത്രീപുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ പരസ്പരം ചോദിക്കുന്ന അല്ലാഹുവിനെയും കുടുംബ ബന്ധങ്ങളെയും നിങ്ങള്‍ സൂക്ഷിക്കുക. നിശ്ചയം, അല്ലാഹു നിങ്ങളുടെ മേല്‍ സൂക്ഷ്മ നിരീക്ഷകനാണ്'' എന്നു അവരെ ഓതിക്കേള്‍പ്പിച്ചു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും മേല്‍ ഉത്തരവാദിത്വങ്ങള്‍ വെച്ചുകൊണ്ട് "നിങ്ങള്‍ ഓരോരുത്തരും ഭരണാധികാരികളാണ്. തങ്ങളുടെ ഭരണീയരെക്കുറിച്ച് എല്ലാവരും ചോദിക്കപ്പെടും'' എന്നു പറഞ്ഞു. അങ്ങനെ സ്നേഹം കളിയാടുന്ന, നീതി പുലരുന്ന കുടുംബവും സമൂഹവും ഉടലെടുത്തു. അതിലെ അംഗങ്ങള്‍ക്കിടയില്‍ വേരുറച്ച വിശ്വസ്തതയും തീവ്രമായ പരലോക ഭീതിയും സംജാതമായി. സമുദായ നേതാക്കള്‍ ആര്‍ദ്രരും ലളിത ജീവിതം നയിക്കുന്നവരുമായി. ജനസേവകരായി. സമൂഹത്തിന്റെ രക്ഷാധികാരി അനാഥ സംരക്ഷകനെപ്പോലെ, സമ്പന്നനായിരിക്കെ അന്തസ്സ് സൂക്ഷിക്കുകയും ദരിദ്രനായിരിക്കെ മാന്യമായത് മാത്രം ഭക്ഷിക്കുകയും ചെയ്തു. പണക്കാരും കച്ചവടക്കാരും ഇഹലോകത്തോട് വിരക്തിയും പരലോകത്തോട് ആസക്തിയുമുള്ളവരായി. ധനം അവര്‍ അല്ലാഹുവിനു വിട്ടുകൊടുത്തു. "നിങ്ങളെ ഏല്‍പിച്ചിരിക്കുന്നതില്‍നിന്ന് ചെലവഴിക്കുക. നിങ്ങള്‍ക്ക് നല്‍കപ്പെട്ട ധനം നിങ്ങള്‍ നല്‍കുക'' എന്ന് അവര്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെട്ടു. ദൈവ മാര്‍ഗത്തില്‍ ചെലവഴിക്കാതെ ധനം കൂമ്പാരമാക്കി വെക്കുന്നതിനെതിരെ അവര്‍ താക്കീത് ചെയ്യപ്പെട്ടു: "ദൈവ മാര്‍ഗത്തില്‍ ചെലവഴിക്കാതെ സ്വര്‍ണവും വെള്ളിയും കൂമ്പാരമാക്കുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷ അറിയിക്കുക. നിങ്ങള്‍ കുന്നുകൂട്ടിയതിന്റെ ഫലം നിങ്ങള്‍ ആസ്വദിക്കുക എന്നു പറയപ്പെട്ടുകൊണ്ട് അവരുടെ മുതുകും പാര്‍ശ്വഭാഗവും ചൂടുവെക്കപ്പെടുകയും അവര്‍ കരിക്കപ്പെടുകയും ചെയ്യുന്ന ദിനം വരാനിരിക്കുന്നു.''
തന്റെ ദിവ്യ ദൌത്യത്തിലൂടെ മുഹമ്മദ് അവതരിപ്പിച്ചത് വിശ്വാസിയായ, ദൈവശിക്ഷ ഭയക്കുന്ന ഉത്കൃഷ്ടനായ ഒരു മനുഷ്യനെയാണ്. അയാള്‍ ഇഹലോകത്തേക്കാള്‍ പരലോകത്തിന് പ്രാധാന്യം കല്‍പിക്കുന്ന വിശ്വസ്തനായ ഭക്തനാണ്. ആത്മീയ ശക്തിയും വിശ്വസ്തതയും കൈമുതലാക്കി ഭൌതിക പദാര്‍ഥങ്ങളെ അപ്രധാനമാക്കുന്നവനാണ്. ഇഹലോകം തനിക്കുവേണ്ടിയും താന്‍ പരലോകത്തിനു വേണ്ടിയും സൃഷ്ടിക്കപ്പെട്ടതാണെന്ന് അവന്‍ വിശ്വസിക്കുന്നു. വ്യാപാരിയാണെങ്കില്‍ വിശ്വസ്തനും സത്യസന്ധനുമായിരിക്കും അയാള്‍. ദരിദ്രനാണെങ്കില്‍ മാന്യമായ പണിതേടും. തൊഴിലാളിയാണെങ്കില്‍ കഠിനമായി യത്നിക്കും. ധനികനാണെങ്കില്‍ അത്യുദാരനും വിധികര്‍ത്താവാണെങ്കില്‍ വിചക്ഷണനായ നീതിപാലകനുമായിരിക്കും. രക്ഷാധികാരിയാണെങ്കില്‍ നിസ്വാര്‍ഥനും സത്യസന്ധനും ദാസനോ ബന്ധനസ്ഥനോ ആണെങ്കില്‍ ശക്തനും വിശ്വസ്തനും പൊതു ഖജനാവിന്റെ സൂക്ഷിപ്പുകാരനാണെങ്കില്‍ വിജ്ഞനും വിശ്വസ്തനുമായ കാവല്‍ക്കാരനുമായിരിക്കും. ഈ ആധാരശിലകളിലാണ് ഇസ്ലാമിക സമാജം നിലനിന്നതും ഭരണകൂടം സ്ഥാപിതമായതും. ഭരണകൂടവും സമൂഹവും സ്വാഭാവികമായും വ്യക്തികളുടെ സ്വഭാവനിഷ്ഠയുടെ വികസിത രൂപമായിരുന്നു. ആ സമൂഹം ദുന്‍യാവിനേക്കാള്‍ ആഖിറത്തിനു പ്രധാന്യം കല്‍പിക്കുന്ന വിശ്വസ്തമായ സല്‍ സമൂഹമായിരുന്നു. പദാര്‍ഥങ്ങള്‍ക്ക് കീഴ്പ്പെടാതെ അതിനെ അവര്‍ അതിജീവിച്ചു. കച്ചവടക്കാരന്റെ വിശ്വസ്തതയും സത്യസന്ധതയും ദരിദ്രന്റെ അധ്വാനവും തൊഴിലാളിയുടെ കൂറും ധനികന്റെ ആര്‍ദ്രതയും വിധികര്‍ത്താവിന്റെ നീതിബോധവും രക്ഷാധികാരികയുടെ നിഷ്കപടതയും നേതാവിന്റെ വിനയവും അടിമയുടെ ശക്തിയും ധനം സൂക്ഷിപ്പുകാരന്റെ കാര്യക്ഷമതയും അതിലേക്ക് ആവാഹിക്കപ്പെട്ടു. പക്വത പ്രാപിച്ച രാഷ്ട്രമായിരുന്നു അത്. താല്‍പര്യങ്ങളേക്കാള്‍ തത്വങ്ങള്‍ക്കാണ് സ്ഥാനം നല്‍കിയത്. അടിച്ചേല്‍പിക്കുന്നതിനേക്കാള്‍ മാര്‍ഗദര്‍ശനത്തിനും. ഈ സമൂഹത്തിന്റെ സ്വാധീനവും ഭരണകൂടത്തിന്റെ നടപടികളും മൂലം പൊതുജീവിതം വിശ്വാസവും വിശുദ്ധിയും സല്‍ക്കര്‍മവും സത്യസന്ധതയും ത്യാഗവും അധ്വാനവും നീതിയും നിഷ്പക്ഷതയും നിറഞ്ഞതായിത്തീര്‍ന്നു.
എന്റെ ആത്മഗതം എന്നെ ആത്മവിസ്മൃതിയിലേക്ക് തള്ളി. ആദ്യകാല ഇസ്ലാമിക സമൂഹം അതിന്റെ സകല സൌന്ദര്യത്തോടും വൈശദ്യത്തോടും കൂടി മൂര്‍ത്തരൂപം പൂണ്ട് ഞാനതങ്ങനെ നോക്കിക്കാണുന്നതായി എനിക്കനുഭവപ്പെട്ടു. അതിന്റെ അന്തരീക്ഷത്തിലേക്ക് ഞാന്‍ നെടുവീര്‍പ്പുകളയച്ചു. എനിക്കും ആധുനിക ലോകത്തിനുമിടക്കുള്ള കണ്ണി അറ്റുപോയിരുന്നു. എന്റെ ദൃഷ്ടി നാം ജീവിക്കുന്ന ലോകത്തിന്മേല്‍ പതിഞ്ഞു. ഇവിടെ ഇതാ ജീവിത കവാടങ്ങളില്‍ നവംനവങ്ങളായ താഴുകള്‍. ജീവിതം ഒരുപാടുനാഴിക പിന്നിട്ടിരിക്കുന്നു. വിവിധങ്ങളായ പ്രശ്നങ്ങള്‍ ഉയിരെടുക്കുകയും കുഴഞ്ഞുമറിയുകയും ചെയ്തിരിക്കുന്നു. പഴകിയ ആ താക്കോലുമായി ഈ താഴുകള്‍ തുറക്കാന്‍ കഴിയുമോ? ആ താഴുകളുടെ സ്വഭാവമറിയാതെ ഒരു തീരുമാനത്തിലെത്തി താക്കോല്‍ പ്രയോഗിക്കുക പ്രയാസമായിരുന്നു. വിരല്‍ത്തലപ്പുകൊണ്ട് സ്പര്‍ശിച്ചു നോക്കിയപ്പോഴാണറിയുന്നത് പുതിയ വര്‍ണങ്ങള്‍ സ്വീകരിച്ച പഴയ താഴുകളാണ് അവയെന്ന്. പ്രശ്നങ്ങള്‍ പഴയത് തന്നെ. സമാജത്തിന്റെയും ഭരണകൂടത്തിന്റെയും അടിക്കല്ലായ വ്യക്തിതന്നെയാണിവിടെയും പ്രശ്നത്തിന്റെ കാതല്‍. ശക്തിയിലും ദ്രവ്യത്തിലുമല്ലാതെ വ്യക്തിക്കു വിശ്വാസമില്ലെന്നു ഞാന്‍ കണ്ടു. സ്വന്തം താല്‍പര്യ വികാരങ്ങളല്ലാതെ മറ്റൊരു പരിഗണന അവനില്ല. ഇഹലോകത്തെയാണ് അവനേറ്റം വിലമതിക്കുന്നത്. ആത്മപൂജയിലും സ്വേഛാപൂരണത്തിലും അവന്‍ അതിരു കവിഞ്ഞിരിക്കുന്നു. തന്റെ രക്ഷിതാവുമായും ദിവ്യ ദൌത്യവുമായും പരലോക ജീവിതവുമായും അവനുള്ള ബന്ധം അറ്റിരിക്കുന്നു. നാഗരികതയുടെ ദുരന്ത കേന്ദ്രമാണവന്‍. അവന്‍ വ്യാപാരിയാണെങ്കില്‍ വിലയിടിയുമ്പോള്‍ സാധനങ്ങള്‍ പൂഴ്ത്തിവെക്കുകയും വിലകൂടുമ്പോള്‍ മാര്‍ക്കറ്റിലിറക്കുകയും ചെയ്തുകൊണ്ട് ദാരിദ്യ്രവും പ്രതിസന്ധിയും ഉണ്ടാക്കുന്ന പൂഴ്ത്തിവെപ്പുകാരനാണ്. ദരിദ്രനാണെങ്കില്‍ ക്ളേശം പേറാതെ അന്യന്റെ അധ്വാനം ചൂഷണം ചെയ്യാന്‍ വെമ്പുന്നവനായിരിക്കും. തൊഴിലാളിയാണെങ്കില്‍ മടിയനായിരിക്കും. അവകാശങ്ങളെപ്പറ്റിയല്ലാതെ ബാധ്യതകളെപ്പറ്റി അവന് ബോധമുണ്ടായിരിക്കില്ല. ധനികനാണെങ്കില്‍ നിര്‍ദയനായിരിക്കും അവന്‍. രക്ഷാധികാരിയാണെങ്കില്‍ ആശ്രിതന്റെ സമ്പത്തു പിടിച്ചു പറിക്കുന്നവനും ഉടമയാണെങ്കില്‍ സ്വന്തം സുഖം മാത്രം കാംക്ഷിക്കുന്ന ക്രൂരനും അടിമയാണെങ്കില്‍ വഞ്ചകനും ദുര്‍ബലനുമായിരിക്കും. ധനസൂക്ഷിപ്പ് ഏല്‍പിക്കപ്പെട്ടാല്‍ അവന്‍ കൊള്ളയടിക്കും. രാഷ്ട്രത്തലവനായാല്‍ സ്വജനപക്ഷപാതവും അഴിമതിയുമല്ലാതെ അവന്‍ ചെയ്യില്ല. നേതാവായാല്‍ അന്യരാഷ്ട്രങ്ങളുടെയും ജനവിഭാഗങ്ങളുടെയും അന്തസ്സ് ചവിട്ടിമെതിക്കുന്ന സങ്കുചിതനായ ദേശീയവാദിയും വര്‍ഗീയവാദിയുമായിരിക്കും. നിയമനിര്‍മാതാവാണെങ്കില്‍ മര്‍ദക നിയമങ്ങളും ഭാരിച്ച നികുതികളും ചുമത്തും. കണ്ടുപിടിത്തക്കാരനാണെങ്കില്‍ വിളവുകള്‍ നശിപ്പിക്കുകയും തലമുറകളെ ഹനിക്കുകയും ചെയ്യുന്ന മാരകമായ വിഷവാതകങ്ങളും അണുബോംബുകളും കണ്ടുപിടിക്കും. ഇവയുടെ പ്രയോഗത്തിനു ശക്തിയുണ്ടെങ്കില്‍ രാഷ്ട്രങ്ങളുടെ മേല്‍ അവ വര്‍ഷിക്കുന്നതില്‍ ഒരു പന്തികേടും അവന്‍ കാണുകയില്ല. ഈ വക വ്യക്തികളുടെ കൂട്ടമാണ് ആധുനിക സമൂഹം. ഇവിടെ അടിഞ്ഞു കൂടിയിരിക്കുന്നത് കച്ചവടക്കാരന്റെ പൂഴ്ത്തിവെപ്പും ദരിദ്രന്റെ പ്രക്ഷോഭവും തൊഴിലാളിയുടെ കുനിഷ്ഠും ധനികന്റെ ദുരയും രക്ഷാധികാരിയുടെ വഞ്ചനയും ഉടമയുടെ അക്രമവും അടിമയുടെ ചതിയും ധന സൂക്ഷിപ്പുകാരന്റെ കൊള്ളയുമാണ്. മന്ത്രിമാരുടെ സ്വാര്‍ഥത, നേതാക്കളുടെ പക്ഷപാതിത്വം ആദിയായവ സര്‍വവ്യാപിയാണിവിടെ. ഭൌതികമായ ഈ മനസ്സുകളില്‍ നിന്നാണ് കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലക്കയറ്റം, പണപ്പെരുപ്പം, കോഴ തുടങ്ങിയ ആധുനിക പ്രശ്നങ്ങളും പ്രതിസന്ധിയും ഉടലെടുത്തത്. മനുഷ്യത്വം അവയെ ചൊല്ലി വിലപിക്കുന്നു. ഒരു പരിഹാരം കാണാനാവാതെ ചിന്തകരും പരിഷ്കര്‍ത്താക്കളും കുഴയുന്നു. ഒരു പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെട്ട് അവരെത്തിച്ചേരുന്നത് മറ്റൊരു പ്രതിസന്ധിയിലേക്കാണ്. അവരുടെ അപര്യാപ്തവും ക്ഷണഭംഗുരവുമായ പരിഹാര മാര്‍ഗങ്ങള്‍ പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഏകവ്യക്തി ഭരണത്തില്‍നിന്ന് ജനാധിപത്യത്തിലേക്കും പിന്നെ സ്വേഛാധിപത്യത്തിലേക്കും വീണ്ടും ജനാധിപത്യത്തിലേക്കും തിരിഞ്ഞു. കമ്യൂണിസവും മുതലാളിത്തവും പരീക്ഷിക്കപ്പെട്ടു. സ്ഥിതിഗതികള്‍ ഭേദപ്പെട്ടില്ല. കാരണം വ്യക്തി തന്നെയായിരുന്നു സുസ്ഥിരമായ ആധാരശില. അവര്‍ അതേക്കുറിച്ച് അജ്ഞരായിരുന്നു; അഥവാ അജ്ഞത നടിച്ചു. വഴിതെറ്റിയ മനുഷ്യനാണ് അസ്തിവാരമെന്നത് അവര്‍ അറിഞ്ഞിരുന്നെങ്കില്‍ തന്നെ അവനെ നേരെയാക്കാന്‍ അവര്‍ക്ക് സാധ്യമാവുമായിരുന്നില്ല. കാരണം വൈജ്ഞാനിക കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രസിദ്ധീകരണാലയങ്ങളും അനവധി ഉണ്ടായിരുന്നെങ്കിലും വ്യക്തിയുടെ വക്രത മാറ്റി അവനെ ശുദ്ധീകരിക്കുന്നതിനും അവനെ തിന്മയില്‍നിന്ന് നന്മയിലേക്കും സംഹാരത്തില്‍നിന്ന് നിര്‍മാണത്തിലേക്കും തിരിച്ചുവിടുന്നതിനുമുള്ള ഉപാധികള്‍ അവരുടെ പക്കലുണ്ടായിരുന്നില്ല. എന്തെന്നാല്‍ ആത്മീയ ശൂന്യതയും വിശ്വാസ പാപ്പരത്തവും അനുഭവിക്കുന്ന ഒരു വിഭാഗമാണവര്‍. വിശ്വാസം രൂഢമൂലമാക്കുകയും ഹൃദയത്തെ സമ്പന്നമാക്കുകയും ഇഹലോകവും പരലോകവും തമ്മിലും സൃഷ്ടിയും സ്രഷ്ടാവും തമ്മിലും വിജ്ഞാനവും സല്‍സ്വഭാവവും തമ്മിലും ആത്മാവും പദാര്‍ഥവും തമ്മിലും ഉള്ള ബന്ധം ഉറപ്പിക്കുകയും ചെയ്യുന്ന സകലതും അവര്‍ക്ക് വിനഷ്ടമായിരുന്നു.
ഒടുവില്‍ തങ്ങളുടെ ആത്മീയ പാപ്പരത്തവും അന്ധമായ ഭൌതികതയും അവരെ കൊണ്ടുചെന്നെത്തിച്ചത് രാഷ്ട്രത്തെയും തലമുറകളെയും സംഹരിക്കുന്ന ആയുധങ്ങളുടെ പ്രയോഗത്തിലാണ്. യുദ്ധായുധ വിഭൂഷിതങ്ങളായ നാടുകള്‍ ഈ ആയുധങ്ങള്‍ പ്രയോഗിക്കുകയാണെങ്കില്‍ മാനവ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ദാരുണമായ അന്ത്യമാണിവിടെ നടക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം