Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 11

അത് തിരിച്ചു വന്നുവോ, എന്തുകൊണ്ട്?

വി. മുസഫര്‍ അഹമ്മദ്‌

പ്രവാചകന് (സ) 12 വയസ്സുള്ളപ്പോള്‍ പിതൃവ്യന്‍ അബൂത്വാലിബിനൊപ്പം നടത്തിയ സിറിയന്‍ യാത്രയിലെ ഒരു സന്ദര്‍ഭം നബി ചരിത്രത്തില്‍ സവിശേഷമായി അടയാളപ്പെടുത്തിയതായി കാണാം. യാത്രാ മധ്യേ ബുസ്‌റയില്‍ എത്തിയപ്പോള്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ ബഹീറ പ്രവാചകന്റെ കൈ പിടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു- നിങ്ങളുടെ കൂടെയുള്ള ഈ കുട്ടി ലോക നേതാവാണ്. സര്‍വ ലോകത്തിനും കാരുണ്യമായി പ്രപഞ്ചനാഥന്‍ ഇദ്ദേഹത്തെയാണ് നിയോഗിക്കാന്‍ പോകുന്നത്- ഇത് നിങ്ങള്‍ക്കെങ്ങനെ അറിയാം, നിങ്ങള്‍ ഇത് എങ്ങനെ മനസ്സിലാക്കി എന്ന് ഈ സന്ദര്‍ഭത്തില്‍ അബൂത്വാലിബില്‍ നിന്നുയര്‍ന്ന ചോദ്യത്തിന് ബഹീറ നല്‍കുന്ന മറുപടി ഇങ്ങനെയാണ്: ''നിങ്ങള്‍ പുറപ്പെട്ടതു മുതല്‍ വൃക്ഷങ്ങളും കല്ലുകളും സുജൂദില്‍ വീഴുന്നു. ഒരു പ്രവാചകന് വേണ്ടിയല്ലാതെ ഇങ്ങനെ സംഭവിക്കുകയില്ല. നിങ്ങള്‍ ഈ കുട്ടിയെയും കൂട്ടി എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണം. ജൂതന്മാരില്‍ നിന്നും കുട്ടിയെ പ്രത്യേകം സംരക്ഷിക്കണം. മഹത്തായ ഭാവിയുണ്ട് ഈ കുട്ടിക്ക്.'' ഇതു കേട്ട് അബൂത്വാലിബ്, മുഹമ്മദ് എന്ന ബാലനെ സിറിയയിലേക്ക് കൊണ്ടു പോകാതെ ഭൃത്യന്മാര്‍ക്കൊപ്പം മക്കയിലേക്ക് തിരിച്ചയച്ചു.
ജന്മനാടായിരുന്ന മക്കയായിരുന്നു ആ സന്ദര്‍ഭത്തില്‍ ആ ബാലനെ സുരക്ഷിതമായി പാര്‍പ്പിക്കാവുന്ന ഇടം. ഈ സംഭവം നടന്ന് 40 വര്‍ഷം പിന്നിടുമ്പോള്‍, (ആ ബാലന്‍ വളര്‍ന്ന് 52 വയസ്സിലെത്തിയപ്പോള്‍, പ്രവാചകനായി 12 വര്‍ഷം പിന്നിട്ടപ്പോള്‍) ഏറ്റവും സുരക്ഷിതമായിരുന്ന മക്ക തിരുദൂതര്‍ ഏതു നിമിഷവും അപായത്തില്‍ പെടാവുന്ന പ്രദേശമായി മാറി. അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ഖുറൈശികള്‍ തീരുമാനിക്കുന്നു. ഈ വിവരം മലക്ക് ജിബ്‌രീല്‍ വഴി അല്ലാഹു പ്രവാചകന് കൈമാറുന്നു. ഒടുവില്‍ മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുന്നു.
പലായനത്തിന്റെ വേളയില്‍ പല കുറി അദ്ദേഹം തന്റെ ജന്മനാടിനെ തിരിഞ്ഞു നോക്കുന്നുണ്ട്. സ്വന്തം നാടുവിടുമ്പോള്‍ ഏതൊരാളും അനുഭവിക്കുന്ന കടുത്ത മനോവ്യഥയുടെ, പ്രവാസമെന്ന സങ്കീര്‍ണതയുടെ നേരെയുള്ള പ്രതികരണമാണത്.
ആ സന്ദര്‍ഭത്തില്‍ തിരുനബി ഇങ്ങനെ പറയുന്നു: ''വളരെ നല്ല നാടാണു നീ. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദേശം. എന്റെ ജനത എന്നെ പുറത്താക്കിയിരുന്നില്ലെങ്കില്‍ മറ്റൊരു നാടും ഞാന്‍ താമസത്തിന് തെരഞ്ഞെടുക്കുമായിരുന്നില്ല.'' വിപ്രവാസത്തെക്കുറിച്ചുള്ള ഏറ്റവും പൂര്‍ണമായ അഭിപ്രായമാണത്. പുതിയ കാലത്ത് 'എക്‌സൈല്‍' എന്ന തത്ത്വചിന്തകര്‍ വിളിക്കുന്ന പ്രതിഭാസത്തെ ഏതാണ്ട് പതിനഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകന്‍ ഈ വാക്കുകളിലൂടെയാണ് വിശദീകരിച്ചത്.
മുഹമ്മദ് നബി (സ) മദീനയിലേക്ക് പലായനം ചെയ്യുന്നതിന് രണ്ടു വര്‍ഷം മുമ്പെ (പ്രവാചകത്വത്തിന് പത്ത് വയസ്സാകുന്ന വേളയില്‍) ഖുറൈശികളുടെ ശല്യം സഹിക്ക വയ്യാതെ പ്രവാചക അനുയായികള്‍ മക്ക വിടുന്നുണ്ട്. ആത്മരക്ഷാര്‍ഥമാണ് അവര്‍ക്ക് മക്ക വിടേണ്ടിവന്നത് എന്ന് ചരിത്രത്തില്‍ കാണാം. ചിലര്‍ അബ്‌സീനിയന്‍ രാജാവ് നല്‍കിയ ഉദാരമായ സംരക്ഷണത്തില്‍ അഭയം തേടി. ചിലര്‍ക്ക് പല നാടുകളിലൂടെ തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അലയേണ്ടിയും വന്നിട്ടുണ്ട്. അക്ഷരാര്‍ഥത്തില്‍ പ്രവാചകന്റെ അനുയായികള്‍ ചിതറിത്തെറിച്ചു പോയ സന്ദര്‍ഭമാണത്. ഇത്തരം സംഭവങ്ങളുടെ മൂര്‍ധന്യത്തിലാണ് നബിക്ക് മക്ക വിട്ട് മദീനയില്‍ അഭയം പ്രാപിക്കേണ്ടി വരുന്നത്.
ഖുറൈശികളുടെയും മറ്റ് ശത്രുക്കളുടെയും അപായകരമായ സാന്നിധ്യം ചരിത്രത്തില്‍ ആദ്യമായി മക്കയില്‍ 'മുസ്‌ലിം ഗെറ്റോ' (മുസ്‌ലിംകള്‍ മാത്രം പാര്‍ക്കുന്ന ഇടങ്ങള്‍)യുടെ നിര്‍മിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. എന്നാല്‍ അങ്ങനെയും നിലനില്‍ക്കാനാവില്ല എന്ന ബോധ്യമാണ് അവിടെ നിന്നും പുറത്തു കടന്ന് മറ്റു പലയിടങ്ങളിലായി ചെന്നുചേരാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നത്. ഒടുവില്‍ പ്രവാചകനും മക്ക വിടുന്നു. എന്നാല്‍ തിരുദൂതരിലൂടെ വെളിപ്പെട്ട പ്രത്യയ ശാസ്ത്രം വിജയക്കൊടി നാട്ടുകയും മക്കാ വിജയം എന്ന് ചരിത്രം രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള സംഭവം കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടാകുന്നു. പ്രവാചക ദൗത്യത്തിന്റെ തുടക്ക നാളുകളില്‍ മക്കയില്‍ രൂപപ്പെട്ട പ്രഥമ മുസ്‌ലിം ഗെറ്റോ അപ്പോഴേക്കും ചരിത്രത്തില്‍ ലയിച്ചു കഴിഞ്ഞിരുന്നു. ആ നാടിന്റെ ബഹുസ്വരതയില്‍ പ്രവാചക അനുയായികള്‍ മാന്യതയോടെയുള്ള ജീവിതത്തിന് തുടക്കമിടുകയും ചെയ്തു.
എന്നാലിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലായി മുസ്‌ലിം ഗെറ്റോകള്‍ രൂപപ്പെട്ടുകൊണ്ടേയിരിക്കുന്നു. സെപ്റ്റംബര്‍ 11 ആണ് യൂറോപ്പില്‍ അത്തരമൊരന്തരീക്ഷം ഉണ്ടാക്കിയതെന്ന് പല ചിന്തകരും എഴുതിയിട്ടുണ്ട്. ഇന്ത്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് വംശഹത്യയും ഗെറ്റോകള്‍ രൂപപ്പെടുത്തി. ഭയത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കുള്ളിലാണ് അവ നിലകൊണ്ടത്.
വര്‍ത്തമാനകാലത്ത് ഗെറ്റോകള്‍ രൂപപ്പെടുത്തിയത് ഫാഷിസ്റ്റ് പ്രയോഗങ്ങളാണ്. ഇത് ആരു നടത്തിയാലും ന്യായീകരിക്കാന്‍ കഴിയാത്തതാണ്.
ഗെറ്റോകള്‍ രൂപപ്പെട്ട സന്ദര്‍ഭങ്ങളെ അഭിസംബോധന ചെയ്യേണ്ടതിനെക്കുറിച്ച് ആലോചിക്കാതെ സ്വയം നിര്‍മിത ഗെറ്റോകളിലേക്ക് ഉള്‍വലിയുന്ന പ്രവണതയും വര്‍ധിച്ചു.
ചരിത്രത്തിലിടക്കിടെ ഉണ്ടാകുന്ന സംഭവങ്ങളുമായി മുഖാമുഖം നില്‍ക്കാതെയും അതിന്റെ ആഘാത തീക്ഷ്ണതയെ നേരിടാതെയും ഒളിച്ചോടുന്ന പ്രവണതകളും വര്‍ധിച്ചു. സമൂഹത്തിന്റെ ജൈവികമായ നിരവധി തട്ടുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന ആഖ്യാനങ്ങളെ അവയുടെ പാട്ടിന് വിട്ടു. പ്രവാചകന്‍ പഠിപ്പിച്ച സംവാദത്തിന്റെയും ആശയ വിനിമയത്തിന്റെയും എല്ലാ വശങ്ങളും വിസ്മരിച്ച പോലെയായി.
ഈ സന്ദര്‍ഭത്തെക്കുറിച്ച് സിയാവുദ്ദീന്‍ സര്‍ദാര്‍ വളരെ പ്രാധാന്യമേറിയ ഒരു നിരീക്ഷണം നടത്തി. 'മുസ്‌ലിംകള്‍ കായിക, സാംസ്‌കാരിക, ബൗദ്ധിക ശോഷണത്തിന്റെ വക്കിലാണ്. അടഞ്ഞ മനസ്സും കേവല പാരമ്പര്യവാദവും അവരുടെ മനസ്സിനെ ഭരിക്കുന്നു. നമ്മള്‍ ഈ ഗെറ്റോ മനോഭാവത്തില്‍ നിന്നും പുറത്തു വരണം.'
1500 വര്‍ഷത്തോളം മുമ്പ് പ്രവാചകന്‍ മനുഷ്യ ജീവിതത്തില്‍ നിന്ന് ഇല്ലാതാക്കിയ ഗെറ്റോകള്‍ വീണ്ടും ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുന്നു. എന്താണ് ഇതിന്റെ അര്‍ഥം, എന്താണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്, എവിടെയാണ്, ആര്‍ക്കാണ് പിഴച്ചത്?
ലോകത്ത് ബഹുസ്വരതയുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അക്കാര്യം പറഞ്ഞത് ഇങ്ങനെയാണല്ലോ- അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ നിങ്ങളെ ഒറ്റ സമുദായമാക്കുമായിരുന്നു (5:48). അല്ലയോ മനുഷ്യരേ എന്ന അഭിസംബോധനയാണല്ലോ വിശുദ്ധഗ്രന്ഥത്തില്‍ നിന്ന് ഉയരുന്നത്. പ്രവാചക ചരിത്രം കമ്പോടു കമ്പ് പഠിക്കുന്ന ഒരാള്‍ക്ക് ബഹുസ്വരമായ ലോകത്ത് എങ്ങനെ ജീവിക്കണം, എങ്ങനെയെല്ലാം പെരുമാറണം എന്നതിന് അസംഖ്യം പെരുമാറ്റച്ചട്ടങ്ങള്‍ കാണാം. അക്കാര്യത്തില്‍ പ്രവാചക അനുയായികള്‍ പരാജയപ്പെട്ടിട്ടുണ്ടോ? തിരുദൂതരുടെ പ്രധാന അധ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ നിന്ന് അവര്‍ പിറകിലേക്ക് പോയിട്ടുണ്ടോ? അത്തരത്തില്‍ ഒരു പ്രതിസന്ധി തിരിച്ചറിയപ്പെടുന്നുണ്ടോ? സമകാലിക ലോകം ഇത്തരത്തിലുള്ള ഒരു ചോദ്യം അവശേഷിപ്പിക്കുന്നുണ്ട്, അതിനുള്ള ഉത്തരം തേടുന്നുമുണ്ട് എന്നത് വസ്തുതയാണ്.
പ്രവാചകന്‍ സമവായം, സന്ധികള്‍ എന്നിങ്ങനെ രണ്ട് പ്രധാന സങ്കല്‍പ്പങ്ങള്‍ മുന്നോട്ടുവെച്ചത് ബഹുസ്വരതയെ അഭിസംബോധന ചെയ്യാന്‍ വേണ്ടിയാണ്. വിശുദ്ധ കഅ്ബാലയം പുതുക്കി പണിയുമ്പോള്‍ ഹജറുല്‍ അസ്‌വദ് വെക്കാനുള്ള അവകാശത്തെച്ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ ആ കല്ല് പുതപ്പില്‍ വെച്ച് തര്‍ക്കമുണ്ടാക്കിയ ഓരോ വിഭാഗത്തിന്റെയും നേതാക്കളെക്കൊണ്ട് ഓരോ ഭാഗം പിടിപ്പിച്ച് പ്രശ്‌നം പരിഹരിച്ചത് ഓര്‍ക്കുക. അത് ലോകത്തെതന്നെ പുതുക്കിപ്പണിഞ്ഞ സന്ദര്‍ഭമായിരുന്നു. സമവായത്തിലൂടെ ചില സന്ദര്‍ഭങ്ങളില്‍ ലോകത്തെ മറ്റൊന്നാക്കാനാകും എന്നാണ് അതിലൂടെ നബി പഠിപ്പിച്ചത്.
അതുകൊണ്ടാണ് പ്രവാചകന്‍ മദീനയില്‍ പ്രവേശിച്ചപ്പോള്‍ അവിടെയുള്ള ജനങ്ങള്‍ ത്വലഅല്‍ ബദ്‌റു അലൈനാ (ഞങ്ങള്‍ക്ക് മീതെ പൂര്‍ണ ചന്ദ്രന്‍ ഉദിച്ചിരിക്കുന്നു) എന്ന് പാടിയത്. ആ പ്രവാചകനെ പിന്‍പറ്റിയവര്‍ക്ക് ബഹുസ്വര സമൂഹത്തില്‍ നിന്ന് ഓടിയൊളിക്കേണ്ടിവരുന്നുണ്ടെങ്കില്‍ അത് എന്തുകൊണ്ടാണ്? ജീവിക്കുന്ന സമൂഹത്തില്‍ പൂര്‍ണമായും വെളിപ്പെട്ടുകൊണ്ട്, അങ്ങേയറ്റം സുതാര്യമായിരിക്കാനാണല്ലോ പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നത്. മഴവില്‍ സമൂഹത്തില്‍ മാന്യമായി ജീവിക്കാനും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം