പ്രവാചക സ്‌നേഹത്തിന്റെ വ്യാപാരവത്കരണം
ഏകദൈവത്തിന്റെ അടിമത്തത്തിലേക്കും ആരാധനയിലേക്കും ധര്‍മശാസനങ്ങളിലേക്കും ജനങ്ങളെ ക്ഷണിച്ച പ്രവാചകവര്യന്മാരില്‍ മിക്കവരും കാലാന്തരത്തില്‍ ദൈവങ്ങളായി പരിവര്‍ത്തിപ്പിക്കപ്പെടുകയുണ്ടായി; പ്രതിമകളിലൂടെ, ചിത്രങ്ങളിലൂടെ, ഭൗതികാവശിഷ്ടങ്ങളിലൂടെ ആരാധനാ മൂര്‍ത്തികളായിത്തീര്‍ന്നു. അതോടെ അവര്‍ പ്രബോധനം ചെയ്ത ജീവിതാദര്‍ശങ്ങളും നീതിസാരങ്ങളും വിസ്മൃതമായി. പ്രതിമകളും ഇതിഹാസകഥകളും മാത്രമായി അവര്‍ ചുരുങ്ങി. ഈ കീഴ്‌വഴക്കത്തിന് ഒരപവാദമാണ് മുഹമ്മദ് നബി(സ). ലോകത്തെങ്ങും അദ്ദേഹത്തിന്റെ പ്രതിമയില്ല. ചിത്രവുമില്ല. ഭൗതികാവശിഷ്ടങ്ങളുമില്ല. എന്നിട്ടും ഇരുനൂറു കോടിയോളം വരുന്ന മുസ്‌ലിംകളുടെ ഹൃദയ സിംഹാസനത്തില്‍, അവര്‍ സ്വന്തം ജീവനേക്കാള്‍ സ്‌നേഹിക്കുന്ന നിത്യസാന്നിധ്യമായി അദ്ദേഹം പരിലസിക്കുന്നു. മറ്റൊരു വ്യത്യാസവും കൂടിയുണ്ട്. ദൈവങ്ങളാക്കപ്പെട്ട മഹാത്മാക്കളുടെ അനുയായികള്‍ ആചാര്യന്മാരുടെ പേരു കേള്‍ക്കുമ്പോള്‍ അവര്‍ക്ക് സ്തുതിയോതുന്നു. ആഗ്രഹങ്ങളും ആവശ്യങ്ങളും അവരോട് പ്രാര്‍ഥിക്കുന്നു. മുഹമ്മദ് നബിയുടെ പേരു കേള്‍ക്കുമ്പോള്‍ അനുയായികള്‍ അല്ലാഹുവിനെ സ്തുതിക്കുകയും അദ്ദേഹത്തിന് ശാന്തിയും സമാധാനവും അരുളേണമേ (സല്ലല്ലാഹു അലൈഹി വ സല്ലം) എന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയുമാണ് ചെയ്യുന്നത്. മനുഷ്യനെ -എത്ര മഹനീയനായാലും ശരി- ദൈവത്തിന്റെ സ്ഥാനത്തേക്കുയര്‍ത്തുകയോ ദൈവത്തെ മനുഷ്യനിലേക്ക് വെട്ടിച്ചുരുക്കുകയോ ചെയ്തുകൂടാ എന്ന ഇസ്‌ലാമിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണിതില്‍ പ്രതിഫലിക്കുന്നത്.
വിശ്വാസി, ഈ ലോകത്ത് മറ്റെന്തിനേക്കാളുമേറെ എന്നെ സ്‌നേഹിക്കുവോളം യഥാര്‍ഥ വിശ്വാസിയായിത്തീരുന്നില്ല എന്ന് പ്രവാചകന്‍ പ്രസ്താവിച്ചിട്ടുണ്ട്. പ്രവാചകന്‍ ആവശ്യപ്പെട്ടത് തന്റെ ഭൗതിക ശരീരത്തോടുള്ള സ്‌നേഹമാണോ? എങ്കില്‍ അദ്ദേഹം 1400 കൊല്ലങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയിരിക്കുന്നു. ആ ഭൗതിക ശരീരം ഇന്നീ ലോകത്തില്ല. ഇല്ലാത്ത ഒന്നിനെ സ്‌നേഹിക്കുന്നതു നിരര്‍ഥകമാണ്. മുഹമ്മദ് നബിയുടെ രൂപമാണ് സ്‌നേഹിക്കപ്പെടേണ്ടതെങ്കില്‍ അതിനുള്ള ഏറ്റം ഉചിതമായ മാര്‍ഗം അദ്ദേഹത്തിന്റെ പ്രതിമകള്‍ നിര്‍മിക്കപ്പെടുകയായിരുന്നു. അതാകട്ടെ, പിന്‍ഗാമികള്‍ക്ക് ആ വഴിക്ക് ചിന്തിക്കാനേ പഴുതില്ലാത്തവിധം അദ്ദേഹം ശക്തിയായി നിരോധിച്ചിരിക്കുന്നു. പിന്നെ പില്‍ക്കാലക്കാര്‍ക്ക് സ്‌നേഹിക്കാന്‍ ഭൗതികാവശിഷ്ടങ്ങളും അദ്ദേഹം ബാക്കിവെച്ചിട്ടില്ല. ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിനു ശേഷം ഖലീഫമാരായി വന്ന പ്രമുഖ ശിഷ്യന്മാരായ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി(റ) തുടങ്ങിയവര്‍ അവ ശേഖരിച്ച് മുസ്‌ലിം സമൂഹത്തിന്റെ പൊതുസ്വത്തായി സൂക്ഷിക്കുമായിരുന്നു. വിശ്വാസികളോടാവശ്യപ്പെട്ട സ്‌നേഹത്തിന്റെ യാഥാര്‍ഥ്യം പ്രവാചകന്‍ ഇങ്ങനെ വ്യക്തമാക്കിയിട്ടുണ്ട്: ''നിങ്ങളുടെ ഇഛ ഞാന്‍ പ്രബോധനം ചെയ്ത ആദര്‍ശങ്ങളെയും എന്റെ ജീവിതചര്യയെയും അനുധാവനം ചെയ്യുന്നതായിത്തീരാതെ നിങ്ങളിലാരും യഥാര്‍ഥ സത്യവിശ്വാസിയാകുന്നില്ല.'' ജീവിതത്തിന്റെ അവസാന നാളുകളില്‍ പ്രവാചകന്‍ ശിഷ്യന്മാരെ ഏല്‍പിച്ചത് മുടിയോ നഖമോ ആയിരുന്നില്ല. അദ്ദേഹം പറഞ്ഞു: ''ഞാന്‍ രണ്ട് കാര്യങ്ങള്‍ നിങ്ങളില്‍ അവശേഷിപ്പിക്കുന്നു. വിശുദ്ധ ഖുര്‍ആനും എന്റെ ജീവിതചര്യയുമാണത്. അവ മുറുകെപ്പിടിച്ച് മുന്നോട്ടുപോയാല്‍ വഴി പിഴക്കുകയില്ല.''
പ്രവാചക സ്‌നേഹം പ്രവാചകന്റെ സ്രഷ്ടാവായ അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ അനിവാര്യതയാണ്. ''വിശ്വാസികള്‍ ഏറ്റവുമധികം സ്‌നേഹിക്കുന്നത് അല്ലാഹുവിനെയാകുന്നു'' (ഖുര്‍ആന്‍ 2:165). വിശ്വാസികളെ അറിയിക്കാന്‍ പ്രവാചകനോട് അല്ലാഹു കല്‍പിക്കുന്നു: ''നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍'' (3:31). അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ സ്‌നേഹിക്കുവിന്‍ എന്നു പറയുന്നതിനു പകരം എന്നെ പിന്തുടരുവിന്‍ എന്നു പറഞ്ഞത് ശ്രദ്ധേയമാണ്. ''ദൈവദൂതനില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വിശിഷ്ടമായ മാതൃകയുണ്ട്'' (ഖുര്‍ആന്‍ 33:21) എന്നും പറഞ്ഞിരിക്കുന്നു.
ദൈവഭക്തി, സത്യസന്ധത, ധാര്‍മിക പ്രതിബദ്ധത, നീതിനിഷ്ഠ, മനുഷ്യ സ്‌നേഹം, ജീവകാരുണ്യം തുടങ്ങിയവയിലൊക്കെ പ്രവാചകന്‍ കാഴ്ചവെച്ച മഹിത മാതൃകകള്‍ ജീവിതത്തില്‍ പകര്‍ത്തുകയാണ് യഥാര്‍ഥ പ്രവാചക സ്‌നേഹം. ഈ സ്‌നേഹം, പ്രവാചകന്റേതെന്നാരോപിക്കപ്പെടുന്ന മുടിയോടും നഖത്തോടുമുള്ള ഭക്തിയായി മാറുമ്പോള്‍ പ്രവാചകന്‍ വിഗ്രഹവത്കരിക്കപ്പെടുകയാണ്. അവിടെ പ്രവാചകന്‍ പ്രബോധനം ചെയ്തതും സ്വജീവിതം കൊണ്ട് സാക്ഷാത്കരിച്ചതുമായ ആശയാദര്‍ശങ്ങള്‍ വിസ്മൃതമാകുന്നു. ഉദാത്തമായ ആദര്‍ശങ്ങളെയും പ്രമാണങ്ങളെയും ഉള്‍ക്കാമ്പ് ചോര്‍ത്തിക്കളഞ്ഞ്, ബഹുജനങ്ങളെ ആകര്‍ഷിക്കുന്ന വൈകാരിക ഉല്‍പന്നങ്ങളാക്കി വില്‍ക്കാനുള്ള എളുപ്പവിദ്യയാണ് വിഗ്രഹവത്കരണം; പ്രവാചകന്റെ വിഗ്രഹവത്കരണത്തെയും പ്രവാചക സ്‌നേഹത്തിന്റെ വ്യാപാരവത്കരണത്തെയുമാണ് മുടി പ്രതിഷ്ഠക്കു വേണ്ടിയുള്ള ആരാധനാലയങ്ങള്‍ പ്രതിനിധീകരിക്കുന്നത്.
Comments