Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 11

വിശ്വപ്രപഞ്ചത്തെ വായിച്ച വലിയ ജീവിതം

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

ദൂതന്‍, ദാസന്‍ എന്നിവയാണ് മഹാനായ മുഹമ്മദ് നബി അദ്ദേഹത്തിനു നല്‍കാന്‍ ഇഷ്ടപ്പെട്ടിരുന്ന വിശേഷണങ്ങള്‍. എന്നാല്‍ 'ദാസന്‍' എന്ന വിശേഷണത്തില്‍ 'ദൂതന്‍' എന്ന വിശേഷണത്താല്‍ ഉദ്ദേശിക്കപ്പെടുന്നതെല്ലാം ഉള്‍പ്പെടുന്നു എന്നാണ് ഈ ലേഖകന്‍ കരുതുന്നത്. എന്തെന്നാല്‍, ഭൂമിയിലെ രാജാക്കന്മാര്‍ പോലും അവരുടെ വിശ്വസ്തദാസന്മാരെ മാത്രമേ ദൂതന്മാരാക്കുക പതിവുള്ളൂ. ഈ നിലയില്‍ ചിന്തിക്കുമ്പോള്‍, മനുഷ്യ വിശ്വാസപ്രകാരം സര്‍വലോകങ്ങളുടെയും അധിപനായ ദൈവം അവിടുത്തെ വിശ്വസ്ത ദാസനല്ലാത്തൊരാളെ ഭൂമുഖത്ത് സ്വന്തം ദൂതനായി നിയോഗിക്കുമെന്നു കരുതുക വയ്യല്ലോ. അതിനാല്‍ മുഹമ്മദ് നബിയുടെ വ്യക്തിത്വത്തില്‍ ഉണ്ടായിരുന്ന അടിസ്ഥാനപരമായ ഗുണവിശേഷം ദൈവദാസത്വം എന്നതാണെന്നു പറയാം. നബിതന്നെ ഇക്കാര്യം ഒരിടത്ത് ഇങ്ങനെ പറഞ്ഞു കാണുന്നു: "ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിനെ അതിരുകവിഞ്ഞു പ്രശംസിക്കുന്നതുപോലെ നിങ്ങളെന്നെ പ്രശംസിക്കരുത്. ഞാന്‍ അല്ലാഹുവിന്റെ ഒരു ദാസന്‍ മാത്രം. അതിനാല്‍ എന്നെപ്പറ്റി അല്ലാഹുവിന്റെ ദാസന്‍, ദൂതന്‍ എന്നുമാത്രം പറഞ്ഞാല്‍ മതി'' (മുഹമ്മദ് നബി 101 കഥകള്‍- മുഹമ്മദ് ശമീം ഉമരി- പേജ് 96). അതുകൊണ്ട് മുഹമ്മദ് നബിയുടെ ജീവിത സന്ദേശം ലോകസമക്ഷം വിളംബരം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും നബിയുടെ ദൈവദാസന്‍ എന്ന വിനയത്തിന്റെ പരമോന്നത ഭാവത്തെ പരമാവധി ഉള്‍ക്കൊള്ളാന്‍ മറ്റെന്തിനേക്കാളും ഉപരി സൂക്ഷ്മത കാണിക്കണം.
ഒരു യഥാര്‍ഥ ദാസന്‍, യജമാനന്‍ തന്നെ ചുമതലപ്പെടുത്തിയ ഏതൊരു ദൌത്യമുണ്ടോ, അതിനുവേണ്ടി മാത്രം ജീവിക്കുന്നവനായിരിക്കും. പ്രസ്തുത ദൌത്യത്തിനു തടസ്സം നില്‍ക്കുന്ന ഏതൊരു ശക്തിയെയും സ്വന്തം ജീവന്‍ നല്‍കിയും ചെറുക്കുന്നവനുമായിരിക്കും. ദൌത്യം തടസ്സപ്പെടുന്നതിനേക്കാള്‍ ഒരു യഥാര്‍ഥ ദാസന് അഭിലഷണീയമായി തോന്നുക സ്വയം ഇല്ലാതാവലായിരിക്കും!
അല്ലാഹു എന്ന യജമാനന്റെ മാത്രം യഥാര്‍ഥ ദാസനായിരുന്നു മുഹമ്മദ് നബി. തന്നെ അല്ലാഹു ചുമതലപ്പെടുത്തിയ പ്രബോധന ദൌത്യത്തിനു തടസ്സം നിന്ന ശക്തികളോടെല്ലാം നബി പോരാടി. ഇതിനെയാണു 'ജിഹാദ്' എന്നും 'യുദ്ധക്കൊതി'യെന്നും 'വിട്ടുവീഴ്ച ഇല്ലായ്മ'യെന്നും ഒക്കെ അപൂര്‍വമായി പ്രശംസാരൂപേണയും മിക്കവാറും നിന്ദാരൂപേണയും ഇപ്പോഴും ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഇസ്ലാം യുദ്ധക്കൊതിയുടെയും വിട്ടുവീഴ്ചയില്ലായ്മയുടെയും മതമാണെന്നു ഇന്ത്യാരാജ്യത്ത് ആക്രോശിക്കുന്ന ഭാഷയില്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്, ബജ്റംഗ്ദള്‍ രൂപവത്കരിച്ച ആര്‍.എസ്.എസ്സുകാരാണ്. വജ്രത്തെപ്പോലെ ദാര്‍ഢ്യമുള്ള അംഗങ്ങളോടു കൂടിയവനായി രാമായണേതിഹാസം അവതരിപ്പിക്കുന്ന ഹനുമാന്റെ വ്യക്തിത്വത്തെ അവലംബിച്ചാണ്, ബജ്റംഗ്ദള്‍ എന്ന പേരുപോലും രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിനര്‍ഥം ആര്‍.എസ്.എസ്സുകാര്‍ ഹനുമാനെ അംഗീകരിക്കുന്നു എന്നാണ്. എന്നാല്‍, നാമമാത്രമായിട്ടല്ലാതെ തത്ത്വത്തില്‍ ഹനുമത്വ്യക്തിത്വത്തെ അംഗീകരിക്കുന്ന ഒരൊറ്റ ഇന്ത്യക്കാരനും മുഹമ്മദ് നബിയെ അംഗീകരിക്കാതിരിക്കാനാവില്ല. എന്തുകൊണ്ടെന്നാല്‍, ഈശ്വരന്റെ മാത്രം ദാസനാണ് താനെന്ന ഉറച്ച ബോധ്യത്തോടെ ജീവിച്ച ഐതിഹാസിക വ്യക്തിത്വമാണ് വാല്‍മീകി രാമായണത്തിലെ ഹനുമാന്‍! ഹനുമാനാണ് ഇന്ത്യയിലെ ദാസ്യഭക്തിയുടെ മഹാമാതൃക. മുഹമ്മദ് നബിയാകട്ടെ, താന്‍ ദൈവത്തിന്റെ മാത്രം ദാസനാണെന്ന ഉറച്ച ബോധ്യത്തോടെ ജീവിച്ച ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരേയൊരു മാതൃകയുമാണ്. ശ്രീരാമന്‍ തന്നെ ഏല്‍പിച്ച ദൌത്യത്തെ തടസ്സപ്പെടുത്തുന്ന യാതൊന്നിനേയും- അതു സൌഹൃദത്തിന്റെ സത്ക്കാരങ്ങളായാലും ശത്രു സൈന്യത്തിന്റെ ചെറുത്തു നില്‍പായാലും ഹനുമാന്‍ തരിമ്പും വകവെച്ചിട്ടില്ല. കോദണ്ഡപാണിയായ ശ്രീരാമദേവനെയല്ലാതെ മറ്റൊരു ദൈവത്തെയും വണങ്ങില്ല എന്ന ഉറച്ചനിഷ്ഠ ഉണ്ടായിരുന്ന ഹനുമാന്‍ ശ്രീകൃഷ്ണനെപ്പോലും വണങ്ങുവാന്‍ കൂട്ടാക്കുന്നില്ലെന്നും ഇന്ത്യന്‍ പുരാണങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ഇതൊക്കെ ഹനുമത് ഭക്തിയുടെ മാഹാത്മ്യമായി കാണാന്‍ കഴിയുന്നവര്‍ക്ക്, അല്ലാഹുവെ ഒഴിച്ച് മറ്റൊന്നിനെയും വണങ്ങാത്ത സമര്‍പ്പണ നിഷ്ഠയില്‍ ഉറച്ചുനിന്ന് മുഹമ്മദ് നബി, അല്ലാഹു തന്നെ ഏല്‍പിച്ച ദൌത്യത്തെ തടസ്സപ്പെടുത്താന്‍ പണവും പദവിയും വാഗ്ദാനം ചെയ്തവരെയും, പടക്കോപ്പണിഞ്ഞു പടപൊരുതാനെത്തിയവരെയും, തരിമ്പും കൂസാതെ തന്റെ ദൌത്യ നിര്‍വഹണം ചെയ്തതിനെ മാനിക്കാനാകാതെ വരുന്നത് യഥാര്‍ഥത്തില്‍ ഹനുമത് ഭക്തിയെന്തെന്നു തിരിച്ചറിയാത്തതു കൊണ്ടാണ്.
ഏല്‍പിക്കപ്പെട്ട ദൌത്യത്തിന്റെ നിര്‍വഹണത്തിനപ്പുറം ലവലേശം ജീവിതം ഇല്ലാത്ത അവസ്ഥയാണു ഇന്ത്യന്‍ ശൈലിയില്‍ പറഞ്ഞാല്‍ ഹനുമത് ഭക്തി. മുഹമ്മദ് നബിയോളം ദൌത്യനിഷ്ഠ ഉണ്ടായിരുന്ന ഒരു വ്യക്തി ചരിത്രത്തില്‍ സംഭവിച്ചിട്ടില്ല. മുഹമ്മദ് നബിക്ക് അല്ലാഹു ഏല്‍പിച്ച ദൌത്യത്തില്‍ നിന്നു ലവലേശം വേര്‍പ്പെട്ടൊരു ജീവിതം സാധ്യമായിരുന്നില്ല. രാമനേല്‍പിച്ച ദൌത്യത്തില്‍നിന്നു ഞൊടിയിട വിട്ടുനില്‍ക്കാനുള്ള വിട്ടുവീഴ്ച ഹനുമാന്‍ കാണിച്ചിട്ടില്ലല്ലോ. ഇതില്‍ കൂടുതല്‍ എന്തു വിട്ടുവീഴ്ച ഇല്ലായ്മയാണു മുഹമ്മദ് നബിയുടെ ദൌത്യ നിര്‍വഹണത്തിലുള്ളതെന്നു ആര്‍.എസ്.എസ്സുകാര്‍ ചൂണ്ടിക്കാണിക്കുന്നതു നന്നായിരിക്കും. എന്തായാലും, ഹനുമത് ഭക്തിയോടുള്ള ഹൃദയബന്ധമാണ്, അല്ലാഹുവിങ്കല്‍ സമ്പൂര്‍ണം സമര്‍പ്പണം ചെയ്ത മുഹമ്മദ് നബി എന്ന ദൈവദാസന്റെ ജീവിതമാഹാത്മ്യം രുചിച്ചറിയാനുള്ള രാസഗ്രന്ഥികള്‍ എന്നില്‍ രൂപപ്പെടുത്തിയതെന്ന വസ്തുത അങ്ങേയറ്റത്തെ വിനയത്തോടെയും എല്ലുറപ്പുള്ള ധൈര്യത്തോടെയും ഇവിടെ വെളിപ്പെടുത്തിക്കൊള്ളുന്നു.
ഇന്ത്യയില്‍ ദാസത്വം എന്നതിനു ശൂദ്രത്വം എന്നാണര്‍ഥം. അതിനാല്‍ തന്നെ ദൈവദാസനായ മുഹമ്മദ് നബിയാല്‍ പ്രബോധനം ചെയ്യപ്പെട്ട 'ഇസ്ലാം' ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ശൂദ്രന്മാരെ എന്നതിനോളം ന്യൂനപക്ഷമായ ബ്രാഹ്മണരെ ആകര്‍ഷിച്ചു എന്നു പൊതുവെ പറഞ്ഞുകൂടാ. കാരണം, കാലാകാലങ്ങളായി പരിശീലിച്ചുറച്ചുപോയ ബ്രാഹ്മണരുടെ മേല്‍ക്കോയ്മാപരമായ മനോഘടനക്ക് അഥവാ തമ്പ്രാനിസത്തിന് തീര്‍ത്തും വിരുദ്ധമായിരുന്നു 'ദൈവദാസത്വ'മെന്ന അടിസ്ഥാനപരമായ ഇസ്ലാമിക ഭാവം! എന്തെന്നാല്‍, ബ്രാഹ്മണര്‍ സ്വയം വിശ്വസിച്ചിരുന്നത്, വിരാഡ്രുപിയായ ദൈവപുരുഷന്റെ മുഖത്തു നിന്ന് ഉത്ഭവിച്ചവരാണെന്നാണ്! മുഖം ഉയര്‍ത്തിപ്പിടിക്കാനുള്ളതാണ്. അതിനാല്‍ 'ബ്രഹ്മമുഖ'ത്തുനിന്നുണ്ടായവരെന്നു സ്വയം കരുതുന്ന ബ്രാഹ്മണരും എല്ലായ്പ്പോഴും സമൂഹ സംവിധാനത്തില്‍ ഉയര്‍ന്നു മാത്രം നില്‍ക്കാന്‍ ആഗ്രഹിച്ചു. അതുകൊണ്ട് ബഹുജനങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങള്‍ പോലും ബ്രാഹ്മണരുടെ പുത്രന്മാരെന്ന നിലയിലാണ് അവതരിപ്പിക്കപ്പെട്ടത്. തന്ത്രിയുടെ മകനോ/മകളോ ആണു ദേവതകള്‍ എന്നാണവര്‍ പറയുക പതിവ്! ഇങ്ങനെ ദൈവങ്ങളുടെയും അവരെ ആരാധിക്കുന്നവരുടെയും യജമാനന്മാരായി ജീവിച്ചു ശീലിച്ച ബ്രാഹ്മണര്‍ക്ക് ദൈവദാസന്റെ മതപ്രബോധനം 'മ്ളേച്ഛ'മെന്നു തോന്നിയത് സ്വാഭാവികം! എന്നാല്‍ ദൈവത്തിന്റെ പാദങ്ങളില്‍നിന്ന് ഉത്ഭവിച്ചവരെന്ന നിലയില്‍ വ്യവസ്ഥീകരിക്കപ്പെട്ടിരുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷം ശൂദ്രജനങ്ങള്‍ക്കും ദൈവദാസന്റെ മതം സ്വന്തം മതം പോലെയാണ് അനുഭവപ്പെട്ടിരുന്നത്. ഇന്ത്യയില്‍ ഇത്രയേറെ മുസ്ലിംകള്‍ ഉണ്ടായതിന്റെ മനഃശാസ്ത്രപരമായൊരു കാരണം ഇതാണ്.
ഇസ്ലാം ഇന്ത്യന്‍ ശൂദ്രന്മാര്‍ക്ക് വിമോചനത്തിന്റെ വഴിയായിരുന്നു; എന്നാലത് ഇന്ത്യയുടെ യജമാനന്മാരായ ബ്രാഹ്മണര്‍ക്ക് അങ്ങേയറ്റം അരോചകവുമായിരുന്നു. സ്വന്തം യജമാനത്വം നിലനിര്‍ത്താന്‍ ശൂദ്രന്മാര്‍ ശൂദ്രന്മാരായി തന്നെ തുടരേണ്ടത് അവരുടെ ആവശ്യമായിരുന്നു. ഇസ്ലാം മനുഷ്യരില്‍ ചിലരെ മനുഷ്യരില്‍ ചിലരുടെ ശൂദ്രനായിരിക്കുന്നതില്‍- ദാസനായിരിക്കുന്നതില്‍- നിന്നു തടയുകയും ദൈവത്തിന്റെ മാത്രം ദാസനായിരിക്കുന്നതിനു പ്രചോദിപ്പിക്കുകയുമാണല്ലോ ചെയ്യുന്നത്. ഈ അര്‍ഥത്തിലാണ് ഇസ്ലാം അബ്രഹാം ലിങ്കണ്‍ നിര്‍വഹിച്ചതിനേക്കാള്‍ മഹത്തരമായ ആഗോള അടിമത്ത വിമോചന പ്രസ്ഥാനം ആയിരിക്കുന്നത്. എന്തായാലും ശൂദ്രാദി ബഹുഭൂരിപക്ഷ ജനതയെ അടിമത്തത്തില്‍ നിലനിര്‍ത്തി സ്വന്തം യജമാനത്വം പരിരക്ഷിച്ചു വന്നിരുന്ന ബ്രാഹ്മണര്‍ക്ക് ഇസ്ലാം ശത്രുവായി തോന്നി. ആ ശത്രുതയുടെ സ്വാതന്ത്യ്രസമരക്കാല പ്രതിരൂപമായിരുന്നു മഹാരാഷ്ട്രയിലെ ചിത്പാവന്‍ ബ്രാഹ്മണ സമുദായാംഗമായ നാഥുറാം വിനായക് ഗോഡ്സെ! മുസ്ലിംകളെ ശത്രുക്കളായി കണ്ടിരുന്നില്ല എന്ന ഒറ്റക്കാരണത്താലാണ് ഗോഡ്സെ മഹാത്മാഗാന്ധിക്കെതിരെ തിരിഞ്ഞത്.
മുഹമ്മദ് നബി പ്രബോധന ദൌത്യത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പും ഏര്‍പ്പെട്ടതിനു ശേഷവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ ശത്രുക്കള്‍ക്കുപോലും മതിപ്പുണ്ടായിരുന്ന ഒരു ഗുണവിശേഷം ഉണ്ടായിരുന്നു. വിശ്വസ്തത എന്നതായിരുന്നു അത്. നബി ഒരാളെപ്പോലും വഞ്ചിച്ചിട്ടില്ല. എന്നിട്ടും മുഹമ്മദ് നബി പ്രബോധന ദൌത്യവുമായി സ്വന്തം ദേശക്കാര്‍ക്കിടയില്‍ ഇറങ്ങിയപ്പോള്‍ മിക്കവരും ചോദിച്ചത് 'നിങ്ങള്‍ അല്ലാഹുവിന്റെ ദൂതനാണെന്നതിനു സാക്ഷ്യം എന്ത്' എന്നായിരുന്നു. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നവര്‍ പ്രവാചകത്വത്തിന് ആധാരമായി കണ്ടിരുന്നത് മൂകനെ വാചാലനാക്കുകയും, കുരുടനു കാഴ്ച നല്‍കുകയും, മന്ത്രം ചൊല്ലി ആകാശത്തുനിന്നു സ്വര്‍ണ നെല്ലിക്ക പൊഴിപ്പിക്കുകയും മറ്റും ഉള്‍പ്പെട്ട അത്ഭുത പ്രവര്‍ത്തനങ്ങളായിരുന്നു. ഇത്തരം അത്ഭുത പ്രവര്‍ത്തനങ്ങളൊന്നും നബി ചെയ്തിരുന്നില്ല. എന്നാല്‍ ഇതിനേക്കാളെല്ലാം വലിയൊരു അത്ഭുതം നബിയുടെ പ്രവാചകത്വ നിയോഗത്തില്‍ നിലീനമായിരുന്നു. ഒരു നിരക്ഷരനിലൂടെ വേദം വെളിവാക്കപ്പെട്ടു എന്നതായിരുന്നു അത്. അനേകം പണ്ഡിതന്മാര്‍ പലരീതിയില്‍ വ്യാഖ്യാനിച്ചു വരുന്ന വിശുദ്ധ ഖുര്‍ആന്‍ വെളിപ്പെടുത്തപ്പെട്ടതും, അതാദ്യം വായിച്ചതും ഓതിയതും, സാങ്കേതികമായ അര്‍ഥത്തില്‍ അക്ഷരജ്ഞാനമില്ലാത്ത മുഹമ്മദ് നബിയിലൂടെയാണെന്നതില്‍ പരം അത്ഭുതം മറ്റെന്തുണ്ട്...? ഇതില്‍ അത്ഭുതം മാത്രമല്ല ലോക ചരിത്രത്തെ തന്നെ ഇളക്കിമറിച്ച ഒരു വിപ്ളവദര്‍ശനവും പ്രയോഗവും അടങ്ങിയിട്ടുണ്ട്. അതിങ്ങനെ വിശദീകരിക്കാം.
വിദ്യയുള്ളവര്‍ക്കാണ് അധികാരം. വിദ്യയില്ലാത്തവര്‍ പശു സമാനം അടിമകളാണ്. ഇതുകൊണ്ടു തന്നെ ലോകത്തു നിലനിന്നിരുന്ന മിക്കവാറും സാമൂഹിക വ്യവസ്ഥകളില്‍, വിദ്യയുള്ളവര്‍ അത് തങ്ങളുടെ രക്തബന്ധുക്കള്‍ക്ക് മാത്രം പകര്‍ന്നു നല്‍കുകയും പുറത്തുള്ള ബഹുഭൂരിപക്ഷത്തിനു വിദ്യ പകരാതിരിക്കുകയും ചെയ്യുന്ന രീതി പ്രബലമായിരുന്നു. ഇതിനെയാണു മുഹമ്മദിന്റെ നബിചര്യ അട്ടിമറിച്ചത്. സ്വയം വിദ്യാവിഹീനനായിരുന്ന അദ്ദേഹത്തിലൂടെ പുറപ്പെട്ട വേദം വിദ്യയുള്ളവരാല്‍ ഭരിതമായിരുന്ന നിരവധി സാമ്രാജ്യങ്ങളുടെ തലവരയും അടിത്തറയും മാറ്റിമറിച്ചു. സര്‍വകലാശാലകളിലെ പുസ്തകപ്പുരകളില്‍ അടയിരിക്കുന്ന ബുദ്ധിജീവികളില്‍നിന്നു മാത്രമല്ല, ലോകത്തെ മാറ്റിമറിക്കാന്‍ പ്രാപ്തമായ ഒരു ആദര്‍ശസംഹിതയും പ്രയോഗവ്യവസ്ഥയും ലോകത്തിനു കിട്ടുക എന്നു തെളിയിച്ചു എന്നതാണ് മുഹമ്മദിന്റെ ജീവിതം വെളിവാക്കുന്ന അനിതര സാധാരണമായ പ്രത്യേകത!
മുഹമ്മദ്നബി മാനവീയമായ ഏതെങ്കിലുമൊരു പ്രത്യേക ദേശത്തെ സാമ്പത്തിക- രാഷ്ട്രീയ വ്യവസ്ഥയുടെ മാത്രം സന്തതിയല്ല. മറിച്ച്, അദ്ദേഹത്തിന്റെ പ്രതിഭക്ക് വിശ്വപ്രപഞ്ച വ്യവസ്ഥക്ക് കാരണമായ സര്‍വസാധ്യതകളുടേതായൊരു സ്രോതസ്സിനോട് ബന്ധമുണ്ട്. ഇത്തരമൊരു ബന്ധം തീര്‍ത്തും നിഷേധിക്കുന്ന പക്ഷം നിരക്ഷരനും അതിനാല്‍ ലോകദൃഷ്ട്യാ പാമരനുമായിരുന്ന അദ്ദേഹത്തിലൂടെ എങ്ങനെ പണ്ഡിതന്മാരെപ്പോലും വിസ്മയസ്തബ്ധരാക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വായിക്കപ്പെട്ടു എന്നതിനു വിശദീകരണം കണ്ടെത്തുവാനാകില്ല. നിരക്ഷരരും, വ്യാപാരം ചെയ്യുന്നവരും, ദൈവവിശ്വാസമുള്ളവരുമായ നിരവധി ആളുകള്‍ മുഹമ്മദ് ജീവിച്ച അതേ വ്യവസ്ഥിതിയില്‍ ജീവിച്ചിരുന്നു. ചുറ്റുപാടുകളാണ് അഥവാ ജീവിത വ്യവസ്ഥിതിയാണ് മനുഷ്യരിലൂടെ പുറപ്പെടുന്ന ആശയങ്ങളുടെയെല്ലാം ഒരേയൊരു കാരണമെങ്കില്‍ മുഹമ്മദ് നബിയോടൊപ്പം ജീവിച്ചിരുന്ന സകല നിരക്ഷരരും വിശുദ്ധ ഖുര്‍ആനില്‍ പറയപ്പെടുന്ന കാര്യങ്ങള്‍ പറയുവാന്‍ പ്രാപ്തരാകേണ്ടിയിരുന്നു. എന്തുകൊണ്ടത് സംഭവിച്ചില്ല? ഈ ചോദ്യത്തെ സൂക്ഷ്മബുദ്ധിയോടെ അഭിമുഖീകരിച്ച് അനുധാവനം ചെയ്യുമ്പോഴാണ് വെറും വ്യവസ്ഥിതി മാത്രമല്ല മനുഷ്യ പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരേയൊരു കാരണം എന്നു പറയാന്‍ കഴിയും വിധം ചിന്ത ചലനാത്മകമാവൂ. തീര്‍ച്ചയായും ഏതൊരു പ്രാണിയെപ്പോലെ തന്നെ മനുഷ്യനും ദേശ-കാല വ്യവസ്ഥക്ക് അതീതനല്ല; എന്നാല്‍ അതോടൊപ്പം ഭൂമിയുടെ ദേശ-കാല വ്യവസ്ഥകള്‍ക്കും ആധാരമായ വിശ്വപ്രപഞ്ച വ്യവസ്ഥക്ക് ഏതൊരു മനുഷ്യനും തീര്‍ത്തും അധീനനാണ്' - 'ദൈവാധീനമിദം സര്‍വ്വം' എന്നതിന്റെ താല്‍പര്യം ഇതാണ്. നമ്മള്‍ ഒരു കപ്പലിനകത്താണെന്നതുകൊണ്ട് കപ്പല്‍ മാത്രമാണ് നമ്മുടെ ജീവിതത്തെ നിര്‍ണയിക്കുന്ന ഒരേയൊരു ഘടകം എന്നു വാദിക്കുന്നതിലെ അസംബന്ധം വ്യവസ്ഥിതി മാത്രമാണ് മുഹമ്മദ് നബിയെപ്പോലുള്ള വിശ്വമഹാപ്രതിഭകളുടെ ജീവിതത്തെ നിര്‍ണയിക്കുന്നതെന്നു ശഠിക്കുന്നതിലും ഉണ്ട്. ഭൌമിക വ്യവസ്ഥിതികള്‍ക്കപ്പുറം വിശ്വമഹാപ്രപഞ്ചവ്യവസ്ഥക്ക് മനുഷ്യജീവിതത്തിലുള്ള പ്രഭാവത്തെ ഓര്‍മിക്കാന്‍ വഴിവെക്കുന്നു എന്നതാണ് നബിയുടെ ജീവിതം നല്‍കുന്ന സംഭാവന. ആ വലിയ ജീവിതം വലുതായ വിശ്വപ്രപഞ്ച വ്യവസ്ഥപോലെ തന്നെ വിശ്വവിശാലവും മതാതീതവുമാണ്. അഥവാ വിശ്വപ്രപഞ്ച വ്യവസ്ഥ കൂടാതെ ഭൂമിയില്‍ മതസഹിതരായിരിക്കാനോ മതരഹിതരായിരിക്കാനോ ആര്‍ക്കും കഴിയില്ല എന്നു എല്ലാവരെയും ഓര്‍മിപ്പിക്കുന്നതാണ്. അതിനെ നമസ്കാര ബുദ്ധിയോടെയല്ലാതെ അനുസ്മരിക്കാനാവില്ല.

[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം