അന്നത്തേയും എന്നത്തേയും ജനകോടികളുടെ നേതാവ്

വളരെ ചുരുങ്ങിയ കാലത്തെ പരിചയമേ മുഹമ്മദ് നബിയുമായി എനിക്കുള്ളൂ. കഷ്ടിച്ച് പന്ത്രണ്ടു കൊല്ലത്തോളം. എങ്കിലും പരിശുദ്ധ ഖുര്‍ആനില്‍ക്കൂടി കണ്ടതും കിട്ടിയതും ആയതിനാല്‍ സത്യസന്ധവും ആധികാരികവും എന്ന പ്രത്യേകത അതിനുണ്ട്. ഭാവി ജീവിതത്തിന്റെ അടിസ്ഥാന മൂല്യമായി നിലനിറുത്തണമെന്ന ലക്ഷ്യബോധത്തോടെ ആത്മാര്‍ഥമായ പ്രാര്‍ഥനാപൂര്‍വം നടത്തിയ അന്വേഷണങ്ങളും പരിശോധനകളും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്ന് വിശ്വസിക്കുന്നതോടൊപ്പം ഇനിയും അതേ സഹായത്താല്‍ മുന്നോട്ടു തന്നെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.
രാജ്യത്തിന്റെയോ, രാജാവിന്റെയോ പ്രതിനിധിക്കുള്ള പദവി എന്തെന്നും എത്രയെന്നും നമുക്കറിയാം. എന്നാല്‍ എല്ലാ അധികാരങ്ങളുടെയും അവകാശങ്ങളുടെയും അധിപതിയായ അല്ലാഹുവിന്റെ പ്രതിനിധിയും വക്താവുമായ പ്രവാചകന് ദൈവം നല്‍കിയിട്ടുള്ള സ്ഥാനത്തിന്റെ മഹത്വവും മാഹാത്മ്യവും വേണ്ടത്ര മനസ്സിലാക്കുന്നതില്‍ തല്‍പരരല്ല നമ്മളാരും.
പള്ളിയിലായാലും വീട്ടിലായാലും ദിവസത്തില്‍ അനേക പ്രാവശ്യം ഓരോ മുസ്ലിമും ആവര്‍ത്തിക്കുന്നതാണ് ഇസ്ലാമിലെ ഏറ്റവും പ്രധാനമായ ഈ ആദര്‍ശവാക്യം.
"ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹ്.''
അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹനായി വേറെ ആരുമില്ല- മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്. മുഹമ്മദ് നബി ആരാണെന്ന് വളരെ വ്യക്തമായി ലോകത്തിനു മുമ്പില്‍ വിളിച്ചു പറയുകയാണ് ഹ്രസ്വമായ ഈ വാക്യം.
പ്രപഞ്ചത്തിന്റെയും അതിലെ ജീവനുള്ളതോ ഇല്ലാത്തതോ ആയ സകല വസ്തുക്കളുടെയും സ്രഷ്ടാവ് അല്ലാഹുവാണെന്നും ജീവനും മരണവും തരുന്നതും ജീവജാലങ്ങളുടെ പരിപാലനം നടത്തുന്നതും അവനാണെന്നും ആരാധനക്ക് അര്‍ഹനായി ആ അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ് ആ ദൈവത്തിന്റെ ദൂതനാണ് എന്നുമാണ് ആ വാക്യം നടത്തുന്ന പ്രഖ്യാപനം.
ദൈവത്തിന്റെ ദൂതന്‍ എന്ന നിലയില്‍ മുഹമ്മദിന് ദൈവസമക്ഷമുള്ള ഉന്നതസ്ഥാനവും പദവിയും വിവരിക്കുക എളുപ്പമല്ല.
ആ ഉന്നത പദവി അല്ലാഹുവിനു സ്വീകാര്യമായവിധം ഏറ്റവും നന്നായും സ്തുത്യര്‍ഹമായും നിര്‍വഹിച്ച് മുഹമ്മദിന് പ്രത്യേകമായ ചില ആനുകൂല്യങ്ങളും അനുഗ്രഹങ്ങളും അനുവദിച്ചുകൊടുത്തതായി ഖുര്‍ആനില്‍ക്കൂടി അല്ലാഹു അറിയിക്കുന്നുണ്ട്. മുഹമ്മദിനെ പിന്‍പറ്റുന്നവരെയും അല്ലാഹു ആ ആനുകൂല്യത്തിന് അര്‍ഹരാക്കിയിരിക്കുന്നു. അല്ലാഹു പറഞ്ഞത് ഇങ്ങനെ:
"സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും മുഹമ്മദിന് അവതീര്‍ണമായതില്‍, അഥവാ, തങ്ങളുടെ നാഥനില്‍ നിന്നുള്ള പരമസത്യത്തില്‍ വിശ്വസിക്കുകയും ചെയ്തവരുടെ തിന്മകളെ അല്ലാഹു തേച്ചുമായ്ച്ചു കളഞ്ഞിരിക്കുന്നു. അവരുടെ സ്ഥിതി മെച്ചപ്പെടുത്തിയിരിക്കുന്നു'' (47:2).
ആ വചനം വായിക്കുമ്പോള്‍ അല്ലാഹുവിലും പ്രവാചകനിലും വിശ്വസിക്കുന്ന ആളെന്ന നിലയില്‍ ഈ അടിമക്കും പാപമോചനം നല്‍കി അനുഗ്രഹിക്കണമേ എന്നാണ് എന്റെ യാചന.
അതിമഹത്തായ ഒരു രാത്രിയില്‍ അല്ലാഹുവിന്റെ ദൂതന്മാരില്‍ പ്രമുഖനായ ജിബ്രീല്‍ എന്ന ഗബ്രിയേല്‍ മാലാഖ ആകാശചക്രവാളത്തില്‍ രണ്ട് അമ്പെയ്ത്ത് ദൂരത്തില്‍നിന്ന് നബിയെ ഓതിക്കേള്‍പ്പിച്ച് പഠിപ്പിച്ചതാണ് വിശുദ്ധ ഖുര്‍ആന്‍ എന്നും 23 കൊല്ലം കൊണ്ടാണ് അത് പൂര്‍ത്തിയായതെന്നും പറയുമ്പോള്‍ യാതൊരു സംശയവും കൂടാതെ ഞാനത് വിശ്വസിക്കുന്നു. അതിലെ ഓരോ സൂക്തവും അല്ലാഹുവില്‍നിന്ന് എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുമ്പോള്‍ അതിലുമില്ല എനിക്ക് അല്‍പവും അവിശ്വാസം.
മുഹമ്മദ് നബിയുടെ സ്വന്തമായി ആ ഗ്രന്ഥത്തില്‍ യാതൊന്നുമില്ലെന്നും അല്ലാഹുവിന്റേതല്ലാത്ത ഒരൊറ്റ സൂക്തം പോലും അതില്‍ കാണാന്‍ കഴിയുന്നതല്ലെന്നും ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുമ്പോള്‍ അതില്‍ അവിശ്വസിക്കേണ്ടതായി എന്തെങ്കിലുമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. മാത്രമല്ല തൌറാത്ത്, ഇഞ്ചീല്‍(ബൈബിള്‍ പഴയതും പുതിയതുമായ നിയമങ്ങള്‍) തുടങ്ങിയ ദൈവിക ഗ്രന്ഥങ്ങളുമായുള്ള ഒത്തുനോട്ടങ്ങളിലും താരതമ്യ പരിശോധനകളിലും അസാമാന്യമായ യോജിപ്പല്ലാതെ വൈരുധ്യങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന വസ്തുതകളും അവയുടെ ഉറവിടം ദൈവികം തന്നെ എന്ന യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ഞാന്‍ മനസ്സിലാക്കി.
മുഹമ്മദ് നബിയുടെ ആഗമനത്തെപ്പറ്റി മൂസാനബിയും(മോസസ്) യേശുവും മുന്‍കൂട്ടിപ്പറഞ്ഞ ബൈബിള്‍ ഭാഗങ്ങളിലെ പ്രസ്താവനകള്‍ മുഹമ്മദ് നബിയെ സംബന്ധിച്ചു മാത്രം പൂര്‍ണമായി യോജിക്കുന്നതും മറ്റാരെ സംബന്ധിച്ചും യോജിക്കാത്തതാണെന്നും എനിക്കു ബോധ്യപ്പെട്ടിട്ടുണ്ട്.
പൂര്‍വ പിതാവായ അബ്രഹാം എന്ന ഇബ്റാഹീം നബിയുടെ മതമായിരുന്നു ഇസ്ലാം. എല്ലാ മനുഷ്യര്‍ക്കും വേണ്ടി ദൈവം തന്നെ നിശ്ചയിച്ചതും തീരുമാനിച്ചതുമാണ് ആ മതം. അല്ലാഹുവാണ് അതിന് ഇസ്ലാം എന്ന് പേരു നല്‍കിയതും. ദൈവകല്‍പനകള്‍ അനുസരിച്ചും ദൈവത്തിന് പൂര്‍ണമായി കീഴ്പ്പെട്ടും നന്മ ചെയ്തു ജീവിക്കലാണ് ഇസ്ലാമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഇസ്ലാം എന്ന വാക്കിന് സമാധാനം എന്നുമുണ്ട് അര്‍ഥം. ജാതിയോ, മതമോ സൂചിപ്പിക്കുന്ന പേരല്ല ഇസ്ലാം. മറിച്ച് ഒരു ഉത്തമസമുദായത്തിനു യോജിച്ച ഉന്നത നിലവാരവും മികച്ച സാമൂഹിക, സാംസ്കാരിക, നിയമസംഹിതകളുമുള്ള ഒരു ജീവിത വ്യവസ്ഥിതിയും ആണ് അത് വിഭാവനം ചെയ്യുന്നത്.
ഇസ്ലാം എന്ന പദത്തിന്റെ സമാധാനമെന്ന അര്‍ഥ സൂചന തികച്ചും അന്വര്‍ഥമാണെന്നുള്ളതിന് എന്റെ സമീപകാല ജീവിതാനുഭവം തന്നെ സാക്ഷി.
ഇസ്ലാമിലെ പ്രമുഖ പ്രവാചകന്മാരായ നോഹ്, ഇബ്റാഹീം, മൂസ(മോസസ്), യേശു തുടങ്ങിയ പരമ്പരയിലെ അവസാന കണ്ണിയാണ് മുഹമ്മദ് നബിയെന്നു മനസ്സിലായപ്പോള്‍ അദ്ദേഹത്തോടുള്ള എന്റെ മനോഭാവത്തിനും സമീപനത്തിനും ഉണ്ടായ മാറ്റം അനിവാര്യമായും സംഭവിക്കേണ്ടിയിരുന്ന ഒരു സ്വാഭാവിക പ്രക്രിയയായേ കാണേണ്ടതുള്ളൂ.
ചെയ്തുപോയ പാപങ്ങള്‍ പൊറുത്ത് സ്വര്‍ഗപ്രവേശനം ലഭ്യമായേക്കാമെന്ന അല്ലാഹുവിന്റെ വാഗ്ദാനം സ്വീകരിച്ചു എന്നല്ലാതെ മറ്റെന്തെങ്കിലും പ്രത്യേക കാര്യ സാധ്യത്തിനോ, ആരെയെങ്കിലും പ്രീണിപ്പിക്കുന്നതിനോ പ്രീതിപ്പെടുത്തുന്നതിനോ വേണ്ടിയായിരുന്നില്ല എന്റെ പരിവര്‍ത്തനം. അല്ലാഹു നബിയോടു പറഞ്ഞത് എനിക്കും ബാധകമാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
"നിങ്ങള്‍ ഇസ്ലാം സ്വീകരിച്ചു എന്നത് നിന്നോടുള്ള ഔദാര്യമായി അവര്‍ എടുത്തുകാണിക്കുന്നു. പറയുക: നിങ്ങള്‍ ഇസ്ലാം സ്വീകരിച്ചത് എന്നോടുള്ള ഔദാര്യമായി എടുത്തു കാണിക്കരുത്. യഥാര്‍ഥത്തില്‍ നിങ്ങളെ വിശ്വാസത്തിലേക്ക് വഴി കാണിക്കുക വഴി അല്ലാഹു നിങ്ങളോട് ഔദാര്യം കാണിച്ചിരിക്കുകയാണ്. നിങ്ങള്‍ സത്യവാന്മാരെങ്കില്‍ ഇതംഗീകരിക്കുക''(49:17).
മനുഷ്യനായി ജനിച്ച് മനുഷ്യനായി ജീവിച്ച് മനുഷ്യര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച് അവരോടൊപ്പം തെരുവുകളിലും അങ്ങാടികളിലും നടന്നു. വിശപ്പും ദാഹവും രോഗവും സഹിച്ചും, അവരുടെ സുഖ ദുഃഖങ്ങള്‍ പങ്കുവെച്ചും, സ്നേഹവും വിശ്വാസവും ഏറ്റുവാങ്ങിയും, ഇഹലോകത്തും പരലോകത്തും നന്മയും സമാധാനവും ലഭിക്കുന്ന സത്യത്തിന്റെ മാര്‍ഗത്തിലേക്ക് ആളുകളെ ക്ഷണിച്ചും, വഴിതെറ്റി നാശഗര്‍ത്തത്തില്‍ വീഴാതിരിക്കാന്‍ മുന്നറിയിപ്പു നല്‍കിയും ഈ ഭൂമിയില്‍ സഞ്ചരിച്ച് അന്നത്തേയും ഇന്നത്തേയും എന്നത്തേയും ജനകോടികള്‍ക്ക് നേതൃത്വം നല്‍കിയ നേതാവായിരുന്നു
ചരിത്രം കണ്ട ഏറ്റവും മഹാനായ ആ പ്രവാചക പുംഗവന്‍ മുഹമ്മദ് നബി.
Comments