Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 11

കലുഷിതകാലത്തും എങ്ങനെയെന്നതിന്റെ മാതൃക

സി. അശ്‌റഫ്‌

പ്രവാചകന്മാരുടെ പിറവി തന്നെ ആത്മാവില്‍ ജ്വലിക്കുന്ന പ്രകാശ പേടകത്തോടു കൂടിയാണ്. ലോകത്ത് അഴുകി ജീര്‍ണിച്ച് കിടക്കുന്ന ഇരുട്ടിനെ ആത്മജ്വാലയില്‍ സംസ്‌കരിച്ച് നവീകരിക്കുകയെന്നതാണ് പ്രവാചകന്മാരുടെ പിറവി ധര്‍മം. ലോക ജീര്‍ണതയെ നിര്‍മാര്‍ജനം ചെയ്ത് ദൈവിക മൂല്യമുള്ള ഒരു ജനതയെ സൃഷ്ടിക്കാനായി പ്രവാചകന്മാര്‍ രൂപപ്പെടുത്തുന്ന സംഘടന സ്ഥാപനങ്ങള്‍ നവോത്ഥാന വിജയത്തിനു ശേഷം അധികാര-സാമ്പത്തിക മതപരിവേഷത്തില്‍ ധര്‍മബോധം വെടിഞ്ഞ് പൂര്‍വകാല നിലയില്‍ ജീര്‍ണിച്ചുപോകുന്നു എന്ന പ്രപഞ്ചവിധി ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പ്രവാചകനായ മുഹമ്മദ് നബി പിറവിയെടുക്കുമ്പോള്‍ നബിയുടെ ഗോത്രമായ ഖുറൈശി വംശം ജീര്‍ണിച്ചടിഞ്ഞ് ഒരു മഹാ സംഹാരത്തിന്റെ അവശ്യകതയില്‍ അളിഞ്ഞുകിടക്കുകയായിരുന്നു. ജീര്‍ണതയിലാണ്ടു പോയ ജനതയെ സംസ്‌കാരത്തിലേക്കും മൂല്യബോധത്തിലേക്കും നയിക്കാന്‍ ദൈവകല്‍പന കൈപ്പറ്റിയ പ്രവാചകന്റെ കൈയില്‍ ആത്മാവിന്റെ ജ്വലനശേഷിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.
പ്രാകൃതത്വവും പരാക്രമവും ജീര്‍ണതയുടെ സഹജഭാവങ്ങളാണ്. അതായത് സാമൂഹിക ജീര്‍ണത സകല ഊഷ്മള ഭാവങ്ങളെയും നശിപ്പിച്ച് അധമഭാവങ്ങളെ പുലര്‍ത്തുന്നു. അങ്ങനെ സമ്പൂര്‍ണമായ സാംസ്‌കാരിക തകര്‍ച്ച സംഭവിക്കുന്നു. ഭഗവത്ഗീതയില്‍ അര്‍ജുനന്‍ ശ്രീകൃഷ്ണനോട്, യുദ്ധമുണ്ടായാല്‍ സാംസ്‌കാരിക തകര്‍ച്ചയുണ്ടാകുമെന്നും കുലസ്ത്രീകള്‍ പിഴച്ചുപോകുമെന്നും സങ്കടപ്പെടുന്നുണ്ട്. ജീര്‍ണതയില്‍ നശിച്ച് മൃഗീയമായ സുഖഭോഗങ്ങളില്‍ പടക്കുതിരകളെപ്പോലെ ജ്വര പിടിച്ചു നടന്നും കൊന്നും കൊള്ളയടിച്ചും സകല സത്യധര്‍മങ്ങളെയും ചവിട്ടിമെതിച്ചും നശിച്ച അറേബ്യന്‍ ജനതയെ സംസ്‌കാരത്തിലേക്കും ദൈവിക മൂല്യങ്ങളിലേക്കും നയിക്കാന്‍ ദൈവവിളി കേട്ടവനാണ് പ്രവാചകനായ മുഹമ്മദ് നബി. അത്തരമൊരു മഹാ കര്‍മത്തില്‍ നബിയുടെ മുമ്പാകെ സമ്പത്തോ സ്ഥാപനങ്ങളോ ആയുധങ്ങളോ അനുയായികളോ ഉണ്ടായിരുന്നില്ല. ദൈവിക ദര്‍ശനത്തില്‍ സദാ ജ്വലിക്കുന്ന ആത്മാവും സത്യത്തെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തന പദ്ധതികളും മാത്രമായിരുന്നു കൈമുതല്‍.
ശമനമില്ലാതെ ആവര്‍ത്തിക്കുന്ന അനവധി പരീക്ഷണങ്ങളിലൂടെയാണ് ദൈവം പ്രവാചകന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. സത്യം പറഞ്ഞാല്‍ മുഹമ്മദ് നബിയുടെ ആയുസ്സില്‍ ഭൂരിഭാഗവും പരീക്ഷണങ്ങളുടെ വേലിയേറ്റത്തില്‍ ഒലിച്ചുപോയി. ശേഷിക്കുന്ന ജീവിതമുഹൂര്‍ത്തങ്ങള്‍ മാത്രമാണ് ശാന്തതയില്‍ പുലര്‍ന്നത്. പക്ഷേ, എല്ലാ പരീക്ഷണങ്ങളെയും ദൈവികമായ പൊന്‍വെളിച്ചത്തില്‍ ആനന്ദദായകമാക്കിത്തീര്‍ക്കാന്‍ നബിക്ക് കഴിഞ്ഞു. ദൈവികമായ ആനന്ദത്തിലേക്കുള്ള പ്രഖ്യാപിത പാതയാണ് ഒരു സത്യവിശ്വാസിയുടെ ജീവിതം എന്ന് നബിദര്‍ശനം ഉദ്‌ഘോഷിക്കുന്നു. ദൈവമാര്‍ഗത്തില്‍ ചരിക്കുന്നവന് ദൈവം അതിരറ്റ ആനന്ദത്തിന്റെ കലവറയാണ്. അവര്‍ക്ക് ദൈവം അളവറ്റ ദൈവിക വാത്സല്യവും ഉചിതമായ ഉല്ലാസങ്ങളും അതീത സൗഭാഗ്യങ്ങളും മധുരഭാവങ്ങളും സമ്മാനിച്ചിരിക്കുന്നു. എന്നാല്‍ ദൈവത്തെ സ്‌നേഹിക്കുകയല്ല ഭയപ്പെടുകയാണ് വേണ്ടത് എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. കഠിന മതബോധത്തില്‍ നിന്നാണ് ദൈവത്തെ ഭയപ്പെടണം എന്ന പ്രമാണം ആവിര്‍ഭവിച്ചത്. സത്യത്തില്‍ എല്ലാ ഭയത്തില്‍ നിന്നുമുള്ള മോചനമാണ് ദൈവം. കഠിന മതബോധത്തില്‍ വിശ്വസിക്കുന്നത് ദൈവമല്ല, പിശാചാണ്. എന്തെന്നാല്‍ കഠിന മതബോധത്തിന്റെ കാതല്‍ അലിവില്ലാത്ത കഠോരമായ പാറക്കൂട്ടമാകുന്നു. എന്നാല്‍ പ്രവാചകന്റെ സത്യപ്രമാണങ്ങളില്‍ ദൈവം അതീത ചാരുതയുള്ള അലിവുള്ള ഒരു നിലാസൗഭാഗ്യമാണ്. ദൈവികാനുഭൂതിയില്‍ ലയിച്ചുചേരാനാണ് മുഹമ്മദ് നബി ജനതയെ ആഹ്വാനം ചെയ്തത്. എന്നാല്‍, പിശാചും പാറക്കൂട്ടങ്ങളുമാകട്ടെ ഒന്നിലും ലയിക്കുകയില്ല. കടുത്ത ദൈവിക പരീക്ഷണകാലങ്ങളിലും മുഹമ്മദ് നബി ജീവിതം ആനന്ദകരമാക്കാന്‍ ശീലിച്ചിരുന്നു. പ്രസാദാത്മകതയും മധുര മന്ദഹാസങ്ങളും പ്രവാചക മുഖത്ത് സദാ കളിയാടി. തീരെ ചെലവ് കുറഞ്ഞ മധുരപലഹാരം ഉണ്ടാക്കി കഴിച്ചും തന്നെ തേടിയെത്തുന്നവരോട് മധുര വാക്കുകള്‍ പറഞ്ഞും നബി പൂനിലാവ് പോലെ ലോകത്തോട് സഹവസിച്ചു. പ്രസാദാത്മകതയിലൂടെ മാത്രമേ ലോകം പുലരുകയുള്ളൂ എന്ന ദൈവികമായ പൊരുള്‍ നബി മനസ്സിലാക്കിയിരുന്നു. പ്രവാചകന്‍ കളിതമാശകള്‍ പറയുകയും പെരുന്നാള്‍ സായാഹ്നങ്ങളില്‍ കുട്ടികളോടൊപ്പം പാഞ്ഞുകളിക്കുകയും ചെയ്തിട്ടുണ്ട്.
അറേബ്യ കടുത്ത പരീക്ഷണങ്ങള്‍ നേരിടുന്ന ഒരു പട്ടിണിക്കാലത്ത് ഭക്ഷ്യ ദാരിദ്ര്യത്താല്‍ എല്ലാവരുടെയും നടുവളഞ്ഞു പോയിരുന്നു. പക്ഷേ പ്രവാചകന്റെ നടുവളയാതെ നിന്നു. ഒരാള്‍ നബിയോട് ചോദിച്ചു. നബിയേ ഞങ്ങളുടെയെല്ലാം നടു പട്ടിണിയാല്‍ ഒടിഞ്ഞുപോയിരിക്കുന്നു. അങ്ങയുടെ നടു മാത്രം വളഞ്ഞിട്ടില്ല. അപ്പോള്‍ നബി തന്റെ കുപ്പായം പൊന്തിച്ചു കാണിച്ചുകൊടുത്തു. നോക്കൂ സുഹൃത്തെ ഞാന്‍ അരയില്‍ ഒരു കല്ല് കെട്ടിവെച്ചാണ് നടക്കുന്നത്. ഒരു ജനതയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവന്‍ എപ്പോഴും ശുഭാപ്തി വിശ്വാസം പുലര്‍ത്തേണ്ടതുണ്ടെന്ന പ്രഖ്യാപനമാണ് നബി സ്വന്തം ജീവിതം കൊണ്ട് കാണിച്ചുകൊടുത്തത്. യുദ്ധമുഖത്ത് നില കൊള്ളുന്ന സേനാധിപതി സൈന്യത്തിന്റെ ആത്മവീര്യം നിലനിര്‍ത്താന്‍ നടത്തുന്ന പ്രഛന്നാട്ടഹാസത്തേക്കാള്‍ വലുതാണ് പട്ടിണി കാലത്ത് ശുഭാപ്തി വിശ്വാസം നിലനിര്‍ത്തുകയെന്നത്. പ്രവാചക ദൃഷ്ടിയില്‍ മതദേശമില്ലാതെ എല്ലാ മനുഷ്യരും ദൈവത്തിന്റെ പ്രിയപ്പെട്ട പടപ്പുകളാണ്. ജീര്‍ണതയിലടിഞ്ഞു പോയ അറേബ്യന്‍ ജനതയെ സംസ്‌കാരത്തിലേക്കും ദൈവിക മൂല്യങ്ങളിലേക്കും നയിക്കുക എന്ന മഹത്തായ നവോത്ഥാന കര്‍മത്തില്‍ മുഹമ്മദ് നബിക്ക് വേണ്ടി വന്ന അടിസ്ഥാന വിഭവം സത്യബോധമുള്ള ജനതയാണ്. സത്യം, സംസ്‌കാരം, ദൈവിക മൂല്യം, അര്‍പ്പണബോധം, സാമൂഹിക ബോധം എന്നിവയില്‍ നിറവാര്‍ന്നു നില്‍ക്കുന്ന ജനതയും അനുയായികളും ചേര്‍ന്ന മഹാബലത്തിലാണ് നബി ജീര്‍ണതക്കെതിരെ യുദ്ധകാഹളം മുഴക്കിയത്. അതുകൊണ്ട് തന്നെ സത്യമാര്‍ഗത്തിനെതിരായി ജീര്‍ണത ഘോഷിച്ച സത്യനിഷേധികളെ മുദ്രകുത്തി വിളംബരം ചെയ്യേണ്ടിവന്നു. അരാജക സുഖഭോഗങ്ങള്‍, അസത്യ ജീവിതം, തിന്മയുടെ വിളയാട്ടങ്ങള്‍, ധര്‍മവിരുദ്ധമായ ധനസമ്പാദനം എന്നിവയില്‍ മുഴുകി സത്യനിഷേധികളായി പുലരുന്നവരെ കാഫിര്‍ എന്ന് നബി നാമകരണം ചെയ്തു. കാഫിര്‍ എന്ന വാക്കിന്റെ അര്‍ഥം സത്യത്തിനും സത്യം ഉദ്‌ഘോഷിക്കുന്ന ജീവിത മൂല്യങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്നവര്‍ എന്ന വിശാല ബോധ്യത്തിലാണ് നബി സംബോധന ചെയ്തത്. എന്നാല്‍ ചിലര്‍ മതത്തിനു പുറത്തുള്ളവരെല്ലാം സത്യനിഷേധികളായ കാഫിര്‍ ആണ് എന്ന നിലക്ക് അതിനെ ദുര്‍വ്യാഖ്യാനം ചെയ്തു. ഭൂരിഭാഗവും ഹിന്ദു സംസ്‌കാരത്തില്‍ ജീവിക്കുന്ന ഇന്ത്യയില്‍ പുലര്‍ന്ന മുസ്‌ലിം സമൂഹത്തിലും ഇതേ ദുര്‍വ്യാഖ്യാനം പ്രചരിപ്പിച്ചിട്ടുണ്ട്. അറേബ്യയില്‍ ഏക മതമാണുണ്ടായിരുന്നത്. അറേബ്യന്‍ ജനതയെ നന്മ തിന്മകളുടെ അടിസ്ഥാനത്തില്‍ നിര്‍വചിച്ചപ്പോഴാണ് കാഫിര്‍ എന്ന വാക്കുണ്ടായത്. എന്നാല്‍ അനവധി മതങ്ങള്‍ പാര്‍ക്കുന്ന ഒരു രാജ്യത്ത് ഇസ്‌ലാമിക വിശ്വാസികളല്ലാത്തവരെല്ലാം സത്യനിഷേധികള്‍ (കാഫിര്‍) എന്നു പറയുന്നത് എന്തൊരു അബദ്ധമാണ്! മാനവലോകത്തെ നവോത്ഥാനത്തിലേക്ക് നയിക്കേണ്ടിവന്നവര്‍ക്കെല്ലാം നന്മ തിന്മകളുടെ അടിസ്ഥാനത്തില്‍ ജനതയെ നിര്‍വചിക്കേണ്ടിവന്നിട്ടുണ്ട്. ദാര്‍ശനിക തത്ത്വചിന്തയില്‍ ദേവന്മാര്‍, അസുരന്മാര്‍ എന്ന നിര്‍വചനം അങ്ങനെ ഉണ്ടായതാണ്.
പ്രവാചകനെ പിന്‍പറ്റുന്നവര്‍ പിന്തുടരേണ്ടത് നവോത്ഥാന വിപ്ലവത്തിനു ശേഷം അധികാര ലബ്ധിയില്‍ പുലര്‍ന്ന നബിയുടെ കാലത്തെയല്ല. മറിച്ച് പ്രവാചകത്വത്തിലേക്ക് നബിയെ വളര്‍ത്തിയ ദൈവിക ദര്‍ശനങ്ങളുടെ പരീക്ഷണകാലത്തെയാണ്. പരീക്ഷണകാലത്ത് നബി പട്ടിണി കിടന്നിട്ടുണ്ട്. സത്യം പറഞ്ഞതിന് കല്ലേറ് കൊണ്ടിട്ടുണ്ട്. കടം വാങ്ങിയ പണം കൊടുക്കാന്‍ വൈകിയതിന് ജൂതന്‍ നബിയുടെ കഴുത്തിന് പിടിച്ച ദാരിദ്ര്യ കാലം കടന്നുപോയിട്ടുണ്ട്. സകല പരീക്ഷണങ്ങളെയും അതിജീവിച്ച് സത്യവിശ്വാസി എന്ന മഹാനാമധേയത്തില്‍ നബി വാഴ്ത്തപ്പെട്ടു. അറേബ്യന്‍ കാലത്തിന്റെ സകല സുഖഭോഗങ്ങള്‍ക്കും എതിരായാണ് നബി ജീവിച്ചത്. അന്നും ഇന്നും അറബിസമൂഹം ബാലികമാരായ കന്യകമാരെ ഭാര്യമാരാക്കുന്നതില്‍ കമ്പക്കാരാണ്. എന്നാല്‍ നബിയാകട്ടെ തന്നേക്കാള്‍ പ്രായക്കൂടുതലുള്ള ഖദീജ ബീവിയെയാണ് വിവാഹം ചെയ്തത്. പുരുഷ മേല്‍ക്കോയ്മക്കു കീഴില്‍ അടിമകളായി കാണുന്നതിനു പകരം ഉന്നതമായ മാതൃഭാവത്തില്‍ നബി സ്ത്രീകളെ വാഴ്ത്തി. യുദ്ധമുഖത്ത് സ്ത്രീകളെയും കുട്ടികളെയും അതിക്രമിക്കുന്നത് തടയാന്‍ കര്‍ശനമായ കല്‍പനകള്‍ നല്‍കി.
ഒരു സത്യവിശ്വാസിയെന്ന നിലക്ക് പ്രവാചകത്വത്തിലേക്കുള്ള നബിയുടെ പരീക്ഷണകാല പ്രയാണമുഖത്ത് അലങ്കരിക്കപ്പെട്ട ദൈവികചമയങ്ങളില്‍ ആത്മാവിനെ ശുദ്ധീകരിച്ച് ദൈവത്തിലേക്ക് നടന്നടുക്കുക എന്നതാണ് പ്രവാചകനെ പിന്‍പറ്റുന്നവന്റെ ധര്‍മമാര്‍ഗം. എന്നാല്‍ പ്രഖ്യാപിത വിശുദ്ധ മാര്‍ഗം വെടിഞ്ഞ് പില്‍ക്കാലത്ത് മുസ്‌ലിം ലോകം സമ്പത്തിന്റെയും അന്തമില്ലാത്ത സുഖഭോഗങ്ങളുടെയും വിനാശകരമായ പകയുടെയും ലോകത്ത് അടിഞ്ഞുപോയി. പരസ്പര വിശ്വാസത്തോടെ വ്യത്യസ്തമായ ചിന്താഗതികളെ സദുദ്ദേശ്യത്തോടെ സ്വീകരിക്കുന്നതിന് പകരം പ്രവാചകനെ പിന്‍പറ്റുന്നവര്‍ അനവധി ചേരികളായി തിരിഞ്ഞു ശമനമില്ലാത്ത യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നു. പ്രവാചകന്റെ പിറവി അനിവാര്യമാക്കിയ അറേബ്യന്‍ കാല ജീര്‍ണതയിലേക്ക് പ്രവാചകനെ പിന്‍പറ്റിയവര്‍ തന്നെ എത്തിച്ചേര്‍ന്നിരിക്കുന്നു. അതിന്റെ അവസാനത്തെ ഉദാഹരണമാണ് കേരളത്തില്‍ സ്ഥാപിക്കപ്പെടാന്‍ പോകുന്ന നിര്‍ദിഷ്ട മുടിപ്പള്ളി. ദൈവം മനുഷ്യശരീരത്തില്‍ അനവധി വിസ്മയകരമായ അവയവങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. മനുഷ്യശരീരത്തിലാണ് വളരുന്നതെങ്കിലും അശുഭകരമായി പരിഗണിക്കുന്നതും വളര്‍ച്ചയില്‍ ഛേദിക്കാന്‍ വിധിക്കപ്പെട്ടതുമായ രണ്ട് അവയവങ്ങളാണ് നഖവും മുടിയും. നഖവും മുടിയും വെട്ടിയ ശേഷം പള്ളിയില്‍ പോകുന്നവര്‍ക്കാണ് ദൈവാനുഗ്രഹം ഉണ്ടാകുന്നത്. നഖവും മുടിയും വെട്ടാതെ നടക്കുന്നവന്‍ ചെകുത്താനെ പിന്‍പറ്റുന്നവനാണ്.
ഖസാക്കിന്റെ ഇതിഹാസം എന്ന നോവലില്‍ താടി മുടി വളര്‍ത്തി വന്ന നൈസാമലിയോട് അള്ളാപ്പച്ചി മൊല്ലാക്ക പറയുന്നുണ്ട്: ''ചെകുത്താന്റെ പിന്നാലെ പോകല്ലെ... പോകല്ലെ...' കേരളീയ ജീവിതത്തില്‍ ഹിപ്പികളെയും ആധുനികരെയും അശുഭകാരികളായി പരിഗണിച്ചിരുന്നു. നമ്മുടെ കേരളീയ സങ്കല്‍പത്തില്‍ യക്ഷിക്കഥകള്‍ എന്ന കഥാ സമൂഹമുണ്ട്. ആ കഥയുടെ യുക്തി പരിശോധിക്കാതെ കഥയായി മാത്രം കൗതുകത്തോടെ കാണുക. യക്ഷി ഒരാളെ തിന്നുമ്പോള്‍ യക്ഷി ഉപേക്ഷിക്കുന്ന രണ്ട് അവയവങ്ങള്‍ മുടിയും നഖവുമാണ്. മനുഷ്യന്റെ നഖവും മുടിയും മരച്ചുവട്ടില്‍ കിടക്കുന്നത് കണ്ടാല്‍ ഒരാളെ യക്ഷി തിന്നുവെന്ന് കണക്കാക്കും. അങ്ങനെ സര്‍വ പ്രപഞ്ച നിരീക്ഷണങ്ങളിലും അശുഭകരമായി പരിഗണിക്കപ്പെട്ടിട്ടുള്ള മുടിനാര് പ്രവാചകന്റെ പ്രപഞ്ച ശേഷിപ്പായി ആരാധിക്കുക എന്നത് ലോക മുസ്‌ലിം ജനതക്ക് തന്നെ അപമാനകരമാണ്. പ്രവാചകന്‍ പ്രപഞ്ചമുഖത്ത് നിന്ന് വിടവാങ്ങുമ്പോള്‍ പില്‍ക്കാല ജനത പുലരാനായി അരുള്‍ ചെയ്തത് മഹത്തായ ദൈവിക ദര്‍ശനങ്ങളും സംസ്‌കാരമുള്ളവരായി ജീവിച്ച ദൈവിക മാര്‍ഗം പ്രാപിക്കാനുള്ള ജ്ഞാനവും പൊരുളും സത്യവും വെളിച്ചവുമാണ്.
ഭാരതപുഴയുടെ തീരത്ത് ജനിച്ചു വളര്‍ന്ന എനിക്ക് പ്രവാചകന്‍ സ്വര്‍ണ വര്‍ണമാര്‍ന്ന പ്രപഞ്ച രൂപമായിരുന്നു. നടുപുഴയില്‍ വെള്ളച്ചാലിന് താഴ്‌വാരത്തെ ദൈവിക സുതാര്യതയുള്ള മണല്‍ക്കരകളില്‍ നിന്ന് ഞങ്ങള്‍ കുട്ടിക്കാലത്ത് നിസ്‌കരിച്ചിരുന്നു. സുജൂദ് ചെയ്യുമ്പോള്‍ ശിരസ്സ് മണലില്‍ പൂഴാതിരിക്കുന്നതിനു വേണ്ടി ഒരു ടവ്വല്‍ മാത്രം മണലില്‍ വിരിക്കും. മഞ്ഞും നിലാവും പെയ്യുന്ന സ്വര്‍ഗീയ രാത്രിയില്‍ ആകാശത്തെ അനേകം ഗ്രന്ഥങ്ങളുടെ ചോട്ടില്‍ പ്രവാചക മയൂരങ്ങള്‍ വിന്യസിച്ച ദൈവിക പടത്തില്‍ നിന്ന് പ്രപഞ്ച നാഥനെ വിളിച്ച് പ്രാര്‍ഥിക്കുമ്പോള്‍ നിലാവില്‍ അതീത വര്‍ണങ്ങള്‍ വീണു കിടക്കുന്ന നദീജലത്തില്‍ ഒരു വെള്ളി നിറമുള്ള തോണിയില്‍ മധുര മന്ദഹാസം തൂകി നില്‍ക്കുന്ന പ്രവാചകനെ ഞാന്‍ ആത്മാവില്‍ കണ്ടിട്ടുണ്ട്. അറേബ്യയിലെ പരീക്ഷണകാല ദാരിദ്ര്യത്തില്‍ കിടക്കാന്‍ വീടില്ലാതെ ഈന്തപ്പനയോലയില്‍ കിടന്നുറങ്ങിയ പ്രവാചകന്റെ പുറം മുഴുവന്‍ ഈന്തപ്പനയോലപ്പാടുകള്‍ പതിഞ്ഞു കിടന്നിരുന്നു. അതേ സുഹൃത്തുക്കളെ, എന്റെ പ്രവാചകന്‍ മനുഷ്യലോകത്തിന്റെ വേദനകള്‍ ഈന്തപ്പനയോലപ്പാടുകള്‍ പോലെ ആത്മാവില്‍ ഏറ്റുവാങ്ങിയ പൂമരമായിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം