Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 11

ഇസ്‌ലാമും വിമോചന ദൈവശാസ്ത്രവും

കെ.സി വര്‍ഗീസ്‌

റ്റു മതങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു വിമോചന ദൈവശാസ്ത്രം രൂപപ്പെടുത്തുന്നതിന് ഒട്ടേറെ സാധ്യതകളുള്ള മതമാണ് ഇസ്‌ലാം. ചരിത്രപരമായ അതിന്റെ ഉത്ഭവം അതിന്റെ വിപ്ലവ സ്വഭാവത്തിന് സാക്ഷിയാണ്. ഇസ്‌ലാമിന്റെ ജന്മഭൂമിയായ മക്ക അന്താരാഷ്ട്ര വാണിജ്യത്തിന്റെ കേന്ദ്രമായിരുന്നു. ഗോത്രവര്‍ഗ സമൂഹത്തില്‍ ഇല്ലാതിരുന്ന സ്വാകാര്യസ്വത്തിന്റെ കേന്ദ്രീകരണം ശക്തിപ്പെടുന്നതിന് ഇത് കാരണമായി. സമ്പന്ന വ്യാപാരികള്‍ ഗോത്രാന്തര വ്യാപാര കോര്‍പ്പറേഷനുകള്‍ രൂപീകരിച്ച് ബൈസാന്റിയന്‍ സാമ്രാജ്യത്തിലെ വ്യാപാരകുത്തക നേടിയെടുക്കുകയും ലാഭം കൂന്നുകൂട്ടുകയും ചെയ്തു. ഗോത്രവ്യവസ്ഥയുടെ നീതി സങ്കല്‍പങ്ങളെ ആകെ അട്ടിമറിച്ച ഈ വ്യാപാരതാല്‍പര്യങ്ങള്‍ മക്കയിലുടനീളം എല്ലാത്തരം സാമൂഹിക തിന്മകളുടെയും വിത്തുപാകി.
വളര്‍ന്നു വരുന്ന സാമൂഹിക സംഘര്‍ഷങ്ങളുടെ വിപത്ത് പ്രവാചകന്‍ ഗ്രഹിച്ചു. അദ്ദേഹം സമ്പന്ന വിഭാഗത്തിന് താക്കീത് നല്‍കി. സ്വത്ത് കുന്നുകൂട്ടി വെക്കുന്നതിന്റെ വിപത്തും ദരിദ്രരെ ഉദ്ധരിക്കേണ്ടതിന്റെ ആവശ്യകതയും പ്രവാചകന്‍ ഊന്നിപ്പറഞ്ഞു. ഖുര്‍ആനില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നിരവധിയാണ്.
സ്വത്ത് കൂട്ടി വെക്കുന്നതിലെ തെറ്റു ഖുര്‍ആന്‍ വാചകങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെയാണ് മക്കയിലെ സമ്പന്നരായ വ്യാപാരികള്‍ പ്രവാചകനെ എതിര്‍ത്തത്. ഈ സ്ഥാപിത താല്‍പര്യങ്ങള്‍ക്കെതിരെയാണ് പ്രവാചകന് യുദ്ധം ചെയ്യേണ്ടിയിരുന്നത്. പ്രവാചകന്റെ സമത്വവാദം ആണ് അവരെ തീര്‍ത്തും അസഹിഷ്ണുക്കളാക്കിയത്. സമ്പന്നരുമായി ഏതെങ്കിലും തരത്തിലുള്ള ഒരു ഒത്തുതീര്‍പ്പിന് പ്രവാചകന്‍ തയാറായിരുന്നില്ല. അവരദ്ദേഹത്തെ ആവുന്ന തരത്തിലൊക്കെ പീഡിപ്പിച്ചു. അക്കാലത്ത് ഏതെങ്കിലും വ്യവസ്ഥാപിത ഗവണ്‍മെന്റ് മെഷനറി മക്കയില്‍ ഉണ്ടായിരുന്നില്ല. സമ്പന്നര്‍ സമൂഹത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയിരുന്നു. ഏതൊരു സമൂഹത്തിലെയും സമ്പന്നരെയെന്നതുപോലെ മക്കയിലെ സമ്പന്നരും ഏതെങ്കിലും മതപ്രബോധങ്ങള്‍ കേട്ടിളകി മറിയുന്നവരായിരുന്നില്ല. അവരുടെ ആക്രമണം കേവലം മതതത്ത്വങ്ങള്‍ക്കെതിരെ ഉള്ളതായിരുന്നില്ല. പിന്നെയോ മുഹമ്മദ് നബിയുടെ ഉപദേശങ്ങള്‍ നിലവിലുള്ള സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളോര്‍ത്തിട്ടായിരുന്നു.
ഒരു പറ്റം ചെറുപ്പക്കാരും സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളുമാണ് പ്രവാചകന്റെ പ്രസ്ഥാനത്തെ തുടക്കത്തില്‍ പിന്തുടര്‍ന്നത്. ഇതര വിഭാഗങ്ങളില്‍നിന്നുള്ളവര്‍ അത്യപൂര്‍വമായിരുന്നു. അബ്‌സീനിയയിലെ ബിലാലിനെപ്പോലുള്ള ഒട്ടേറെ അടിമകളും അധഃകൃതരും പ്രവാചകന്റെ പ്രസ്ഥാനത്തെ പിന്തുടര്‍ന്നിരുന്നു. റെയിഫ്‌ക്വോറി (Raif Khoury) എന്ന ലബനീസ് ക്രിസ്ത്യന്‍ എഴുത്തുകാരന്‍ ഇസ്‌ലാമിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്:
''ലോകമെങ്ങുമുള്ള മുസ്‌ലിം ദേവാലയങ്ങളില്‍നിന്ന് ദിവസം അഞ്ചുപ്രാവശ്യം കേട്ടുകൊണ്ടിരിക്കുന്ന, അല്ലാഹു അക്ബര്‍, എന്ന മന്ത്രധ്വനിയുണ്ടല്ലോ! ആരാണിത് ആദ്യം തുടക്കമിട്ടതെന്നറിയാമോ, ബിലാല്‍ എന്ന അബ്‌സീനിയന്‍ അടിമയാണ് അറേബ്യന്‍ ഉപഭൂഖണ്ഡത്തെ ആകെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ആദ്യമായി ഇത് വിളിച്ചുപറഞ്ഞത്. പ്രവാചകന്റെ പ്രസ്ഥാനം അതിന്റെ ശൈശവത്തിലായിരുന്ന കാലത്തായിരുന്നു ഈ ആദ്യത്തെ ബാങ്കുവിളി എന്നോര്‍ക്കണം. വിമോചനത്തിന്റെ ഉദയസൂര്യന്‍ ഉദിച്ചുയരുന്നതിന്റെ മുന്നോടിയായിരുന്നു അന്തരീക്ഷത്തില്‍ മാറ്റൊലികൊണ്ട ആ വിശ്വാസ പ്രഖ്യാപനം. ദുര്‍ബലവിഭാഗങ്ങളുടെ മേല്‍ ആധിപത്യം ചെലുത്തിയിരുന്ന പ്രഭുക്കന്മാരുടെയും ഭരണാധികാരികളുടെയും താല്‍പര്യങ്ങള്‍ക്കെതിരായ ഒരു താക്കീതായിരുന്നു അത്. അതൊരു പുതുയുഗത്തിന്റെ പിറവിയായിരുന്നു. അല്ലാഹു അക്ബര്‍ എന്ന ആ പ്രഖ്യാപനത്തിലടങ്ങിയിരിക്കുന്ന അര്‍ഥത്തെക്കുറിച്ച് നിങ്ങള്‍ അല്‍പമെങ്കിലും ആലോചിച്ചിട്ടുണ്ടോ.”ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ അതിന്റെ അര്‍ഥം ഇങ്ങനെയാണ്. ധനാര്‍ത്തിപൂണ്ട ദ്രോഹികളെ ശിക്ഷിക്കുക. ലാഭം ഉണ്ടാക്കുന്നവരില്‍നിന്ന് നികുതി ഈടാക്കുക. കുത്തകകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുക, ജനങ്ങള്‍ക്കവരുടെ ആഹാരം ഉറപ്പുവരുത്തുക, വിദ്യാഭ്യാസത്തിന്റെയും പുരോഗതിയുടെയും വാതില്‍ സ്ത്രീകള്‍ക്ക് തുറന്നുകൊടുക്കുക, സമൂഹത്തില്‍ വിഭാഗീയതകളും അജ്ഞതയും വിതക്കുന്നവരെ നശിപ്പിക്കുക. ശാസ്ത്രത്തെ ശക്തിപ്പെടുത്തുന്ന സ്വാതന്ത്ര്യത്തിന്റെ നക്ഷത്രങ്ങള്‍ പ്രകാശിക്കട്ടെ, ജനാധിപത്യം കരുത്താര്‍ജിക്കട്ടെ ഇതൊക്കെയാണ് ആ രണ്ട് വാക്കുകള്‍ക്കൊണ്ടര്‍ഥമാക്കുന്നത്.''
അറേബ്യന്‍ സമൂഹത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ക്ക് പ്രവാചകന്‍ തുടക്കം കുറിച്ചു. ഇത് ശക്തമായ സ്ഥാപിത താല്‍പര്യങ്ങളുടെ പതനത്തില്‍ കലാശിച്ചു. മക്കയിലെ ദുര്‍ബലവിഭാഗങ്ങളുടെ ജീവിതാവസ്ഥയെക്കുറിച്ച് പ്രവാചകന്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. ആ കാലഘട്ടത്തിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ ഖുര്‍ആന്‍ അവതരിപ്പിച്ച പരാമര്‍ശങ്ങളെ ഇസ്‌ലാമില്‍ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന വിമോചന ദൈവശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പുനര്‍വ്യാഖ്യാനം ചെയ്യേണ്ടതുണ്ട്. ഇസ്‌ലാം സ്വാഭാവികമായും ഒരു മത പ്രസ്ഥാനമെന്ന നിലയിലാണ് തുടങ്ങുന്നത്. അതിനാല്‍ ഈ പരാമര്‍ശങ്ങള്‍ക്ക് ആഴമേറിയ മതാത്മകതയുടെ ലക്ഷ്യാര്‍ഥമാണുള്ളത്. ഇസ്‌ലാം കേവലം ആത്മീയ വിഷയങ്ങളെ മാത്രമല്ല ഭൗതികവിഷയങ്ങളിലും ശ്രദ്ധ പതിപ്പിക്കുന്നു. നീതിപൂര്‍വമായ ഒരു സമൂഹം ഭൂമിയില്‍ സ്ഥാപിക്കുക എന്നതിനെ അത് ഗൗരവമായി എടുക്കുന്നു.
ചൂഷണവിമുക്തമായ ഒരു സമൂഹത്തെ ഇസ്‌ലാം വിഭാവനം ചെയ്യുന്നു. അനീതിയെയും അടിച്ചമര്‍ത്തലിനെയും അത് ഏതു രീതിയിലുള്ളതായാല്‍ തന്നെയും ഇസ്‌ലാം എതിര്‍ക്കുന്നു. കരുണാപൂര്‍ണനും നീതിമാനുമായ ദൈവത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായിട്ടുള്ള സാമൂഹിക മാറ്റങ്ങളെ അത് സ്വാഗതം ചെയ്യുന്നു. ഖുര്‍ആനിലെ ദൈവസങ്കല്‍പ പ്രകാരം ദൈവം കാരുണ്യവാന്‍ മാത്രമല്ല ശക്തനും നീതിമാനും കൂടിയാണെന്നോര്‍ക്കണം. തങ്ങളനുഭവിച്ച മര്‍ദനത്തിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതിനെ അതിക്രമ പ്രവൃത്തിയായി ഖുര്‍ആന്‍ കാണുന്നില്ല.
കുഫ്ര്‍ അഥവാ അവിശ്വാസം വിമോചന ദൈവശാസ്ത്ര പ്രകാരം കേവലം ദൈവത്തില്‍ വിശ്വസിക്കാതിരിക്കലിനു മാത്രമല്ല ബാധകമായിരിക്കുന്നത്. ദൈവത്തില്‍ വിശ്വസിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും സമ്പത്ത് സ്വരൂപിക്കുന്നതില്‍ വ്യാപരിക്കുകയും അന്യരെ ചൂഷണം ചെയ്യുകയും ചെയ്യുന്നവര്‍ ശരിയായ അര്‍ഥത്തില്‍ അവിശ്വാസികളും ദൈവക്രോധത്തിന്റെ ഇരകളുമാണ്. മാഊന്‍ അധ്യായത്തില്‍ ഇങ്ങനെ പറയുന്നു: ''ആരാണ് ദൈവവിരോധം കാണിക്കുന്നത്. അനാഥര്‍ക്കെതിരെ മുഖംതിരിക്കുകയും ദരിദ്രരെ പോഷിപ്പിക്കാതിരിക്കുകയും ചെയ്യുന്നവര്‍ തന്നെ.''”
തങ്ങളുടെ മതവിശ്വാസം പ്രഖ്യാപിക്കുകയും അഗതികളെയും അനാഥരെയും അവഗണിക്കുകയും ചെയ്യുന്നവര്‍ ശരിയായ വിശ്വാസികളല്ല. യഥാര്‍ഥ വിശ്വാസി അഥവാ ഒരു മുസ്‌ലിം ചെയ്യേണ്ടിയിരിക്കുന്നത് സമത്വ സമ്പന്നവും നീതിയുക്തവുമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി പരിശ്രമിക്കുകയാണെന്ന് വരുന്നു.
നീതിപൂര്‍വമായ ഉല്‍പാദന വ്യവസ്ഥയില്‍ ഉല്‍പന്നങ്ങളുടെ ഉടമസ്ഥത ഉല്‍പാദകന് തന്നെ ആയിരിക്കണമെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ട്. മറ്റൊരുവന്റെ സുഖത്തിനായി വേറൊരുവന്‍ അധ്വാനിക്കുന്നത് ശ്ലാഘനീയമല്ല. സകാത്തിന് വേണ്ടി കൈനീട്ടി നമുക്കു മുമ്പില്‍ ആളുകള്‍ വരാത്ത ഒരവസ്ഥ സംജാതമാക്കുന്ന വ്യവസ്ഥ വളര്‍ത്തിയെടുത്തു എന്ന് പറഞ്ഞാല്‍, ഫ്യൂഡലിസത്തിലോ മുതലാളിത്തത്തിലോ നടപ്പിലിരിക്കുന്നതുപോലെ അന്യരുടെ അധ്വാനഫലം ഉചിതമായ പ്രതിഫലം നല്‍കാതെ കവര്‍ന്നെടുക്കുന്നത് തെറ്റാണെന്നുതന്നെയാണര്‍ഥം. ഇതൊരു സോഷ്യലിസ്റ്റ് ആശയമാണ്. മനുഷ്യനെന്ത് പ്രവര്‍ത്തിക്കുന്നുവോ അതിനനുസരിച്ച പ്രതിഫലമായിരിക്കും അവനു ലഭിക്കുകയെന്ന് ഖുര്‍ആന്‍ പറയുന്നു. ഒരുവന്റെ അധ്വാനത്തെ ആസ്പദമാക്കിയുണ്ടാക്കുന്ന സമ്പത്തിന്റെ ഉടമ അവന്‍ തന്നെയാണെന്ന് ഖുര്‍ആന്‍ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ അന്യരുടെ അധ്വാനത്തെ ചൂഷണം ചെയ്തു സ്വരൂപിക്കുന്ന സ്വത്തത്രയും അനിസ്‌ലാമികമാണ്. അധ്വാനത്തെ ആസ്പദമാക്കിയുള്ള സ്വത്തുടമാവ്യവസ്ഥ എന്ന തത്ത്വത്തിന് വിമോചന ദൈവശാസ്ത്രം എത്രമാത്രം ഊന്നല്‍ കൊടുക്കുന്നുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ജിഹാദിന്റെ സമകാലിക വ്യാഖ്യാനം
ഇസ്‌ലാമിലെ പ്രബലമായ ഒരു ധാരയാണ് ജിഹാദ് എന്നത്. ഇതിന്റെ അര്‍ഥം പോരാട്ടമെന്നാണ്. വിമോചനദൈവശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ ഈ പദം ഒരു പുനര്‍വ്യാഖ്യാനത്തിന് വിധേയമാക്കേണ്ടതുണ്ട്.
ചൂഷണത്തില്‍നിന്നും അടിച്ചമര്‍ത്തലില്‍നിന്നുമുള്ള മോചനമാണ് ഖുര്‍ആന്‍ ഉന്നയിക്കുന്ന മുഖ്യപ്രശ്‌നം. ഇസ്‌ലാമികമായ ഒരു വിമോചന ദൈവശാസ്ത്രം ഖുര്‍ആനിലെ ഇത്തരം പരാമര്‍ശങ്ങളില്‍നിന്നാണ് ഉരുത്തിരിഞ്ഞുവരുന്നത്. നാവ്‌കൊണ്ട് വിശ്വാസപ്രഖ്യാപനം നടത്തുന്നതുകൊണ്ട് മാത്രം ഒരുവന്‍ വിശ്വാസിയാകുന്നില്ല. വിശ്വാസത്തിന്റെ പ്രയോഗമാണ് വിമോചനത്തിനായുള്ള പോരാട്ടം.
ജിഹാദിന്റെ ശരിയായ രൂപം മര്‍ദകന്റെ മുഖത്തുനോക്കി സത്യം ഉദ്‌ഘോഷിക്കുന്നതാണെന്ന് പ്രവാചകപാരമ്പര്യം അനുശാസിക്കുന്നു. ഇന്ന് ഭൂരിഭാഗം ഇസ്‌ലാമിക രാജ്യങ്ങളും മൂന്നാം ലോകരാജ്യങ്ങളിലുള്‍പ്പെട്ടവയാണ്. സാമ്രാജ്യത്വശക്തികളുടെ ചൂഷണത്തില്‍നിന്ന് ഇവ മുക്തമല്ല. ഫലസ്ത്വീനിലെയും ഇറാനിലെയും അതുപോലുള്ള മറ്റു രാജ്യങ്ങളിലെയും പോരാട്ടത്തെ ഈ പശ്ചാത്തലത്തില്‍ വേണം നമ്മള്‍ കാണാന്‍.
സാമൂഹികരംഗത്തെ സംഭവവികാസങ്ങളെ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കുന്ന ഒരാള്‍ക്ക് എളുപ്പം ബോധ്യപ്പെടുന്ന ഒരുകാര്യമുണ്ട്. ആയിരിക്കുന്നതും ആയിരിക്കേണ്ടതും (Real and the possible) തമ്മില്‍ നിരന്തരമായ സംഘര്‍ഷം നടക്കുന്നുണ്ട്. പരമ്പരാഗത ദൈവശാസ്ത്രം ഈ സംഘര്‍ഷത്തെ സമരസപ്പെടുത്താനും ആയിരിക്കുന്നതിന് കീഴടങ്ങി ജീവിക്കാനും ആളുകളെ പ്രേരിപ്പിക്കുമ്പോള്‍ വിമോചന ദൈവശാസ്ത്രം ഈ സംഘര്‍ഷത്തെ തീവ്രമാക്കി ആയിരിക്കുന്ന അവസ്ഥയെ മറികടന്ന് ആയിരിക്കേണ്ട അവസ്ഥയിലേക്കുള്ള പ്രയാണത്തിന് ആക്കം കൂട്ടുന്നു. വര്‍ധിച്ച തോതില്‍ സ്വാതന്ത്ര്യം, സാമ്പത്തിക ചൂഷണങ്ങള്‍ക്കറുതി വരുത്തല്‍, സമ്പത്തിന്റെ നീതിപൂര്‍വമായ വിതരണം, ജനങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിന് പര്യാപ്തമായ സ്ഥാപനങ്ങള്‍ സ്ഥാപിക്കല്‍, സ്ഥാപിത താല്‍പര്യങ്ങളെ എതിര്‍ക്കല്‍ തുടങ്ങി മാനവികതയുടെ പുരോഗതിക്കാവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കുക എന്നതാണ് വിമോചന ദൈവശാസ്ത്രം വിഭാവനം ചെയ്യുന്നത്. ഈ അര്‍ഥത്തില്‍ വിമോചന ദൈവശാസ്ത്രം ആയിരിക്കുന്നതിന്റെ അല്ല, ആയിരിക്കേണ്ടതിന്റെ ദൈവശാസ്ത്രമാണ്.
വിമോചന ദൈവശാസ്ത്രം മാനവരാശിയുടെ ഐക്യത്തിനുവേണ്ടി നിലകൊള്ളുന്നതിനാല്‍ ദേശം, ജാതി, മതവംശഭേദങ്ങളെ ആസ്പദമാക്കിയുള്ള സര്‍വ ചേരിതിരിവുകള്‍ക്കും എതിരാണ്. മതഭേദത്തെ ആസ്പദമാക്കിയുള്ള വേര്‍തിരിവുപോലും സൂക്ഷ്മവിശകലനത്തില്‍, അടിസ്ഥാനരഹിതമാണെന്നു ബോധ്യപ്പെടും. ഓരോ ജനതക്കും പ്രത്യേകം ദിവ്യ അരുളപ്പാടും ആരാധനാരീതികളും നിര്‍ദേശിച്ചിട്ടുണ്ട്. അവന്‍ നിങ്ങളെ ഒരു ജനതയാക്കിയിരിക്കുന്നു. അനുഷ്ഠാനങ്ങളിലല്ല അന്യോന്യം നന്മ പ്രവര്‍ത്തിച്ചുകൊണ്ട് സഹവര്‍ത്തിക്കാനാണ് വിമോചന ദൈവശാസ്ത്രം ആഹ്വാനം ചെയ്യുന്നത്. ഖുര്‍ആന്റെ അനുശാസനങ്ങളില്‍ നീതിക്കു നല്‍കുന്ന പ്രാധാന്യത്തെ അതുയര്‍ത്തിക്കാട്ടുന്നു. വിശ്വാസികളെ സംബോധന ചെയ്തുകൊണ്ട് ഖുര്‍ആന്‍ പറയുന്നു, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മം കൈക്കൊള്ളുകയും ചെയ്തവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ടെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന്.”
ഇസ്‌ലാമിക വിമോചന ദൈവശാസ്ത്രത്തിലെ മുഖ്യ അംശം നീതിയാണെന്ന് വരുന്നു. സ്വന്തം താല്‍പര്യത്തിനോ ബന്ധുമിത്രാദികളുടെ താല്‍പര്യത്തിനോ വേണ്ടിയാണെങ്കില്‍പോലും നീതി ലംഘിക്കപ്പെടരുത്. വികാരങ്ങളാല്‍ നയിക്കപ്പെടരുത്. അത് അടിച്ചമര്‍ത്തലിലേക്ക് നയിക്കും. പരമ്പരാഗത ദൈവശാസ്ത്രജ്ഞന്മാര്‍ ചെയ്തിരുന്നത് ആളുകളുടെ ചിന്തയെ അതിഭൗതിക കാര്യങ്ങളില്‍ തളച്ചിട്ട് ഭൗതികവിഷയങ്ങളില്‍ നിന്ന് അകറ്റി നിറുത്തുകയായിരുന്നു. എന്നാല്‍ വിമോചന ദൈവശാസ്ത്രമാകട്ടെ നീതിയുക്തമായ ഇഹലോകജീവിതത്തിന് പ്രാധാന്യം നല്‍കുകയും ദുര്‍ബല വിഭാഗങ്ങളുടെ അഥവാ അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്വാതന്ത്ര്യ പ്രാപ്തി ലക്ഷ്യമാക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം