ഫുളൈലു ബ്‌നു ഇയാള് അസാധാരണമായ മാനസാന്തരം
എന്നും പ്രചോദനമാണ് മഹാന്മാരുടെ ജീവിതം. ദൈവഭക്തിയിലും സദ്ഭാവനയിലും പടുത്തുയര്‍ത്തിയ അവരുടെ ജീവിതം ഏവര്‍ക്കും മാതൃകായോഗ്യമാണ്. സജ്ജനങ്ങളുടെ ജീവിതസ്മരണ പാപമോചനത്തിന് ഹേതുവാകുമെന്ന പ്രവാചക വചനവുമുണ്ടല്ലോ. മാതൃകായോഗ്യമായ ജീവിതം നയിച്ച അത്തരം മഹാന്മാരിലൊരാളാണ് ഫുളൈലു ബ്‌നു ഇയാള്(റ). കൊള്ളയിലും കൊള്ളിവെപ്പിലും ജീവിതം തുടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ വിധി. ജീവിതയാത്ര പകുതി പിന്നിട്ടപ്പോഴേക്കും പരിത്യാഗിയായും സ്വൂഫിയായും ഹദീസ് പണ്ഡിതനായും അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞിരുന്നു.
ഹി. 105-ല്‍ സമര്‍ഖന്ദിനടുത്തുളള നസാ പട്ടണത്തിലാണ് ഫുളൈലുബ്‌നു ഇയാള് (റ) ജനിച്ചത്. മക്കയിലേക്കും ഇതര രാജ്യങ്ങളിലേക്കും പോകുന്ന യാത്രാസംഘങ്ങളെ കൊളളയടിച്ചും അവരുടെ ധനം അപഹരിച്ചുമായിരുന്നു അദ്ദേഹം യുവത്വകാലം ചെലവഴിച്ചത്. കച്ചവട സംഘത്തിന്റെയും യാത്രക്കാരുടെയും മനസ്സില്‍ എന്നും ഭീതിയുടെ ആള്‍രൂപമായിരുന്നു ഫുളൈല്‍. അദ്ദേഹത്തിന്റെ കെണിയില്‍ പെടാതിരിക്കാന്‍ പലരും വഴിമാറി സഞ്ചരിക്കാറുണ്ടായിരുന്നു. പല യാത്രാസംഘങ്ങളും അദ്ദേഹത്തെ പേടിച്ച് രാത്രിയാത്ര ഒഴിവാക്കി.
യുവത്വകാലത്തെ അപഥസഞ്ചാരത്തിനിടയില്‍ ഫുളൈല്‍ അതിസുന്ദരിയായ ഒരു യുവതിയെ കണ്ടുമുട്ടുകയും അവളെ പ്രേമിക്കുകയും അവസരം കിട്ടുമ്പോഴൊക്കെ അവളെ കാണാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. കാമുകിയെക്കുറിച്ച ചിന്തയില്‍ നിമഗ്നനായതോടെ കൊള്ള ചെയ്യുന്നതിലും പിടിച്ചുപറിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെയായി. പ്രണയം പണത്തോടുള്ള ആര്‍ത്തി കുറക്കാന്‍ കാരണമായി. കച്ചവടസംഘങ്ങളെ കൊള്ളയടിക്കുന്നത് പ്ലാന്‍ ചെയ്യുന്നതിനു പകരം കാമുകിയെ എങ്ങനെ കണ്ടുമുട്ടാമെന്നും എങ്ങനെ അവളുമായി ബന്ധം സ്ഥാപിക്കാമെന്നുമായി അദ്ദേഹത്തിന്റെ ആലോചന.
അങ്ങനെ, ഒരു രാത്രി ആരും കാണാതെ അദ്ദേഹം കാമുകിയുടെ വീട് ലക്ഷ്യമാക്കി നടന്നു. ലക്ഷ്യസ്ഥാനത്തെത്തി വീടിന്റെ മതില്‍ ചാടാനൊരുങ്ങുമ്പോള്‍ അവ്യക്തമായ ഒരു ശബ്ദം കേള്‍ക്കാനിടയായി. ശബ്ദം വരുന്ന ദിക്കിലേക്ക് അദ്ദേഹം കാതുകള്‍ കൂര്‍പ്പിച്ചു. അന്നേരം അദ്ദേഹത്തിന്റെ കര്‍ണപുടങ്ങളിലേക്ക് ഖുര്‍ആന്‍വചനങ്ങള്‍ ഒഴുകിയെത്തി. ഫുളൈല്‍ അറിയാതെ അതില്‍ മുഴുകിപ്പോയി.
'വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെക്കുറിച്ച സ്മരണയിലേക്കും അവതരിച്ചുകിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങാനും തങ്ങള്‍ക്കു മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കാനും സമയമായില്ലേ? അങ്ങനെ വേദക്കാര്‍ക്ക് കാലം ദീര്‍ഘിച്ചുപോവുകയും തന്മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോവുകയും ചെയ്തു'(അല്‍ ഹദീദ്:16) എന്ന ഖുര്‍ആന്‍ വാക്യം ഫുളൈലിന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു. ഇരുട്ടു നിറഞ്ഞ ഹൃദയം പതുക്കെ പ്രകാശമാനമാകാന്‍ തുടങ്ങി. അദ്ദേഹം ഉച്ചത്തില്‍ പറഞ്ഞുപോയി: 'അതേ, നാഥാ... സമയമായിരിക്കുന്നു.' അങ്ങനെ കാമുകിയെ ഉപേക്ഷിച്ച്, മനസ്സില്‍ ഇലാഹീചിന്ത ഊട്ടിയുറപ്പിച്ച് തന്റെ വീട് ലക്ഷ്യമാക്കി പതുക്കെ തിരിഞ്ഞു നടന്നു. നടക്കുന്നതിനിടയില്‍ ഒരു കൂട്ടം യാത്രക്കാര്‍ വഴിയരികില്‍ വിശ്രമിക്കുന്നത് ഫുളൈല്‍ കണ്ടു. അവര്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ച അദ്ദേഹം ശ്രദ്ധിച്ചു. യാത്രക്കാരിലൊരാള്‍ പറഞ്ഞു: 'വഴിയരികില്‍ ഫുളൈല്‍ ഒളിച്ചിരിക്കുന്നുണ്ടാകും. അതിനാല്‍ പകല്‍യാത്രയായിരിക്കും ഉചിതം.' ഇതു കേട്ട ഫുളൈല്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു. നിറകണ്ണുകളോടെ പറഞ്ഞു: 'നിശ്ചയം, ഫുളൈലിന്റെ വഴി പടച്ചതമ്പുരാന്‍ ശുദ്ധമാക്കിയിരിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് പശ്ചാത്താപവിവശനായ ഫുളൈലാണ്'. അങ്ങനെ ശിഷ്ടകാലം മുഴുവന്‍ അദ്ദേഹം ഇസ്‌ലാമിനെ പഠിക്കാനും സ്രഷ്ടാവിന് വിധേയപ്പെടാനുമായി മാറ്റിവെച്ചു.
അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചും മുന്‍കാലങ്ങളില്‍ ചെയ്തുപോയ പാപങ്ങളുടെ കറ മായ്ച്ചുകളയാനും അദ്ദേഹം ഹജ്ജ് കര്‍മത്തിനായി മക്കയിലേക്ക് പുറപ്പെട്ടു. ഇബ്‌നുല്‍ ജൗസി (റ), മിഹറാനുബ്‌നു അംറുല്‍ അസദിനെ ഉദ്ധരിച്ച് പറയുന്നു: അറഫാ ദിനത്തില്‍ വൈകുന്നേരം ഒരിടത്തു നിന്ന് കണ്ണീരിന്റെ ആധിക്യത്താല്‍ പ്രാര്‍ഥന മുഴുമിപ്പിക്കാന്‍ കഴിയാതെ ഫുളൈല്‍ (റ) പറയുന്നതായി ഞാന്‍ കേട്ടു; 'എന്റെ നാശമേ... നീ എന്നില്‍നിന്ന് അകന്നിരുന്നെങ്കില്‍..!' ഇസ്ഹാഖു ബ്‌നു ഇബ്‌റാഹിമിത്ത്വബ്‌രി(റ) പറയുന്നു: ഫുളൈലിന്റെ കൂടെ അറഫയില്‍ ഒരുപാടു തവണ ഞാന്‍ നിന്നിട്ടുണ്ട്, പക്ഷേ ഒരക്ഷരം പ്രാര്‍ഥിക്കുന്നതായി ഞാന്‍ കേട്ടിട്ടില്ല. തന്റെ കവിള്‍ വലംകൈയില്‍ വെച്ച് തലതാഴ്ത്തി നിശ്ശബ്ദമായി കരയുകയായിരിക്കും അദ്ദേഹം. ഒരുപാട് കരഞ്ഞതിനു ശേഷം തല ആകാശത്തേക്കുയര്‍ത്തിപ്പറയും: 'എന്റെ നാശമേ...അല്ലാഹുവേ...നീ എനിക്ക് പൊറുത്തുതരേണമേ..'
മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ അദ്ദേഹം പറയാറുണ്ടായിരുന്നു; 'അല്ലാഹുവേ.. നിന്നോടുളള പ്രണയം കാരണമായി നീ എന്നെ അനുഗ്രഹിക്കേണമേ.. നിന്നേക്കാളധികം ആരെയും ഞാന്‍ സ്‌നേഹിച്ചിട്ടില്ല..'
ഹി. 187-ല്‍ എഴുപത്തിരണ്ടാം വയസ്സില്‍ മക്കയില്‍ വെച്ച് ഫുളൈല്‍ (റ) ഈ ലോകത്തോട് വിടപറഞ്ഞു.
Comments