Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 22

3094

1440 റജബ് 14

മതനിരപേക്ഷ കൂട്ടുകെട്ടാണ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുക

പ്രഫ. എ.പി അബ്ദുല്‍ വഹാബ് (ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ്)

അതീവ ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സമ്പദ്ഘടന കനത്ത തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മ അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. നരേന്ദ്ര മോദി അധികാരമേറ്റെടുക്കുമ്പോള്‍ 3.4 ശതമാനമായിരുന്നു തൊഴിലില്ലായ്മയുടെ തോതെങ്കില്‍ ഇപ്പോഴത് 7.5 ശതമാനമായിരിക്കുന്നു. വിലക്കയറ്റം എല്ലാ സീമകളെയും അതിലംഘിച്ചിരിക്കുന്നു. അമര്‍ത്യാ സെന്‍ വരച്ചുകാട്ടിയ വിധം ദാരിദ്ര്യം ആത്മശൈഥില്യമായി പരിണമിച്ചിരിക്കുന്നു.

സാമൂഹികഘടനക്ക് സംഭവിച്ച ആഘാതം ഏറെ മാരകമാണ്. വര്‍ഗീയതയുടെ വിനാശകരമായ വിഷം രാജ്യത്തുടനീളം കുത്തിയൊഴുക്കപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ഭരണകൂടം തന്നെ സ്പര്‍ധയുടെ കാലുഷ്യം വിതക്കുകയാണ്. ആള്‍ക്കൂട്ടക്കൊലകള്‍ സാധാരണമായിരിക്കുന്നു.  ജനാധിപത്യവും മതനിരപേക്ഷതയും കനത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.  നീതിനിയമ നിര്‍വഹണത്തിന്റെയും മൗലികാവകാശത്തിന്റെയും മാനദണ്ഡമായ ഭരണഘടന തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഭരണഘടന മാറ്റിയെഴുതപ്പെടണമെന്ന വാദമുയരുന്നത് ഭരണകൂടത്തെ പ്രതിനിധാനം ചെയ്യുന്നവരില്‍നിന്നാണ്. ഏറ്റവും വലിയ അപകട സാധ്യതയെയാണ് ഇത് വെളിപ്പെടുത്തുന്നത്. പൗരന്മാര്‍ക്കിടയില്‍ വിവേചനം കല്‍പിക്കപ്പെടുന്നത് കൊടിയ അനീതിയാണ്. ഈ കൊടിയ തെറ്റിന് ചൂട്ടുപിടിക്കുകയാണ് ഭരണകൂടം. ഫാഷിസ്റ്റ് ഭരണക്രമത്തിന്റെ തയാറെടുപ്പിലാണ് രാജ്യത്തെ ഭരണകൂടം. തെരഞ്ഞെടുപ്പുകളെ പോലും അപ്രസക്തമാക്കുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

ബി.ജെ.പിയെ ചെറുക്കാന്‍ കോണ്‍ഗ്രസ്സിനാവുമെന്ന് വിചാരിക്കാനാകില്ല. കോണ്‍ഗ്രസ്സിന് അതിനുള്ള ത്രാണിയോ സന്നദ്ധതയോ ഇല്ല. രാജ്യത്തെ പ്രമുഖ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് ദുര്‍ബലമായിക്കൊിരിക്കുന്നു. 80 ലോക്‌സഭാ സീറ്റുകളുള്ള യു.പിയില്‍ രണ്ടേ രണ്ട് സീറ്റുകളിലാണ് കോണ്‍ഗ്രസ്സിന് പ്രതീക്ഷ. 54 സീറ്റുകളുള്ള ബിഹാറില്‍ അഞ്ചു സീറ്റുകളെങ്കിലുമുണ്ടാക്കാന്‍ കോണ്‍ഗ്രസ്സിനാവില്ല. സീറ്റുകളുടെ അപര്യാപ്തതയേക്കാള്‍ ഗുരുതരം കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വ നിലപാടാണ്. ഗുജറാത്തില്‍ ബി.ജെ.പിയുടെ മുന്നില്‍ നിവര്‍ന്നു നില്‍ക്കാനുള്ള മനക്കരുത്ത് പോലുമില്ല കോണ്‍ഗ്രസ്സിന്. മധ്യപ്രദേശിലും രാജസ്ഥാനിലും ഗോ സംരക്ഷണത്തിന് ബി.ജെ.പിയോട് മത്സരിക്കുകയാണ് കോണ്‍ഗ്രസ്. പതിനേഴ് സംസ്ഥാനങ്ങളില്‍ ഗോവധ നിരോധന നിയമം കൊണ്ടുവന്നത് തങ്ങളാണെന്ന് മേനി പറഞ്ഞ് കൊണ്ടാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പൗരത്വ നിര്‍ണയ ഭേദഗതി ബില്ലിന്റെ കാര്യത്തിലും മുത്ത്വലാഖ് ബില്ലിന്റെ കാര്യത്തിലും കോണ്‍ഗ്രസെടുത്ത നിലപാട് തീവ്ര ഹിന്ദുത്വത്തോടുള്ള പാര്‍ട്ടിയുടെ മൃദുല നയത്തെ വെളിപ്പെടുത്തുന്നു. കോണ്‍ഗ്രസ്സിനല്ല, വിവിധ സംസ്ഥാനങ്ങളിലെ ജനാധിപത്യ മതനിരപേക്ഷ പാര്‍ട്ടികള്‍ക്കാണ് രാജ്യത്ത് ബദല്‍ സര്‍ക്കാറുണ്ടാക്കാനാവുക. ശക്തമായ ഇടതുപക്ഷ സാന്നിധ്യം മതേതര സര്‍ക്കാറിന് വലിയ മുതല്‍ക്കൂട്ടാവും. തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകുന്ന മതനിരപേക്ഷ കൂട്ടുകെട്ടാണ് രാജ്യത്തിന്റെ ഭാവിയെ നിര്‍ണയിക്കാന്‍ പോകുന്നത്. 

സാമൂഹിക നന്മയാണ് മതമൂല്യങ്ങളുടെ അന്തസ്സത്ത. ഈ നന്മയെ ചുറ്റിലും പ്രസരിപ്പിക്കാന്‍ മതവിശ്വാസം പുലര്‍ത്തുന്നവര്‍ക്കാവുന്നുണ്ടോ എന്നതാണ് കാതലായ ചോദ്യം. ഉന്നതമായ ജീവിത മൂല്യങ്ങളുടെ പ്രതിനിധാനമാകാന്‍ വിശ്വാസികള്‍ക്ക് കഴിയാത്ത കാലത്തോളം മതം വെറും അതിര്‍വരമ്പുകള്‍ മാത്രമാവും. വൈകാരികാവേശങ്ങള്‍ക്കും രാഷ്ട്രീയ നേട്ടങ്ങള്‍ക്കും മതം ദുരുപയോഗം ചെയ്യപ്പെടും. ഇതൊഴിവാക്കപ്പെടണം.

വികസനം താത്ത്വിക പ്രധാനമല്ല, പ്രായോഗികതാപരമാണ്. മനുഷ്യനും പ്രകൃതിയുമാണ് വികസനത്തില്‍ പരിഗണിക്കപ്പെടേണ്ട കാര്യങ്ങള്‍. പരിസ്ഥിതിയെയും പ്രകൃതിയുടെ സന്തുലനത്തെയും പരിഗണിച്ചുകൊണ്ടും അതേസമയം മനുഷ്യര്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തിലുമാകണം വികസനം. സാമൂഹിക നന്മയുടെ മുന്‍ഗണനാക്രമം പാലിക്കാന്‍ തീര്‍ച്ചയായും ഭരണകൂടങ്ങള്‍ ബാധ്യസ്ഥമാണ്. അതോടൊപ്പം മണ്ണിലും വിണ്ണിലും വിഷം കലര്‍ത്തിയും അന്നത്തെയും മരുന്നിനെയും വിഷമയമാക്കിയും പൊടിപൊടിക്കുന്ന ലാഭക്കൊതിയുടെ കമ്പോള താല്‍പര്യങ്ങളെ തീര്‍ത്തും വിസ്മരിച്ചുകൊണ്ട്, അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ മാത്രം പരിസ്ഥിതിധ്വംസനം കാണുന്ന ആത്യന്തികവാദങ്ങളെ നമുക്ക് കരുതിയിരിക്കുകയും വേണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (12-13)
എ.വൈ.ആര്‍

ഹദീസ്‌

നമ്മുടെ സമ്പാദ്യം ഹലാലാണോ?
കെ.സി ജലീല്‍ പുളിക്കല്‍