ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കഴിഞ്ഞകാലം
സ്വാതന്ത്ര്യത്തിനു മുമ്പ് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിംകള്‍ രാഷ്ട്രീയമായി രണ്ടു ചേരികളിലായിരുന്നു മുഖ്യമായും നിലയുറപ്പിച്ചിരുന്നത്. ഒന്ന്, മുഹമ്മദലി ജിന്ന നയിച്ച സര്‍വേന്ത്യാ മുസ്‌ലിം ലീഗില്‍. മറ്റേത്, സാമുദായിക രാഷ്ട്രീയധാരയെ എതിര്‍ത്ത് ദേശീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിലും. നവാബുമാരും മുസ്‌ലിം പ്രമാണിമാരും മുസ്‌ലിം സാമാന്യജനവും ലീഗില്‍ അണിനിരന്നപ്പോള്‍ മൗലാനാ അബുല്‍ കലാം ആസാദ്, ഹകീം അജ്മല്‍ ഖാന്‍, ഹുസൈന്‍ അഹ്മദ് മദനി, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് മുതലായവരും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് എന്ന ദയൂബന്ദി മതധാരയെ പ്രതിനിധീകരിക്കുന്ന പണ്ഡിത സംഘടനയും കോണ്‍ഗ്രസ്സിനോടൊപ്പം നിന്നു. ദേശീയ മുസ്‌ലിംകള്‍ എന്ന് പേരു വിളിക്കപ്പെട്ട കോണ്‍ഗ്രസ് മുസ്‌ലിംകള്‍ പാകിസ്താന്‍ വാദത്തെ ശക്തമായി എതിര്‍ക്കുകയും ബഹുസ്വര രാഷ്ട്രമായ ഇന്ത്യയില്‍ മറ്റു സമുദായങ്ങളോടൊപ്പം സഹവര്‍ത്തിത്വത്തിലും സഹകരണത്തിലും കഴിയുന്നതാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ രക്ഷാമാര്‍ഗം എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതിന് തീര്‍ത്തും വിരുദ്ധമായി ഭിന്ന മത-സംസ്‌കാരങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരേ രാജ്യത്ത് തുല്യപൗരന്മാരായി കഴിയാന്‍ സാധിക്കുകയില്ലെന്നും ഭൂരിപക്ഷ സംസ്‌കൃതിയില്‍ ന്യൂനപക്ഷം ലയിക്കാന്‍ നിര്‍ബന്ധിതരായിത്തീരുമെന്നും മുസ്‌ലിം ലീഗ് വാദിച്ചു. അന്തിമ വിജയം ജിന്നാ സാഹിബിന്റെ നേതൃത്വത്തിനായതും വിഭജനം എന്തു വിലകൊടുത്തും ഒഴിവാക്കാനുള്ള ആസാദിനെ പോലുള്ളവരുടെ ശ്രമം വിഫലമായതും സുവിദിതമായ ചരിത്രം. ഭൂരിപക്ഷ-ന്യൂനപക്ഷ, ജാതി-മത-ഭാഷാ ഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യ പൗരത്വവും സമാവകാശങ്ങളും വകവെച്ചുകൊടുക്കുന്ന ഒരു മതനിരപേക്ഷ ജനാധിപത്യ ഭരണഘടന സ്വതന്ത്ര ഇന്ത്യ അംഗീകരിച്ചത് മുസ്‌ലിം ന്യൂനപക്ഷത്തിന് അനല്‍പമായ ആശ്വാസമാണ് നല്‍കിയത്. കറകളഞ്ഞ സെക്യുലരിസ്റ്റായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണനേതൃത്വത്തില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് മുസ്‌ലിംകള്‍ പൊതുവെ തീരുമാനിച്ചത്. സ്വാതന്ത്ര്യപൂര്‍വ ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ആസാദ്, തന്റെ ആഗ്രഹത്തിനും ഇംഗിതത്തിനും തികച്ചും വിരുദ്ധമായി രാഷ്ട്രം വിഭജിക്കപ്പെട്ടതോടെ ഏറക്കുറെ നിര്‍ജീവനും നിരാശനുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നെഹ്‌റുവിന്റെ ശക്തമായ പ്രേരണയാല്‍ അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി ചുമതലയേറ്റുവെങ്കിലും പഴയ ഊര്‍ജസ്വലത അദ്ദേഹത്തിന് നഷ്ടമായിരുന്നു. 'താങ്കള്‍ ഞങ്ങള്‍ക്ക് പഴയതു പോലെ ക്ലാസ്സുകള്‍ എടുത്തുതരണം' എന്ന് ആവശ്യപ്പെട്ട ശിഷ്യന്മാരോട് അദ്ദേഹം 'അബുല്‍ കലാം മരിച്ചുപോയിരിക്കുന്നു' എന്ന് പ്രതിവചിച്ചതായി അദ്ദേഹത്തെ ഏറെ ബഹുമാനിച്ചിരുന്ന മുഹമ്മദ് ഇസ്ഹാഖ് എഴുതിയിട്ടുണ്ട്.
1948-ല്‍ മദ്രാസില്‍ ചേര്‍ന്ന വിഭക്ത ഇന്ത്യയിലെ മുസ്‌ലിം ലീഗ് നേതാക്കളുടെ യോഗം മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ സാരഥ്യത്തില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് എന്ന പേരില്‍ ലീഗ് പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചുവെങ്കിലും അന്ന് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയില്‍ മാത്രമാണ് ഫലത്തില്‍ ലീഗ് സജീവമായത്. മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ഭരണഘടനാനുസൃതമായ അവകാശങ്ങളുടെ സംരക്ഷണമായിരുന്നു ലീഗിന്റെ അജണ്ട. മദ്രാസ് നിയമസഭയിലേക്കും ഇന്ത്യന്‍ പാര്‍ലമെന്റിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ ഐ.യു.എം.എല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിക്കുകയും ഭാഗികമായി വിജയിക്കുകയും ചെയ്തു. രാജ്യത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും മുസ്‌ലിംകള്‍ സാമാന്യമായി കോണ്‍ഗ്രസ്സിലാണ് അഭയം കണ്ടെത്തിയത്. റഫീ അഹ്മദ് ഖിദ്വായി, ഫഖ്‌റുദ്ദീന്‍ അലി അഹ്മദ്, ഡോ. സയ്യിദ് മഹ്മൂദ്, എം.സി ഛഗ്ല, പ്രഫ. ഹുമയൂന്‍ കബീര്‍ തുടങ്ങിയ 'ദേശീയ മുസ്‌ലിംകള്‍' കോണ്‍ഗ്രസ്സിലൂടെ പദവികള്‍ നേടിയെടുത്തവരാണ്. ഇവരില്‍ മുഹമ്മദലി കരീം ഛഗ്ല മതത്തെ പാടേ നിരാകരിച്ച ശുദ്ധ സെക്യുലരിസ്റ്റായിരുന്നു. അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ മൈനോറിറ്റി ക്യാരക്ടര്‍ റദ്ദാക്കിയ നിയമനിര്‍മാണം നടത്തുന്നത് അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായിരിക്കെയാണ്. മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ ആസൂത്രിത വംശീയ കലാപങ്ങള്‍ രാജ്യത്തുടനീളം നടമാടിയ തൊള്ളായിരത്തി അറുപതുകളില്‍ നിസ്സംഗതയും നിഷ്‌ക്രിയത്വവുമായിരുന്നു കോണ്‍ഗ്രസ്സ് സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് കാണാനായത്. ജവഹല്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെത്തന്നെ അതിന് തുടക്കമിട്ടിരുന്നു. ആയിരക്കണക്കില്‍ നിരപരാധികള്‍ കൊല്ലപ്പെടുകയും അഭയാര്‍ഥികളാവുകയും ചെയ്ത സംഭവങ്ങളില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു താനും. പക്ഷേ ആഭ്യന്തരമന്ത്രി പദവിയിലിരുന്ന ഗോവിന്ദ് ബല്ലഭ് പാന്ത്, ഗുല്‍സാരിലാല്‍ നന്ദ തുടങ്ങിയവര്‍ക്കൊന്നും സംഘ് പരിവാറിന്റെ ആസൂത്രിത പരിപാടിക്കെതിരെ ഒന്നും ചെയ്യാനായില്ല. സുരക്ഷാ സേനകളാവട്ടെ തീര്‍ത്തും പക്ഷപാതപരമായാണ് പെരുമാറിയത്. പലപ്പോഴും പോലീസ് ആക്രമണകാരികളുടെ ഒപ്പം നിന്ന സംഭവങ്ങളും ജുഡീഷ്യല്‍ അന്വേഷണ കമീഷനുകള്‍ അനാവരണം ചെയ്തു. റിപ്പോര്‍ട്ടുകള്‍ അലമാരകള്‍ക്ക് അലങ്കാരമായതല്ലാതെ അവയിലെ ശിപാര്‍ശകള്‍ക്ക് ശാപമോക്ഷം ലഭിച്ചില്ല. കോണ്‍ഗ്രസ്സല്ലാതെ മറ്റൊരു ദേശീയ പാര്‍ട്ടിയും മതന്യൂനപക്ഷങ്ങളുടെ ഓപ്ഷനിലില്ല എന്ന ഉറച്ച ആത്മവിശ്വാസത്തില്‍ സഗൗരവമായ ഒരു പുനഃപരിശോധനയോ തിരുത്തോ കോണ്‍ഗ്രസ്സില്‍നിന്നുണ്ടായതുമില്ല.
ഈ പ്രതിസന്ധിയിലാണ് ബിഹാറില്‍നിന്നുള്ള ദേശീയ മുസ്‌ലിം നേതാവും നെഹ്‌റു മന്ത്രിസഭയില്‍ അംഗവുമായിരുന്ന ഡോ. സയ്യിദ് മഹ്മൂദ്, ലഖ്‌നൗ നദ്‌വത്തുല്‍ ഉലമായുടെ റെക്ടര്‍ മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി, ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അമീര്‍ മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി നദ്‌വി, ദഅ്‌വത്ത് എഡിറ്റര്‍ മുഹമ്മദ് മുസ്‌ലിം, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാവ് മൗലാനാ മുഫ്തി അതീഖുര്‍റഹ്മാന്‍ ഉസ്മാനി, ഐ.യു.എം.എല്‍ പ്രസിഡന്റ് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, കല്‍ക്കത്ത ഖിലാഫത്ത് കമ്മിറ്റി നോതാവ് മുല്ലാജാന്‍ മുഹമ്മദ് തുടങ്ങിയവര്‍ മുന്‍കൈയെടുത്ത് 1964 ഏപ്രിലില്‍ ലഖ്‌നൗ നദ്‌വത്തുല്‍ ഉലമായില്‍ മുസ്‌ലിം പണ്ഡിതസഭകളുടെയും സംഘടനാ പ്രതിനിധികളുടെയും വിപുലമായ ഒരു കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തത്. വര്‍ഗീയ കലാപങ്ങളുടെ പ്രതിരോധമായിരുന്നു പ്രധാന അജണ്ടയെങ്കിലും ഹിന്ദു-മുസ്‌ലിം ബന്ധങ്ങള്‍ പരമാവധി സൗഹൃദപൂര്‍ണമാക്കാനും ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ക്ക് ഭരണഘടനാപരമായ പരിഹാരം തേടാനുമുള്ള നടപടികള്‍ക്കായി ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ എന്ന വേദിക്ക് രൂപം നല്‍കുകയാണ് ഈ ചരിത്രസംഗമം ചെയ്തത്. മുശാവറ നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതില്ല എന്ന് തീരുമാനിച്ചതോടൊപ്പം മതേതര പാര്‍ട്ടികളെയോ മുന്നണികളെയോ അധികാരത്തിലേറ്റാന്‍ സമ്മതിദാനാവകാശം ഉപയോഗിക്കണമെന്നും ഭരിക്കുന്നവരുമായുള്ള ബന്ധങ്ങളിലൂടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ധാരണയുണ്ടാക്കി. സന്മനസ്സും വിശാല വീക്ഷണവുമുള്ള അമുസ്‌ലിം പ്രമുഖരെ ഒപ്പം കൂട്ടി സാമുദായികാന്തരീക്ഷം മോശപ്പെട്ട മേഖലകളില്‍ മജ്‌ലിസെ മുശാവറ നേതൃസംഘം പര്യടനം നടത്തുകയായിരുന്നു പ്രഥമ പരിപാടി. പ്രമുഖ ഗാന്ധിശിഷ്യനായിരുന്ന പ്യാരെ ലാലിനെ കൂടെ കൂട്ടി വിവിധ പ്രദേശങ്ങളില്‍ നടത്തിയ ഈ പര്യടനം ഏറെ ശുഭസൂചകവും ന്യൂനപക്ഷത്തിന്റെ മനോവീര്യമുയര്‍ത്തുന്നതുമായിരുന്നു. അങ്ങനെയിരിക്കെയാണ് 1967-ലെ പൊതു തെരഞ്ഞെടുപ്പ് വന്നത്. നെഹ്‌റു നേതൃസ്ഥാനത്തില്ലാതെ കോണ്‍ഗ്രസ്സ് നേരിടേണ്ടിവന്ന ആദ്യ തെരഞ്ഞെടുപ്പു കൂടിയായിരുന്നു അത്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി സ്ഥാനമേറ്റ ലാല്‍ ബഹാദൂര്‍ ശാസ്ത്രി 1965-ലെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ അന്ത്യം കുറിച്ച താഷ്‌കന്റ് കരാറില്‍ ഒപ്പിട്ട ശേഷം ഹൃദയാഘാതം മൂലം നിര്യാതനായതിനെ തുടര്‍ന്ന് നെഹ്‌റുവിന്റെ പുത്രി ഇന്ദിരാഗാന്ധിയായി പ്രധാനമന്ത്രി. 1967-ലെ തെരഞ്ഞെടുപ്പിനെ നേരിട്ടത് പല സംസ്ഥാനങ്ങളിലും പ്രതിപക്ഷം ഐക്യമുന്നണികള്‍ രൂപവത്കരിച്ചുകൊണ്ടാണ്. ഹിന്ദി സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ ആദ്യ രൂപമായ ഭാരതീയ ജനസംഘത്തെ പോലും കൂട്ടുപിടിക്കാന്‍ മതേതര കക്ഷികള്‍ തയാറായി. ഈ ഘട്ടത്തില്‍ മുസ്‌ലിം മജ്‌ലിസെ മുശാവറ ഒരവകാശ പത്രിക പുറത്തിറക്കിക്കൊണ്ട് അതംഗീകരിക്കുന്ന പാര്‍ട്ടികള്‍ക്ക് മുസ്‌ലിം പിന്തുണ വാഗ്ദാനം ചെയ്യാമെന്ന തീരുമാനമെടുത്തു. എന്നാല്‍ ഈ പത്രിക ഗൗനിക്കാന്‍ പോലും പാര്‍ട്ടികളോ മുന്നണികളോ സന്നദ്ധരായില്ല. മുസ്‌ലിം പ്രീണനാരോപണത്തെക്കുറിച്ച ഭീതി ആയിരുന്നു കാരണം. വിവിധ രാഷ്ട്രീയ ചിന്താഗതിക്കാരായ മുസ്‌ലിം നേതാക്കള്‍ താന്താങ്ങളുടെ പാര്‍ട്ടികളോട് പ്രതിബദ്ധത പുലര്‍ത്തുന്ന നിലപാട് സ്വീകരിച്ചുവെന്നതാണ് തുടര്‍ന്നു സംഭവിച്ചത്. എങ്കിലും മുസ്‌ലിം ന്യൂനപക്ഷം പൊതുവെ കോണ്‍ഗ്രസ്സില്‍നിന്നകന്നതാണ് ഇലക്ഷന്‍ ഫലങ്ങളിലൂടെ പുറത്തു വന്നത്. സംയുക്ത വിധായക് ദള്‍ എന്ന പ്രതിപക്ഷ കൂട്ടായ്മ ചില സംസ്ഥാനങ്ങളില്‍ അധികാരമേല്‍ക്കുകയും പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്സിന്റെ ശക്തി ഗണ്യമായി കുറയുകയും ചെയ്തു. കേരളത്തില്‍ മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് ബന്ധമുപേക്ഷിച്ച് ഇ.എം.എസ് നമ്പൂതിരിപ്പാട് നേതൃത്വം നല്‍കിയ സപ്തകക്ഷി മുന്നണിയില്‍ ഘടകമാവുകയും നിയമസഭയില്‍ കോണ്‍ഗ്രസ് വെറും ഒമ്പതംഗ പ്രതിപക്ഷ ഗ്രൂപ്പായി ചുരുങ്ങുകയും ചെയ്തത് '67-ലായിരുന്നല്ലോ. എത്ര അവഗണിച്ചാലും മുസ്‌ലിംകള്‍ തങ്ങളോടൊപ്പം നില്‍ക്കുമെന്ന കോണ്‍ഗ്രസ്സിന്റെ വിശ്വാസത്തിന് ക്ഷതമേറ്റത് '67-ലെ തെരഞ്ഞെടുപ്പോടു കൂടിയാണ്.
കോണ്‍ഗ്രസ്സിനെ കൈവെടിഞ്ഞ മുസ്‌ലിംകള്‍ ബംഗാളില്‍ ഇടതുമുന്നണിയോടും ബിഹാറില്‍ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളോടും ആഭിമുഖ്യം കാണിക്കുകയും കേരളത്തില്‍ ഇടത് മുന്നണിയെയും വേിവന്നാല്‍ പിന്തുണക്കാമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ കാതലായ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായില്ല. പാര്‍ട്ടിക്കകത്തെ ഹിന്ദുത്വ ലോബിയുടെ സ്വാധീനവും മതേതര ശക്തിയുടെ ബലഹീനതയുമായിരുന്നു മുഖ്യ കാരണം. സമുദായം അഭിമുഖീകരിച്ച പ്രശ്‌നങ്ങളെ ആത്മാര്‍ഥമായി പാര്‍ട്ടി-ഭരണ നേതൃത്വങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ത്രാണിയുള്ള മുസ്‌ലിം നേതാക്കളുടെ അഭാവവും ഇതിന് വഴിവെച്ചിരിക്കാം. 1971-ലെ ബംഗ്ലാദേശ് യുദ്ധത്തിലെ വിജയം ഇന്ദിരാ ഗാന്ധിക്ക് നേടിക്കൊടുത്ത വീരപരിവേശം അവരുടെ കസേരയെ ഉറപ്പിച്ചുനിര്‍ത്താന്‍ സഹായകമായി എന്നത് വാസ്തവമാണ്. എന്നാല്‍, അവരുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള 1975-ലെ അലഹാബാദ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് രാജിവെച്ച് പുതുതായി ജനവിധി തേടണമെന്നാവശ്യപ്പെട്ട് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ആരംഭിച്ച വന്‍പ്രക്ഷോഭത്തെ രാജ്യത്ത് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലൂടെ നേരിടാന്‍ നടത്തിയ ശ്രമം '77-ലെ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയമാണവര്‍ക്ക് സമ്മാനിച്ചത്. അടിയന്തരാവസ്ഥാ കാലത്ത് ഇന്ദിരയുടെ തണലില്‍ മകന്‍ സഞ്ജയ് ഗാന്ധി നടപ്പിലാക്കിയ നിര്‍ബന്ധ വന്ധ്യംകരണവും ചേരിനിര്‍മാര്‍ജനത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന തുര്‍ക്കുമാന്‍ ഗേറ്റ് കോളനിയിലെ ബുള്‍ഡോസര്‍ പ്രയോഗത്തിലൂടെയുള്ള ഉന്മൂലനവുമെല്ലാം കോണ്‍ഗ്രസ്സിന്റെ പതനത്തിന്റെ മുഖ്യ കാരണങ്ങളായി. രാഷ്ട്രപതി ഭവനില്‍ ഫഖ്‌റുദ്ദീന്‍ അലി അഹ്മദിന്റെ സാന്നിധ്യമോ കേരളത്തില്‍ മുസ്‌ലിം ലീഗിന്റെ പിന്തുണയോ ഒന്നും ഇന്ദിരാ ഗാന്ധിയെ രക്ഷിച്ചില്ല. അടിയന്തരാവസ്ഥാകാലത്ത് നിരോധിച്ച ആര്‍.എസ്.എസ്സിനോടൊപ്പം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെ കൂടി കൂട്ടിക്കെട്ടിയ നടപടി അവരുടെ ഉദ്ദേശ്യശുദ്ധിയെ സംശയകരമാക്കി. '77 തെരഞ്ഞെടുപ്പില്‍ രൂപപ്പെട്ട ജനതാ പാര്‍ട്ടിയിലും തുടര്‍ന്ന് അധികാരമേറ്റ മൊറാര്‍ജി ദേശായി മന്ത്രിസഭയിലും മുസ്‌ലിംകള്‍ നിര്‍ണായക സ്ഥാനങ്ങള്‍ നേടിയെടുത്തു. അതേസമയം ജനതാ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയും ലാല്‍ കൃഷ്ണ അദ്വാനിയും ഭാരതീയ ജനസംഘത്തിന്റെ കൂടുതല്‍ ശക്തമായ പുനര്‍ജനിക്കു വേണ്ടി പണിയെടുക്കുകയായിരുന്നു എന്ന തിക്ത സത്യവും മറന്നുകൂടാ. ജാട്ട് നേതാവ് ചരണ്‍ സിംഗിന്റെ പ്രധാനമന്ത്രി പദമോഹത്തില്‍നിന്ന് മുതലെടുത്ത് ഇന്ദിരാ ഗാന്ധി നടത്തിയ ചരടുവലികള്‍ മൊറാര്‍ജി മന്ത്രിസഭയുടെ പതനത്തില്‍ കലാശിച്ചതും ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇന്ദിര പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നതുമാണ് ശേഷവിശേഷങ്ങള്‍.
1984-ല്‍ ഖലിസ്ഥാന്‍ ഭീകരര്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ തോക്കിനിരയാക്കിയതിനെ തുടര്‍ന്നുളവായ സഹതാപതരംഗത്തില്‍ പിന്‍ഗാമിയായി സ്ഥാനമേറ്റ മകന്‍ രാജീവ് ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ മഹാ വിജയത്തില്‍ മുസ്‌ലിം ന്യൂനപക്ഷവും നിര്‍ണായക പങ്കാണ് വഹിച്ചത്. പക്ഷേ രാജീവിന്റെ പരിചയക്കുറവില്‍നിന്ന് മുതലെടുത്ത ചില പാര്‍ട്ടി നേതാക്കള്‍ ഹിന്ദുവോട്ട് ലാക്കാക്കി, പൂട്ടിക്കിടന്ന ബാബരി മസ്ജിദ് കേസ് തീര്‍പ്പാവുന്നത് കാത്തിരിക്കാതെ പള്ളിയുടെ പൂട്ട് തുറന്ന് വിഗ്രഹപൂജക്കായി തുറന്നുകൊടുക്കുന്നതിലേക്ക് നയിച്ച സംഭവങ്ങള്‍ മുസ്‌ലിംകളെ ഒരിക്കല്‍കൂടി കോണ്‍ഗ്രസ്സില്‍നിന്നകറ്റി. '87-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ്സ് നേരിട്ട വന്‍ തിരിച്ചടി അതിന്റെ ഫലമായിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ രാജീവ് ഗാന്ധിയെ തമിഴ് പുലികള്‍ ചതിയില്‍ കൊന്നതോടെ ഗതി മാറി. കോണ്‍ഗ്രസ് കഷ്ടിച്ചു ജയിച്ചുകയറുകയും ചെയ്തു. പ്രധാനമന്ത്രിയായി അവരോധിതനായ പി.വി നരസിംഹറാവു പാര്‍ട്ടിക്കുള്ളിലെ ഹിന്ദുത്വ അനുകൂലിയായിരുന്നു. 1992 ഡിസംബര്‍ ആറിന് രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്ന് അയോധ്യയിലേക്ക് പ്രവഹിച്ച ഹിന്ദുത്വ ഭീകരരുടെ മസ്ജിദ് ധ്വംസനത്തിന് മൗനാനുവാദം നല്‍കിയ നരസിംഹ റാവുവിന്റെ പാര്‍ട്ടിയെ മുസ്‌ലിംകള്‍ ഏറക്കുറെ പൂര്‍ണമായി കൈയൊഴിയുന്നതാണ് പിന്നീട് കണ്ടത്. അപ്പോഴും നേരായൊരു ബദല്‍ അവരുടെ മുന്നിലില്ലായിരുന്നു. ജനതാ ദള്‍ നേതാവ് വി.പി സിംഗിനെ അവര്‍ പിന്താങ്ങിയെങ്കിലും, അദ്ദേഹത്തിന്റെ മന്ത്രിസഭയെ പുറമെ നിന്ന് പിന്തുണച്ച ബി.ജെ.പി വിവാദവിധേയമായ രഥയാത്ര ബിഹാറില്‍ തടയപ്പെട്ടതിനെത്തുടര്‍ന്ന് കാലുമാറിയതിനാല്‍ സര്‍ക്കാര്‍ നിലം പൊത്തി. വാജ്‌പേയി, ചന്ദ്രശേഖര്‍, ദേവഗൗഡ, ഐ.കെ ഗുജ്‌റാള്‍ മന്ത്രിസഭകളുടെ അരങ്ങേറ്റത്തിനും പതനത്തിനും വഴിയൊരുക്കിയ അനിശ്ചിതത്വത്തിനു ശേഷം 1999-ലെ തെരഞ്ഞെടുപ്പില്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ ഭൂരിപക്ഷം നേടി അധികാരം പിടിച്ചപ്പോള്‍ മുസ്‌ലിംകള്‍ വീണ്ടും അസ്വസ്ഥരായി. പക്ഷേ പ്രത്യക്ഷത്തില്‍ കടുത്ത നടപടികളിലേക്കൊന്നും നീങ്ങാതെ അഞ്ചു വര്‍ഷം പൂര്‍ത്തീകരിക്കാന്‍ വാജ്‌പേയിക്ക് കഴിഞ്ഞു. 'ഇന്ത്യ തിളങ്ങുന്നു' എന്ന അവകാശവാദത്തോടെ ഇലക്ഷനെ നേരിട്ട കാവിപ്പടക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. കോണ്‍ഗ്രസ്സിന്റെ അധ്യക്ഷ പദവി ഏറ്റെടുത്ത് സോണിയാ ഗാന്ധി ബാബരി മസ്ജിദ് തകര്‍ച്ചയില്‍ ഖേദം പ്രകടിപ്പിക്കുകയും ന്യൂനപക്ഷ സുരക്ഷ ഉറപ്പു നല്‍കുകയും ചെയ്തപ്പോള്‍ മുസ്‌ലിംകള്‍ കോണ്‍ഗ്രസ്സിലേക്കുതന്നെ തിരിഞ്ഞു. 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിച്ച യു.പി.എ അധികാരത്തിലേറുകയും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്ത പശ്ചാത്തലം അതാണ്. ഭരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അദ്ദേഹം 50 വര്‍ഷത്തെ മുസ്‌ലിം സ്ഥിതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അധ്യക്ഷനായി ഒമ്പതംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത് സുപ്രധാന സംഭവമാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ കമ്മിറ്റി സമര്‍പ്പിച്ച സമഗ്ര റിപ്പോര്‍ട്ടില്‍, മതേതര സര്‍ക്കാറുകളുടെ ഭരണത്തിനു കീഴില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷം- അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ മതന്യൂനപക്ഷമാണ്- വിദ്യാഭ്യാസപരമായും ആരോഗ്യ-സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങളിലും ദയനീയമായ സ്ഥിതിയിലാണ് കഴിയുന്നതെന്ന് വസ്തുതകളുടെ പിന്‍ബലത്തില്‍ തുറന്നുകാട്ടി. മുഖ്യപ്രതിപക്ഷമായ ബി.ജെ.പി റിപ്പോര്‍ട്ട് തള്ളി. കേന്ദ്രവും ചില സംസ്ഥാനങ്ങളും ശിപാര്‍ശകള്‍ ഭാഗികമായി നടപ്പാക്കി. പക്ഷേ അഭൂതപൂര്‍വമായ അഴിമതി ആരോപണങ്ങളില്‍ മുങ്ങിയ യു.പി.എ സര്‍ക്കാറിന് മൂന്നാമൂഴം അനുവദിക്കാതെ 2014 തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനത വന്‍ ഭൂരിപക്ഷത്തോടെ എന്‍.ഡി.എയെയാണ് അധികാരത്തില്‍ പുനഃപ്രതിഷ്ഠിച്ചത്. അതിന്റെ കെടുതികള്‍ ന്യൂനപക്ഷങ്ങള്‍ മാത്രമല്ല ജനങ്ങളാെകത്തന്നെ അനുഭവിക്കുമ്പോഴാണ് അടുത്ത ഏപ്രില്‍-മെയ് മാസങ്ങളില്‍ പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
അപ്പോഴും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഒരേകീകൃത രാഷ്ട്രീയ വേദിയോ ദേശീയ പാര്‍ട്ടിയോ ഇല്ല. അസമില്‍ ബദ്‌റുദ്ദീന്‍ അജ്മലിന്റെ എ.ഐ.യു.ഡി.എഫ്, തെലങ്കാനയില്‍ ഉവൈസി കുടുംബത്തിന്റെ ആള്‍ ഇന്ത്യാ മജ്‌ലിെസ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍, കേരളത്തില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികളാണ് സജീവ സാന്നിധ്യം തെളിയിക്കുന്നത്. യു.പിയില്‍ അവര്‍ എസ്.പിയെയും ബി.എസ്.പിയെയും തുണക്കുമ്പോള്‍ ബിഹാറില്‍ ആര്‍.ജെ.ഡിക്കൊപ്പമാണ്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സാണ് അഭയസങ്കേതം. മറ്റിടങ്ങളില്‍ കോണ്‍ഗ്രസ്സിലും മറ്റു പ്രാദേശിക പാര്‍ട്ടികളിലുമായി ചിതറുകയാണ് മുസ്‌ലിം വോട്ടുകള്‍. ഒരു കാര്യത്തില്‍ മാത്രം അവരുടെ വികാരം ഒന്നാകുന്നു; നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിന് ഇനിയൊരവസരം നല്‍കരുത്. ശീഈ, സൂഫി, ബറേല്‍വി ഗ്രൂപ്പുകളിലൂടെ മുസ്‌ലിം വോട്ടുകള്‍ ശിഥിലീകരിക്കുകയാണ് ബി.ജെ.പി കാണുന്ന മറുതന്ത്രം. പരിണതി കാത്തിരുന്നു കാണാം.
Comments