Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 22

3094

1440 റജബ് 14

ഫാഷിസത്തെ പ്രത്യയശാസ്ത്രപരമായി കൂടി അഭിമുഖീകരിക്കണം

ഹമീദ് വാണിയമ്പലം (സംസ്ഥാന പ്രസിഡന്റ്, വെല്‍ഫെയര്‍ പാര്‍ട്ടി)

ഫാഷിസം അതിന്റെ മുഴുവന്‍ ദംഷ്ട്രകളും അധികാരപ്രയോഗത്തിലൂടെ പുറത്തെടുത്തിരിക്കുകയാണ്. മുമ്പ് ഇന്ത്യയുടെ സാമൂഹികാവസ്ഥയില്‍ ഒളിഞ്ഞും തെളിഞ്ഞുമാണ് അത്തരം പ്രവണതകള്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് ഭരണകൂടരൂപമായി കഴിഞ്ഞിരിക്കുന്നു. സെക്യുലര്‍ പാര്‍ട്ടികളുടെ പോരായ്മകള്‍ വിലയിരുത്തുന്നതുപോലെ ഇവരെ വിലയിരുത്തുന്നത് അബദ്ധമായിരിക്കും. പ്രത്യയശാസ്ത്രപരമായിട്ടു കൂടി എന്‍.ഡി.എ ഭരണത്തെ വിലയിരുത്താനാകണം. കാരണം ഭരണം മാറിയാലും ഇന്ത്യയുടെ സാമൂഹികാവസ്ഥയെ സ്വാധീനിക്കാവുന്ന തരത്തില്‍ ഒരു ഡീപ് സ്റ്റേറ്റ് രൂപപ്പെടുത്താന്‍ ആര്‍.എസ്.എസ്സിന് ഇതിനകം സാധിച്ചിട്ടുണ്ട്. എന്നാല്‍ ആശയപരമായി പ്രതിരോധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ല. ഫാഷിസം സൃഷ്ടിക്കുന്ന കള്‍ച്ചറല്‍ നാഷ്‌നലിസം, വംശീയത, സാമുദായിക ധ്രുവീകരണം, ജാതിവ്യവസ്ഥയുടെ സംരക്ഷണം, സെമിറ്റിക് വിരോധം തുടങ്ങിയവ കേവല രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ കൊണ്ട് മറികടക്കാന്‍ കഴിയുന്നവയല്ല.

ഏകസ്വരത്തിലും ഏകവര്‍ണത്തിലും ഏകാധിപത്യത്തിലും നിലനില്‍ക്കുന്ന ഫാഷിസത്തെ ചെറുക്കാന്‍ തെരഞ്ഞെടുപ്പു സഖ്യങ്ങള്‍ മാത്രമാണ് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവെക്കുന്നത്. അതുതന്നെ ബി.ജെ.പിയെ അധികാരത്തില്‍നിന്നിറക്കി തങ്ങള്‍ക്ക് അധികാരത്തിലേറാനുള്ള മാര്‍ഗമെന്ന നിലക്കു മാത്രമാണ് അവര്‍ കാണുന്നത്. ബി.ജെ.പിക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവരാവുന്ന ഏറ്റവും വലിയ ദേശീയ ബദലായ കോണ്‍ഗ്രസ്സിന്റെ കാര്യമെടുത്താല്‍ വളരെ വ്യക്തമായി മനസ്സിലാക്കാവുന്ന കാര്യം ഫാഷിസത്തെ പ്രത്യയശാസ്ത്രപരമായി പ്രശ്‌നവത്കരിക്കുക എന്ന അജണ്ട അവര്‍ക്കില്ല എന്നുതന്നെയാണ്. അതുകൊണ്ടാണ് പശുവും രാമക്ഷേത്രവുമൊക്കെ കോണ്‍ഗ്രസ്സിന്റെയും വിഷയമാകുന്നത്. മുസ്‌ലിം നേതാക്കളെയും സ്ഥാനാര്‍ഥികളെയും നിയമസഭാ ഇലക്ഷനുകളില്‍ എന്നും മാറ്റിനിര്‍ത്തി മൃദുഹിന്ദുത്വം പയറ്റുന്നതും വോട്ട് ബാങ്ക് മാത്രം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയമാണ്. കേരളത്തില്‍ സി.പി.എമ്മിന്റെ ആയിരം ദിനങ്ങളെടുത്താലും ഇതുതന്നെയാണ് കാണാനാകുന്നത്. ഹാദിയ, ഘര്‍വാപ്പസി കേന്ദ്രങ്ങള്‍, പ്രബോധന പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇടത് ഭരണകൂടം സ്വീകരിച്ച സമീപനങ്ങളില്‍ ഭൂരിപക്ഷ ജനവിഭാഗത്തിന്റെ വോട്ട് ബാങ്ക് പ്രധാന ഘടകമായിരുന്നു. അധികാരമില്ലാത്തിടത്തും ഫാഷിസത്തിന് ആധിപത്യം നിലനിര്‍ത്താനാവുന്നു എന്നതിന്റെ ഉദാഹരണമാണ് കേരളത്തിലെ പല സംഭവവികാസങ്ങളും. ഇത് ന്യൂനപക്ഷങ്ങളില്‍ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടു്.

ഇന്ത്യയുടെ സാമൂഹികാവസ്ഥ ജാതികേന്ദ്രീകൃതമാണ്. ഇത് നിലനിര്‍ത്തുകയും വിവേചനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ബി.ജെ.പിയുടെ നിലപാട്. വര്‍ധിച്ചുവരുന്ന ദലിത് പീഡനങ്ങള്‍ ഇതിന്റെ തെളിവാണ്.

എന്നാല്‍, ആശങ്കകളോടൊപ്പം വലിയ പ്രതീക്ഷകള്‍ കൂടി ഉണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ 65 ശമതാനം ആളുകള്‍ ബി.ജെ.പിയെ പിന്തുണച്ചിട്ടില്ല എന്നതാണ് ആ പ്രതീക്ഷയുടെ വലിയ ഘടകം. ഇതിനെ പോസിറ്റീവായി കണ്ട് ക്രിയാത്മക ഇടപെടലുകളിലൂടെ ഫാഷിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാന്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കേണ്ടതുണ്ട്. ദലിത് ഉണര്‍വുകള്‍ വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. കാമ്പസുകളിലും മറ്റും അത്തരം ഉണര്‍വുകള്‍ സൃഷ്ടിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ അന്തരീക്ഷത്തെ ബി.ജെ.പിക്കെതിരായി ഉപയോഗപ്പെടുത്താനാവണം. കര്‍ഷകര്‍ വലിയ അസംതൃപ്തിയിലാണ്. കര്‍ഷക പ്രക്ഷോഭങ്ങളെ ആത്മാര്‍ഥമായി മനസ്സിലാക്കാന്‍ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞാല്‍ അത് വലിയ റിസള്‍ട്ട് ഉണ്ടാക്കും. ഫാഷിസ്റ്റ് ചിന്താഗതിക്കാര്‍ക്കിടയിലെ ആഭ്യന്തര വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും കൂടി ചേര്‍ന്നാല്‍ വിദൂരമല്ലാത്ത ഭാവിയില്‍ ഫാഷിസത്തിന്റെ ജ്വാലകള്‍ കെട്ടടങ്ങും എന്നുതന്നെയാണ് പ്രതീക്ഷ.

ആസന്നമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വ്യക്തമായ പ്രായോഗിക പദ്ധതികള്‍ മതേതര പാര്‍ട്ടികള്‍ക്കുണ്ടാവണം. തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ധാരണകള്‍ക്ക് ബി.ജെ.പിയുടെ വിജയസാധ്യതയെ തടയാനാവില്ല. തെരഞ്ഞെടുപ്പിനു മുമ്പേ കൃത്യമായ ധാരണകളുണ്ടാകണം. പരസ്പരം പങ്കുവെക്കുകയും വിട്ടുവീഴ്ച ചെയ്യുകയും പരസ്പരം മത്സരിക്കാതിരിക്കുകയും ചെയ്യുന്ന തരത്തില്‍ ഉയര്‍ന്നു ചിന്തിക്കാന്‍ മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് സാധിക്കേണ്ടതുണ്ട്.

ഫാഷിസ്റ്റ് ഭരണകൂടത്തിനു കീഴില്‍ ഏറ്റവുമധികം അരക്ഷിതരാക്കപ്പെട്ടത് മുസ്‌ലിം സമുദായമാണ്. എന്നാല്‍ ദലിത് സമൂഹത്തില്‍ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയ ഉണര്‍വുകള്‍ മുസ്‌ലിം സമുദായത്തില്‍ കാണുന്നില്ല. ദേശീയതയില്‍  അപരവത്കരിക്കപ്പെട്ട ജനത എന്ന നിലക്ക് സാമുദായിക രാഷ്ട്രീയം അപരവത്കരണത്തിന്റെ ആഴം വര്‍ധിപ്പിക്കുകയാണ് ചെയ്യുക.

മതേതര ജനാധിപത്യ സ്വഭാവത്തോടെ വിവിധ ജനവിഭാഗങ്ങള്‍ ചേര്‍ന്നുനില്‍ക്കുന്ന രാഷ്ട്രീയ മുന്നേറ്റമാണ് പരിഹാരം. മുസ്‌ലിം എന്ന സ്വത്വം തന്നെയാണിവിടെ പ്രശ്‌നം. ആ പ്രശ്‌നത്തെ പ്രശ്‌നമായി കാണുന്ന വിവിധ ജനസമൂഹങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന യോജിച്ച മുന്നേറ്റങ്ങളുണ്ടാവണം. പാര്‍ശ്വവത്കരിക്കപ്പെടുന്നവരും അപരവത്കരിക്കപ്പെടുന്നവരും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ആശയപരമായും രാഷ്ട്രീയമായും ഫാഷിസത്തെ നേരിടാന്‍ കെല്‍പുള്ള വിശാല കൂട്ടായ്മകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. സാമൂഹിക നീതി, നവജനാധിപത്യം, രാഷ്ട്രീയ സാഹോദര്യം, കള്‍ച്ചറല്‍ ഫെഡറലിസം തുടങ്ങിയവ ഫാഷിസത്തെ പ്രത്യയശാസ്ത്രപരമായി അഭിമുഖീകരിക്കുന്ന ആശയങ്ങളാണ്. അവയെ മനസ്സിലാക്കി നയങ്ങള്‍ കൈക്കൊള്ളാന്‍ പാര്‍ട്ടികള്‍ക്ക് സാധിക്കണം.

'90-കള്‍ക്കു ശേഷം കോര്‍പറേറ്റുകളാണ് രാജ്യത്ത് വികസന കാഴ്ചപ്പാടുകള്‍ തീരുമാനിക്കുന്നത്. അതാകട്ടെ ജനതാല്‍പര്യങ്ങള്‍ക്കു വിരുദ്ധവും. ജനവിരുദ്ധമായ വികസന കാഴ്ചപ്പാടുകള്‍ക്കെതിരെ എതിര്‍പ്പുകളുണ്ടാകുമ്പോള്‍ അതിനെ വികസനവിരുദ്ധമെന്ന് മുദ്രകുത്തി അടിച്ചൊതുക്കാന്‍ ഭരണകൂടത്തിന് സാധിക്കുന്നു.

സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവരെ പരിഗണിക്കുന്നതാകണം വികസനം. അടിസ്ഥാന ആവശ്യങ്ങളാവണം വികസനത്തിന്റെ മുന്‍ഗണനാക്രമത്തില്‍ വരേണ്ടത്. സന്തുലിതവും സുസ്ഥിരവുമായ വികസനമെന്നത് പ്രധാനമാണ്. മുകള്‍ത്തട്ടിലുള്ളവര്‍ക്ക് മാത്രം വികസനഫലങ്ങള്‍ കിട്ടുകയും താഴേക്കിടയിലുള്ളവര്‍ കൂടുതല്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്ന വികസന നയങ്ങള്‍ തിരുത്തപ്പെടണം. ഭൂമി, വീട്, ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, ചികിത്സ, തൊഴില്‍, അന്തസ്സ്, അഭിമാനം ഇവ ഓരോ പൗരന്നും കുടുംബത്തിനും സമുദായത്തിനും പ്രദേശത്തിനും ഉറപ്പുവരുത്താന്‍ കഴിയുമ്പോഴേ വികസനം നീതിപൂര്‍വമാവുകയുള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (12-13)
എ.വൈ.ആര്‍

ഹദീസ്‌

നമ്മുടെ സമ്പാദ്യം ഹലാലാണോ?
കെ.സി ജലീല്‍ പുളിക്കല്‍