മക്കള്‍ പിതാക്കളെ വെറുക്കുന്നതും അകലുന്നതും
പിതാക്കളും മക്കളും തമ്മിലുള്ള നിരവധി പ്രശ്‌നങ്ങളില്‍ എനിക്ക് ഇടപെടേണ്ടി വന്നിട്ടുണ്ട്. ആ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പിതാക്കന്മാരും മക്കളും തമ്മിലെ ബന്ധങ്ങള്‍ വഷളാകുന്നതിലേക്ക് നയിക്കുന്ന ആറ് കാരണങ്ങള്‍ ഞാന്‍ പറയാം:
ഒന്ന്, പിശുക്ക്. സാമ്പത്തികസൗകര്യമുള്ള പിതാക്കള്‍ മക്കളുടെ കാര്യത്തില്‍ ലുബ്ധ് കാണിക്കും. ചെലവിന്് മതിയായ കാശ് നല്‍കാതെയും വസ്ത്രം, പഠനോപകരണങ്ങള്‍, വിനോദോപാധികള്‍ തുടങ്ങിയവക്ക് തുക അനുവദിക്കാതെയും മക്കളെ ബുദ്ധിമുട്ടിക്കുന്ന അതേ പിതാവിനെ മകന്‍ കാണുന്നത്, തന്റെ സ്വന്തം ആവശ്യങ്ങള്‍ക്ക് അയാള്‍ നിര്‍ലോഭം ചെലവു ചെയ്യുന്നതും ധൂര്‍ത്തടിക്കുന്നതുമാണ്. ഇത്തരം പിതാക്കന്മാരെ മക്കള്‍ വെറുക്കും. തങ്ങളുടെ സ്വന്തം ആവശ്യങ്ങള്‍ക്ക് അവര്‍ ഉമ്മയെയോ വലിയുമ്മയെയോ ആശ്രയിക്കേണ്ടിവരും. അല്ലെങ്കില്‍ മോഷ്ടിച്ചെടുക്കും. സുഹൃത്തുക്കളോട് വായ്പയായും കടമായും വാങ്ങി ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിര്‍ബന്ധിതരാവും.
രണ്ട്, പീഡനം. ഇത് പലവിധമുണ്ട്. ശകാരം, പരിഹാസം, അവഹേളനം, ഭീഷണി, നിന്ദ എന്നിങ്ങനെയാവാം. പ്രഹരം പോലെ ശാരീരികമാവാം. പിതാവ് വരുന്നുണ്ടെന്ന വിവരം കിട്ടിയാല്‍ ഓടിയൊളിക്കും ചില മക്കള്‍. പിതാവിന്റെ കഠിന പീഡനത്തില്‍നിന്ന് രക്ഷതേടി ഓടിപ്പോയ നിരവധി ആണ്‍മക്കളെയും പെണ്‍മക്കളെയും കുറിച്ച കഥകള്‍ എനിക്കറിയാം. ഇത് അവരുടെ വ്യക്തിത്വത്തിനേല്‍പിക്കുന്ന പരിക്ക് വേറെയും. അടിയും നിന്ദയും അനുഭവിക്കുന്ന മക്കളുടെ ആത്മവിശ്വാസം തകരും. അവര്‍ കൂട്ടുകാരില്‍നിന്നും വീട്ടുകാരില്‍നിന്നും അകന്നു മാറി ജീവിക്കും. ചില മക്കള്‍ ഇക്കാരണത്താല്‍ അന്തര്‍മുഖരാവും. ചിലര്‍ മനോരോഗത്തിന് അടിപ്പെടും.
മൂന്ന്, ദുഃസ്വഭാവം, ദുശ്ശീലം. പിതാവിന്റെ സ്വഭാവവൈകല്യങ്ങളും വൈകൃതങ്ങളും കാണാനിടവരുന്ന മക്കളില്‍ വെറുപ്പ് വളരും. പിതാവിന്റെ മദ്യപാനം, പരസ്ത്രീ ബന്ധം, ശീട്ടുകളി, മയക്കുമരുന്നുപയോഗം, അശ്ലീല ഫിലിമുകള്‍ കാണുന്നത് തുടങ്ങിയ ദുശ്ശീലങ്ങള്‍, നിരീശ്വരത്വം, അല്ലാഹുവിനെയും പ്രവാചകനെയും മതത്തെയും നിന്ദിച്ചുകൊണ്ടുള്ള സംസാരം- ഇവയെല്ലാം മക്കളുടെ മനസ്സില്‍ പിതാവിന്റെ സ്ഥാനം ഇടിക്കുകയും മക്കളെ ക്രമേണ പിതാവിനെ വെറുക്കുന്ന അവസ്ഥയില്‍ എത്തിക്കുകയും ചെയ്യും.
നാല്, പരുക്കന്‍ സംസാരവും പെരുമാറ്റവും. പട്ടാള ബാരക്കില്‍ എന്ന പോലെ മക്കളോട് തീര്‍ത്തും ഔപചാരികമായ പരുക്കന്‍രീതി കൈക്കൊള്ളുന്ന പിതാക്കളുണ്ട്. സംസാരത്തിലോ പെരുമാറ്റത്തിലോ എള്ളോളം ദയയോ സ്‌നേഹമോ വാത്സല്യമോ കാണിക്കാത്ത ക്രൂരരായ പിതാക്കളുണ്ട്. താന്‍ പിതാവിന് കണ്‍കുളിര്‍മയാണെന്നോ തന്നാല്‍ പിതാവ് അഭിമാനം കൊള്ളുന്നു എന്നോ ഒരിക്കലും തോന്നിക്കാത്ത പരുഷപ്രകൃതികളായ പിതാക്കന്മാര്‍ മക്കളുടെ ജീവിതത്തില്‍ ഇടിത്തീയാണ്, ശാപമാണ്. ഒരു സംഭവം ഓര്‍ക്കുകയാണ്. ഒരു പ്രഭാഷണ വേള. പുരുഷന്മാരാണ് ശ്രോതാക്കള്‍. ഞാന്‍ സദസ്സിനോട് ചോദിച്ചു: 'എന്നാണ് നിങ്ങള്‍ നിങ്ങളുടെ മകനെ ഒടുവില്‍ തൊട്ടത്?' എന്റെ ചോദ്യം കേട്ട് ആശ്ചര്യപ്പെട്ട അവര്‍ പരസ്പരം നോക്കുന്നുണ്ടായിരുന്നു. ചിലര്‍ നല്‍കിയ മറുപടി, അവര്‍ തങ്ങളുടെ മക്കളെ തൊടാറേ ഇല്ല എന്നായിരുന്നു. ഒരാള്‍ മടിച്ചുമടിച്ച്: 'ഞാന്‍ മൂന്ന് മാസം മുമ്പ് കഴിഞ്ഞ പെരുന്നാളിനാണ് മോനെ ഒന്നു തൊട്ടത്.' തങ്ങള്‍ എപ്പോഴും മക്കളെ സ്പര്‍ശിക്കുകയും തലോടുകയും അവരോടൊപ്പം കളിക്കുകയും കൂട്ടുകൂടുകയും ചെയ്യുമെന്ന് പറഞ്ഞത് ഒന്നോ രണ്ടോ പേരാണ്. മക്കളുമായുള്ള ശുഷ്‌ക ബന്ധങ്ങള്‍ വരണ്ട മനസ്സിനെയാണ് സൂചിപ്പിക്കുന്നത്. ഊഷ്മള ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാത്തതിനാലാണ് മക്കള്‍ അകന്നുപോകുന്നത്.
അഞ്ച്, പിതാവിന്റെ തിരക്കുകള്‍. ജോലികാരണമോ കൂടുതല്‍ യാത്ര ചെയ്യേണ്ടിവരുന്നത് മൂലമോ വീട്ടില്‍നിന്ന് അധിക സമയവും അകന്നു കഴിയുന്ന പിതാക്കള്‍ ഉണ്ടാവും. അയാള്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ കാണുന്നത് തന്നോടൊപ്പം ഇരിക്കാനോ തന്നോട് വര്‍ത്തമാനം പറയാനോ തന്നോട് കൂട്ടുകൂടാനോ താല്‍പര്യം കാണിക്കാത്ത മക്കളെയാണ്. അവരുടെ ജീവിതത്തെ സംബന്ധിച്ചേടത്തോളം അയാള്‍ ഒരു അദൃശ്യ സാന്നിധ്യമാണ്. അയാളുടെ സാന്നിധ്യത്തിലും അയാള്‍ അദൃശ്യ വ്യക്തിത്വമാണ്. ജീവിച്ചിരുന്നിട്ടും പിതാവിന്റെ സാന്നിധ്യം അനുഭവപ്പെടാത്ത മക്കള്‍ എന്ന് സാരം. ഇത്തരം ഒരവസ്ഥയില്‍ മക്കള്‍ക്ക് പിതാവിനോട് സ്‌നേഹമോ ഇഷ്ടമോ ഉണ്ടാവില്ല.
ആറ്, മക്കളുടെ മുന്നില്‍ വെച്ച് ഉമ്മയോടുള്ള മോശം പെരുമാറ്റവും അവഹേളനവും. അധിക മക്കള്‍ക്കും ഉമ്മമാരോട് കനിവും അനുകമ്പയും ഉണ്ടാവും. അവരുടെ കണ്ണില്‍ ഉമ്മ അബലയും പാവവുമാണ്. ഉമ്മയുമായുള്ള ബന്ധം ശക്തമാണ്. തങ്ങളുടെ ഉമ്മയോട് മോശമായി പെരുമാറുകയും അവരെ അടിക്കുകയും ശകാരിക്കുകയും കയര്‍ക്കുകയും ചെലവിന് നല്‍കാതിരിക്കുകയും ചെയ്യുന്ന പിതാവില്‍നിന്ന് മാനസികമായി മക്കള്‍ അകലും. അവര്‍ കാണുന്നത് തങ്ങളെച്ചൊല്ലി ഉമ്മ കഷ്ടപ്പെടുന്നതാണ്. കുടുംബം പുലര്‍ത്താന്‍ പെടാപ്പാട് പെടുന്നതാണ്. ഒരു കഥയോര്‍ക്കുന്നു. വിവാഹം കഴിഞ്ഞ് ഇരുപത് വര്‍ഷത്തിനു ശേഷം ഒരാള്‍ വിവാഹമോചനം ചെയ്തു. നാല് മക്കളോടും തന്നോടൊപ്പം തന്റെ വീട്ടിലേക്ക് ചെല്ലാന്‍ അയാള്‍ ആവശ്യപ്പെട്ടു. ആരും അയാളോടൊപ്പം പോയില്ല. തങ്ങളുടെ ഉമ്മയോടുള്ള പിതാവിന്റെ മോശം പെരുമാറ്റത്തിന്റെ ദൃക്‌സാക്ഷികളായാണ് ആ മക്കള്‍ വളര്‍ന്നത് എന്നതുതന്നെ കാരണം. വിവാഹമോചനത്തിനു ശേഷം ആ പിതാവിനെക്കുറിച്ച് അന്വേഷിക്കാനോ പെരുന്നാള്‍ പോലുള്ള വിശേഷാവസരങ്ങളില്‍ അയാളെ സന്ദര്‍ശിച്ച് ഒന്ന് സലാം ചൊല്ലാന്‍ പോലുമോ ആ മക്കള്‍ക്ക് മനസ്സ് വന്നില്ല. അത്രക്ക് ആ മക്കള്‍ ആ പിതാവിനെ വെറുത്തുകഴിഞ്ഞിരുന്നു.
മക്കള്‍ പിതാക്കളില്‍നിന്ന് അകലുന്ന ആറ് കാരണങ്ങളാണ് ഞാന്‍ സൂചിപ്പിച്ചത്.
ഭര്‍ത്താക്കന്മാരില്ലാതെ ജീവിക്കാനുറച്ച പെണ്‍കുട്ടികളെയും എനിക്കറിയാം. തങ്ങളുടെ ഉമ്മമാരോടും സഹോദരങ്ങളോടുമുള്ള പിതാക്കന്മാരുടെ മോശമായ പെരുമാറ്റത്തോടുള്ള പ്രതികാരമെന്ന നിലക്കാണ് അവരുടെ തീരുമാനം. എല്ലാ പുരുഷന്മാരും തങ്ങളുടെ പിതാക്കന്മാരെ പോലെ നീചരും ദുഷ്ടരുമാണെന്നാണ് അവര്‍ കരുതിവെച്ചിരിക്കുന്നത്. പിതാവ് മക്കള്‍ക്ക് അനുഗ്രഹമാകണം, ശാപമാകരുത്. കുടുംബത്തിന്റെ സംരക്ഷണവും സുരക്ഷിതത്വവും പിതാവിന്റെ കൈകളിലാണ്. പേടിപ്പിച്ചും പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും മക്കളെ അടക്കി ഭരിക്കുകയല്ല പിതാവിന്റെ കര്‍ത്തവ്യം.
വിവ: പി.കെ ജമാല്‍
Comments