Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 22

3094

1440 റജബ് 14

ആരാധനകള്‍ സ്വീകാര്യമാവണമെങ്കില്‍

പി.കെ മൊയ്തീന്‍ സുല്ലമി, കുഴിപ്പുറം

ഭൂമിയില്‍ അല്ലാഹുവിനാല്‍ ആദരിക്കപ്പെട്ട ഏറ്റവും ഉത്കൃഷ്ട ജീവിയാണ് മനുഷ്യന്‍. അക്കാര്യം വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ ഉണര്‍ത്തുന്നു: ''തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും വിശിഷ്ടമായ വസ്തുക്കളില്‍നിന്ന് നാമവര്‍ക്ക് ഉപജീവനം നല്‍കുകയും നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരേക്കാളും അവര്‍ക്കു നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു'' (അല്‍ ഇസ്രാഅ് 70). എന്നാല്‍ ഈ വസ്തുതയെക്കുറിച്ച് അധികപേരും ബോധവാന്മാരല്ല. അല്ലാഹു അരുളി: ''നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും സമ്പത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കന്നും ചോദിക്കുന്നവര്‍ക്കും അടിമമോചനത്തിനും നല്‍കുകയും നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും കരാറിലേര്‍പ്പെട്ടാല്‍ അത് നിര്‍വഹിക്കുകയും വിഷമങ്ങളും ദുരിതങ്ങളും നേരിടുമ്പോഴും യുദ്ധരംഗത്തും ക്ഷമകൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാര്‍'' (അല്‍ബഖറ 177). മേല്‍പറഞ്ഞ വചനത്തില്‍നിന്നും മറ്റു വചനങ്ങളില്‍നിന്നും നമുക്ക് മനസ്സിലാവുന്നത്, സത്യവിശ്വാസി ചെയ്യുന്ന ഏറ്റവും വലിയ പുണ്യകര്‍മം നമസ്‌കാരമാണെന്നാണ്. അത് അല്ലാഹു സ്വീകരിക്കണമെങ്കില്‍ മേല്‍സൂക്തത്തില്‍ പറഞ്ഞ സകല ഗുണങ്ങളും അയാളില്‍ ഒത്തുചേരണം. 

പ്രസ്തുത വചനത്തില്‍ വിശ്വാസകാര്യങ്ങള്‍ കഴിച്ചാല്‍ പിന്നെ പറയുന്നവയെല്ലാം സൃഷ്ടികളുമായി ബന്ധപ്പെടുന്ന പ്രശ്‌നങ്ങളാണ്. അത്തരം കാര്യങ്ങളില്‍ അല്ലാഹുവിന്റെ കല്‍പനകള്‍ ജീവിതത്തില്‍ പുലര്‍ത്താതെ അല്ലാഹു നമ്മുടെ നമസ്‌കാരങ്ങള്‍ സ്വീകരിക്കുകയില്ല എന്നാണ് വചനതാല്‍പര്യം. ഈ ഖുര്‍ആന്‍ വചനം അക്കാര്യം കുറേക്കൂടി വ്യക്തമാക്കുന്നു: ''എന്നാല്‍ നമസ്‌കാരക്കാര്‍ക്കാകുന്നു സകല നാശവും. അവര്‍ അവരുടെ നമസ്‌കാരത്തെക്കുറിച്ച് അശ്രദ്ധരും ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരും പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമാകുന്നു'' (അല്‍മാഊന്‍ 4-7). 'പരോപകാര വസ്തുക്കള്‍ തടഞ്ഞുവെക്കുന്നവര്‍' എന്നു പറഞ്ഞതിന്റെ താല്‍പര്യം, ജനങ്ങള്‍ക്ക് ഉപകാരമുള്ള വസ്തുക്കള്‍ അവര്‍ക്ക് നല്‍കാതെ അത് തടഞ്ഞുവെക്കുന്നവരുടെ നമസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ല എന്നാണ്. ഇവിടെ സഹായത്തിന് അര്‍ഹരായവരുടെ ജാതിയും മതവുമൊന്നും നോട്ടമില്ല. എല്ലാ മനുഷ്യരെയും ഉദ്ദേശിച്ചാണിത് പറഞ്ഞത്. മിക്കവരും ഗൗനിക്കാത്ത ഒരു വശമാണിത്. 

മനുഷ്യര്‍ക്ക് നന്മ ചെയ്യുന്ന വിഷയത്തില്‍ ജാതിയുടെയോ മതത്തിന്റെയോ അതിര്‍വരമ്പുകള്‍ ഇസ്‌ലാം വെച്ചിട്ടില്ല. കാരണം, നബി(സ)യെ അല്ലാഹു നിയോഗിച്ചയച്ചത് ലോകത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും നന്മ ചെയ്യാനാണ്.അല്ലാഹു അരുളി: ''ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല'' (അല്‍അമ്പിയാഅ് 107). ശത്രുക്കള്‍ക്കു പോലും നന്മ ചെയ്യാനാണ് വിശുദ്ധ ഖുര്‍ആന്റെ കല്‍പന. സ്വന്തം ആദര്‍ശക്കാരോടു പോലും വിരോധം വെച്ച് അനീതി കാണിക്കുന്ന നമുക്ക് എങ്ങനെ ശത്രുക്കള്‍ക്ക് നന്മ ചെയ്യാന്‍ സാധിക്കും! അല്ലാഹു അരുളി: ''നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് തിന്മയെ പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ നിന്റെ ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു'' (ഫുസ്സ്വിലത്ത് 34). 

വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിംകളുടെ മാത്രം വേദ ഗ്രന്ഥമല്ല, നബി (സ) മുസ്‌ലിംകളുടെ മാത്രം പ്രവാചകനല്ലാത്തതുപോലെത്തന്നെ. വിശുദ്ധ ഖുര്‍ആനും നബി(സ)യും ലോകര്‍ക്ക് മുഴുവന്‍ വേണ്ടിയുള്ളതാണ്. അല്ലാഹു അരുളി: ''മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതിപ്രകാരം ഇരുട്ടുകളില്‍നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്'' (ഇബ്‌റാഹീം 1). നബി(സ)യെ സംബന്ധിച്ച് അല്ലാഹു അരുളി: ''താങ്കളെ നാം മനുഷ്യര്‍ക്ക് മുഴുവന്‍ സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതു നല്‍കുന്നവനും ആയിക്കൊണ്ടു തന്നെയാണ് അയച്ചിട്ടുള്ളത്'' (സബഅ് 28). മുസ്‌ലിംകളുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്നതുപോലെ, മറ്റുള്ള സമുദായക്കാരുടെ അര്‍ഹമായ അവകാശങ്ങള്‍ വകവെച്ചു കൊടുക്കാനും നമുക്ക് ബാധ്യതയുണ്ട്. 

നീതി പുലര്‍ത്തുന്ന ഏതൊരുത്തനെ കൊലപ്പെടുത്തുന്നതും സത്യവിശ്വാസിയെ കൊലപ്പെടുത്തുന്നതിന് തുല്യമാണ്. അല്ലാഹു അരുളി: ''അല്ലാഹുവിന്റെ തെളിവുകളെ നിഷേധിക്കുകയും ഒരു ന്യായവുമില്ലാതെ പ്രവാചകന്മാരെ കൊലപ്പെടുത്തുകയും ജനങ്ങളില്‍നിന്നും നീതി പാലിക്കാന്‍ കല്‍പിക്കുന്നവരെ കൊലപ്പെടുത്തുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനാജനകമായ ശിക്ഷയെ പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക'' (ആലുഇംറാന്‍ 21). ഒരു ആരാധനാ കര്‍മത്തില്‍ നാം വീഴ്ചവരുത്തുമ്പോള്‍ അത് അല്ലാഹുവോട് താണുകേണ് അപേക്ഷിക്കുന്ന പക്ഷം അല്ലാഹു പ്രസ്തുത വീഴ്ച പൊറുത്തുതന്നേക്കാം. അതേസമയം സൃഷ്ടികളോട് നാം ചെയ്ത പാപങ്ങള്‍ അല്ലാഹു പൊറുത്തുതരണമെങ്കില്‍ അല്ലാഹുവോട് മാത്രം നാം പൊറുക്കലിനെ തേടിയാല്‍ പോരാ. മറിച്ച് നമ്മുടെ തെറ്റുകുറ്റങ്ങള്‍ക്ക് വിധേയനായ വ്യക്തിയും കൂടി നമുക്കു പൊറുത്തു തരികയും അല്ലാഹുവോട് നമുക്ക് വേണ്ടി പൊറുക്കലിനെ തേടുകയും വേണം. പ്രസ്തുത കുറ്റം സാമ്പത്തികമോ മറ്റോ ആണെങ്കില്‍ ആ ബാധ്യത തീര്‍ത്തുകൊടുക്കേണ്ടത് നിര്‍ബന്ധവുമാണ്. അതുകൊണ്ടാണ് യഅ്ഖൂബ് നബി(അ)യോട് പൊറുക്കലിനെ തേടാന്‍ അദ്ദേഹത്തിന്റെ സന്താനങ്ങള്‍ ഒന്നടങ്കം അപേക്ഷിച്ചത്. കാരണം യഅ്ഖൂബ് നബിക്ക് ഏറ്റവും പ്രിയപ്പെട്ട മകനായിരുന്ന യൂസുഫ് നബിയെ ദ്രോഹിച്ചുകൊണ്ട് അവര്‍ പിതാവ് യഅ്ഖൂബി(അ)ന്റെ കാഴ്ചശക്തി നഷ്ടപ്പെടുത്തി. യൂസുഫ് നബിയുടെ തിരോധാനത്തില്‍ മനം നൊന്ത് കരഞ്ഞതുകൊണ്ടാണ് അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെട്ടത്. അതിന്റെ കാരണക്കാര്‍ യൂസുഫ് നബിയുടെ ജ്യേഷ്ഠ സഹോദരന്മാരായിരുന്നു. അവര്‍ പിതാവിനോട് അപേക്ഷിക്കുന്നത് ഇപ്രകാരമാണ്: ''അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്കു വേണ്ടി തങ്ങളുടെ പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ താങ്കള്‍ പ്രാര്‍ഥിക്കണേ. തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു'' (യൂസുഫ് 97). അതുപോലെത്തന്നെയാണ് നബി(സ)യുടെ അടുക്കല്‍ കേസ് പറയാതെ യഹൂദി നേതാവിന്റെ അടുക്കല്‍ കേസ് പറഞ്ഞ കപട വിശ്വാസിയുടെയും അനുയായികളുടെയും സംവാദവും. അത് നബി(സ)യുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അതിനാലാണ് അല്ലാഹു ഇപ്രകാരം അരുളിയത്: ''അവര്‍ അവരോടു തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ താങ്കളുടെ അടുക്കല്‍ അവര്‍ വരികയും എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും അവര്‍ക്കു വേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു'' (അന്നിസാഅ് 64).

മറ്റു ജീവജാലങ്ങള്‍ക്ക് നന്മ ചെയ്യുക എന്നത് മനുഷ്യര്‍ക്ക് നന്മ ചെയ്യുന്നതിനേക്കാള്‍ പ്രതിഫലാര്‍ഹമായിത്തീരാം. കാരണം മനുഷ്യന് തന്റെ കാര്യങ്ങള്‍ വേണ്ടപോലെ നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിയും തന്റേടവും കഴിവും അല്ലാഹു നല്‍കിയിട്ടുണ്ട്. മറ്റു ജീവികള്‍ക്ക് അത്തരം കഴിവുകളൊന്നും ഇല്ലല്ലോ. അതുകൊണ്ടാണ് നന്മയുടെ പ്രോത്സാഹനം എന്ന നിലയില്‍ നായക്ക് വെള്ളം കൊടുത്തവന്‍ സ്വര്‍ഗത്തിലാണെന്നും പൂച്ചക്ക് ഭക്ഷണം കൊടുക്കാതെ കെട്ടിയിട്ടവള്‍ നരകത്തിലാണെന്നും അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞത്. അല്ലാതെ അതുകൊണ്ടു മാത്രം ഒരാള്‍ നരകത്തിലും സ്വര്‍ഗത്തിലും പ്രവേശിക്കും എന്നല്ല. അതൊക്കെ നന്മയെ പ്രോത്സാഹിപ്പിക്കാനും തിന്മയെ നിരുത്സാഹപ്പെടുത്താനും പറഞ്ഞിട്ടുള്ളവയാണ്. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ അരുളി: ''അപ്പോള്‍ ആര് ഒരണുത്തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആര് ഒരണുത്തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും'' (99:7,8). അല്ലാതെ ഒരു നന്മ കൊണ്ടോ തിന്മ കൊണ്ടോ ശാശ്വതമായി സ്വര്‍ഗത്തിലോ നരകത്തിലോ അല്ലാഹു പ്രവേശിപ്പിക്കുകയില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (12-13)
എ.വൈ.ആര്‍

ഹദീസ്‌

നമ്മുടെ സമ്പാദ്യം ഹലാലാണോ?
കെ.സി ജലീല്‍ പുളിക്കല്‍