Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 22

3094

1440 റജബ് 14

ഫജ്ര്‍ നമസ്‌കാരത്തില്‍ ഖുര്‍ആന്‍ പാരായണം ദീര്‍ഘിപ്പിക്കാമോ?

മുശീര്‍

ഫിഖ്ഹുസ്സുന്ന എന്ന കൃതിയില്‍ നബി(സ) സ്വുബ്ഹ് നമസ്‌കാരത്തിന് പതിവായി ഓതിയിരുന്നത് 60 മുതല്‍ 100 വരെ ആയത്തുകളായിരുന്നു എന്നു കാണുന്നു. നബി(സ) പറയുകയും ചെയ്തിട്ടുണ്ടല്ലോ, ഞാന്‍ നമസ്‌കരിച്ചതുപോലെ നമസ്‌കരിക്കുക എന്ന്. ഇതുപ്രകാരം സ്വുബ്ഹ് ദീര്‍ഘിപ്പിക്കാമോ? ദീര്‍ഘിപ്പിക്കാമെങ്കില്‍ പരമാവധി എത്ര സമയമാവാം? ഒരു ഇമാം ഇഖാമത്തുള്‍പ്പെടെ നമസ്‌കാരത്തിന് ശരാശരി 13-16 മിനിറ്റുകള്‍ എടുക്കുന്നു. ചില വ്യക്തികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന്, പത്തു മിനിറ്റില്‍ നമസ്‌കാരം തീര്‍ക്കണം എന്ന് കമ്മിറ്റി ഇമാമിന് നിര്‍ദേശം നല്‍കി. ഈ തീരുമാനം ഇസ്‌ലാമികമാണോ? നമസ്‌കാരത്തിന് സമയപരിധി നിശ്ചയിക്കാമോ? പ്രത്യേകിച്ച് സ്വുബ്ഹ് നമസ്‌കാരത്തിന്? സ്വുബ്ഹിന് ഖുര്‍ആന്‍ പാരായണം ദീര്‍ഘിപ്പിക്കാനാണല്ലോ റക്അത്ത് രണ്ടാക്കി ചുരുക്കിയതും 'ഖുര്‍ആനുല്‍ ഫജ്ര്‍' എന്നതിനെ വിശേഷിപ്പിച്ചതും. നബി(സ) ചെറിയ സൂറത്ത് ഓതി ഫജ്ര്‍ നമസ്‌കരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടോ? അങ്ങനെയെങ്കില്‍ നബിയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ വ്യത്യാസമുണ്ട് എന്ന് വരില്ലേ? മുകളില്‍ പറഞ്ഞ കമ്മിറ്റിയുടെ തീരുമാനം ഇസ്‌ലാമികമായി ശരിയാണോ?

 

മനുഷ്യന്‍ തന്റെ യജമാനനായ അല്ലാഹുവുമായി നടത്തുന്ന രഹസ്യ ഭാഷണമാണ് നമസ്‌കാരം. നല്ല മനസ്സാന്നിധ്യത്തോടെയും തികഞ്ഞ ഏകാഗ്രതയോടെയും നടത്തേണ്ട മഹത്തായ കര്‍മമാകയാല്‍ അതിന് സഹായകമാവുന്ന മുന്‍കരുതലുകളും നടപടികളും സ്വീകരിക്കാനും, അതിന് ഭംഗം വരുന്ന കാര്യങ്ങള്‍ ഒഴിവാക്കാനും പല രൂപത്തിലും നബി(സ) നിര്‍ദേശിക്കുകയുണ്ടായി.

എത്ര നല്ലതും സ്വാദിഷ്ഠവും രുചികരവുമായ ഭക്ഷണവും വയറ് നിറഞ്ഞാല്‍ പിന്നെ കഴിക്കാന്‍ കഴിയില്ല. അപ്പോള്‍ പിന്നെ തീരെ രുചിയില്ലാത്ത ഭക്ഷണത്തിന്റെ കാര്യം പറയാനുണ്ടോ! ഇതുപോലെ വളരെ മനോഹരവും ശ്രുതിമധുരവുമായ പാരായണം പോലും ഒരു പരിധി കഴിഞ്ഞാല്‍ മടുപ്പുളവാക്കാന്‍ തുടങ്ങും. കേള്‍ക്കാനിമ്പമില്ലാത്ത ഖുര്‍ആന്‍ പാരായണം കണക്കിലധികം ദീര്‍ഘിപ്പിച്ച് ഓതിയത് കാരണം മഅ്മൂമുകള്‍ അവരുടെ ഭയഭക്തിയും ഏകാഗ്രതയും നഷ്ടപ്പെടുന്ന രൂപത്തിലാണ് നമസ്‌കാരം അവസാനിപ്പിക്കുന്നതെങ്കില്‍ നമസ്‌കാരത്തിന് ഇമാം നില്‍ക്കുന്നവര്‍ കൂലിയേക്കാള്‍ കുറ്റം പേറേണ്ടിവരുമോ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

 

മഅ്മൂമുകള്‍ക്ക് ഇഷ്ടമില്ലാത്ത ഇമാം

മഅ്മൂമുകള്‍ വെറുക്കുന്ന ഇമാമിന്റെ നമസ്‌കാരം സ്വീകരിക്കപ്പെടുകയില്ല എന്നു കൂടി നബി (സ) പഠിപ്പിച്ചിട്ടുണ്ടെന്ന കാര്യം ഓര്‍ക്കുക. ശരീഅത്തിന്റെ ദൃഷ്ടിയില്‍ കാരണമുള്ളതും, ദീനിന്റെ അടിസ്ഥാനത്തിലുള്ളതുമായ വെറുപ്പാണ് ഇവിടെ ഉദ്ദേശ്യം. ഇവ്വിഷയകമായി സ്ഥിരപ്പെട്ട ഒരു ഹദീസ് ഇപ്രകാരമാണ്:

റസൂല്‍ (സ) പറഞ്ഞതായി അബ്ദുല്ലാഹിബ്‌നു അംറ് (റ) നിവേദനം ചെയ്യുന്നു: ''മൂന്നാളുകളുടെ നമസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ല. ഒന്ന്, ജനങ്ങള്‍ വെറുക്കുന്ന ഒരു വ്യക്തി അവരുടെ ഇമാമാവുക. രണ്ട്, സമയം കഴിഞ്ഞ ശേഷം നമസ്‌കരിക്കാന്‍ വരുന്നവന്‍. മൂന്ന്, താന്‍ സ്വതന്ത്രനാക്കിയ ആളെ വീണ്ടും അടിമയാക്കിവെച്ചവന്‍'' (അബൂദാവൂദ്: 593).

മറ്റൊരു ഹദീസ് ഇങ്ങനെ: നബി(സ) പറഞ്ഞതായി ഇബ്‌നുഅബ്ബാസ് (റ): ''മൂന്നാളുകളുടെ നമസ്‌കാരം അവരുടെ തലയുടെ മുകളില്‍ ഒരു ചാണ്‍ പോലും ഉയര്‍ത്തപ്പെടുകയില്ല. ഒന്ന്, തന്നെ വെറുക്കുന്ന ഒരു സമൂഹത്തിന് ഇമാമായവന്‍. രണ്ട്, ഭര്‍ത്താവിന് തന്നോട് കോപമായിരിക്കെ രാത്രി കഴിച്ചുകൂട്ടുന്ന സ്തീ. മൂന്ന്, പരസ്പരം ബന്ധം മുറിച്ച രണ്ടു സുഹൃത്തുക്കള്‍'' ( ഇബ്‌നുമാജ: 971, ഇബ്‌നുഹിബ്ബാന്‍: 1757).

ഇനി നമസ്‌കാരം ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നബി(സ)യുടെ അധ്യാപനങ്ങള്‍ കാണുക:

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: « إِذَا صَلَّى أَحَدُكُمْ لِلنَّاسِ فَلْيُخَفِّفْ فَإِنَّ مِنْهُمْ الضَّعِيفَ وَالسَّقِيمَ وَالْكَبِيرَ وَإِذَا صَلَّى أَحَدُكُمْ لِنَفْسِهِ فَلْيُطَوِّلْ مَا شَاءَ ».- رَوَاهُ الْبُخَارِيُّ: 703.

അബൂഹുറയ്‌റ(റ)യില്‍നിന്ന്: റസൂല്‍ (സ) പറഞ്ഞു:  ''നിങ്ങളില്‍ ആരെങ്കിലും ജനങ്ങള്‍ക്ക് ഇമാമായി നമസ്‌കരിക്കുകയാണെങ്കില്‍ അവന്‍ ലഘുവായി നമസ്‌കരിച്ചുകൊള്ളട്ടെ. എന്തുകൊണ്ടെന്നാല്‍ അവരില്‍ അശക്തരും രോഗികളും വൃദ്ധന്മാരുമുണ്ടായിരിക്കും. എന്നാല്‍ താന്‍ സ്വന്തമായി നമസ്‌കരിക്കുമ്പോഴാകട്ടെ ഇഷ്ടമുള്ളത്ര ദീര്‍ഘിപ്പിച്ചുകൊള്ളട്ടെ'' (ബുഖാരി: 703). 

وَعَنْ أَنَس بْنِ مَالِكٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: « إِنِّي لَأَدْخُلُ فِي الصَّلَاةِ وَأَنَا أُرِيدُ إِطَالَتَهَا فَأَسْمَعُ بُكَاءَ الصَّبِيِّ فَأَتَجَوَّزُ فِي صَلَاتِي مِمَّا أَعْلَمُ مِنْ شِدَّةِ وَجْدِ أُمِّهِ مِنْ بُكَائِهِ ».- رَوَاهُ الْبُخَارِيُّ: 709.

 

അനസി(റ)ല്‍നിന്ന്: നബി(സ) പറഞ്ഞു: ''ഞാന്‍ ചിലപ്പോള്‍ ദീര്‍ഘിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ നമസ്‌കാരത്തില്‍ പ്രവേശിക്കും. അപ്പോഴായിരിക്കും കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നത്. ആ കരച്ചില്‍ കാരണം കുട്ടിയുടെ മാതാവിനുണ്ടാകുന്ന മനോവിഷമം മനസ്സിലാക്കി അപ്പോള്‍ ഞാന്‍ നമസ്‌കാരം വേഗം തീര്‍ക്കും'' (ബുഖാരി: 709).

മാതാവിന്റെ പ്രയാസം കണക്കിലെടുത്ത്, ദീര്‍ഘിപ്പിക്കണമെന്ന് നബി (സ) തീരുമാനിച്ചുറച്ച നമസ്‌കാരം പോലും അവിടുന്ന് ചുരുക്കി എന്ന് വരുമ്പോള്‍, പിന്നിലുള്ളവരുടെ പ്രയാസങ്ങള്‍ കണക്കിലെടുക്കണമെന്നു തന്നെയാണല്ലോ അത് പഠിപ്പിക്കുന്നത്. നബി(സ)യുടെ കൂടെ നമസ്‌കരിച്ച സ്വഹാബിമാര്‍ നമുക്ക് പറഞ്ഞുതരുന്നതും മറ്റൊന്നല്ല.

'നബി(സ)യേക്കാള്‍ കൂടുതല്‍ ലഘുവായും അതോടൊപ്പം പൂര്‍ണമായും നമസ്‌കാരം നിര്‍വഹിക്കുന്ന മറ്റൊരു ഇമാമിന്റെ പിന്നിലും ഞാന്‍ തീരെ നമസ്‌കരിച്ചിട്ടില്ല. കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുകയാണെങ്കില്‍ മാതാവിന്റെ പ്രയാസം പരിഗണിച്ചുകൊണ്ട് അവിടുന്ന് നമസ്‌കാരം ലഘൂകരിക്കുമായിരുന്നു' എന്ന് അനസ് (റ) തന്നെ വീണ്ടും പറഞ്ഞിരിക്കുന്നു. (ബുഖാരി: 708).

ഇമാം ഇബ്‌നു അബ്ദില്‍ബര്‍റ് പറയുന്നു: ''നമസ്‌കാരത്തിന്റെ ലഘുകരണം എല്ലാ ഇമാമുകളെ സംബന്ധിച്ചും സുന്നത്താണെന്നതില്‍ പണ്ഡിതാഭിപ്രായം ഏകമാണ്. പക്ഷേ, അതുകൊണ്ടുദ്ദേശിക്കുന്നത് ഏറ്റവും കുറഞ്ഞതും പരിപൂര്‍ണവുമായ നമസ്‌കാരം മാത്രമാണ്. നമസ്‌കാരത്തില്‍നിന്ന് എന്തെങ്കിലും വിട്ടുകളയുകയോ ചുരുക്കുകയോ ചെയ്യണമെന്നല്ല. കാരണം, കാക്കകൊത്തു നമസ്‌കാരം റസൂല്‍ (റ) വിരോധിച്ചതാണ്. അപ്രകാരം തന്നെ, ശരിക്ക് റുകൂഅ് നിര്‍വഹിക്കാതെ ഒരാള്‍ നമസ്‌കരിച്ചതു കണ്ടപ്പോള്‍, 'നീ നമസ്‌കരിച്ചിട്ടില്ല, അതിനാല്‍ വീണ്ടും പോയി നമസ്‌കരിക്കൂ' എന്നായിരുന്നു തിരുമേനി കല്‍പിച്ചത്. റുകൂഇലും സുജൂദിലും മുതുക് നേര്‍ക്ക് നിര്‍ത്താത്തവന്റെ നേരെ അല്ലാഹു നോക്കുകയില്ലെന്നും തിരുമേനി പറഞ്ഞിട്ടുണ്ട്.'' അദ്ദേഹം തുടര്‍ന്നു: ''നാം പറഞ്ഞപ്രകാരം, നമസ്‌കാരം പൂര്‍ണമാവുക എന്ന നിബന്ധനയോടൊപ്പം ലഘൂകരണം സ്വീകരിക്കുന്നതും എല്ലാ ഇമാമുകള്‍ക്കും സുന്നത്താണെന്ന വിഷയത്തില്‍ ഭിന്നാഭിപ്രായമുളളതായി എനിക്കറിവില്ല.''

'അല്ലാഹുവിന്റെ ദാസന്മാര്‍ക്ക് അവനോടു വെറുപ്പുണ്ടാകുന്നവിധം നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. നിങ്ങളില്‍ ചിലര്‍ പിന്നിലുള്ളവര്‍ക്ക് വിഷമമാകുന്ന വിധം നീട്ടി നമസ്‌കരിക്കുന്നതു കാണാം' എന്നു തിരുമേനി നിര്‍ദേശിച്ചതായി ഉമര്‍(റ) പ്രസ്താവിക്കുന്നുണ്ട് (തുഹ്ഫത്തുല്‍ അഹവദി: 219).

അബൂമസ്ഊദി(റ)ല്‍നിന്ന് നിവേദനം: ഒരാള്‍ നബി(സ)യോടു പറഞ്ഞു: 'അല്ലാഹുവാണ! റസൂലേ, ഇന്നയാള്‍ നീട്ടി നമസ്‌കരിക്കുന്നത് കാരണം ഞാന്‍ സ്വുബ്ഹിനു ജമാഅത്തില്‍ എത്താതെ പിന്തുകയാണ് ചെയ്യുന്നത്' (അബൂമസ്ഊദ് പറയുന്നു): നബി (സ) ഒരു ഉപദേശത്തിലും അന്നത്തെയത്ര കഠിനമായി ദേഷ്യപ്പെട്ടത് ഞാന്‍ കണ്ടിട്ടില്ല. എന്നിട്ട് അവിടുന്ന് പറഞ്ഞു: 'തീര്‍ച്ചയായും നിങ്ങളില്‍ വെറുപ്പിക്കുന്ന ചിലരുണ്ട്. നിങ്ങളിലാരെങ്കിലും ജനങ്ങള്‍ക്ക് ഇമാമായി നമസ്‌കരിച്ചാല്‍ അവന്‍ നമസ്‌കാരം ലഘുവാക്കട്ടെ, കാരണം അവശരും വൃദ്ധരും ധൃതിയുള്ളവരുമൊക്കെ അവരിലുണ്ടാകും' (ബുഖാരി: 90).

ജാബിറുബ്‌നു അബ്ദില്ലാഹില്‍ അന്‍സ്വാരി(റ)യില്‍നിന്ന്: കൃഷിക്കു വെള്ളം തേവുന്ന രണ്ട് ഒട്ടകങ്ങളുമായി ഒരാള്‍ വന്നു. അപ്പോള്‍ രാത്രി ഇരുട്ടു പരന്നിരുന്നു. അയാള്‍ ഒട്ടകത്തെ വിട്ട് മുആദിനോടൊപ്പം നമസ്‌കരിക്കാന്‍ കൂടി. മുആദ് നമസ്‌കാരത്തില്‍ സൂറത്തുല്‍ ബഖറഃ, അല്ലെങ്കില്‍ അന്നിസാഅ് ഓതി. അപ്പോള്‍ അദ്ദേഹം ജമാഅത്ത് നമസ്‌കരിക്കുന്നത് ഒഴിവാക്കി പോയി. അതിന്റെ പേരില്‍ മുആദ് തന്നെ ആക്ഷേപിച്ചു എന്നറിഞ്ഞ അദ്ദേഹം നബി(സ)യുടെ അടുത്തു ചെന്ന് മുആദി(റ)നെക്കുറിച്ച് ആവലാതി പറഞ്ഞു. അപ്പോള്‍ നബി (സ) മുആദിനോട് ചോദിച്ചു: ''മുആദ്, താങ്കള്‍ കുഴപ്പക്കാരനാവുകയാണോ?!'' മൂന്നു പ്രാവശ്യം അവിടുന്ന് ഇതാവര്‍ത്തിച്ചു. ''വൃദ്ധരും അവശരും ധൃതിയുള്ളവരുമൊക്കെ താങ്കളുടെ പിന്നില്‍ നിന്നു നമസ്‌കരിക്കുന്നുണ്ടാകും എന്ന് കണ്ട് 'സബ്ബിഹിസ്മ, വശ്ശംസി, വല്ലൈലി' എന്നിവ ഓതി താങ്കള്‍ക്ക് നമസ്‌കരിക്കാമായിരുന്നില്ലേ?'' (ബുഖാരി: 705).

ദീര്‍ഘിപ്പിക്കുക എന്ന് പറയുമ്പോള്‍ അതിന് കൃത്യമായ മാനദണ്ഡങ്ങളൊന്നുമില്ല. തദ്വിഷയകമായി ഇമാം ഇബ്‌നു ദഖീഖില്‍ ഈദ് പറയുന്നതിങ്ങനെയാണ്: ''ദീര്‍ഘിപ്പിക്കലും ലഘുവാക്കലും ആപേക്ഷികമാണ്, ഒരു കൂട്ടരുടെ ശീലമനുസരിച്ച് ലഘുവാണെന്നു തോന്നുന്നത് മറ്റൊരു കൂട്ടര്‍ക്ക് ദീര്‍ഘമായി തോന്നിയേക്കാം'' (ഫത്ഹുല്‍ ബാരി: 661).

ഉസ്മാനുബ്‌നു അബില്‍ ആസ്വ് പറയുന്നു: ചുമതല ഏല്‍പ്പിച്ചുകൊണ്ട് ഏറ്റവും ഒടുവിലായി നബി (സ) എന്നോട് കരാര്‍ വാങ്ങിയ കാര്യം ഇങ്ങനെ പറഞ്ഞുകൊണ്ടായിരുന്നു: അല്ലയോ ഉസ്മാന്‍, താങ്കള്‍ നമസ്‌കാരത്തില്‍ വല്ലാതെ ദീര്‍ഘിപ്പിക്കരുത്, ജനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ദുര്‍ബലരെ പരിഗണിക്കുക. കാരണം അവരുടെ കൂട്ടത്തില്‍ വൃദ്ധരും കുട്ടികളും രോഗികളും വിദൂരത്തു നിന്ന് വന്നവരും ധൃതിയുള്ളവരുമെല്ലാം ഉണ്ടാകും'' (ഇബ്‌നുമാജ: 987).

 

സ്വുബ്ഹ് നമസ്‌കാരവും പ്രവാചക മാതൃകയും

ഇനി സ്വുബ്ഹ് നമസ്‌കാരത്തില്‍  നബി (സ) യുടെ മാതൃക എന്തായിരുന്നു എന്ന് കാണുക.  

സ്വുബ്ഹിലും ളുഹ്‌റിലും ത്വിവാലുല്‍ മുഫസ്സ്വലില്‍നിന്ന് പാരായണം ചെയ്യലാണ് സുന്നത്ത്. സ്വുബ്ഹില്‍ ദീര്‍ഘിപ്പിക്കലും അസ്വ്‌റിലും ഇശാഇലും അല്‍പം വലിയ സൂറത്തുകളും മഗ്‌രിബില്‍ ഏറ്റവും ചെറിയ സൂറത്തുകളുമാണ് വേണ്ടത്.

സൂറത്തു ഖാഫ് മുതല്‍ ഖുര്‍ആനിന്റെ അവസാനം വരെയുള്ള സൂറത്തുകളെയാണ് ത്വിവാലുല്‍ മുഫസ്സ്വല്‍ എന്ന് പറയുന്നത്. സൂറത്തുകള്‍ക്കിടയില്‍ ബിസ്മി കൊണ്ട് ധാരാളമായി വേര്‍തിരിവ് ഉള്ളതിനാലാണ് 'മുഫസ്സ്വല്‍' എന്ന വിശഷണം.

ഇമാം ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ''ഫജ്ര്‍ നമസ്‌കാരത്തില്‍ ദീര്‍ഘമായി ഓതുകയാണ് സുന്നത്ത് എന്ന വിഷയത്തില്‍ ഫുഖഹാക്കള്‍ ഏകോപിച്ചിരിക്കുന്നു'' (തഹ്ദീബുസ്സുനനി അബീദാവൂദ്: 1/164 ). 

ജാബിറു ബ്‌നു സമുറ പറയുന്നു: ''നബി(സ) നമസ്‌കാരത്തില്‍ 'ഖാഫ് വല്‍ ഖുര്‍ആനില്‍ മജീദ്' ഓതാറുണ്ടായിരുന്നു. എന്നാലും അദ്ദേഹത്തിന്റെ നമസ്‌കാരം ലഘുവായിരുന്നു'' (മുസ്‌ലിം 1055).

അബൂ ബറസയില്‍നിന്ന് നിവേദനം: ''അല്ലാഹുവിന്റെ റസൂല്‍ (സ) പ്രഭാതനമസ്‌കാരത്തില്‍ അറുപതു മുതല്‍ നൂറുവരെ ആയത്തുകള്‍ പാരായണം ചെയ്യാറുണ്ടായിരുന്നു (മുസ്ലിം: 1060, നസാഈ: 956).

നബി (സ) ഫജ്ര്‍ നമസ്‌കാരത്തില്‍ 'വല്ലൈലി ഇദാ അസ്അസ്'   (സൂറത്തുത്തക്‌വീര്‍) പാരായണം ചെയ്യുന്നത് താന്‍ കേള്‍ക്കുകയുണ്ടായി എന്ന് സ്വഹാബിവര്യനായ അംറുബ്‌നു ഹുറൈസ് നിവേദനം ചെയ്ത ഹദീസ് ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട് (മുസ്‌ലിം: 1051). കേവലം 17 ആയത്തുകള്‍ മാത്രമാണ് ആ സൂറത്തില്‍ ഉള്ളത്. അപ്പോള്‍ അങ്ങനെയും നബി (സ) നമസ്‌കരിച്ചിട്ടുണ്ട് എന്നര്‍ഥം.

ഇതും ഇതുപോലുള്ള മറ്റനേകം ഹദീസുകളും വ്യക്തമാക്കുന്നത്, തിരുമേനി (സ) എല്ലായ്‌പ്പോഴും ഒരേ രൂപത്തിലായിരുന്നില്ല ഓതിയിരുന്നത് എന്നാണ്. ദൈര്‍ഘ്യം കുറഞ്ഞതും  കേവലം 29 ആയത്തുകളുമുള്ള സൂറത്തുത്തക്‌വീര്‍ മുതല്‍, അതിനേക്കാള്‍ ദൈര്‍ഘ്യമേറിയ, 45 ആയത്തുകള്‍ വരെയുള്ള സൂറത്തുകള്‍ വരെ അവിടുന്ന് പാരായണം ചെയ്തിട്ടുണ്ട്.

ചുരുക്കത്തില്‍, ഒരു സന്തുലിത നിലപാടാണ് ഇവിടെ ആവശ്യം. അപ്പോഴും  പിന്നിലുള്ളവരെ പരിഗണിക്കുക എന്നതിനു തന്നെയാണ് കൂടുതല്‍ പരിഗണന.

ഈ വിഷയമായി സ്ഥിരപ്പെട്ട ഹദീസുകള്‍ മൊത്തം പരിശോധിച്ചാല്‍ മനസ്സിലാവുന്ന കാര്യങ്ങള്‍ ചുരുക്കി ഇങ്ങനെ വിവരിക്കാം:

ഇമാം നില്‍ക്കുന്നവര്‍ മഅ്മൂമുകളെ പരിഗണിച്ചുമാത്രമേ നമസ്‌കാരം ദീര്‍ഘിപ്പിക്കാന്‍ പാടുള്ളൂ. നമസ്‌കാരത്തിന്റെ ദൈര്‍ഘ്യം എത്രയാണ് എന്നത് ആപേക്ഷികമാണ്. ഇത്ര സമയമെന്നോ ഇത്ര ആയത്തുകള്‍ എന്നോ ഇന്നിന്ന സൂറത്തുകള്‍ എന്നോ കൃത്യമായി നിര്‍ണയിച്ച് അതുതന്നെ ഓതണമെന്നോ അല്ലെങ്കില്‍ അത്രയും ഓതണമെന്നോ കര്‍ശനമായി നിര്‍ദേശിക്കുന്ന യാതൊരു തെളിവുമില്ല. ഏതവസ്ഥയിലും പിന്നിലുള്ളവരെ പരിഗണിക്കുക എന്നതിനാണ് പ്രാമുഖ്യം. അവരില്‍തന്നെ ഏറ്റവും ദുര്‍ബലരായവര്‍ക്കാണ് കൂടുതല്‍ പരിഗണന. ഇമാം നില്‍ക്കുന്നവര്‍ ദീര്‍ഘിച്ച് ഓതി ധാരാളം സമയം എടുക്കുക വഴി പള്ളിയില്‍ ആളുകള്‍ ജമാഅത്തിന് വരാന്‍ തന്നെ മടിക്കുന്ന അവസ്ഥ ഉണ്ടാകരുത്. പ്രവാചകന്‍ ഒരു സന്ദര്‍ഭത്തില്‍ മഗ്‌രിബിന് സൂറത്തുല്‍ അഅ്‌റാഫ് ഓതി നമസ്‌കരിച്ചിട്ടുണ്ട്. അവിടുത്തെ ചര്യയാണ് ഏറ്റവും നല്ല സുന്നത്ത് എന്നും പറഞ്ഞ് ഇന്ന് നമ്മുടെ  നാട്ടിലെ പള്ളികളില്‍ ആ സുന്നത്ത് നടപ്പാക്കാന്‍ പുറപ്പെട്ടാല്‍, മിക്കവാറും പള്ളികള്‍ക്ക് താഴിടേണ്ട  അവസ്ഥ വരും. നിങ്ങള്‍ ആളുകളെ വെറുപ്പിച്ച് അകറ്റുകയാണോ എന്ന് നബി (സ) രോഷത്തോടെ ചോദിച്ചതും അതുകൊണ്ടാണ്. സ്വുബ്ഹ് നമസ്‌കാരത്തിന് പത്തു മിനിറ്റ് ദൈര്‍ഘ്യം എന്നുള്ളത് പൊതുവെ സ്വീകാര്യമായ സമയമാണ്. അതില്‍ കൂടുതല്‍ ഓതണമെന്ന് താല്‍പര്യമുള്ളവര്‍ക്ക് തഹജ്ജുദ് നമസ്‌കാരത്തില്‍ യഥേഷ്ടം അതാവാമല്ലോ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (12-13)
എ.വൈ.ആര്‍

ഹദീസ്‌

നമ്മുടെ സമ്പാദ്യം ഹലാലാണോ?
കെ.സി ജലീല്‍ പുളിക്കല്‍