Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 22

3094

1440 റജബ് 14

ഫലപ്രദമായ ചര്‍ച്ചകളിലൂടെ ബി.ജെ.പിവിരുദ്ധ കൂട്ടായ്മ രൂപപ്പെടണം

ഇ.ടി മുഹമ്മദ് ബഷീര്‍ (മുസ്‌ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി)

വളരെ അപകടകരമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് ഇന്ത്യയിലുള്ളത്. ബി.ജെ.പി ഭരണത്തിന്റെ സൃഷ്ടിയാണ് ഈ സ്ഥിതിവിശേഷം. ധാരാളം പ്രശ്‌നങ്ങള്‍, കലാപങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലുണ്ടായിരുന്നെങ്കിലും ഇന്നത്തെ രൂപത്തില്‍ നമ്മുടെ സാമൂഹികനില അപകടപ്പെട്ടിരുന്നില്ല. മത സമുദായങ്ങള്‍ക്കിടയിലെ അവിശ്വാസവും അസ്വസ്ഥതകളും പശുവിന്റെ പേരിലും മറ്റും നടക്കുന്ന ആള്‍ക്കൂട്ടകൊലകള്‍ പോലുള്ള രക്തച്ചൊരിച്ചിലുകളും ഭീതിപ്പെടുത്തുന്ന രൂപഭാവം സ്വീകരിച്ചിരിക്കുന്നു. പാര്‍ലമെന്റ് ഒരു ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്തത് മോബ് ലിഞ്ചിംഗിനെക്കുറിച്ചാണ്. അത്രമേല്‍ ഗൗരവത്തില്‍ അത് രാജ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 

ഒരു ജനാധിപത്യ രാജ്യത്തിന്റെ സാമൂഹിക നീതിയുടെ നിലവാരം, പുറംതള്ളപ്പെട്ട ജനവിഭാഗത്തിന്റെ ജീവിത സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിശോധിക്കപ്പെടുക. ഇന്ത്യയില്‍ ഇത് മുസ്‌ലിം സമൂഹമാണ്. കൂടുതല്‍ ദുരവസ്ഥകളിലേക്ക് തള്ളപ്പെട്ടതാണ് ഇന്ത്യന്‍ മുസ്‌ലിം ജീവിതത്തിന്റെ വര്‍ത്തമാനം. അപകടകരമായ ജാതിവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് മോദി ഗവണ്‍മെന്റ്. അതിനുള്ള കരുക്കള്‍ തന്ത്രപൂര്‍വം അവര്‍ നീക്കിയിട്ടുണ്ട്. ന്യുനപക്ഷ-പിന്നാക്ക ജാതി വിഭാഗങ്ങള്‍ക്ക് എല്ലാ അര്‍ഥത്തിലും പ്രതികൂലമായ ഭരണമാണ് കഴിഞ്ഞ നാലേ മുക്കാല്‍ കൊല്ലമായി ഇവിടെ നടന്നത്. മനുഷ്യജീവന്‍ മുതല്‍ വിശ്വാസാചാരങ്ങള്‍ വരെ ഹനിക്കപ്പെടുന്ന സാഹചര്യം രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയിലാണ്. സംവരണ വിഷയത്തില്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കുന്ന ഒരു ബില്ല് എത്ര പെട്ടെന്നാണ് പാര്‍ലമെന്റില്‍ ഇവര്‍ പാസ്സാക്കിയെടുത്തത്. ഗവണ്‍മെന്റ് പിരിഞ്ഞുപോകുന്ന സമയത്ത് പാസ്സാക്കിയ പൗരത്വ, സംവരണ, മുത്ത്വലാഖ് ബില്ലുകള്‍ രാജ്യത്തിനു മേല്‍ കൂടുതല്‍ അപകടങ്ങള്‍ വരുത്തിവെക്കാനുള്ള അവരുടെ ദുഷ്ടലാക്കിനെയാണ് സൂചിപ്പിക്കുന്നത്. പല സംസ്ഥാനങ്ങളില്‍നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ രാജ്യത്തിന്റെ അപകടകരമായ ചിത്രമാണ് നമുക്ക് മുന്നില്‍ വരച്ചുവെക്കുന്നത്. 

1983-ലെ ഗോപാല്‍ സിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് മുതല്‍ അവസാനം വന്ന പ്രഫ. കുണ്ടു കമീഷന്‍ റിപ്പോര്‍ട്ട് വരെ പരിശോധിച്ചാല്‍ മുസ്‌ലിം സമൂഹം നേരിടുന്ന അവഗണനയുടെ ആഴം നമുക്ക് മനസ്സിലാക്കാന്‍ കഴിയും. മുസ്‌ലിം അവസ്ഥകളെക്കുറിച്ച് പരിശോധിക്കാന്‍ ചെന്നപ്പോള്‍, 'ഞങ്ങള്‍ തെളിവ് കൊടുത്ത് മടുത്തു'വെന്ന് പലയിടത്തും മുസ്‌ലിംകള്‍ പറഞ്ഞതായി ഈ പ്രശ്‌നത്തിന്റെ പ്രധാന രേഖയായ സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ റിപ്പോര്‍ട്ടുകളും ഉണ്ടായിട്ടും മുസ്‌ലിം അവസ്ഥയില്‍ കാര്യമായൊരു മാറ്റവും ഉണ്ടായിട്ടില്ല. മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകിവരുന്നുവെന്നു മാത്രമല്ല, അവരെ വിശ്വാസത്തിലെടുക്കാന്‍ പോലും പലരും തയാറാകുന്നില്ല. രാജ്യത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും കനപ്പെട്ട സംഭാവനകള്‍ നല്‍കിയവരും ദേശീയ പ്രസ്ഥാനത്തില്‍ സജീവ പങ്കാളിത്തം വഹിച്ചവരും ഇവിടെ ജനിച്ച്, ഇവിടെ മരിക്കാന്‍ അര്‍ഹതയുള്ളവരുമാണ് മുസ്‌ലിംകള്‍ എന്നുള്ള പ്രാഥമിക തത്ത്വം പോലും അംഗീകരിക്കാത്തവരാണ് രാജ്യം ഭരിക്കുന്നത്. 

ബി.ജെ.പിയെ ഭരണത്തില്‍നിന്ന് താഴെ ഇറക്കുകയാണ് രാജ്യത്തെ രക്ഷിക്കാനുള്ള ഒന്നാമത്തെ മാര്‍ഗം.  മതേതര കക്ഷികളുടെ കൂട്ടായ പരിശ്രമമാണ് അതിനു വേണ്ടത്. ബി.ജെ.പിക്കെതിരെ യോജിക്കണം, നരേന്ദ്ര മോദി പോകണം എന്ന് എല്ലാവരും പറയുന്നുണ്ട്. ആ യോജിപ്പ് പ്രയോഗതലത്തില്‍ സാധ്യമായിട്ടില്ല. അതോടൊപ്പം, ബി.ജെ.പി ഭരണം അവസാനിപ്പിച്ച ശേഷം ഇന്ത്യയില്‍ വരേണ്ട മാറ്റത്തെക്കുറിച്ച ശരിയായ ബോധം ഇത് പറയുന്നവര്‍ക്കൊന്നും ഇല്ല. ഇപ്പോള്‍ ബി.ജെ.പിക്ക് എതിരെ പറയുന്നവര്‍ തെരഞ്ഞെടുപ്പിന് ശേഷം അതിന് വിരുദ്ധമായ തെറ്റായ നിലപാട് എടുത്താല്‍ അതിന് കൊടുക്കേണ്ടിവരുന്ന വില വലുതായിരിക്കും. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പരസ്പരധാരണയുള്ള ഒരു കൂട്ടായ്മ രൂപപ്പെടേണ്ടിയിരുന്നു. നിര്‍ഭാഗ്യവശാല്‍ പല സ്ഥലങ്ങളിലും അതുണ്ടായില്ല. കൊല്‍ക്കത്തയില്‍ സി.ബി.ഐ റെയ്ഡുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായപ്പോള്‍, അതിനെതിരായി ശക്തമായൊരു മുന്നേറ്റം അവിടെ പോയി സംഘടിപ്പിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ചര്‍ച്ച വന്നു. നിര്‍ഭാഗ്യവശാല്‍ അത് നടക്കാതിരുന്നത് സി.പി.എമ്മിന്റെ സമീപനം മൂലമാണ്. അവിടെ ഉപദ്രവിക്കപ്പെട്ടത് തൃണമൂല്‍ കോണ്‍ഗ്രസ്സാണെന്ന കാരണത്താലാണ് ഈ നിലപാട് അവര്‍ എടുത്തത്. സംസ്ഥാന തലത്തിലുള്ള ഇത്തരം അഭിപ്രായഭിന്നതകള്‍, കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തിന്റെ വിഷയത്തില്‍ മാറ്റിവെക്കാന്‍ കഴിയണം. ഇതിന് കാര്യക്ഷമമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ഇതുവരെ അതുണ്ടായിട്ടില്ല. മാറിയ ഇന്ത്യന്‍ സാഹചര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അത് ആവശ്യപ്പെടുന്നുണ്ട്. 

വികസനത്തിന്റെ ഇന്‍സ്ട്രുമെന്റ് സര്‍ക്കാര്‍ മാത്രമാണെന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. ജനകീയ പങ്കാളിത്തമൊക്കെ കടലാസില്‍ ഒതുങ്ങുകയാണ്. യഥാര്‍ഥ വികസനം ജനകീയ പങ്കാളിത്തത്തോടെയാണ് നടക്കേണ്ടത്. തൊഴിലുറപ്പ് പോലെ പല പദ്ധതികളും അതിനുണ്ടെങ്കിലും ദൗര്‍ഭാഗ്യവശാല്‍ അത് കാര്യക്ഷമമല്ല, യാന്ത്രികമാണ്. സാധാരണ ജനങ്ങളിലേക്ക്  ഗുണഫലങ്ങള്‍ എത്തുമ്പോള്‍ മാത്രമാണ് യഥാര്‍ഥ വികസനം സാധ്യമാകുന്നത്. ഭരണഘടനയുടെ 73,74 ഭേദഗതിയില്‍ അധികാര വികേന്ദ്രീകരണമൊക്കെ കൊണ്ടുവന്ന് മാതൃക കാണിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമായിട്ടില്ല. വികസനത്തിന്റെ നടത്തിപ്പുകാര്‍ ജനങ്ങള്‍ തന്നെയാകുന്ന വിധത്തില്‍ ഒരു മാറ്റം ഉണ്ടാകേണ്ടതുണ്ട്.

ഇസ്‌ലാമിന്റെ കടന്നുവരവ് ഇന്ത്യന്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സ്ത്രീ ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍ ഉദാഹരണം. 'ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്ന മനുസ്മൃതി തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീയോടുള്ള സമീപനം ഇന്ത്യയില്‍ രൂപം കൊണ്ടിട്ടുള്ളത്. അതില്‍ കേരളത്തിലുള്‍പ്പെടെ ഇസ്‌ലാം വരുത്തിയ പരിവര്‍ത്തനങ്ങള്‍ വലുതാണ്. അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ഒരു ജനതയുടെ സാമൂഹിക ഉന്നമനം ഇവിടെ സാധ്യമായതില്‍ ഇസ്‌ലാം വലിയ സ്വാധീനം ചെലുത്തി. ഒരുമിച്ച് ഉണ്ണാനും പഠിക്കാനും വഴിനടക്കാനും പോലും വിലക്കുണ്ടായിരുന്ന ജാതിവിവേചനങ്ങളുടെ സാമൂഹിക ഘടനയില്‍ ഇന്നു കാണുന്ന മാറ്റുണ്ടായതിന്റെ പിന്നിലെ ഇസ്‌ലാമിന്റെ പങ്കാളിത്തം ഇനിയും മനസ്സിലാക്കേണ്ടതായിട്ടുണ്ട്. മറ്റു പല തലങ്ങളിലും ഇത് കാണാം. ഇന്നിപ്പോള്‍, ഇസ്‌ലാമിക ഐഡിയോളജിയില്‍നിന്നുകൊ് മനുഷ്യാവകാശങ്ങള്‍, സാമൂഹിക ബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പാഠപുസ്തകങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (12-13)
എ.വൈ.ആര്‍

ഹദീസ്‌

നമ്മുടെ സമ്പാദ്യം ഹലാലാണോ?
കെ.സി ജലീല്‍ പുളിക്കല്‍