Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 22

3094

1440 റജബ് 14

പ്രബോധനം ദിനാചരണം വിജയിപ്പിക്കുക

ശൈഖ് മുഹമ്മദ് കാരകുന്ന് (ചീഫ് എഡിറ്റര്‍ പ്രബോധനം)

പ്രബോധനം ഏഴ് പതിറ്റാണ്ട് പിന്നിടുകയാണ്. മലയാളത്തിലെ ഏറ്റവും പഴക്കമുള്ള ഇസ്‌ലാമിക പ്രസിദ്ധീകരണമാണിത്. കേരള മുസ്ലിംകള്‍ വായനയോടും പഠനത്തോടും പുറം തിരിഞ്ഞു നിന്ന കാലത്താണ് പ്രബോധനം പ്രസിദ്ധീകരണമാരംഭിച്ചത്. 

കേരള മുസ്‌ലിംകള്‍ക്ക് നേരിന്റെ വഴികാണിച്ച് മുന്നില്‍ നടന്ന പ്രസിദ്ധീകരണം. മലയാളത്തിലെ പ്രമുഖ അനൗപചാരിക ഇസ്‌ലാമിക വിദ്യാസ്ഥാപനം. അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും മുസ്‌ലിം സമൂഹത്തെ മോചിപ്പിക്കുന്നതില്‍ മഹത്തായ പങ്ക് വഹിച്ച വാരിക കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ യഥാര്‍ഥ ചാലക ശക്തിയാണ്. ഇസ്‌ലാം ഒരു സമഗ്ര ജീവിത വ്യവസ്ഥയാണെന്ന് ഇന്ന് എല്ലാവരും അംഗീകരിക്കുന്നു. പ്രബോധനം നടത്തിയ നിരന്തര പ്രചാരണത്തിന്റെയും പോരാട്ടത്തിന്റെയും ഫലമായാണ് ഇത് സാധിതമായത്. ഖുര്‍ആനോടുള്ള ബന്ധം പാരായണത്തില്‍ മാത്രം പരിമിതമായിരുന്ന കാലത്താണ് അതിന്റെ അര്‍ഥവും വ്യാഖ്യാനവും പ്രസിദ്ധീകരിച്ചുകൊണ്ട് കേരളീയ സമൂഹത്തെ ഖുര്‍ആന്‍ പഠനത്തിലേക്ക് പ്രബോധനം വഴിനടത്തിയത്.

 ഇസ്‌ലാമിന്റെ രണ്ടാം പ്രമാണമായ സുന്നത്തും നിത്യജീവിതത്തെ രൂപപ്പെടുത്തുന്ന കര്‍മശാസ്ത്രവും ഇസ്‌ലാമിക ചരിത്രവും പഠിക്കാന്‍ വഴിയൊരുക്കിയ പ്രബോധനം നിര്‍വഹിക്കുന്നത് മഹത്തായ ദൗത്യമാണ്. കേരള മുസ്ലിംകളെ  ഇന്ത്യയിലെ ഇതര മുസ്ലിംകളുമായും ലോക ഇസ്‌ലാമിക സമൂഹവുമായും ആദര്‍ശപരമായും വൈകാരികമായും ബന്ധിപ്പിക്കാന്‍ പ്രബോധനത്തിന് സാധിച്ചു. ആഗോള ഇസ്ലാമിക പ്രസ്ഥാനങ്ങളെയും ചലനങ്ങളെയും യഥാസമയം കേരളീയ സമൂഹത്തിലെത്തിച്ചു. ലോക ഇസ്‌ലാമിക പണ്ഡിതന്മാരും ചിന്തകന്മാരും വിപ്ലവകാരികളും പരിഷ്‌കര്‍ത്താക്കളും അവരുടെ രചനകളും മലയാളിക്ക്  സുപരിചിതമായിത്തീര്‍ന്നത്  പ്രബോധനത്തിന്റെ  താളുകളിലൂടെയാണ്.

കമ്യൂണിസം ഉള്‍പ്പെടെയുള്ള ഭൗതിക പ്രത്യയശാസ്ത്രങ്ങളെ ആദര്‍ശപരമായി അഭിമുഖീകരിച്ചു. ജനാധിപത്യപരവും സംവാദാത്മകവുമായ സമീപനമാണ് അത് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ പിടിയിലമര്‍ന്നിരുന്ന നിരവധി പേരെ മോചിപ്പിച്ചെടുക്കാന്‍ അതിനു സാധിച്ചു. യുക്തിവാദം മുസ്‌ലിം സമുദായത്തിലേക്ക് കടന്നുകയറുന്നത് പ്രതിരോധിക്കുന്നതിലും അതിന് അവഗണിക്കാനാവാത്ത പങ്കു്. ശരീഅത്ത് സംവാദ കാലത്ത് പ്രബോധനം സ്വീകരിച്ച ശക്തവും യുക്തിഭദ്രവുമായ സമീപനം ശരീഅത്ത് വിമര്‍ശകരുടെ പോലും പ്രശംസ പിടിച്ചുപറ്റി. ലിബറലിസം, സര്‍വമത സത്യവാദം, ഹദീസ് നിഷേധം പോലുള്ള മറ്റു ഇസ്‌ലാംവിരുദ്ധ പ്രവണതകളെയും പ്രബോധനം നേരിട്ടുകൊണ്ടിരിക്കുന്നു. ഭരണകൂട ഭീകരതക്കും സംഘ് പരിവാര്‍ ഫാഷിസത്തിനുമെതിരെ ജാഗ്രതയോടെ നിലകൊള്ളുന്നു.

മാര്‍ച്ച് 24-ന് പ്രബോധനം ഡേ ആയി ആചരിക്കുകയാണ്. ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും സ്‌നേഹിക്കുന്ന ഏതൊരാള്‍ക്കും ഒരൊറ്റ ദിവസം കൊണ്ട് മഹത്തായ നേട്ടം കൈവരിക്കാനുള്ള അസുലഭ അവസരമാണിത്. ഒരാളെ വരി ചേര്‍ത്ത് പ്രബോധനം വായനക്കാരനാക്കുകഎന്നതിന്റെ അര്‍ഥം, ഇസ്‌ലാമിനെ യഥാവിധി പ്രതിനിധീകരിക്കാനും വെല്ലുവിളികളെ നേരിടാനും അയാളെ പ്രാപ്തനാക്കുന്നു എന്നാണ്. ആഴ്ചതോറും ഒരു ഇസ്‌ലാമിക അധ്യാപകനെ വീടുകളിലേക്ക് അയക്കുകയാണത്. ഇന്നത്തെ സാഹചര്യത്തില്‍ മികച്ച ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ ഒന്നാണിതെന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ ഓരോ ഇസ്ലാമിക പ്രവര്‍ത്തകനും പ്രബോധനം പരമാവധി കൈകളിലെത്തിക്കാന്‍ ശ്രമിക്കണം. ആവശ്യമായ മുന്നൊരുക്കം നടത്തണം. മുഴുവന്‍ ഇസ്‌ലാമിക പ്രവര്‍ത്തകരും അന്നേ ദിവസം പൂര്‍ണമായും  മഹത്തായ ഈ പുണ്യകര്‍മത്തില്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (12-13)
എ.വൈ.ആര്‍

ഹദീസ്‌

നമ്മുടെ സമ്പാദ്യം ഹലാലാണോ?
കെ.സി ജലീല്‍ പുളിക്കല്‍