മൗലാനാ മുഹമ്മദ് ഈസാ മന്‍ബഈ
കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതസഭയായ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃപദവിക്കൊപ്പം 30 വര്‍ഷത്തോളം ദക്ഷിണ കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ ചെയര്‍മാനായും ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ച മാതൃകാ പണ്ഡിതനായിരുന്നു ഈരാറ്റുപേട്ടയിലെ മൗലാനാ മുഹമ്മദ് ഈസാ അല്‍ഫാളില്‍ മന്‍ബഈ. അന്നസീമിന്റെ പത്രാധിപരുമായിരുന്നു. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, തൊടുപുഴ, കായംകുളം ഹസനിയ്യ, വര്‍ക്കല മന്നാനിയ്യ എന്നീ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു. 2004-ല്‍ മൗലവി സ്ഥാപിച്ച അല്‍ജാമിഅ ഫൗസിയ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസിന്റെ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
പിതാമഹാനായ വാരിയംകുന്നത്ത് മുഹ്‌യിദ്ദീന്‍ കുട്ടി ഹാജിയുടെ അടുക്കല്‍നിന്നാണ് പ്രാഥമിക മതപഠനം കരസ്ഥമാക്കിയത്. ഖുര്‍ആനിലും ഹദീസിലും ഫിഖ്ഹിലും നല്ല പാണ്ഡിത്യം നേടിയിരുന്നു. ഏഴാം വയസ്സില്‍ ഈരാറ്റുപേട്ട നൂറുല്‍ ഇസ്‌ലാം അറബിക് കോളേജില്‍ ചേര്‍ന്ന അദ്ദേഹം പല്ലന ഇബ്‌റാഹീംകുട്ടി മുസ്‌ലിയാരുടെ ശിഷ്യത്വത്തില്‍ തന്റെ പഠനമികവ് തെളിയിച്ചു. 21-ാം വയസ്സില്‍ ഒന്നാം റാങ്കോടെ മന്‍ബഈ ഫാദില്‍ ബിരുദം തമിഴ്‌നാട്ടിലെ ലാല്‍പേട്ട മന്‍ബഉല്‍ അന്‍വാറില്‍നിന്ന് ലഭിക്കുകയുണ്ടായി. അതിനുശേഷം അഫ്ദലുല്‍ ഉലമാ ബിരുദവും കരസ്ഥമാക്കി. ഏതാനും ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
മരണപ്പെടുന്നതിന് രണ്ടുദിവസം മുമ്പാണ് ഉംറ കര്‍മം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയത്. തിരിച്ചെത്തിയ ശേഷവും ജാമിഅ ഫൗസിയയില്‍ ക്ലാസെടുക്കാന്‍ പോയിരുന്നു. ആയിരക്കണക്കിന് ശിഷ്യഗണങ്ങളും സ്‌നേഹിതന്മാരും ഉള്‍പ്പെട്ട വലിയൊരു ജനാവലിയാണ് ജനാസയെ അനുഗമിക്കാന്‍ ഈരാറ്റുപേട്ടയില്‍ എത്തിച്ചേര്‍ന്നത്. ആറ് ആണ്‍മക്കളും ഒരു മകളുമു് അദ്ദേഹത്തിന്.
മക്കള്‍: അബ്ദുന്നൂര്‍ മൗലവി (ഇമാം, വെട്ടം തീണ്ടാപ്പടി ജുമുഅ മസ്ജിദ്), മുഹമ്മദ് അമീര്‍ (ഇമാം ജബലുന്നൂര്‍ മസ്ജിദ് ഈരാറ്റുപേട്ട), ഉനൈസ് മൗലവി (മസ്ജിദുല്‍ ഹുദാ ഈരാറ്റുപേട്ട), അര്‍ശദ് (ബിസിനസ്), മുഹമ്മദ് അന്‍വര്‍ (അറഫാ ജുമാ മസ്ജിദ് ചക്കരപ്പറമ്പ്), മുഹമ്മദ് അന്‍സര്‍ (അധ്യാപകന്‍, ഈരാറ്റുപേട്ട), റുശ്ദ (മകള്‍).
മരുന്ദന്‍ മുഹമ്മദ്
മാര്‍ച്ച് 8-ന് അന്തരിച്ച നിലമ്പൂര്‍ ചന്തക്കുന്ന് ഘടകത്തിലെ മരുന്ദന്‍ മുഹമ്മദ് സാഹിബ്(83) സ്വഭാവമഹിമ കൊണ്ടും എളിമയാര്‍ന്ന ജീവിതംകൊണ്ടും ഒരു പുരുഷായുസ്സ് ധന്യമാക്കിത്തീര്‍ത്ത വ്യക്തിത്വമായിരുന്നു. പ്രസ്ഥാന പരിപാടികളിലും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളിലുമെല്ലാം അദ്ദേഹം മുന്‍പന്തിയിലുണ്ടാവും. ഐഡിയല്‍ ട്രസ്റ്റ്, മസ്ജിദുസ്സമാന്‍, വെല്‍ഫെയര്‍ സൊസൈറ്റി, പലിശരഹിത വായ്പാ നിധി തുടങ്ങി നിലമ്പൂര്‍ ചന്തക്കുന്നിലെ ജനസേവന രംഗങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു. മരണം വരെ ചന്തക്കുന്ന് മസ്ജിദുസ്സമാനിന്റെ സെക്രട്ടറിയായിരുന്നു. പള്ളിയുടെയും ഹല്‍ഖയുടെയും വരവു-ചെലവ് കണക്കുകള്‍ കൃത്യതയോടെ കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തിന് പള്ളിപരിപാലന കാര്യങ്ങള്‍ വീട്ടുകാര്യങ്ങളെക്കാള്‍ പ്രധാനമായിരുന്നു.
വളരെ മുമ്പ് തന്നെ ജ്യേഷ്ഠസഹോദരന്‍ മരണപ്പെട്ടതിനാല്‍ വലിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍ക്കേണ്ടിവന്നിരുന്നു മുഹമ്മദ് സാഹിബിന്. ജീവിത പ്രാരാബ്ധങ്ങള്‍ക്കും പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കുമിടയില്‍ പറക്കമുറ്റാത്ത സഹോദരപുത്രന്മാരുടെ സംരക്ഷണവും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.
ഭാര്യാസന്താനങ്ങള്‍ ഇല്ലാതിരുന്ന മുഹമ്മദ് സാഹിബിന് ജ്യേഷ്ഠപുത്രന്മാരായിരുന്നു എന്നും താങ്ങും തണലുമായിരുന്നത്. അവര്‍ അദ്ദേഹത്തിന് മക്കളും അവര്‍ക്ക് അദ്ദേഹം സ്‌നേഹനിധിയായ പിതാവുമായിരുന്നു.
നജീബ് നിലമ്പൂര്‍
Comments