സാമൂഹിക ദുരന്തങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ മുസ്‌ലിംകള്‍ക്ക് ബാധ്യതയുണ്ട്
നിലവിലുള്ള കേന്ദ്രഭരണത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മുന്‍ഗണനകള്‍ എന്തായിരിക്കണം?
* എല്ലാ മേഖലകളിലും അതിവേഗ വികസന പദ്ധതികള്‍ നടപ്പാക്കുക, അഴിമതി ഇല്ലാതാക്കുക തുടങ്ങിയ പ്രഖ്യാപനങ്ങളോടെയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. 2014-ലെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ 'വികസനം' ആയിരുന്നു ബി.ജെ.പിയുടെ പ്രധാന മുദ്രാവാക്യം. ജനങ്ങളെ ഭിന്നിപ്പിച്ച് അവര്‍ക്കിടയില്‍ വെറുപ്പുല്‍പാദിപ്പിക്കുക എന്ന പരമ്പരാഗത അജണ്ട ബി.ജെ.പി കൈവെടിഞ്ഞിരിക്കുന്നുവെന്നും പകരം 'സബ് കാ സാഥ് സബ് കാ വികാസ്' (എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം) എന്ന പേരില്‍ ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വികസനം എന്നതായിരിക്കും പാര്‍ട്ടിയുടെ അജണ്ടയെന്നും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു.
ഇത് ഒട്ടും സത്യസന്ധമായ പ്രതിജ്ഞ ആയിരുന്നില്ലെന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം തെളിയിച്ചിരിക്കുന്നു. സാമ്പത്തിക-വികസന രംഗത്ത് ഇനി വരാന്‍ പോകുന്ന ഭരണകൂടം ഒരുപാട് മെച്ചപ്പെട്ട ഒരു ബദല്‍ ആയിക്കൊള്ളണമെന്നില്ല. എന്നാല്‍ നിലവിലുള്ള സ്ഥിതിഗതികള്‍ വളരെ മോശമാണ്. വളര്‍ച്ച എന്നത്തേതിനേക്കാളും മുരടിച്ചിരിക്കുന്നു. തൊഴിലില്ലായ്മയും അഴിമതിയും വര്‍ധിച്ചിരിക്കുന്നു. സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലായിരിക്കുന്നു. അതിനാല്‍ നിലവിലുള്ള സര്‍ക്കാര്‍ ഇനിയും തുടരുന്നത് സാമ്പത്തിക വികസന രംഗത്ത് വലിയ തകര്‍ച്ചകള്‍ക്ക് കാരണമാകും. സമ്പദ്‌വ്യവസ്ഥയുടെ പരാജയം മാത്രമല്ല പ്രശ്‌നം. ബി.ജെ.പി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലും സാമൂഹിക ഘടനയിലും വമ്പിച്ച പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ജനാധിപത്യസ്ഥാപനങ്ങളുടെ തകര്‍ച്ച രാജ്യം നേരിടുന്ന വലിയ വിപത്താണ്. അവയുടെ സ്വയംഭരണ ശേഷിയും പ്രവര്‍ത്തന സ്വാതന്ത്ര്യവും വലിയ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്നു. 'ജനാധിപത്യം അപകടത്തിലാണ്' എന്ന് സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ പത്രസമ്മേളനത്തില്‍ വിളിച്ച് പറഞ്ഞത് പക്വമായ ഒരു ജനാധിപത്യ സംവിധാനത്തിന്റെ ചരിത്രത്തില്‍ ഇത് വരെ കേട്ടിട്ടില്ലാത്ത സംഭവമാണ്. തെരഞ്ഞെടുപ്പ് കമീഷനിലുള്ള അവിശ്വാസം വര്‍ധിക്കുക, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സി.ബി.ഐയെ ദുരുപയോഗം ചെയ്യുക, റിസര്‍വ് ബാങ്ക്, വിജിലന്‍സ് കമീഷന്‍, യു.ജി.സി പോലെയുള്ള സ്ഥാപനങ്ങള്‍ തുടരെ തുടരെ പ്രതിസന്ധികള്‍ നേരിടുക... തുടങ്ങിയ സംഭവങ്ങള്‍ സ്വതന്ത്ര സ്ഥാപനങ്ങള്‍ അത്ര സ്വതന്ത്രമല്ലെന്നും, രാജ്യം സംസ്‌കാര ശൂന്യമായ ഏകാധിപത്യത്തിന്റെ പാതയിലാണെന്നും തെളിയിക്കുന്നു.
മറയില്ലാത്ത വെറുപ്പിന്റെ രാഷ്ട്രീയം മറ്റൊരു വലിയ പ്രശ്‌നമാണ്. വിഷം ചീറ്റുന്ന ധ്രുവീകരണ ശക്തികള്‍ക്ക് നേതൃത്വം നല്‍കുന്നത് ജനാധിപത്യ ഇന്ത്യയുടെ ഭരണാധികാരികള്‍ തന്നെയാണ്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി കുപ്രസിദ്ധരായവര്‍ക്ക് മുഖ്യമന്ത്രിക്കസേരയും കേന്ദ്രമന്ത്രി പദവിയും നല്‍കപ്പെടുന്നു. വിധ്വംസക പ്രവര്‍ത്തനങ്ങളും ഗുണ്ടാ വിളയാട്ടവും സംരക്ഷിക്കപ്പെടുന്നു. സാമൂഹിക മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണ ട്രോളുകളെ പ്രധാനമന്ത്രി തന്നെ ഫോളോ ചെയ്യുന്നു.
ഭരണകൂടത്തിന്റെ ഒത്താശയോടെ രാഷ്ട്രീയ-മുതലാളിത്ത-മാധ്യമ കൂട്ടുകെട്ട് അതിന്റെ പാരമ്യതയിലെത്തിയത് അത്യന്തം അപകടകരമാണ്. സമ്പത്തിന്റെ കേന്ദ്രീകരണവും സാമ്പത്തിക അസമത്വവും ഭീതിജനകമായ ഉയരങ്ങളില്‍ എത്തിയിരിക്കുന്നു. ചില പ്രമുഖ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പ്രധാന രാജ്യ താല്‍പര്യങ്ങള്‍ ബലികഴിച്ചെന്ന ആരോപണം സര്‍ക്കാറിനെതിരില്‍ നിലവിലുണ്ട്. ജനങ്ങളുടെ മനസ്സാക്ഷിയാകേണ്ട മാധ്യമങ്ങള്‍ ഭരണാധികാരികളുടെയും അവരുടെ കോര്‍പ്പറേറ്റ് പങ്കാളികളുടെയും വക്താക്കളായി മാറിയിരിക്കുന്നു.
ഇതൊക്കെയും രാഷ്ട്രത്തിനും ജനത്തിനും ആപല്‍ക്കരമായ ഭീഷണിയാണ്. ഈ ഭീഷണിയില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കുകയെന്നതാണ് വോട്ടര്‍മാരുടെ ഏറ്റവും വലിയ കടമയെന്ന് ഞാന്‍ കരുതുന്നു.
മുത്ത്വലാഖ് ബില്ലിന് പിന്നിലുള്ള യഥാര്‍ഥ ലക്ഷ്യം എന്താണ്? പൊതുതെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുള്ള രാഷ്ട്രീയക്കളിയാണോ അത്?
* ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷത്തെ സ്റ്റീരിയോടൈപ്പ് ചെയ്യുക (അഥവാ പരമ്പരാഗതമായി അവരെക്കുറിച്ചുള്ള മോശം പ്രതിഛായ അരക്കിട്ടുറപ്പിക്കുക) എന്നതായിരുന്നു മുത്ത്വലാഖ് നാടകത്തിന്റെ പ്രധാന ലക്ഷ്യം. മാത്രമല്ല, തങ്ങളുടെ പാരമ്പര്യ ആചാരങ്ങളും വ്യക്തിനിയമങ്ങളും അപകടത്തിലാണെന്ന അരക്ഷിതബോധം മുസ്‌ലിംകളില്‍ സൃഷ്ടിക്കാനും അതുവഴി സാധിക്കുന്നു. മുസ്ലിം സ്ത്രീയെക്കുറിച്ച് തെറ്റിധാരണാജനകമായ കാര്യങ്ങള്‍ വന്‍തോതില്‍ പ്രചരിപ്പിക്കലായിരുന്നു ഈ നാടകത്തിന്റെ പ്രധാന ലക്ഷ്യമെന്നു വിശദാംശങ്ങള്‍ പരിശോധിച്ചാലറിയാം. ലിംഗ സമത്വം ഉറപ്പ് വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യം നടപ്പാക്കലാണ് ആത്മാര്‍ഥമായി ഉദ്ദേശിക്കുന്നതെങ്കില്‍ സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് ഇതായിരുന്നില്ല. ബില്‍ തയാറാക്കുന്നതിന് മുമ്പ് മുസ്‌ലിം സമുദായ നേതൃത്വവുമായി സംവദിക്കുകയും അവരെ വിശ്വാസത്തിലെടുക്കുകയുമായിരുന്നു വേണ്ടിയിരുന്നത്. ഗൗരവമുള്ള ചര്‍ച്ചകളും കൂടിയാലോചനകളും കൂടാതെ, സെലക്റ്റ് കമ്മിറ്റിയുടെ വിലയിരുത്തലിനു വിടുക എന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കാതെ നിയമനിര്‍മാണം നടത്തുകയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയും ചെയ്ത ശൈലിയില്‍നിന്ന് ഭരണകൂടത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യമെന്തെന്ന് മനസ്സിലാവും.
സാമുദായിക ധ്രുവീകരണം വര്‍ഗീയ രാഷ്ട്രീയത്തിന് ഒഴിവാക്കാനാവുകയില്ല; ധ്രുവീകരണം സാധ്യമാകുന്നത് വാര്‍പ്പു മാതൃകകള്‍ സൃഷ്ടിക്കുന്നതിലൂടെയും.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത അവതാളത്തിലായതിനെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?
* ഭരിക്കുന്ന ഉന്നതരുടെയും അവരുടെ കോര്‍പ്പറേറ്റ് പങ്കാളികളുടെയും ഹ്രസ്വകാല താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സമ്പദ് വ്യവസ്ഥയെ ഉപയോഗിക്കുകയാണ്. നോട്ടു നിരോധ പ്രഖ്യാപനത്തിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിന്റെ യഥാര്‍ഥ ന്യായമെന്തെന്ന് വിശദീകരിക്കാന്‍ ഇന്നു വരെയും സര്‍ക്കാറിന് സാധിച്ചിട്ടില്ല. അസംഘടിത സാമ്പത്തിക മേഖലയെ തകര്‍ത്ത് അതുവഴി സമ്പദ് വ്യവസ്ഥയുടെ എല്ലാ രംഗങ്ങളിലും ഭീമന്മാരെ കുടിയിരുത്തുകയായിരുന്നു അതിന്റെ യഥാര്‍ഥ ലക്ഷ്യം. രാജ്യത്തിന്റെ സാമ്പത്തിക രംഗം എങ്ങനെ മുന്നോട്ടു പോകുന്നു എന്നതിന് ഇതിനേക്കാള്‍ വലിയ തെളിവ് ആവശ്യമില്ല. സാമ്പത്തിക ഭദ്രതയുടെ തകര്‍ച്ച ഈ സമീപനത്തിന്റെ സ്വാഭാവിക ഫലമാണ്. ഇന്ത്യയിലെ സാധാരണ ജനങ്ങളും ഗുണഭോക്താക്കളായി മാറുമ്പോഴാണ് നമ്മുടെ കാഴ്ചപ്പാടില്‍ സമ്പദ് വ്യവസ്ഥ ഭദ്രമാകുന്നത്. എന്നാല്‍ കോര്‍പ്പറേറ്റ് സൗധങ്ങളിലെ ന്യൂനാല്‍ ന്യൂനപക്ഷത്തിനും അവരുടെ രാഷ്ട്രീയ മാധ്യമ പങ്കാളികള്‍ക്കും ഗുണം ലഭിക്കുന്ന നയങ്ങള്‍ മാത്രമാണ് ഇവിടെ അനുവര്‍ത്തിക്കപ്പെടുന്നത്.
നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ തുടരുകയല്ലേ ചെയ്യുക?
* യു.പി.എ സര്‍ക്കാര്‍, പ്രത്യേകിച്ച് അവരുടെ രണ്ടാം ഘട്ടത്തില്‍ സ്വീകരിച്ച നയങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുന്നവയല്ല. എങ്കിലും അവരും നിലവിലുള്ള സര്‍ക്കാറും തമ്മില്‍ രണ്ട് പ്രധാന വ്യത്യാസങ്ങള്‍ ഉണ്ട്. ഒന്നാമതായി, നിലവിലുള്ള സര്‍ക്കാറിന്റെ സാമ്പത്തിക നവ ലിബറല്‍ കാഴ്ചപ്പാട് വളരെ ആഴത്തിലുള്ളതും വ്യത്യസ്ത തലങ്ങള്‍ ഉള്ളതുമാണ്. യു.പി.എ ഗവണ്‍മെന്റ് നവ ലിബറല്‍ നയങ്ങള്‍ പിന്തുടരുമ്പോഴും മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി (MGNREGA), സര്‍വ ശിക്ഷാ അഭിയാന്‍ തുടങ്ങിയ ജനോപകാര പരിപാടികളും നടപ്പാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി നിലവിലുള്ള സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങള്‍ സമ്പദ്‌വ്യവസ്ഥയെ വളരെ കേന്ദ്രീകൃതവും മറ്റുള്ള യാതൊന്നിനെയും ഉള്‍ക്കൊള്ളാത്തതുമാക്കിയിരിക്കുന്നു.
രണ്ടാമത്തെ പ്രധാന വ്യത്യാസം, യു.പി.എയുടെ കാലത്ത് ചെക്ക് ആന്റ് ബാലന്‍സ് സിസ്റ്റം നിലവിലുണ്ടായിരുന്നതിനാല്‍ തിരുത്തലുകള്‍ക്ക് അവസരം ഉണ്ടായിരുന്നു എന്നതാണ്. പ്രതിപക്ഷ കക്ഷികളുടെ ശബ്ദം കേള്‍ക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിരുന്നു. പൊതുഇടം ഇന്നുള്ളതിനേക്കള്‍ ആരോഗ്യകരമായിരുന്നു. മാധ്യമങ്ങള്‍ ഊര്‍ജസ്വലമായിരുന്നു. ഇപ്പോള്‍ എല്ലാ എതിര്‍ശബ്ദങ്ങളെയും നിശ്ശബ്ദമാക്കുക വഴി പ്രതീക്ഷയുടെ മുഴുവന്‍ വാതിലുകളും കൊട്ടിയടച്ചിരിക്കുന്നു.
വിധ്വംസക ശക്തികളെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക എന്ന് പറയാന്‍ എളുപ്പമാണ്. എന്നാല്‍, അതിനു സ്വീകരിക്കേണ്ട രാഷ്ട്രീയ നയോപായങ്ങളെക്കുറിച്ച് എന്തെങ്കിലും രൂപരേഖ തയാറാക്കിയിട്ടുണ്ടോ?
* വര്‍ഗീയ ശക്തികളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണി എന്ന കാഴ്ചപ്പാടില്‍ നാം ഏകാഭിപ്രായക്കാരാണെങ്കില്‍ സ്ട്രാറ്റജി രൂപീകരിക്കല്‍ എളുപ്പമാണ്. ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് ഏകരൂപത്തിലുള്ള ഒരു സ്ട്രാറ്റജി സാധ്യമല്ല. സംസ്ഥാനതലങ്ങളിലാണ് സ്ട്രാറ്റജികള്‍ രൂപപ്പെടുത്തേണ്ടത്. മതേതര ശക്തികള്‍ അനിവാര്യമായും ഐക്യപ്പെടേണ്ടതുണ്ട്. വര്‍ഗീയ ശക്തികള്‍ക്കെതിരെ ഓരോരുത്തരും പോരാടേണ്ടതുണ്ട്. ഭരണകക്ഷിയുടെ നയങ്ങളുടെ അപകടകരമായ പ്രത്യാഘാതങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്. എല്ലാറ്റിനുമുപരി, വോട്ടര്‍മാര്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ തങ്ങളുടെ പേര് ഉണ്ടെന്ന് ഉറപ്പു വരുത്തുകയും തെരഞ്ഞെടുപ്പു ദിവസം സമ്മതിദാനാവകാശം വിനിയോഗിക്കുകയും ചെയ്യേണ്ടതുണ്ട്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നതിലൂടെ മാത്രമേ വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്താന്‍ സാധിക്കൂ എന്നു വാദമുണ്ട്. അങ്ങനെയാണെങ്കില്‍, മതേതര പാര്‍ട്ടികള്‍ നേര്‍ക്കുനേരെ ഏറ്റുമുട്ടുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ എന്ത് സ്ട്രാറ്റജിയാണ് സ്വീകരിക്കേണ്ടത്?
* ദേശീയ തലത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണക്കുക എന്നതല്ല പരിഹാരം. സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയും ഓരോ സംസ്ഥാനത്തിനും അനുയോജ്യമായ സ്ട്രാറ്റജികള്‍ രൂപപ്പെടുത്തുകയുമാണ് വേണ്ടത്. ഇന്ത്യയെ പോലെ വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു രാജ്യത്ത് ധാരാളം പാര്‍ട്ടികള്‍ ഉണ്ടാവുക സ്വാഭാവികമാണ്. വിവിധ പാര്‍ട്ടികളുടെ പ്രതിനിധികളെ ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്റിനു മാത്രമേ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. രണ്ട് പാര്‍ട്ടികള്‍ മാത്രമുള്ള വ്യവസ്ഥ ഇന്ത്യക്ക് അനുയോജ്യമല്ല. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ നമുക്കാവശ്യമുണ്ട്. കൂടാതെ പാവപ്പെട്ടവര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, ദലിതുകള്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളും ആവശ്യമാണ്. ഇവയെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരു സന്തുലിതത്വം കൈവരുത്തുന്നുണ്ട്. വ്യത്യസ്തതകള്‍ക്ക് പ്രാതിനിധ്യമുണ്ടാകുമ്പോഴേ ഇന്ത്യന്‍ പാര്‍ലമെന്റിനു മുഴുവന്‍ ജനങ്ങളുടെയും താല്‍പര്യങ്ങളെ സംരക്ഷിക്കാനാവുകയുള്ളൂ. കോണ്‍ഗ്രസിനോ മറ്റേതെങ്കിലും ദേശീയ പാര്‍ട്ടിക്കോ പൂര്‍ണ പിന്തുണ നല്‍കുന്നതിലൂടെ ഈ ലക്ഷ്യം നേടാന്‍ സാധ്യമല്ല. അതിനാല്‍ സംസ്ഥാന തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കേണ്ടതുണ്ട്. സാമുദായിക ധ്രുവീകരണ ശക്തികള്‍ക്കെതിരെ ഏറ്റവും നന്നായി പോരാടുകയും സംസ്ഥാനത്തെ ജനകീയ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്നതാവണം നയം.
കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനം ഒരു പ്രശ്‌നമാണല്ലോ. ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് അത് പരസ്യമായി പ്രകടിപ്പിച്ചതുമാണ്. വെറുപ്പിന്റെ രാഷ്ട്രീയം കടമെടുക്കാതിരിക്കാന്‍ എന്ത് തരം സമ്മര്‍ദ തന്ത്രങ്ങളാണ് കോണ്‍ഗ്രസിന് മേല്‍ പയറ്റേണ്ടത്?
* രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാമുദായിക ധ്രുവീകരണ പ്രവര്‍ത്തനങ്ങളിലൂടെ തെരഞ്ഞെടുപ്പ് വിജയം നേടാന്‍ പാകത്തില്‍ സമൂഹം മാറിക്കൊണ്ടിരിക്കുന്നു എന്നത് ദുഃഖകരമായ കാര്യം തന്നെയാണ്. ഇതൊരു സാമൂഹിക വിപത്തും ദീര്‍ഘകാല വെല്ലുവിളിയുമാണ്. മതേതര പാര്‍ട്ടികള്‍ എന്ന് വിളിക്കപ്പെടുന്നവ തന്നെ ഇത്തരം പ്രവണതകള്‍ക്ക് കീഴ്‌പ്പെടുകയാണെങ്കില്‍ അത് വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.
ഈ വിപത്തിനെ ചെറുക്കാന്‍ രണ്ട് തരത്തിലുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കാനാവും. ഒന്ന്, വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങളില്‍നിന്ന് സമൂഹത്തെ ശുദ്ധീകരിക്കാന്‍ ഉതകുന്ന രീതിയില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക. രണ്ട്, വര്‍ഗീയ രാഷ്ട്രീയത്തില്‍ വിശ്വസിക്കാത്ത നല്ല മനുഷ്യരെ ഐക്യപ്പെടുത്തുക. ദലിതുകള്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങി ഭരണഘടനാ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാ വിഭാഗങ്ങളും ഒന്നിച്ച് നില്‍ക്കുകയും അവരുടെ ശബ്ദം ഉച്ചത്തില്‍ കേള്‍ക്കാവുന്നതാവുകയും ചെയ്യേണ്ടതുണ്ട്. സാമുദായിക ധ്രുവീകരണ അജണ്ട കൊണ്ടുനടക്കുന്ന പാര്‍ട്ടികള്‍ക്ക് മുതല്‍ക്കൂട്ടാവുന്നതിന് പകരം ആ നയം ഒരു ബാധ്യതയായി മാറേണ്ടതുണ്ട്. സുദീര്‍ഘവും സ്ഥായിയുമായ സാമൂഹിക മുന്നേറ്റത്തിലൂടെ മാത്രമേ ഇത് നേടാന്‍ സാധിക്കുകയുള്ളൂ.
നാം പിന്തുണക്കുന്ന പ്രാദേശിക കക്ഷികള്‍ ദേശീയ തലത്തില്‍ ബി.ജെ.പിയെ പിന്തുണക്കുകയില്ല എന്ന് ഉറപ്പു വരുത്താന്‍ നമുക്ക് സാധിക്കുമോ?
* തെലങ്കാനയില്‍ സാമുദായിക ധ്രുവീകരണ ശക്തികളെ ടി.ആര്‍.എസ് സഹായിക്കുകയില്ല എന്ന ഉറപ്പ് ലഭിച്ചതിനു ശേഷമാണ് ജമാഅത്തെ ഇസ്ലാമി അവര്‍ക്ക് പിന്തുണ നല്‍കിയത്. പാര്‍ട്ടിയുടെ നേതാക്കള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഈ കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നും പിന്തുണ ലഭിക്കണമെങ്കില്‍ ഈ നിലപാടിനോട് അവര്‍ പൂര്‍ണമായ ആത്മാര്‍ഥത പുലര്‍ത്തുകയും അക്ഷരാര്‍ഥത്തില്‍ അത് നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലെ സമാധാനകാംക്ഷികളായ ജനങ്ങളുടെ വോട്ട് ആഗ്രഹിക്കുന്ന ഏതൊരു പാര്‍ട്ടിയില്‍നിന്നും ഇത്തരത്തില്‍ ഉറപ്പ് വാങ്ങണം. എല്ലാ പ്രാദേശിക പാര്‍ട്ടികളും വര്‍ഗീയ ശക്തികളെ പിന്തുണക്കാന്‍ സാധ്യതയുണ്ട് എന്ന് അനുമാനിക്കുന്നത് ശരിയായിരിക്കില്ല. അതോടൊപ്പം അത്തരം പാര്‍ട്ടികള്‍ക്ക് ഇടം വലം നോക്കാതെ പിന്തുണ നല്‍കേണ്ടതുമില്ല. ജനാധിപത്യത്തില്‍ ജനങ്ങളുടെ ശബ്ദത്തിനും പരിഗണനകള്‍ക്കുമാണ് ആത്യന്തികമായി പ്രാധാന്യം. നമ്മുടെ പരിഗണനകളും ആശങ്കകളും വ്യക്തമായും ഉച്ചത്തിലും നാം പിന്തുണക്കുന്ന പാര്‍ട്ടികളെ ധരിപ്പിക്കേണ്ടതുണ്ട്.
പൊതു സ്ട്രാറ്റജി രൂപപ്പെടുത്താനും യാഥാര്‍ഥ്യമാക്കാനും ജമാഅത്തെ ഇസ്‌ലാമി എത്രത്തോളം ശ്രമിക്കുന്നുണ്ട്? തെരഞ്ഞെടുപ്പ് അടുത്ത സന്ദര്‍ഭത്തില്‍ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ആരോഗ്യകരമായ ധാരണകള്‍ ഉണ്ടാകേണ്ടതില്ലേ? ജനങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍ ജമാഅത്തെ ഇസ്‌ലാമിയില്‍നിന്ന് അങ്ങനെ ഒരു കാല്‍വെപ്പ് പ്രതീക്ഷിക്കുന്നുണ്ട്.
* സാമുദായിക ധ്രുവീകരണം, വര്‍ഗീയവത്കരണം, കോര്‍പ്പറേറ്റ്‌വത്കരണം, കുറ്റകൃത്യങ്ങള്‍, സദാചാര ധാര്‍മിക അധഃപതനം, വെറുപ്പിന്റെ രാഷ്ട്രീയം, അനൈക്യം, അധഃസ്ഥിത ജനവിഭാഗങ്ങള്‍ പുറന്തള്ളപ്പെടല്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ സഗൗരവം ഇടപെടല്‍ നടത്തുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം ദുരന്തങ്ങള്‍ രാക്ഷസരൂപം പൂണ്ട് ജനാധിപത്യത്തിന്റെ. അസ്തിവാരം തന്നെ തകര്‍ക്കാനാരംഭിച്ചിരിക്കുന്നു. ഇതില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ജമാഅത്തെ ഇസ്ലാമി അതിനാലാവും വിധം ശ്രമിക്കും. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ വിവിധ മുസ്‌ലിംസംഘടനകളുമായും മറ്റു കക്ഷികളുമായും ചേര്‍ന്ന് നിന്നുകൊണ്ട് തന്നെയാണ് ജമാഅത്ത് പ്രവര്‍ത്തിച്ചുവരുന്നത്.
Comments