Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 22

3094

1440 റജബ് 14

പ്രതിഷേധത്തിരയടങ്ങാതെ അള്‍ജീരിയ

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

അള്‍ജീരിയയിലെ  ഭരണകൂടവിരുദ്ധ പ്രക്ഷോഭം ആദ്യവിജയം കണ്ടു.  ഇരുപത് വര്‍ഷമായി ഭരിക്കുന്ന 82 വയസ്സുള്ള, പക്ഷാഘാതം വന്ന് അവശനായ അബ്ദുല്‍ അസീസ് ബുതഫ്‌ലീഖ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെടുക്കുകയായിരുന്നു. അഞ്ചാം തവണയും നാമനിര്‍ദേശ പത്രിക നല്‍കാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ  രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അറബ് വസന്ത പ്രക്ഷോഭകാലത്ത് അള്‍ജീരിയ താരതമ്യേന ശാന്തമായിരുന്നു. അമ്പത് മില്യന്‍ ജനസംഖ്യയുള്ള അള്‍ജീരിയയില്‍ അമ്പത് ശതമാനത്തിലധികവും മുപ്പതു വയസ്സിനു താഴെയുള്ള യുവ തലമുറയാണ്. അവരാണ് ഈ പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിക്കുന്നത്.  തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു വര്‍ഷം മാത്രമേ ഭരിക്കുകയുള്ളൂ എന്ന് ബുതഫ്‌ലീഖയുടെ സെക്രട്ടറി അബ്ദുല്‍ ഗനി സാലന്‍ പ്രസ്താവനയിറക്കിയെങ്കിലും തണുപ്പിക്കാന്‍ സാധിക്കാത്തതിനാലാണ് സ്ഥാനാര്‍ഥിത്വ മോഹം ഉപേക്ഷിക്കുകയും ഏപ്രില്‍ നാലിന് നടക്കാനിരുന്ന പൊതുതെരഞ്ഞെടുപ്പ് നീട്ടിവെക്കുകയും ചെയ്തത്.

1962-ല്‍ ഫ്രാന്‍സിന്റെ അധിനിവേശത്തില്‍നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം നാഷ്‌നല്‍ ലിബറേഷന്‍ ഫ്രന്റ് (FLN) ആണ് പ്രധാന ഭരണകക്ഷി. ശാദുലി ബിന്‍ ജദീദിന്റെ ഭരണകാലത്ത് ബഹുകക്ഷി രാഷ്ട്രീയ വ്യവസ്ഥ നിലവില്‍ വന്നതോടെയാണ് ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രന്റ്  (FIS), ഇഖ്വാന്‍ അനുഭാവമുള്ള ഹറകത്  മുജതമത്തുസ്സില്‍മ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ അള്‍ജീരിയന്‍ രാഷ്ട്രീയത്തില്‍ സജീവമായത്. അബ്ബാസ് മദനി, ശൈഖ് അലി ബെല്‍ഹാജ് എന്നിവരുടെ നേതൃത്വത്തിലൂടെ FLNന് അള്‍ജീരിയന്‍ സമൂഹത്തില്‍ വേരുറപ്പിക്കാന്‍ സാധിച്ചിരുന്നു.

1992-ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രന്റ് ഒന്നാം ഘട്ട വോട്ടെടുപ്പില്‍ വനന്‍ വിജയം നേടിയപ്പോള്‍, ബാഹ്യശക്തികളുടെ സഹായത്തോടെ പട്ടാളം അട്ടിമറി നടത്തുകയായിരുന്നു. തുടര്‍ന്നുള്ള ആഭ്യന്തര യുദ്ധത്തില്‍ ഒരു ലക്ഷത്തിലധികം സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. ഈ മുന്‍കാല രാഷ്ട്രീയ അനുഭവം സമൂഹത്തിന്റെ മേല്‍ അധികാര പ്രയോഗത്തിനായി ഭരണകൂടം ഉപയോഗിക്കുന്നുണ്ടെങ്കിലും  അറബ് വസന്തകാലത്തെ സമാധാന പ്രതിഷേധങ്ങളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട പ്രക്ഷോഭകര്‍ പിന്മാറാന്‍ തയാറല്ല. അള്‍ജീരിയന്‍ ആര്‍മി ചീഫ് ജനറല്‍ അഹ്മദ് സ്വലാഹ് രാജ്യത്തെ സാമൂഹിക അസന്തുലിതാവസ്ഥയിലേക്ക് നയിക്കരുതെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1992-2002 കാലത്തെ  ആഭ്യന്തര കലാപത്തില്‍  നിര്‍ണായക സ്ഥാനമുള്ള പട്ടാള നേതൃത്വത്തിന്റെ മുന്നറിയിപ്പ് അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. 

 

 

ജമീല അഫ്ഗാനിയുടെ പോരാട്ടങ്ങള്‍

ജമീല അഫ്ഗാനി അഫ്ഗാനിസ്താനിലെ മത-സാമൂഹിക മേഖലകളിലെ മുസ്‌ലിം വനിതകളുടെ സജീവ സാന്നിധ്യത്തിന് മികച്ച ഉദാഹരണമാണ്. രാജ്യത്തെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങള്‍ക്കും  വേണ്ടി പ്രവര്‍ത്തിക്കുന്ന നൂര്‍ എജുക്കേഷ്‌നല്‍ ആന്റ് കപ്പാസിറ്റി ഡെവലപ്‌മെന്റ് ഓര്‍ഗനൈസഷന്‍ എന്ന സംഘടനയുടെ സ്ഥാപകയും മേധാവിയുമാണവര്‍. സ്ത്രീ വിദ്യാഭ്യാസത്തെ അനുകൂലിക്കുന്ന   6000 ഇമാമുമാര്‍ ഉള്‍ക്കൊള്ളുന്ന ശൃംഖല സ്ഥാപിക്കുകയും മദ്‌റസ, സ്‌കൂള്‍ എന്നിവയിലൂടെ വിദ്യാഭ്യാസ വിപ്ലവത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്നു. സോവിയറ്റ് അധിനിവേശകാലത്ത് പാകിസ്താനില്‍ അഭയം തേടിയ ജമീല അഫ്ഗാനി പെഷവാര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഇസ്‌ലാമിക് സ്റ്റഡീസില്‍ ഉന്നത വിദ്യാഭ്യാസം നേടി. കുറച്ചു കാലം പാകിസ്താനിലെ അഭയാര്‍ഥികള്‍ക്കിടയില്‍ സാമൂഹിക പ്രവര്‍ത്തകയായി സേവനം അനുഷ്ഠിച്ചു. 2001-ല്‍ താലിബാന്‍ ഭരണം തകര്‍ക്കപ്പെട്ടതിനു ശേഷം ജന്മനാട്ടിലേക്ക് മടങ്ങി.  2001-ല്‍ സ്ഥാപിച്ച ഈ പദ്ധതിയിലൂടെ 22 പ്രവിശ്യകളിലായി   50000 സ്ത്രീകള്‍ പ്രാഥമിക വിദ്യാഭ്യാസവും കൈത്തൊഴില്‍ പരിശീലനം സ്വായത്തമാക്കിയിട്ടുണ്ടെന്ന് ജമീല അഫ്ഗാനി പറയുന്നു. രാജ്യത്തെ ഇരുപത് ശതമാനത്തോളം മസ്ജിദുകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുകയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (12-13)
എ.വൈ.ആര്‍

ഹദീസ്‌

നമ്മുടെ സമ്പാദ്യം ഹലാലാണോ?
കെ.സി ജലീല്‍ പുളിക്കല്‍