വേണ്ടത് പ്രാദേശിക കക്ഷികളെക്കൂടി ഉള്‍പ്പെടുത്തി വിശാല മതേതര സഖ്യം
ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക അവസ്ഥ തികച്ചും അപകടകരവും ഭരണഘടനയെയും നമ്മുടെ രാജ്യത്തിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തെയും വെല്ലുവിളിക്കുന്നതുമാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടി ആറുമാസം തികയുന്നതിന് മുമ്പേ രാഷ്ട്രപിതാവിനെ അറുകൊല ചെയ്തവരെ ആദരിക്കുകയും പശുവിന്റെ പേരില്‍ മനുഷ്യനെ കൊല്ലുകയും ചെയ്യുന്ന സാഹചര്യം ആശങ്കാജനകമാണ്.
ഈയൊരു അവസ്ഥ സൃഷ്ടിച്ചതു തന്നെ വര്‍ഗീയ ഫാഷിസ്റ്റുകളുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ വ്യാപക പ്രചാരണം നടത്തണം. ബി.ജെ.പിയെ എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിശാലമായ ഐക്യവേദി രൂപപ്പെടുത്തി ഒറ്റക്കെട്ടായിനിന്ന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടണം. അതിന് ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമെല്ലാം കൈമെയ് മറന്ന് രംഗത്തിറങ്ങണം. ഓരോ സംസ്ഥാനത്തും സ്വാധീനമുള്ള പ്രാദേശിക പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തി വിശാലമായ മതേതര ജനകീയ ജനാധിപത്യ സംവിധാനത്തിന് രൂപം നല്‍കണം.
ഇന്ത്യന്‍ മുസ്‌ലിംകളുടെ നിലവിലെ സാമൂഹിക അവസ്ഥ വളരെ പരിതാപകരമാണ്. ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ റിപ്പോര്‍ട്ടില്‍ അതിന്റെ വസ്തുനിഷ്ഠവും സത്യസന്ധവുമായ വിശദീകരണവുമുണ്ട്.
ഒറ്റമുറി വീടുകളില്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ശുചീകരണ സംവിധാനങ്ങള്‍ പോലുമില്ലാതെ, അത്യാവശ്യത്തിന് റോഡുകളോ മറ്റ് യാത്രാസൗകര്യങ്ങളോ ഇല്ലാതെ, വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ പട്ടികജാതി-വര്‍ഗങ്ങളേക്കാള്‍ പിന്തള്ളപ്പെട്ടും അവഗണിക്കപ്പെട്ടും നിരാശ്രയരായി ജീവിതം തള്ളിനീക്കുന്ന ഇന്ത്യന്‍ മുസ്‌ലിംകളുടെ ചിത്രം ജ. സച്ചാര്‍ നമുക്ക് അതിശയോക്തിയില്ലാതെ കൃത്യമായി വരച്ചുതന്നിട്ടുണ്ട്. ഇതിനെ അതിജീവിക്കാന്‍ കുറുക്കുവഴികള്‍ ഒന്നുമില്ല. രാഷ്ട്രീയ-പ്രാദേശിക വിഭാഗീയതകള്‍ക്കതീതമായി ഇന്ത്യന്‍ മുസ്‌ലിംകളെ ഒന്നിച്ചണിനിരത്തി, ശോഭനമായ ഭാവി സ്വപ്‌നം കാണാന്‍ അവര്‍ക്ക് കരുത്തുനല്‍കി പുതിയ ഒരു സാമൂഹിക സൃഷ്ടിക്ക് കഠിനാധ്വാനം ചെയ്യുകയാണ് മുസ്‌ലിം രാഷ്ട്രീയ-മതനേതൃത്വത്തിന് ഇന്ന് ചെയ്യാനുള്ളത്.
വര്‍ഗ, വര്‍ണ, ജാതി, സാമുദായിക പ്രാദേശിക വിഭാഗീയകള്‍ക്ക് അതീതമായി ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ അടിത്തറയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇസ്‌ലാമിക സാമൂഹിക ഘടനയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉാവണം. സാമ്പത്തികമായി ദുരിതം അനുഭവിക്കുന്നവരെയും രോഗികളെയും അശരണരായ ജനവിഭാഗങ്ങളെയും സഹായിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കണം. ഇതിന് സാമ്പത്തിക ശേഷി ഉള്ളവരും പ്രവര്‍ത്തനശേഷിയുള്ളവരും മതപണ്ഡിതന്മാരുമെല്ലാം അവരുടെ കടമ നിര്‍വഹിക്കണം.
ഭരണകൂടങ്ങളുടെ വികസന കാഴ്ചപ്പാട് പലപ്പോഴും വികലമാണ്. ജനങ്ങളുടെ ദൈനംദിന ജീവിതം സുഗമമാക്കാന്‍ സഹായിക്കുന്ന വിധത്തില്‍ വികസന കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തണം. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ മാത്രം ഇതിന് പര്യാപ്തമാവുകയില്ല. ആഹാരവും വസ്ത്രവും പാര്‍പ്പിടവും തൊഴിലും വിദ്യാഭ്യാസവും അവസര സമത്വവും ഉറപ്പാക്കുന്ന സമൂലമായ മാറ്റത്തിന് പദ്ധതികള്‍ തയാറാക്കണം. ഈ വിധത്തിലൊരു മുന്‍ഗണനാക്രമം രൂപപ്പെടുത്തുന്നതില്‍ ഭരണസംവിധാനം പലപ്പോഴും പരാജയമാണ്.
നവോത്ഥാന ചര്‍ച്ചകള്‍ ഏറെയും വഴിതെറ്റിയാണ് നടക്കുന്നത്. ഓരോ സമുദായക്കാരും അവര്‍ക്കറിയാവുന്ന ചില നേതാക്കളുടെ പേരു പറഞ്ഞ് അവരെയെല്ലാം നവോത്ഥാന നായകരാക്കുകയാണ് ചെയ്യുന്നത്. നവോത്ഥാനത്തിന് നേതൃത്വം നല്‍കിയവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെപ്പറ്റി കാര്യമായ ചര്‍ച്ച നടത്തുന്നില്ല. ഏതായാലും, നവോത്ഥാനം എന്നുള്ളത് സമൂഹത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥിരം പ്രതിഭാസമാണെന്ന തിരിച്ചറിവും ഉണ്ടാകേണ്ടതുണ്ട്. സമൂഹത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള അനാചാരങ്ങള്‍ക്കും ജീര്‍ണതകള്‍ക്കും തീവ്രതക്കുമെതിരെയുള്ള നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ തേട്ടമാണ്.
Comments