Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 22

3094

1440 റജബ് 14

സംഘാടനത്തിലെ ആസൂത്രണരാഹിത്യം, അഥവാ 'ബിരിയാണി സാധിച്ച വിപ്ലവം'

എം.എസ് സിയാദ്

സംഘാടനത്തിലെ ആസൂത്രണമില്ലായ്മ പ്രഭാഷകരുടെ ആത്മവിശ്വാസം കെടുത്തിക്കളയുമെന്ന് മാത്രമല്ല, അത്തരം സദസ്സുകളിലെ പങ്കാളിത്തം ഏതൊരു ശ്രോതാവിലും മടുപ്പുളവാക്കുകയും ചെയ്യും. സമുദായത്തിനകത്തും പൊതു സമൂഹത്തിലുമൊക്കെ ഈ പ്രവണതയാണ് ഇപ്പോള്‍ കാണപ്പെടുന്നത്. ഇതില്‍ യാഥാസ്ഥിതികരെന്നോ പുരോഗമന പക്ഷമെന്നോ ഉള്ള ഭേദമൊന്നുമില്ല. പല സംഘാടകരും പ്രഭാഷകന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാറില്ല. പ്രസംഗ പീഠമാണ് ഇതിലൊന്ന്. പലരും ഇത് സംഘടിപ്പിക്കാന്‍ ശ്രമിക്കില്ല. പ്രഭാഷകര്‍ക്ക് ആത്മധൈര്യത്തോടെ ഊന്നിനില്‍ക്കാനും പ്രഭാഷണക്കുറിപ്പുകള്‍ വെക്കാനുമുള്ളതാണ് പ്രസംഗപീഠം. പ്രസംഗപീഠം എന്ന പദത്തിന് 'വിറതാങ്ങി' എന്ന  അനുയോജ്യമായ നാടന്‍ ഭാഷ്യം നല്‍കിയ സുഹൃത്തിനോട് കടപ്പാട്.

മറ്റൊന്ന് ശബ്ദ-വെളിച്ച സംവിധാനത്തിലെ പോരായ്മയാണ്. കുറ്റമറ്റ രീതിയില്‍ ഇവ ക്രമീകരിക്കുന്നതില്‍ പല സംഘാടകരും തീരെ ശ്രദ്ധപുലര്‍ത്താറില്ല. സ്റ്റേജില്‍ പ്രസംഗിക്കാനെത്തുന്നവര്‍ക്ക് തെരുവു പ്രഭാഷണത്തിന് ഉപയോഗിക്കുന്ന സ്റ്റാന്റില്ലാത്ത മൈക്ക് നല്‍കുന്നവരുമുണ്ട്. സാന്ദര്‍ഭികമായ ആംഗ്യചലനങ്ങളിലൂടെ പ്രഭാഷണം നടത്താന്‍ ഇത് തടസ്സമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇതിന്റെ പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ 'ഓ, അതിനെന്താ, ഇരുന്ന് സംസാരിച്ചാലും മതി' എന്നു പറഞ്ഞ് ചിലര്‍ പ്രഭാഷകനെ 'ഇരുത്തിക്കളയും.'

ഇനിയും വേറെ ചില കൂട്ടരുണ്ട്. പ്രഭാഷകനെ ഏല്‍പിച്ച് നോട്ടീസടിച്ചാല്‍ ശ്രോതാക്കള്‍ ഒഴുകിയെത്തുമെന്നാണ് ഇക്കൂട്ടരുടെ ധാരണ. ഉചിതമായ സ്ഥലമോ സമയമോ നിശ്ചയിക്കുന്നതില്‍ അല്‍പംപോലും ഗൗരവം കാണിക്കാതെ ആര്‍ക്കോ വേണ്ടി കേവല അനുഷ്ഠാനമെന്ന നിലയിലായിരിക്കും അവര്‍ സദസ്സൊരുക്കുക. വേറെ ചിലര്‍ പ്രഭാഷണത്തിന്റെ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പായിരിക്കും പ്രഭാഷകനെ ചുമതലപ്പെടുത്തുക. ഒടുവില്‍ എന്തെങ്കിലും പറഞ്ഞൊപ്പിക്കേണ്ടിവരുന്നവന്റെ ഗതികേടിനെക്കുറിച്ച് ബന്ധപ്പെട്ടവര്‍ ചിന്തിക്കാറില്ല.

ഇക്കാര്യങ്ങളൊക്കെ സ്‌നേഹബുദ്ധ്യാ ആരെങ്കിലും ബന്ധപ്പെട്ടവരെ ചൂണ്ടിക്കാണിച്ചാല്‍ 'ഇയാളാര്' എന്ന ഭാവത്തില്‍ അവര്‍ക്കു നേരെ മുഖം ചുളിക്കുന്ന സംഘാടകരുമുണ്ട്. പ്രഭാഷണം എന്ന കല മികവുറ്റതാക്കുന്നതില്‍ വേദിക്കും സദസ്സിനുമൊക്കെ ചെറുതല്ലാത്ത പങ്കുണ്ട്. അതുകൊണ്ട് സംഘാടനവും ഒരു കലയാണെന്ന് പറയേണ്ടിവരും. വിവിധ സദസ്സുകള്‍ സംഘടിപ്പിക്കുന്നവര്‍ സംഘാടനത്തിന്റെ ഈ കലയും ശാസ്ത്രവും പഠിച്ചാല്‍ സദസ്സുകള്‍ മികച്ചതാവുകയും പരിപാടികള്‍ പ്രയോജനപ്രദമാവുകയും ചെയ്യും. ഇതിന് നാട്ടില്‍ നടക്കുന്ന വ്യത്യസ്ത വിഭാഗങ്ങളുടെ പ്രഭാഷണ സദസ്സുകളില്‍ പങ്കെടുക്കണം. അപ്പോള്‍ അവയില്‍ പലതില്‍നിന്നും അനുകരണീയ മാതൃകകള്‍ കണ്ടെത്താനാകും.

ഈ കുറിപ്പുകാരന്റെ സുഹൃത്തിന്റെ ഒരു പ്രഭാഷണ അനുഭവം കൂടി. നാട്ടിലെങ്ങും നബിദിനാഘോഷ പരിപാടികള്‍ നടക്കുന്ന കാലത്ത് 'പ്രവാചകന്‍ സാധിച്ച വിപ്ലവം' എന്ന ശീര്‍ഷകത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കപ്പെട്ടു. ഒരു മാസം മുമ്പെ അറിയിച്ചതനുസരിച്ച് പ്രഭാഷകന്‍ കൃത്യസമയത്തുതന്നെ സ്ഥലത്തെത്തി. അര മണിക്കൂറിലധികം കാത്തിരുന്നപ്പോള്‍ എവിടെ നിന്നോ അഞ്ചാറു പേര്‍ വന്നു. പ്രഭാഷണം തുടങ്ങി, അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ പലരും ഉറക്കത്തിലേക്ക് വഴുതി. പ്രസംഗം അങ്ങനെ തുടര്‍ന്നു. വിഷയത്തിന്റെ മുക്കാല്‍പങ്കും പറഞ്ഞുകഴിഞ്ഞപ്പോള്‍ ചിലരൊക്കെ മയക്കത്തില്‍നിന്നുണര്‍ന്നു. അപ്പോള്‍ എല്ലാവരും ഉറങ്ങുന്നതിന്റെ കാരണം പ്രഭാഷകന്‍ സദസ്സിനോടു തന്നെ ചോദിച്ചു. അപ്പോഴാണ് സദസ്സിലുള്ളവരൊക്കെ പ്രദേശത്തെ കല്യാണത്തില്‍ പങ്കെടുത്ത് വന്നവരാണെന്നറിഞ്ഞത്. അധ്യക്ഷന്‍ നേരത്തേ പറഞ്ഞതനുസരിച്ച് ഒരു മണിക്കൂര്‍ കൊണ്ട് അവസാനിപ്പിക്കേണ്ട വിഷയം 40 മിനിറ്റ് കൊണ്ട് ചുരുക്കി പറഞ്ഞ് അവസാനിപ്പിച്ച സുഹൃത്ത്, അനുചിതമായ സമയത്ത് പരിപാടി സംഘടിപ്പിച്ച സംഘാടകരോടുള്ള പ്രതിഷേധവും കടുത്ത നിരാശയും ഒട്ടും മറച്ചുവെക്കാതെ അധ്യക്ഷനെയും സദസ്സിനെയും നോക്കിപ്പറഞ്ഞു; ഈ പരിപാടിയുടെ തലക്കെട്ട് 'പ്രവാചകന്‍ സാധിച്ച വിപ്ലവം' എന്നതിനു പകരം 'ബിരിയാണി സാധിച്ച വിപ്ലവം' എന്നാക്കാമായിരുന്നു! ഇതുകേട്ട് സദസ്സില്‍ ഉയര്‍ന്ന കൂട്ടച്ചിരിയില്‍ കുറ്റബോധത്തോടെ സംഘാടകരും പങ്കാളികളായി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (12-13)
എ.വൈ.ആര്‍

ഹദീസ്‌

നമ്മുടെ സമ്പാദ്യം ഹലാലാണോ?
കെ.സി ജലീല്‍ പുളിക്കല്‍