Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 22

3094

1440 റജബ് 14

സ്വതന്ത്ര ബോസ്‌നിയക്ക് പിഴച്ചതെവിടെ?

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍

[യാത്ര-2 ]

പെരുന്നാള്‍ അവധിയുടെ ആലസ്യം വിട്ടുമാറാത്ത സരയാവോ നഗരം. നഗരഹൃദയത്തിലെ പുരാതനമായ ഫെര്‍ഹാദിയ നടപ്പാതയിലാണ് ഞങ്ങള്‍. പാതക്കിരുപുറവും നിരന്നിരിക്കുന്ന വാണിജ്യ സ്ഥാപനങ്ങള്‍ ഏറെയും അടഞ്ഞുകിടക്കുകയാണെങ്കിലും സന്ദര്‍ശകരുടെയും വഴിവാണിഭക്കാരുടെയും തിരക്കിന് ഒട്ടും കുറവുണ്ടായിരുന്നില്ല. നടപ്പാതയിലൊരിടത്ത് കുറുകെ ഒരു കറുത്ത രേഖ വരച്ച് 'സംസ്‌കാരങ്ങളുടെ സംഗമ സ്ഥാനം' എന്നെഴുതിവെച്ചിരിക്കുന്നു. വരക്കിരുപുറവും കിഴക്കും പടിഞ്ഞാറും ദിശാ ചിഹ്നങ്ങളും അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. അതില്‍ ചവിട്ടി കിഴക്കോട്ട് നോക്കിയാല്‍ കാണുന്ന നിര്‍മിതികളൊക്കെയും പൗരാണിക ഉസ്മാനിയ വാസ്തുഭംഗിയില്‍ തീര്‍ത്തവയെങ്കില്‍, പടിഞ്ഞാറ് നിറഞ്ഞുനില്‍ക്കുന്നത് ആസ്‌ട്രോ-ഹംഗേറിയന്‍ വാസ്തു ചാതുര്യം.

മുമ്പ് ഈ തെരുവില്‍ വംശഭേദങ്ങളൊന്നും തീണ്ടാതെ മുസ്‌ലിംകളും ക്രിസ്ത്യാനികളും ജൂതന്മാരും ഒന്നിച്ചു ജീവിച്ചിരുന്നു. ആ നല്ല ഭൂതകാലത്തിന്റെ ഓര്‍മയായി തെരുവോരത്ത് പൗരാണിക മുസ്‌ലിം, ക്രിസ്ത്യന്‍, ജൂത ആരാധനാലയങ്ങള്‍ കാണാം. 'രക്തസാക്ഷികളുടെ ഓര്‍മസ്ഥലമാണത്'- ഡാനി ഒരു മൂലയിലേക്ക് വിരല്‍ചൂണ്ടി. സരയാവോ ബന്ധനത്തിലായ ആദ്യനാളില്‍തന്നെ സെര്‍ബുകള്‍ തൊടുത്ത ഷെല്ലുകള്‍ ഈ വഴികളില്‍ മരണം വിതച്ചു. അന്നൊരു മെയ് മാസത്തില്‍ പാതയോരത്തെ പീടികക്കു മുന്നില്‍ പ്രാതലിന് റൊട്ടി വാങ്ങാന്‍ വരിനിന്നിരുന്ന സാധു മനുഷ്യര്‍ അറിഞ്ഞിരുന്നില്ല, ദൂരെ മലമുകളില്‍നിന്ന് ഉന്നം പിടിക്കുന്ന സെര്‍ബുകളുടെ ലക്ഷ്യം തങ്ങളാണെന്ന്. രക്തസാക്ഷികളുടെ ഓര്‍മയില്‍ അല്‍പനേരം കണ്ണടച്ച് പ്രാര്‍ഥിച്ച് ഞങ്ങള്‍ നഗരമധ്യത്തിലെ 'ഗാസി ഹുസ്‌റവ് ബേയ്' പള്ളിയിലേക്ക് കയറി.

തിരക്കേറിയ തെരുവോരത്ത് വിശാലമായ പള്ളിയങ്കണം. പള്ളി വരാന്തയില്‍ വിരിച്ച തുര്‍ക്കി പരവതാനിയില്‍ നമസ്‌കരിക്കുന്ന പുരുഷന്മാരും സ്ത്രീകളും. വരാന്തപ്പടികളിലും കല്‍ത്തിണ്ണകളിലും വിശ്രമിക്കുന്ന യാത്രക്കാര്‍. പതിനഞ്ചാം നൂറ്റാണ്ടിലെ നിര്‍മാണ വൈദഗ്ധ്യവും വാസ്തുചാതുരിയും ഒപ്പിയെടുക്കാന്‍ മത്സരിക്കുന്ന വിനോദ സഞ്ചാരികള്‍. പള്ളിമുറ്റത്ത് ഒരു കോണില്‍ അംഗശുദ്ധിക്കായൊരുക്കിയ സ്ഥലം. ചുറ്റുമതിലിനപ്പുറം പള്ളിയോളം പഴക്കമുണ്ടെങ്കിലും ആധുനിക സൗകര്യങ്ങളോടെ വൃത്തിയില്‍ സൂക്ഷിച്ചിരിക്കുന്ന ശൗചാലയ സമുച്ചയം.

ഡാനി ഒരു കഥ പറഞ്ഞു.

പള്ളി നിര്‍മിക്കാന്‍ തീരുമാനിച്ച ഉസ്മാനിയ ചക്രവര്‍ത്തി ഗാസി ഹുസ്‌റവ് ബേയ് വാസ്തുശില്‍പികളെ വിളിച്ച് ഒരു ചോദ്യം ചോദിച്ചത്രെ; 'ഒരു പള്ളിയുടെ നിര്‍മാണത്തില്‍ ഏറെ ശ്രദ്ധയോടെ രൂപകല്‍പന ചെയ്യേണ്ടതെന്താണെന്ന്?' 'മിനാരം, താഴികക്കുടം, മുന്‍ ചുമര്‍, പ്രസംഗപീഠം...'

ഉത്തരങ്ങളൊന്നും രാജാവിന് ഇഷ്ടമാവാതിരിക്കെ കൂടി നിന്നവരില്‍ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞുപോലും; അത് പ്രാര്‍ഥിക്കാന്‍ വരുന്ന മനുഷ്യര്‍ക്കുള്ള സൗകര്യങ്ങളാണെന്ന്. ആ യുവശില്‍പിയെ ആലിംഗനം ചെയ്ത് പള്ളി നിര്‍മാണത്തിന്റെ മുഖ്യ ചുമതലയേല്‍പിച്ച് കൂടിനിന്നവരോട് രാജാവ് പറഞ്ഞത്രെ; 'പള്ളികള്‍ അലങ്കരിച്ചൊരുക്കി വെക്കാന്‍ കല്‍പിക്കപ്പെട്ടത് അവിടെ പ്രാര്‍ഥിക്കാനെത്തുന്ന മനുഷ്യര്‍ക്കു വേണ്ടിയാണ്. ആകാശഭൂമികള്‍ക്കുടമയായ അല്ലാഹുവിന് വീടൊരുക്കാന്‍ നമ്മളാര്!'

ശില്‍പികള്‍ പള്ളിക്കു ചുറ്റും മുസാഫര്‍ഖാനയും ലൈബ്രറിയും പാഠശാലയും ശൗച്യാലയ സമുച്ചയവും വിശാലമായ മുറ്റവും ജലധാരയും ഘടികാര ഗോപുരവും പണിതു. ബാള്‍ക്കന്‍ ദേശത്തെ ഏറ്റവും വലിയ ഈ പള്ളിസമുച്ചയത്തിന്റെ നടത്തിപ്പിനും അഗതികളായ യാത്രക്കാര്‍ക്കുമായി തെരുവോരത്തെ ധാരാളം വാണിജ്യ കെട്ടിടങ്ങള്‍ വഖ്ഫ്‌സ്വത്തായി മാറ്റിവെക്കുകയും ചെയ്തു. ഈ പള്ളിസമുച്ചയത്തിലും സെര്‍ബിയന്‍ ബോംബുകള്‍ വന്നുവീണു.

സെര്‍ബുകള്‍ ലക്ഷ്യം വെച്ചത് ബോസ്‌നിയാക്കുകളെ മാത്രമായിരുന്നില്ല. അവരുടെ പൈതൃക നിര്‍മിതികളെയും പള്ളികളെയും വാണിജ്യകേന്ദ്രങ്ങളെയും വ്യവസായശാലകളെയും മുഴുക്കെ ആയിരുന്നു. സമ്പൂര്‍ണ വംശഹത്യ. ഷെല്‍ വര്‍ഷത്തില്‍ പള്ളിയുടെ മിനാരവും മേല്‍ക്കൂരയുടെ ഭാഗങ്ങളും ലൈബ്രറിയും ശൗച്യാലയവും തകര്‍ന്നു. 

'ഈ കാണുന്നതൊക്കെയും യുദ്ധശേഷം പുനര്‍നിര്‍മിക്കപ്പെട്ടതാണ്'- ഡാനി പള്ളിയുടെ ചരിത്രം പറഞ്ഞുനിര്‍ത്തി.

പള്ളിയങ്കണത്തിനപ്പുറത്തെ ഇടുങ്ങിയ തെരുവുകള്‍ നിറയെ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന പീടികകളും ഭക്ഷണശാലകളും. അവിടെ ബോസ്‌നിയന്‍ ചവാപി വിളമ്പുന്ന ഭക്ഷണശാലകളിലാണ് ഏറെ ജനത്തിരക്ക്. അരച്ചെടുത്ത മാട്ടിറച്ചി വിരല്‍ വലിപ്പത്തില്‍ ഉരുട്ടി ചുട്ടെടുത്ത് റൊട്ടിക്കൊപ്പം വിളമ്പുന്ന ബോസ്‌നിയന്‍ ഭക്ഷണമാണ് ചവാപി. വിസ്തൃതമായ മേച്ചില്‍പുറങ്ങളില്‍ സമൃദ്ധമായി വളരുന്ന പുല്ല് തിന്നു ജീവിക്കുന്ന കന്നുകാലികളുടെ മാംസമായതുകൊണ്ടാവാം ബോസ്‌നിയന്‍ മാംസാഹാരം അതീവ രുചികരമാണ്.

ഇടുങ്ങിയ നടപ്പാതകള്‍ പ്രധാന വഴിയുമായി സംഗമിക്കുന്നിടത്ത് ഒരു കോണിലെ കെട്ടിടത്തിലേക്ക് ഡാനി എന്നെ കൂട്ടി. 'ഒന്നാം ലോക യുദ്ധത്തിന് ഇവിടെയായിരുന്നു തുടക്കം.' ആസ്ട്രിയന്‍ ആര്‍ച്ച് ഡ്യൂക്കും ഭാര്യയും കൊല്ലപ്പെട്ടിടത്ത് ഇന്നൊരു മ്യൂസിയമാണ്. അകത്ത് രാജദമ്പതിമാരുടെയും കൊലയാളിയായ സെര്‍ബ് യുവാവ് ഗാവരിയോ പ്രിന്‍സിപയുടെയും കൂട്ടുകാരുടെയും ചിത്രങ്ങളും ചരിത്ര വിവരണങ്ങളും. തെരുവോരത്തെ ഭക്ഷണശാലയില്‍നിന്ന് ബോസ്‌നിയന്‍ ചവാപ്പിയുടെ സ്വാദാസ്വദിച്ച് തിരികെ പോകുംവഴി ഞങ്ങള്‍ വ്രബാനിയ പാലത്തിനടുത്ത് വണ്ടി നിര്‍ത്തി. സരയാവോ നഗരത്തെ പകുത്തൊഴുകുന്ന മിലിയാക്ക നദിക്ക് കുറുകെ കെട്ടിയ അനേകം പാലങ്ങളില്‍ ഒന്നു മാത്രമല്ല വ്രബാനിയ. അത് സെര്‍ബ് യുദ്ധഭീകരതയുടെ ഒരോര്‍മ ദളം കൂടിയാണ്. യുദ്ധാനന്തര ബോസ്‌നിയയില്‍ ഈ പാലത്തിന് സുആദ-ഒല്‍ഗ എന്ന പേരു കൂടിയുണ്ട്. സരയാവോ ഉപരോധത്തിന്റെ ആദ്യനാളുകളില്‍ രക്തസാക്ഷികളായ രണ്ട് വനിതകളുടെ പേരുകള്‍. മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന സുആദിര്‍ബറോവിച്ചിനെയും രണ്ട് കുഞ്ഞുങ്ങളുടെ മാതാവായ ഒല്‍ഗ സൂഷിച്ചിനെയും സെര്‍ബ് വംശവെറിയന്മാര്‍ വെടിവെച്ചിട്ടത് ഈ പാലത്തിനു മുകളിലായിരുന്നു. പിന്നീടൊരിക്കല്‍, സൈ്വരജീവിതം തേടി രാജ്യം വിടാനൊരുങ്ങിപ്പുറപ്പെട്ട കമിതാക്കളായ ആഡ്മിറയുടെയും ബോസ്‌ക്കോയുടെയും ക്രൂരഹത്യക്കും ഈ പാലം സാക്ഷിയായി. 'സെര്‍ബുകളുടെ സ്‌നിപ്പര്‍ കാഴ്ചവട്ടത്തിലുള്ള ആരെയും അവര്‍ വെടിവെച്ചിടുമായിരുന്നു.' മിരാളം ഓര്‍ത്തെടുത്തു. ആലിംഗനബദ്ധരായ കമിതാക്കളുടെ മൃതദേഹങ്ങള്‍ ഏഴു ദിവസങ്ങള്‍ ഈ പാലത്തിനരികില്‍ കിടന്നു. ഉന്നം പിടിച്ചു നില്‍ക്കുന്ന തോക്കിന്‍മുന്നിലേക്കിറങ്ങിച്ചെല്ലാന്‍ ആരും ധൈര്യപ്പെട്ടില്ല. എട്ടാം ദിവസം സെര്‍ബ് സേന ബന്ദികളാക്കിയ മുസ്‌ലിം തടവുകാരെ കൊണ്ട് ഇരുളിന്‍ മറവില്‍ ആ മൃതദേഹങ്ങള്‍ മണ്ണിലൊളിപ്പിച്ചു; ഒരു കൈയുറ പോലും നല്‍കാതെ, തോക്കിന്‍മുനമ്പില്‍ നിര്‍ത്തി. 

'ആ കാലത്തായിരുന്നു ഞങ്ങളുടെ വിവാഹം'- ഡാനിയോള ഓര്‍മകള്‍ ചികഞ്ഞു. യുദ്ധകാലത്തെ വിവാഹം. ഡാനിയുടെ അഛന്‍ ക്രോട്ടും അമ്മ സെര്‍ബുമായിരുന്നു.  വരന്‍ മിരാളം മുസ്‌ലിമും. കാലങ്ങളായി മുസ്‌ലിംകളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരായിരുന്നു ഡാനിയുടെ കുടുംബം. അതുകൊണ്ടുതന്നെ സെര്‍ബ് തീവ്രവാദികളുടെ ശത്രുക്കളും.

'അന്ന് മുസ്‌ലിം പക്ഷത്ത് സെര്‍ബുകള്‍ ഉണ്ടായിരുന്നോ?' - എന്റെ സംശയം.

'തീര്‍ച്ചയായും. അലിയായുടെ കൊടിക്കീഴില്‍ സ്വതന്ത്ര ബോസ്‌നിയക്കായി മുസ്‌ലിംകള്‍ക്കൊപ്പം അണിചേര്‍ന്ന ഏതാനും സെര്‍ബ് കുടുംബങ്ങളുമുണ്ടായിരുന്നു. ബന്ധങ്ങള്‍ ദൃഢമെങ്കില്‍ അത് അറുത്തുമാറ്റാന്‍ ആര്‍ക്കുമാവില്ല'- ഡാനി എന്നെ വിസ്മയിപ്പിച്ചു.

സ്‌നിപ്പര്‍ തോക്കുകളുടെ കണ്ണു വെട്ടിച്ച് കെട്ടിടങ്ങളുടെ മറവില്‍ ഏതാനും ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിനിര്‍ത്തിയായിരുന്നു ഡാനിയും മിരാളമും മിന്നു കെട്ടിയത്. വസ്ത്രവും ഭക്ഷണവുമൊരുക്കിയതും മാംഗല്യഹാരം ചാര്‍ത്തിയതുമെല്ലാം അതിസാഹസികമായി. എത്ര പതുങ്ങിയിട്ടും അവര്‍ക്കിടയിലേക്ക് വെടിയുണ്ടകള്‍ പാഞ്ഞുവന്നു. അത് വിവാഹവേദിയിലിരുന്ന മിരാളമിന്റെ കൂട്ടുകാരന്‍ ബാഖിറിന്റെ ജീവനെടുത്തത് വധൂവരന്മാര്‍ക്ക് കണ്ണുനീരോടെ നോക്കിനില്‍ക്കാനേ ആയുള്ളൂ. 

'മരണമെത്തും മുമ്പ് ഞങ്ങള്‍ക്ക് ജീവിക്കണമായിരുന്നു' ഡാനിയുടെ കണ്ണുകള്‍ നിറഞ്ഞു. വെടിയൊച്ചകളുടെയും ആര്‍ത്തനാദങ്ങളുടെയും പശ്ചാത്തലമേളത്തോടെ മരണമുനമ്പില്‍ അന്നവരൊന്നിച്ച് ജീവിതം തുടങ്ങി, ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ്. 

ഡാനിയുടെയും മിരാളമിന്റെയും വിവാഹവിശേഷങ്ങള്‍ പ്രസിദ്ധ ജര്‍മന്‍ മാസികയായ ദര്‍ സ്പീഗല്‍ (ദ മിറര്‍) കവര്‍ സ്റ്റോറിയായി പ്രസിദ്ധീകരിച്ചിരുന്നു. വിവാഹം കഴിഞ്ഞ് മിരാളം യുദ്ധമുന്നണയിലേക്ക് പോയി. ഡാനി, അഗ്നി പെയ്യുന്ന സരയാവോ നഗരത്തില്‍ ജീവന്‍ മുറുകെപ്പിടിച്ച് മിരാളമിന്റെയും ബോസ്‌നിയാക്കുകളുടെയും വിജയവാര്‍ത്തക്കായി കാതോര്‍ത്തിരുന്നു. ഒടുവില്‍ അവര്‍ കാത്തിരുന്ന സമാധാനത്തിന്റെ പൊന്‍തിരികള്‍ തെളിയും മുമ്പ് സരയാവോയില്‍ നാല് മഞ്ഞുകാലം കടന്നുപോയിരുന്നു.

യുദ്ധകഥകള്‍ തേടി ഇവിടെയെത്തുന്ന സഞ്ചാരികളെ ആ ദുര്‍ഘടകാല ജീവിതം പരിചയപ്പെടുത്തുന്നൊരിടമുണ്ട്, സരയാവോയില്‍. 'വാര്‍ ഹോസ്റ്റല്‍.' സാധാരണ ഹോട്ടലുകളെപ്പോലെ ഇവിടെയും താമസ സൗകര്യം മുന്‍കൂര്‍ ഉറപ്പിക്കാം. ജോലിക്കാരൊക്കെ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ യൂനിഫോമില്‍. നേരം പുലരും വരെ വെടിയൊച്ചയും തീപ്പുകകളും കരച്ചിലും. തറയില്‍ വരിയായി വിരിച്ചിട്ട കനം കുറഞ്ഞ സ്‌പോഞ്ച് വിരിപ്പില്‍ ഉറക്കം. രാത്രി വൈദ്യുതിയുണ്ടാവില്ല. തണുപ്പകറ്റാനും വെളിച്ചത്തിനും വിറകു കഷ്ണങ്ങളും തീപ്പെട്ടിയും തുണ. ചുമരുകളില്‍ വെടിയുണ്ടകളും റോക്കറ്റ് കഷ്ണവും തീര്‍ത്ത കുഴികളും യുദ്ധചിത്രങ്ങളും ആയുധങ്ങളും. യുദ്ധകഥകള്‍ പറയുന്ന ഹോസ്റ്റല്‍ ജോലിക്കാര്‍. വാര്‍ ഹോസ്റ്റലില്‍ എപ്പോഴും തിരക്കായിരിക്കും. യുദ്ധഭീതി അനുഭവിച്ചറിയാനെത്തുന്ന യൂറോപ്യന്‍ ചെറുപ്പക്കാര്‍ ധാരാളം. പക്ഷേ അവര്‍ക്കൊന്നും ബോസ്‌നിയാക്കുകള്‍ അന്നനുഭവിച്ച മനോവിഭ്രാന്തിയോ ജീവഭയമോ അല്‍പം പോലും അടുത്തറിയുക അസാധ്യം.

ഞങ്ങള്‍ നഗരഹൃദയം വിട്ട് അകലെ വിമാനത്താവളത്തിനപ്പുറത്തെ യുദ്ധതുരങ്കം കാണാനെത്തി. ബന്ധനത്തിലായ നഗരത്തില്‍നിന്ന് പുറംലോകത്തേക്ക് തുറന്ന ഏകപാത. 'പ്രതീക്ഷയുടെ തുരങ്കം' എന്നറിയപ്പെട്ട ഈ ഭൂഗര്‍ഭവഴി സരയാവോ വിമാനത്താവളത്തിന്റെ പ്രധാന റണ്‍വേക്ക് അടിയിലൂടെയാണ് തുരന്നെടുത്തത്. ബോസ്‌നിയന്‍ സ്വാതന്ത്ര്യസേനയും നാട്ടുകാരും ചേര്‍ന്ന് പിക്കാസും മണ്‍വെട്ടിയുമായി ആറ് മാസമെടുത്തു ഈ തുരങ്കം തീര്‍ത്തെടുക്കാന്‍. ബോസ്‌നിയാക്കുകളുടെ ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണവും മരുന്നും ചെറുത്തുനില്‍പിനുള്ള ആയുധങ്ങളും വന്നെത്തിയത് ഈ വഴിയിലൂടെയായിരുന്നു. എണ്ണൂറ് മീറ്ററോളം ദൈര്‍ഘ്യമുള്ള തുരങ്കത്തിലൂടെ ഒരൊത്ത മനുഷ്യന് കുനിഞ്ഞ് നിരങ്ങി മാത്രമേ സഞ്ചരിക്കാനാവൂ.

തുരങ്കമുഖത്തൊരുക്കിയ മ്യൂസിയത്തിലേക്ക് കയറും മുമ്പ് അതിനടുത്തൊരു കൊച്ചുവീട്ടിലേക്ക് ഡാനി ഞങ്ങളെ ക്ഷണിച്ചു. റോഡിനോടരിക് ചേര്‍ന്ന വീട്ടുപടിക്കലേക്ക് വരുന്ന ഞങ്ങളെ കണ്ട് അകത്തു നിന്നിറങ്ങിവന്ന ഒരു സ്ത്രീ ഡാനിയെ ആലിംഗനം ചെയ്ത് ബോസ്‌നിയന്‍ ഭാഷയില്‍ നിര്‍ത്താതെ സംസാരിച്ചു തുടങ്ങി.

'സീന, എന്റെ കൂട്ടുകാരിയാണ്'- ഡാനി ഞങ്ങളെ പരിചയപ്പെടുത്തി അകത്തേക്ക് ക്ഷണിച്ചു. ഒരു കൊച്ചു വരാന്തയും കിടക്കാനും ഇരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള ഒറ്റ മുറിയും ഒരടുക്കളയും ടോയ്‌ലറ്റും മാത്രമുള്ള വീട്. വരാന്തയിലൊരറ്റത്ത് കുറച്ച് പുസ്തകങ്ങളും ചിത്രങ്ങളും സുവനീറുകളും ചുമരില്‍ തൂക്കിയിട്ട് ഒരു യുവാവ് ഇരിക്കുന്നു. മറുപുറത്തെ ചുമരിനോട് ചേര്‍ത്തിട്ട മേശക്കരികിലെ മരക്കസേരയില്‍ എന്നെയിരുത്തി സീനയും ഡാനിയും അവരുടെ സൗഹൃദം പുതുക്കുന്ന സംഭാഷണം തുടര്‍ന്നു.

മേശപ്പുറത്ത് പഴയ കുറേ നാണയങ്ങള്‍ക്കും പൊട്ടിയ വെടിയുണ്ടകള്‍ക്കും ചിത്രങ്ങള്‍ക്കുമിടയില്‍ ആബിദ് യാഷിര്‍ എന്ന പട്ടാളക്കാരന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഞാന്‍ കൗതുകത്തോടെ ശ്രദ്ധിച്ചു.

'സീനയുടെ ഭര്‍ത്താവാണ്. മരണപ്പെട്ടുപോയി'- മിരാളം ആ പട്ടാളക്കാരനെ പരിചയപ്പെടുത്തി.

'യുദ്ധകാലത്തായിരുന്നോ?'

'അല്ല, യുദ്ധം കഴിഞ്ഞ് സമാധാനകാലത്ത്.'

ഞങ്ങളുടെ സംഭാഷണം ഡാനിയുടെയും സീനയുടെയും വര്‍ത്തമാനച്ചരട് മുറിച്ചപോലെ അവര്‍ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

'സീനയുടെ വീട് സെര്‍ബ് ഷെല്‍ വര്‍ഷത്തില്‍ പാടേ തകര്‍ന്നുപോയിരുന്നു.' ഒടിഞ്ഞുതൂങ്ങിയ മേല്‍ക്കൂരയും പൊളിഞ്ഞ ചുമരുകളുമുള്ള ഒരു വലിയ വീടിന്റെ പഴയ ചിത്രം ഡാനി മേശപ്പുറത്തു നിന്ന് പരതിയെടുത്തു. 'യുദ്ധാനന്തരം നിര്‍മിച്ചതാണീ കൊച്ചുവീട്'- സീന പഴയ  ചിത്രത്തില്‍നിന്ന് കണ്ണെടുക്കാതെ വിതുമ്പിത്തുടങ്ങി.

'യുദ്ധകാലത്തെയും സമാധാനകാലത്തെയും അവരുടെ അനുഭവങ്ങള്‍ ഒന്നു വിവരിക്കാമോ?' ഡാനി എന്റെ ചോദ്യം സീനക്ക് പരിഭാഷപ്പെടുത്തി.

സീനയുടെ മുഖത്ത് വര്‍ണഭേദങ്ങള്‍ മാറിമറിയുന്നത് ഞാന്‍ കണ്ടു. തുളുമ്പുന്ന കണ്ണുകളുമായി അവര്‍ എന്നെ നോക്കി, ബോസ്‌നിയന്‍ ഭാഷയില്‍ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് വീടിനകത്തേക്ക് കയറിപ്പോയി.

'മറന്നു തുടങ്ങിയതൊന്നും അവര്‍ക്ക് ഓര്‍ത്തെടുക്കാനിഷ്ടമില്ല.' ഡാനിയുടെ വാക്കുകള്‍ എന്നെ സങ്കടത്തിലാക്കി.

'അവരെ വിഷമിപ്പിച്ചതില്‍ എന്റെ ക്ഷമാപണമറിയിക്കണം.' സീനയോട് യാത്ര പോലും പറയാതെ അവിടം വിടേണ്ടിവന്ന സങ്കടത്തോടെ ഞങ്ങള്‍ റോഡിലേക്കിറങ്ങി മ്യൂസിയത്തിനടുത്തേക്ക് നടന്നു.

'ഡാനിയോള...' അല്‍പദൂരം നടന്നേയുള്ളൂ. പൂമുഖപ്പടിയില്‍ പ്രത്യക്ഷപ്പെട്ട സീന, ഞങ്ങളെ മടക്കിവിളിച്ചു.

അവരുടെ ജീവിതകഥ എന്നോട് പങ്കുവെക്കാനും തിരികെപ്പോകും മുമ്പ് അവരുടെ ആതിഥ്യം സ്വീകരിക്കാനും എന്നെ വീട്ടിലേക്ക് കൊണ്ടുവരാനും ഡാനിയോട് പറഞ്ഞു.

കാറൊഴിഞ്ഞ മനസ്സുമായി ഞങ്ങള്‍ മ്യൂസിയത്തിനകത്തേക്ക് കയറി. അകത്ത്, തുരങ്ക നിര്‍മാണ വിവരണങ്ങളും അവിടെ രക്തസാക്ഷികളായ അനേകം മനുഷ്യരുടെ പേരുവിവരങ്ങളും ചിത്രങ്ങളും ഹ്രസ്വദൂര തുരങ്കപാതയും സന്ദര്‍ശകര്‍ക്കായൊരുക്കിയിട്ടുണ്ട്.  ഒരു വലിയ മുറിയില്‍ സ്ഥാപിച്ച സ്‌ക്രീനില്‍ തുരങ്കനിര്‍മാണത്തിന്റെയും യുദ്ധഭീകരതയുടെയും ചലച്ചിത്രം തുടര്‍ച്ചയായോടുന്നു. മുകളിലെ മുറികളില്‍ യുദ്ധകാലത്തെ ബോസ്‌നിയന്‍ ജനജീവിതം പരിചയപ്പെടുത്തുന്ന ചിത്രങ്ങളും മാതൃകകളും.

'അലിയാ ഇസ്സത്ത് ബെഗോവിച്ച് ഈ തുരങ്കത്തിലൂടെ വേഷപ്രഛന്നനായി പലതവണ യാത്ര ചെയ്തിട്ടുണ്ട്. തുരങ്ക നിര്‍മാണ സമയത്തും അദ്ദേഹം ജോലിക്കാര്‍ക്കൊപ്പമുണ്ടായിരുന്നു.' ഒരു ചില്ലുമുറിയില്‍ സൂക്ഷിച്ച അലിയായുടെ വസ്ത്രങ്ങളും ഉന്തുവണ്ടിയും ചൂണ്ടി ഡാനി വിവരിച്ചുതന്നു. 

തുരങ്കമുഖത്തിനപ്പുറം വിശാലമായൊരു പുല്‍മൈതാനം. അവിടെ അതിര്‍ത്തി വേലിക്കരികില്‍ കായ്ച്ചു നില്‍ക്കുന്ന ആപ്പിള്‍ മരങ്ങളുടെ നിര. മരച്ചുവട്ടിലെ പുല്‍മേട്ടില്‍ അനാഥമായി വീണുകിടക്കുന്ന പഴുത്ത ആപ്പിള്‍ പഴങ്ങള്‍. ആപ്പിള്‍ മരങ്ങള്‍ക്കപ്പുറം അതിര്‍ത്തിയിലൊരു കോണിലെ സിമന്റ് തറയില്‍ നിര്‍ത്തിയിട്ട പഴയൊരു പട്ടാള ട്രക്കിനടുത്തേക്ക് ഡാനി നടന്നു.

'ഇത് സീനയുടെ ഭര്‍ത്താവ് ആബിദിന്റെ വണ്ടിയായിരുന്നു.' എന്നോ പൂശിയ പച്ചനിറം തുരുമ്പ് കയറി ചുവന്നു തുടങ്ങിയ വാഹനത്തില്‍ ചാരിനിന്ന് ഡാനി ആബിദിന്റെ കഥ പറഞ്ഞു.

ധീരനായ പട്ടാളക്കാരനായിരുന്നു ആബിദ്. സേനയില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി. നഗരപ്രാന്തത്തിലെ വലിയ വീട്ടില്‍ സീനയോടൊപ്പം ജീവിതമാരംഭിച്ച് ഏറെനാള്‍ കഴിയും മുമ്പാണ് വംശവെറിയുടെ കരിംഭൂതങ്ങള്‍ സരയാവോ പൊതിഞ്ഞുകെട്ടി തീക്കനലുകള്‍ പാകിയത്. ആബിദും സീനയും പുതിയൊരുണ്ണിയുടെ വരവിന് നാളുകള്‍ എണ്ണിയിരിപ്പായിരുന്നെങ്കിലും ആബിദ് സ്വാതന്ത്ര്യസേനക്കൊപ്പം കര്‍മനിരതനായി. അവശതയിലും അയാള്‍ക്ക് ആത്മബലം നല്‍കി സീന പ്രാര്‍ഥനയും പ്രതീക്ഷയുമായി കഴിയുമ്പോഴാണ് സെര്‍ബ് ഷെല്ലുകള്‍ അവരുടെ വീടെരിയിച്ചത്. ഒടിഞ്ഞുവീഴുന്ന മേല്‍ക്കൂരക്കു കീഴില്‍നിന്ന് ഇറങ്ങിയോടിയ സീനയുടെ വയറ്റിലേക്കൊരു വെടിയുണ്ട തുളച്ചുകയറി. ദീര്‍ഘമായ ആശുപത്രിവാസത്തിനൊടുവില്‍ സീന ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും ഭൂമിയിലെ വെളിച്ചം കാണും മുമ്പേ അവിടെയൊരു രക്തസാക്ഷി പിറന്നു. പ്രിയതമക്കാശ്വാസമേകാന്‍ ഒരുനാള്‍ പോലും കൂട്ടിരിക്കാനാവാതെ, നൊമ്പരങ്ങളൊക്കെയും ഉള്ളിലൊതുക്കി ആബിദ് ഇഗ്മന്‍ മലമുകളില്‍ ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുകയായിരുന്നു. 

നഗരത്തില്‍ ബന്ദികളാക്കപ്പെട്ട സാധുജനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള അവശ്യവസ്തുക്കളുമായി സെര്‍ബ് സ്‌നിപ്പറുകളുടെ കണ്ണ് വെട്ടിച്ച് ഇഗ്മന്‍ മലഞ്ചെരുവുകളിലെ ദുര്‍ഘട പാതകള്‍ താി ആബിദ് തന്റെ ട്രക്കുമായി സഞ്ചരിച്ചുകൊണ്ടിരുന്നു. നിലാവില്ലാത്ത രാത്രികളിലെ ഇരുട്ടില്‍ വെളിച്ചമൊക്കെക്കെടുത്തി മനക്കണ്ണുകൊണ്ട് അയാള്‍ തന്റെ വണ്ടിയുടെ ദിശാവേഗങ്ങള്‍ നിയന്ത്രിച്ചു. അകലെ മലമുകളില്‍നിന്ന് ലക്ഷ്യമില്ലാതെ പാഞ്ഞുവന്ന തീഗോളങ്ങള്‍ക്കൊന്നും അയാളുടെ വഴിമുടക്കാനായില്ല. ആബിദിന്റെ തളരാത്ത നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഇഗ്മന്‍ മലയിലെ കല്‍ചീളുകളും പാറക്കെട്ടുകളും പരവതാനി വിരിച്ചു. വഴിയരികിലെ ആഴങ്ങളിലേക്ക് കൂപ്പുകുത്താതെ അയാളുടെ വാഹനം പലവുരു ഒരു നൂലിഴ വ്യത്യാസത്തില്‍ രക്ഷപ്പെട്ടുനിന്നു.

'ഇരുട്ടിലെ മരണയാത്രക്കൊരിക്കല്‍ ഞാനും കൂട്ടുപോയിരുന്നു.' മിരാളം ഓര്‍ത്തെടുക്കാന്‍ ഒട്ടുമിഷ്ടമില്ലാത്ത അനുഭവം അയവിറക്കാനാവാതെ നിന്നു.

ഇരുള്‍ മാറി, സരയാവോയില്‍ സമാധാനത്തിന്റെ പൊന്‍പുലരിയെത്തി. പുതിയ പ്രഭാതം, പുതിയ രാജ്യം. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് അനേകം ബോസ്‌നിയാക്കുകള്‍ക്കൊപ്പം ആബിദും സീനയും തുള്ളിച്ചാടി. 

'ഇനി ഞങ്ങളുടെ രാജ്യം.' ഇഗ്മന്‍ മലയിലെ ഇരുൡും തണുപ്പിലും അകത്തണയാതെ തെളിയിച്ചുവെച്ച പ്രതീക്ഷകളൊക്കെയും പൂത്തു വിരിയുന്ന നല്ല നാളുകള്‍ അവര്‍ മനസ്സില്‍ കണ്ടു.

ആഹ്ലാദാരവങ്ങള്‍ ഏറെ നീണ്ടുനിന്നില്ല. സമാധാനകാലത്തെ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയച്ചുഴികളില്‍ പലതും പിടിവിട്ടുപോയി. യുദ്ധാനന്തര ബോസ്‌നിയന്‍സേനയില്‍ ജോലി നഷ്ടപ്പെട്ട അനേകം പേരിലൊരുവനായി ആബിദും പുറത്തിറങ്ങിയതോടെ വരുമാനം നിലച്ചു. കിട്ടാനുള്ള ആനുകൂല്യങ്ങളൊക്കെയും ചുവപ്പുനാടകളില്‍ കുടുങ്ങി. ലോകരാഷ്ട്രങ്ങളില്‍നിന്ന് ഒഴുകിയെത്തിയ സഹായധനങ്ങള്‍ രാഷ്ട്രീയ അരിപ്പകളിലൂടെ അരിച്ചിറങ്ങി താഴ്ത്തട്ടിലെത്തിയപ്പോള്‍ അവശേഷിച്ചത് നാണയങ്ങള്‍ മാത്രം. തകര്‍ന്നടിഞ്ഞ വീടിരുന്നിടത്തൊരു കൂര നിര്‍മിക്കാന്‍ അയാള്‍ നെട്ടോട്ടമോടി തളര്‍ന്നു. ജീവിതം വഴിമുട്ടി. പൊരുതി നേടിയ പുതിയ ലോകത്ത് ജീവിതം പിടിച്ചുനിര്‍ത്താന്‍ ഇഗ്മന്‍ മലയിലെ പാറക്കല്ലുകള്‍ക്കിടയിലൂടെ ഇരുട്ടത്ത് കൊടും തണുപ്പില്‍ വണ്ടിയോടിച്ചതിനേക്കാള്‍ കടുപ്പമെന്ന് ആബിദ് തിരിച്ചറിഞ്ഞു. കടുത്ത മാനസിക സമ്മര്‍ദം രോഗിയാക്കിയ ആബിദ് ഏറെ വൈകും മുമ്പ് 'സ്വാതന്ത്ര്യ'ത്തില്‍നിന്ന് 'പരമസ്വാതന്ത്ര്യ'ത്തിലേക്ക് യാത്രയായി.

ഞങ്ങള്‍ സീനയുടെ വരാന്തയില്‍ നിരത്തിയിട്ട കസേരകളിലിരിക്കുകയാണ്. തണുത്ത അത്തിപ്പഴച്ചാറും മധുരമുള്ള ബക്ലാവയുമായി സീന ഞങ്ങള്‍ക്കരികിലെത്തി. ജീവിതത്തിന്റെ അഴല്‍പാടുകള്‍ അവരുടെ കണ്ണുകളില്‍ തളം കെട്ടി നില്‍പുണ്ടായിരുന്നു.

സീനയുടെ വരാന്തയിലെ പുസ്തക വില്‍പനക്കാരനില്‍നിന്ന് ഏതാനും പുസ്തകങ്ങളും ബോസ്‌നിയയുടെ രാഷ്ട്രീയ ഭൂപടവും വിലയ്ക്കു വാങ്ങി ഞങ്ങള്‍ പ്രത്യാശയുടെ തുരങ്കത്തോടും സീനയോടും യാത്ര പറഞ്ഞു. സരയാവോ നഗരത്തില്‍ ഏറെ വാഹനത്തിരക്കില്ല. സ്‌കൂള്‍ അവധിക്കാലമായതിനാല്‍ പട്ടണത്തിലെ താമസക്കാര്‍ ഏറെയും ഗ്രാമവീടുകളിലേക്കോ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കോ പോയതായിരിക്കും. വിശാലമായ നഗരപാതകള്‍ക്കിരുപുറവും നടപ്പാതകളും സൈക്കിള്‍ പാതകളും ചെറിയ പുല്‍തിട്ടകളും. റോഡുകള്‍ക്കിടയില്‍ പച്ചപ്പുല്ല് വളര്‍ന്ന നിലത്ത് ഉറപ്പിച്ചുവെച്ച റെയില്‍ പാളങ്ങളിലൂടെ വേഗം കുറച്ച് ഓടുന്ന തീവണ്ടികള്‍. പല വര്‍ണങ്ങളില്‍ വളഞ്ഞിഴഞ്ഞു നീങ്ങുന്ന തീവണ്ടികളെയും അതില്‍ കയറാന്‍ കാത്തിരിക്കുന്ന കൗമാരക്കൂട്ടങ്ങളെയും നിരീക്ഷിച്ചിരിക്കെ റോഡരികില്‍ വലിച്ചുകെട്ടിയ വലിയൊരു ബാനറിലേക്ക് മിരാളം ചൂണ്ടി.

ബാനറില്‍ എഴുതിവെച്ച നീണ്ട ബോസ്‌നിയന്‍ വാചകങ്ങള്‍ ഡാനി എനിക്ക് വ്യാഖ്യാനിച്ചുതന്നു; വിമുക്ത ഭടന്മാരുടെ പ്രതിഷേധ ശബ്ദങ്ങളാണ്. ആനുകൂല്യങ്ങള്‍ നിഷേധിക്കുകയോ കിട്ടുന്നത് വെട്ടിച്ചുരുക്കുകയോ ചെയ്ത സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഒരു കൂട്ടം വിമുക്ത ഭടന്മാരുടെ പ്രക്ഷോഭ പ്രഖ്യാപനം. 'സമരം പലപ്പോഴും അക്രമാസക്തമാവാറുണ്ട്' - ഡാനി കൂട്ടിച്ചേര്‍ത്തു. സ്വതന്ത്ര ബോസ്‌നിയക്ക് എവിടെയാണ് പിഴച്ചത്? 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (12-13)
എ.വൈ.ആര്‍

ഹദീസ്‌

നമ്മുടെ സമ്പാദ്യം ഹലാലാണോ?
കെ.സി ജലീല്‍ പുളിക്കല്‍