വെളിച്ചം തേടി അലഞ്ഞ സുല്‍ത്താന്‍
'സാറിനു ദൈവമുണ്ടോ?'
'എനിക്കോ!..എനിക്കും പ്രപഞ്ചത്തിനുമുണ്ട്. രൂപമില്ലാത്തതും സങ്കല്‍പങ്ങള്‍ക്കപ്പുറമുള്ളതും.'
ബഷീറിന്റെ മറുപടി അണ്ഡകടാഹങ്ങള്‍ തേടി കയറിപ്പോകുന്ന തെങ്ങുകയറ്റക്കാരന്‍ കേശവന്‍ കുട്ടിക്ക് മതിയായില്ല.
'അതെങ്ങനെ സാര്‍?'
'പ്രപഞ്ചത്തിന്റെ വെളിച്ചം, ചൈതന്യം -അതാകുന്നു എന്റെ ദൈവം'
ആ വെളിച്ചം തേടി, സുന്ദരസുരഭില ഭൂലോകമാകെ ബഷീര്‍ അലഞ്ഞു; ജനനം തൊട്ട് മരണം വരെ, അനന്തമായ യാത്ര.
'പോടാ, പോ. നീ രാജ്യമൊക്കെ ചുറ്റി ഒന്നു പഠിച്ചിട്ടു വാ --- മനസ്സിലായോ ---ഇല്ല!'
മജീദിനെ ലോകത്തിന്റെ അറ്റം വരെ ഓടിക്കാന്‍ ആ ശബ്ദം പര്യാപ്തമായിരുന്നു എന്ന് ബഷീര്‍ കുറിക്കുമ്പോഴും, അനുഭവങ്ങളുടെ ലോകത്തേക്ക് ബഷീറിനെ എടുത്തെറിഞ്ഞ ആ ദാഹക്കടല്‍ തിളച്ചുമറിഞ്ഞിരുന്നു, ഉള്ളിന്റെ ഉള്ളില്‍.
'ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളുണ്ടല്ലോ. അതെല്ലാം അന്വേഷിച്ചുകൊണ്ടേയിരിക്കുക.'
ഇതാകട്ടെ ബഷീര്‍ തന്റെ ജീവിതാവസാനമാണ് പറഞ്ഞതെങ്കില്‍, പൊരുള്‍ തേടിയുള്ള ബഷീറിന്റെ യാത്ര തുടങ്ങിയത് പതിനാറാം വയസ്സിലും.
'ഓര്‍ക്കുന്നു: ആയുസ്സില്‍ ഒരുപാടുകാലം ഞാനീ ഭൂലോകത്തില്‍ ചുറ്റിക്കറങ്ങിയിട്ടുണ്ട്. അലഞ്ഞു നടന്നിട്ടുണ്ട്. രാവും പകലും. തനിച്ച്.. തനിച്ച്.
ഗ്രാമങ്ങള്‍...പട്ടണങ്ങള്‍... നഗ്നസന്യാസികള്‍.... സ്വൂഫിസന്യാസികള്‍... മലയിടുക്കുകള്‍... കടലോരങ്ങള്‍...'
ബഷീറിനെയും കഥകളെയും -ബഷീറിലാകട്ടെ ഇത് രണ്ടും ഒന്നാകുന്നു - രൂപപ്പെടുത്തിയത് ഈ യാത്രകളും, അവ നല്‍കിയ ഉത്തരങ്ങളുമായിരുന്നു.
'ചുട്ടുനീറുന്ന കുറേയധികം അനുഭവങ്ങളും പേനയും അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.'
അതിരുകളലിഞ്ഞ് നാഥനെ പ്രാപിച്ച സ്വൂഫിയെ പോലെ, ട്രാജഡിയും കോമഡിയും, കഥയും അനുഭവവും എന്നൊന്നില്ലാതെ, എല്ലാം ഒന്നാവുകയായിരുന്നു ബഷീറില്‍.
'ഭാവനയൊന്നുമില്ല. ഒന്നും കൂട്ടിച്ചേര്‍ത്തിട്ടുമില്ല.'
യാത്രയുടെയും പ്രണയത്തിന്റെയും സിഫത്തുകള്‍ ചേര്‍ത്തുവെച്ച് ബഷീറിനെ സ്വൂഫിയാക്കിയവരുടെ തലക്കകത്ത് നിലാവെളിച്ചമാണ്. അഗാധവിശാലമഹാവിശാല പ്രപഞ്ചത്തില്‍ തന്നെ എവിടെയെങ്കിലും ഒതുക്കാന്‍ കൊതിച്ച് വന്നവരെയൊക്കെ വെട്ടിനുറുക്കി കുഴിച്ചുമൂടാന്‍ കഠാരിയും കൈയില്‍ പിടിച്ചു മാങ്കോസ്റ്റിന്റെ ചോട്ടില്‍ ചാരുകസേരയില്‍ ബീഡിവലിച്ചിരുന്നിരുന്നു ബഷീര്‍.
'അനല്‍ ഹഖ്' പോലെ ബഷീറിന്റെ വാക്കുകളുടെ സാരം അറിയാതെപോയവര്‍ ബഷീര്‍ തങ്ങളുടേതാണെന്ന് ധരിച്ചിരിക്കണം. എന്നാല്‍ ആത്യന്തികമായി ബഷീര്‍ അല്ലാഹുവിന്റേതായിരുന്നു. അവന്റെ കാക്കത്തൊള്ളായിരം സൃഷ്ടികളിലെ ഒരു നിസ്സാര മനുഷ്യന്‍.
നിരന്തരമായ ആയിത്തീരലിന്റെ നേര്‍സാക്ഷ്യമായിരുന്നു ബഷീറിന്റെ കഥകളൊക്കെയും. ഇതെന്റെ കഴിഞ്ഞ വര്‍ഷത്തെ അഭിപ്രായമാണ് എന്ന് പറയുമ്പോഴും 25 വര്‍ഷം മുമ്പത്തെ എഴുത്തുകളൊന്നും തിരുത്താന്‍ നില്‍ക്കാതെ കാലത്തിന്റെ മിസ്റ്ററികള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു ബഷീര്‍.
1982-ല്‍ 40 വര്‍ഷം മുമ്പെഴുതിയ അനല്‍ഹഖിനോട് ചേര്‍ത്ത അനുബന്ധവും ശ്രദ്ധേയമാണ്. നിഴലും വെളിച്ചവും കലര്‍ന്ന ജീവിതം വെളിച്ചത്തിനുമേല്‍ വെളിച്ചമായി കത്തിജ്ജ്വലിക്കുന്നതു വരെ ആ യാത്ര തുടര്‍ന്നു.
ബഷീര്‍ ഒരു നന്മ മരം. സുന്ദരമായ ഈ ഭൂഗോളത്തില്‍ വേരാഴ്ത്തി, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും സൗരയൂഥങ്ങളും കടന്ന് 'കലിമതുന്‍ ത്വയ്യിബ' പോലെ അനന്തം. അനന്തമായ ഭീകരസുന്ദര അത്ഭുത പ്രപഞ്ചങ്ങളാകെ ശാഖ വിരിച്ച് ആ വൃക്ഷം പന്തലിച്ചുനില്‍ക്കുന്നു. ഒ.വി വിജയന്‍ പറഞ്ഞ പോലെ, 'കാടായിത്തീര്‍ന്ന ഒറ്റമരം'.
അല്ലാഹുവിന്റെ ഖജനാവിലെ അനന്തമായ സമയം, ബഷീറിനെ കാത്തിരിക്കുന്നുണ്ടാകും, ഒരു അനശ്വര യാത്രക്കായി.
'കരുണാമയനായ ദൈവമേ ഞങ്ങളുടെ ഈ യാത്ര സഫലമാക്കിത്തന്നാലും...സഫലമാക്കിത്തന്നാലും..'
Comments