Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 08

3092

1440 റബീഉല്‍ ആഖിര്‍ 30

ചരിത്രത്തില്‍ ഒതുങ്ങാതെ ഒരു ചരിത്ര നോവല്‍

ഡോ. മുഹമ്മദ് സബാഹ്

ഇസ്‌ലാമിനു വേണ്ടി തൂലിക ചലിപ്പിച്ച അപൂര്‍വം സാഹിത്യകാരന്മാരില്‍ ഒരാളാണ് അലി അഹ്മദ് ബാ കസീര്‍ (1910-1969). 1948-ല്‍ അദ്ദേഹമെഴുതിയ ഇസ്‌ലാമിക ചരിത്ര നോവലാണ് 'അസ്സാഇറുല്‍ അഹ്മര്‍' (ചുവന്ന വിപ്ലവകാരി). ഇത് 'മരീചിക' എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. അബ്ബാസിയ കാലഘട്ടത്തിലെ സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നതെങ്കിലും ആധുനിക കാലത്തെ കമ്യൂണിസത്തെയും സോഷ്യലിസത്തെയും കുറിച്ചാണ് കഥാകാരന്‍ വരികള്‍ക്കിടയിലൂടെ പറയുന്നതെന്നു വ്യക്തം. ഇത്തരം ദര്‍ശനങ്ങളുടെ യഥാര്‍ഥ മുഖം വായനക്കാരനിലേക്കെത്തിക്കാന്‍ സമാനാശയം കൈകൊണ്ടവരെ ചരിത്രത്തില്‍നിന്ന് കണ്ടെടുത്ത് അവതരിപ്പിക്കുകയാണ് ബാ കസീര്‍ ചെയ്യുന്നത്. ഖുര്‍മുത്വികളുടെ ആരംഭം മുതല്‍ അവസാനം വരെയുള്ള കാലമാണ് നോവലില്‍ പ്രതിപാദിക്കപ്പെടുന്നത്. അബ്ബാസിയ ഖലീഫ മുഅ്തളിദിന് ഖുര്‍മുത്വികളെ യുദ്ധം ചെയ്ത് കീഴ്‌പ്പെടുത്താന്‍ സാധിക്കുമായിരുന്നിട്ടും അത് ചെയ്യാതെ പോയത്, അവരുടെ ആശയത്തിന് കൂടുതല്‍ നിലനില്‍പുണ്ടാകില്ലെന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ടായിരുന്നു. അതുതന്നെ സംഭവിക്കുകയും ചെയ്തു. ഇസ്‌ലാമിക ഭരണത്തിനു കീഴില്‍ യഥാര്‍ഥ നീതി നടപ്പിലാക്കുകയും സൈദ്ധാന്തികമായി ഖുര്‍മുത്വികളെ എതിരിടുകയും ചെയ്താല്‍ തന്നെ അവരുടെ 'സമ്പൂര്‍ണ നീതി' എന്ന കാപട്യം പൊളിഞ്ഞുവീഴുമെന്ന യാഥാര്‍ഥ്യമാണ് തന്റെ ആഖ്യാനത്തില്‍ സമര്‍ഥിക്കുന്നത്.

ഖുര്‍മുത്വികള്‍ (ഖറാമിത്വ) നിസ്വാര്‍ഥരും ആത്മാര്‍ഥതയുള്ളവരും 'സമ്പൂര്‍ണ നീതി' എന്ന ആശയം മുന്നോട്ടു വെക്കുന്നവരും ആണെങ്കിലും കൈയിലുള്ള തത്ത്വസംഹിത അതിന് പറ്റിയതല്ല എന്നതാണ് പ്രശ്‌നം. അതിനാല്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ മൂല്യങ്ങളില്‍നിന്ന് അവര്‍ സ്വയം വ്യതിചലിച്ചുപോകും. ഇതാണ് ബാ കസീര്‍ ഊന്നിപ്പറയുന്ന കാര്യം.

ഹംദാന്‍ ഖുര്‍മുത്വിയെന്ന കര്‍ഷകന്‍ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ വിപ്ലവകാരിയാവുകയാണ്. തുടര്‍ന്നയാള്‍ ധാര്‍മിക മൂല്യങ്ങള്‍ കൈവെടിയുന്നു, അധികാരം കൈവശപ്പെടുത്തി സ്വേഛാധിപത്യ മനോഭാവം കൈക്കൊള്ളുന്നു. അവസാനം ഒന്നുമല്ലാതായിത്തീരുന്നു. 'സമ്പൂര്‍ണ നീതി' എന്ന ആശയത്തെ അതിന്റെ ആചാര്യന്‍ പോലും തള്ളിപ്പറയുന്നത് മുതലാളിത്തത്തിനെതിരെ പടനയിച്ച സോഷ്യലിസത്തിന്റെ സമുന്നത നേതാക്കള്‍ തന്നെ മുതലാളിത്തത്തിന്റെ നടത്തിപ്പുകാരായി സ്വയം മാറിയപ്പോഴാണ്. അഥവാ, സ്വന്തം ആശയം ഇത്രയും വികൃതമാണെന്ന് ആചാര്യന്‍ പോലും അറിയുന്നത് വളരെ വൈകിയാണ്. എന്നിട്ടും അവരുടെ കൂടെ നിന്നത് വാള്‍ത്തലപ്പില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രവും.

പുത്തനാശയക്കാരുടെ ആദ്യശത്രു മുതലാളിത്തമായിരുന്നുവെങ്കിലും, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അവര്‍ ഇസ്‌ലാമിനെ ശത്രുവായി കണ്ടുതുടങ്ങി. കാരണം സമ്പൂര്‍ണ നീതിയെന്ന ആശയം നടപ്പാക്കിക്കൊണ്ടിരുന്നത് അന്നും എന്നും ഇസ്‌ലാമായിരുന്നു എന്നതാണ് കാരണം. 19-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ തന്നെ സോഷ്യലിസം പ്രചാരം നേടിയിരുന്നുവെങ്കിലും, അതേ നൂറ്റാണ്ടിന്റെ അവസാനത്തോടെ മാര്‍ക്‌സ്, എംഗല്‍സ് എന്നിവരുടെ ആഗമനത്തോടെയാണതിന് ഗതിവേഗം കൈവന്നത്. എന്നാല്‍ സോവിയറ്റ് യൂനിയനടക്കം നിലവില്‍വന്നിടത്തെല്ലാം 'സമ്പൂര്‍ണ നീതി' വ്യവസ്ഥ സമ്പൂര്‍ണ പരാജയമായിരുന്നു എന്ന വസ്തുത ബാ കസീര്‍ പറയാതെ പറയുന്നുണ്ട്. സോഷ്യലിസത്തെക്കുറിച്ച് പറയാന്‍, അതേ ആശയവുമായി ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് വന്ന വിഭാഗത്തെ പുനരാനയിക്കുകയാണ് നോവലിസ്റ്റ്. 

ഇസ്‌ലാം മുന്നോട്ടു വെക്കുന്ന നീതി (Equity)  അനുഭവസഹിതം ആണ്. ഖുര്‍മുത്വികള്‍ മുന്നോട്ടു വെച്ചത് തുല്യനീതി (Equality) യായിരുന്നു. ഒന്നാമത്തേത്, എല്ലാവരെയും അവരവരുടെ ആവശ്യത്തിനനുസരിച്ചുള്ള നിലവാരത്തിലേക്കുയര്‍ത്തുന്നു. രണ്ടാമത്തേത്, എല്ലാവരെയും ഒരേ നിലവാരത്തില്‍ കൊണ്ടെത്തിക്കാമെന്ന് വ്യാമോഹിക്കുന്നു. 'നിങ്ങളില്‍ ചിലരെ ചിലരേക്കാള്‍ ശ്രേഷ്ഠപ്പെടുത്തിയിരിക്കുന്നു' എന്ന ഖുര്‍ആന്‍ വചനം സാമൂഹിക ജീവിതത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന്റെ ആധാരമെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്.

'അപ്രമാദിത്വമുള്ള പ്രസ്ഥാന നേതാവ്' എന്ന വിശേഷണവും അയാള്‍ മരണപ്പെടുമ്പോള്‍ മകന്‍ അധികാരം അനന്തരമെടുക്കുന്നതും ഖുര്‍മുത്വികള്‍ മുന്നോട്ടു വെച്ച തത്ത്വസംഹിതയുടെ അപചയത്തെയും മൂല്യരാഹിത്യത്തെയുമാണ് സൂചിപ്പിക്കുന്നത്. ഏതൊന്നിനെ എതിര്‍ത്തുകൊണ്ടാണോ രംഗത്തു വന്നത്, അതിനെ (മുതലാളിത്തം) പുല്‍കുന്ന നേതൃത്വത്തെ തള്ളിപ്പറയാന്‍ അണികള്‍ക്ക് താല്‍പര്യമുണ്ടായിരുന്നെങ്കിലും നിഷ്ഠുരമായ പീഡനങ്ങള്‍ ഭയന്ന് അവര്‍ മിണ്ടാതിരുന്നു.

നോവല്‍ നാലു ഭാഗമാണ്; ഓരോ ഭാഗത്തും ഏതാനും അധ്യായങ്ങളുണ്ട്. ഓരോ ഭാഗവും ആരംഭിക്കുന്നത് ആ ഭാഗത്തെ ആഖ്യാനവുമായി ചേര്‍ന്നു നില്‍ക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍കൊണ്ട്. ഒന്നാം ഭാഗത്ത് കഥയുടെ പ്രധാന വിഷയവും പ്രധാന രണ്ട് കഥാപാത്രങ്ങളും കടന്നുവരുന്നു. സ്ഥലം, വ്യക്തികള്‍, ജീവിതം, കഥാകാലം എന്നിവയും ഇവിടെ ആഖ്യാനിക്കപ്പെടുന്നു. ഇസ്‌റാഅ് അധ്യായത്തിലെ 16-ാം സൂക്തമാണ് ഈ അധ്യായാരംഭത്തിലുള്ളത്. ദൈനംദിന നടപടിക്രമം എന്ന ആശയമാണ് നോവലിസ്റ്റ് ഇവിടെ ഉയര്‍ത്തിക്കാണിക്കുന്നത്.

രണ്ടാം ഭാഗം, പ്രധാന കഥാപാത്രങ്ങളുടെ ജീവിത രീതിയിലും ചിന്താഗതികളിലും സംഭവിക്കുന്ന മാറ്റത്തെക്കുറിച്ചാണ്. സൂറ അല്‍ അഅ്‌റാഫ് 175-176 സൂക്തങ്ങള്‍ കൊണ്ട് ആരംഭിക്കുന്ന ഈ ഭാഗം ദൈവികമാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ച കഥാപാത്രത്തിന്റെ ദുഃഖകരമായ പര്യവസാനത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. മൂന്നും നാലും ഭാഗങ്ങളും ഇത് പോലെത്തന്നെ.

ആഖ്യാനഭംഗിയും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പും സിദ്ധാന്തങ്ങള്‍ പറയുന്ന രീതിയും ചരിത്രത്തിലേക്ക് വായനക്കാരനെ വേഗത്തില്‍ കൂട്ടിക്കൊണ്ടു പോകാന്‍ ഉതകുന്നതാണ്. പുരുഷ കഥാപാത്രങ്ങള്‍ക്ക് നല്‍കിയ അതേ പ്രാധാന്യം സ്ത്രീ കഥാപാത്രങ്ങള്‍ക്കും ബാ കസീര്‍ നല്‍കിയിട്ടുണ്ട്.

ഡോ. അബൂബക്കര്‍ വടക്കാങ്ങരയാണ് നോവലിന്റെ മലയാള വിവര്‍ത്തകന്‍. വടക്കാങ്ങര ലേണേഴ്‌സ് ക്ലബാണ് കൃതി പുറത്തിറക്കിയിരിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (06-07)
എ.വൈ.ആര്‍

ഹദീസ്‌

എല്ലാം നഷ്ടപ്പെടുത്തുന്ന ചതിക്കുഴികള്‍
കെ.സി ജലീല്‍ പുളിക്കല്‍