ബൈബിള്‍, ഖുര്‍ആന്‍ ഒരു താരതമ്യം - 2
ദൈവത്തെക്കുറിച്ച്
ബൈബിള്‍
''സൈന്യങ്ങളുടെ കര്‍ത്താവ്, ഇസ്രായേലിന്റെ ദൈവം അരുള്‍ ചെയ്യുന്നു'' (യിരെമ്യ 16:9).
''ഇസ്രായേലില്‍ അല്ലാതെ ഭൂമിയില്‍ ഒരിടത്തും ദൈവമില്ലെന്ന് ഇതാ ഞാന്‍ മനസ്സിലാക്കുന്നു'' (2 രാജാക്കന്മാര്‍ 5:15).
ദേശങ്ങളോട് ജൂതന്മാര്‍ക്ക് മുമ്പില്‍ തലകുനിക്കാനും അവരുടെ പാദത്തിലെ പൊടി നക്കുവാനും ദൈവം ആവശ്യപ്പെടുന്നതായി പറയുന്നു: ''അവര്‍ നിലം മുട്ടെ നമസ്‌കരിച്ച് നിന്റെ പാദത്തിലെ പൊടി നക്കും. അപ്പോള്‍, ഞാനാണ് കര്‍ത്താവെന്നും എനിക്കു വേണ്ടി കാത്തിരിക്കുന്നവര്‍ ലജ്ജിതരാകില്ല എന്നും നീ മനസ്സിലാക്കും'' (യെശയ്യാ 49:23).
ഹാമാന്റെ മകനായ കനാനെ നോഹിന്റെ മറ്റു രണ്ട് പുത്രന്മാരായ ശേമും യാഫതും ശപിക്കുകയും അടിമയാക്കുകയും ചെയ്തതു വഴി മനുഷ്യകുലത്തിലെ മൂന്നിലൊന്നിനെ അടിമകളാക്കുകയാണ് ചെയ്തത് (ഉല്‍പ്പത്തി 9:18-27).
തന്റെ മകള്‍ക്ക് 'കഠിനമായി പിശാചുബാധ' ഏറ്റിരിക്കുന്നുവെന്നും അവളെ ചികിത്സിക്കണമെന്നും വന്നു പറയുന്ന കനാന്‍കാരിയോട് യേശു വംശീയ വേര്‍തിരിവോടെ സംസാരിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യേശു അവളോട് ഇങ്ങനെ പറഞ്ഞു: ''മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല'' (മത്തായി 15:22-26).
സ്ത്രീയെയും പുരുഷനെയും വകതിരിച്ചു കാണുന്നുണ്ട് ബൈബിള്‍. ''ആദാമല്ല വഞ്ചനയില്‍ കുടുങ്ങിയത്. സ്ത്രീയാണ് വഞ്ചനയില്‍ പെട്ടതും അതിക്രമം പ്രവര്‍ത്തിച്ചതും'' (I തിമൊത്തെയോസ് 2:14). ആണ്‍കുഞ്ഞിനെയല്ല, പെണ്‍കുഞ്ഞിനെയാണ് പ്രസവിക്കുന്നതെങ്കില്‍ സ്ത്രീ ഇരട്ടികാലം അശുദ്ധയായിരിക്കുമെന്നും പറയുന്നു: ''ഗര്‍ഭം ധരിച്ച് ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നവള്‍ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും... മുപ്പത്തിമൂന്ന് ദിവസത്തേക്ക് അവള്‍ രക്തശുദ്ധീകരണ വ്രതം നടത്തണം..... പെണ്‍കുഞ്ഞിനെ പ്രസവിക്കുന്നവള്‍ രണ്ടാഴ്ചക്കാലത്തേക്ക് അശുദ്ധിയുള്ളവള്‍ ആയിരിക്കും. അറുപത്തിയാറ് ദിവസത്തേക്ക് രക്തശുദ്ധീകരണ വ്രതം ആചരിക്കണം'' (ലേവിയര്‍ 12:2-5).
എല്ലാ പുരുഷന്മാരുടെയും ശിരസ്സ് ക്രിസ്തുവായിരിക്കുന്നതുപോലെ, എല്ലാ സ്ത്രീകളുടെയും ശിരസ്സ് പുരുഷനായിരിക്കുമെന്ന് ബൈബിള്‍ പറയുന്നു. പുരുഷന്‍ ദൈവത്തിന്റെ പ്രതിഛായയും തേജസ്സുമാണെങ്കില്‍, പുരുഷന്റെ തേജസ്സാണ് സ്ത്രീ (I കോറിന്തോസുകാര്‍ 11:3-9).
ഖുര്‍ആന്‍
''സ്തുതിയൊക്കെയും അല്ലാഹുവിനാണ്. അവന്‍ മുഴുലോകരുടെയും പരിപാലകന്‍'' (1:2).
''മുന്നറിയിപ്പുകാരന്‍ വന്നുപോകാത്ത ഒരു സമുദായവും ഇല്ല'' (35:24).
''നിശ്ചയമായും എല്ലാ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. അവരൊക്കെ പറഞ്ഞതിതാണ്: നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക; വ്യാജ ദൈവങ്ങളെ വര്‍ജിക്കുക'' (16:36).
ഈ ഖുര്‍ആന്‍ സൂക്തങ്ങള്‍ നല്‍കുന്ന വ്യക്തമായ സൂചന, ജനങ്ങളിലേക്കാണ് പ്രവാചകന്മാര്‍ നിയോഗിതരായിട്ടുള്ളത് എന്നതാണ്; അല്ലാതെ ഇസ്രായേല്യര്‍ക്ക് മാത്രമായിട്ടല്ല.
''മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു''(49:13).
ഖുര്‍ആന്‍ പറയുന്നത്, ആദമും അദ്ദേഹത്തിന്റെ ഭാര്യയും ഒരുപോലെ തെറ്റു ചെയ്‌തെന്നും രണ്ടു പേരും പശ്ചാത്തപിച്ചെന്നും ഉത്തരവാദിത്തം തുല്യമായി ഏറ്റെടുത്തുവെന്നുമാണ്.'
''എന്നാല്‍ പിശാച് അവരിരുവരെയും അതില്‍നിന്ന് തെറ്റിച്ചു. അവരിരുവരെയും അവരുണ്ടായിരുന്നിടത്തുനിന്നു പുറത്താക്കി. അപ്പോള്‍ നാം കല്‍പിച്ചു: ഇവിടെ നിന്നിറങ്ങിപ്പോവുക. നിങ്ങള്‍ പരസ്പരം ശത്രുക്കളാകുന്നു. ഭൂമിയില്‍ നിങ്ങള്‍ക്ക് കുറച്ചുകാലം കഴിയാനുള്ള താവളമുണ്ട്; കഴിക്കാന്‍ വിഭവങ്ങളും''(2:36).
''ഇരുവരും പറഞ്ഞു: ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും''(7:23).
''അങ്ങനെ അവരിരുവരും ആ വൃക്ഷത്തില്‍നിന്ന് ഭക്ഷിച്ചു. അതോടെ അവര്‍ക്കിരുവര്‍ക്കും തങ്ങളുടെ നഗ്നത വെളിവായി. ഇരുവരും സ്വര്‍ഗത്തിലെ ഇലകള്‍കൊണ്ട് തങ്ങളെ പൊതിയാന്‍ തുടങ്ങി. ആദം തന്റെ നാഥനെ ധിക്കരിച്ചു. അങ്ങനെ പിഴച്ചുപോയി.
പിന്നീട് തന്റെ നാഥന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു. അദ്ദേഹത്തെ നേര്‍വഴിയില്‍ നയിച്ചു'' (20:121-122).
''വിവാഹമോചിതകള്‍ മൂന്നു തവണ മാസമുറ ഉണ്ടാവുംവരെ തങ്ങളെ സ്വയം നിയന്ത്രിച്ചു കഴിയണം. അല്ലാഹു അവരുടെ ഗര്‍ഭാശയങ്ങളില്‍ സൃഷ്ടിച്ചുവെച്ചതിനെ മറച്ചുവെക്കാന്‍ അവര്‍ക്ക് അനുവാദമില്ല. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍! അതിനിടയില്‍ അവരെ തിരിച്ചെടുക്കാന്‍ ഭര്‍ത്താക്കന്മാര്‍ക്ക് അവകാശമുണ്ട്. അവര്‍ ബന്ധം നന്നാക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍! സ്ത്രീകള്‍ക്ക് ബാധ്യതകളുള്ളതുപോലെത്തന്നെ ന്യായമായ അവകാശങ്ങളുമുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് അവരേക്കാള്‍ ഒരു പദവി കൂടുതലുണ്ട്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു'' (2:228).
ഖുര്‍ആന്‍ സ്ത്രീകള്‍ക്ക് നല്‍കിയ സ്ഥാനത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്നുള്ളവര്‍ നാല്, അറുപത്തിയഞ്ച് അധ്യായങ്ങള്‍ വായിക്കുക.
ശാസ്ത്രീയ വസ്തുതകള്‍
ഭൂമിയുടെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള ബൈബിള്‍ വിവരണം ശാസ്ത്രവസ്തുതകളുമായി ഒത്തുപോകുന്നില്ല. ലോകം ഉണ്ടായത് ബി.സി 3700-ല്‍ എന്നാണതില്‍ കാണുന്നത്. എങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരേക്കും ഭൂമിയുടെ പ്രായം 6000 വര്‍ഷം. ഭൂമിയുടെ സൃഷ്ടിപ്പിനും മനുഷ്യന്റെ സൃഷ്ടിപ്പിനുമിടയില്‍ ഏതാനും ദിവസങ്ങളുടെ വ്യത്യാസം മാത്രമേയുള്ളൂവെന്നും പറയുന്നു. ഭൗമശാസ്ത്രമനുസരിച്ച്, ഭൂമിക്ക് 4550 ദശലക്ഷം വര്‍ഷം പഴക്കമുണ്ട്. ഭൂമിയുടെയും മനുഷ്യന്റെയും സൃഷ്ടിപ്പിനിടയില്‍ വളരെ ദീര്‍ഘിച്ച ഒരു കാലമുണ്ടെന്നും ശാസ്ത്രം പറയുന്നു.
ബൈബിള്‍ പറയുന്നത്, സൂര്യനെയും ചന്ദ്രനെയും മറ്റു നക്ഷത്രങ്ങളെയും സൃഷ്ടിക്കുന്നതിനു മുമ്പ് (ഉല്‍പ്പത്തി 1:14-18) ദൈവം വെളിച്ചവും പകലും രാത്രിയും സൃഷ്ടിച്ചു എന്നാണ് (ഉല്‍പ്പത്തി 1:3-5). 'വെളിപാടി' (7:1)ല്‍ ഇങ്ങനെ വായിക്കാം: ''ഭൂമിയുടെ നാല് മൂലയില്‍ നാല് കാറ്റുകളെ തടഞ്ഞുവച്ചുകൊണ്ട് നാല് മാലാഖമാര്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു.'' ഭൂമി ചതുരാകൃതിയിലാണ് എന്ന സൂചനയാണിത് നല്‍കുന്നത്. മറ്റൊരിടത്ത് ഭൂമി പരന്നിട്ടാണെന്ന സൂചനയും നല്‍കുന്നു: ''തുടര്‍ന്ന് പിശാച് യേശുവിനെ വളരെ ഉയര്‍ന്ന ഒരു മലയുടെ മുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ പ്രതാപവും കാണിച്ചുകൊടുത്തുകൊണ്ട് പറഞ്ഞു.....'' (മത്തായി 4:8).
ബൈബിള്‍ അവകാശപ്പെടുന്നത് യാക്കോബ് ഇസ്രായേല്യരുമായി ഈജിപ്തിലേക്ക് പുറപ്പെടുമ്പോള്‍ അവരുടെ എണ്ണം 70 സ്ത്രീപുരുഷന്മാര്‍ മാത്രമായിരുന്നു എന്നാണ്. പക്ഷേ, രണ്ട് തലമുറകള്‍ പിന്നിട്ടപ്പോഴേക്ക് പുരുഷന്മാരുടെ എണ്ണം 603,550 ആയി. ഫറോവ ഇസ്രായേല്യരില്‍ പിറന്ന ആണ്‍കുഞ്ഞുങ്ങളെ കൊല്ലാറുണ്ടായിരുന്നല്ലോ. ഇതു കൂടി പരിഗണിച്ചാല്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന അവരുടെ എണ്ണം മുപ്പതു ദശലക്ഷത്തോളം ഉണ്ടാവണം. രണ്ട് തലമുറകള്‍ കഴിയുമ്പോഴേക്ക് എഴുപത് പേര്‍ എങ്ങനെയാണ് മൂന്ന് ദശലക്ഷമാവുക? (ആവര്‍ത്തനം 10:22, പുറപ്പാട് 12:37, സംഖ്യ 1:46).
വെള്ളം മാത്രമായി കുടിക്കുന്നത് ഹാനികരമാണെന്ന പരാമര്‍ശമുണ്ട് (2 Maccabees 15:39): ''വെള്ളമോ വീഞ്ഞോ മാത്രമായി കുടിക്കുന്നത് ഹാനികരമാണെന്നതിനാല്‍....''
മുയല്‍ അശുദ്ധമാണെന്നതിന് പറയുന്ന കാരണവും (ലേവിയര്‍ 11:6) ശാസ്ത്ര വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.
ഖുര്‍ആന്‍
ഖുര്‍ആനിക പരാമര്‍ശങ്ങള്‍ നിലവിലെ ശാസ്ത്രത്തോട് എതിരടിച്ചു നില്‍ക്കുന്നില്ല. രണ്ടും തമ്മില്‍ വൈരുധ്യവും ചൂണ്ടിക്കാണിക്കാനാവില്ല. എന്നു മാത്രമല്ല, വളരെ നവീനമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തിയ ശാസ്ത്രവസ്തുതകളിലേക്കുള്ള സൂചനകള്‍ ഖുര്‍ആനില്‍ ഉണ്ട് എന്നതാണ് വാസ്തവം. ഇനിപ്പറയുന്ന ഖുര്‍ആനിക സൂക്തങ്ങള്‍ പരിശോധിക്കുക: 2:74, 2:173, 2:222, 4:56, 6:99, 6:125, 10:92, 12:47, 13:41, 15:14-22, 16:66, 17:12, 21:30-32, 22:5, 23:12-14, 24:40, 24:43, 27:88, 30:14, 36:37-40, 39:56, 41:11, 51:47, 52:6, 55:19-20, 55:37, 57:25, 78:6-7, 86:1-3, 96:16.
രാപ്പകലുകള്‍ മാറിമാറി വരുന്നതിനെക്കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുമ്പോള്‍ ഭൂമിയുടെ ഗോളാകൃതിയെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നുണ്ട്: ''ആകാശഭൂമികളെ അവന്‍ യാഥാര്‍ഥ്യത്തോടെയാണ് സൃഷ്ടിച്ചത്. അവന്‍ പകലിനെ രാവുകൊണ്ട് ചുറ്റിപ്പൊതിയുന്നു. രാവിനെ പകലുകൊണ്ടും ചുറ്റിപ്പൊതിയുന്നു. സൂര്യചന്ദ്രന്മാരെ അവന്‍ തന്റെ വരുതിയിലൊതുക്കിയിരിക്കുന്നു. അവയെല്ലാം നിശ്ചിത കാലപരിധിക്കകത്തു സഞ്ചരിക്കുന്നു. അറിയുക: അവന്‍ പ്രതാപിയാണ്. ഏറെ പൊറുക്കുന്നവനും''(39:5).
അല്ലാഹു പറയുന്നു: ''അടുത്തുതന്നെ വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാമവര്‍ക്കു കാണിച്ചുകൊടുക്കും. ഈ ഖുര്‍ആന്‍ സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകുംവിധമായിരിക്കുമത്. നിന്റെ നാഥന്‍ സകല സംഗതികള്‍ക്കും സാക്ഷിയാണെന്ന കാര്യം തന്നെ പോരേ അവരതില്‍ വിശ്വാസമുള്ളവരാകാന്‍?''(41:53).
വീണ്ടും: ''അറിവുള്ളവര്‍ കണ്ടു മനസ്സിലാക്കുന്നു, നിന്റെ നാഥനില്‍നിന്ന് നിനക്കിറക്കിക്കിട്ടിയതുതന്നെയാണ് സത്യമെന്ന്. അത് പ്രതാപിയും സ്തുത്യര്‍ഹനുമായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് നയിക്കുന്നതാണെന്നും''(34:6).
മോറിസ് ബുക്കായിയുടെ 'ബൈബിള്‍, ഖുര്‍ആന്‍, ശാസ്ത്രം' കാണുക. Dr. Keith Moore, Dr. G.C. Goeringer, Dr. Marshall Johnson, Dr. Tagatat Tejsen, Dr. Alfred Kroner, Dr. William W. Hay, Dr. Yoshihide Kozai, Dr. Joe Leigh Simpson തുടങ്ങി നിരവധി സമകാലിക പണ്ഡിതന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.
വിശുദ്ധ വേദങ്ങളുടെ സംരക്ഷണത്തെക്കുറിച്ച്
ബൈബിള്‍
''ഞങ്ങള്‍ ജ്ഞാനികള്‍; കര്‍ത്താവിന്റെ നിയമം ഞങ്ങളുടെ പക്കലുണ്ട്' എന്നു പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും? എന്നാല്‍ ഇതാ, വേദജ്ഞരുടെ വ്യാജതൂലിക അതിനെ അസത്യമാക്കിയിരിക്കുന്നു'' (യിരെമ്യാ 8:8).
''മേലാല്‍ 'കര്‍ത്താവിന്റെ ചുമട്' എന്ന് പറയരുത്. കാരണം അത് പറയുന്നവന് അത് ഭാരമായിത്തീരും. സൈന്യങ്ങളുടെ കര്‍ത്താവായ ജീവനുള്ള ദൈവത്തിന്റെ, നമ്മുടെ ദൈവത്തിന്റെ വചനങ്ങള്‍ നിങ്ങള്‍ വളച്ചൊടിക്കുന്നു'' (യിരെമ്യാ 23:36).
''മനുഷ്യരുടെ നിയമങ്ങള്‍ പ്രമാണങ്ങളെന്ന നിലയില്‍ ഇവര്‍ പഠിപ്പിക്കുന്നു. അതുകൊണ്ട് ഇവര്‍ എന്നെ ആരാധിക്കുന്നത് നിഷ്ഫലമാണ്'' (മത്തായി: 15:9).
ഖുര്‍ആന്‍
''ഇതാണ് വേദപുസ്തകം. അതിലൊട്ടും സംശയമില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്കിതു വഴികാട്ടി'' (2:2).
''ഈ ഉദ്ബോധനം തങ്ങള്‍ക്കു വന്നെത്തിയപ്പോള്‍ അതിനെ തള്ളിപ്പറഞ്ഞവര്‍ നശിച്ചതുതന്നെ. ഇത് അന്തസ്സുറ്റ വേദപുസ്തകമാണ്; തീര്‍ച്ച.
ഇതില്‍ അസത്യം വന്നുചേരുകയില്ല. മുന്നിലൂടെയുമില്ല; പിന്നിലൂടെയുമില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍നിന്ന് ഇറക്കിക്കിട്ടിയതാണിത്'' (41:41-42).
''തീര്‍ച്ചയായും നാമാണ് ഈ ഖുര്‍ആന്‍-ഉദ്ബോധനം- ഇറക്കിയത്. നാം തന്നെ അതിനെ കാത്തുരക്ഷിക്കുകയും ചെയ്യും'' (15:9).
''അല്ലാഹുവല്ലാത്തവര്‍ക്ക് പടച്ചുണ്ടാക്കാനാവുന്നതല്ല ഈ ഖുര്‍ആന്‍. മുമ്പുള്ള വേദപുസ്തകങ്ങളെ സത്യപ്പെടുത്തുന്നതും ദൈവിക വചനങ്ങളുടെ വിശദീകരണവുമാണിത്. ഇതിലൊട്ടും സംശയിക്കേണ്ടതില്ല. ഇതു ലോകനാഥനില്‍നിന്നുള്ളതുതന്നെയാണ്''(10:37).
''അവര്‍ ഖുര്‍ആനെ സംബന്ധിച്ച് ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത ആരില്‍നിന്നെങ്കിലുമായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യങ്ങള്‍ കണ്ടെത്തുമായിരുന്നു'' (4:82).
പാപമോചനം, മധ്യസ്ഥത
മനുഷ്യര്‍ക്ക് പാപങ്ങള്‍ പൊറുത്തുകൊടുക്കാനാവും.
''ഇതു പറഞ്ഞിട്ട് അവന്‍ അവരുടെ മേല്‍ ഊതി. അവന്‍ പറഞ്ഞു: 'പരിശുദ്ധാത്മാവിനെ സ്വീകരിക്കുക. നിങ്ങള്‍ ആരുടെയെങ്കിലും പാപങ്ങള്‍ ക്ഷമിച്ചാല്‍, അവ ക്ഷമിക്കപ്പെടും. നിങ്ങള്‍ ആരുടെയെങ്കിലും പാപങ്ങള്‍ നിലനിര്‍ത്തിയാല്‍ അവ നിലനിര്‍ത്തപ്പെടും'' (യോഹന്നാന്‍ 20:22-23).
ഖുര്‍ആന്‍
അല്ലാഹു മാത്രമാണ് പാപങ്ങള്‍ പൊറുക്കുക: ''വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അക്രമം കാണിക്കുകയോ ചെയ്താല്‍ അപ്പോള്‍തന്നെ അല്ലാഹുവെ ഓര്‍ക്കുന്നവരാണവര്‍; തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള്‍ ചെയ്തുപോയ തെറ്റുകളില്‍ ബോധപൂര്‍വം ഉറച്ചുനില്‍ക്കുകയില്ല'' (3:135).
ഏതൊരു പ്രാര്‍ഥനയും അല്ലാഹുവോട് നേരിട്ടേ നടത്താവൂ. യാതൊരുവിധ മധ്യവര്‍ത്തികളോ ഇടനിലക്കാരോ ഇല്ല.
''എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാലോ; ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം'' (2:186).
ധനത്തെക്കുറിച്ച്
ബൈബിള്‍
ധനികന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. ''ഞാന്‍ വീണ്ടും നിങ്ങളോട് പറയുന്നു; ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ് ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ എളുപ്പം'' (മത്തായി 19:24).
ഖുര്‍ആന്‍
''അല്ലാഹു നിനക്കു തന്നതിലൂടെ നീ പരലോകവിജയം തേടുക. എന്നാല്‍ ഇവിടെ ഇഹലോക ജീവിതത്തില്‍ നിനക്കുള്ള വിഹിതം മറക്കാതിരിക്കുക. അല്ലാഹു നിനക്കു നന്മ ചെയ്തപോലെ നീയും നന്മ ചെയ്യുക. നാട്ടില്‍ നാശം വരുത്താന്‍ തുനിയരുത്. നാശകാരികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല''(28:77).
ഭീകരതയെക്കുറിച്ച്
ബൈബിള്‍
''ഉടന്‍ പോയി അമാലേകിനെ തകര്‍ക്കുക. അവര്‍ക്കുള്ളതെല്ലാം പാടേ നശിപ്പിക്കുക. ആരെയും ഒഴിവാക്കരുത്. സ്ത്രീപുരുഷന്മാരെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും കാള, ആട്, ഒട്ടകം, കഴുത എന്നിവയെയും കൊല്ലുക'' (I ശാമുവല്‍ 15:3).
''അവരുടെ കണ്‍മുമ്പില്‍ വെച്ച് അവരുടെ കുഞ്ഞുങ്ങളെ അടിച്ചു തെറിപ്പിക്കും'' (യെശയ്യാ 13:16).
''അവര്‍ വാളിന്ന് ഇരയാകും; അവരുടെ കുട്ടികളെ നിലത്തടിച്ച് തെറിപ്പിക്കും; അവരുടെ ഗര്‍ഭിണികളെ കുത്തിപ്പിളര്‍ക്കും'' (ഹോശേയ 13:16).
ഖുര്‍ആന്‍
''അക്കാരണത്താല്‍ ഇസ്രായേല്‍ സന്തതികളോടു നാം കല്‍പിച്ചു: 'ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയും.' നമ്മുടെ ദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നു. എന്നിട്ട് പിന്നെയും അവരിലേറെ പേരും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്'' (5:32).
കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്നത് വളരെ ഗുരുതരമായി കണ്ടതുകൊണ്ടാണ് അതിനെക്കുറിച്ച പരാമര്‍ശം പുനരുത്ഥാനദിനം സംഭവിക്കുന്ന മഹാസംഭവങ്ങള്‍ക്കൊപ്പം ഖുര്‍ആന്‍ എടുത്തു പറഞ്ഞത് (81:1-9).
ജ്ഞാനം, അറിവ്
ബൈബിള്‍
''നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം നീ തിന്നുകൂടാ. അത് തിന്നുന്ന നാള്‍ തീര്‍ച്ചയായും നീ മരിക്കും'' (ഉല്‍പ്പത്തി 2:17).
''വിജ്ഞാനം ഏറുമ്പോള്‍ വ്യസനവും ഏറുന്നു; അറിവ് വര്‍ധിപ്പിക്കുന്നവന്‍ സങ്കടവും വര്‍ധിപ്പിക്കുന്നു'' (സഭാ പ്രഭാഷകന്‍ 1:18).
''ഭോഷന്ന് സംഭവിക്കുന്നതു തന്നെ എനിക്കും സംഭവിക്കുന്നു. പിന്നെ എന്തിന് ഞാന്‍ ഇത്ര വലിയ വിജ്ഞാനിയായി?'' (സഭാ പ്രഭാഷകന്‍ 2:15).
ഖുര്‍ആന്‍
''സാക്ഷാല്‍ അധിപതിയായ അല്ലാഹു അത്യുന്നതനാണ്. ഖുര്‍ആന്‍ നിനക്കു ബോധനം നല്‍കിക്കഴിയും മുമ്പെ നീയതു വായിക്കാന്‍ ധൃതി കാണിക്കരുത്. നീയിങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക: എന്റെ നാഥാ! എനിക്കു നീ വിജ്ഞാനം വര്‍ധിപ്പിച്ചു തരേണമേ''(20:114).
''സത്യവിശ്വാസികളേ, സദസ്സുകളില്‍ മറ്റുള്ളവര്‍ക്കു സൗകര്യമൊരുക്കിക്കൊടുക്കാന്‍ നിങ്ങളോടാവശ്യപ്പെട്ടാല്‍ നിങ്ങള്‍ നീങ്ങിയിരുന്ന് ഇടം നല്‍കുക. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൗകര്യമൊരുക്കിത്തരും. 'പിരിഞ്ഞുപോവുക' എന്നാണ് നിങ്ങളോടാവശ്യപ്പെടുന്നതെങ്കില്‍ നിങ്ങള്‍ എഴുന്നേറ്റുപോവുക. നിങ്ങളില്‍നിന്ന് സത്യവിശ്വാസം സ്വീകരിച്ചവരുടെയും അറിവു നല്‍കപ്പെട്ടവരുടെയും പദവികള്‍ അല്ലാഹു ഉയര്‍ത്തുന്നതാണ്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു'' (58:11).
''അല്ലാഹു അവനിഛിക്കുന്നവര്‍ക്ക് അഗാധമായ അറിവ് നല്‍കുന്നു. അത്തരം അറിവ് നല്‍കപ്പെടുന്നവന്, കണക്കില്ലാത്ത നേട്ടമാണ് കിട്ടുന്നത്. എന്നാല്‍ ബുദ്ധിമാന്മാര്‍ മാത്രമേ പാഠമുള്‍ക്കൊള്ളുന്നുള്ളൂ'' (2:269).
ഇങ്ങനെയാണ് യേശുവിനെ എന്റെ മാതാപിതാക്കളേക്കാള്‍ കൂടുതലായി ഞാന്‍ സ്‌നേഹിക്കാന്‍ പഠിച്ചത്.
''അതാണ് മര്‍യമിന്റെ മകന്‍ ഈസാ. ജനം തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിലുള്ള സത്യസന്ധമായ വിവരണമാണിത്'' (ഖുര്‍ആന്‍ 19:34).
നോക്കൂ, യേശു ഖുര്‍ആനില്‍ പേരാല്‍ പരാമര്‍ശിക്കപ്പെടുന്നത് 25 തവണയാണ്. മുഹമ്മദ് നബിയെ ഖുര്‍ആനില്‍ പേരെടുത്ത് പറയുന്നത് അഞ്ചു തവണ മാത്രം. കൂടാതെ വിശുദ്ധ ഖുര്‍ആനിലെ 19-ാം അധ്യായത്തിന് കന്യാ മറിയമിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. മുഹമ്മദ് നബിയുടെ മാതാവിന്റെയോ ഭാര്യമാരുടെയോ പെണ്‍മക്കളുടെയോ പേരില്‍ ഖുര്‍ആനില്‍ ഒരു അധ്യായം ഇല്ലെന്നും ഓര്‍ക്കുക. ഖുര്‍ആനില്‍ പേരു പരാമര്‍ശിക്കപ്പെട്ട ഏക വനിതയും മര്‍യം ആണ്. വളരെ പരിശുദ്ധയും ലോകത്തിലെ തന്നെ ഏറ്റവും ശ്രേഷ്ഠവനിതയും ആണ് മര്‍യമെന്നാണ് ഖുര്‍ആന്റെ ആദരം: ''മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: മര്‍യം, അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. വിശുദ്ധയും ലോകത്തിലെ മറ്റേതു സ്ത്രീകളേക്കാളും വിശിഷ്ടയുമാക്കിയിരിക്കുന്നു'' (3:42).
സദ്‌വൃത്തരായ ക്രിസ്ത്യാനികള്‍ മുസ്‌ലിംകളോട് ഏറ്റവും അടുത്തു നില്‍ക്കുന്നവരാണെന്നും ഖുര്‍ആന്‍ പറയുന്നു: ''മനുഷ്യരില്‍ സത്യവിശ്വാസികളോട് ഏറ്റവും കൂടുതല്‍ ശത്രുതയുള്ളവര്‍ യഹൂദരും ബഹുദൈവാരാധകരുമാണെന്ന് നിശ്ചയമായും നിനക്കു കാണാം; ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്നു പറഞ്ഞവരാണ് വിശ്വാസികളോട് കൂടുതല്‍ സ്നേഹമുള്ളവരെന്നും. അവരില്‍ പണ്ഡിതന്മാരും പുണ്യാളന്മാരുമുണ്ടെന്നതും അവര്‍ അഹന്ത നടിക്കുന്നില്ലെന്നതുമാണിതിനു കാരണം''(5:82).
(അവസാനിച്ചു)
വിവ: അശ്‌റഫ് കീഴുപറമ്പ്
Comments