Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 08

3092

1440 റബീഉല്‍ ആഖിര്‍ 30

ലഹരിക്കെതിരെ ജാഗരൂകരാവുക

ശൈഖ് മുഹമ്മദ് കാരകുന്ന്

ലഹരിയുടെ വ്യാപകത്വം, മദ്യത്തില്‍നിന്ന് മയക്കുമരുന്നുകളിലേക്ക് വളര്‍ന്നിട്ട് കാലം കുറച്ചായി. അവിടെനിന്നും അതിപ്പോള്‍ മറ്റു പല മരുന്നുകളിലേക്കും കൂടി കടന്നിട്ടുണ്ട്.

രോഗ ചികിത്സക്കുള്ള ചില മരുന്നുകളും സൗന്ദര്യ സംവര്‍ധക വസ്തുക്കളും ലഹരിയായി ഉപയോഗിക്കുന്നവരും  വിരളമല്ലെന്നാണ് കൗണ്‍സലിംഗ് വിദഗ്ധര്‍ പറയുന്നത്. കഴിക്കുന്നവരില്‍ പലതരം പ്രതികരണങ്ങള്‍ ഉണ്ടാക്കുന്ന മയക്കുമരുന്നുകളുണ്ട്. അടുത്തിരിക്കുന്നവര്‍ പോലും അറിയാതിരിക്കാനുള്ള വിദ്യയും ഉണ്ടത്രെ. സാമൂഹിക പ്രതിബദ്ധതയുള്ള ആരെയും അസ്വസ്ഥരും ആശങ്കാകുലരുമാക്കും ഇത്. നമ്മുടെ സംസ്ഥാനത്തെയും സമൂഹത്തെയും എവിടെയാണ് ഇത് കൊണ്ടെത്തിക്കുകയെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. മയക്കുമരുന്നിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട കണക്കുകള്‍ നമ്മെ ഞെട്ടിക്കുന്നതാണ്.

മദ്യത്തേക്കാള്‍ അപകടകരമാണ് മയക്കുമരുന്നുകള്‍. നല്ല ഇഛാശക്തിയും തീരുമാന ശേഷിയും ഉള്ളവര്‍ക്ക് സ്വയം തന്നെ മദ്യപാനം നിര്‍ത്താന്‍ സാധിച്ചേക്കാം. കൗണ്‍സലിംഗിലൂടെയും ചിലരെയെങ്കിലും മദ്യത്തിന്റെ പിടിയില്‍നിന്നും മോചിപ്പിക്കാനുമാവും. എന്നാല്‍ മയക്കുമരുന്നിനടിപ്പെട്ടവരെ അതില്‍നിന്ന് രക്ഷിച്ചെടുക്കുക ഏറെ പ്രയാസകരമത്രെ. പലപ്പോഴും വിദഗ്ധ ചികിത്സ അനിവാര്യമായി വരും. ലഹരിക്ക് അടിപ്പെട്ടവര്‍ അതില്‍നിന്ന് മോചിതരായാലും ശാരീരികമായും മാനസികമായും അവരെ പഴയ അവസ്ഥയിലെത്തിക്കുക ദുഷ്‌കരമാണ്. 

വ്യത്യസ്ത വഴികളിലൂടെയാണ് ലഹരി വ്യാപാരികള്‍ വിദ്യാര്‍ഥികളെയും യുവാക്കളെയും സ്വാധീനിക്കുന്നത്. വിദ്യാലയങ്ങള്‍ വിടുമ്പോള്‍ സ്ഥാപനത്തിന് അടുത്ത് ഇരുചക്രവാഹനവുമായി വന്ന് ലിഫ്റ്റ് നല്‍കിയും മൊബൈല്‍ ഫോണ്‍ കൊടുത്തും റസ്റ്റോറന്റുകളില്‍ കൂട്ടിക്കൊണ്ടുപോയി വിഭവസമൃദ്ധമായ സദ്യ നല്‍കിയും മറ്റും കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നു. ചങ്ങാത്തം ശക്തിപ്പെടുന്നതോടെ മയക്കുമരുന്നുകള്‍ നല്‍കി അവയുടെ അടിമകളാക്കുന്നു. പിന്നീട് അതിന്റെ വാഹകരും വില്‍പ്പനക്കാരുമാക്കി മാറ്റുന്നു. വിദ്യാര്‍ഥികളെ ഉപയോഗിച്ച് അവരുടെ സഹപാഠികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു . ഇങ്ങനെ വിവിധ വഴികളിലൂടെ തങ്ങളുടെ കച്ചവടം വിപുലീകരിക്കാന്‍ മയക്കുമരുന്ന് ലോബി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു.

 

അധികാരികളോട് വിനയപൂര്‍വം

മയക്കുമരുന്നിന്റെ വ്യാപനത്തിന് വഴിയൊരുക്കുന്നത് പണക്കൊതിയന്മാരായ ആര്‍ത്തിപ്പണ്ടാരങ്ങളാണ്. തലമുറകളെ നശിപ്പിക്കുകയും സമൂഹത്തിന് വന്‍ ദുരന്തങ്ങള്‍ വരുത്തിവെക്കുകയും മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുകയും ശാരീരികവും മാനസികവുമായി തകര്‍ത്ത് ജീവഛവങ്ങളാക്കുകയും ചെയ്യുന്ന ഈ സാമൂഹികദ്രോഹികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല. മയക്കുമരുന്ന് കച്ചവടം കൊലപാതകത്തേക്കാള്‍ ക്രൂരവും ശിക്ഷാര്‍ഹവുമായ കുറ്റമാണ് പല നാടുകളിലും. അതിനാല്‍ കുറ്റവാളികളെ രക്ഷിക്കാന്‍ നിയമപാലകരോ രാഷ്ട്രീയക്കാരോ ഭരണാധികാരികളോ അധികാരകേന്ദ്രങ്ങളില്‍ സ്വാധീനമുള്ളവരോ ഒരു കാരണവശാലും ശ്രമിക്കരുത്. ഈ കൊടും കുറ്റവാളികളെ രക്ഷിക്കുന്നവര്‍ ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്.

 

രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തുക

മക്കള്‍ മയക്കുമരുന്നുകളുടെ പിടിയില്‍ പെടാതിരിക്കാന്‍ ഏറ്റവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്. മക്കളുടെ കൂട്ടുകാര്‍ ആരെന്ന് നിരീക്ഷിക്കുകയും ചീത്തയായ കൂട്ടുകെട്ടില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. അതോടൊപ്പം നല്ല സൗഹൃദം ഉണ്ടാക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും വേണം.

അങ്ങാടിയിലൂടെ അലഞ്ഞുതിരിയാതിരിക്കാനും അസമയത്ത് വീടു വിട്ടിറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്താനും ജാഗ്രത പാലിക്കണം.  മക്കളെ ചെറുപ്രായത്തില്‍തന്നെ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും വന്‍ വിപത്തുകള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണം. അവരെ കെണിയില്‍പെടുത്താന്‍ സാധ്യതയുള്ള വ്യത്യസ്ത വഴികളെക്കുറിച്ചും ബോധവാന്മാരാക്കണം. സര്‍വോപരി അവരില്‍ സുദൃഢമായ മതവിശ്വാസവും പരലോക ബോധവും വളര്‍ത്തണം. മക്കളുമായുള്ള ഉറ്റ സൗഹൃദത്തിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. അവരെ സ്‌നേഹിച്ചും കൂട്ടുകാരാക്കി മാറ്റിയുമാണ് അവരില്‍ മാറ്റമുണ്ടാക്കേണ്ടത്.

 

മഹല്ലുകളുടെ പങ്ക്

മനുഷ്യജീവിതത്തെ മറ്റെന്തിനേക്കാളുമേറെ സ്വാധീനിക്കാനും മാറ്റിമറിക്കാനും സാധിക്കുക വിശ്വാസത്തിനാണ്. ആരോഗ്യക്ഷയത്തെയും സാമ്പത്തികനഷ്ടത്തെയും കുടുംബത്തകര്‍ച്ചയെയും സംബന്ധിച്ച ഭയത്തേക്കാള്‍ ആരെയും മാറ്റിയെടുക്കുക ഭക്തിയാണ്, അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസവും കലര്‍പ്പില്ലാത്ത പരലോക ബോധവുമാണ്. അതുകൊണ്ടുതന്നെ ലഹരി മുക്തമായ സമൂഹത്തെ സൃഷ്ടിക്കാന്‍ ഇസ്‌ലാമിന് മാത്രമേ സാധിച്ചിട്ടുള്ളൂ, സാധിക്കുകയുമുള്ളൂ. യഥാര്‍ഥ വിശ്വാസമുള്ളവര്‍ എത്രയൊക്കെ സൗകര്യങ്ങള്‍ ലഭിച്ചാലും ലഹരി ഉപയോഗിക്കുകയില്ല. അതുപയോഗിക്കുന്ന സദസ്സുകളിലും സദ്യകളിലും സംബന്ധിക്കാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തുകയും ചെയ്യും. മഹല്ല് ഭാരവാഹികളും മതപണ്ഡിതന്മാരും നേതാക്കന്മാരും സംഘടനകളും സമൂഹത്തില്‍ മതവിശ്വാസവും ബോധവും വളര്‍ത്തിയാണ് അവരെ സംസ്‌കരിക്കേണ്ടത്.

മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും വ്യാപനം തടയാന്‍ ഏറ്റവും കൂടുതല്‍ സാധിക്കുക മഹല്ല് സംവിധാനങ്ങള്‍ക്കാണ്. തങ്ങളുടെ വൃത്തത്തിലെ ആരും ലഹരി ഉപയോഗിക്കുന്നവരല്ലെന്ന് ഉറപ്പുവരുത്താന്‍ മഹല്ല് ഭാരവാഹികള്‍ക്കും പള്ളി ഇമാം- ഖത്വീബുമാര്‍ക്കും കഴിയണം.

ജാതി, മത, കക്ഷി ഭേദമില്ലാതെ എല്ലാവരെയും പരമാവധി സഹകരിപ്പിച്ച് ജാഗ്രതാ സമിതികളുണ്ടാക്കാന്‍ മഹല്ല് കമ്മിറ്റികള്‍ നേതൃത്വം നല്‍കണം. വിദ്യാലയങ്ങളുടെയും പെട്ടിക്കടകളുടെയും പരിസരങ്ങളില്‍  മയക്കുമരുന്ന് ലോബി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. അതോടൊപ്പം മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമുള്ള വിദ്യാര്‍ഥികളുമായും യുവാക്കളുമായും സൗഹൃദം സ്ഥാപിക്കുകയും അവര്‍ അതില്‍ അകപ്പെടാതിരിക്കാന്‍ സാധ്യമാവുന്നതൊക്കെ ചെയ്യുകയും വേണം. മഹല്ല് ഭാരവാഹികളും മറ്റു പൊതു പ്രവര്‍ത്തകരും മുന്‍കൈയെടുത്ത് ഓരോ പ്രദേശത്തും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതും ഫലപ്രദമായിരിക്കും. ലഹരിക്കടിപ്പെട്ടവരെ മോചിപ്പിക്കാന്‍ ഡീ അഡിക്ഷന്‍ ക്യാമ്പുകളും സംഘടിപ്പിക്കാം. നന്മ ആഗ്രഹിക്കുന്ന എല്ലാവരുടെയും സജീവ  ശ്രദ്ധയും ശ്രമവും വേണ്ടവിധം ഉണ്ടാകുന്നില്ലെങ്കില്‍ നാടും സമൂഹവും സമുദായവും നേരിടുന്ന വിപത്ത് വളരെ വലുതായിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (06-07)
എ.വൈ.ആര്‍

ഹദീസ്‌

എല്ലാം നഷ്ടപ്പെടുത്തുന്ന ചതിക്കുഴികള്‍
കെ.സി ജലീല്‍ പുളിക്കല്‍