Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 08

3092

1440 റബീഉല്‍ ആഖിര്‍ 30

ഗൂഢാര്‍ഥവാദികള്‍ മതനവീകരണത്തിന്റെ കുപ്പായമിടുമ്പോള്‍

ഡോ. മുഹമ്മദ് അയാശ് കുബൈസി

'ബാത്വിനിയ്യ' എന്നറിയപ്പെടുന്ന ഗൂഢവാദികള്‍ വ്യത്യസ്ത ചിന്താസരണിക്കാരാണ്. ഖുര്‍ആന്റെ പ്രത്യക്ഷാര്‍ഥത്തിന് വിപരീതമായ അകംപൊരുള്‍ വാദമാണ് അവരെ ഏകോപിപ്പിക്കുന്ന ബിന്ദു. ഈ അകംപൊരുളാണ് ദൈവത്തിന്റെ വിവക്ഷയെന്ന് അവര്‍ വാദിക്കും. ശരീഅത്തിനെ ദുര്‍ബലപ്പെടുത്തലും വിശ്വാസം(അഖീദ) അട്ടിമറിക്കലും ആശയക്കുഴപ്പവും അരാജകവാദവും പ്രചരിപ്പിക്കലും സുവ്യക്തമായ വിധിവിലക്കുകളെ അഴകൊഴമ്പന്‍ അര്‍ഥകല്‍പനകള്‍ നല്‍കി തിരുത്തലുമാണ് ഇതിന്റെ പിന്നിലെ യഥാര്‍ഥ ലക്ഷ്യം. ഉദാഹരണത്തിന് അവരില്‍ ചിലര്‍ പറയും; വലിയ അശുദ്ധി(ജനാബത്ത്)യില്‍നിന്ന് ശുദ്ധമാകണമെന്ന ദൈവകല്‍പനയുടെ ഉദ്ദേശ്യം അപര ജനങ്ങളോടുള്ള അയിത്തം മാറ്റി അവരോട് കൂടുതല്‍ അടുക്കുക എന്നാണ്. നമ്മോട് കല്‍പിക്കപ്പെട്ട നോമ്പി(സ്വൗം)ന്റെ അര്‍ഥം രഹസ്യം പാലിക്കുക എന്നാണ്. ഖുര്‍ആനില്‍ പറയുന്ന 'സകാത്ത്' സല്‍മാനുല്‍ ഫാരിസിയോടുള്ള സ്‌നേഹമാണ്. 'രണ്ട് സമുദ്രങ്ങള്‍ സംഗമിക്കുന്നു' എന്ന ഖുര്‍ആന്‍ വചനത്തിലെ സമുദ്രങ്ങള്‍ അലിയും ഫാത്വിമയുമാണ്. 'ആ രണ്ടു സമുദ്രങ്ങളില്‍നിന്ന് മുത്തും പവിഴവും പുറത്തുവരും' എന്ന് പറഞ്ഞിട്ടുള്ളതിന്റെ വിവക്ഷ ഹസനും ഹുസൈനുമാണ്. ഏകദൈവ വിശ്വാസത്തിന്റെ പരീക്ഷണത്തില്‍ വിജയിച്ചത് ഇബ്‌ലീസാണെന്നായിരിക്കും വേറെ ചിലര്‍ പറയുന്നത്. കാരണം അവനാണല്ലോ അല്ലാഹുവല്ലാത്തവന് സാഷ്ടാംഗം ചെയ്യാന്‍ വിസമ്മതിച്ചത്!

 

ദുഷ്ടലാക്കുകള്‍

ബാത്വിനികള്‍ (അകംപൊരുള്‍ വാദികള്‍) പണ്ടേ ലക്ഷ്യം വെക്കുന്ന മൂന്ന് അടിസ്ഥാന വിഷയങ്ങളുണ്ട്. അവ എന്താണെന്ന് ഗ്രഹിച്ചിരിക്കേണ്ടതാവശ്യമാണ്. കാരണം എല്ലാ കാലത്തും അവര്‍ ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങള്‍ അവയാണ്; പല പേരിലും വേഷത്തിലുമാണ് അവര്‍ അവതരിക്കാറുള്ളതെങ്കിലും താഴെ പറയുന്നവയാണ് അവരുടെ ആ അടിസ്ഥാന ലക്ഷ്യങ്ങള്‍:

1) പ്രവാചകചര്യയെയും പാരമ്പര്യത്തെയും റദ്ദു ചെയ്യുക. സ്വീകാര്യമായ യാതൊരു മാനദണ്ഡമോ തത്ത്വദീക്ഷയോ ഇല്ലാതെ ആത്മനിഷ്ഠമായും അരാജകരൂപത്തിലും ഹദീസ് സ്രോതസ്സുകളിലും റിപ്പോര്‍ട്ടര്‍മാരിലും സംശയങ്ങള്‍ സൃഷ്ടിച്ചുവിടുക. അവരുടെ ഇഷ്ടത്തിനിണങ്ങാത്ത ഹദീസുകളൊക്കെ വ്യാജമെന്ന് ചാപ്പകുത്തി അവര്‍ തള്ളും; അവ ബുഖാരിയിലും മുസ്‌ലിമിലുമുള്ളവയാണെങ്കിലും ശരി. ഇനി അവരുടെ പ്രകൃതവുമായി പൊരുത്തപ്പെടുന്നതാണെങ്കില്‍ വ്യാജ ഹദീസുകളാണെങ്കിലും ഖണ്ഡിത തെളിവുകളും പ്രമാണങ്ങളുമായി മാറുകയും ചെയ്യും. ബുഖാരിയെ നിരാകരിക്കുകയും എന്നിട്ട് ഒരു പരമ്പരയും റിപ്പോര്‍ട്ടര്‍ തന്നെയുമില്ലാത്ത 'ചരിത്ര റിപ്പോര്‍ട്ട്' സ്വീകരിക്കുകയും ചെയ്യുന്നവരെ അക്കൂട്ടത്തില്‍ കാണാന്‍ കഴിയും.

2) ഉമ്മത്തിലെ പൂര്‍വഗാമികളായ സ്വഹാബിവര്യന്മാരെയും അവരുടെ പിന്‍ഗാമികളെയും അവര്‍ക്ക് തൊട്ടുപിന്നിലെ തലമുറയെയും ആക്ഷേപശരവ്യമാക്കുക. ഈ ശൃംഖലിത പരമ്പരയിലൂടെയാണ് സുന്നത്ത് അഥവാ നബിചര്യ നമ്മുടെ കൈകളിലെത്തിച്ചേര്‍ന്നിട്ടുള്ളത്. അതിനാല്‍ പരമ്പരയിലെ ഒരു റിപ്പോര്‍ട്ടറില്‍ ദോഷാരോപണം നടത്തിയാല്‍ അനിവാര്യമായും റിപ്പോര്‍ട്ട് തന്നെ ദോഷാരോപിതമായിമാറും. അതുകൊണ്ടാണ് ഹദീസ് റിപ്പോര്‍ട്ടര്‍മാരില്‍ ഏറ്റവും പ്രമുഖനായ അബൂഹുറയ്‌റയുടെ നേരെയും ഏറ്റവും പ്രമുഖയായ ആഇശയുടെ നേരെയും ഇവര്‍ ആരോപണത്തിന്റെ അസ്ത്രം എയ്യുന്നത്. അബൂഹുറയ്‌റയോ ആഇശയോ അല്ല അവരുടെ ലക്ഷ്യം; അവര്‍ നേടിയെടുക്കുകയും തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്ത ദീനും വിജ്ഞാനവുമാണ്.

3) അറബി ഭാഷയുടെ കെട്ടുറപ്പിനെ തകര്‍ക്കുകയാണ് ഇവരുടെ മൂന്നാമത്തെ ലക്ഷ്യം. ഖുര്‍ആന്‍ അറബികളുടെ ഭാഷയിലാണ് ഇറങ്ങിയതെന്നത് അനിവാര്യമായ അറിവുകളിലൊന്നത്രെ. അതിനാല്‍ വ്യാഖ്യാന രീതിശാസ്ത്രങ്ങളില്‍ ഏറ്റവും പ്രബലമായ രീതിയാണ് ഭാഷാപരമായ വ്യാഖ്യാനം. പ്രവാചക ചര്യയിലും പാരമ്പര്യത്തിലുമധിഷ്ഠിതമായ വ്യാഖ്യാനത്തിന്റെ അനുപൂരകമാണത്. എന്തുകൊണ്ടെന്നാല്‍ പ്രവാചക ശിഷ്യന്മാരും അവരുടെ ശിഷ്യന്മാരും സാഹിത്യഭാഷയിലൂടെ ആശയവിനിമയം നടത്തുന്നവരും വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരുമായിരുന്നു. അറബി ഭാഷയുടെ ഉച്ചാരണ വൈകല്യങ്ങളും വ്യതിയാനങ്ങളും പ്രകടമായി തുടങ്ങിയത് അവരുടെ കാലഘട്ടത്തിനു ശേഷമാണ്. ഭാഷാവിഷയകമായ ദൂഷണവും അതിനെത്തുടര്‍ന്നുള്ള പ്രവാചകചര്യയുടെ വിമര്‍ശവും തലപൊക്കുന്നതിന്റെ പശ്ചാത്തലം ഇതത്രെ.

ഇസ്‌ലാമിലെ പണ്ഡിതപ്രവരന്മാര്‍ നിഗൂഢ ലക്ഷ്യങ്ങളുള്ള ഈ അരാജക പ്രവണതയെ അതിന്റെ മാളത്തിലേക്കു തന്നെ തിരിച്ചോടിക്കുംവിധം കൈകാര്യം ചെയ്തിട്ടുണ്ട്. ഈ വെല്ലുവിളി ഏറ്റെടുത്ത ആ പണ്ഡിത ശ്രേഷ്ഠന്മാരില്‍ ഏറ്റവും പ്രശസ്തനാണ് ഇമാം ഗസാലി. അദ്ദേഹത്തിന്റെ 'ഫദാഇഹുല്‍ ബാത്വിനിയ്യ' (നിഗൂഢവാദികളുടെ ജുഗുപ്‌സതകള്‍) എന്ന കൃതിയിലെ പ്രതിപാദ്യം അതാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയാണ് മറ്റൊരു പണ്ഡിതന്‍. അദ്ദേഹത്തിന്റെ 'മിന്‍ഹാജുസ്സുന്ന' (പ്രവാചകചര്യയുടെ രീതി) എന്ന പുസ്തകത്തിന്റെ ഉള്ളടക്കം ഇതാണ്. ഈ കൃതികള്‍ പുറത്തിറങ്ങിയതോടെ നാണം കെട്ട നിഗൂഢവാദികള്‍ (ബാത്വിനികള്‍) മാളങ്ങളിലൊളിച്ചു. ചിലപ്പോള്‍ അവര്‍ 'തഖിയ്യ' എന്ന അടവുനയം സ്വീകരിച്ച് തങ്ങളുടെ തനിനിറം വെളിവാക്കാതെ ന്യൂനതകള്‍ ഒളിപ്പിച്ചു. തങ്ങളുടെ ഗ്രന്ഥങ്ങള്‍ തമസ്‌കരിച്ച് അവയുടെ വിനിമയം താല്‍ക്കാലികമായി തടഞ്ഞു. അവയാണിപ്പോള്‍ മറ്റൊരു വേഷം ധരിച്ചു വേറെ മുദ്രാവാക്യങ്ങളോടെ തിരിച്ചുവരാന്‍ തുടങ്ങിയിരിക്കുന്നത്. ഇക്കാലത്തെ ഏറ്റവും ആപല്‍ക്കരമായ വെല്ലുവിളിയായിത്തീര്‍ന്നിരിക്കുകയാണവ.

 

ബലഹീനതയുടെ ചൂഷണം

മുസ്‌ലിം സമൂഹം കടന്നുപോകുന്ന രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ ബലഹീനതയെയും, അതിനെത്തുടര്‍ന്നുള്ള സാര്‍വത്രികമായ മൂല്യശോഷണത്തിന്റെയും ആദര്‍ശച്യുതിയുടെയും മതവിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയുടെയും ഇസ്‌ലാമിക സംഘടനകളുടെയും വ്യവസ്ഥാപിത സ്ഥാപനങ്ങളുടെയും ക്ഷീണാവസ്ഥയുടെയും ഫലമായുള്ള ശൈഥില്യത്തെയും ചൂഷണം ചെയ്തുകൊണ്ടാണ് വര്‍ത്തമാനകാല ഗൂഢവാദികളുടെ അരങ്ങേറ്റം. തങ്ങള്‍ ആപതിച്ചിട്ടുള്ള പാതാളത്തില്‍നിന്ന് തങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നവരെ, സുഷുപ്തിയില്‍നിന്ന് തങ്ങളെ തൊട്ടുണര്‍ത്തുന്നവരെ തേടുന്ന സമുദായത്തിലെ യുവജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് ഈ പുത്തന്‍ നിഗൂഢവാദികള്‍ പറയുകയാണ്; 'ഇതാ ഖുര്‍ആന്ന് നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ തയാറാക്കിയ നവീനമായൊരു വ്യാഖ്യാനം. നിങ്ങളുടെ ഭാരങ്ങള്‍ ലഘൂകരിക്കുന്ന, നിങ്ങളുടെ മനോഗതങ്ങള്‍ക്ക് മുന്നില്‍ നിബന്ധനകളും പിരിമിതികളുമില്ലാതെ വാതിലുകള്‍ തുറന്നിടുന്ന തികച്ചും കാലികമായൊരു ഇസ്‌ലാം ഞങ്ങളിതാ സമര്‍പ്പിക്കുന്നു.'

മദ്യം വിലക്കപ്പെട്ടതല്ലെന്ന് സ്ഥാപിക്കാന്‍ അവര്‍ കഠിനാധ്വാനം ചെയ്യുന്നു. പിതാവിന്റെ മുന്നില്‍ സ്ത്രീ നഗ്നയായി പ്രത്യക്ഷപ്പെടുന്നതിന് വിരോധമൊന്നുമില്ല. സാമൂഹികമായൊരു മര്യാദകേടിന്റെ ഇനത്തില്‍പെടുത്താനേ ഉള്ളൂ അത്. അല്ലാഹുവിനെ ആരാധിക്കുന്നവര്‍ക്കും പശുവിനെ ആരാധിക്കുന്നവര്‍ക്കുമിടയില്‍ ഇസ്‌ലാം യാതൊരു വിവേചനവും കല്‍പിക്കുന്നില്ല. യേശുക്രിസ്തു ദൈവദാസനാണെന്ന് വിശ്വസിക്കുന്നവര്‍ക്കും ദൈവപുത്രനാണെന്ന് വിശ്വസിക്കുന്നവര്‍ക്കുമിടയിലുമില്ല ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ യാതൊരു വിവേചനവും. ഇതാണ് ഇവരുടെയടുക്കല്‍ 'മതത്തില്‍ യാതൊരു ബലാല്‍ക്കാരവുമില്ല' എന്ന ദൈവവചനത്തിന്റെ ശരിയായ വ്യാഖ്യാനം. എന്നല്ല കുറേക്കൂടി കടന്നുകൊണ്ട് അവരില്‍ ചിലര്‍ പറയുന്നത് എല്ലാ മതങ്ങളും ഇന്ന് നിലവിലുള്ള രൂപത്തില്‍ തന്നെ 'ഇസ്‌ലാം' എന്ന സംജ്ഞയിലുള്‍പ്പെടുമെന്നാണ്.

പ്രവാചകചര്യ (സുന്നത്ത്) പ്രമാണമേയല്ലെന്നു പറഞ്ഞ് അപ്പാടെ അതിനെ തള്ളുന്നതോടൊപ്പം തന്നെ 'ഐഹിക കാര്യങ്ങളില്‍ നിങ്ങളാണ് എന്നേക്കാള്‍ അഭിജ്ഞര്‍' എന്ന നബിവചനം മനഃപാഠമാക്കി അവര്‍ ആവര്‍ത്തിച്ചുരുവിടുന്നതും കാണാം. ഭൗതിക വിഷയങ്ങളില്‍ നിയമങ്ങള്‍ ആവിഷ്‌കരിക്കാന്‍ ജനങ്ങള്‍ക്കധികാരമുണ്ടെന്നാണ് ഈ ഹദീസിന് അവര്‍ നല്‍കുന്ന വ്യാഖ്യാനം. രോഗാതുരമായ ഈ ആശയഗ്രാഹ്യതപ്രകാരം ഖുര്‍ആനിലും സുന്നത്തിലുമുള്ള എല്ലാ നിയമങ്ങളും റദ്ദു ചെയ്യാനുള്ള ഉപകരണമായിത്തീര്‍ന്നു ഈ ഹദീസ് അവരുടെ കൈകളില്‍. എന്നാല്‍ പ്രസ്തുത ഹദീസിനാകട്ടെ നിയമനിര്‍മാണവുമായി സമീപസ്ഥമോ വിദൂരസ്ഥമോ ആയ യാതൊരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ഥ്യം. ഈത്തപ്പനയുടെ പരാഗണവും ആ പരാഗണത്തിന്റെ ഫലപ്രാപ്തിയും പ്രാപ്തിയില്ലായ്മയും സംബന്ധിച്ചുള്ളതാണ് ഉദ്ധൃത ഹദീസ്. തനിക്ക് കാര്‍ഷിക പരിജ്ഞാനമില്ലെന്ന് വ്യക്തമാക്കുക മാത്രമേ ഈ ഹദീസിലൂടെ പ്രവാചകന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. 'പരാഗണം എന്തെങ്കിലും ഫലം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല' എന്ന് പ്രവാചകന്‍ അത് ചെയ്യുന്നത് കണ്ടപ്പോള്‍ ആദ്യം പറഞ്ഞു. അതൊരു വഹ്‌യ് (വെളിപാടു വചനം) ആയിരുന്നില്ല. നിയമഭാഷാ ശൈലിയും അതിനില്ല. പരാഗണം അത്യാവശ്യമാണെന്ന് വ്യക്തമായപ്പോള്‍ 'ഞാന്‍ എന്റെ ഒരു ഊഹം പറഞ്ഞതാണ്; അതിന്റെ പേരില്‍ എന്നോട് നിങ്ങള്‍ മുഷിയണ്ട. എന്നാല്‍ വെളിപാടിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ വല്ലതും പറഞ്ഞാല്‍ നിങ്ങള്‍ സ്വീകരിക്കുക, കാരണം, ഞാന്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയില്ല' എന്ന് പറഞ്ഞതിലൂടെ ഇക്കാര്യമാണ് പ്രവാചകന്‍ സ്ഥിരീകരിക്കുന്നത്. അതിനാല്‍, ഊഹത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു വാക്ക് ഖണ്ഡിത പ്രമാണങ്ങളെ നിരാകരിക്കുന്നതിന് തെളിവാക്കുന്നതിന് വൈജ്ഞാനികമോ ബുദ്ധിപരമോ ആയ എന്തൊരടിസ്ഥാനമാണുള്ളത്? കേവല മനുഷ്യാനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള അഭിപ്രായങ്ങള്‍ വെളിപാടിനാല്‍ സ്ഥിരപ്പെട്ട ശര്‍ഈ നിയമങ്ങള്‍ റദ്ദു ചെയ്യാന്‍ എങ്ങനെ തെളിവാകും? പരാഗണസംബന്ധമായ ഹദീസ് തന്നെയും ദൈവിക ശരീഅത്ത് മുറുകെ പിടിക്കല്‍ നിര്‍ബന്ധമാണെന്നാണ് ഉറപ്പിക്കുന്നത്. ആ ഹദീസിന്റെ ആദ്യഭാഗം അവസാനഭാഗത്തില്‍നിന്ന് മുറിച്ചുമാറ്റുന്നതെന്തിനാണ്?

 

ഭാഷാ ജാടകള്‍

ഇത്തരം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തെളിവുണ്ടാക്കുന്ന കളികളുടെ -ആര്‍ക്കും വ്യക്തമാണ് ജുഗുപ്‌സാവഹമായ ഈ കളി- തുടര്‍ച്ചയാണ് ഭാഷാപരമായ ജാടകള്‍. വാക്കുകള്‍ സംവഹിക്കുന്ന അര്‍ഥ ധ്വനികള്‍ അവരുടെ അടുക്കല്‍ അറബികള്‍ക്ക് സുപരിചിതമായവയോ അവരുടെ നിഘണ്ടുക്കളിലും സമാഹാരങ്ങളിലും സ്ഥിരപ്പെട്ടവയോ ആയിരിക്കില്ല. അതിനെ വിഘടിപ്പിച്ച് മൂലാര്‍ഥങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതാണ് അവരുടെ രീതി. ഭാഷാശാസ്ത്രവുമായി ബന്ധമില്ലാത്തവര്‍ ഈ കളികളില്‍ ചിലപ്പോള്‍ കബളിപ്പിക്കപ്പെട്ടേക്കും; നവീകരണഭ്രമത്തിന്റെ ഉന്മാദാവസ്ഥ ബാധിച്ചവര്‍ വിശേഷിച്ചും. നിയമശാസ്ത്രപരവും ശരീഅത്ത് സംബന്ധവുമായ തെളിവുകളുടെ ആവിഷ്‌കാരത്തില്‍ മാത്രമല്ല, വ്യത്യസ്ത മേഖലകളെ സ്പര്‍ശിക്കുന്ന വൈജ്ഞാനിക സാങ്കേതിക പദങ്ങളിലാസകലം തന്നെ അരാജകത്വം വ്യാപിപ്പിക്കലായിരിക്കും യഥാര്‍ഥത്തില്‍ അതിന്റെ ഫലം.

ഭാഷാപരമായ മൂലവേരുകളില്‍ ഇറങ്ങിച്ചെന്നു കൊണ്ടുള്ള ഈ വിശകലനത്തില്‍ മതിമയങ്ങുന്ന യുവാക്കളോട് എനിക്ക് പറയാനുള്ളത് ഇതാണ്: ഉദാഹരണത്തിന് 'സിയാസ' (രാഷ്ട്രീയം) എന്ന വാക്ക് എടുക്കുക. നിങ്ങളുടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഭാഗമാണ് ഈ വാക്ക്. അതിന്റെ മൂലത്തിലേക്ക് മടക്കിയാല്‍ എന്തായിരിക്കും അതിന്റെ അര്‍ഥം? 'സഅസ' എന്നതാണ് അതിന്റെ നിഷ്പത്തി.* ഇതുപോലെ തന്നെയാണ് 'ഇഖ്തിസ്വാദ്' (സാമ്പത്തികം) 'ഇദാറ' (അഡ്മിനിസ്‌ട്രേഷന്‍), സഖാഫ (സംസ്‌കാരം) എന്നീ വാക്കുകളും. ഈ വാക്കുകളൊക്കെ നിങ്ങള്‍ പരീക്ഷിച്ചുനോക്കുക. ഇതു സംബന്ധമായ വൈജ്ഞാനിക ഗ്രന്ഥങ്ങളൊക്കെ നിങ്ങള്‍ക്ക് ദുരൂഹമായിത്തീരുകയായിരിക്കും ഫലം. ബുദ്ധി എന്നര്‍ഥമുള്ള 'അഖ്ല്‍' എന്ന പദം തന്നെ എടുക്കുക. അതിന്റെ മൂലാര്‍ഥം ഹബ്‌സ്, മന്‍അ് (തടയല്‍) എന്നൊക്കെയാണ്. 'ഇഅ്തിഖാല്‍' (അറസ്റ്റ്) 'മുഅ്തഖലാത്ത്' (തടവറകള്‍) എന്നീ പദങ്ങളൊക്കെ അതില്‍നിന്ന് നിഷ്പന്നമായതാണ്. ബുദ്ധിക്ക് 'അഖ്ല്‍' എന്ന സംജ്ഞ ലഭിക്കാന്‍ കാരണം മനുഷ്യനെ അബദ്ധത്തിലും വിനകളിലും ചെന്നു ചാടുന്നതില്‍നിന്ന് അത് തടയുന്നതിനാലാണ്. എന്നാല്‍ 'അഖ്‌ലി'നെ അതിന്റെ സുപരിചിതാര്‍ഥത്തില്‍ നിര്‍വചിക്കുന്നതും തടയുക എന്ന അര്‍ഥത്തില്‍ നിര്‍വചിക്കുന്നതും തമ്മിലുള്ള അന്തരം ഭീമമാണ്.

ഈ ജാടാ രീതി അവലംബിച്ചുകൊണ്ടാണ് ഒരു 'കാലികന്‍' ഖുര്‍ആന്റെ അറബി ഭാവത്തെ നിരാകരിച്ചത്. 'നാം അതിനെ അറബിയിലുള്ള ഖുര്‍ആനായി ഇറക്കി' എന്ന സുവ്യക്ത പ്രമാണത്തെ നിരാകരിച്ചുകൊണ്ടായിരുന്നു ഈ കളി. കാരണം 'അറബ്' എന്ന മൂലത്തില്‍നിന്നാണത് നിഷ്പന്നമായത്. വ്യക്തത എന്നാണ് അതിന്റെ അര്‍ഥം. അങ്ങനെ വരുമ്പോള്‍ ഉപര്യുക്ത സൂക്തത്തിന്റെ അര്‍ഥം 'വ്യക്തമായ ഖുര്‍ആന്‍' എന്നായി മാറും. അങ്ങനെയാണെങ്കില്‍ 'തുര്‍ക്കി' എന്ന വാക്കിന് 'കാര്യങ്ങള്‍ ഉപേക്ഷിക്കുന്നവന്‍' എന്ന് നിങ്ങള്‍ക്ക് അര്‍ഥം പറയാം. കാരണം ഉപേക്ഷിച്ചു എന്ന അര്‍ഥം വരുന്ന 'തറക' എന്ന പദത്തില്‍നിന്ന് നിഷ്പന്നമായതാണത്. നമുക്ക് സുപരിചിതമായ ഒരു ദേശീയതയെ കുറിക്കുന്ന വാക്കല്ലാതായി അത് മാറുകയാണ്. കുര്‍ദി, ഫാര്‍സി, ഹിന്ദി എന്നീ വാക്കുകളും ഈ ഗണത്തില്‍പെടും. മറ്റൊരു വിദ്വാന്‍ കളിച്ചത് ഭാര്യയുടെ മേലുള്ള പുരുഷന്റെ ഉത്തരവാദിത്തഭാരം നിരാകരിക്കാനാണ്. കാരണം ആ ഖുര്‍ആന്‍ വാക്യത്തില്‍ 'പുരുഷന്മാര്‍' എന്ന അര്‍ഥത്തിലുള്ള 'രിജാലി'ന്റെ അറബി മൂലാര്‍ഥം 'ദകൂര്‍' (പുരുഷന്മാര്‍) എന്നല്ല. സ്ത്രീകള്‍ എന്ന അര്‍ഥത്തിലുള്ള 'നിസാഉം' തഥൈവ. സ്ത്രീകളെ ധ്വനിപ്പിക്കുന്ന 'ഇനാസ' എന്നല്ല മൂലത്തില്‍ അതിനര്‍ഥം.

ദീനിന്റെ സുസമ്മത യാഥാര്‍ഥ്യങ്ങള്‍കൊണ്ടു ജാട കളിക്കുന്ന പോലെ തന്നെ ഭാഷയുടെ സുസമ്മത തത്ത്വങ്ങളെ കൊണ്ട് ജാട കളിക്കുന്ന ഒരു അരാജക രീതിയുടെ മുന്നിലാണു നാമിപ്പോള്‍. നവീകരണ മുദ്രാവാക്യങ്ങളുടെ പര്‍ദയണിഞ്ഞുകൊണ്ടാണ് ഈ കളി അരങ്ങേറുന്നതെങ്കിലും, ഏതു മാനദണ്ഡപ്രകാരവും അങ്ങേയറ്റം പിന്തിരിപ്പനായ ഒരു രീതിയാണ് യഥാര്‍ഥത്തില്‍ ഇത്. കാരണം ഭാഷയില്‍ സുസ്ഥിരമായ അര്‍ഥത്തിലാണ് വാക്കുകള്‍ മനസ്സിലാക്കപ്പെടുക എന്നത് ലോകത്തിലെ എല്ലാ ഭാഷകളിലും സര്‍വാംഗീകൃതമായ തത്ത്വമാണ്. വാക്കുകള്‍ നിഷ്പന്നമായ മൂലാര്‍ഥത്തിലായിരിക്കില്ല അത്. കാരണം മൂലാര്‍ഥം ആദിമമായ പ്രാകൃതാര്‍ഥമാണ്. വ്യത്യസ്ത രൂപങ്ങള്‍ സ്വീകരിക്കുന്ന പ്രാഥമിക ധാതുവിനോടാണ് അതിന്റെ സാമ്യം. ഉദാഹരണത്തിന് 'ഖാറ' എന്ന മൂലപദത്തില്‍നിന്ന് മദ്യം എന്ന അര്‍ഥമുള്ള 'ഖംര്‍', സ്ത്രീകളുടെ ശിരോവസ്ത്രം എന്ന അര്‍ഥമുള്ള 'ഖിമാര്‍' തുടങ്ങിയ പദങ്ങളൊക്കെ രൂപംകൊണ്ടതെങ്ങനെയെന്ന് നോക്കുക. ഈ രണ്ടു അര്‍ഥങ്ങള്‍ തമ്മിലുള്ള അന്തരം അറബിക്ക് വേഗം മനസ്സിലാകും. കാരണം അതവന്റെ ഭാഷയാണ്. ഭാഷാ പദം ഉണ്ടാകുന്നതിന്റെ മുമ്പുള്ള ഘട്ടങ്ങളുടെ പിന്നാമ്പുറത്തേക്ക് പോകുന്നവരുടെ അവസ്ഥ അതല്ല.

ഭാഷയുടെ മൂലാര്‍ഥം അവഗണിക്കണമെന്നല്ല പറയുന്നത്. അങ്ങനെ തെറ്റിദ്ധരിക്കരുത്. മൂലമാണ് അറബി വാക്കുകളുടെ പ്രാഥമിക ധാതു എന്ന് നാം ഊന്നിപ്പറയുന്നു. അതിനാല്‍ അതില്‍നിന്നതിനെ വിഘടിപ്പിക്കാന്‍ കഴിയുകയില്ല. എന്നാല്‍ അര്‍ഥം സ്വീകരിക്കപ്പെടുക ഏതു വിജ്ഞാന ശാഖയിലും സുസ്ഥിരമായിട്ടുള്ള വൈജ്ഞാനിക സങ്കേതങ്ങളില്‍നിന്നാണ്; പിന്നെ അറബി സംസാരരീതിയില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഭാഷാ പ്രയോഗങ്ങളില്‍നിന്നും.

എന്നാല്‍ ഇപ്പോള്‍ രംഗത്തിറങ്ങിയ പുതിയ നവീകരണ നവോത്ഥാന പദ്ധതി പുതിയൊരു വിപണന തന്ത്രം മാത്രമാണ്. കാരണം ഭൂതകാലത്തില്‍നിന്ന് വിഛിന്നമായിക്കൊണ്ടുള്ള നവീകരണം സാധ്യമോ പ്രസക്തമോ അല്ല. പൂര്‍വഗാമികളെ ശകാരിക്കലോ സമകാലിക പ്രശ്‌നങ്ങള്‍ അവരുടെ തലയിലിടലോ നീതിക്ക് നിരക്കുന്നതല്ല. ധാര്‍മികമായും വൈജ്ഞാനികമായും സ്വീകാര്യമായ ഒരു രീതിയുമല്ല അത്.

നമ്മുടെ ജനതയും സമൂഹവും ഉറ്റുനോക്കുന്ന നവീകരണം നമ്മുടെ രാഷ്ട്രീയ വ്യവസ്ഥകളിലും ഉല്‍പാദന-സാമ്പത്തിക രീതികളിലും വിദ്യാഭ്യാസ സമ്പ്രദായങ്ങളിലുമുള്ള നവീകരണമാണ്. സമൂഹത്തിന് അത് നേരിടുന്ന വെല്ലുവിളികളെയും അതിന്റെ ഉത്തരവാദിത്തങ്ങളെയും അവകാശങ്ങളെയും ബാധ്യതകളെയും കുറിച്ച ബോധം വളര്‍ത്തുന്ന നവീകരണം. നമ്മുടെ ചരിത്രവും പൈതൃകവും തമ്മിലുള്ള നാഗരികതയുടെ കണ്ണി വിളക്കിച്ചേര്‍ക്കുന്ന, പുരോഗതി നേടിയ ലോക ജനതകളുമായുള്ള നമ്മുടെ നാഗരിക വിടവ് നികത്തുന്ന ഒരു നവീകരണമാണ് നമുക്കാവശ്യം. എന്നാല്‍ സമൂഹത്തിന്റെ ഈ ദാഹത്തെ തന്നെയും ആശയക്കുഴപ്പവും ശൈഥില്യവും അരാജകത്വവും പടര്‍ത്താനായി ചൂഷണം ചെയ്യുകയും സമൂഹത്തിന്റെ മോഹഭംഗങ്ങളെയും ആത്മവിശ്വാസരാഹിത്യത്തെയും ശക്തിപ്പെടുത്തുകയും ചെയ്യുന്നത് സമുദായത്തോട് ചെയ്യുന്ന വഞ്ചനയും നവോത്ഥാന പാതയില്‍നിന്ന് അതിനെ അകറ്റിനിര്‍ത്തലും മാത്രമാണ്. 

* നയിക്കുക എന്നാണ് അതിന്റെ ഭാഷാര്‍ഥം - വിവ.

വിവ: ശഹ്‌നാസ് ബീഗം

(അല്‍ അറബ് -ഖത്തര്‍- പത്രം. 2019 ജനുവരി 15,22,29)

ഇറാഖി പണ്ഡിതനും കോളമിസ്റ്റും മുസ്‌ലിം പണ്ഡിതസഭ(ഹൈഅത്തുല്‍ ഉലമാഇല്‍ മുസ്‌ലിമീന്‍)യുടെ സ്ഥാപകനുമാണ് ലേഖകന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (06-07)
എ.വൈ.ആര്‍

ഹദീസ്‌

എല്ലാം നഷ്ടപ്പെടുത്തുന്ന ചതിക്കുഴികള്‍
കെ.സി ജലീല്‍ പുളിക്കല്‍