Prabodhanm Weekly

Pages

Search

2019 മാര്‍ച്ച് 08

3092

1440 റബീഉല്‍ ആഖിര്‍ 30

വിയോജിപ്പും രാജ്യദ്രോഹവും

ഗുജറാത്ത് അസംബ്ലിയിലെ സ്വതന്ത്ര എം.എല്‍.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി ഇത്രയേ പറഞ്ഞുള്ളൂ; ''ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും കര്‍ഷകര്‍ (അതിവേഗ) ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ക്കുന്നു. എന്റെ ചോദ്യമിതാണ്: ഈ രണ്ട് സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ ഒന്നിച്ച് ഈ പ്രോജക്ടിനെ എതിര്‍ക്കുന്നുണ്ടെങ്കില്‍ നാമെന്തിനാണ് അത് നടപ്പാക്കാന്‍ പോകുന്നത്?'' തികച്ചും ന്യായയുക്തമായ ചോദ്യം. അടിസ്ഥാന ജനവിഭാഗങ്ങളുടെ ആവാസ വ്യവസ്ഥയെയും ജീവിതായോധന മാര്‍ഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന പദ്ധതികളില്‍നിന്ന് പിന്തിരിയുക എന്നത് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഏതൊരു ഭരണകൂടത്തിന്റെയും ധാര്‍മിക ബാധ്യതയാണ്. എന്നാല്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ പ്രതികരണം ഒട്ടും മയമുള്ളതായിരുന്നില്ല. ജിഗ്നേഷ് മേവാനി ദേശവിരുദ്ധനാണെന്നായിരുന്നു ഉപമുഖ്യമന്ത്രിയുടെ ശകാരം. മാത്രമല്ല, പ്രജാവിരോധിയും വികസനവിരോധിയുമാണെന്നും കൂട്ടത്തില്‍ പറഞ്ഞു.

മേവാനി ചൂണ്ടിക്കാട്ടിയത് വളരെ പ്രാധാന്യപൂര്‍വം ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ്. ഈ അതിവേഗ തീവണ്ടി അഹ്മദാബാദിനെയും മുംബൈയെയും ബന്ധിപ്പിച്ച് 2022-ല്‍ നിലവില്‍ വരുമ്പോള്‍ മുപ്പത്തിയെട്ടായിരം കര്‍ഷകര്‍ക്ക് അവരുടെ ഭൂമി പൂര്‍ണമായോ ഭാഗികമായോ നഷ്ടമായിട്ടുണ്ടായിരിക്കും. ഈ അതിവേഗ പാതക്കായി ചെലവഴിക്കുന്നത് ഒരു ലക്ഷത്തി പതിനായിരം കോടി രൂപ(ഏകദേശം 16 ബില്യന്‍ ഡോളര്‍)യാണ്. കോടിക്കണക്കിനാളുകളുടെ നിത്യ വരുമാനം ഇപ്പോഴും ഇരുപതു രൂപയില്‍ നില്‍ക്കുന്ന ഒരു രാജ്യത്ത് അവരുടെ പ്രതിനിധിയായി, അവരുടെ വോട്ട് നേടി നിയമസഭയിലെത്തിയ ഒരാള്‍ അത്തരമൊരു പ്രോജക്ടല്ല രാജ്യത്തിന്റെ മുന്‍ഗണനകളില്‍ വരേണ്ടത് എന്ന് പറയുന്നതില്‍ ഒരു തെറ്റുമില്ല. അതുതന്നെയാണ് അദ്ദേഹം പറയേണ്ടതും. പക്ഷേ വളരെ മോശമായ നിലയില്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി അദ്ദേഹത്തെ അവഹേളിക്കുകയാണ് ചെയ്തത്. ദേശദ്രോഹി എന്നു വരെ വിളിച്ചുകളഞ്ഞു. കോണ്‍ഗ്രസ്സായാലും ബി.ജെ.പിയായാലും ചങ്ങാത്ത മുതലാളിത്തമാണ് അവരുടെ നയങ്ങളില്‍ മുന്തിനില്‍ക്കുക. പാവങ്ങളുടെ ദീനരോദനങ്ങളെ അവഗണിച്ച് പണക്കാര്‍ പറയുന്നത് ചെയ്തുകൊടുക്കുക. ഇതെല്ലാം മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും നയങ്ങളാണ്. ഇതിനെയൊക്കെ വിമര്‍ശിക്കുന്നത് എങ്ങനെയാണ് രാജ്യദ്രോഹമാകുന്നത്? പുല്‍വാമ ഭീകരാക്രമണത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്ന് വ്യക്തമാണ്. അത് ചൂണ്ടിക്കാട്ടുന്നവരെയും യുദ്ധജ്വരമുണ്ടാക്കാതിരിക്കൂ എന്ന് പറയുന്നവരെയുമൊക്കെ രാജ്യദ്രോഹമുദ്ര കുത്തി നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങളും നാം കാണുന്നു. ചില കക്ഷികളുടെ അതി തീവ്ര നിലപാടുകളെ ദേശീയതയും ദേശസ്‌നേഹവുമൊക്കെയായി തലതിരിച്ചിടുന്ന പ്രവണത ആഗോളതലത്തിലുമുണ്ട്. സെമിറ്റിക് വിരുദ്ധതയും സയണിസ്റ്റ് വിരുദ്ധതയും ഒന്നാണെന്നും ഒരേവിധം ശിക്ഷാര്‍ഹമാണെന്നുമുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്താവന ഉദാഹരണം. വിയോജിക്കുന്നവരെ ഒതുക്കാനുള്ള രാഷ്ട്രീയ തന്ത്രമായേ ഇതിനെ കാണാന്‍ കഴിയൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (06-07)
എ.വൈ.ആര്‍

ഹദീസ്‌

എല്ലാം നഷ്ടപ്പെടുത്തുന്ന ചതിക്കുഴികള്‍
കെ.സി ജലീല്‍ പുളിക്കല്‍